ഇടതുപക്ഷമേ, ആ കണ്ണട ഒന്ന് മാറ്റാമോ?

ഇടതുപക്ഷമേ, ആ കണ്ണട ഒന്ന് മാറ്റാമോ?

കുറച്ച് ചോദ്യങ്ങള്‍ വായിക്കാം. ഏതാനും മാസങ്ങളായി പൊതുമണ്ഡലത്തില്‍ വീശിയടിക്കുന്നതാണ്. വെറുതെയൊന്ന് ക്രോഡീകരിക്കാം.

ഒരു വിശ്വാസിമുസ്‌ലിമിന് ഇടതുപക്ഷജീവിതം സാധ്യമോ? ഇടതുപക്ഷം പിന്തുടരുന്ന, പ്രചരിപ്പിക്കുന്ന ലിബറല്‍ ആശയങ്ങള്‍ക്കും അതിന്റെ പ്രയോഗത്തിനും പിന്തുണ നല്‍കാന്‍ വിശ്വാസി മുസ്‌ലിമിന് സാധിക്കുമോ? ഇത് രണ്ടും സാധ്യമല്ല എങ്കില്‍ തിരഞ്ഞെടുപ്പില്‍ ഒരു വിശ്വാസിമുസ്‌ലിം ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതില്‍ യുക്തിയുണ്ടോ? വിശ്വാസി മുസ്‌ലിമിന്റെ വിശ്വാസാധിഷ്ഠിതവും മതാത്മകവുമായ ജീവിത പദ്ധതികളുടെ വിപരീതമല്ലേ മതം സംബന്ധിച്ച ഇടത് നിലപാടുകള്‍? ഇടതുപക്ഷം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ലിബറല്‍-പുരോഗമന വീക്ഷണങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിതപദ്ധതിക്ക് എതിരല്ലേ? അപ്പോള്‍പിന്നെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുക എന്നാല്‍ സ്വന്തം മതജീവിതത്തിന്റെ എതിര്‍ബലങ്ങളെ സാധൂകരിക്കാന്‍ കൂട്ട് നില്‍ക്കുകയല്ലേ? പുരോഗമനം സമം മതവിരുദ്ധം എന്ന, നവലിബറല്‍ എന്ന് തെറ്റിദ്ധരിക്കപ്പെട്ട, ആശയത്തിന്റെ പ്രയോക്താക്കളല്ലേ ഇടതുപക്ഷം? അങ്ങനെ ഉള്ള ഇടതുപക്ഷത്തെ വോട്ട് ചെയ്തു വിജയിപ്പിക്കുകവഴി മതജീവിതത്തെ അപകടത്തിലാക്കാന്‍ കൂട്ടുനില്‍ക്കുകയല്ലേ ഒരു വിശ്വാസിമുസ്‌ലിം ചെയ്യുന്നത്? ഇടതു പക്ഷവും അതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്ന സിപിഎമ്മും പലതരത്തില്‍ ആഘോഷിക്കുന്ന പൊതു വ്യക്തിത്വങ്ങള്‍ വിശ്വാസിമുസ്‌ലിമിന്റെ പലതരം മതപ്രകാശനങ്ങളെ പൊതുമണ്ഡലത്തില്‍ ആക്ഷേപിക്കുന്നത് കാണുന്നില്ലേ? അതു സംബന്ധിച്ച് ഒരു നിലപാടും എടുക്കാത്ത ഇടതുപക്ഷത്തെ വിശ്വാസിമുസ്‌ലിം പിന്തുണക്കുന്നത് എന്തിന്? മതവെറിയാല്‍ സമ്പന്നമായ മുന്‍വിധികളാല്‍ മുസ്‌ലിം വിശ്വാസി പ്രസ്ഥാനങ്ങളുടെ യുവാക്കളെയും വിദ്യാര്‍ഥികളെയും ഇടത് വിദ്യാര്‍ഥി സംഘടനകള്‍, പ്രത്യേകിച്ച് അതിന്റെ മുന്‍പന്തിയിലുള്ള എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് കാണുന്നില്ലേ? പിന്നെയും എന്തിനാണ് വിശ്വാസി മുസ്‌ലിംകള്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിക്കുന്നത്? കേരളത്തിലെ മുസ്‌ലിം സംഘാടനത്തിലെ പ്രബല വിഭാഗങ്ങളില്‍ ഒന്നിന്റെ നിര്‍ലോഭമായ പിന്തുണയാല്‍ അല്ലേ അവര്‍ അധികാരത്തില്‍ വരുന്നത്? എന്നിട്ടും മതവിരുദ്ധവും വിശ്വാസി ജീവിതത്തെ അപമാനിക്കുന്നതുമായ അവരുടെ പ്രവൃത്തികളെ തെല്ലും തടയാന്‍ കഴിയാത്തതെന്ത്? നിങ്ങള്‍ അവരെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ വോട്ടായും പിന്തുണയായുമെല്ലാമുള്ള ചേര്‍ന്നുനില്പ്, പകരം അവരെന്താണ് നിങ്ങളോട് ചെയ്യുന്നത്?

