നവോത്ഥാനത്തിന് ഇതിലപ്പുറമെന്താണ് മനുഷ്യർക്കുവേണ്ടി ചെയ്യാനാവുക?

നവോത്ഥാനത്തിന്  ഇതിലപ്പുറമെന്താണ് മനുഷ്യർക്കുവേണ്ടി  ചെയ്യാനാവുക?

സുഹൃത്തുക്കളേ, സമകാലിക കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സമീപനങ്ങളെയും നമ്മുടെ ബഹുസ്വര രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ ഈ സമുദായം പുലര്‍ത്തിപ്പോരുന്ന ഇടപാടുകള്‍ സംബന്ധിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങള്‍ക്ക് അറിയുന്നതുപോലെ മുസ്‌ലിം സമുദായം ആശയപരമായും സംഘടനാപരമായും പ്രാദേശികമായുമെല്ലാം വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. മതസമൂഹങ്ങളുമായും സാമുദായിക വ്യവഹാരങ്ങളുമായും ചേര്‍ന്നുനില്‍ക്കാത്ത മുസ്‌ലിംകളും നമുക്കുചുറ്റും യഥേഷ്ടം ഉണ്ടല്ലോ. നമ്മുടെ നാട്ടിലെ മുസ്‌ലിം സമുദായം പൊതുവേ നാടിന്റെ സാംസ്‌കാരികതയോടും ജനാധിപത്യ സങ്കല്പങ്ങളോടും ബഹുസ്വര ഇടങ്ങളോടും ഇടകലര്‍ന്നും ആസ്വദിച്ചും അനുഭവിച്ചും ജീവിതം നയിക്കുന്നവര്‍ തന്നെയാണ് എന്നതില്‍ നമുക്ക് അഭിപ്രായഭേദമുണ്ടാകാനുള്ള കാരണങ്ങള്‍ അധികമൊന്നുമില്ലല്ലോ? നമ്മുടെ രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളിലും വിദ്യാലയങ്ങളിലും പൊതുവാഹനങ്ങളിലുമെല്ലാം നാം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹാര്‍മണി അതുതന്നെയല്ലേ? ആണ്, ആണ് എന്നു തന്നെയാകും ഉത്തരം. പക്ഷേ, അതുണ്ട്. ഉടന്‍ ഒരു “പക്ഷേ’ പറയാന്‍ തോന്നുന്ന സാഹചര്യം ഉണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ’ ആ പക്ഷേയുടെ സാഹചര്യത്തെ നിരന്തരം വിമര്‍ശിച്ചും ചോദ്യം ചെയ്തും കലഹിച്ചും എതിരായി സമുദായത്തെ പ്രബോധനം ചെയ്തുവരുന്നത്? ഉണ്ട്. അങ്ങനെയുണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെയൊരു കേരളം ഉണ്ടായിവന്നതിനെപ്പറ്റി നമ്മള്‍ ശ്രദ്ധിക്കുക തന്നെവേണം. അതെന്താണെന്ന് ചോദ്യമുണ്ടെങ്കില്‍ അതു പറയാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.

കേരള മുസ്‌ലിം സാമൂഹികതയെപ്പറ്റിയുള്ള സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നവോത്ഥാനം – യാഥാസ്ഥിതികത്വം എന്നീ ദ്വന്ദങ്ങളിലൂടെയാണത് മുന്നോട്ടുപോയത്. പരമ്പരാഗത സുന്നിമുസ്‌ലിംകള്‍ യാഥാസ്ഥിതികരായും സലഫി – പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ പുരോഗമന, നവോത്ഥാനക്കാരായുമാണ് വിലയിരുത്തപ്പെട്ടത്. സമുദായത്തിനകത്തു നടന്ന സംവാദങ്ങള്‍ പുറത്തേക്ക് എക്സ്റ്റന്‍ഡ് ചെയ്യപ്പെട്ടപ്പോഴും ഇതേ പാറ്റേണില്‍ തന്നെ തുടര്‍ന്നു. മുസ്‌ലിംലീഗ് പോലെയുള്ള ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം പുരോഗമന മുസ്‌ലിം ആഖ്യാനങ്ങളിലും പ്രദര്‍ശനങ്ങളിലും ആശയാഭയം പൂണ്ടു. ചരിത്രത്തെ എഴുതിയവര്‍ക്കും വായിച്ചവര്‍ക്കും നല്ലപങ്ക് അങ്ങനെത്തന്നെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും മുസ്‌ലിം ഉമ്മത്തിനെ അടിസ്ഥാനപരമായി കേടുവരുത്തുന്ന സലഫിസത്തെക്കുറിച്ച് സമുദായത്തോട് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. കേരള മുസ്‌ലിംകള്‍ക്കുള്ളില്‍ ഇടവേളകളില്ലാതെ തുടര്‍ന്ന സംവാദങ്ങളാണത്. ഖണ്ഡന മണ്ഡന പ്രസംഗങ്ങളും എഴുത്തുകളും വാദപ്രതിവാദങ്ങളും മുഖാമുഖങ്ങളും ഉണ്ടായിക്കൊണ്ടേയിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നേര്‍ക്കുനേര്‍ അവയെ എതിരിട്ടു. ഇങ്ങനെ സലഫികളെ ബഹിഷ്‌കരിച്ചുകൊണ്ട് പാരമ്പര്യമുസ്‌ലിംകള്‍ സ്വീകരിച്ച നിലപാടുകള്‍ കനത്തതാണ്. പലപ്പോഴും പുരോഗമന നാട്യങ്ങളാലും പൊതുമുസ്‌ലിം മേല്‍വിലാസമണിഞ്ഞവരാലും പരിഹസിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്ത രൂപങ്ങളാണവ.

