യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കണം

യാഥാർത്ഥ്യങ്ങളെ  അഭിമുഖീകരിക്കണം

അന്വേഷണ കമ്മീഷന്‍ എന്ന നിലയില്‍ വഖ്ഫ് വിഷയങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തിയാണല്ലോ താങ്കള്‍. നിലവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനാവശ്യമാണ് പ്രതിഷേധങ്ങള്‍. സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ കുറഞ്ഞ തസ്തികയിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. ഓരോ വഖ്ഫിലെയും മുതവല്ലിമാരൊന്നും ഈ നിയമനത്തില്‍ ഇടപെടുന്നില്ല. ജീവനക്കാരെയെല്ലാം വഖ്ഫ് ബോര്‍ഡ് നിയമിക്കുന്നതാണ്. നിലവില്‍ ബോര്‍ഡില്‍ നിരവധിപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സ്ഥിരപ്പെടുത്താനാണ് ആവശ്യപ്പെടേണ്ടത്. ഇവരെ സ്ഥിരപ്പെടുത്തിയാല്‍ കൂടുതല്‍ തസ്തികകള്‍ അടുത്ത കാലത്തൊന്നും ഒഴിവു വരില്ല. തന്നെയുമല്ല, പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലെ ഒരു ബോര്‍ഡിനെ നിയമിക്കലും പ്രായോഗികമല്ല. ദേവസ്വം ബോര്‍ഡില്‍ നിരവധി തസ്തികകളാണ് ഒഴിവുകള്‍ വരുന്നത്. അതുപോലെയല്ല വഖ്ഫ് ബോര്‍ഡ്. ചുരുങ്ങിയ പോസ്റ്റുകളിലേക്കായി ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ ഒരു ബോര്‍ഡിനെ ചുമതലപ്പെടുത്തുന്നത് സര്‍ക്കാരിന് അധിക ബാധ്യതയാണുണ്ടാക്കുക.
കഥയറിയാതെ ആട്ടം കാണുകയാണ് പലരും. അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോകാതെ യഥാര്‍ത്ഥ വഖ്ഫ് പ്രശ്നങ്ങളിലേക്ക് മുസ്‌ലിം സമുദായം കടന്നുവരണം. സംസ്ഥാനത്ത് അന്യാധീനപ്പെട്ടുപോയ വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെടണം. അതിനായി മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചിറങ്ങണം. മുസ്‌ലിംകള്‍ പുണ്യവും സമുദായ ക്ഷേമവും ലക്ഷ്യമാക്കി ദാനം ചെയ്യുന്നതാണല്ലോ വഖ്ഫ് എന്നു പറയുന്നത്. സംസ്ഥാനത്ത് 11,101 സ്ഥാപനങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് നിലവിലെ കണക്കെന്നറിയുന്നു. വലിയ വരുമാനമുള്ള നിരവധി ട്രസ്റ്റുകളും വഖ്ഫ് സ്വത്തുകളും ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വഖ്ഫ് ചെയ്ത വസ്തു ബോര്‍ഡിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഇഷ്ടദാനം ചെയ്യുകയോ, വില്‍ക്കുകയോ നടത്തുന്നതിനു നിയമസാധുതയില്ല. പള്ളിയും ദര്‍ഗയും ബോര്‍ഡിന്റെ അനുമതിയോടെ ഇഷ്ടദാനം ചെയ്യാനോ, വില്‍ക്കാനോ, കൈമാറ്റം ചെയ്യാനോ, പണയപ്പെടുത്താനോ പാടില്ല. വഖ്ഫ് സ്വത്ത് കൈമാറിയെന്ന വിവരം കിട്ടിയാല്‍ വസ്തുവകകളുടെ അവകാശം മടക്കിക്കിട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് ഇടപെടാവുന്നതാണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് ആലോചനാ വിധേയമാക്കേണ്ടതുണ്ട്.

