കൈയേറിയത് എണ്ണിത്തീരാത്ത ഏക്കറുകള്‍

കൈയേറിയത്  എണ്ണിത്തീരാത്ത ഏക്കറുകള്‍

വഖ്ഫ് സ്വത്തുകളുടെ അന്യാധീനപ്പെടല്‍, അവയ്ക്കുമേലുള്ള കൈയേറ്റം, അത്തരം സ്വത്തുകള്‍ നിക്ഷിപ്ത താല്പര്യത്തോടെ കൈയടക്കല്‍, ആ കൈയടക്കലുകള്‍ക്ക് വഖ്ഫ് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട വഖ്ഫ് ബോര്‍ഡിന്റെ ഒത്താശ, ഒത്താശയ്ക്ക് പിന്നില്‍ ബോര്‍ഡിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ താല്പര്യം എന്നിങ്ങനെ നിരവധിയായ പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
വഖ്ഫ് ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ അഴിമതികള്‍ക്ക് പലപ്പോഴും ആധാരം വഖ്ഫ് സ്വത്തുകളുടെ നിയമവിരുദ്ധമായ കൈമാറ്റങ്ങളാണെന്ന് കണ്ടെത്തുകയും അത്തരം ചില കൈമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇങ്ങനെ കൈമാറിയ സ്വത്തുകള്‍ തിരിച്ചെടുത്ത്, ഏതുദ്ദേശ്യത്തോടെയാണോ വഖ്ഫ് ചെയ്തത് അതിനായി വിനിയോഗിക്കണമെന്ന് ശിപാര്‍ശ നല്‍കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് വന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും കമ്മീഷന്‍ കണ്ടെത്തിയ നിയമവിരുദ്ധ കൈമാറ്റങ്ങളില്‍ നടപടിയെടുക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് തയാറായിരുന്നില്ല. കമ്മീഷന്‍ നിര്‍ദേശിച്ച കാര്യങ്ങളിലൊക്കെ സ്വീകരിക്കാവുന്ന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന പതിവ് മറുപടി നല്‍കുക മാത്രമായിരുന്നു ബോര്‍ഡ്.
വഖ്ഫ് ബോര്‍ഡിലെ നിയമനം പി എസ് സിക്ക് വിടാനുള്ള നിയമ നിര്‍മാണത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം, വഖ്ഫ് ചെയ്ത സ്വത്തുകളുടെ നിയമവിരുദ്ധ കൈമാറ്റങ്ങളെ വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നു. അതേത്തുടര്‍ന്ന് ചില നടപടികളിലേക്ക് ബോര്‍ഡ് കടന്നു. അപ്പോഴും വഖ്ഫ് നിയമനത്തിലെ രാഷ്ട്രീയ വിവാദത്തില്‍ മുസ്‌ലിം ലീഗിനൊപ്പം നില്‍ക്കാത്തവരെ മാത്രം ലക്ഷ്യമിടുകയാണോ ബോര്‍ഡ് ചെയ്യുന്നത് എന്ന സംശയം ബാക്കിയാകുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുകള്‍ ഏതുവിധത്തിലാണ്, ഉദ്ദിഷ്ട ലക്ഷ്യത്തിന് ഉപയോഗിക്കപ്പെടാനാകാത്ത വിധം കൈയടക്കപ്പെട്ടത് എന്നത് സംബന്ധിച്ച അന്വേഷണം രിസാല റിസര്‍ച്ച് ടീം നടത്താന്‍ ആലോചിച്ചത്. വഖ്ഫ് ബോര്‍ഡിലെ അഴിമതി സംബന്ധിച്ച ഒരു കേസില്‍, നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകളുടെ മൂല്യം ഏതാണ്ട് രണ്ടു ലക്ഷം കോടിയോളം വരുമെന്ന പരാമര്‍ശം വിജിലന്‍സ് നടത്തിയിരുന്നു. സംസ്ഥാനത്തങ്ങോളമിങ്ങോളം നടത്തിയ അന്വേഷണത്തില്‍ അന്യാധീനപ്പെട്ട വസ്തുക്കളുടെ കണക്കെടുത്തപ്പോള്‍ ആ കണക്ക് ഒട്ടും അതിശയോക്തി പരമല്ല എന്നാണ് മനസിലായത്. പല കാലങ്ങളില്‍നടന്ന കൈയേറ്റവും അനധികൃത കൈമാറ്റവും വായനക്കാര്‍ക്ക് മനസിലാക്കാന്‍ ചിലതിന്റെ വിശദാംശങ്ങള്‍ മാത്രം വിവരിക്കാം. എങ്ങനെയൊക്കെയാണ് കൈയേറ്റങ്ങളെന്നതിന് ദൃഷ്ടാന്തങ്ങളുമാണ് ഇത്. ചില കൈമാറ്റങ്ങളെച്ചൊല്ലിയുള്ള കോടതി നടപടികള്‍ ദശകങ്ങളായി തുടരുകയുമാണ്. ഭൂമി സംബന്ധിച്ച യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ വഖ്ഫ് ബോര്‍ഡിന് കഴിയാതിരിക്കുകയോ ബോര്‍ഡ് മനഃപൂര്‍വം ഹാജരാക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് നിയമയുദ്ധം ഇങ്ങനെ അനന്തമായി തുടരുന്നത് എന്നും ആരോപണമുണ്ട്.

