അകക്കണ്ണിന്‍റെ കാഴ്ചകള്‍

ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ രാപ്പകളിലൂടെ കടന്നു പോവുകയാണ് ശിഷ്യനും മിക്കപ്പോഴും സഹയാത്രികനുമായ
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്.

ഞാന്‍ പള്ളിദര്‍സില്‍ ഓതിക്കൊണ്ടിരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത ഒരു ചുള്ളിക്കോട്ടുകാരന്‍ മുതഅല്ലിമിന് പിഎച്ച്ഡി പോയിട്ട് ഒരാളുടെ മുമ്പില്‍ പറയാന്‍ പറ്റും വിധം വൃത്തിയുള്ളൊരു എസ്എസ്എല്‍സി പോലും സ്വപ്നം കാണാനാകാത്ത കാലം. കൊടും ദാരിദ്യ്രത്തിന്റെ കനല്‍ ചൂളയിലായ നാളുകളായിരുന്നു അത്. വിളയില്‍ അലി ഫൈസിയുടെ ദര്‍സിലാണ് പഠനം.

    മുദര്‍രിസിന് ഇടക്കൊരു തോന്നല്‍; എന്നെ കാരന്തൂരിലേക്ക് പറഞ്ഞയക്കണം. രണ്ട് ഘട്ടങ്ങളിലാണ് സ്വന്തം വിദ്യാര്‍ത്ഥികളെ മറ്റെവിടെയെങ്കിലും കൊണ്ടുതള്ളണം എന്ന ചിന്ത ഉസ്താദുമാരില്‍ ഉദിച്ചു വരിക. ഒന്ന്, കുരുത്തക്കേട് സഹിക്കാതാവുമ്പോള്‍. രണ്ട്, ഒരു ശിഷ്യന് എന്റെ അടുത്ത് നില്‍ക്കുന്നതിനേക്കാള്‍ മെച്ചം മറ്റൊരിടം ആണ് എന്ന് തോന്നുമ്പോള്‍.ദര്‍സ് പഠനം പൂര്‍ത്തിയാക്കി മുത്വവ്വലിന് പറഞ്ഞയക്കുന്നതിനെ പറ്റിയല്ല ഈ പറയുന്നത്. ഞാന്‍ അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും ഓതുന്ന കാലമാണ്. തന്റെ ദര്‍സില്‍ പഠിക്കുന്നവരെ പാരാ- അക്കാഡമിക് ആകര്‍ഷണങ്ങളിലൂടെ പിടിച്ചു നിര്‍ത്തുക; പുതിയ പഠിതാക്കളെ തന്നിലേക്കാകര്‍ഷിക്കുക എന്നതൊക്കെ ശരാശരി ശരികളായി അംഗീകരിക്കപ്പെട്ട സാഹചര്യത്തിലാണ്, ഒരു മുദര്‍രിസ് ഒരു മുതഅല്ലിമിനെ കൊച്ചുനാളില്‍ തന്നെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നത് ഉസ്താദ് അങ്ങിനെ തീരുമാനിക്കാനും അതിവിടെ ഉദ്ധരിക്കേണ്ടി വരുന്നതിനും ചില കാരണങ്ങളുണ്ട്.

   എന്നെ കാരന്തൂര്‍ മര്‍കസിലേക്കാണ് കൊണ്ടുവിടുന്നത് എന്നറിഞ്ഞപ്പോള്‍ ‘ഏപ്പി വിരോധം’ ഉള്ളിലുറഞ്ഞ അന്നാട്ടുകാരനായ ഒരു മുന്‍ഷി ചോദിച്ചു: ‘പഠിക്കാനാണെങ്കില്‍ പട്ടിക്കാട്ടേക്കയച്ചാല്‍ പോരേ’ എന്ന്. ‘കാരന്തൂരില്‍ കാന്തപുരത്തിന്റെ അടുത്തയച്ചാല്‍ ഇവന്റെ ദീനും ദുന്‍യാവും രണ്ടും രക്ഷപ്പെടും’. എന്ന് ഉസ്താദ് മറുപടിയും പറഞ്ഞു.
എണ്‍പത്തിമൂന്ന്, എണ്‍പത്തിനാലില്‍ എപ്പോഴോ ആണ്, ഞാന്‍ മര്‍കസ് ശരീഅത്ത് കോളജില്‍ ഇന്റര്‍വ്യൂവിനായി ചെന്നു. എ പി ഉസ്താദും പി പി ഉസ്താദുമാണ് ഇന്റര്‍വ്യൂബോര്‍ഡിലുള്ളത്. മെലിഞ്ഞു മെലിഞ്ഞൊട്ടിയ ഒരു രൂപമായിരുന്നു എന്റേത്.
“അല്‍ഫിയ തുറന്ന് വായിക്ക്”
“ഏത് ഭാഗം?”
“ഇഷ്ടമുള്ളിടം.”
കിട്ടിയത് തമ്യീസിന്റെ ഭാഗം.
“ഉം വായിക്ക്.”
“ഇത് ഇവിടെ എടുക്കണമോ വേണ്ടയോ എന്ന് തമ്യീസാക്കുന്ന ഭാഗമാണ്.” എ പി ഉസ്താദ് അഥവാ ബാപ്പ പറഞ്ഞു.
എളാപ്പ തൊട്ടപ്പുറത്ത് ഗൌരവത്തിലിരിക്കുന്നുണ്ട്; പി പി. അന്നത്തെ ഭാഷ്യം അങ്ങനെയായിരുന്നു; എപിയും പിപിയും – ബാപ്പയും എളാപ്പയും.
‘വായന കേട്ടില്ലേ? കൊള്ളാമല്ലേ’. എ പി ഉസ്താദ് പി പി ഉസ്താദിനോട് ചോദിച്ചു.

  അങ്ങനെ ഞാന്‍ മര്‍കസില്‍ പഠിതാവായി. വിളയില്‍ ഉസ്താദാണല്ലോ എല്ലാത്തിനും കാരണക്കാരന്‍. ഒരിക്കല്‍ ഉസ്താദിന്റെ നാട്ടില്‍ എ പി ഉസ്താദിനെ വഅളിന് ക്ഷണിച്ചു. ഉസ്താദിനെയും കൂട്ടി അവിടേക്ക് ചെല്ലണമെന്ന് ആജ്ഞ. ആനന്ദകരമായ അനുഭവം. എ പി ഉസ്താദുമൊത്തുള്ള ആദ്യത്തെ യാത്ര. സംസാരിച്ചു തുടങ്ങിയപ്പോള്‍ ചില പരിചയങ്ങളും ബന്ധങ്ങളും. എന്റെ ഉപ്പ, എളാപ്പ എന്നിവര്‍ ശൈഖുനാ ഒ കെ ഉസ്താദിന്റെ ദര്‍സില്‍ ചാലിയത്ത് വച്ച് എ പി ഉസ്താദിന്റെ സഹപാഠികളായിരുന്നു.

