ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ സംസ്കാരം മുസ്‌ലിംകൾക്കിടയിൽ
സാംസ്‌കാരിക നായകരോ മത നിയമങ്ങളോ പ്രവാചകന്മാരോ മഹര്‍ഷിമാരോ മുനിമാരോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ പഠിപ്പിച്ച ആശയമോ ജീവിതസംഹിതകളോ അല്ല ലിബറലിസം. സംസ്‌കാര ശൂന്യരായ ഒരുകൂട്ടത്തിന്റെ ലീലാവിലാസം മാത്രമാണത്. മുസ്‌ലിം ഭവനങ്ങളില്‍ അത് കടന്നുവന്നിട്ടുമില്ല. ഇസ്‌ലാമിക സൊസൈറ്റിയില്‍ വിവിധ ലിംഗവിഭാഗങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണ്. പൈതൃകമായി മാതാപിതാക്കളിലൂടെയും ഗുരുനാഥന്മാരിലൂടെയും കിട്ടുകയും അഭ്യസിക്കുകയും ചെയ്യുന്ന ജീവിതരേഖക്കനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. ഭദ്രമായ ആ ജീവിതം തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന് മുസ്‌ലിം രക്ഷകരായി വരുന്നവരുണ്ട്. വിശദ വായനയില്‍ മനുഷ്യജീവിതം മൂന്ന് അടിത്തറകളില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. ഒന്ന്, വിശ്വാസം. രണ്ട്, സംസ്‌കാരം. മൂന്ന്, സ്വഭാവം. ജന്മനാ മനുഷ്യന്‍ വിശ്വാസി ആയിരിക്കും. തിരഞ്ഞെടുക്കുന്ന വിശ്വാസധാര പിഴച്ചതാകാം, ശരിയാകാം. ഏതായാലും തന്റെ സുഖദുഃഖങ്ങളും ഭാവിഭാഗധേയവും താന്‍ വിശ്വസിച്ച ദൈവത്തിലർപിതമായിരിക്കും. അത്തരം ഒരർപണത്തില്‍ മനഃസമാധാനത്തോടെ ജീവിക്കും. മുസ്‌ലിംകള്‍ ഇത് ജഗന്നിയന്താവും ഏകനും സർവജ്ഞനുമായ അല്ലാഹുവിലർപിക്കുന്നു. അതുകൊണ്ടുണ്ടാകുന്ന സമാധാനവും ശാന്തിയും യുക്തി, നിരീശ്വര, ലിബറല്‍ വാദികള്‍ക്ക് ലഭിക്കുന്നില്ല.

രണ്ടാമത്തെ സംസ്‌കാരം പ്രസ്തുത വിശ്വാസത്തിന് അനുസരിച്ച് നിർവചിക്കപ്പെടുന്നു. ആരാധന, കുടുംബ ബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, ലൈംഗിക ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ഒട്ടനവധി ജീവിത സ്പര്‍ശിയായ കാര്യങ്ങള്‍ സാംസ്‌കാരികമാണ്. മതാചാര്യന്മാരുടെ നിയമ നിർദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഏതൊരാളും സംതൃപ്തിയോടെ അവ അംഗീകരിക്കുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ ലിബറലിസ്റ്റ് എന്ന് പറയപ്പെടുന്നവര്‍ ഇവിടെയാണ് ചങ്ങല പൊട്ടിക്കുന്നത്. മതങ്ങളും നിയമങ്ങളും വേണ്ടായെന്നും അവരവര്‍ സ്വതന്ത്രരായി ജീവിച്ചാല്‍ മതിയെന്നും അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്‌ലാമിക ജീവിതത്തോടാണ് അവര്‍ പ്രധാനമായും ഏറ്റുമുട്ടുന്നത്. മുസ്‌ലിം സ്ത്രീകളെ ഓര്‍ത്താണവര്‍ കണ്ണീരൊലിപ്പിക്കുന്നത്. അവരുടെ പര്‍ദയിലും കുടുംബജീവിതത്തിലും സ്പര്‍ശിച്ച് ഒടുവില്‍ മുഹമ്മദ് നബിയെയും (സ്വ) അല്ലാഹുവിനെയും ഭർത്സിക്കുന്നതിൽ എത്തിനില്‍ക്കുന്നു മോഡേണ്‍ ലിബറലുകള്‍.