എന്നാല്‍, കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികചരിത്രത്തിന്റെ ഈയൊരു നൂറ്റാണ്ടിന്റെ ഒടുവില്‍, അഥവാ സമകാലിക സന്ദര്‍ഭത്തില്‍, നടേ പറഞ്ഞ നവോത്ഥാനവും യാഥാസ്ഥിതികത്വവും എവിടെയാണ് നില്‍പുറപ്പിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുന്നില്ലേ. ആ പരികല്പനകളെ തത്സമയ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ നരേറ്റീവുകള്‍ക്കെന്തോ മങ്ങലേറ്റതുപോലെ തോന്നുന്നുണ്ടോ? ഉണ്ട്. ഉണ്ടാകാതെ പിന്നെങ്ങനെ നമ്മുടെ സാമൂഹിക വിശകലനം മുന്നോട്ടുപോകും. പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് – സലഫി ഗ്രൂപ്പുകളുടെയും പരമ്പരാഗത സുന്നി സമൂഹത്തിന്റെയും വര്‍ത്തമാനകാലത്തെ വിശ്വാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നില്പ്, കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ പറഞ്ഞു പരത്താന്‍ ശ്രമിച്ച തനി യാഥാസ്ഥിതികവും പിന്തിരിപ്പനുമായ നിലപാടുകളെ പ്രതിക്കൂട്ടിലാക്കുകയാണ്. അതല്ലെങ്കില്‍ കേരളത്തിന്റെ സാമൂഹികമണ്ഡലത്തില്‍ സലഫി ഗ്രൂപ്പുകളും ജമാഅത്തെ ഇസ്‌ലാമി ഉള്‍പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും എങ്ങനെയാണ് വിമര്‍ശിക്കപ്പെടുക. ഈ വിഭാഗങ്ങളെ നവോത്ഥാനത്തിന്റെ പട്ടികയില്‍ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ച ഇടതു-വലതു പുരോഗമന ചരിത്രകാരന്മാരും സാമൂഹിക നിരീക്ഷകരും വര്‍ത്തമാനകാല സന്ദര്‍ഭങ്ങളെ വിലിയിരുത്താതെ പോകുക എങ്ങനെ?

വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ ചില മേല്‍വിലാസങ്ങളുടെ ലേബലൊട്ടിച്ചാണ് മുസ്‌ലിം പുരോഗമനപരത രൂപംപ്രാപിക്കുന്നതും വികസിക്കുന്നതും. പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തില്‍നിന്നുണ്ടാകുന്ന വെളുപ്പിന്റെ പുകകള്‍ എന്നു തെറ്റിദ്ധരിച്ച് കേരളത്തിലെ പൊതുമണ്ഡലം അവ സ്വാഗതം ചെയ്തു. സ്വാഭാവികമാണത്. കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ച കിടിലന്‍ പ്രിവിലേജായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിക്ക് ഇടതുപക്ഷത്തിന്റെ സുഹൃത്തുക്കളാകാനും സലഫികൾക്ക് മുസ്‌ലിംലീഗിന്റെ ആശയശാലയിലെ സൂത്രധാരകരാകാനും സാധിച്ചത് അങ്ങനെയാണ്. ചരിത്രവും പശ്ചാത്തലങ്ങളും അപഗ്രഥനങ്ങള്‍ക്കു വിധേയമാക്കാതെ മുസ്‌ലിംകള്‍ നവോത്ഥാനപ്പെടുന്നേ എന്നു വിളിച്ചുചൊല്ലി ഓടുകയായിരുന്നല്ലോ. അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത ചിലര്‍ ഇപ്പോഴുമുണ്ട്. സലഫിസവും പൊളിറ്റിക്കല്‍ ഇസ്‌ലാമിസവും നമ്മുടെ സാമൂഹികപരിസരത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമ്പോഴാണ്, അവര്‍ അവരുടെ രാഷ്ട്രീയം പറഞ്ഞുതുടങ്ങുകയും വിദ്വേഷം പ്രസംഗിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് തിരിച്ചറിവുകള്‍ക്ക് വെളിച്ചം വെക്കുന്നതെന്നു ചുരുക്കം.