    മുത്വവ്വല്‍ ക്ളാസിലാണ് ഈ മുതഅല്ലിം ഇപ്പോള്‍ പഠിച്ചെത്തിയിരിക്കുന്നത്. പഠനത്തോട് നല്ല കമ്പമുണ്ട്. പഠിക്കുന്നവരോട് എ പി ഉസ്താദിനും പൊതുവെ കമ്പമാണ്. ആവശ്യപ്പെടുന്ന കിതാബുകളെല്ലാം തല്‍ക്ഷണം കണ്ടെത്തി, പേജുകള്‍ക്ക് വെപ്പു വച്ച് ഉടനടി എത്തിച്ചു കൊടുക്കും. അങ്ങനെയെത്ര പേര്‍?മര്‍കസ് അന്ന് അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. മര്‍കസ് വക ധര്‍മ്മപ്പെട്ടികള്‍ നാടാകെ സ്ഥാപിക്കുന്ന കാലം. ഉസ്താദിന്റെ കാറില്‍ തന്നെയാണ് നേര്‍ച്ചയളുക്കുകള്‍ കയറ്റിക്കൊണ്ടു പോവുക. പള്ളികളായ പള്ളികളിലെല്ലാം വെള്ളിയാഴ്ചകളില്‍ ഈ പണപ്പാട്ടകളുടെ കാലിക പ്രസക്തിയെപ്പറ്റി പ്രസംഗിക്കാന്‍ ഞാനും പോവും. അന്നൊക്കെ അവധി ദിവസങ്ങളില്‍ വീട്ടില്‍ പോക്ക് കുറവാണ്. പഠിക്കാനുള്ള ആര്‍ത്തികൊണ്ട് മാത്രമല്ല, വീട്ടിലെ അടുക്കളയില്‍ ചേര പായുകയല്ല, രാജവെമ്പാല തന്നെ ചുരുണ്ടുറങ്ങുന്ന കാലമാണ്. വയറ് നിറച്ചെന്തെങ്കിലും കിട്ടണമെങ്കില്‍ മര്‍കസ് തന്നെ അഭയം.

    ആറു കൊല്ലത്തെ പഠനത്തിനു ശേഷം സഖാഫിയായി. ആയിടെ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥികളും ആര്‍ട്സ് വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു മത്സരം നടന്നു. അറബി പ്രസംഗത്തിന്റെ റിസല്‍ട്ട് വന്ന് നോക്കുമ്പോള്‍ വലള്ള്വാലീന്‍ നീളക്കുപ്പായമിട്ട നൂറുക്കണക്കിന് മതവിദ്യാര്‍ത്ഥികളെ മലര്‍ത്തിയടിച്ച് ആര്‍ട്സിലെ സൂട്ടും കോട്ടുമിട്ട ആണ്‍കുട്ടികള്‍ ഫസ്റടിച്ചിരിക്കുന്നു! ചമ്മലിനെവിടെയെങ്കിലും പോവണോ? അന്നേരം എന്റെ മനസ്സില്‍ ഒരു കരുത്ത് കല്ലിച്ചുവന്നു. അടുത്ത മത്സരത്തില്‍ ഇംഗ്ളീഷ് പ്രസംഗത്തില്‍ ഫസ്റ് ശരീഅത്തുകാര്‍ അടിച്ചെടുക്കും. മറ്റു ഭാഷകള്‍ പഠിക്കാന്‍ എന്നെ ഏറെ പ്രചോദിപ്പിച്ച സംഭവമായിരുന്നു അത്. പിറ്റത്തെ വര്‍ഷം ഇംഗ്ളീഷ് പ്രസംഗത്തിന് ഒന്നാം സ്ഥാനം കിട്ടിയത് കഥയുടെ മറ്റൊരു വശം.

    സഖാഫി പഠനത്തിനു ശേഷം തഖസ്സുസിനിരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, എ പി ഉസ്താദ് പറയുന്നത് വേണ്ടെന്നാണ്. എത്ര കഷ്ടപ്പാടുള്ളവനെയും ഇല്‍മിന്റെ കാര്യത്തില്‍ തുടര്‍പഠനത്തിന് പ്രോത്സാഹിപ്പിക്കുന്ന ഉസ്താദ് എന്തേ ഇപ്പോള്‍ ഇങ്ങനെ? ഞാന്‍ പരിഭ്രമിച്ചു.ഉള്ളാള്‍ മദനികോളജിലേക്ക് കിതാബുകളും ഭാഷാ പ്രാവീണ്യവുമുള്ള ഒരു മുദര്‍രിസിനെ വേണമെന്ന് ഉള്ളാള്‍ തങ്ങള്‍ ഉസ്താദിനോട് ആവശ്യപ്പെട്ടിരുന്നു.”ഇപ്പോള്‍ ഉള്ളാളത്ത് പോയി നന്നായി ദര്‍സ് നടത്ത്. തങ്ങളുടെ ഖല്‍ബും ഹുബ്ബുമൊക്കെ കൈവശപ്പെടുത്ത്. തഖസ്സുസിന് പിന്നെ വരാം; മുദര്‍രിസായിട്ട്.’ വല്ലാത്തൊരു വാക്കായിരുന്നു. ആത്മജ്ഞാനത്തിന്റെ ഇരട്ടപ്പുലര്‍ച്ച. കാലങ്ങള്‍ക്ക് ശേഷം, മര്‍കസിലേക്ക് തിരികെ വന്നതു തന്നെ തഖസ്സുസ് മുദര്‍രിസായിട്ടാണ്.

      ഉള്ളാളത്ത് ആയിരിക്കുമ്പോഴും റമളാന്‍ നാളുകളില്‍ മര്‍കസില്‍ തന്നെയാണ് താമസം. വീട്ടിലെ ദാരിദ്യ്രം തന്നെ കാരണം. അങ്ങനെയൊരു റമളാനില്‍ ബാംഗ്ളൂരിലേക്ക് പോവാന്‍ ഉസ്താദ് ആവശ്യപ്പെട്ടു. ശിവാജി നഗറിലെ മസ്ജിദുന്നൂറില്‍ റമളാനില്‍ ക്ളാസെടുക്കാന്‍ നല്ലൊരാളെ വേണമെന്ന് സി എം ഇബ്റാഹിം ആണ് ഉസ്താദിനോട് ആവശ്യപ്പെട്ടത്. അത്രയ്ക്കു പാവമല്ലേ, വല്ലതും കിട്ടിക്കോട്ടെ എന്ന് ഉസ്താദും കരുതിക്കാണും.