ഇസ്‌ലാമിൽ വനിതകൾക്ക് സ്വാതന്ത്ര്യമില്ലേ?
മതനിയമങ്ങൾ സ്വാതന്ത്ര്യനിഷേധമല്ല. മതങ്ങളും നിയന്ത്രണങ്ങളും വളര്‍ത്തു പശുവിന്റെയും ആടിന്റെയും കഴുത്തിലെ കയര്‍ പോലെയാണ്. കൃഷി നശിപ്പിക്കാതിരിക്കാനും അതുവഴി ഒരുപദ്രവവും ഏല്‍ക്കാതിരിക്കാനുമുള്ള സുരക്ഷയാണ് ആ കയര്‍.

ഒരാള്‍ സ്വന്തം പണം കൊടുത്തു വാങ്ങിയ കാറില്‍ സകുടുംബം യാത്ര ചെയ്യവേ ട്രാഫിക് ഐലന്റില്‍ എത്തുന്നു. പൊലീസ് കൈ വീശി വാഹനം നിര്‍ത്തിക്കുന്നു. നിയമ നിർദേശത്തിന് വിധേയനായി അയാള്‍ വാഹനം നിര്‍ത്തി രണ്ടാം അനുവാദത്തിനായി കാത്തുകിടക്കുന്നു. പൊലീസും നിയമവും ഒന്നും വേണ്ടായെന്ന മനോഗതിയില്‍ ധിക്കാരപൂർവം വണ്ടി മുന്നോട്ടെടുത്താല്‍ കൂട്ടിയിടിയും അപകടവും ഉറപ്പ്. പൊലീസിന്റെ നിർദേശം സുരക്ഷക്ക് വേണ്ടിയാണ്. ഇതു പോലെ അല്ലാഹുവിന്റെ നിയമനിർദേശങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ്. മനുഷ്യന്‍ തന്നെ സ്വന്തംകാര്യം തീരുമാനിക്കുന്ന ലിബറിസ്റ്റ് ചിന്താഗതികള്‍ പ്രകാരം വ്യഭിചാരം തെറ്റായി കാണുന്നില്ല. അമ്മ, പുത്രി, സഹോദരി ലൈംഗിക ബന്ധവും അവർക്ക് തെറ്റല്ല. ഉഭയ സമ്മതത്തോടെ ആര്‍ക്കും എന്തും ചെയ്യാം. മദ്യപാനം, ലഹരി ഉപയോഗം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി ജീവിത സുഖം ആസ്വദിക്കാനാവശ്യമായ കേവല ഉപകരണങ്ങൾ മാത്രമാണവർക്ക് സഹജീവികൾ. കുറ്റവും ശിക്ഷയും അവരുടെ ലോകത്തില്ല. മതമാകട്ടെ മനുഷ്യനെ സുരക്ഷയുടെ ബലിഷ്ടമായ കരവലയത്തിലാക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ അല്‍ ബഖറ 187 ല്‍ വായിക്കാം: “അവ അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകളാണ്. അവ അതിലംഘിക്കുവാന്‍ ശ്രമിക്കരുത്. ജനസുരക്ഷയ്ക്കുവേണ്ടി അവന്‍ വിശദീകരിക്കുന്ന നിയമങ്ങള്‍ മനുഷ്യരെ ഭക്തന്മാരാക്കിത്തീര്‍ക്കുന്നു’.

മുസ്‌ലിം ന്യൂജനറേഷനും ലിബറലിസവും
ലിബറൽ ജീവിതം ഒരു നരകമാണെന്നറിയാത്തവരായി ആരുമില്ല. കേരളത്തില്‍ തന്നെ അതിനൊരു മാതൃകയുണ്ട്. രഹ്്നാ ഫാത്തിമയും മനോജും.ജാതിയും മതവും കാര്യമാക്കാതെ അവര്‍ ജീവിത പങ്കാളികളായി. മക്കളും ജനിച്ചു. അതിനിടയില്‍ തന്നെ അവർ പരമസ്വതന്ത്രരായി ജീവിച്ചു. ഇരുവര്‍ക്കും വേറെയും ലൈംഗിക ബന്ധങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ഇരുവരും വഴിപിരിഞ്ഞു. കുട്ടികളോ, അവര്‍ വഴിയാധാരമായി. യൂറോപ്യന്‍ നാടുകളില്‍ ഇപ്രകാരം ജനിക്കുന്ന മക്കളെ സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റിനാണത്രെ. ഇത്തരം അരാജകത്വം മുസ്‌ലിം ഭവനങ്ങളിലും ഏതെങ്കിലും മത മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സമൂഹങ്ങളിലും സംഭവിക്കുകയില്ല.

