ഹിജാബ് വിലക്കുന്നതിന് എന്തുണ്ട് ന്യായം?

ഹിജാബ് വിലക്കുന്നതിന് എന്തുണ്ട് ന്യായം?

കര്‍ണാടക ഉടുപ്പിയിലെ പെണ്‍കുട്ടികൾക്കായുള്ള ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റിയില്‍ ആറ് മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഹിജാബ് ധരിച്ച കാരണത്താല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നു.

ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ്‌കോഡ് ലംഘിക്കുന്നതാണെന്നാണ് കോളജിന്റെ വാദം. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കിയാല്‍ മാത്രമേ ക്ലാസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഒരു പൗരന് അവന്റെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഹിജാബ് ധരിക്കാനുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന പരിരക്ഷയുടെ പരിധിയില്‍ വരുമെന്ന് മുന്‍കാലങ്ങളില്‍ കോടതികള്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.

സമാനമായ വിഷയങ്ങളില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതി സ്വീകരിച്ച നിലപാടുകള്‍ നോക്കാം.

മതാചാര പരിശോധന
ഭരണഘടനയുടെ 25(1) അനുഛേദം “ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം’ ഉറപ്പുനല്‍കുന്നുണ്ട്. പക്ഷേ, ഇത് മറ്റു മൗലികാവകാശങ്ങളെ പോലെയല്ല. പൊതുശാസന, ധാര്‍മികത, ആരോഗ്യം, മൗലികാവകാശ അധ്യായത്തിലെ മറ്റു വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിയന്ത്രിക്കാനാകും.

ഭരണഘടന “അനിവാര്യ മതാചാരങ്ങള്‍’ മാത്രമേ സംരക്ഷിക്കൂ എന്നാണ് വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ നിലപാട്. വിദഗ്ധരായ ആളുകളോട് കൂടിയാലോചിച്ചും മതഗ്രന്ഥങ്ങള്‍ പരിശോധിച്ചുമാണ് കോടതി ഒരു ആചാരം മതത്തിന് അനിവാര്യമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ ഭരണഘടനാപരമായ സംരക്ഷണം അനിവാര്യമാണ്.

ഹിജാബ് ഇസ്‌ലാമിന് അനിവാര്യമാണോ?
വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സമാനമായ കേസുകള്‍ കേരള ഹൈകോടതിയിലും സുപ്രീം കോടതിയിലും ഇതിനകം വന്നിട്ടുണ്ട്. ഈ കേസുകളെത്തിയത് അഖിലേന്ത്യാ പ്രീ-മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഡ്രസ്‌കോഡുമായി ബന്ധപ്പെട്ടാണ്. ഉദ്യോഗാര്‍ഥികള്‍ പഠനസാമഗ്രികള്‍ മറച്ചുവെച്ച് പരീക്ഷാവഞ്ചന നടത്തുന്നത് തടയിടാനാണ് ഡ്രസ്‌കോഡില്‍ ചില മാറ്റങ്ങള്‍ ആവിഷ്‌കരിച്ചത്. അതിനാല്‍ മുസ്‌ലിംവിദ്യാര്‍ഥികള്‍ക്ക് ഹിജാബുകളോ നീളന്‍ സ്‌ലീവ് വസ്ത്രങ്ങളോ ധരിക്കാന്‍ കഴിയില്ല എന്നാണര്‍ഥം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ 2015ലും 2016ലും കേരള ഹൈകോടതിയെ സമീപിച്ചു. രണ്ടുതവണയും വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനുള്ള അനുമതി കോടതി നല്‍കിയിരുന്നു.

2016 ല്‍ കേരള ഹൈകോടതി ഇവ്വിഷയകമായി പഠനം നടത്തി. ഖുര്‍ആനും ഹദീസുകളും പരിശോധിച്ചു. ഇസ്‌ലാമിക വിശ്വാസപ്രകാരം മുസ്‌ലിംസ്ത്രീക്ക് ഹിജാബ്, നീളന്‍ കൈയുള്ള വസ്ത്രം ധരിക്കല്‍ അനിവാര്യമാണോ എന്നായിരുന്നു കോടതിയുടെ പരിശോധന. ഈ ഗ്രന്ഥങ്ങളുടെ വിശകലനം തല മറയ്ക്കുന്നതും നീളന്‍ കൈയ്യുള്ള വസ്ത്രം ധരിക്കുന്നതും മതപരമായ കടമയാണെന്നും ശരീരം തുറന്നുകാട്ടുന്നത് നിഷിദ്ധമാണെന്നും പറയുന്നതായി കോടതി കണ്ടെത്തി. അതുപ്രകാരം ഹിജാബും നീളന്‍ കൈയ്യുള്ള വസ്ത്രവും ഇസ്‌ലാമിന്റെ അവശ്യഘടകമായി കോടതി പരിഗണിച്ചു.