ഇരുപത്തഞ്ച് ഏക്കര്‍
എറണാകുളം സ്വദേശിയും പ്രമുഖ വഖ്ഫുകളുടെ മുതവല്ലിയുമായിരുന്നു ഈസാ ഇസ്മാഈല്‍ സേട്ട് എന്ന ബാബു സേട്ട്. 1965ല്‍മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള സിനിമയായ “ചെമ്മീന്റെ’ നിര്‍മാതാവ് എന്ന നിലയ്ക്ക് കൂടുതല്‍ പ്രശസ്തനും. ഈസാ സേട്ടിന്റെ പേരില്‍ കൊടുങ്ങല്ലൂരില്‍ ഒരു ട്രസ്റ്റുണ്ട്. 1965ല്‍ ഒന്‍പത് ആധാരങ്ങളിലൂടെ കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഇരുപത്തിയഞ്ചോളം ഏക്കര്‍ വസ്തു ഇസ്മാഈല്‍ ഹാജി ഈസാ സേട്ട് ട്രസ്റ്റിന് കൈമാറി. ഈസാ സേട്ടിന്റെ മാതാവ് അസ്മാബീവിയുടെ പേരില്‍ കോളജും മറ്റും തുടങ്ങാനാണ് 1965ല്‍ ട്രസ്റ്റുണ്ടാക്കിയത്. ട്രസ്റ്റ് ആരംഭിച്ച അസ്മാബി കോളജിന് കേരള സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. കോളജ് നടത്താന്‍ സഹായിക്കാം എന്ന എം ഇ എസിന്റെ (മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി) വാഗ്ദാനം ബാബു സേട്ട് സ്വീകരിച്ചതോടെ കഥ മാറി. ഹാജി ഈസാ സേട്ട് ട്രസ്റ്റിന്റെ കൈവശത്തിലുണ്ടായിരുന്ന കൊടുങ്ങല്ലൂരിലുള്ള 25 ഏക്കര്‍ വസ്തു ഇപ്പോള്‍ എം ഇ എസിന്റെ പേരിലാണ്. എം ഇ എസ് ഇടപെട്ട കാലത്ത് ഈസാ ഇസ്മാഈല്‍സേട്ടും മറ്റു ട്രസ്റ്റ് അംഗങ്ങളും ഉള്‍പ്പെട്ട ഭരണസമിതിയായിരുന്നു കോളജ് നടത്തിക്കൊണ്ടിരുന്നത്. 1987ല്‍ എം ഇ എസിന്റെ പ്രസിഡണ്ട് ആയിരുന്ന ഡോ. എ വി അബ്ദുൽകരീം യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ ധനസഹായം ലഭിക്കാന്‍ ട്രസ്റ്റിന്റെ വസ്തുക്കള്‍ എം ഇ എസിന്റെ പേരിലേക്ക് മാറ്റാന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കണമെന്ന് ഈസാ ഇസ്മാഈല്‍ സേട്ടിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു തയാറായില്ല. 1997 മാര്‍ച്ചില്‍’ വസ്തുക്കളെല്ലാം എം ഇ എസിന്റെ കൈവശത്തിലും ഉടമസ്ഥതയിലുമാണെന്നും ഇസ്മാഈല്‍ ഹാജി ഈസാ സേട്ട് ട്രസ്റ്റിന്റെ പേരില്‍ 1996-97 വര്‍ഷത്തേക്കുള്ള നികുതി സ്വീകരിച്ചത് ശരിയായില്ലെന്നും വില്ലേജ് അധികാരികള്‍ വസ്തു അളന്നത് നിയമവിരുദ്ധമാണെന്നും ട്രസ്റ്റിന്റെ പേരില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് എം ഇ എസ് പ്രസിഡണ്ട് കത്ത് നല്‍കിയെന്നാണ് ചരിത്രം. ഇതു സംബന്ധിച്ച് 1997 ഫെബ്രുവരിയില്‍ എം ഇ എസ് പത്രപരസ്യം നടത്തി അവകാശവാദം ഉന്നയിച്ചു. എം ഇ എസിന്റെ പത്രപരസ്യത്തിനെതിരെ “ബഹുജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന തലക്കെട്ടില്‍ ഈസാ ഇസ്മാഈല്‍സേട്ട് പത്രപരസ്യം നല്‍കി. കോളജിന്റെ നടത്തിപ്പ് കാര്യം മാത്രമാണ് എം ഇ എസിനെ ചുമതലപ്പെടുത്തിയതെന്നും ട്രസ്റ്റിന്റെ വസ്തുവഹകളുടെ മേല്‍നോട്ടമോ, അവകാശമോ, നടത്തിപ്പ് അവകാശമോ ഇല്ലെന്നും എം ഇ എസിന്റെ പത്രപരസ്യം ദുരുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം അറിയിച്ചു. ഇതു സംബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്സിറ്റി അധികാരികള്‍ക്കും ഈസാ ഇസ്മാഈല്‍സേട്ട് പരാതി അയക്കുകയും ചെയ്തു. അതോടൊപ്പം ട്രസ്റ്റിലെ ഗവേണിംഗ് ബോഡിയില്‍ നിന്നും എം ഇ എസിന്റെ നോമിനികളായ എ കെ സിദ്ദീഖ് അടക്കം പതിനഞ്ചോളം പേരെ നീക്കം ചെയ്തതായി അറിയിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് കത്തും നല്‍കി. ട്രസ്റ്റിന്റെ ഭരണനടത്തിപ്പിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. കോളജില്‍ വിദ്യാര്‍ഥികളില്‍നിന്ന് അനധികൃത പിരിവ് നടത്തുകയാണെന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ആരോപിച്ച് നവീകരണ സമിതി കണ്‍വീനര്‍ വി എ മുജീബ് റഹ്മാന്‍ എന്നയാള്‍ 1997ല്‍ നാട്ടുകാര്‍ക്കിടയില്‍ നോട്ടീസ് വിതരണം ചെയ്തു.
ക്രമേണ ബാബു സേട്ടിനെയും ട്രസ്റ്റ് അംഗങ്ങളെയും ഒഴിവാക്കി കോളജിന്റെ 25 ഏക്കര്‍ വസ്തുക്കളും എം ഇ എസ് കൈവശപ്പെടുത്തുകയാണുണ്ടായതെന്നാണ് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഇപ്പോള്‍ ആരോപിക്കുന്നത്. കോളജിന്റെയും ഹൈസ്‌കൂളിന്റെയും മറ്റും ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബാബു സേട്ടിനായിരുന്നു. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 9 ആധാരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ബാബു സേട്ട് പത്രപരസ്യം നല്‍കി. ഇതിന് മറുപടിയായി ട്രസ്റ്റിന്റെ പേരിലുള്ള അസ്സല്‍ ആധാരങ്ങള്‍ തങ്ങളുടെ കൈവശമായതിനാല്‍ അതിന്റെ ഉടമസ്ഥാവകാശം എം ഇ എസില്‍ ആയിരിക്കുമെന്ന വിചിത്രമായ അവകാശവാദം ഉന്നയിച്ച് എം ഇ എസ് മറുപടി പത്രപരസ്യം നല്‍കുകയാണുണ്ടായത്. ഇതോടെ ഈസാ ഇസ്മാഈല്‍സേട്ട് വസ്തു തിരിച്ചുപിടിക്കാന്‍ ഇരിങ്ങാലക്കുട സബ് കോടതിയെ സമീപിച്ചു. 24 വര്‍ഷമായി ഇതു സംബന്ധിച്ച് കേസുകള്‍ ഹൈക്കോടതിയിലും ഇരിങ്ങാലക്കുട സബ് കോടതിയിലുമായി നടക്കുന്നു. അതിനിടെ, ഇസ്മാഈല്‍ സേട്ട് മരണപ്പെട്ടു. 2007ല്‍ ഉണ്ടായ ഇരിങ്ങാലക്കുട സബ് കോടതി വിധിക്കെതിരെ മരണപ്പെട്ടു പോയ ഈസാ ഇസ്മാഈല്‍സേട്ടിന്റെ സഹോദരന്‍ ഇക്ബാല്‍ സേട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സബ് കോടതി വിധി റദ്ദാക്കിയും അപാകതകള്‍ ചൂണ്ടിക്കാണിച്ചും കേസ് വീണ്ടും കേള്‍ക്കുവാന്‍ 2017ല്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഇപ്പോള്‍ ഇരിങ്ങാലക്കുട സബ് കോടതിയില്‍ വാദത്തിനായി മാറ്റിയിരിക്കുന്നു.

എം ഇ എസ് കുന്നില്‍ സ്‌കൂള്‍
കാസറഗോഡ് ജില്ലയിലെ എം ഇ എസ് കുന്നില്‍ സ്‌കൂള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്ത് പോകാതിരിക്കാന്‍ കുന്നില്‍ കുടുംബം ശ്രമിച്ചതായി വഖ്ഫ് ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. കുമ്പളയിലെ കുന്നില്‍ കുടുംബം കുന്നില്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ കുന്നില്‍കുടുംബത്തിന്റെ ട്രസ്റ്റിലേക്ക് തിരിച്ച് എഴുതിയെന്നാണ് പറയപ്പെടുന്നത്.

രണ്ടു കേസുകളിലും വഖ്ഫ് ബോര്‍ഡിന്റെ പക്കലുള്ള രേഖകളില്‍ ഈ ഭൂമി വഖ്ഫ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കാന്‍ ഇത്രയും കാലമെടുക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയരും.

404 ഏക്കര്‍ 76 സെന്റ്
കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചിമേമന്‍ മുസല്‍മാന്‍ ഹാജിയും സേട്ടുവിന്റെ മകന്‍ മുഹമ്മദ് സിദ്ദീഖ് സേട്ടും ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി 1950 നവംബര്‍ ഒന്നിനു അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന്‍ ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബിന് ചെറായി ബീച്ചിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖ്ഫായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. ഇന്നിപ്പോള്‍ ചെറായി ബീച്ചില്‍ ഈ സ്ഥലത്ത് കാണുന്നത് വലിയ റിസോര്‍ട്ടുകളും കോട്ടേജുകളുമാണ്. ബീച്ച് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന ഭൂമി മുഴുവനും വഖ്ഫ് ഭൂമിയാണെന്നാണ് വഖ്ഫ് ബോര്‍ഡ് പറയുന്നത്.