ഈ ചോദ്യങ്ങളൊന്നും സാങ്കല്പികമല്ല. പല സന്ദര്‍ഭങ്ങളില്‍ പല രൂപങ്ങളില്‍ ഉയര്‍ന്നുവന്നതാണ്. നിശ്ചയമായും ചോദ്യങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ ൈവദഗ്ധ്യമുള്ള കോണുകളാണ് ഈ ചോദ്യങ്ങളില്‍ മിക്കതിന്റെയും പ്രഭവകേന്ദ്രങ്ങള്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെയും സ്വത്വവാദഭരിതമായ മുസ്‌ലിംരാഷ്ട്രീയത്തിന്റെയും, വലത്തൊട്ടി നിന്ന് അധികാരം മണക്കുന്ന ലീഗാദികളുടെയും ഗന്ധം ഈ ചോദ്യകേന്ദ്രങ്ങളില്‍ ആകെയുണ്ട്. ഉത്തരത്തിനായല്ല, ഭിന്നതക്കായാണ് ചോദ്യങ്ങള്‍ എന്നതിനാല്‍ പതിവുപോലെ അവഗണിക്കുന്നു എന്നേയുള്ളൂ.

പക്ഷേ, ഒരു പക്ഷേയുണ്ട്. അത് ഒരു മുസ്‌ലിം പക്ഷേ, അല്ല. പൊതുമണ്ഡലത്തിലെ മുസ്‌ലിം പ്രതിനിധാനങ്ങളെ, മുസ്‌ലിം ജീവിതത്തെ ഐക്യപൂര്‍വം വീക്ഷിക്കുന്ന, ജനാധിപത്യത്തെ അതിന്റെ അതിവിശാലമായ തലത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ പക്ഷേ ആണത്. അത് നാം ഒട്ടും ൈവകാരികമല്ലാതെ, മുന്‍വിധികള്‍ ഒട്ടുമില്ലാതെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇടതുപക്ഷവും വിശ്വാസി മുസ്‌ലിമും എന്ന ഗൗരവപൂര്‍ണ സംവാദം മാത്രമാണ് ഈ ചര്‍ച്ചയുടെ അടിത്തറ. സൃഷ്ടിപരമാണ്, സംഹാരോന്മുഖമല്ല. സംഹാരോന്‍മുഖമായ സംവാദങ്ങളിലേക്ക് ഇന്ത്യന്‍ മുസല്‍മാനെ വലിച്ചിഴക്കാനുള്ള വ്യാപക തന്ത്രങ്ങള്‍ നമുക്ക് മനസിലാക്കാനാവും. ആ കെണിയില്‍ തലവെച്ചല്ല നാം ഇനി സംസാരിക്കുന്നത്.
ഒരുദാഹരണത്തില്‍ നിന്ന് തുടങ്ങാം. ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോം ഏകീകരണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ കാലം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരം വസ്ത്രം എന്ന ആശയത്തിന്റെ പ്രകാശനമായിരുന്നല്ലോ ബാലുശ്ശേരിയില്‍ കണ്ടത്. പാന്റും ഷര്‍ട്ടും. എല്‍ഡിഎഫ് എന്ന തിരഞ്ഞെടുപ്പ് കൂട്ടായ്മയിലെ മുന്തിയ രാഷ്ട്രീയ പ്രസ്ഥാനമാണല്ലോ സിപിഎം? നാട് വാഴുന്ന കക്ഷി. അവരുടെ മുഖപത്രമാണ് ദേശാഭിമാനി. ദേശാഭിമാനിയുടെ ആ ദിവസങ്ങളില്‍ ഒന്നിലെ ഒന്നാം പേജ് ഏകീകൃതയൂണിഫോമിന്റെ ആഘോഷചിത്രം പതിച്ച ഒന്നായിരുന്നു എന്നത് ഓര്‍ക്കുമല്ലോ? ഒന്നുമില്ല. യൂണിഫോം എന്നത് തന്നെ ഏകീകൃതവസ്ത്രം എന്ന ഒന്നാണല്ലോ? ശരി. അക്കാര്യങ്ങള്‍ ചില്ലറ എതിര്‍പ്പുകളും അതിലും ചില്ലറ പരിഹാരങ്ങളുമായി അങ്ങനെതീര്‍ന്നു. യൂണിഫോമല്ല നമ്മുടെ വിഷയം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ നിങ്ങള്‍ സ്വീകരിക്കുന്ന ഒരു വസ്ത്രമാതൃകയിലെ ജെന്‍ഡര്‍ ഹിംസയുമല്ല. അത് മറ്റൊരു വിഷയം.
സംഗതി ഇത്രയുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ നടപ്പാക്കപ്പെട്ട വസ്ത്രത്തോട് ഉയര്‍ന്ന എതിര്‍പ്പുകള്‍ ചില പൊതുമണ്ഡലങ്ങളില്‍; നിശ്ചയമായും സോഷ്യല്‍ മീഡിയയില്‍, സംവാദവിഷയമായി. ലിബറലിസം എന്ന വിശാലമായ പദം പലവട്ടം ഈ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടു. പുരോഗമനം എന്നതായിരുന്നു ആവര്‍ത്തിക്കപ്പെട്ട മറ്റൊരു വാക്ക്. കാടും പടലും തല്ലി അങ്ങനെ മുന്നേറിയ ചര്‍ച്ചകള്‍ പലതും വെല്ലുവിളികളാല്‍ സമൃദ്ധവുമായിരുന്നു. ബാലുശ്ശേരിയില്‍ എതിര്‍പ്പുയര്‍ത്തിയത് മുസ്‌ലിംകളാണ് എന്ന ഒരു ആഖ്യാനം പൊടുന്നനെ വന്നു. മുസ്‌ലിം മതവിശ്വാസികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ഈ മഹത്തായ പ്രയോഗത്തെ അംഗീകരിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം എന്ന നിലയില്‍ സംവാദം തെഴുത്തു. യുക്തിവാദിക്കൂട്ടങ്ങള്‍ ഈ വാദം പൊലിപ്പിച്ചു. യഥാര്‍ഥത്തില്‍ എന്തായിരുന്നു ബാലുശ്ശേരിയിലെ അടിസ്ഥാന വിഷയം?

