വിജിലന്റല്ലാത്ത ഇടപാടുകൾ

വിജിലന്റല്ലാത്ത  ഇടപാടുകൾ

കേരള സംസ്ഥാന വഖ്ഫ് ബോർഡിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിരവധി പരാതികളാണ് നിലവിലുള്ളത്. ബോര്‍ഡിലെ നിയമനം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങി സി ഇ ഒയുടെ നിയമനത്തില്‍ വരെ പരാതികള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പല ഗ്രാന്റുകളും വഖ്ഫ് ബോര്‍ഡിനുണ്ട്. ഇവ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലെ അപാകം സംബന്ധിച്ചും പരാതികളുണ്ട്. ഗ്രാന്റായി ലഭിച്ച തുക, പൊതുമേഖലാ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് സ്വകാര്യബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതിനെക്കുറിച്ചു വരെ. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നത് സംബന്ധിച്ച പരാതികളില്‍ വേണ്ടവിധം ബോര്‍ഡ് ഇടപെടുന്നില്ലെന്നതിനു പുറമെയാണ് ഇത്തരം ആക്ഷേപങ്ങള്‍. പലവിധ ശ്രമങ്ങളുണ്ടായെങ്കിലും തുടര്‍നടപടികള്‍ കാര്യക്ഷമമായുണ്ടായില്ലെന്നത് പറയാതിരിക്കാനാവില്ല. ആരോപണങ്ങളൊക്കെ ഗൗരവമുള്ളതാണെങ്കിലും വകുപ്പുതല അന്വേഷണം മതിയെന്നാണ് വഖ്ഫ് സംരക്ഷണ വേദി പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയില്‍ വിജിലന്‍സെടുത്ത നിലപാട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായെടുത്ത തീരുമാനങ്ങളാണ് പരാതിക്ക് ആധാരമെന്നും അതിന്മേല്‍ അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം, അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നുമാണ് വിജിലന്‍സ് പറഞ്ഞത്. മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോ ഇല്ലയോ എന്നതില്‍ തര്‍ക്കം ഹൈക്കോടതിയുടെ മുന്നിലിരിക്കുകയാണ്. എങ്കിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. 2019 ഏപ്രിലില്‍ പുറപ്പെടുവിച്ച വിധിയിലെ ചില പ്രസക്തമായ ഭാഗങ്ങളിലൂടെ.

പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് ഡി വൈ എസ് പി ത്വരിത പരിശോധന നടത്തണമെന്ന് 2016ല്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ത്വരിതപരിശോധ നടത്തിയ ശേഷം ഡി വൈ എസ് പി വിജിലന്‍സ് കോടതിമുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ വകുപ്പുതല നടപടിയാണ് ഡിവൈ എസ് പി ശിപാര്‍ശ ചെയ്തത്. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും ചെയര്‍മാനെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഡി വൈ എസ് പി തള്ളിക്കളയുകയും ചെയ്തു. ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ്, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നതായിരുന്നു പരാതിക്കാരുടെ അഭിഭാഷകന്റെ ആവശ്യം. ത്വരിത പരിശോധനാ റിപ്പോര്‍ട്ടും പരാതിക്കാരുടെ അഭിഭാഷകന്റെ ആവശ്യവും കോടതി പരിഗണിച്ചു. തുടര്‍ന്ന് കോടതി ഇവ്വിധം അഭിപ്രായപ്പെടുന്നു.
“പരാതിക്കാരന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളില്‍ കഴമ്പുണ്ട്. വഖ്ഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന ആരോപണമൊഴികെ മറ്റ് ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ആ ആരോപണങ്ങളൊക്കെ നിലനില്‍ക്കുന്നതും കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതുമാണ്.’ സി ഇ ഒ, വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസ് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ മാത്രമാണ് അതിന്മേല്‍ തുടര്‍ നടപടികള്‍ നിര്‍ദേശിക്കാന്‍ മൂവാറ്റുപുഴ കോടതിക്ക് സാധിക്കാത്തത്.

താല്‍ക്കാലിക ജീവനക്കാരായ നാലു പേരെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമിക്കാനെടുത്ത തീരുമാനം ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്, ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് സി ഇ ഒ അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കൊക്കെ അറിവുള്ളതാണ്. അതുകൊണ്ടുതന്നെ ഈ നാലു പേരുടെ നിയമനം സംബന്ധിച്ച് പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതും അന്വേഷിക്കപ്പെടേണ്ടതുമാണ്. അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പനുസരിച്ച്, ഈ നിയമനം കുറ്റകരവുമാണ്.
വഖ്ഫ് സ്വത്തുകളുടെ ദുരുപയോഗമോ അന്യാധീനപ്പെടലോ സംബന്ധിച്ച പരാതികളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടും ഗൗരവമുള്ളതാണ്. വഖ്ഫ് സ്വത്തുകള്‍ സംസ്ഥാനത്താകെ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് ത്വരിതപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വഖ്ഫ് ചെയ്ത സ്വത്തുകളെക്കുറിച്ചുള്ള വ്യക്തമായ വിവരം ബോര്‍ഡിനില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. വഖ്ഫ് ചെയ്ത സ്വത്തുകളെ സംബന്ധിച്ച് വ്യക്തമായ രേഖകള്‍ കൈവശമില്ലെന്ന് ബോര്‍ഡിന് എങ്ങനെ പറയാനാകും? ബോര്‍ഡ് അങ്ങനെ അറിയിച്ചുവെന്നത് തന്നെ ഞെട്ടിക്കുന്നു. ഇക്കാര്യത്തില്‍ നിശ്ചയമായും അന്വേഷണം നടക്കണം.