215-1950-ാം ആധാരം
പരമകാരുണികനും കരുണാവാരിധിയുമായ ഏക ഇലാഹിന്റെ തിരുനാമത്തില്‍.
ആയിരത്തിതൊള്ളായിരത്തി അമ്പതാമാണ്ട് നവമ്പര്‍ മാസം ഒന്നാം തിയതി ഇന്ത്യാ ഗവണ്‍മെന്റ് വക സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് 21 പ്രകാരം രജിസ്റ്റര്‍ ചെയ്യിച്ച് മദ്രാസ് സ്റ്റേറ്റില്‍ മലബാര്‍ ജില്ല ഏറനാട് താലൂക്കില്‍ ഫാറുഖ് അംശം നല്ലൂര്‍ ദേശത്ത് അപ്പീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന ഫാറൂഖ് കോളജ് മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി ടി കമ്മറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് അംശം ദേശത്ത് കല്ലടിയില്‍ മുസല്‍മാന്‍ മൊയ്തൂട്ടി സാഹിബ് അവറുകള്‍ക്ക് പുത്രന്‍ തടിക്കച്ചവടം അറുപത്താറ് വയസായ ഖാന്‍ ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബ് അവര്‍കള്‍ പേര്‍ക്ക് കൊച്ചി കണയന്നൂര്‍ താലൂക്ക് മട്ടാഞ്ചേരി വില്ലേജ് ബാബ്ലാശേരി ബംഗ്ലാവിരിക്കും കച്ചിമേമ്മന്‍ മുസല്‍മാന്‍ ഹാജി ഹാസും സേട്ടും മകന്‍ കച്ചവടം നാല്‍പ്പത്തിനാലു വയസായ മുഹമ്മദ് സിദ്ദീഖ് സേട്ട് എഴുതിക്കൊടുത്ത വഖ്ഫ് ആധാരം…
ഫാറൂഖ് കോളജിന് വഖ്ഫ് ചെയ്തുകൊണ്ട് നടത്തിയ ആധാരത്തിന്റെ തുടക്കഭാഗമാണിത്.
1950ല്‍ ക്രയവിക്രയാധികാരത്തോടുകൂടി കോളജ് കമ്മറ്റിക്ക് കിട്ടിയത് ആധാരത്തിലെ നിബന്ധനകള്‍ക്കനുസരിച്ച് ദാനാധാരമാണ്. 404 ഏക്കറില്‍ 350 ഏക്കര്‍ സ്ഥലം കടലിലും കായലിലും പെട്ട് കിടക്കുകയായിരുന്നു. ബാക്കി സ്ഥലം കുടികിടപ്പുകാരുടെ കയ്യിലും. ഈ ഭൂമി തിരിച്ചെടുക്കാന്‍ 1962ല്‍ പറവൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 1963 മുതല്‍ ഭൂമി റസീവറുടെ കൈവശമായി. ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാല്‍ ഈ സ്ഥലം കയ്യൊഴിഞ്ഞുവെന്നാണ് ഫാറൂഖ് കോളജിന്റെ തന്നെ നിലപാടായി പുറത്തുവന്നിരുന്നത്. 404 ഏക്കര്‍ സ്വത്ത് ഫാറൂഖ് കോളജിന് എഴുതിക്കൊടുത്ത സേട്ടുകുടുംബത്തിന്റെ അനന്തരാവകാശികള്‍ ഇപ്പോഴും കൊച്ചിയിലുണ്ട്. ചെറായിയിലെ ഭൂമിയില്‍ 350 ഏക്കര്‍ കടലെടുത്തുവെന്ന വാദം ശരിയല്ലെന്നാണ് പിന്നീട് വ്യക്തമായത്. കുഴിപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പിറകുവശത്തുള്ള സ്ഥലവും പള്ളിപ്രം വില്ലേജ് അതിര്‍ത്തിയിലെ പ്രദേശങ്ങളും വഖ്ഫ് ഭൂമിയായിരുന്നെന്നും അവ പലവട്ടം മറിച്ചുവില്‍പനയ്ക്ക് വിധേയമായിട്ടുണ്ടെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ചെറായി ബീച്ച് പരിസരത്ത് നേരിട്ട് അന്വേഷിച്ചപ്പോള്‍ പ്രദേശവാസിയായ ഒരാള്‍ ഇത് സാക്ഷ്യപെടുത്തി. റിസീവര്‍ ഭരണത്തിന്‍ കീഴിലായിരിക്കെയാണ് ഇദ്ദേഹം ഒരു അഭിഭാഷകന്റെ കയ്യില്‍നിന്ന് 5 സെന്റ് സ്ഥലം വാങ്ങുന്നത്. പിന്നീടത് മറിച്ചുവിറ്റു. ഇപ്പോള്‍ മറ്റൊരിടത്ത് വീട് വെച്ച് താമസിക്കുന്നു. കോളജ് മാനേജ്മെന്റിലെ ആരും ഈ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല. പിന്നീട് റിസീവറായി വന്ന അഭിഭാഷകനാണു ഭൂമി വില്‍പന നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതോടെ ഈ സ്ഥലം കുടികിടപ്പുകാര്‍ക്കായി പതിച്ചുനല്‍കി. അടുത്തയിടെ ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംശയം തോന്നിയെന്നും തുടര്‍ന്ന് വഖ്ഫ് ഭൂമിയാണെന്ന് മനസിലാക്കുകയും ചെയ്തെന്നാണ് വഖ്ഫ് ബോര്‍ഡിന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിന് വഖ്ഫ് ബോര്‍ഡ് പ്രാഥമിക നടപടി ആരംഭിച്ചിരിക്കുകയാണ്.

ഒരു ഏക്കര്‍ 91 സെന്റ്
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ മമ്പാട് വില്ലേജില്‍ ഒരു ഏക്കര്‍ 91 സെന്റ് വഖ്ഫ് വസ്തു എം ഇ എസിന്റെ പേരിലുണ്ട്. അത്തന്‍മോയി അധികാരിയുടെ കുടുംബത്തിന്റെ വകയായുള്ള അത്തന്‍മോയി അധികാരി മെമ്മോറിയല്‍ ഓര്‍ഫനേജിനുവേണ്ടിയുള്ള ഈ വഖ്ഫ് വസ്തുക്കള്‍ 1981ല്‍ എം ഇ എസിന്റെ പേരിലേക്ക് 3757/1981 നമ്പറായി നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കൈമാറുകയായിരുന്നു. വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയിട്ടില്ലാത്തതിനാല്‍ വഖ്ഫ് നിയമ പ്രകാരം ഈ കൈമാറ്റം അസാധുവാകും. എന്നാല്‍ വഖ്ഫിന്റെ പേര് അത്തന്‍മോയി അധികാരി മെമ്മോറിയല്‍ എം ഇ എസ് ഓര്‍ഫനേജ് എന്നാക്കുന്നതിന് ബോര്‍ഡ് മുമ്പാകെ അപേക്ഷിച്ചിരുന്നു. ഇതനുസരിച്ച് നാല്‍പത് വര്‍ഷത്തിലേറെയായി അത്തന്‍മോയി വഖ്ഫിന്റെ വസ്തുക്കള്‍ എം ഇ എസ് അനധികൃതമായി കൈവശം വെക്കുകയും അതില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുകയുമാണെന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതനുസരിച്ച് ഭൂമി തിരികെപ്പിടിക്കാന്‍ ശ്രമിക്കുകയാണ് ബോര്‍ഡ്; 40 വര്‍ഷത്തിനു ശേഷം.

രണ്ട് ഏക്കര്‍ 89 സെന്റ്
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ താലൂക്കില്‍ കോട്ടുവള്ളി വില്ലേജില്‍ കാളിപ്പറമ്പില്‍ മുഹമ്മദ് ഹാജി ധര്‍മസ്ഥാപനത്തിന്റെ രണ്ട് ഏക്കര്‍ എണ്‍പത്തൊമ്പത് സെന്റ് സ്ഥലവും 1998 മുതല്‍ എം ഇ എസിന്റെ കൈക്കലാണ്. 4076/1998-ാം നമ്പറായി നോര്‍ത്ത് പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ കൈമാറ്റാധാരം രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ ഈ കൈമാറ്റത്തിനെതിരെ ഇപ്പോഴത്തെ മുതവല്ലിയായ അലി, ഗുണഭോക്താക്കളായ അബ്ദുൽഹമീദ്, അബ്ദുൽഅസീസ് എന്നിവര്‍ 1999ല്‍ വഖ്ഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കി. വസ്തു കൈമാറിയിട്ടില്ലെന്നും വഖ്ഫ് വസ്തുവിന്റെ മുതവല്ലി സ്ഥാനം കൈമാറുകയാണ് ചെയ്തതെന്നുമാണ് എം ഇ എസിന്റെ വാദം. എന്നാല്‍ മുതവല്ലി കൈമാറ്റത്തിനോ, വസ്തു കൈമാറ്റത്തിനോ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിനാല്‍ ആധാരം അസാധുവാണെന്ന് പ്രഖ്യാപിച്ച് 2002ല്‍ വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. തുടര്‍ന്ന് മുതവല്ലി നേരിട്ട് വഖ്ഫ് വസ്തു കൈകാര്യം ചെയ്യുകയും വസ്തു സംബന്ധിച്ച വരവ്-ചിലവ് കണക്കുകള്‍ ബോര്‍ഡില്‍ സമര്‍പ്പിക്കുകയും ചെയ്ത് വരവേയാണ് വഖ്ഫ് വസ്തു എം ഇ എസിന്റെ പേരില്‍ 1777-ാം നമ്പറായി പോക്ക് വരവ് നടത്തിയതായും 2008 വരെ എം ഇ എസ് നികുതി അടച്ചതായും മുതവല്ലിയുടെ ശ്രദ്ധയിൽപെട്ടത്. ഇക്കാര്യത്തില്‍ മുതവല്ലി കെ എ യൂസുഫ്, ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ പോക്കുവരവ് നടത്തിയത് റദ്ദാക്കാന്‍ തഹസില്‍ദാര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരോട് ആവശ്യപ്പെട്ടെങ്കിലും 05/01/2019ലെ ഉത്തരവ് പ്രകാരം സബ് കലക്ടര്‍ ആവശ്യം നിരസിച്ചു. ഇതിനെതിരെ 11836/2019 റിട്ട് ഹര്‍ജിയില്‍ വിഷയം വിശദമായി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറായിരുന്ന എ സുഹാസ് നടപടികള്‍ സ്വീകരിച്ചു. എം ഇ എസിന്റെ പേരില്‍ 2008ല്‍ നടത്തിയ പോക്കുവരവ് റദ്ദാക്കി തണ്ടപ്പേര് വഖ്ഫ് മുതവല്ലിയുടെ പേരിലേക്ക് മാറ്റി നികുതി സ്വീകരിക്കാന്‍ 13/11/2019ന് ഉത്തരവിട്ടു.