ബാലുശ്ശേരിയിലേത് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയത്തിലേക്കുള്ള ഒരു അധീശബോധത്തിന്റെ കടന്നേറ്റമായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ് ജെന്‍ഡറിനും ഒരേ വേഷം എന്നതാണല്ലോ ജെന്‍ഡര്‍ ന്യൂട്രാലിറ്റി. മനുഷ്യന്റെ വസ്ത്രം രൂപപ്പെട്ടുവന്നത്, വസ്ത്രധാരണരീതികള്‍ രൂപപ്പെട്ടുവന്നത് ചരിത്രപരമായാണ്. അതിന് ധരിക്കുന്ന വിഭാഗത്തിന്റെ ശരീരഘടന, സൗകര്യം, ലഭ്യത തുടങ്ങിയ അനേകം മാനങ്ങളുണ്ട്. പതിറ്റാണ്ടുകളായുള്ള ശീലമാണ് സൗകര്യത്തെ നിര്‍ണയിക്കുന്നത്. കാലുറയും ഷര്‍ട്ടും എന്ന ഒരു വസ്ത്രമാതൃക ലോകവ്യാപകമായുണ്ട്. നിശ്ചയമായും അതൊരു ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല. ആണ് എന്ന ജെന്‍ഡര്‍ കയ്യാളിപ്പോരുന്ന അധീശത്വം ആണിന് സൗകര്യപ്രദമായതിനെ പൊതു ആക്കാന്‍ സഹായിച്ചിട്ടുണ്ട്. ഉണ്ടംപൊരി കഴിക്കുക എന്ന തിരഞ്ഞെടുപ്പിനെപ്പോലും ചരിത്രപരമായി മനസിലാക്കാന്‍ കോപ്പുള്ള ആളുകള്‍ ബാലുശ്ശേരി യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ചരിത്രപരതയെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചു. പകരമോ? മുസ്‌ലിം മതവിശ്വാസം ഈ വസ്ത്രത്തെ അംഗീകരിക്കുന്നില്ല, അതിനാലാണ് എതിര്‍പ്പ് എന്ന ലളിതതീര്‍പ്പിലേക്ക് അതിവേഗം എത്തുകയും ചെയ്തു. ശരി. മുസ്‌ലിം വിശ്വാസവും മുസ്‌ലിം മതജീവിതവും ഇക്കാര്യങ്ങളില്‍ ചില ശീലങ്ങളെ പിന്‍പറ്റുന്നുണ്ട്. അതിന്? അങ്ങനെയെങ്കില്‍ അത് ചര്‍ച്ച ചെയ്യുന്നതില്‍ എന്താണു പ്രശ്‌നം? നിങ്ങള്‍ ശ്രദ്ധിച്ചുവോ? പൊടുന്നനെ ആ പിന്‍പറ്റല്‍ പുരോഗമനവിരുദ്ധമെന്ന് മുദ്രചാര്‍ത്തപ്പെട്ടു. മുസ്‌ലിം ജീവിതം സമം പുരോഗമനവിരുദ്ധം എന്ന മുന്‍വിധി ഇടതെന്ന് വ്യവഹരിക്കുന്ന ബുദ്ധികളിലേക്ക് എത്ര എളുപ്പമാണ് കണ്ണിചേര്‍ക്കപ്പെട്ടത്? തുടക്കത്തില്‍ ഉന്നയിച്ച ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടത് ഈ മുന്‍വിധികളെ അഴിച്ചെടുത്തുകൊണ്ടാണ്. അതുകൊണ്ടാണ് ബാലുശ്ശേരിയല്ല നമ്മുടെ വിഷയം എന്ന് ആവര്‍ത്തിക്കുന്നത്.

