വിവാദം മുസ്‌ലിം ലീഗിനെ തിരിഞ്ഞുകൊത്തുമ്പോൾ

വിവാദം മുസ്‌ലിം ലീഗിനെ  തിരിഞ്ഞുകൊത്തുമ്പോൾ

വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. വഖ്ഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാമതും വഖ്ഫ് പ്രശ്‌നം ഉയര്‍ന്നുവരുന്നത്. മുമ്പ് വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം എന്നത് പ്രാദേശിക വിഷയങ്ങളായിരുന്നു. പല പ്രദേശങ്ങളിലും കോടതിയില്‍ കേസുകളുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കോഴിക്കോട്, കാസറഗോഡ്, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലൊക്കെയും വഖ്ഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പക്ഷേ, അതൊക്കെയും പ്രാദേശികമായ പ്രശ്‌നങ്ങള്‍ മാത്രമായിട്ടായിരുന്നു അന്ന് നിലനിന്നിരുന്നത്. എന്നാല്‍ വഖ്ഫ് ഭൂമി, വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം എന്നത് കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന വിഷയമായി മാറിയത് വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ്. ആ പശ്ചാത്തലമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നാണ് ഞാന്‍ കരുതുന്നത്. വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നത് സർക്കാരിന്റെ തെറ്റായ നടപടി എന്നതില്‍ കവിഞ്ഞ്, ഇതൊരു വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്‌നമായിട്ട് ചില മുസ്‌ലിം സംഘടനകള്‍, പ്രത്യേകിച്ച് മുസ്‌ലിം ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അതായത് സർക്കാരിന്റേത് ബോധപൂർവമായ നടപടിയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുമ്പോഴാണ് വഖ്ഫ് സംരക്ഷണം എന്താണ് എന്നുള്ളത് ഈ രീതിയില്‍ ചര്‍ച്ചയാകുന്നത്. ഇതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, വഖ്ഫ് എങ്ങനെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നത്. പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയ ആരോപണം, വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകഴിഞ്ഞാല്‍ അതില്‍ അവിശ്വാസികളായ ആളുകള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്നും അവര്‍ക്ക് വഖ്ഫ് സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധയൊന്നുമുണ്ടാകില്ലെന്നും അതൊരു ഗൗരവ പ്രശ്‌നമാണെന്നും ചില സംഘടനകള്‍ ഉന്നയിച്ചിരുന്നു. അപ്പോഴാണ് കെ ടി ജലീലിനെ പോലുള്ളവര്‍ മറ്റൊരു പ്രശ്‌നം ഉന്നയിച്ചത്. അങ്ങനെയാണെങ്കില്‍ വഖ്ഫ് സ്വത്തുകളില്‍ നല്ലൊരു ഭാഗം ജാറങ്ങളുമായും മഖ്ബറകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജാറങ്ങള്‍, മഖ്ബറകള്‍ ഉൾകൊള്ളുന്ന ഈ വഖ്ഫ് ഭൂമി, അതില്‍ വിശ്വാസമില്ലാത്ത സലഫികള്‍ അഥവാ മുജാഹിദുകള്‍ എങ്ങനെയാണ് സംരക്ഷിക്കുകയെന്നൊരു ചോദ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇത് വളരെ വാലിഡായിട്ടുള്ള ഒരു ചോദ്യമാണെന്ന് തോന്നുന്നു. അവിശ്വാസികളായിട്ടുള്ള