നമ്മുടെ രാജ്യത്തെ സാമൂഹികഘടനയിലും മുന്നോട്ടുള്ള സഞ്ചാരങ്ങളിലും സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യാനന്തര കാലവും കാതലമായ മാറ്റം വരുത്തുന്നുണ്ടല്ലോ. ഈ കാലത്തെ സാമൂഹികമാറ്റങ്ങള്‍ പഠനവിധേയമാക്കിയാല്‍ എല്ലാ ജാതി, മത സമൂഹങ്ങളിലും വൈജ്ഞാനികവും സാംസ്‌കാരികവുമായ ഉണര്‍വുകളുണ്ടാകുന്നുണ്ടെന്നു കാണാം. നാടിന്റെ സംസ്‌കാരത്തോടു ചേര്‍ന്നും ഫ്യൂഡല്‍ സാമൂഹികാവസ്ഥകളുടെ ഫലമായും രൂപപ്പെട്ടതും നിലനിന്നതുമായ ഒരുപാട് കേടായ ശീലങ്ങളെ തിരുത്തിയാണ് ആധുനികസമൂഹം മുന്നോട്ടുവന്നത്. സംഘടിത പ്രസ്ഥാനങ്ങളും മൂവ്‌മെന്റുകളുമൊക്കെ ഉദയം ചെയ്യുന്നതും വേരുറക്കുന്നതും ഈ കാലഘട്ടത്തിലാണ്. മുസ്‌ലിം സമുദായവും ഈ കാലത്തോടൊപ്പം ചേരുകയാണ് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തെയാണ് സുന്നികള്‍ക്ക് സംഘടന രൂപീകരിക്കാനുള്ള മാതൃകവരെ കാണിച്ചു കൊടുത്തത് മുജാഹിദുകളാണ് എന്ന് സമീപകാലത്തും ഒരു മുസ്‌ലിംലീഗ് നേതാവ് ഒട്ടും ചരിത്രബോധമില്ലാതെ വിലയിരുത്തുന്നത്. ഒന്ന് സത്യമാണ്. പുതിയ ഇന്ത്യയിലെ സാമൂഹികമാറ്റത്തിനു സാക്ഷ്യംനിന്ന ആ സന്ദര്‍ഭത്തില്‍തന്നെ കേരളത്തിലേക്ക് സലഫിസം കൊണ്ടുവരികയും അത് മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കും വികാസത്തിനുംവേണ്ടി എന്ന കവറില്‍ അവതരിപ്പിക്കാനും ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ട്. ഈ ദിശയില്‍ കുറച്ചു മുന്നോട്ടുപോകാന്‍ സാധിച്ചതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന സലഫി സംഘടനകളും ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള പ്രസ്ഥാനങ്ങളും. സലഫിസം മുസ്‌ലിം ലീഗിനെ തങ്ങളുടെ രാഷ്ട്രീയ ആശയമായി കണ്ട് പ്രവര്‍ത്തിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും പില്‍കാലത്ത് സ്വയം രാഷ്ട്രീയ പാര്‍ട്ടികളായി മാറി.