ബാലുശ്ശേരിയില്‍ (നൂറ് കണക്കിന് സന്ദര്‍ഭങ്ങളുടെ ഒരു സൂചകം എന്ന നിലയില്‍ മാത്രം) നാം കണ്ടത്, ഇടത് എന്നും ലിബറല്‍ എന്നും പുരോഗമനം എന്നും തരാതരം പോലെ വ്യവഹരിക്കുന്ന ഒരു വിചാരക്കൂട്ടം അവരുടെ തിരഞ്ഞെടുപ്പിതര രാഷ്ട്രീയ വിചാരങ്ങളില്‍ മുസ്‌ലിം വിശ്വാസ ജീവിതത്തെ അപരമാക്കി നിര്‍ത്തുന്നതാണ്. അപരമാക്കി നിര്‍ത്തുന്നു എന്നതല്ല, അവരുടെ വിചാരങ്ങളുടെ, ജീവിതത്തിന്റെ എതിര്‍പക്ഷമായി മനസിലാക്കുന്നു എന്നുമാണ്. അതേസമയം തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസിസമൂഹം ഇടതുപക്ഷത്തിന് നല്‍കുന്ന പിന്തുണകളെ, മുസ്‌ലിം അരക്ഷിതാവസ്ഥയില്‍ നിന്ന് ഉരുവം കൊളളുന്ന ആശ്രിത മനോഭാവമായും, വിധേയത്വമായിപ്പോലും അവര്‍ മനസിലാക്കുന്നു എന്നുമാണ്. അതായത് സംഘപരിവാര്‍ ഭീഷണിയില്‍ നിന്നും തങ്ങളെ രക്ഷിക്കുക ഇടതുപക്ഷമായതിനാല്‍ ഇടതിനെ പിന്തുണക്കുന്നു എന്ന്. അതായത് കേരളത്തിലെ വിശ്വാസി മുസ്‌ലിമിന് ഉള്ളടക്കത്തില്‍ സ്വതന്ത്രമായ രാഷ്ട്രീയ നിലപാടില്ല എന്ന്. അതായത് അവരില്‍ ഭീതിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആശ്രിതത്വ മനോഭാവമാണ് ഉള്ളതെന്ന്. അതായത് അവര്‍ ഇടതിന്റെ ആശ്രിതരാണെന്ന്. ഈ മനസിലാക്കല്‍ നിശ്ചയമായും ഒരു ജനതയോട് ചെയ്യുന്ന സാമൂഹിക കുറ്റകൃത്യത്തില്‍ കുറഞ്ഞ് മറ്റൊന്നുമല്ല.
അതാണോ വസ്തുത? മുന്‍വിധികളുടെയും പ്രചാരണങ്ങളുടെയും അഴുക്ക് കണ്ണടകള്‍ അഴിച്ച് സൂക്ഷ്മമായി നോക്കിയാല്‍ അതാണോ തെളിയുന്നത്? അല്ല. മറിച്ച്, ഇടത് എന്ന് പ്രഖ്യാപിത ഇടതുപക്ഷം ധരിച്ചുവശായ ആശയത്തിന്റെ മറ്റൊരു തലമാണ്. വിശദമാക്കാം.