ആളുകള്‍ വഖ്ഫ് ബോര്‍ഡില്‍ വന്നാല്‍ എങ്ങനെയാണ് വഖ്ഫ് സ്വത്തുകള്‍ സംരക്ഷിക്കുക എന്നു ചോദ്യമുണ്ടല്ലോ, അതിന്റെ മറുപുറമായിട്ടാണ് വഖ്ഫ് സ്വത്തുകളില്‍ പ്രധാനപ്പെട്ട മഖ്ബറകളിലും ജാറങ്ങളിലും വിശ്വാസമില്ലാത്ത, അത് തകര്‍ക്കണമെന്ന് പറയുന്ന, അത് ശിര്‍ക്കിന്റെ കേന്ദ്രങ്ങളാണെന്ന് പറയുന്ന സലഫികള്‍ എങ്ങനെയാണ് അത് സംരക്ഷിക്കുകയെന്നത് ഒരു വലിയ പ്രശ്‌നമായിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതിന് വ്യക്തമായിട്ടുള്ള ഒരുത്തരം ഇതുവരെ കിട്ടിയിട്ടില്ല. വഖ്ഫ് ബോര്‍ഡാണ് വഖ്ഫ് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം നല്‍കുന്നത്. വഖ്ഫിന്റെ വരുമാനത്തില്‍ നിന്നാണ് ഉദ്യോസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് എന്നാണര്‍ഥം. വഖ്ഫ് ബോര്‍ഡിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും വരുന്നത് ജാറങ്ങളില്‍ നിന്നാണ്. ജാറങ്ങളില്‍ നടക്കുന്നത് ശുദ്ധമായ ശിര്‍ക്കാണെന്നും ആ പണം ഹറാമാണെന്നും വിശ്വസിക്കുന്ന ആളുകള്‍ എങ്ങനെയാണ് ആ പണത്തില്‍ നിന്ന് ശമ്പളം പറ്റുക, എങ്ങനെയാണ് സലഫികള്‍ വഖ്ഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരായിട്ട് വരിക എന്നുള്ളത് വലിയൊരു പ്രശ്‌നമാണ്. വഖ്ഫ് സംരക്ഷണം എന്നുള്ളതില്‍ അധികം ചര്‍ച്ച ചെയ്യാത്ത മേഖല ഇതാണ്. ഇങ്ങനെ വഖ്ഫ് സ്വത്തുകളില്‍ വിശ്വാസമില്ലാത്ത സലഫികള്‍ വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായോ ഉദ്യോഗസ്ഥരായോ വരുന്നത് അവിശ്വാസികള്‍ വരുന്നതുപോലെത്തന്നെ തടയേണ്ടതല്ലേ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.
രണ്ടാമത്തെ കാര്യം, അന്യാധീനപ്പെട്ട സ്വത്തുകള്‍ തിരിച്ചുപിടിക്കുക എന്നുള്ളതാണ്. ഗവണ്‍മെന്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്, അന്യാധീനപ്പെട്ട സ്വത്തുകള്‍ തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ മുൻഗണനാ ഏരിയയാണെന്നുള്ളതാണ്. ഒരു ചര്‍ച്ച നടക്കുന്നത്, പല വഖ്ഫ് സ്വത്തുകളും വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന് ഭിന്നമായിട്ടുള്ള പലകാര്യങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നുള്ളതാണ്. അത് മതപരമായി വളരെ ഗുരുതരമായ തെറ്റാണ്. വാസ്തവത്തില്‍ എന്തിനു വേണ്ടിയായിരുന്നു സ്വത്തുകള്‍ വഖ്ഫു ചെയ്യപ്പെട്ടത്, അതല്ലാത്ത ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ആ അന്വേഷണത്തിലാണ് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുള്ളത്. അതിലൊന്ന് ഇപ്പോള്‍ സലഫികളുടെ കൈവശമുള്ള പല വഖ്ഫ് സ്വത്തുകളും യഥാര്‍ത്ഥത്തില്‍ സുന്നികളുടേതായിരുന്നു എന്നും വഖ്ഫ് ചെയ്യപ്പെട്ട ഉദ്ദേശ്യത്തിന് കടകവിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ അത് ഉപയോഗിക്കപ്പെടുന്നത് എന്നുമുള്ളതാണ്. ഈ പ്രശ്‌നം രണ്ടു വിഭാഗം സുന്നിയിലുമുള്ള ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണം പറഞ്ഞാല്‍, കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി ഇപ്പോള്‍ മുജാഹിദുകളുടെ കൈയിലാണ്. മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരാണ് അവിടെ ഖുതുബ നിര്‍വഹിക്കുന്നത്. ആ പള്ളി സത്യത്തിൽ മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പേരിലുള്ള പള്ളിയാണ്. ആ പേര് തന്നെ സൂചിപ്പിക്കുന്നത് അതൊരിക്കലും മുജാഹിദ് പള്ളിയാകാന്‍ സാധ്യതയില്ലെന്നാണ്. എങ്ങനെയാണ് ആ പള്ളി സലഫികളുടെ കൈയിലെത്തിയിട്ടുള്ളത്? എങ്ങനെയാണ് ശാദുലിപ്പള്ളി സലഫികളുടെ അധീനതയിലെത്തിയത്? ഇതിന് സലഫികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചത് ആരിൽനിന്ന് എന്നുള്ളതും ചര്‍ച്ചാവിഷയമാണ്. അപ്പോള്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിക്കൊണ്ടുവരുന്ന വഖ്ഫ് സംരക്ഷണമെന്നുള്ളത്, വഖ്ഫ് ബോര്‍ഡില്‍ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട ചെറിയൊരു പ്രശ്‌നം വഖ്ഫ് സംരക്ഷണ റാലി നടത്തി വിശ്വാസ സംരക്ഷണമെന്ന വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം ലീഗിന് ഇപ്പോള്‍ നേരിടേണ്ടിവരുന്നത് രണ്ടു ചോദ്യങ്ങളാണ്. ഒന്ന്, എങ്ങനെയാണ് മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ കൈകാര്യം ചെയ്തിരുന്ന വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടത്? അതിന് ഉത്തരം പറയണം. രണ്ട്, എന്തിനാണ് സലഫികള്‍ക്ക് സുന്നികളുടെ വഖ്ഫ് സ്വത്ത് കൈയേറാനുള്ള രാഷ്ട്രീയ സംരക്ഷണം കൊടുത്തത്? എല്‍ ഡി എഫ് ഗവണ്‍മെന്റിനെ അടിക്കാനുള്ള വടി എന്ന രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വഖ്ഫ് സംരക്ഷണം ഇപ്പോള്‍ ലീഗിന് എതിരെത്തന്നെ തിരിഞ്ഞിരിക്കയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടന ഇപ്പോള്‍ ഈ സമരരംഗത്തില്ല. മുസ്‌ലിം ലീഗ് ഇപ്പോള്‍ നടത്തുന്ന സമരത്തിന് സമസ്ത ഇല്ല എന്ന് തിരിച്ചറിയുമ്പോഴാണ് മുസ്‌ലിം ലീഗ് അകപ്പെട്ട വലിയൊരു പ്രതിസന്ധി നമുക്ക് മനസിലാകുന്നത്. അതുകൊണ്ട് വഖ്ഫ് പി എസ് സിക്ക് വിട്ട പ്രശ്‌നവും വഖ്ഫ് സംരക്ഷണവും നമുക്ക് വേര്‍തിരിച്ച് കാണാന്‍ പറ്റില്ല. ഒന്നിന്റെ തുടര്‍ച്ചയായിട്ടാണ് മറ്റേത് വരുന്നത്. വഖ്ഫ് സംരക്ഷണം എന്ന പ്രശ്‌നം എങ്ങനെയാണ് ലീഗിനെതിരെ തിരിയുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം കോഴിക്കോട് കേശവമേനോൻ ഹാളിൽ നടന്ന വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി പങ്കെടുക്കുകയും സർക്കാരിന്റെ വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. ഇടതുപക്ഷത്തെ മുട്ടുകുത്തിക്കാനുള്ള ഒരു ശ്രമമാണ് ലീഗ് നടത്തിയതെങ്കിലും ആ ശ്രമം ലീഗിനെതിരെ തിരിച്ചടിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

(ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ അസി. എഡിറ്ററാണ് ലേഖകൻ).

You must be logged in to post a comment Login