ജാമിഅ നൂരിയ്യയുടെ ആറ് ഏക്കര്‍
പ്രശസ്തമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ഭൂമിയുമായി ബന്ധപ്പെട്ടും വലിയ തര്‍ക്കങ്ങളാണ് നിലവിലുള്ളത്. വഖ്ഫ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയെന്ന പരാതി ഉന്നയിച്ചത് വഖ്ഫായി സ്വത്ത് നല്‍കിയ വ്യക്തിയുടെ പിന്‍തുടര്‍ച്ചക്കാരന്‍ തന്നെ. ആറര ഏക്കര്‍ വഖ്ഫ് ഭൂമി താന്‍ വിദേശത്തായിരുന്നപ്പോള്‍ കൈയേറിപ്പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. സ്ഥാപന അധികൃതര്‍ക്ക് നല്‍കിയ പരാതി പരിഗണിക്കാതെ വന്നപ്പോഴാണ് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് അവകാശപ്പെട്ട പെരിന്തല്‍മണ്ണ കൊറ്റുകുളത്തെ ഭൂമിയും ഈ രീതിയില്‍ അന്യാധീനപ്പെട്ടതായി പരാതിയുണ്ട്.

534 ഏക്കര്‍
കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാലാപറമ്പ് കെ കുഞ്ഞിമായിന്‍ ഹാജി, ഭാര്യ ഉമയ്യ ഉമ്മ ഹജ്ജുമ്മയെ മുതവല്ലിയാക്കി 1961 നവംബര്‍ ഒന്നിനാണ് 534 ഏക്കര്‍ ഭൂമി വഖ്ഫ് ചെയ്യുന്നത്. ഭൂമി വഖ്ഫ് ചെയ്യുമ്പോള്‍ സ്വത്തില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച് ചില വ്യവസ്ഥകളും വെച്ചിരുന്നു. എന്നാല്‍ ഈ സ്വത്തില്‍ നിന്നുള്ള വരുമാനം ഇപ്പോഴും വഖ്ഫ് ബോര്‍ഡിന് ലഭിക്കുന്നില്ല. ഭൂമി തിരിച്ചുപിടിക്കാന്‍ വഖ്ഫ് ബോര്‍ഡ് നടപടി തുടങ്ങുന്നത് ഇപ്പോള്‍ മാത്രം.

ദാറുല്‍ ഉലൂമിന്റെ ആയിരത്തിലേറെ
1871 ല്‍ കൊയപ്പത്തൊടി മമ്മദ് കുട്ടി രജിസ്റ്റര്‍ ചെയ്ത വഖ്ഫ് ആധാരമാണ് മലപ്പുറം ജില്ലയിലെ വാഴക്കാട് ദാറുല്‍ഉലൂമിന്റേത്. ദാറുല്‍ഉലൂമിന്റെ ആദ്യ പേര് തന്മിയതുല്‍ഉലൂമെന്നായിരുന്നു. കൊയപ്പത്തൊടി കുടുംബപരമ്പരയിലെ ശിരസ്തദാര്‍ മുഹമ്മദ് കുട്ടിയുടെ നാലാമത്തെ പുത്രന്‍ അഹമ്മദ് അധികാരിയുടെ മകന്‍ ഖാന്‍സാഹിബെന്ന ഖാന്‍ബഹദൂര്‍ മമ്മത് കുട്ടി മുതവല്ലിയായിരുന്നപ്പോഴാണ് തന്മിയതുല്‍ഉലൂം ദാറുല്‍ഉലൂമാക്കുന്നത്. സാമ്പത്തികമായി വലിയ സ്ഥിതിയിലായിരുന്നു ഈ കുടുംബം. വഖ്ഫ് ആധാരപ്രകാരം 100 വിദ്യാര്‍ഥികള്‍ക്ക് നല്ല നിലയില്‍ താമസിച്ച് മത വിദ്യാഭ്യാസം ആര്‍ജിക്കാന്‍ പാകത്തില്‍ മതപണ്ഡിതരെ നിയമിക്കാനും ഖുര്‍ആന്‍ ഓത്തിന് സൗകര്യമൊരുക്കാനുമായിരുന്നു നിര്‍ദേശം. അതിനായി വലിയ കെട്ടിടം പണികഴിപ്പിച്ചു. വഖ്ഫ് ഉദ്ദേശ്യം പാലിക്കുന്നില്ലെങ്കില്‍ നാട്ടുകാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ അതിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രമാണം. നിലവില്‍ കോടികള്‍ വിലവരുന്ന സ്വത്തുകള്‍ ഇവിടെ കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്ത് തിരികെപ്പിടിക്കാനോ വഖ്ഫ് ലക്ഷ്യം നിറവേറ്റാനോ നടപടിയൊന്നുമില്ല. 24 മണിക്കൂര്‍ ഖുര്‍ആന്‍ ഓതണമെന്ന വഖ്ഫ് പ്രമാണത്തിലെ പ്രധാന നിര്‍ദേശം പോലും നടപ്പായില്ല. ഏക്കര്‍ കണക്കിന് ഭൂമി ഇവിടെ വഖ്ഫ് ചെയ്‌തെങ്കിലും നിലവില്‍ 200 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശത്തിലുള്ളത്.

വലിയ പണ്ഡിതന്മാര്‍ ദര്‍സ് നടത്തിയ സ്ഥാപനമാണ് ദാറുല്‍ഉലൂം. പിന്നീട് എം സി സി അബ്ദുറഹ്മാന്‍മൗലവി അധ്യാപകനായതോടെ ദാറുല്‍ഉലൂമിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായെന്നാണ് പറയപ്പെടുന്നത്. നിലവില്‍ ദര്‍സ് നടക്കാത്ത സ്ഥലമായി ദാറുല്‍ഉലൂം മാറി. ഇപ്പോഴിവിടെയുള്ളത് അറബിക് കോളജ് മാത്രം. സ്വത്ത് പലരും കൈവശപ്പെടുത്തിയപ്പോഴും കൃത്യമായൊരു അന്വേഷണം വഖ്ഫ് ബോര്‍ഡ് നടത്തിയില്ല. വഖ്ഫ് ചെയ്തവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പോയ അനേകം നഷ്ടസ്വത്തുകളുടെ ദൃഷ്ടാന്തമായി വാഴക്കാട് ദാറുല്‍ഉലൂം തുടരുന്നു.