എന്താണ് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷം? അത് ക്ലാസിക്കല്‍ ലെഫ്റ്റ് എന്ന് ൈസദ്ധാന്തികമായി വിശദീകരിക്കപ്പെട്ട ആഗോള ഇടതുചിന്തയുടെ കേരളീയ ആവിഷ്‌കാരമാണോ? അല്ല എന്നാണ് കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രം നല്‍കുന്ന ഉത്തരം. ഐക്യകേരളത്തിന്റെ രൂപീകരണാനന്തരം കേരളത്തില്‍ സംഭവിച്ച തികച്ചും താല്ക്കാലികമായ, പലപ്പോഴും അന്തസത്തയില്‍ ഘടകവിരുദ്ധതകള്‍ എമ്പാടുമുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് കേരളത്തിലെ കക്ഷി ഇടതുപക്ഷം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുതല്‍ കേരള കോണ്‍ഗ്രസുകള്‍ വരെ ഇടം പിടിച്ച തിരഞ്ഞെടുപ്പ് കൂട്ടായ്മ. കടുംവെട്ട് നാസ്തികരായ നക്‌സലൈറ്റുകള്‍ മുതല്‍ സ്വത്വരാഷ്രടീയത്തില്‍ അധിഷ്ഠിതരായ ജാതി സംഘടനകള്‍ വരെ തിരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ ഉപരിതലസ്പര്‍ശിയായ വ്യവഹാരങ്ങള്‍ക്കുവേണ്ടി ചേര്‍ന്നുനില്‍ക്കുന്ന ഇടം. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിക്കുന്ന പൊതു മിനിമം അജണ്ട അഥവാ പ്രകടന പത്രികയാണ് അതിന്റെ മാനിഫെസ്‌റ്റോ. അല്ലാതെ അതൊരു കമ്മ്യൂണിസ്റ്റ് കൂട്ടായ്മയോ മാര്‍ക്‌സിസം അടിത്തറയായുള്ള രാഷ്ട്രീയ മുന്നേറ്റമോ അല്ല. അതിന്റെ സംഘാടനത്തിന്റെ വേരുകള്‍ ലെനിനിസത്തിലല്ല, മറിച്ച് തല്‍ക്കാല പ്രായോഗികതയിലാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയത്തെ അതിന്റെ ചിരസ്വഭാവമായി പരിഗണിക്കാമെങ്കില്‍ അത് ഹിന്ദുത്വയുടെ അക്രമണോത്സുക രാഷ്ട്രീയത്തോടുള്ള നഖശിഖാന്തമായ എതിര്‍പ്പാണ്. അതുപോലും പക്ഷേ, ഇടതുമായി ചേര്‍ന്ന് മുന്നണിയാവുന്ന മുഴുവന്‍ കക്ഷികളുടെയും പ്രധാന താല്പര്യമല്ല. മുന്നണിക്ക് ആളെണ്ണം കൊണ്ട് നേതൃത്വം കൊടുക്കുന്ന സിപിഎം പോലുള്ള സംഘടനകളുടെ താല്‍പര്യമാണ്. ഇ എം എസ് ജീവിച്ചിരുന്ന കാലമാണ് ഇടതിന് തല്‍ക്കാല അഭിമുഖീകരണങ്ങളുടെ സാഹചര്യത്തിലുള്ള ചില അടിത്തറകള്‍ രൂപപ്പെട്ടത്. അതേ ഇ എം എസ് തന്നെ അബ്ദുന്നാസര്‍ മഅ്ദനിയോടും ഇബ്രാഹീം സുലൈമാന്‍ സേട്ടിനോടും പുലര്‍ത്തിയ സമീപനം ചരിത്രത്തിലുണ്ട്. അതേ ഇ എം എസിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ബാബരി മസ്ജിദിനോടുണ്ടായിരുന്ന സമീപനവും ചരിത്രത്തിലുണ്ട്. അന്നന്ന് സംജാതമാകുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പൊതുവില്‍ മതേതരത്വത്തിന്റെ പക്ഷത്ത് ചാരിനിന്നുള്ള തീര്‍പ്പുകള്‍ നല്‍കിപ്പോരുകയായിരുന്നു ഇ എം എസ് ചെയ്തത് എന്നും ഓര്‍ക്കുക.

ഇനി എന്താണ് മതേതരത്വം സംബന്ധിച്ച കേരളത്തിലെ ഇടതിന്റെ സങ്കല്‍പനം? നിര്‍ഭാഗ്യവശാല്‍ ഒരു ഘട്ടത്തിലും അത് അസന്ദിഗ്ധമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇടതുപക്ഷം തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളില്‍ നല്‍കിപ്പോരുന്ന ചേഷ്ഠകള്‍ പൊതുമധ്യത്തിലുണ്ട്. തിരഞ്ഞെടുപ്പാണല്ലോ ഇടതുപക്ഷം എന്ന കേരള കൂട്ടായ്മയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാന സന്ദര്‍ഭം. ആ ചേഷ്ഠകളെ നാം എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? തീര്‍ച്ചയായും അത് മതസഹിത, വിശ്വാസ സഹിത, ആചാര സഹിത, അനുഷ്ഠാന സഹിത മതേതരത്വമാണ്. മതത്തെ സാമൂഹികസംഘാടനത്തിലെ പ്രതിലോമതയായി വിലയിരുത്തുന്ന ഒരു ദര്‍ശനവും കേരളത്തിന്റെ ഇടതുപക്ഷത്തില്‍ ഇല്ല. മറിച്ച് അത് എല്ലാക്കാലവും എല്ലാത്തരം വിശ്വാസങ്ങളെയും സംബോധന ചെയ്യാറുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പിന്തുണ തേടിയുള്ള സഞ്ചാരങ്ങള്‍ വരെ നമ്മുടെ മുന്നിലുണ്ട്.