ഓരോ മഹല്ലിലെയും വഖ്ഫ് സ്വത്തുകളെക്കുറിച്ച് അന്വേഷിക്കാതെ, സ്വത്തുകള്‍ അന്യാധീനപ്പെട്ടതില്‍ വഖ്ഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് മനസിലാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്. ഓരോ മഹല്ലിലെയും വിവരങ്ങള്‍ അന്വേഷിക്കുക എന്നത് പ്രയാസം തന്നെയാണ്. എന്നാല്‍ ഈ കോടതിയുടെ അധികാരപരിധിക്കുള്ളില്‍ വരുന്ന എറണാകുളം, ഇടുക്കി ജില്ലകളിലെ വഖ്ഫ് സ്വത്തുകളെക്കുറിച്ച് പോലും വിജിലന്‍സ് ഡിവൈ എസ് പി അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇതുപോലും അന്വേഷിക്കാതെ, വകുപ്പുതല അന്വേഷണം മാത്രം മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് അംഗീകരിക്കാനാകില്ല.

സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി ലഭിച്ച പണം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് കൊടക് മഹീന്ദ്ര എന്ന സ്വകാര്യ ബാങ്കിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. വഖ്ഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്കും വഖ്ഫിന്റെ ലക്ഷ്യങ്ങള്‍ക്കും എതിരാണ് ഈ തീരുമാനമെന്ന് പറയേണ്ടതില്ല. ഉയര്‍ന്ന പലിശ ലഭിക്കുമെന്നതുകൊണ്ടാണ് സ്വകാര്യ ബാങ്കിലേക്ക് മാറ്റിയതെന്ന വാദം മുഖവിലക്കെടുക്കാനാകില്ല. മുസ്‌ലിം വ്യക്തിനിയമപ്രകാരം പലിശ സ്വീകരിക്കുന്നത് തന്നെ നിഷിദ്ധമായിരിക്കെ, ഉയര്‍ന്ന പലിശ ലക്ഷ്യമിട്ട് വഖ്ഫ് ബോര്‍ഡ് നിക്ഷേപം മാറ്റുന്നത് എങ്ങനെയാണെന്ന് വിധിന്യായത്തില്‍ ചോദിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കില്‍ നിന്ന് സ്വകാര്യബാങ്കിലേക്ക് നിക്ഷേപം മാറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്.

താല്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിലും പ്രത്യക്ഷത്തില്‍ തന്നെ ചട്ട ലംഘനമുണ്ട്. വഖ്ഫ് നിയമത്തിലെ ചട്ടമനുസരിച്ച് താല്കാലിക ജീവനക്കാരുടെ കാലപരിധി 180 ദിവസത്തിലധികമാകരുത്. പിന്നെ എങ്ങനെയാണ് ഏഴ് വര്‍ഷത്തിലധികം സര്‍വീസുള്ള താല്കാലിക ജീവനക്കാരുണ്ടാകുക? അതുകൊണ്ട് തന്നെ താത്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് പരാതിക്കാരുയര്‍ത്തുന്ന ആരോപണത്തില്‍ കഴമ്പുണ്ട്.