     ബാംഗ്ളൂരിലെത്തി. ക്ളാസെടുക്കും. നോമ്പുതുറക്കും മറ്റും ഒരു വീട്ടില്‍ ചെല്ലും. അവര്‍ വല്ലപ്പോഴും കൈമടക്കും. അതു സ്വീകരിക്കും. ആയിടക്ക് അങ്ങേയറ്റം ദീനിസ്നേഹിയായ ആ വീട്ടുകാരന് ഒരാഗ്രഹം. തന്റെ ഏറ്റവും ഇളയ മകളെ ഒരു മതപണ്ഡിതനെക്കൊണ്ട് കെട്ടിച്ചാലെന്താ? വിവരം ഉസ്താദറിഞ്ഞു. വളരെ ബോധിച്ചു. പക്ഷേ, കാര്യങ്ങളൊക്കെ അവരോട് തുറന്നു പറഞ്ഞു: ‘ആള്‍ പാവമാണ്. പൈസയൊന്നും ഉണ്ടാവില്ല. കല്യാണം നടന്നാല്‍ മകളെ കൂട്ടിക്കൊണ്ടുപോവലും കൊണ്ടുചെന്നുവിടലും നിങ്ങള്‍ തന്നെ നടത്തിക്കൊള്ളണം.’ അയാള്‍ സമ്മതം മൂളി.

     പെണ്ണു കാണണം. വീട്ടുകാരെയെല്ലാം കൂട്ടി ബാംഗ്ളൂരില്‍ പോവണം. ഉള്ളാളത്ത് നിന്നും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് കഷ്ടിപിഷ്ടി നാളുകഴിയുന്ന ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല അത്. അതിനാല്‍ അവര്‍ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വന്നു. കണ്ടു, ഇഷ്ടപ്പെട്ടു. മര്‍കസില്‍ വച്ച് ലളിതമായ ചടങ്ങില്‍ നിക്കാഹ് നടന്നു.

    വര്‍ഷം തൊണ്ണൂറ്റി മൂന്ന്. ഒരു അനുമോദനക്കത്ത് വന്ന് കിടക്കുന്നു. അന്നത്തെ ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ അസീസ് ഇസ്സത്ത് അയച്ചതാണ്. ആഗോള മുസ്ലിംകളുടെ ആഘോഷങ്ങള്‍ ഒരുമിപ്പിക്കുന്നത് സംബന്ധിച്ച് അബൂദാബിയില്‍ നിന്നിറങ്ങുന്ന അല്‍ ഇത്തിഹാദ് പത്രം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പ്രമുഖ പണ്ഡിത•ാരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഉസ്താദും. അതില്‍ ജാദുല്‍ ഹഖ് അലി ജാദുല്‍ ഹഖും ഉസ്താദും പറഞ്ഞു; മതവീക്ഷണപ്രകാരവും ഭൌതികനിരീക്ഷണപ്രകാരവും അത്തരമൊരു യോജിപ്പ് സാധ്യമല്ല. ശൈഖുല്‍ അസ്ഹറിന് ആ വാദം നന്നേ പിടിച്ചു. ആ വകയില്‍ വന്നതാണീ അഭിനന്ദനക്കത്ത്.

    മറുപടി എഴുതിയ കൂട്ടത്തില്‍ ഒരു കാര്യം കൂടി ചേര്‍ത്തു. മര്‍കസ് സമ്മേളനം അടുത്തിരിക്കുന്നു. അതില്‍ പങ്കെടുക്കണം. അനുകൂലാവസരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതില്‍ നിന്നും പഠിക്കാം എന്ന് പറയണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. പറഞ്ഞോളൂ. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് എങ്ങനെയാണ് അവന്‍ അനുകൂലാവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുക എന്ന് പറയലാണ് കൂടുതല്‍ നല്ലത്.

    കത്ത് കിട്ടി. സമ്മേളനത്തിനെത്താമെന്ന് ശൈഖുല്‍ അസ്ഹര്‍ ഏറ്റു. എന്തോ തിടുക്കം കാരണം വരാന്‍ പറ്റിയില്ല. പകരം എഴുതിക്കൊടുത്ത പ്രസംഗം വായിക്കാനായി പ്രതിനിധിയെ അയച്ചു. ‘മുറൂനതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി’ ആയിരുന്നു പ്രബന്ധ വിഷയം. പ്രസംഗത്തിന്റെ നല്ലൊരു ഭാഗവും ഉസ്താദിനെപ്പറ്റി മതിപ്പ് പ്രകടിപ്പിക്കാനാണ് ചെലവാക്കിയത്. കാര്യമവിടെയൊന്നുമല്ല. അല്‍ അസ്ഹറും മര്‍കസും ഭാവിയില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അതിനുള്ള തുടക്കമായി ഇത് മാറണമെന്നും ആ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നെ ആ വഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങി. അസ്ഹറില്‍ ഒരു കോഴ്സുണ്ട്. ‘ദൌറതുത്തദ്രീബി ലില്‍ അഇമ്മത്തി വദ്ദുആത്’ എന്ന പേരില്‍. നാനാ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ആ ത്രൈമാസ കോഴ്സ് പൂര്‍ത്തിയാക്കി പോയിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഇതുവരെയായിട്ട് ഒറ്റ ഒരാള്‍ പോലുമില്ല. ആയതിനാല്‍ ആ കോഴ്സിലേക്ക് മൂന്നുപേര്‍ക്ക് യാത്ര താമസച്ചെലവുകളടക്കം പ്രവേശനം നല്‍കാമെന്ന് അല്‍ അസ്ഹര്‍ അധികൃതര്‍ അറിയിച്ചു.