യൗവനം പ്രാപിക്കുന്ന മനുഷ്യനിൽ മറ്റു ജീവികളെ പോലെ ലൈംഗിക ചൂരും ചുവയും ഉടലെടുക്കുന്നു. മൃഗങ്ങളും മറ്റിതര ജീവികളും സാധ്യമാകുന്ന വഴിക്ക് ലൈംഗികദാഹം ശമിപ്പിക്കുന്നു. വഴങ്ങിക്കൊടുത്തത് അമ്മയോ പെങ്ങളോ ഒക്കെയാവാം. അവയ്ക്ക് വികാരം മാത്രമല്ലേയുള്ളൂ, വിചാരമോ വിവേകമോ ഇല്ല. മനുഷ്യന്‍ അങ്ങനെയല്ല. അവന് വികാരവും വിചാരവും വിവേകവുമുണ്ട്. വികാരത്തെ വിവേകപൂർവം നേരിടണം. ഭക്ഷണം, വസ്ത്രം, സുഖഭോഗങ്ങളെല്ലാം വിവേകത്തോടെ കരുതി ഉപയോഗിക്കണം. ലൈംഗിക ചെനപ്പ് തുടങ്ങുമ്പോള്‍ അതും ഹിതമായ മാര്‍ഗത്തിലാകണം. അതിനാണ് വിവാഹം. വിവിധ മതസമൂഹങ്ങള്‍ വിവാഹത്തിനു വിവിധ രൂപവും ഭാവവും നല്‍കിയിട്ടുണ്ട്. അവയിലൂടെ പങ്കാളിയെ കണ്ടെത്തുന്നതാണ് ഹിതമായ മാർഗം.

ഹിതമാർഗത്തിന് ഇസ്‌ലാമിന്റെ നിയമം സുശക്തവും സുദൃഢവുമാണ്. വിവാഹത്തിന് മുമ്പ് ദമ്പതിമാര്‍ കണ്ടിഷ്ടപ്പെടണം. സ്ത്രീയുടെ രക്ഷിതാവും വരനും ഒരിടത്ത് ഒത്തുചേരണം. വിവാഹ മൂല്യം (മഹര്‍) നല്‍കണം. നിശ്ചിത വചനങ്ങള്‍ ഉച്ചരിച്ച് നികാഹ് ഉടമ്പടി പൂര്‍ത്തിയാക്കണം. ആ കരാറിലൂടെ, ഇതുവരെ എന്നെ പൊന്നുപോലെ നോക്കിയ മാതാപിതാക്കള്‍ പെട്ടെന്നൊരു ദിവസം എന്നെ കൊല്ലാന്‍ കൊടുക്കില്ലെന്ന ധൈര്യം പെണ്‍കുട്ടിക്കുണ്ടാകുന്നു. അവരുടെ പ്രാർഥനയും സ്‌നേഹാനുഗ്രഹങ്ങളും എപ്പോഴും എവിടെയും വഴിവിളക്കായി കൂടെയുണ്ടാകുമെന്ന വിശ്വാസവും പ്രതീക്ഷയും വളരുന്നു.