2008ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ താങ്കളെ വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനായി നിയമിക്കാനുണ്ടായ സാഹചര്യമെന്തായിരുന്നു?
വഖ്ഫ് ബോര്‍ഡിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് 2008ല്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. 2009 ഓക്ടോബര്‍ 30ന് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പിച്ചു. കോടികളുടെ വഖ്ഫ് സ്വത്തുകള്‍ സംസ്ഥാനത്ത് അന്യാധീനപ്പെട്ടുപോയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. മലബാര്‍ ഭാഗത്താണ് കൂടുതലും സ്വത്ത് നഷ്ടമായത്. ഒരു വര്‍ഷത്തോളം അന്വേഷിച്ചു തയാറാക്കിയ ആ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചു നടപടികളൊന്നും ഉണ്ടായില്ലെന്നു വേണം പറയാന്‍. ചില ഡിവിഷണല്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നതു പോലുള്ള ചില കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്. നിരവധി വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടതായി കണ്ടെത്തിയിരുന്നു. പലയിടത്തും നേരിട്ടു പോയി വിഷയങ്ങള്‍പഠിച്ചു.
വഖ്ഫ് അഡ്മിനിസ്ട്രേറ്ററായ മുതവല്ലിമാര്‍ അറിഞ്ഞും അറിയാതെയും ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇങ്ങനെ ഭൂമി കൈമാറ്റം ചെയ്തു പോയി. കോഴിക്കോട് ഫാറൂഖ് കോളജിന് നല്‍കിയ ഏക്കര്‍ കണക്കിന് സ്വത്തുകള്‍ നഷ്ടപ്പെട്ടതായാണ് കണ്ടെത്താനായത്. ചെറായി ബീച്ചിലെ വഖ്ഫ് സ്ഥലത്തൊക്കെ ഇപ്പോള്‍ റിസോർട്ടുകളാണ്. അതൊക്കെ ഇനി വഖ്ഫിന് തിരികെ കിട്ടല്‍ പ്രയാസമാണ്.

അന്വേഷണ കമ്മീഷനായിരിക്കെ വഖ്ഫ് സ്വത്തുകളുടെ വലിയ ദുരുപയോഗം തന്നെ കണ്ടെത്തിയിട്ടുണ്ടല്ലോ? ഇതില്‍ പ്രധാനമായും എടുത്തു പറയേണ്ടവ?
മമ്പുറം പള്ളിയെന്ന് പ്രസിദ്ധമായ പള്ളിയിലെ വഖ്ഫ് സംബന്ധിച്ച് കൃത്യമായ പഠനം നടത്തിയിരുന്നു. പള്ളി സ്വകാര്യ സ്വത്തായി മാറിയതെങ്ങനെയെന്ന് കണ്ടെത്തുകയും വിവരങ്ങള്‍ വഖ്ഫ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. മുക്കം യതീംഖാനയോട് ചേര്‍ന്നുള്ള 118 ഏക്കര്‍ റബര്‍ എസ്റ്റേറ്റ് വെച്ചുമാറിയിരുന്നു. പാലക്കാട് മണ്ണാര്‍ക്കാടുള്ള ഡോ. മോഹനകുമാറിനാണ് കൈമാറിയത്. 6084-2003 എന്ന നമ്പറില്‍ മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു കൈമാറ്റം. ഡോ. മോഹനകുമാറിന്റെ കൈവശമുള്ള ഷോപ്പിംഗ് കോംപ്ലക്സാണ് റബര്‍ എസ്റ്റേറ്റിന് പകരമായി മുക്കം യതീംഖാനക്ക് നല്‍കിയത്. കല്ലുകൊണ്ട് മതില്‍കെട്ടി തിരിച്ച വലിയ എസ്റ്റേറ്റ് എന്തിനാണ് കൈമാറ്റം നടത്തിയതെന്ന് ഇന്നും അജ്ഞാതം. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയിലെല്ലാം വ്യക്തമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പള്ളികള്‍, മതസ്ഥാപനങ്ങള്‍ പോലോത്ത മതപരമായ കാര്യങ്ങള്‍ക്കുള്ള വഖ്ഫുകളെക്കാള്‍ അന്യാധീനപ്പെട്ടു പോകുന്നത് വ്യക്തികള്‍ക്കോ സമൂഹത്തിനോ ചെയ്യുന്ന വഖ്ഫുകളാണ്.