   ഉസ്താദ് ആളെ തിരഞ്ഞെടുക്കുകയാണ്. ഒന്ന് നിങ്ങള്‍ തന്നെ, ചുള്ളിക്കോട്. ഇനി മറ്റു രണ്ടാളുകളെ നിങ്ങള്‍ പറ!
ഒന്ന് ഹക്കീം തന്നെ ആയിക്കോട്ടെ. പിന്നെ സി ഉസ്താദും. ഈ കാര്യങ്ങളിലൊക്കെ താല്‍പര്യമുള്ള ആളാണ്.
‘ഊം’
ഉസ്താദുടന്‍ ഉള്ളാളത്തേക്ക് വിളിച്ചു. തങ്ങളെ വിളിച്ച് സമ്മതം വാങ്ങി തന്നു. തീര്‍ന്നോ? പിന്നെ കമ്മിറ്റിക്കാരെയും വിളിച്ചു. ‘പഠനാവശ്യാര്‍ത്ഥമാണ് ചുള്ളിക്കോട് ലീവെടുക്കുന്നത്. പഠിച്ച് വന്നാല്‍ ആ കഴിവുകളൊക്കെ ഉപയോഗപ്പെടുത്തി, നമുക്ക് സ്ഥാപനം ഒന്നുകൂടി ഉഷാറാക്കാം. ആയതിനാല്‍ ശമ്പളം കൊടുക്കാതിരിക്കരുത്. ഒന്നുമില്ല; പച്ചപ്പാവമാണ്.’ അങ്ങനെ, ആദ്യ വിദേശയാത്രക്കുള്ള സമയമായി. എല്ലാം ഉസ്താദിന്റെ കടാക്ഷത്തിനു ചുവടെ. ഈജിപ്തിലേക്ക് പോകേണ്ടതിന്റെ രണ്ടു നാള്‍ മുമ്പാണ് ഭാര്യയെ വീട്ടിലേക്ക് കൂട്ടുക്കൊണ്ടുവന്നത്.
അസ്ഹറിലെത്തിയപ്പോള്‍ അവിടുത്തെ ഗുരു അലി സുബ്ക്കി ‘ഗസീലുല്‍ മലാഇക’ എന്നാണ് വിളിച്ചിരുന്നത്. കല്യാണപ്പിറ്റേന്ന് അടര്‍ക്കളത്തില്‍ ശഹീദായ സ്വഹാബിയെ അനുസ്മരിച്ചുകൊണ്ടാണിങ്ങനെ പേര് വിളിച്ചത്.
‘നിനക്ക് ഇങ്ങോട്ടു പോരാന്‍ നിന്റെ ഭാര്യ എങ്ങനെ സമ്മതം തന്നു?’ – അലി സുബ്ക്കി ചോദിച്ചു.
‘ഭാര്യ സമ്മതിച്ചില്ലെങ്കിലും വേണ്ട; എനിക്കെന്റെ ഉസ്താദ് സമ്മതം നല്‍കിയതാണ്. എനിക്കതുമതി; ഞാനിങ്ങു പോന്നു.’
അല്‍ അസ്ഹറിലെ പഠനത്തിനു ശേഷം പിന്നെയും ഉള്ളാളത്തേക്ക് പോയി. ആയിടക്ക് ആഭ്യന്തരമന്ത്രി ചവാനും സംഘവും മര്‍കസിലെത്തി. ഉള്ളാള്‍ തങ്ങളെയും കൂട്ടി വരാനുള്ള ചുമതല ഉസ്താദ് എന്നെ ഏല്‍പിച്ചു. വന്ന് നോക്കുമ്പോള്‍ കുണ്ടൂര് ഉസ്താദും മറ്റ് പലരും ഉണ്ട്. പ്രസംഗം ആര് പരിഭാഷപ്പെടുത്തും എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ കുണ്ടൂര്‍ ഉസ്താദ് പറഞ്ഞു: അത് നിങ്ങളാണല്ലോ ചെയ്യേണ്ടത്- മാശാഅല്ലാഹ്.
രണ്ട് ബട്ടനുകളില്ലാത്ത ഓപ്പണ്‍ഫുള്‍ കുപ്പായമായിരുന്നു അന്ന് ഇട്ടിരുന്നത്.
പരിഭാഷപ്പെടുത്തി. ചവാനു ശേഷം ഗുലാം നബി ആസാദ്, ‘എന്റെതും നിങ്ങള്‍ തന്നെ പരിഭാഷപ്പെടുത്തണം’ എന്നായി. പോരേ പുകില്. ‘ജമ്മു- ജംബോ’ കണ്‍ഫ്യൂഷന്‍ പറ്റിയതൊഴിച്ചാല്‍ വലിയ പ്രശ്നമില്ലാതെ ഒപ്പിച്ചു.
തൊണ്ണൂറ്റാറില്‍ ലോസ് ആഞ്ചല്‍സിലേക്ക് ഉസ്താദിന്റെ രണ്ടാം അമേരിക്കന്‍ യാത്ര. പ്രസംഗം പരിഭാഷപ്പെടുത്താന്‍ എന്നെയും കൂടെ കൂട്ടി.
വിസ ശരിയാക്കണമല്ലോ, മദ്രാസിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒരു മുഴുദിവസം നിന്നു കുഴങ്ങി. നടക്കത്തില്ല! ദേവഗൌഡ പ്രധാനമന്ത്രിയായി ഭരണം തുടങ്ങിയ ആദ്യ നാളുകളാണ്. ഗൌഡയുടെ വലം കൈയായി മന്ത്രിസഭയില്‍ സി എം ഇബ്റാഹിമുണ്ട്. ഉസ്താദ് സിഎമ്മിനെ വിളിച്ചു. വിസ കിട്ടിയേ പറ്റൂ. ഉസ്താദ് പറഞ്ഞാല്‍, പിന്നെ മറ്റൊന്നും പറയാനില്ല. ശരിയായി എന്നു കരുതിയാല്‍ മതി.
‘ചുള്ളിക്കോട്, നിങ്ങള്‍ ഇങ്ങു ഡല്‍ഹിക്ക് വാ. താമസിക്കാന്‍ താല്‍ക്കാലിക റൂം വേണം. വ്യോമയാന മന്ത്രിക്ക് സൌകര്യങ്ങള്‍ തീര്‍പ്പായിട്ടില്ല.
ഒരു കാര്യം ചെയ്യ്. റൂം എടുക്കേണ്ട. ഞാനിപ്പോള്‍ കര്‍ണാടക ഭവനിലാണ് താമസം. അവിടെക്കഴിഞ്ഞോ’. ഉസ്താദിനോടുള്ള ആദരം ശിഷ്യ•ാരിലേക്ക് വരെ അരിച്ചിറങ്ങുന്നതിന്റെ അഴക് നോക്കൂ.
പിറ്റേന്ന് അംബാസഡറുടെ ചേമ്പറില്‍. “എന്തിനാ അമേരിക്കയില്‍ പോവുന്നത്?”
എന്റെ ഗുരുവിന് അവിടെ പ്രഭാഷണമുണ്ട്. അത് പരിഭാഷപ്പെടുത്താന്‍.