കോഴിക്കോട്ടെ ആ എഴുപത്തൊമ്പത് സെന്റ്
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എഴുപത്തൊമ്പത് സെന്റ് വഖ്ഫ് വസ്തു എം ഇ എസ് ഒഴിയണമെന്ന് സംസ്ഥാന വഖ്ഫ് ട്രിബ്യൂണല്‍ വിധിച്ചത് അടുത്തകാലത്താണ്. 15 വര്‍ഷങ്ങളായിട്ടുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് കോടികള്‍ മൂല്യമുള്ള ഈ വഖ്ഫ് വസ്തു തിരിച്ചു പിടിക്കാന്‍ ഉത്തരവായത്. 1975 മുതല്‍ അന്‍പത് വര്‍ഷത്തേക്കുള്ള ലീസ് എന്ന പേരില്‍ നിയമപരമായി സാധൂകരണമില്ലാത്ത എഗ്രിമെന്റിന്റെ പേരില്‍ വെറും ഇരുന്നൂറ് രൂപ വാടക നിശ്ചയിച്ചു കൊണ്ട് വഖ്ഫ് വസ്തു കൈവശപ്പെടുത്തുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയുമാണ് ചെയ്തത്. നടക്കാവില്‍ എം ഇ എസ് ഉടമസ്ഥതയിലുള്ള ഫാത്തിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളജ് ഒഴിപ്പിക്കാനാണ് വഖ്ഫ് ട്രിബ്യൂണല്‍ ഉത്തരവുണ്ടായത്. പുതിയ പൊന്മാണി ചിന്തകം തറവാട് വഖ്ഫ് ചെയ്ത കോഴിക്കോട് ടൗണിലെ ബ്ലോക്ക് നമ്പര്‍12 വാര്‍ഡ് 3 ലെ ഭൂമിയിലാണ് എംഇഎസിന്റെ കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. പുതിയ പൊന്മാണി ചിന്തകം വഖ്ഫിന്റെ സെക്രട്ടറി വഖ്ഫ് ബോര്‍ഡ് സിഇഒ ബിഎം ജമാലിന് നല്‍കിയ പരാതിയിലാണ് നിയമനടപടി ആരംഭിച്ചത്. ബോര്‍ഡിന് അവകാശപ്പെട്ട 25 കോടിയുടെ കെട്ടിടവും ഭൂമിയും തിരിച്ചുനല്‍കണമെന്നായിരുന്നു ആവശ്യം. 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എംഇഎസിന്റെ വാദം. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പാട്ടക്കരാറുണ്ടാക്കിയതെന്ന ബോര്‍ഡിന്റെ വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു. കോളജിനെതിരെയുള്ള നടപടിക്കെതിരെ എം ഇ എസ് പ്രസിഡന്റ് ഫസല്‍ഗഫൂര്‍ നല്‍കിയ ഹര്‍ജി ട്രിബ്യൂണല്‍ തള്ളുകയും ചെയ്തു. കൃത്യമായ പാട്ടക്കരാറില്ലാതെ വസ്തുക്കള്‍ കൈവശം വെക്കുന്നത് കൈയേറ്റമാണെന്ന മേല്‍കോടതി ഉത്തരവുകളും പരിഗണിച്ചാണ് ട്രിബ്യൂണല്‍ വിധിയുണ്ടായത്. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് എംഇഎസിന്റെ തീരുമാനം.

വഖ്ഫ് ആക്ട് 54 പ്രകാരമാണ് എം ഇ എസിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2016ല്‍ എം ഇ എസിനെ ഒഴിപ്പിച്ചു കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിടുകയും അതോടൊപ്പം എം ഇ എസ് സംസ്ഥാന പ്രസിഡന്റിനെതിരെ വഖ്ഫ് നിയമത്തിലെ 52 എ വകുപ്പ് പ്രകാരം ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കുകയും ചെയ്തു. 2013ലെ വഖ്ഫ് ആക്ട് ഭേദഗതിക്ക് ശേഷം അനധികൃതമായി വഖ്ഫ് വസ്തു കൈവശം വെക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാവുന്നതാണ്. പ്രസ്തുത വകുപ്പ് പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചത് മാതൃഭൂമി പത്രത്തിന്റെ ഉടമസ്ഥരായ പി വി നിതീഷിനും മറ്റും എതിരെയാണ്. കോഴിക്കോട് രണ്ടാം ഗേറ്റിന് അടുത്തുള്ള നോര്‍മാന്‍ പ്രിന്റിംഗ് പ്രസ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രസ്തുത കേസ്. ഇതിനെതിരെ പി വി നിതീഷ്, പി വി ഹേമലത എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.

കുറ്റിക്കാട്ടൂരിലെ വഖ്ഫ്
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മഹല്ല് ജമാഅത് കമ്മറ്റിയുടെ കീഴിലുണ്ടായിരുന്ന സ്വത്ത്, സ്വകാര്യ ട്രസ്റ്റ് കൈവശം വെച്ചത് സംബന്ധിച്ച വിവാദം അടുത്തിടെയാണ് പുറത്തുവന്നത്. യതീംഖാനയുടെ സ്‌കൂളും വനിതാ അറബിക് കോളജുമടക്കം കോടികള്‍ വിലവരുന്നതാണീ സ്വത്ത്. 1987 ലാണ് മഹല്ല് ജമാഅത് കമ്മറ്റി 73,000 രൂപക്ക് 2 ഏക്കര്‍10 സെന്റ് വാങ്ങിയത്. ഇവിടെ യതീംഖാനയടക്കം സ്ഥാപനങ്ങള്‍ തുടങ്ങി. ട്രസ്റ്റംഗത്തിന്റെ ബന്ധുവിനെ ചെയര്‍മാനാക്കി യതീംഖാന കമ്മറ്റിയുണ്ടാക്കിയത് പിന്നീടാണ്. മഹല്ല് ജമാഅത് കമ്മറ്റിയുടെ ഭാരവാഹികളും വഖ്ഫ് ബോര്‍ഡ് അംഗമായിരുന്ന വ്യക്തിയും ചേര്‍ന്ന് 1999ല്‍ സ്വത്തുകള്‍ യതീംഖാനയ്ക്ക് കൈമാറി. 73,000 രൂപക്ക് വാങ്ങിയ ഭൂമി 5000 രൂപക്കാണ് കൈമാറിയത്. 2013 ലെ വഖ്ഫ് നിയമ ഭേദഗതിക്ക് മുമ്പുവരെ വഖ്ഫ് സ്വത്തുകള്‍ കൈമാറ്റം ചെയ്യുകയാണെങ്കില്‍ അതേ മൂല്യമുള്ള സ്വത്ത് പകരം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇതൊന്നും ചെയ്യാതെയായിരുന്നു ഈ കൈമാറ്റം. 2005 ല്‍ പുതിയ ജമാഅത് കമ്മറ്റി നിലവില്‍വന്നു. ഇവര്‍ ആവശ്യപ്പെട്ടിട്ടും യതീംഖാനയുള്‍പ്പെടെയുള്ള ഭൂമിയുടെ രേഖ തിരികെ ലഭിച്ചില്ല. ഈ ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കമ്മറ്റി വഖ്ഫ് ബോര്‍ഡിനെ സമീപിച്ചു. ഈ പരാതി വര്‍ഷങ്ങളോളം വഖ്ഫ് ബോര്‍ഡിന്റെ ഫയലിലുറങ്ങി. പിന്നീട് ട്രസ്റ്റിന് അനുകൂലമായി വഖ്ഫ് ബോര്‍ഡ് വിധി പറഞ്ഞു. ഇതോടെയാണ് ജമാഅത് കമ്മറ്റി വഖ്ഫ് ട്രിബ്യൂണലിനെ സമീപിക്കുന്നത്. സ്വകാര്യ ട്രസ്റ്റായി യതീംഖാന രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് 2020ല്‍ ട്രിബ്യൂണൽ കണ്ടെത്തി. ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. എന്നാലിപ്പോള്‍ ട്രിബ്യൂണല്‍ വിധിയനുസരിച്ച് വഖ്ഫ് സ്വത്ത് തിരിച്ചു പിടിക്കാന്‍ വഖ്ഫ് ബോര്‍ഡ് നടപടി സ്വീകരിക്കുകയാണ്. വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള നിയമത്തില്‍ വലിയ രാഷ്ട്രീയ വിവാദമുണ്ടായതിനു ശേഷമാണ് ബോര്‍ഡ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബോര്‍ഡംഗം എം സി മായിന്‍ഹാജിയുടെ ബന്ധുവിന്റെ പേരിലുള്ള ട്രസ്റ്റിലേക്കാണ് വഖ്ഫ് സ്വത്തുകള്‍ വകമാറ്റിയത് എന്നതും ഓര്‍ക്കണം.