പക്ഷേ, മറ്റൊന്നുണ്ട്. കേരളീയ ഇടതുപക്ഷം എന്ന തിരഞ്ഞെടുപ്പ് കൂട്ടായ്മയില്‍ ആളെണ്ണം കൊണ്ട് പ്രബലതയുള്ളത് സിപിഎമ്മിനാണ്. സിപിഎം അതിന്റെ രാഷ്ട്രീയാടിത്തറയായി കണക്കാക്കുന്നത് മാര്‍ക്‌സിസത്തെയും ലെനിനിസ്റ്റ് സംഘാടനത്തെയും ൈവരുധ്യാത്മക ഭൗതികവാദത്തെയുമാണ്. വൈരുധ്യാത്മക ഭൗതികവാദം എന്നത് ഭൗതികവാദത്തിന്റെ, അഥവാ മനുഷ്യകേന്ദ്രിത വാദത്തിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനമാണ്. സ്വാഭാവികമായും അത് മതം എന്ന ആശയത്തിന്റെയും പ്രയോഗത്തിന്റെയും എതിര്‍ധ്രുവത്തിലാണ് സ്ഥാനപ്പെടുന്നത്. എതിര്‍ധ്രുവമെന്നാല്‍ ശത്രുതാപരമായ ധ്രുവം എന്ന് അര്‍ഥമില്ല. മാര്‍ക്‌സിസം അങ്ങനെ എതിര്‍പക്ഷത്ത് മതത്തെ ഒരിടത്തും സ്ഥാനപ്പെടുത്തിയിട്ടില്ല. പക്ഷേ, മാര്‍ക്‌സിസത്തിന്റെ കേവല വായനകളും നാസ്തികതയെ മാര്‍ക്‌സിസം എന്ന് തെറ്റുധരിച്ചവരുടെ കോലാഹലങ്ങളും ചേര്‍ന്ന് അങ്ങനെ ഒരു വിചാരമണ്ഡലത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആ വിചാരത്തിന് പ്രാമുഖ്യവുമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇടതുപക്ഷവും മാര്‍ക്‌സിസവും കേരളത്തില്‍ യോജിക്കില്ല. അപ്പോള്‍ ആരാണ് ഇടതല്ലാത്തത്?