“ആഹ. എന്നാല്‍ താങ്കള്‍ക്ക് മാത്രം വിസ തന്നാല്‍ ചെന്ന് പ്രസംഗിച്ചു പോരുമോ? ”
“ഇല്ല! ഞാന്‍ ഗുരുവിന്റെ സേവകനായി കൂടെ ചെല്ലുകയാണ്. ഗുരു പോവുന്നില്ലെങ്കില്‍, പിന്നെ എന്റെ കാര്യമുദിക്കുന്നേയില്ല.”
“ഓ, ഗുരുശിഷ്യ ബന്ധം ഇത്ര സുദൃഢമോ?” വിസ കിട്ടി. അല്‍ഹംദുലില്ലാഹ്.
ലോസ് ആഞ്ചല്‍സില്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ അണിനിരക്കുന്ന വിവിധ സെഷനുകള്‍ നടക്കുകയാണ്. എല്ലാവരും ഭംഗിയില്‍ പേപ്പറുകള്‍ അവതരിപ്പിക്കുന്നു. കൂട്ടത്തില്‍ ഒരു സെഷന്‍ ‘ത്വാഹാ റസൂലിന്റെ അപ്രമാദിത്വം’ എന്ന വിഷയത്തെകുറിച്ചാണ്. ശൈഖുനായുടെ ഇഷ്ട വിഷയം. വിഷയാവതരണം കഴിഞ്ഞു. ഇനി ചര്‍ച്ചയാണ്. സദസ്സില്‍ നിന്ന് ഒരു ചോദ്യം. ‘അബസ വതവല്ലാ’യുമായി ബന്ധപ്പെടുത്തിയാണ് ചോദ്യം. ജോര്‍ദാനുകാരനായ ഒരു പണ്ഡിതനാണ് ചെയര്‍മാന്‍. ഒന്ന് രണ്ട് മറുപടികള്‍ വേദിയില്‍ നിന്നു വന്നു. പക്ഷേ, സദസ്സ് തൃപ്തരായില്ല.
ഉസ്താദിന്റെ ചെവിയില്‍ ഞാന്‍ പറഞ്ഞു: ‘ഇതിന് മറുപടി ഉസ്താദ് തന്നെ പറയണം.’
“എങ്കില്‍ നീ ചെന്ന് അധ്യക്ഷനോട് സമ്മതം ചോദിച്ചു നോക്ക്.”
ചെന്നു ചോദിച്ചു.
“ഈ ചോദ്യത്തിന് വേറിട്ടതും സംതൃപ്തവുമായ മറുപടി പറയാന്‍ പറ്റുന്ന ഒരു പണ്ഡിതന്‍ ഇരിപ്പുണ്ട്. അങ്ങു സമ്മതിക്കുകയാണെങ്കില്‍ അദ്ദേഹം മറുപടി പറയും.”
അധ്യക്ഷന്‍ ഉസ്താദിനെ ക്ഷണിച്ചു. ഉസ്താദ് വേദിയിലെത്തി.
ബിസ്മി, ഹംദ്, സ്വലാത്ത്, സലാം. ആദിയായവകള്‍ക്ക് ശേഷം.
“എന്റെ ജീവിതത്തില്‍ ഏറ്റവും ആനന്ദകരമായ അനുഭവം നല്ല ബുദ്ധിയുള്ള മുതഅല്ലിമുകള്‍ക്ക് കടുപ്പമുള്ള വിഷയം ദര്‍സ് നടത്തിക്കൊടുക്കലാണ്. സ്വര്‍ഗത്തില്‍ നിനക്ക് എന്ത് വേണം എന്നു ചോദിച്ചാല്‍ ഞാനതാണ് തെരഞ്ഞെടുക്കുക. എന്റെ കുട്ടികളോട് ഞാന്‍ വളരെ ഫ്രീയാണ്. ക്ളാസില്‍ എത്ര തവണ വേണമെങ്കിലും സംശയം ചോദിക്കാം. ക്ളാസിനു വെളിയില്‍ എപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും കയറിവന്ന് സംശയം തീര്‍ക്കാം. ഞാന്‍ സമ്മതം കൊടുത്തതാണ്.
അങ്ങനെയിരിക്കെ നിങ്ങള്‍ കുറച്ച് പേര്‍ അമേരിക്കയില്‍ നിന്ന് എന്നെ കാണാന്‍ വന്നു. നമ്മളിങ്ങനെ വട്ടമിട്ടിരുന്നു സംസാരിക്കുകയാണ്. അതിനിടെയുണ്ട് ഒരു കുട്ടി ഒരു സംശയവുമായി കയറി വരുന്നു. അന്നേരം ഞാനവനോട് അല്പം കഴിഞ്ഞു വാ എന്ന് മുഖഭാവം കൊണ്ട് പറയുന്നു. ഇത് ഞാന്‍ ചെയ്യുന്ന ഒരു തെറ്റാണോ?” സദസ്സ് ഒന്നടങ്കം പറഞ്ഞു.
അല്ലാ, അല്ലാ…
ഇത് തന്നെയാണ് സയ്യിദുല്‍ വുജൂദിന്റെ കാര്യത്തില്‍ ഉണ്ടായതും. ഉമ്മുമക്തൂം (റ) എപ്പോഴും തങ്ങളുടെ ചാരത്തു തന്നെയുണ്ട്. ഈ വന്നിരിക്കുന്നത് ഖുറൈശി പ്രമുഖരാണ്. അവരുമായുള്ള ഉഭയകക്ഷി ചര്‍ച്ച ദീനിന് ഉപകാരപ്പെടുമെങ്കിലോ? ത്വാഹാ റസൂലിന്റെ നോട്ടമങ്ങോട്ടാണ്.
അതിഥികളെ ആദരിക്കണം. അതാണവിടെ തങ്ങള്‍ ചെയ്തത്. നല്ല കാര്യം ചെയ്താല്‍ പ്രശംസിക്കുകയാണ് വേണ്ടത്. അതാണ് അല്ലാഹു ചെയ്തതും. ഈ ആയത്ത് സത്യത്തില്‍ ദമ്മല്ല; മദ്ഹാണ്.”
ഉസ്താദ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ തക്ബീര്‍. ഉടനെയുണ്ട് കുറച്ച് ചെറുപ്പക്കാര്‍ കയറിവരുന്നു. കാനഡക്കാരാണ്. വന്നകാര്യം മറ്റൊന്നുമല്ല. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ പിറ്റേന്ന് ഒരു മഹാസമ്മേളനം നടക്കുന്നുണ്ട്. അതിന്റെ സംഘാടകര്‍ കൂടിയാണവര്‍. അവര്‍ക്ക് നാളെ ഉസ്താദിനെ കാനഡയിലേക്ക് കിട്ടണം.