തണ്ണീര്‍പൊയില്‍
കോഴിക്കോട് മുക്കത്തിനടുത്ത് തണ്ണീര്‍പൊയിലില്‍ വഖ്ഫ് സ്വത്തുകളുടെ കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ആനയാംകുന്നിലെ വയലില്‍ കുഞ്ഞാലിക്ക് വേണ്ടി മകന്‍ ഉണ്ണി മോയിയാണ് കാരശേരി കട്ടയാട്ടുമ്മല്‍ തണ്ണീര്‍പൊയില്‍ ജുമാഅത് പള്ളിക്ക് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2619 – 1952 നമ്പറായി ഭൂമി വഖ്ഫ് ചെയ്തത്. 1918 ല്‍തന്നെ വഖ്ഫ് ചെയ്തിരുന്നെങ്കിലും 1952 ലായിരുന്നു രജിസ്ട്രേഷന്‍. ഈ ഭൂമി ഇന്ന് പല വ്യക്തികളുടെ കൈയിലാണെന്ന് വഖ്ഫ് ബോര്‍ഡ് പറയുന്നു.
മലപ്പുറം ജില്ലയില്‍ വാഴയൂര്‍ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് പ്രദേശത്തുകാര്‍ക്ക് മതപഠനം നടത്തുന്നതിനാണ് മൂന്നരയേക്കര്‍ ഭൂമി കന്നിക്കാട്ടില്‍ ബീരാന്‍കുട്ടി വഖ്ഫ് ചെയ്തത്. 1958 ജൂണ്‍ 23നാണ് ഫറോക്ക് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 4 രൂപ 25 പൈസ ഫീസടച്ച് ഇത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 1978ല്‍ ഈ ഭൂമിക്ക് പട്ടയം സംഘടിപ്പിച്ച് ചിലര്‍ കൈക്കലാക്കിയെന്നാണ് പരാതി. വഖ്ഫ് ബോര്‍ഡ് പരാതി സ്വീകരിച്ച് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഭൂമി ഇതുവരെ വഖ്ഫ് ബോര്‍ഡിന്റെ കൈവശമായിട്ടില്ല.
കൊണ്ടോട്ടിയിലെ പ്രസിദ്ധമായ തക്കിയ വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച് വലിയ പരാതികള്‍ പണ്ടുമുതലേയുള്ളതാണ്. 1770 കളില്‍ ചിശ്തി ഖാദിരി ത്വരീഖത്തിന്റെ ശൈഖ് ആയിരുന്ന ഖാജാ മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടിയിലെ തക്കിയ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. മഹാരാഷ്ട്രയിലെ കര്‍ജ്ജാന്‍ പട്ടണത്തിലെ സയ്യിദ് ശിഹാബുദ്ദീന്റെ മകള്‍ ഫാത്തിമയുടെ മകനായ ഖാജാ മുഹമ്മദ് ഷാ കൊണ്ടോട്ടിയില്‍ താമസമാക്കി. ഇദ്ദേഹത്തെ പിന്‍പറ്റി നിരവധിപേര്‍ കൊണ്ടോട്ടിയിലെത്തി. ശിഷ്യന്മാര്‍ നിരവധി സ്വത്തുകള്‍ വഖ്ഫ് ചെയ്തതായാണ് പറയപ്പെടുന്നത്. ഇതൊക്കെ ഇപ്പോള്‍ ആരുടെയൊക്കയോ കൈകളിലായിരിക്കുന്നു.

കാഞ്ഞിരപ്പള്ളിയിലെ 96 ഏക്കര്‍
കാഞ്ഞിരപ്പള്ളി നൂറുല്‍ഹുദാ അറബിക് കോളജിനു വേണ്ടി ഹാജി ഉമ്മി സൈദുമുഹമ്മദ് വഖ്ഫ് ചെയ്ത 96 ഏക്കര്‍ ഭൂമിയുടെ കഥ കൗതുകകരമാണ്. ഉമ്മി ഹാജിയുടെ മരണ ശേഷം സഹോദരന്‍ വി എസ് മുഹമ്മദ് ഈ 96 ഏക്കര്‍ ഭൂമി വെറും നാലര ലക്ഷം രൂപ വഖ്ഫ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കി തിരിച്ചെടുത്തു. ഈ ഭൂമി ഭാര്യയുടെയും മക്കളുടെയും പേരിലാക്കിയ മുഹമ്മദ്, 2006ല്‍ 12 കോടി രൂപയ്ക്ക് എറണാകുളത്തെ ആബാദ് പ്ലാസ ഗ്രൂപ്പിന് കൈമാറിയതായി പരാതിയുണ്ട്.

എംഐസിയുടെ നാല് ഏക്കര്‍
10237 ആര്‍എ നമ്പറായി വഖ്ഫ് റജിസ്റ്റര്‍ ചെയ്ത കാസറഗോഡ് എം ഐ സിയുടെ കീഴിലുള്ള 4 ഏക്കര്‍ 12 സെന്റ് ഭൂമി ഏതാനും മാസം മുമ്പാണ് ടാറ്റയ്ക്കു കൈമാറിയത്. കൊവിഡ് സെന്ററിനായി കൈമാറിയ ഈ ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കാമെന്ന് വഖ്ഫ്ബോര്‍ഡിന് വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

മഹാരാജാവ് മുസ്‌ലിംകള്‍ക്ക് നല്‍കിയതെവിടെ?
വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവ ടൗണില്‍ മുസ്‌ലിം ജമാഅത് കൗണ്‍സിലിന്റെ പേരിലൊരു സമരം നടന്നിരുന്നു. അവര്‍ ഉന്നയിച്ചിരുന്ന വിഷയം ആലുവ പമ്പ് കവലയ്ക്ക് സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ മുതല്‍ പോസ്റ്റോഫീസ് വരെയുള്ള സ്ഥലം മഹാരാജാവ് മുസ്‌ലിം സമുദായത്തിന് നല്‍കിയിരുന്നുവെന്നും അത് അന്യാധീനപ്പെട്ടു എന്നുമാണ്. ആലുവ അദ്വൈതാശ്രമവും സ്‌കൂളും നില്‍ക്കുന്ന സ്ഥലം ഹിന്ദു സമുദായത്തിനും ഇതിനോടു ചേര്‍ന്നുള്ള സെന്റ് സേവ്യേഴ്സ് പള്ളിയും കോളജും ക്രിസ്ത്യന്‍ സമുദായത്തിനും നല്‍കുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ മുസ്‌ലിം സമുദായത്തിന് ഇതേ രീതിയില്‍ നല്‍കിയ ഭൂമി അന്യാധീനപ്പെട്ടു. സ്വകാര്യ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങളാണ് അവിടെയുള്ളത്. ഈ ഭൂമി മുഴുവനായും സര്‍ക്കാരിന്റെ കൈവശമാണെന്നും ഇതില്‍സമുദായത്തിനു യാതൊരു വിധ പങ്കാളിത്തവുമില്ലെന്നുമാണ് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഹൈദ്രോസ് കാരോത്തുകുഴി പറയുന്നത്. സമുദായത്തിന് ഇതു തിരിച്ചു കിട്ടാന്‍ ലോകായുക്തയിലടക്കം പരാതി നല്‍കിയിരിക്കുകയാണിവര്‍.

പരാതിക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവായി ഈ സ്ഥലത്തെ ഒരു എല്‍ പി സ്‌കൂള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ എച്ച്എസി എല്‍പി സ്‌കൂള്‍ എന്നാണ് ഇന്നും ഇതിന്റെ പേര്. മഹാരാജാവ് ഹമദാനി തങ്ങള്‍ക്കാണ് ഈ സ്ഥലം കൈമാറ്റം ചെയ്തതെന്നും അന്ന് സ്ഥാപിച്ച ഹമദാനി അറബി കോളജാണ് എച്ച് എ സി എന്നുമാണ് ഇവർ പറയുന്നത്. പിന്നീട് ഇത് നാലാം ക്ലാസ് വരെ മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളായി മാറി. ഇതിലൊന്നും സമുദായത്തിന് യാതൊരുവിധ അവകാശമില്ലാതായെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. മുസ്‌ലിം സമുദായ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി മഹാരാജാവ് കൈമാറിയ ഭൂമി സംസ്ഥാന വഖ്ഫ് ബോര്‍ഡിന് കൈമാറണമെന്നാണ് ഉയരുന്ന ആവശ്യം.