സിപിഎമ്മിലെ പ്രായോഗികതയും സൈദ്ധാന്തികതയും തമ്മില്‍ അത് രൂപം കൊണ്ട നാള്‍ മുതല്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ മുസ്‌ലിം വിശ്വാസജീവിതത്തെ തിരഞ്ഞെടുപ്പിതര സന്ദര്‍ഭങ്ങളില്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രതിസന്ധി. ഒന്നുകില്‍ ഞങ്ങള്‍ മതവിരുദ്ധ നാസ്തികരാണ് എന്ന് പ്രഖ്യാപിച്ച് സ്വതന്ത്രമായി നിലനില്‍ക്കുക. അല്ലെങ്കില്‍ സകല വിശ്വാസങ്ങളെയും ചേര്‍ത്തുപിടിച്ച് പൊതുമിനിമം പരിപാടിയായി നിലനില്‍ക്കുക. ഇതാണ് അവര്‍ക്ക് മുന്നിലുള്ള വഴി. അതവര്‍ തിരിച്ചറിയുന്നില്ല.
ആ തിരിച്ചറിയായ്കയുടെ വലിയ അപകടം പുരോഗമനം എന്ന പേരില്‍ ഒഴുകി വരുന്ന ക്യാപിറ്റലിസ്റ്റ് ലിബറലിസത്തെ തൊണ്ടതൊടാതെ വിഴുങ്ങേണ്ട ഗതികേടിലേക്ക് ഇടതുപക്ഷത്തെ സി പി എം നയിക്കുന്നു എന്നതാണ്. എല്ലാത്തരം വിശ്വാസങ്ങളെയും മനുഷ്യരുടെ എത്‌നിസിറ്റിയെയും തകര്‍ത്ത് വിപണിക്കുതകുന്ന ഒരു അന്തസാരശൂന്യ മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ് ക്യാപിറ്റലിസ്റ്റ് ലിബറലിസത്തിന്റെ യുക്തി. ഫാഷിസമാണ് ഒരു രാഷ്ട്രീയ രൂപമെന്ന നിലയില്‍ ആ യുക്തിയെ ആഘോഷിക്കുന്നത്. എത്‌നിസിറ്റിയെ തകര്‍ത്ത് അന്തസാര ശൂന്യനായ മനുഷ്യനെ സൃഷ്ടിക്കുക എന്നാല്‍ സമരോര്‍ജങ്ങളെ റദ്ദാക്കുക എന്നും അര്‍ഥമുണ്ട്. സ്വന്തം ചുറ്റുപാടുകളില്‍ നിന്ന്, അത് ഭൗതികമായാലും ആത്മീയമായാലും പറിച്ചെറിയപ്പെടുന്ന മനുഷ്യനെയാണ് വിപണിയുന്മുഖമായ ലിബറലിസത്തിന് ആവശ്യം. യൂണിഫോമ്ഡായ മനുഷ്യര്‍. വിപണിക്ക് താല്പര്യമുള്ള വേഷം അപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന് വിളിക്കപ്പെടും. ഈ വിപണിയുന്‍മുഖ ലിബറലിസത്തിന്റെ പദാവലികള്‍ എപ്പോഴും പുരോഗമനം എന്ന സംജഞയുടെ പരിവേഷത്തില്‍ ബന്ധിതമായിരിക്കും. പുരോഗമനമെന്നാല്‍ മനുഷ്യരെ അവരുടെ വേരുകളില്‍ നിന്ന് അടര്‍ത്തലാണ് എന്ന് പ്രചരിപ്പിക്കപ്പെടും. പ്രൊപ്പഗാന്‍ഡ. പ്രൊപ്പഗാന്‍ഡ എന്ന വാക്കാണല്ലോ ഫാഷിസത്തിന് ഏറ്റവും പ്രിയതരമായത്. അങ്ങനെ വരുമ്പോള്‍ മനുഷ്യര്‍ വിശ്വാസത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ സ്വന്തം വേരെന്ന് കരുതി മുറുകെ പിടിക്കുന്ന വസ്ത്രം ഉള്‍പ്പടെയുള്ള ശീലങ്ങള്‍ പൊടുന്നനെ പുരോഗമനവിരുദ്ധം എന്ന് മുദ്ര കുത്തപ്പെടും. മനുഷ്യര്‍ അവരുടെ പരിസര ജീവിതത്തില്‍ കൂട്ടായ്മയുടെയും സ്വാസ്ഥ്യത്തിന്റെയും അടയാളങ്ങളായി കരുതുന്ന പ്രകാശനങ്ങള്‍ അന്ധവിശ്വാസങ്ങളായും വിശ്വാസതട്ടിപ്പുകളായും പ്രചരിപ്പിക്കപ്പെടും. വേരുകളെ അടര്‍ത്തി പൊങ്ങ് സമൂഹത്തെ സൃഷ്ടിക്കുക എന്നതിന്റെ പ്രയോഗമാണത്. യഥാര്‍ത്ഥത്തിലുള്ള തട്ടിപ്പുകളെ ആഘോഷിച്ചുകൊണ്ട് കൂടിയാണ് ലിബറലിസം ഈ പണി എടുക്കുക എന്നും മനസിലാക്കണം.
ഒരുദാഹരണം കൂടി പറയാം. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട കോടതിവിധിയാണത്. നിശ്ചയമായും അതൊരു ഭരണഘടനാ പ്രശ്‌നമാണ്. വിശ്വാസപ്രശ്‌നവുമാണ്. പരിഹരിക്കപ്പെടേണ്ട ഒന്നാണത്. പക്ഷേ, കോടതി വഴി, ഭരണകൂട പ്രയോഗം വഴി ഒരു ക്രമത്തെ ഇല്ലാതാക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രതികരണങ്ങളെ സിപിഎമ്മിന് കാണാന്‍ കഴിഞ്ഞില്ല. കാരണം അന്നേരം ലിബറല്‍ യുക്തിയാണ്, ലിബറലിസം എറിഞ്ഞിട്ടുകൊടുത്ത പുരോഗമനത്തിന്റെ എല്ലിന്‍കഷണമാണ് അവരെ നയിച്ചത്. നോക്കൂ, ആ കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്തത് സംഘപരിവാറാണ്. ക്യാപിറ്റലിസ്റ്റ് ലിബറല്‍ യുക്തിയുടെ രാഷ്ട്രീയ രൂപമാണല്ലോ അത്. സിപിഎമ്മിനെ അന്നേരം പിടികൂടി ആ യുക്തി ഇടതുപക്ഷത്തിന്റെ യുക്തിയായി അവതരിപ്പിക്കപ്പെട്ടു. ഇടതുപക്ഷം വിപരീതം വിശ്വാസം എന്നും വിശ്വാസം വിപരീതം പുരോഗമനം എന്നും വായിക്കപ്പെട്ടു. സംവാദത്തിലൂടെ, പരിഷ്‌കരണത്തിലൂടെ എളുപ്പത്തില്‍ സാധ്യമായിരുന്ന ഒന്നിനെ മറ്റൊന്നാക്കി മാറ്റി. ശബരിമലയില്‍ ഈ വര്‍ഷം ഒറ്റ സ്ത്രീകളും ദര്‍ശനം നടത്തിയില്ല എന്ന് അറിയാമല്ലോ?