“ഇനി ഇപ്പോള്‍ എങ്ങനെ വരാന്‍. സമയമില്ലല്ലോ. വിസയും മറ്റും ശരിയാക്കാനാണെങ്കില്‍ സമയമെടുക്കും. ഇന്‍ശാഅല്ലാഹ്. പിന്നെയാക്കാം.”
“അതു പറ്റില്ല. വന്നേ പറ്റൂ. കടലാസുകള്‍ എല്ലാം ഞങ്ങള്‍ റെഡിയാക്കും. സമ്മതം തരികയേ വേണ്ടൂ.” “എന്താ ചുള്ളിക്കോടേ”. ‘യെസ്’ എങ്കില്‍ യെസ്.
പിറ്റേന്ന് വാന്‍കൂവറില്‍. ഡോഗ്ളാള് കോളജ് ഓഡിറ്റോറിയം. തിങ്ങി നിറഞ്ഞ മഹാ സദസ്സ്. മുഖ്യാതിഥിയുടെ പ്രസംഗം. അന്നു തുടങ്ങിയ ആ കനേഡിയന്‍ ബന്ധമാണ് മദീനത്തുന്നൂറില്‍ കാനഡ ഹൌസും മറ്റും വരാന്‍ കാരണമായത്.
തൊണ്ണൂറ്റിയെട്ടില്‍ ഉസ്താദിനൊപ്പം വീണ്ടും അമേരിക്കന്‍ യാത്ര. ഇക്കുറി വാഷിംഗ്ടണ്‍ ഡിസിയിലാണ്. പരിപാടി കഴിഞ്ഞ് ന്യൂയോര്‍ക്കിലേക്ക് ചെന്നു. അവിടെ പ്രസിദ്ധമായ എമ്പയര്‍ സ്റേറ്റ് ബില്‍ഡിംഗ് കാണണമെന്ന് പുളിക്കല്‍ ഹനീഫ സാഹിബ് പറഞ്ഞു. താമസവും മറ്റു സൌകര്യങ്ങളുമൊക്കെ തന്നത് ഹനീഫ സാഹിബാണ്.
നോക്കുമ്പോള്‍ നീണ്ട് നീണ്ട് കിടക്കുന്ന ക്യൂ. ഞങ്ങളങ്ങനെ പിന്നില്‍ നിന്നുതുടങ്ങി. അപ്പോഴാണ് മുമ്പില്‍ നിന്നൊരാള്‍ ഉസ്താദിനെ തിരിഞ്ഞ് നോക്കി മുന്നിലേക്ക് നില്‍ക്കാന്‍ ആംഗ്യം കാണിക്കുന്നു. മുന്നിലെ ആള്‍ വീണ്ടും മുന്നിലേക്ക് നീങ്ങിക്കൊള്ളാന്‍ ആംഗ്യം കാട്ടി. അങ്ങനെ ഉസ്താദിന്റെ മുഖത്ത് നോക്കുന്നവരെല്ലാം മുന്നിലേക്ക് മുന്നിലേക്ക് ദിശ കാണിച്ച് വഴിമാറി നിന്നു. മിനുട്ടുകള്‍ക്കകം ഞങ്ങള്‍ ഏറ്റവും മുന്നിലെത്തി; ക്യൂവില്‍ കെട്ടിക്കിടക്കാതെ. പലര്‍ക്കും ഉസ്താദിന്റെ വെള്ള വസ്ത്രവും തലപ്പാവും ഒക്കെ കണ്ടപ്പോള്‍ ഒരു കൌതുകം. ഒരു ആദരം. പലരും കൂടെ നിന്ന് ഒരു ഫോട്ടോക്ക് പോസ് ചെയ്യാമോ എന്നു പോലും ചോദിച്ചു.
തിരിച്ചു വന്ന് ഹനീഫ സാഹിബിന്റെ വീട്ടില്‍ ഞങ്ങള്‍ വിശ്രമിക്കുകയാണ്. ഉസ്താദിന്റെ യാത്രാ കാര്യങ്ങള്‍ ഷെഡ്യൂള്‍ഡ് ആണെന്നിരിക്കെ ഒരു നേരത്തുണ്ട്, ബാത്ത്റൂമില്‍ പോയിട്ട് ഒരുപാട് നേരമെടുക്കുന്നു. ഇത്രയൊന്നും സമയം ഉസ്താദ് ബാത്ത്റൂമില്‍ കുത്തിയിരിക്കാറില്ല. എന്തു പറ്റി?
അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍ ഉസ്താദ് വാതില്‍ തുറന്ന് വരുന്നു. തന്റെ തുണിയും കുപ്പായവുമെല്ലാം ഒറ്റക്ക് അലക്കി വൃത്തിയാക്കിയിട്ട്! ആകെ അലിഞ്ഞു പോയി. കണ്ണു നിറഞ്ഞു പോയി. ഇതേ പറ്റി ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു:
“നമ്മള്‍ ഇങ്ങ് അമേരിക്കയിലുള്ള ഒരു വീട്ടിലല്ലേ ഉള്ളത്. സംഗതി ഇവിടെ എല്ലാ സൌകര്യങ്ങളുമുണ്ട്. വീട്ടുകാര്‍ കഴുകിത്തരുകയും ചെയ്യും. എങ്കിലും നമ്മള്‍ തന്നെ കഴുകുകയല്ലേ മര്യാദ. ഈ വീട്ടുകാര്‍ക്കൊന്നും നമ്മളെ പരിചയമില്ലല്ലോ?”
അവിടെയായിരിക്കുമ്പോഴാണ് നാസിം ഹഖാനിയെ കുറിച്ചറിഞ്ഞത്. ത്വരീഖത്തിന്റെ ശൈഖാണ് മഹാന്‍. നല്ല പ്രായമുണ്ട്. പക്ഷേ, ഒരു കാര്യം പിടിച്ചില്ല. അങ്ങേയറ്റം വയസ്സനാണെങ്കിലും ബൈഅത്തു ചെയ്യുന്ന സമയത്ത് സ്ത്രീകളെ മുസ്വാഫഹത്ത് (ഹസ്തദാനം)ചെയ്യും. ഇത് ശരിയാണോ? അല്ല. ത്വാഹാ റസൂലിനെ ബൈഅത്ത് ചെയ്തവരില്‍ നിരവധി വിശ്വാസിനികള്‍ ഉണ്ടായിരുന്നു. പക്ഷേ, അവരില്‍ ഒരാളെപോലും തങ്ങള്‍ മുസ്വാഫഹത്ത് ചെയ്തിട്ടില്ലെന്ന് ആയിശാ ബീവി(റ) പറയുന്നുമുണ്ട്. ആയതിനാല്‍ കടുത്ത തെറ്റാണ്.
അദ്ദേഹത്തിന്റെ മരുമകനോട് ഈ കാര്യം സംസാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എനിക്കത് നേരത്തെ മനസ്സിലുണ്ട്. എങ്ങനെ പറയും എന്നു കരുതി മനസ്സ് വല്ലാതെ നില്‍ക്കുകയാണ് ഞാന്‍. ഒരു കാര്യം ചെയ്യ്. നിങ്ങള്‍ പറയ്.’