തളിപ്പറമ്പിലെ തിരിമറികള്‍
1962ല്‍ 323 ഏക്കര്‍ 85 സെന്റ് ഭൂമിയാണ് തളിപ്പറമ്പ് ജമാഅതിന്റേതായി വഖ്ഫ് ചെയ്തത്. തളിപ്പറമ്പ് ജുമാഅത് പള്ളിയുടെ അധീനതയിലുള്ള 20 ഏക്കര്‍സ്ഥലം കണ്ണൂര്‍ ജില്ലാ എം ഇ എസിന് പാട്ടത്തിന് കൊടുക്കാന്‍ വഖ്ഫ് ബോര്‍ഡിനോട് അനുവാദം വാങ്ങാന്‍ 1966 ല്‍ പള്ളിക്കമ്മറ്റി മിനുട്സ് എഴുതി തീരുമാനിച്ചു. മിനുട്സിന്റെ കോപ്പി സഹിതം അപേക്ഷ നല്‍കി. 21 ഏക്കര്‍ 53 സെന്റ് സ്ഥലം സി ഡി എം ഇ എക്ക് ലീസ് നല്‍കാന്‍ 1966 ല്‍ വഖ്ഫ് ബോര്‍ഡ് പള്ളിക്കു അനുവാദം നല്‍കി. ജുമുഅത് പള്ളിയും സി ഡി എം ഇ എയും ചേര്‍ന്ന് വഖ്ഫ് അനുമതിക്ക് വിരുദ്ധമായി 25 ഏക്കര്‍ സ്ഥലം 1966ല്‍ ലീസാധാരം ചെയ്തു. ലീസാധാരം നിയമപരമായി നിലനില്‍ക്കാത്തതിനാല്‍ റദ്ദു ചെയ്തു വസ്തു തിരിച്ചെടുക്കുകയോ, വഖ്ഫ് ബോര്‍ഡ് അനുവദിച്ച 21 ഏക്കര്‍ 53 സെന്റ് സ്ഥലത്തിന് പുതിയ ലീസാധാരം ചെയ്ത് ബാക്കി സ്ഥലം തിരിച്ചെടുക്കുകയോ വേണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സ്വദേശികളായ കെ മുഹമ്മദ് അഷ്‌റഫ്, സി പി നൗഫല്‍ എന്നിവര്‍ വഖ്ഫ് ബോര്‍ഡിനു ഹരജി നല്‍കി. വഖ്ഫ് ബോര്‍ഡ് അനുവദിച്ചത് 21 ഏക്കര്‍53 സെന്റ് മാത്രമാണെങ്കിലും, കോളേജ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലം ആവശ്യമായതിനാല്‍, പള്ളിക്കമ്മറ്റിയുമായി യോജിച്ച് 25 ഏക്കറിന് ലീസാധാരം ചെയ്തുവെന്നാണ് സി ഡി എം ഇ എ സെക്രട്ടറി മറുപടി നല്‍കിയത്. ഇതേ പള്ളിയുടെ മറ്റൊരു രണ്ടേക്കര്‍ ഭൂമി സി ഡി എം ഇ എയ്ക്കു ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ജമാഅത്ത് പള്ളി ലീസാധാരം ചെയ്തത് വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെയായതിനാല്‍ ഈ രണ്ടേക്കര്‍ കൈയേറ്റമായി കണക്കാക്കി പള്ളിക്കു തിരിച്ചുനല്‍കണമെന്ന മറ്റൊരു ഹരജിയും ബോര്‍ഡ് മുമ്പാകെ ഫയല്‍ചെയ്തു. ഹോസ്റ്റലിനായി പള്ളിയില്‍ നിന്ന് രണ്ടേക്കര്‍ ഭൂമി ലീസിനു വാങ്ങുന്നതിന് വഖ്ഫ് ബോര്‍ഡിന്റെ അനുമതി ഉണ്ടായിരുന്നില്ല. സംഗതി കേസായി. വഖ്ഫ് രജിസ്റ്ററില്‍ ഈ ഭൂമി റീസര്‍വേ 147 എന്നാണ്. എന്നാല്‍ ഇപ്പോള്‍ 147 എന്ന് മാത്രമായി ഒരു സര്‍വേ നമ്പര്‍ ഇല്ല. ഉള്ളത് 147 / 1എ , 147 / 1ബി എന്നിങ്ങനെയാണ്. ഇത് ചൂണ്ടിക്കാട്ടി ഈ നമ്പറുകളില്‍ഉള്ള ഭൂമികള്‍ വഖ്ഫ് ഭൂമിയാണോ എന്നുസംശയം പ്രകടിപ്പിച്ചു. ഇതോടെ വഖ്ഫ് ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തുവെന്ന കേസിലെ നടപടി അവസാനിച്ചു.

തൃക്കരിപ്പൂരിലെ വില്പന
കാസറഗോഡ് തൃക്കരിപ്പൂരില്‍ കോടികള്‍ വിലമതിക്കുന്ന വഖ്ഫ് ഭൂമി മുസ്‌ലിം ലീഗ് എം എല്‍ എയായിരുന്ന എം സി ഖമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് നിയമ വിരുദ്ധമായി വിറ്റു. 2020 ഫെബ്രുവരിയിലാണ് ഭൂമിയും കെട്ടിടങ്ങളും എം എല്‍ എ ചെയര്‍മാനായ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയത്. രണ്ട് ഏക്കര്‍ ഭൂമിയില്‍ പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടു നില സ്‌കൂള്‍ കെട്ടിടവും നിസ്‌കാരപള്ളിയുമുണ്ടായിരുന്നു. വഖ്ഫ് നിയമപ്രകാരം വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. ഇതൊന്നും പാലിക്കാതെയാണ് 1997 ല്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്ത് ജാമിഅ സഅദിയ ഇസ്‌ലാമിയ എന്ന സംഘടന എം സി ഖമറുദ്ദീന്‍ ചെയര്‍മാനായ ത്യക്കരിപ്പൂര്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വിറ്റത്. സംഭവം വിവാദമായതോടെ ഈ ഭൂമി തിരിച്ചുനല്‍കി.

അനാഥമായ സത്താര്‍ ഐലന്റ്
കൊച്ചിയിലെ അബ്ദുസ്സത്താര്‍ ഹാജി മൂസാസേട്ട് എന്ന സാമൂഹിക പ്രവര്‍ത്തകന്‍ തന്റെ പേരിലുള്ള പറവൂര്‍ മുനമ്പത്തെ 157 ഏക്കര്‍വരുന്ന ദ്വീപ് ഇദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ട്രസ്റ്റിന് വഖ്ഫായി നല്‍കിയതാണ്. സേട്ടുകുടുംബത്തിലെ ഏഴുപേരും ഒരു അഭിഭാഷകനും അടങ്ങുന്ന ട്രസ്റ്റിനായിരുന്നു നടത്തിപ്പ് അവകാശം. ഈ ദ്വീപിന് പുറമെ എറണാകുളം പുല്ലേപടയിലെ മൈമൂണ്‍ തീയറ്ററിനടുത്ത് രണ്ടേക്കറുള്‍പ്പെടെ കൊച്ചിയില്‍ പലയിടത്തുമായി ധാരാളം ചെറിയ പ്ലോട്ടുകളും കെട്ടിടങ്ങളും വഖ്ഫ് ചെയ്തു. തൃപ്പൂണിത്തുറയിലും ഭൂമി വഖ്ഫ് ചെയ്തിരുന്നു. എന്നാല്‍ വഖ്ഫ് ആധാരത്തില്‍ നിബന്ധന ചെയ്യപ്പെട്ട പോലെയല്ല ട്രസ്റ്റിന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപമുണ്ട്. സേട്ടുകുടുംബത്തിലെ ദരിദ്രരുടെ പുനരധിവാസമുറപ്പാക്കണമെന്നാണ് ഒരു വഖ്ഫ് ലക്ഷ്യം. ബാക്കി ഭാഗം മുസ്‌ലിംകളുടെ പൊതു ക്ഷേമത്തിനും. ദരിദ്ര ചുറ്റുപാടില്‍ ജീവിക്കുന്ന അബ്ദുസ്സത്താര്‍ഹാജിയുടെ പരമ്പരയില്‍പെട്ട ഷംഷാദ് എന്ന സ്ത്രീയും അസുഖ ബാധിതനായ സഹോദരനും തങ്ങള്‍ക്ക് വീടിന് സ്ഥലമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുകയാണ് ഇപ്പോഴും.