എന്തുകൊണ്ടാണ് കമ്മീഷന്‍ ശിപാര്‍ശകള്‍ക്ക് കൃത്യമായ നടപടികള്‍ ഇല്ലാതെ പോയത്?
വഖ്ഫ് ബോര്‍ഡ് സി ഇ ഒ തന്റെ ചുമതലയില്‍ ഭംഗം വരുത്തിയിട്ടുണ്ടെങ്കില്‍ വിശദീകരണം ചോദിക്കുക, സാമ്പത്തിക നഷ്ടം വരുത്തിയിട്ടുള്ളത് അന്വേഷിക്കുക, വിജിലന്‍സ് വിഭാഗത്തിലെ ഡി ജി പിക്ക് കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക, ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും പോലെ വഖ്ഫിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപമുണ്ടായാല്‍ നടപടിയെടുക്കുക, താലൂക്ക് തലത്തില്‍ എന്‍ ജി ഒ മാതൃകയില്‍ ജനകീയ കമ്മറ്റി രൂപീകരിക്കുക, ഒരു നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തുക, ഓഡിറ്ററെ നിയമിക്കുക, തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റംവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വെച്ചിരുന്നു.
അന്ന് ചുമതലയുണ്ടായിരുന്ന മന്ത്രി പാലൊളി മുഹമ്മദ് കുട്ടി വഖ്ഫ് വിഷയത്തില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ഇത് വിശദമായി പഠിക്കുകയും വിഷയങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ വഖ്ഫ് വകുപ്പ് മന്ത്രിയായിരുന്ന കെ ടി ജലീല്‍ ഇതില്‍ കാര്യമായൊന്നും ചെയ്തില്ല. അദ്ദേഹത്തെ നേരിട്ടുപോയി കണ്ടുസംസാരിച്ചെങ്കിലും പ്രത്യേകിച്ചൊന്നും നടന്നില്ല.
സ്വത്തുകള്‍ തിരിച്ചു പിടിക്കുന്നതിനും മറ്റും വഖ്ഫ് ബോര്‍ഡിന് കൃത്യമായ അധികാരമുണ്ട്. പക്ഷേ, കാലാകാലങ്ങളായി എത്തുന്ന വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍ക്കൊന്നും ഇതില്‍ താല്‍പര്യമില്ല. അംഗങ്ങളുടെ തന്നെ പേരിലും ബന്ധുക്കളുടെ പേരിലുമെല്ലാം വഖ്ഫ് സ്വത്തുകളുണ്ട്. ഈ സാഹചര്യത്തില്‍ ആരാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുക? ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാന്‍ ആളുകളുണ്ടായാലേ കേസ് മുന്നോട്ടു പോകൂ. കൃത്യമായ പിന്‍തുടര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമേ വഖ്ഫ് സ്വത്തുകള്‍ കണ്ടെത്താനാവൂ.
ഒരു മുസ്‌ലിം അല്ലെങ്കില്‍ കുറെയധികം മുസ്‌ലിംകള്‍ മുസ്‌ലിം ധര്‍മപ്രകാരം നടത്തുന്ന സ്ഥാപനങ്ങളും വഖ്ഫ് തന്നെയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള ട്രസ്റ്റുകളും വഖ്ഫ് നിയമങ്ങള്‍ക്കു വിധേയമാണ്.