“അല്ല, നിങ്ങളാണ് പറയേണ്ടത്. ഇത്തരം അവസരങ്ങളില്‍ അറിവുള്ളവര്‍ മൌനം പാലിച്ചാല്‍ പുതു തലമുറ ദീനിനെ തെറ്റായി മനസ്സിലാക്കില്ലേ?”
“എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്കിരുവര്‍ക്കും ചേര്‍ന്ന് പറയാം.”
പറഞ്ഞു. സൌമ്യഭാഷയില്‍. കേട്ടതും ഹഖാനി ഉസ്താദിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇനി അതുണ്ടാവില്ലെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
ഉസ്താദിന്റെ വിദേശയാത്രകളില്‍ പലരും കരുതും പോലെയുള്ള വിനോദയാത്രകളല്ല. സാഹസിക യാത്രകള്‍ തന്നെയാണ്. പ്രത്യേകിച്ച് മലയാളികളുള്ള സ്ഥലത്ത് ചെന്നാല്‍ ഉസ്താദിന് ഒരു ഒഴിവും കിട്ടില്ല. കാരണം, ഇവിടെ നമ്മള്‍ പകല്‍ പണിയെടുക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ വിദേശങ്ങളില്‍ അധികമാളുകളും രാത്രിയിലാണ് സജീവമാവുക. എന്നാല്‍ തിരിച്ചുള്ളവരും ഉണ്ട്. ഈ രണ്ട് കൂട്ടരെയും യഥാസമയങ്ങളില്‍ സമീപിച്ചാല്‍ മാത്രമേ, മര്‍കസ് പോലുള്ള സ്ഥാപനം നടത്തിക്കൊണ്ടു പോവാനാവുകയുള്ളൂ.
ഗള്‍ഫില്‍ ചെന്നാല്‍ വളരെ ഇടുങ്ങിയാണ് ഉസ്താദ് കഴിഞ്ഞു കൂടാറ്. രണ്ട് സിംഗിള്‍ബെഡ് ഇടാന്‍ പറ്റിയ ചെറിയ റൂം. ഓരോ ബെഡിലും ഈ രണ്ട് പേര്‍ വീതം ചെരിഞ്ഞു കിടക്കും. ആ രണ്ട് ബെഡുകള്‍ക്കിടയില്‍ നിലത്ത് മൂന്നുപേര്‍ ചെരിഞ്ഞു കിടക്കും. ഇങ്ങനെയുള്ള രണ്ട് കേബിനുകള്‍ക്ക് ഒരു കോമ്മണ്‍ ബാത്ത്റൂം.
അല്ല, ഇത്രയൊക്കെ കഷ്ടപ്പെടേണ്ടതുണ്ടോ? ഫ്ളാറ്റ് വാടകക്കെടുത്തുകൂടെ? അല്ലെങ്കില്‍ പ്രസ്ഥാന ബന്ധുക്കളുടെ വമ്പന്‍ വീടുകള്‍ ഇഷ്ടം പോലെയുണ്ടല്ലോ?
ഉണ്ട്. ഇല്ലാഞ്ഞിട്ടല്ല. റൂം എടുത്താല്‍ വാടക കൊടുക്കാനും വീട് വേണമെന്ന് തോന്നിയാല്‍ സ്വീകരിച്ച് സത്കരിക്കാനുമൊക്കെ ആളുകളെമ്പാടുമുണ്ട്. പക്ഷേ, പലര്‍ക്കും പല സമയത്തായി നമ്മളെയൊക്കെ കാണേണ്ടി വരില്ലേ? പ്രസ്ഥാനത്തിന്റെ ഈ ഓഫീസിലേക്ക് കടന്ന് വരുമ്പോലെ മറ്റു ഫ്ളാറ്റുകളിലേക്കോ ആരാന്റെ വീട്ടിലേക്കോ അവര്‍ക്ക് കടന്ന് വരാന്‍ കഴിയില്ലല്ലോ. ഈ ഇടുക്കങ്ങള്‍ക്കൊക്കെ പടച്ച റബ്ബ് എന്തെങ്കിലും ഒരു ഫറജ് മഖ്റജ് തരുമായിരിക്കും. ഇതായിരിക്കും ഉസ്താദിന്റെ പ്രതികരണം. അങ്ങനെ ആ ഫറജ് മഖ്റജ് വന്നു; ദുബൈ മര്‍കസ് ഓഫീസ്.
സൌത്താഫ്രിക്കയില്‍ അന്തര്‍ദേശീയ ഫിഖ്ഹ് സമ്മേളനം നടക്കുകയാണ്. അതിനിടെ സദസ്സില്‍ സംഘാടകര്‍ ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ത്യ വിഭജനം ജിന്നയുടെ സ്വപ്നമായിരുന്നെന്നും, ഇന്ത്യാ വിഭജിതമായതിനാലാണ് അവിടെ മുസ്ലിംകള്‍ എണ്ണം കുറഞ്ഞത്, അല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ശക്തരായിരിക്കുമെന്നൊക്കെ ആ ഡോക്യുമെന്ററിയില്‍ പറയുന്നു. ഇതോടെ പാക്കിസ്ഥാനികളായ സദസ്യര്‍ ഒച്ച വെച്ചു. സഭ അലങ്കോലപ്പെട്ടു.
പെട്ടെന്ന് ഘനഗാംഭീര്യമുള്ള ഒരു ശബ്ദം മുഴങ്ങിക്കേട്ടു. നമ്മള്‍ ആലിമുകള്‍ ഇപ്പോള്‍ ദീന്‍കാര്യം പറഞ്ഞാല്‍ മതിയെന്നും, സങ്കുചിത രാഷ്ട്രീയ വിഷയങ്ങളില്‍ നമ്മള്‍ കൈകടത്തേണ്ടതില്ലെന്നും ഉറച്ചു പറഞ്ഞു. അതോടെ ആ ശൈഖ് പറഞ്ഞതാണ് ശരി എന്നു പറഞ്ഞ്, അഗ്നിപര്‍വ്വതം പോലെ പൊട്ടിയ ആ സദസ്സ് പെട്ടെന്ന് മെരുങ്ങി. സംഘാടകരും അതംഗീകരിച്ചു. ഡോക്യുമെന്ററി പിന്‍വലിച്ചു. പ്രക്ഷുബ്ധമായ അന്തര്‍ദേശീയ പണ്ഡിത സദസ്സിനെ ഉറച്ച ആജ്ഞാശക്തികൊണ്ട് അടക്കി നിര്‍ത്തിയത് കാന്തപുരം ഉസ്താദായിരുന്നു.