ഇപ്പറഞ്ഞ പരിണാമങ്ങളും വികാസവും അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ മനസിലാക്കിയ കേരളത്തിലെ പരമ്പരാഗത സുന്നി ഉലമാക്കളെയും വിശ്വാസി സമൂഹത്തെയും ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ് തുടക്കത്തില്‍ ചോദിച്ചത്. അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ പുരോഗമന വിലാസത്തില്‍ വേരുറക്കാന്‍ ശ്രമിച്ച സലഫിസത്തിനെതിരായ ആശയപോരാട്ടത്തിലാണ്. കാലത്തിനൊപ്പമുള്ള സാമൂഹികപുരോഗതിയില്‍ അത്ര ശ്രദ്ധവെക്കാതെ തന്നെയാണ് നാട്ടിലെ ബഹുസ്വരതയോടു ചേര്‍ന്നുള്ള സാംസ്‌കാരിക പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കാന്‍ പരമ്പരാഗത മുസ്‌ലിംവിഭാഗം അഥവാ സുന്നികള്‍ ശ്രമിച്ചത്. നാടുനീളെ മദ്‌റസകളും പള്ളി ദര്‍സുകളുമുണ്ടാക്കിയത്. പാതിരാവുകളില്‍ വഅ്ളു പറഞ്ഞത്. യാഥാസ്ഥിതികത്വ ആരോപണങ്ങളെയും പരിഹാസങ്ങളെയും പരിഗണിക്കാതെ തന്നെ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയത്. ആശയപരമായ അടിത്തറ രൂപവത്കരിക്കപ്പെട്ട ഘട്ടത്തില്‍ അവര്‍ വിദ്യാഭ്യാസത്തിലേക്കും ബൗദ്ധിക സാംസ്‌കാരിക പ്രവർത്തനങ്ങളിലേക്കും തിടുക്കപ്പെട്ടു. അതിനിടയില്‍ സംഘടനകളും പ്രസ്ഥാനങ്ങളുമൊക്കെ കൂടുതല്‍ ഉണ്ടാവുകയും വ്യാപനം നേടുകയും ചെയ്തു. നൂറ്റാണ്ടു പിന്നിടുമ്പോള്‍, നാം കാണുന്നതും അനുഭവിക്കുന്നതും എന്താണ്? വീണ്ടും പറയുന്നു, മതനിരപേക്ഷ കേരളം ശ്രദ്ധിക്കണം, സാംസ്‌കാരിക, രാഷ്ട്രീയ, വൈജ്ഞാനിക കേരളം കാണണം, നമ്മുടെ ബഹുസ്വര സാമൂഹിക മണ്ഡലത്തില്‍ പരമ്പരാഗത സുന്നി മുസ്‌ലിം വിഭാഗങ്ങള്‍ ഇപ്പോഴും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നത്. അവര്‍ നമ്മുടെ നാടിന്റെ മിടിപ്പുകള്‍ക്കൊപ്പം തന്നെയുണ്ടെന്നതും.

സലഫിസവും പൊളിറ്റിക്കല്‍ ഇസ്‌ലാമും സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ക്കൊപ്പമല്ല കേരള മുസ്‌ലിംകളിലെ ബഹുഭൂരിഭാഗവും. അഥവാ നവോത്ഥാന കേരളത്തിലെ മുസ്‌ലിംസമൂഹത്തെ അടിപതറാതെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു സുന്നി പണ്ഡിതസമൂഹം. ആധുനികകേരളത്തിന്റെ സാംസ്‌കാരിക ധാരയില്‍ ചേർന്നുനില്‍ക്കുന്ന പരമ്പരാഗത മുസ്‌ലിം സമൂഹം നമ്മുടെ നവനവോത്ഥാനത്തില്‍ കൂട്ടിവെക്കേണ്ട മനുഷ്യര്‍ ആണെങ്കില്‍, നമുക്കൊരു തീര്‍ച്ചയിലെത്താനാകും; ഈ നവോത്ഥാനം ഇവിടെ പണിതുവെക്കുകയായിരുന്നു സുന്നിസമൂഹം. മറിച്ച് സലഫികളുടെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളുടേതുമായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹമെങ്കിലോ? അപ്പോഴാണ് യാഥാസ്ഥിതികര്‍ എന്ന ചീത്തവിളി കേട്ടുകൊണ്ട് ഒരു സമൂഹം ഇവിടെ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെളിച്ചം കിട്ടുക. ബഹുസ്വരമാകുമ്പോള്‍ തന്നെ സുരക്ഷിതവുമായ ഒരു സാമൂഹിക പരിസരം എന്നതിനുമപ്പുറം ഒരു നവോത്ഥാനത്തിനും മനുഷ്യര്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ല എന്നു ചിന്തിക്കുമ്പോള്‍ വിശേഷിച്ചും.

അലി അക്ബർ

You must be logged in to post a comment Login