പരാതിക്കാരുന്നയിച്ചിരിക്കുന്ന ആരോപണങ്ങളിലെല്ലാം തുടരന്വേഷണം നടക്കൽ അനിവാര്യമാണെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. വകുപ്പുതല നടപടികളെടുത്ത് അവസാനിപ്പിക്കാമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശ ഒരു തരത്തിലും സ്വീകാര്യമല്ല. എന്നാല്‍ ഇത്തരം തീരുമാനങ്ങളൊക്കെ സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍, തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി എടുത്തതാണ് എന്നത് പരിഗണിക്കുന്നു. അത്തരം തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്, നിയമപ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചത് രേഖപ്പെടുത്തിക്കൊണ്ട്, ഈ ഹരജിയിലുള്ള നടപടികള്‍ തീര്‍പ്പാക്കുന്നുവെന്നാണ് കോടതി അവസാനം പറയുന്നത്.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അഴിമതിനിരോധന നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ചാണ്, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാതിയുണ്ടായാല്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്തത്. ഇതിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടാതിരുന്നത്. അതേസമയം പരാതിയിലുന്നയിച്ച എല്ലാ സംഗതികളും ഗൗരവമുള്ളതും അന്വേഷണം ആവശ്യപ്പെടുന്നതുമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കുന്നു.
താല്കാലിക ജീവനക്കാരുടെ നിയമനം, ഇവ്വിധം നിയമിച്ചവരുടെ സ്ഥിരപ്പെടുത്തല്‍, സംസ്ഥാനത്തെ വിവിധ മഹല്ലുകളുടെ കീഴിലുള്ള വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടത് എന്നിവയൊക്കെ ഗൗരവമുള്ളതും അന്വേഷിക്കപ്പെടേണ്ടതുമാണെന്നാണ് കോടതി പറയുന്നത്. വഖ്ഫ് സ്വത്തുക്കളുടെ കണക്ക് കൈവശമില്ലെന്ന് ബോര്‍ഡ് അറിയിച്ചത് ഞെട്ടിക്കുന്നുവെന്ന് കോടതി പറയുമ്പോള്‍ ദശകങ്ങളായി ബോര്‍ഡ് എന്ത് ഉത്തരവാദിത്തമാണ് നിറവേറ്റിയത് എന്നാണ് പരോക്ഷമായി ചോദിക്കുന്നത്.

ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടുവെന്നാണ് പരാതിയിലെ ആരോപണം. സ്വത്തുകളുടെ കൃത്യമായ കണക്ക് കൈവശമില്ലെന്ന്, ഉത്തരവാദിത്വമുള്ള ബോര്‍ഡ് തന്നെ പറയുന്നു. സ്വത്തുകള്‍ അന്യാധീനപ്പെടുകയോ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ത്വരിത പരിശോധനയില്‍ വ്യക്തമായെന്ന് വിജിലന്‍സ് ഡി വൈ എസ് പി ബോധിപ്പിക്കുന്നു. വഖ്ഫ് ചെയ്ത സ്വത്തുകളുടെ കണക്കെടുക്കാനോ അത് നിര്‍ദിഷ്ട ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനോ ബോര്‍ഡ് ശ്രമിച്ചിട്ടില്ലെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. കേന്ദ്ര – സംസ്ഥാന നിയമങ്ങളാല്‍ എന്തിനാണോ വഖ്ഫ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്, അത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിധി വന്ന 2019 ഏപ്രില്‍ 11 വരെ ബോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് അർഥം. അതേസമയം ചട്ടങ്ങള്‍ ലംഘിച്ച് താല്കാലിക നിയമനം നടത്താനും ഹൈക്കോടതി വിധി ലംഘിച്ച് നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനും ബോര്‍ഡ് മടിച്ചിട്ടില്ലെന്നും ഈ ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഇരുപത് വര്‍ഷമായി സി ഇ ഒയായി തുടരുകയും ഇപ്പോള്‍ സര്‍വീസ് കാലാവധി അറുപത് വയസ്സു വരെയുണ്ടെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്ത വ്യക്തിയുടെ നിയമനത്തിന്റെ കാര്യത്തിലും ഇതേ രീതിയാണ് അവലംബിക്കപ്പെട്ടത്. 1995ല്‍ സംസ്ഥാനം കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡില്‍ സി ഇ ഒ എന്ന പദവിയുണ്ടായത്. സര്‍ക്കാര്‍ സര്‍വീസില്‍ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ സി ഇ ഒയായി നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ച കാലം മുതല്‍ അവിടുത്തെ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്ന, മുസ്‌ലിം ലീഗെന്ന പാര്‍ട്ടി സി ഇ ഒ പദവിയിലേക്ക് കണ്ടെത്തിയ വ്യക്തിയാണ് ഇപ്പോഴും തുടരുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഡെപ്യൂട്ടി സെക്രട്ടറി പദവിയുള്ളയാളെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന ആരോപണമുണ്ടായതിനെത്തുടര്‍ന്ന്, ലീഗ് കൂടി പങ്കാളിയായ യു ഡി എഫ് ഭരണകാലത്ത് സി ഇ ഒയ്ക്ക് ഡെപ്യൂട്ടി സെക്രട്ടറി പദവി അനുവദിച്ച്, നിയമനം ക്രമവത്കരിക്കുകയായിരുന്നു. ഇതടക്കമുള്ള നിയമനങ്ങളിലൂടെ വഖ്ഫ് ബോര്‍ഡില്‍ സ്വാധീനം നിലനിര്‍ത്തുകയാണ് മുസ്‌ലിം ലീഗ് ചെയ്തത് എന്ന ആക്ഷേപമുണ്ട്. ആ സ്വാധീനം നിലനിര്‍ത്താന്‍ പാകത്തില്‍ മഹല്ല് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവയില്‍ ഇടപെടുകയും അതേക്കുറിച്ചും വിജിലന്‍സ് കോടതിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ വ്യക്തമായ സൂചനകളുണ്ടായിരുന്നു.

രാജീവ് ശങ്കരൻ

You must be logged in to post a comment Login