ഈ വസ്ത്രധാരണം പൊതുശാസനക്കോ ധാര്‍മികതക്കോ ആരോഗ്യത്തിനോ ഭീഷണിയല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മറ്റു മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വസ്ത്രധാരണ രീതിയില്‍ വഞ്ചന നടത്തും എന്ന ആശങ്കയുള്ളതിനാല്‍ ഒരു വനിതാ ഇന്‍വിജിലേറ്റര്‍ക്ക് ഉദ്യോഗാര്‍ഥികളെ പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഹിജാബ് ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളോട് അരമണിക്കൂര്‍ മുമ്പേ പരീക്ഷാഹാളിലെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

2015 ലും കേരള ഹൈകോടതി ഇതേ നിരീക്ഷണം തന്നെയാണ് നടത്തിയത്. ഇന്ത്യയെപ്പോലെ വിവിധ ജനവിഭാഗങ്ങളുള്ള രാജ്യത്ത് ഒരു ഡ്രസ് കോഡ് പിന്തുടരണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും അന്ന് കോടതി പറഞ്ഞിരുന്നു. അങ്ങനെ നിര്‍ബന്ധിക്കുന്നത് വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുകയേ ചെയ്യുവെന്നും നിരീക്ഷിക്കുകയുണ്ടായി.

പക്ഷേ, സുപ്രീംകോടതി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ആ വര്‍ഷം, എഐപിഎംടി പരീക്ഷയ്ക്ക് സമാനമായ ഒരു കേസ് തീര്‍പ്പാക്കുമ്പോള്‍, ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നും, അതില്‍ ഇടപെടാനാവില്ലെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ശിരോവസ്ത്രം ധരിക്കുന്നത് തങ്ങളുടെ മതത്തിന് അനിവാര്യമാണെന്ന് ഹർജിക്കാരന്‍ വാദിച്ചപ്പോള്‍, കോടതി പ്രതികരിച്ചു: “നിങ്ങള്‍ക്ക് പരീക്ഷ എഴുതേണ്ട ഒരു ദിവസമല്ലേ അത് ധരിക്കരുതെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നുള്ളൂ. സ്‌കാര്‍ഫില്ലാതെ പരീക്ഷ എഴുതിയാല്‍ നിങ്ങളുടെ വിശ്വാസം ഇല്ലാതാകില്ല. ഒരു തുണി ധരിക്കുന്നതല്ല വിശ്വാസം. വിശ്വാസം അതിന്റെയെല്ലാം അപ്പുറത്താണ്.’ ഇതോടെ ഹര്‍ജിക്കാരൻ ഹര്‍ജി പിന്‍വലിച്ചു.

ഇത് വാക്കാലുള്ള നിരീക്ഷണം മാത്രമാണെന്നും കോടതി വിധി പ്രസ്താവിച്ചിട്ടില്ലെന്നുമാണ് കേസില്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വ്യക്തമാക്കുന്നത്. പരീക്ഷാപശ്ചാതലത്തിലുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം പരീക്ഷയില്‍ കോപ്പിയടി ഒഴിവാക്കാന്‍ ഹിജാബ് അനുവദിക്കാതിരിക്കുകയാണ് വേണ്ടത് എന്ന രീതിയിലാണ് വായിക്കേണ്ടത്.
സുപ്രീം കോടതിയുടെ ഉത്തരവില്ലെങ്കിലും കേരള ഹൈകോടതിയില്‍ ഈ വിധി ഇപ്പോഴും നിയമമാണ്. ഹർജികള്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിച്ചപ്പോള്‍, ആഴത്തില്‍ പഠിച്ച ഹൈകോടതി കൃത്യമായി വിധി പുറപ്പെടുവിച്ചെന്നും മറ്റു ഹൈകോടതികളെ അവര്‍ അത് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു ഹെഡ്‌ഗെ പ്രതികരിച്ചത്.