1993 ല്‍ സത്താര്‍ ദ്വീപ് വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ്, വഖ്ഫ് ബോര്‍ഡില്‍ അപേക്ഷ നല്‍കി. വില്‍പനയ്ക്ക് 1995 ല്‍ ബോര്‍ഡ് അനുമതിയും നല്‍കി. രണ്ടുകോടി 55 ലക്ഷത്തിന്റേതായിരുന്നു ഇടപാട്. ദ്വീപ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച സാലേഹ് മുഹമ്മദ് സേട്ട്, കരാര്‍പ്രകാരം 25 ലക്ഷം രൂപ ബോര്‍ഡ് ചെയര്‍മാന്റെയും ട്രസ്റ്റിന്റെയും ജോയിന്റ് അക്കൗണ്ടില്‍ മുന്‍കൂറായി നിക്ഷേപിച്ചു. പിന്നീട് ബോര്‍ഡിന്റെ അനുവാദത്തോടെ തന്നെ വാങ്ങാനുള്ള അവകാശം സേട്ട് മറ്റു രണ്ടുപേര്‍ക്ക് കൈമാറി. ഭൂമാഫിയ ആയിരുന്ന ഇവർ മുഴുവന്‍ പണവും വഖ്ഫ് ബോര്‍ഡിന് നല്‍കിയില്ല. 1998ല്‍ പ്രൊഫ. കെ എ ജലീല്‍ ചെയര്‍മാനായിരുന്നപ്പോള്‍ വഖ്ഫ് ബോര്‍ഡ് ഭരണസമിതി നേരത്തെ നല്‍കിയ വില്‍പനാനുമതി റദ്ദാക്കി. ഇതോടെ ട്രസ്റ്റിനും ബോര്‍ഡിനുമെതിരെ എറണാകുളം സബ് കോടതിയില്‍ ഭൂമാഫിയ കേസ് നല്‍കി. ഇതിനിടെ 5.5 കോടി രൂപക്ക് സത്താര്‍ ദ്വീപ് വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് നല്‍കിയ അപേക്ഷ വഖ്ഫ് ബോര്‍ഡ് നിരസിച്ചു. ദ്വീപിന് 18 കോടി, അന്ന് വിലമതിക്കുമെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. സത്താര്‍ ദ്വീപിന് പകരം പുല്ലേപ്പടിയിലെ വഖ്ഫ് ഭൂമി വില്‍ക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ബദല്‍നിര്‍ദേശം. പുല്ലേപടിയിലെ ആസ്തിയില്‍ നിന്ന് 1.5 കോടി സത്താര്‍ ദ്വീപിന്റെ പേരിലാക്കിയിടണമെന്നും നിര്‍ദേശിച്ചു. ട്രിബ്യൂണലും ഇത് അംഗീകരിച്ചു. വന്‍കിട റിസോര്‍ട്ടുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകളടക്കം പലര്‍ക്കും ദ്വീപില്‍ ഇടം നല്‍കിയത് ട്രസ്റ്റിന്റെ അഭിഭാഷകനായിരുന്ന അഡ്വ. ഗോപാലകൃഷ്ണനാണെന്നാണ് പറയപ്പെടുന്നത്. ദ്വീപില്‍ 10 സെന്റ് ഭൂമിയുള്ള അറുപതോളം പേര്‍ക്ക് അംഗീകൃത കുടികിടപ്പവകാശം ലഭിച്ചു. പുറമെ നാല്‍പതോളം അനധികൃത കൈയേറ്റക്കാരും ഇപ്പോള്‍ ഇവിടെയുണ്ട്.

സേട്ടിന്റെ കൊച്ചിയിലെ മറ്റു സ്വത്തുകളും ട്രസ്റ്റിന്റെ പിടിപ്പുകേടുകൊണ്ട് അന്യാധീനപ്പെട്ടു. നാമമാത്ര വാടകയ്ക്ക് നല്‍കിയിരുന്ന വഖ്ഫ് കെട്ടിടങ്ങളെല്ലാം പലരും കൈവശപ്പെടുത്തി. 1960 മുതല്‍ പുല്ലേപടിയില്‍ വഖ്ഫ് ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വനിതാ ഹോസ്റ്റലുമുണ്ടായിരുന്നു. പിന്നീട് വഖ്ഫ് ബോര്‍ഡ് ഇതില്‍ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ട്രസ്റ്റംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് ഭരണാധികാരം കൈവശപ്പെടുത്തി. നിലവില്‍ സത്താര്‍ ഐലന്റ് ട്രസ്റ്റിന്റെ കൈവശവുമല്ല വഖ്ഫ് ബോര്‍ഡിനുമില്ല എന്ന അവസ്ഥയിലാണ്.

1998ല്‍ 18 കോടി മൂല്യമുണ്ടെന്ന് വഖ്ഫ് ബോര്‍ഡ് വിലയിരുത്തിയ ദ്വീപ്, കൊച്ചി നഗര ഹൃദയമായ പുല്ലേപ്പടിയിലെ ഭൂമി, തൃപ്പൂണിത്തുറയില്‍ കോടികള്‍ മതിക്കുന്ന സ്വത്ത് തുടങ്ങിയവയെല്ലാം വഖ്ഫ് സ്വത്തുകളാണ്. പക്ഷേ, ഒന്നും ഇപ്പോള്‍ വഖ്ഫ് ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കപ്പെടുന്നതല്ല.

വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവാദിത്വം
മേല്‍വിവരിച്ചതൊക്കെ ഉദാഹരണങ്ങള്‍ മാത്രമാണ്. ഒരുപക്ഷേ വായനക്കാരനെ മടുപ്പിക്കാനിടയുള്ള വസ്തുതാ വിവരണം. അത് വേണ്ടിവരുന്നത്, ഇങ്ങനെ നിരവധിയായ സ്വത്തുകളുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്. ഏതാണ്ടെല്ലാം നഗര ഹൃദയങ്ങളിലാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കോഴിക്കോട് നഗരത്തിലെ ചിന്താവളപ്പ് ജംഗ്ഷനോട് ചേര്‍ന്ന് വഖ്ഫ് ചെയ്തത് എന്ന് രേഖപ്പെടുത്തിയ ഭൂമിയുണ്ടായിരുന്നു ഇരുപതാണ്ട് മുമ്പ്. ഇന്നവിടെ സ്വകാര്യ കച്ചവട സ്ഥാപനങ്ങളാണ്. എങ്ങനെ കൈമാറിയെന്നോ ആരു കൈമാറിയെന്നോ തിട്ടമില്ല.
ഈ സ്വത്തുകളുടെ തിരിച്ചെടുപ്പോ തിരിച്ചെടുക്കാന്‍ സാധിക്കാത്ത സ്വത്തുകളുടെ കാര്യത്തില്‍ വഖ്ഫ് ബോര്‍ഡിന് ആനുപാതികമായ നഷ്ടപരിഹാരമോ ഉറപ്പാക്കുകയാണ് വേണ്ടത്. അതിലേക്ക് എന്തെങ്കിലും ചെയ്യാന്‍ ഇപ്പോഴെടുക്കുന്ന മുഖം മിനുക്കല്‍ നടപടിക്കപ്പുറത്ത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികളുണ്ടാകണം; കേന്ദ്ര വഖ്ഫ് നിയമത്തിലെയും സംസ്ഥാന വഖ്ഫ് നിയമത്തിലെയും വ്യവസ്ഥകള്‍പ്രകാരം അതാണ് വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവാദിത്വം. അതു നിറവേറ്റേണ്ടത് സമുദായത്തോടുള്ള ബാധ്യത മാത്രമല്ല, വഖ്ഫ് ചെയ്യുന്നതോടെ സ്വത്തിന്റെ ഉടമയായി മാറുന്ന ദൈവത്തോടുള്ള ബാധ്യത കൂടിയാണത്.

രിസാല റിസര്‍ച്ച് ടീം

You must be logged in to post a comment Login