കാര്യം ഇതാണ്. പുരോഗമനത്തിന്റെ ലേബലൊട്ടിച്ച കുഴല്‍കിണറുകള്‍ ലിബറലിസത്തിന്റെ വിഷലിപ്ത വെള്ളവും ചുരത്താറുണ്ട്. അത് തിരിച്ചറിയുകയാണ് ഒരു സാമൂഹ്യപ്രസ്ഥാനത്തിന്റെ ദൗത്യം.

ആരംഭത്തില്‍ തടുത്തുകൂട്ടിയ ചോദ്യങ്ങളിലേക്ക് മടങ്ങിവരാം. നമ്മുടെ ജനാധിപത്യ ജീവിതത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ചില ഉത്തരങ്ങള്‍ പറയുകയാണ്. മതജീവിതത്തെ, വിശ്വാസപ്രകാശനങ്ങളെ മുന്‍നിര്‍ത്തി ഇസ്‌ലാമിനു നേര്‍ക്ക് നടക്കുന്ന അപരത്വവത്കരണത്തില്‍ ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കൂട്ടായ്മ പൊതുവിലും സിപിഎം പ്രത്യേകിച്ചും അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. അത് ഇസ്‌ലാം അപരവത്കരണത്തില്‍ മാത്രമല്ല, മനുഷ്യര്‍ അവരുടെ വേരു തേടുന്ന, വേരിലാഴാന്‍ പരിശ്രമിക്കുന്ന, മനുഷ്യര്‍ സ്വന്തം ജീവിതത്തെ അപരന് ഭാരമോ അപകടകരമോ അല്ലാത്ത വിധം ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന എല്ലായിടത്തും തടസ്സവും അപരവത്കരണ ശ്രമങ്ങളുമായി ഇരുകൂട്ടരും വരുന്നുണ്ട്. അത് ബോധപൂര്‍വമല്ല. ലിബറല്‍ യുക്തികളെയും കേവല യുക്തിവാദത്തെയും “പുരോഗമനം’ എന്ന് തെറ്റിദ്ധരിക്കുന്നത് മൂലമുള്ള അപകടമാണ്. നോക്കൂ രണ്ടും ഒന്നാംതരം ഫാഷിസ്റ്റ് ആയുധങ്ങളുമാണ്. സി രവിചന്ദ്രനെ ഓര്‍ക്കാം. മുസ്‌ലിം വിരോധത്താല്‍ അന്ധനായിത്തീര്‍ന്ന ഒരാളാണല്ലോ പതിനായിരക്കണക്കിന് ആരാധകരുള്ള ആ യുക്തിവാദി. തങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുണ നല്‍കുന്ന വിശ്വാസി മുസ്‌ലിംകള്‍ തങ്ങളില്‍ അഭയം തേടുകയാണെന്നും അവര്‍ക്ക് തങ്ങളുടെ ആധുനിക-പുരോഗമന സംരക്ഷണ കവചം വേണം എന്നുമുള്ള ഒരു ചിന്തയും പ്രബലമാണ്. അത് ൈസദ്ധാന്തികമായ ഒരു അധിനിവേശബോധത്തില്‍ നിന്ന് രൂപം കൊള്ളുന്നതാണ്. അഥവാ സിദ്ധാന്തത്തെ പാതി വെന്ത നിലയില്‍ ഭക്ഷിച്ചതിന്റെ, ഭക്ഷിക്കുന്നതിന്റെ അസ്‌കിതയാണ്. പാതി വെന്ത ചിന്തകള്‍ ഇതര ചിന്തകളോട് അസഹിഷ്ണുവായിരിക്കും. തിരഞ്ഞെടുപ്പ് എന്നത് ഒരു പ്രക്രിയ മാത്രമാണ് എന്നും അതില്‍ ലഭിക്കുന്ന പിന്തുണ മൂര്‍ത്ത സാഹചര്യങ്ങളോടുള്ള മൂര്‍ത്ത പ്രതികരണമാണെന്നും മനസിലാക്കിയാല്‍ അതും തീരും.
മാറേണ്ടത് ആരാണെന്നാണ് പറഞ്ഞു വന്നത്. അതാണ് പറയാനുള്ളതും.

കെ കെ ജോഷി

You must be logged in to post a comment Login