കൊല്‍ക്കത്തയിലെ പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസിലെ നിയമ പ്രൊഫസറായ വിജയ് കിഷോര്‍ തിവാരി, സുപ്രീം കോടതിയുടെ അഭിപ്രായങ്ങള്‍ക്ക് നിയമത്തില്‍ വലിയ പ്രാധാന്യമില്ലെന്ന് വിശദീകരിക്കുന്നുണ്ട്. “ഒരു വിഷയത്തിന്റെ ഗുണവശങ്ങളെ കുറിച്ചുള്ള വാദം കേള്‍ക്കാതെ അഭിപ്രായം പറയാന്‍ സുപ്രീം കോടതിക്ക് അവകാശമില്ല. ഒരു പെണ്‍കുട്ടി ഒരു പ്രത്യേക വസ്ത്രധാരണം സ്വീകരിക്കുന്നുവെങ്കില്‍ അത് അവളുടെ മതപരമായ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അത് ധരിക്കാന്‍ അവളെ അനുവദിക്കണമെന്നതും ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗമാണ്. ആരോഗ്യവും പൊതുനയവും മാത്രമാണ് ഇവിടെ പരിഗണിക്കപ്പെടേണ്ടത്. ഈ വസ്ത്രധാരണം അവയെ ലംഘിക്കുന്നില്ല എന്നതിനാല്‍ അത് തടയാനോ അതിനെതിരെ നിയമനടപടി സ്വീകരിക്കാനോ ജനാധിപത്യരാജ്യത്ത് അവകാശമില്ല.’ തിവാരി പറഞ്ഞു.

സന്ദര്‍ഭമാണ് പരിഗണനീയം
ഒരു മതപരമായ അനുഷ്ഠാനം അനിവാര്യമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് സന്ദര്‍ഭാടിസ്ഥാനത്തിലാണ്. അല്ലാതെ അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളില്ല. 2016-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു മുസ്‌ലിംയുവാവിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. സായുധ സേനാംഗങ്ങള്‍ക്ക് മുഖത്ത് രോമങ്ങള്‍ വയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മുടി മുറിക്കാനോ ഷേവ് ചെയ്യാനോ മതം വിലക്കുകയാണെങ്കില്‍ മാത്രമേ അനുമതി ലഭിക്കൂ എന്നായിരുന്നു സര്‍വീസ് ചട്ടം. താന്‍ മുസ്‌ലിമാണെന്നും തനിക്ക് താടിവയ്ക്കണമെന്നും അയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കവേ കോടതി, മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിനോട് മുഖത്തെ രോമം ഷേവ് ചെയ്യുന്നതിനെക്കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ചോദിച്ചു. വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്നും ഒരഭിപ്രായ പ്രകാരം താടിവെയ്ക്കുന്നത് നല്ലതാണ് എന്നുമാണ് ഖുര്‍ഷിദ് മറുപടി പറഞ്ഞത്. ഷേവ് ചെയ്യുന്നത് മതം നിരോധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ കോടതി അയാളെ താടിവയ്ക്കാന്‍ അനുവദിച്ചില്ല. കൂടാതെ, സായുധ സേനയ്ക്ക് ഒഴിച്ചു കൂടാനാവാത്ത യൂണിഫോമിറ്റി, കെട്ടുറപ്പ്, അച്ചടക്കം, ക്രമം തുടങ്ങിയവ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് വ്യക്തിപരമായ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സായുധസേനയുടെ പ്രത്യേകത പരിഗണിച്ചായിരുന്നു. ആര്‍ട്ടിക്കിള്‍ 33 പ്രകാരം ഭരണഘടന ചില നിയന്ത്രണങ്ങള്‍ പറയുന്നുണ്ട്. സായുധസേനയിലെ അംഗങ്ങള്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാനും അച്ചടക്കം നിലനിര്‍ത്താനും മൗലികാവകാശങ്ങളുടെ പ്രയോഗത്തില്‍ മാറ്റം വരുത്താന്‍ ഗവണ്‍മെന്റിന് കഴിയും.