വഖ്ഫ് സ്വത്ത് തിരിച്ചുപിടിക്കാനായി എന്താണ് സംസ്ഥാന സര്‍ക്കാരിനും ബോര്‍ഡിനും ചെയ്യാനാകുക?
സംസ്ഥാനത്തെ ഇത്തരം സ്വത്തുകള്‍ കണ്ടെത്താന്‍ നടപടിയെടുക്കേണ്ടത് സര്‍വേ കമ്മീഷനാണ്. അതിനു മാത്രമായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയാലേ വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കാനാവൂ. നിലവില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹനീഷിനെ കമ്മീഷനായി നിയമിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിലവില്‍ ഏഴു ജില്ലകളിലെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പറയുന്നു. ഓരോ താലൂക്കുകള്‍ തോറും റവന്യൂരേഖകളില്‍ പരിശോധന നടത്തി വഖ്ഫ് സ്വത്ത് കണ്ടെത്താവുന്നതാണ്. അതിന് ചുമതലപ്പെടുത്തുന്ന പ്രത്യേക ഉദ്യോഗസ്ഥര്‍ തന്നെ വേണം. കൃത്യമായി രേഖകളില്ലാത്ത ഭൂമിയാണ് വഖ്ഫില്‍ ഏറെയും. അതുകൊണ്ട് തന്നെ അവ കണ്ടെത്തുക പ്രയാസമാണ്. പൂര്‍വികര്‍ വഖ്ഫ് ചെയ്യുകയും പിന്‍തലമുറക്കാര്‍ പിന്നീട് സ്വന്തമാക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. വഖ്ഫ് ഭൂമിയില്‍ താമസിച്ചിരുന്നവര്‍ക്ക് പലര്‍ക്കും ഭൂപരിഷ്‌കരണ നിയമത്തോടെ കുടികിടപ്പവകാശം ലഭിച്ചു. വഖ്ഫ് സ്വത്തേത്, വ്യക്തികളുടേത് ഏത് എന്നു തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞുമറിഞ്ഞാണ് നിലവിലുള്ള അവസ്ഥ.

അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കുക എന്ന ആവശ്യം ആരും ശക്തമായി ഉന്നയിക്കാത്തതെന്തുകൊണ്ടാണെന്ന് ചിന്തിക്കണം. വഖ്ഫ് സ്വത്ത് വില്‍ക്കാന്‍ കേരള വഖ്ഫ് ചട്ടങ്ങളിലെ 94, 95 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പത്ര പരസ്യവും ഗസറ്റ് വിജ്ഞാപനവും അടക്കമുള്ള നടപടിക്രമങ്ങള്‍ വേണം. ആദ്യം ബന്ധപ്പെട്ട മഹല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മഹല്ലില്‍ ഇത് ചര്‍ച്ചചെയ്ത് എതിര്‍പ്പില്ലെങ്കില്‍ ആ അപേക്ഷ സംസ്ഥാന വഖ്ഫ് ബോര്‍ഡിലേക്ക് അയയ്ക്കും. ബോര്‍ഡ് ഈ വസ്തു പൊതുലേലത്തില്‍ വെയ്ക്കും. വഖ്ഫ് സ്വത്തുകള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. എന്തെങ്കിലും കാരണത്താല്‍ വഖ്ഫ് സ്വത്തുകള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ സ്വത്തുകൾ വാങ്ങി സംരക്ഷിക്കണം.
വഖ്ഫ് സ്വത്തുകളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. അതില്‍ എന്തെങ്കിലും അഴിമതി കണ്ടാല്‍ നടപടിക്ക് ശിപാര്‍ശ ചെയ്യാന്‍ വഖ്ഫ് ബോര്‍ഡിന് അധികാരമുണ്ട്. ഇതൊക്കെ കൃത്യമായി നടന്നാല്‍ ഒരു പരിധിവരെ വഖ്ഫ് സ്വത്തുകള്‍ പരിപാലിക്കപെടും. താലൂക്ക് തലത്തില്‍ വഖ്ഫ് പ്രൊട്ടക്ഷന്‍ കൗണ്‍സിലുകള്‍ സ്ഥാപിച്ചാലും കുറെയൊക്കെ സംരക്ഷിക്കാനാവും.

എം എ നിസാര്‍/ ഫിദ ഫാത്വിമ

You must be logged in to post a comment Login