നമുക്ക് കല്ലുകളെല്ലാം കല്ലുകളാണ്. പക്ഷേ, കല്ലുവില്‍പനക്കാരന് വൈഡൂര്യവും പുഷ്യരാഗവും മരതകവും മാണിക്യവും വേറെ വേറെ തിരിച്ചറിയാനാകും. ഉസ്താദിനെ അവ്വിധം നമ്മളൊന്നും കാണാത്ത രൂപത്തില്‍ പലരും തിരിച്ചറിഞ്ഞ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. അന്താരാഷ്ട്ര സൂഫി സമ്മേളനം നടക്കുന്നു, ഈജിപ്തില്‍. ‘അത്തസ്വവ്വുഫ്, അല്‍ അസ്വീല്‍ വദ്ദഖീല്‍ -ആത്മീയത; നെല്ലും പതിരും. ഇതാണ് വിഷയം. റഈസുല്‍ ജാമിഅ ഡോ. അഹ്മദ് ഉമര്‍ ഹാശിം അന്ന് സദസ്യരോട് പറഞ്ഞു. ഈ സ്വൂഫി സമ്മേളനത്തില്‍ അധ്യക്ഷനാകാന്‍ അനുയോജ്യനായ ഒരു പണ്ഡിതന്‍ ഉണ്ട്, ഇന്ത്യയില്‍ നിന്നുള്ള ശൈഖ് അബൂബക്കര്‍ അഹ്മദ്.
ഉസ്താദിനെ മനസ്സിലാക്കിയിട്ടാണ് അലി ജുമുഅ ഇവിടെ വന്നത്. മാലികി, ശദ്ദാദ്, ഉമര്‍ ഹഫീള്, ഹാശിം ജിഫ്രി, ഉമര്‍ കാമില്‍ തുടങ്ങിയവരെല്ലാം ഉസ്താദിനെ ഉള്ളാലെ അറിഞ്ഞു വന്നവരാണ്. ജാമിഅത്തുല്‍ അസ്ഹറിലെ പള്ളിയില്‍ മഹാ•ാര്‍ ഇജാസത്ത് നല്‍കുന്ന ചടങ്ങ് പണ്ടേയുള്ളതാണ്. അവിടെയും ശൈഖുനായെ പിടിച്ചിരുത്തി, അവിടുത്തെ മുഴുവന്‍ പണ്ഡിത•ാരും ഇജാസത്ത് നല്‍കാന്‍ അപേക്ഷിച്ചത് പ്രസ്താവ്യമായ ഒരനുഭവം തന്നെയാണ്.
ഇക്കഴിഞ്ഞ ആഴ്ച ഞങ്ങള്‍ മഅ്ദനിയെ കാണാന്‍ ബാംഗ്ളൂരിലെ അഗ്രഹാര ജയിലില്‍ ചെന്നു. വമ്പന്‍ സുരക്ഷ. ഉള്ളിലോട്ട് കടന്ന് ചെല്ലണമെങ്കില്‍ കൈത്തണ്ടയില്‍ ബിസിടി സീല്‍ ചെയ്യണം. കേരളത്തില്‍ നിന്ന് പത്തിരുപത് പേരുണ്ട്. എല്ലാവരും സീലിന് റെഡി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉസ്താദിന്റെ മുഖത്തേക്കു നോക്കി. ഉസ്താദിനെ മാത്രം സീലടിക്കാതെ കടത്തിവിട്ടു.
കൃത്യമായ ജീവിത നിഷ്ഠ. ആത്മീയ മൂല്യം. ഏത് തിരക്കിനിടയിലും ചൊല്ലി പൂര്‍ത്തിയാക്കാറുള്ള അദ്കാര്‍. ഔറാദ്. സ്വലാത്തുകള്‍. മുടങ്ങാത്ത തഹജ്ജുദ്. ഇയ്യടുത്ത് പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഉഡുപ്പിയില്‍ നിന്ന് വരികയാണ്. രാത്രി ഒന്നേ മുക്കാലിനാണ് മെഡ്ഗാവില്‍ കയറുന്നത്. എനിക്ക് ഉറക്കം വരണമെങ്കില്‍ തന്നെ ഒരു മണിക്കൂര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കണം. എനിക്ക് ഉറക്ക് പിടിച്ച് തുടങ്ങുമ്പോഴേക്ക് കേട്ടു തുടങ്ങി, ….. ‘മുഹമ്മദുര്‍റസൂലില്ലാഹി സ്വാദിഖില്‍ വഅ്ദില്‍ അമീന്‍’ എന്ന വിര്‍ദ്. ഞാനത് ഉസ്താദ് ചൊല്ലുന്നത് കേട്ട് കേട്ട് പഠിച്ചതാണ്. സമയം നോക്കുമ്പോള്‍ നാലുമണി. ഉസ്താദ് ഉറക്കം കഴിഞ്ഞ് വുളു ചെയ്ത്, തഹജ്ജുദ് നിസ്കരിച്ച് ചൊല്ലാന്‍ തുടങ്ങി. നമുക്ക് ഉറക്കം പിടിച്ചു വരുന്നേയുള്ളൂ. നേരിയ നേരം ഉറങ്ങുമ്പോലെ അഭിനയിച്ച് ശരീരത്തെ പറ്റിക്കുകയും സഹചരെല്ലാം ഉറങ്ങുന്നേരം ഉണര്‍ന്നിരുന്ന് ആത്മീയാസ്വാദ്യതയില്‍ ലയിക്കുകയും ചെയ്യുന്ന ആളാണ് ഗുരുവാവുക, നേതാവാവുക, ശൈഖാവുക. നമുക്കുറങ്ങാം. പക്ഷേ, ഉറങ്ങി മടുത്ത് കണ്ണ് തെളിയുന്ന നേരങ്ങളിലെങ്കിലും ഇതൊക്കെയൊന്ന് നോക്കിപ്പഠിക്കാനെങ്കിലും നമുക്കാവണം. തയ്യാറാക്കിയത് : ഫൈസല്‍ അഹ്സനി ഉളിയില്‍

2 Responses to "അകക്കണ്ണിന്‍റെ കാഴ്ചകള്‍"

  1. Asfarmahe  January 13, 2013 at 6:02 pm

    heart touching ..!!

  2. Seluahmed  January 17, 2013 at 12:19 pm

    ആവശ്യാമാണ് ഇത്തരം കുറിപ്പുകള്‍ 

You must be logged in to post a comment Login