സ്‌കൂളുകളിലെ മതം
മതാചാരങ്ങള്‍ പാലിച്ചതിന് വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയ കേസുകളും കോടതികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1985-ല്‍, ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന്, യഹോവസാക്ഷി ക്രിസ്ത്യന്‍ വിഭാഗത്തിൽപെട്ട മൂന്ന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്ന് അവര്‍ വാദിച്ചു. ദൈവത്തോട് പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊരു ആചാരം സ്വീകരിക്കാനും പിന്തുടരാനും തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചു. തങ്ങളുടെ വിശ്വാസം അനുവദിക്കാതിരുന്നിട്ടും ദേശീയഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ എഴുന്നേറ്റു നിന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്‌കൂളില്‍ നിന്നു പുറത്താക്കിയത് വിദ്യാര്‍ഥികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും മതം ആചരിക്കാനുള്ള അവരുടെ അവകാശത്തെയും ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. യഹോവ സാക്ഷികളുടെ വിശ്വാസങ്ങള്‍ അസാധാരണമാണെങ്കിലും അവരുടെ വിശ്വാസങ്ങളുടെ ആത്മാര്‍ഥത ചോദ്യം ചെയ്യാനാകില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, ദേശീയഗാനം ചൊല്ലല്‍ നിര്‍ബന്ധമാണെന്ന നിയമമില്ല. എല്ലാ ഇന്ത്യന്‍ പൗരന്മാരും ദേശീയഗാനത്തെ ബഹുമാനിക്കണമെന്ന് ഭരണഘടനയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുപാലിച്ച് വിദ്യാര്‍ഥികള്‍ എഴുന്നേറ്റുനിന്നിട്ടുമുണ്ട്. അതിനാല്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

മതേതരത്വത്തിന്റെ ഫ്രഞ്ച്, ഇന്ത്യന്‍ മോഡല്‍
പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഫ്രാന്‍സ് പോലോത്ത രാജ്യങ്ങളില്‍ തര്‍ക്കവിഷയമാണ്. കാരണം, മതത്തിന്റെ മുഴുവന്‍ അടയാളങ്ങളും പൊതുജീവിതത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന മതേതരത്വത്തിന്റെ എക്‌സ്ട്രീം മാതൃകയാണ് ഫ്രാന്‍സ് പിന്തുടരുന്നത്. 2004ല്‍ ഹിജാബ് ഉള്‍പ്പെടെയുള്ള പ്രമുഖ മതചിഹ്നങ്ങള്‍ അവിടത്തെ സ്‌കൂളുകളില്‍ നിന്ന് നിരോധിച്ചു. 2011 ല്‍ പൊതുസ്ഥങ്ങളില്‍ മുഖം മൂടുന്നത് നിരോധിച്ചു. അഥവാ, ഇപ്പോള്‍ ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ബുര്‍ഖ ധരിക്കാനാവില്ല.
പക്ഷേ, മതേതരത്വത്തിന്റെ ഇന്ത്യന്‍ മാതൃക വ്യത്യസ്തമാണ്. പൊതുഇടങ്ങളില്‍ നിന്ന് മതത്തിന്റെ ചിഹ്നങ്ങളെ തുടച്ചുനീക്കുന്നതിനു പകരം എല്ലാ മതവിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കാനും ആദരിക്കാനുമാണ് ഇന്ത്യന്‍ മതേതരത്വം പഠിപ്പിക്കുന്നത്.

ഇത് ഫ്രാന്‍സ് അല്ല, ഇന്ത്യയാണ്. അതിനാൽത്തന്നെ ഇവിടെ കോളജില്‍ ഹിജാബ് നിരോധിക്കാനുള്ള കോളജ് അധികൃതരുടെ നീക്കം മതേതര സംരക്ഷണത്തിനല്ല, മറ്റു പല ലക്ഷ്യങ്ങള്‍ക്കുമാണെന്ന് വായിക്കാനാവും. സമാനമായി മറ്റു മതചിഹ്നങ്ങള്‍ നിരോധിച്ചിട്ടില്ല എന്നതു കൊണ്ടുതന്നെ ദുര്‍ബലമായ ചില വാദങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാരണമായി പറയാനുള്ളത്. ഇന്ത്യന്‍ നിയമപ്രകാരം അത്തരം കാരണങ്ങള്‍ നിലനില്‍ക്കുകയുമില്ല. ഒരു പൊതുവിദ്യാലയത്തില്‍ സിഖ് പട്ക, മംഗള്‍ സൂത്ര, വിശുദ്ധ കുരിശ് പോലെയുള്ള മറ്റു മതചിഹ്നങ്ങള്‍ ഇങ്ങനെ നിരോധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഹിന്ദുമതം പോലോത്ത മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ബിന്ദിയും വളയും ധരിക്കാന്‍ അനുവാദമുണ്ടെന്ന് പിയു കോളജിലെ വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. അതിനാല്‍ ഹിജാബ് അനുവദിക്കാത്തത് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള തികഞ്ഞ വര്‍ഗീയ നീക്കമായി വിലയിരുത്തേണ്ടിവരും.

ഉമംഗ് പൊദ്ദര്‍

കടപ്പാട്: സ്്ക്രോൾ.ഇൻ
വിവ: എബി

You must be logged in to post a comment Login