ഇവ്വിധം നിയമംവഴി പങ്കാളിയെ കണ്ടെത്തുമ്പോള്‍ സ്ത്രീയും പുരുഷനും വഞ്ചിക്കപ്പെടുകയോ ഉപയോഗം കഴിഞ്ഞ് അന്യോന്യം ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. കൂടാതെ മാതാപിതാകുടുംബാദികളുടെ പിന്തുണയും സംരക്ഷണവുമുണ്ടാകുന്നു. വളര്‍ത്തി വലുതാക്കി സ്‌നേഹം വാരിക്കോരി തന്നവരെ പിരിഞ്ഞു ചെന്നെത്തുന്ന ഇടത്തിലും സ്‌നേഹമാണ് കാത്തിരിക്കുന്നത് എന്ന ധൈര്യം നല്‍കുന്നു. പ്രതീക്ഷിക്കാതെ പ്രണയിച്ച് വീട്ടുകാരോട് കലഹിച്ച് വീടുപേക്ഷിച്ചു വന്ന പെണ്‍കുട്ടിക്ക് ആണ്‍ഗൃഹത്തിലെ ഇഷ്ടക്കുറവ് ബാധിക്കുന്നില്ല.
വിവാഹിതരാകുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് തന്റെ പങ്കാളി തനിക്ക് മുമ്പ് മറ്റാരുമായും കിടക്ക പങ്കിട്ടില്ലായെന്ന ബോധ്യമുണ്ടാകുന്നു. ലിബറിസ്റ്റുകളാകട്ടെ, പലരും/ പലരെയും ഉപയോഗിച്ചവരായ സ്ത്രീ പുരുഷന്മാരാണ് അവരുടെ സൊസൈറ്റിയില്‍ ഉണ്ടാവുക. പ്രത്യുല്പാദനത്തിനോ പിറക്കുന്ന സന്താനങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. ഇതിലധികം ജീവിതം കുത്തഴിയാന്‍ മറ്റെന്തുണ്ട്. “അവര്‍ മൃഗതുല്യരാണ്. അതല്ല; മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണ് ‘ എന്ന് ഖുർആൻ അല്‍ ഫുര്‍ഖാന്‍ അധ്യായത്തിൽ നാല്‍പ്പത്തിനാലാം വാക്യത്തില്‍ പറഞ്ഞത് അന്വർഥമാക്കുന്ന ജീവിതമാണ് ലിബറല്‍ സൊസൈറ്റിയുടേത്.

ലിബറലിസം വരുന്ന വഴികള്‍
ലിബറല്‍ ചിന്താഗതിക്ക് വഴിയൊരുക്കുന്ന ബന്ധങ്ങളും വഴികളും ഇന്ന് ധാരാളമാണ്. അവയിലൊന്നാണ് കാമ്പസുകളിലെ “സൗഹൃദം’. സെക്കന്‍ഡറി, ഡിഗ്രി തലങ്ങളിലെ പഠനകാലത്തുണ്ടാകുന്ന അതിരുവിട്ട ആണ്‍ പെണ്‍ സൗഹൃദങ്ങളും തുടർന്നുള്ള യാത്രകളും ലിവിങ് ടുഗദറിന് പ്രചോദനമാകുന്നു. പ്രേമ കാമ ചാപല്യങ്ങള്‍ കരകവിഞ്ഞൊഴുകുന്ന, തുടിക്കുന്ന ടീനേജ് പ്രായത്തില്‍ എന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം എന്റെ മതവും പടച്ചവനും മാതാപിതാക്കളുമാണെങ്കില്‍ അവരൊന്നും എനിക്ക് വേണ്ടായെന്ന സ്വതന്ത്ര ചിന്ത യുവതീയുവാക്കളില്‍ പ്രവർത്തിക്കുന്നു. അത് മുളച്ച് ചെടിയായി വളര്‍ന്ന് നിരീശ്വരവാദിയോ യുക്തിവാദിയോ ആയിത്തീരുന്നു. കൂട്ടായ്മയിലെ പങ്കാളികള്‍ മതനിരാസമുള്‍കൊണ്ടവരാണെങ്കില്‍ പറയേണ്ടതുമില്ല. കാമ്പസ് രാഷ്ട്രീയത്തിന് പ്രാമുഖ്യം കൊടുക്കുന്നവര്‍ ചെന്ന്പെടുന്ന പാര്‍ട്ടി സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നവരാണെങ്കില്‍ ശരിക്കും പണികിട്ടിക്കൊണ്ടിരിക്കും. ഉല്ലാസയാത്രകളും ഒരുമിച്ചുള്ള ചിത്രങ്ങളും സെക്‌ഷ്വല്‍ അറേഞ്ച്‌മെന്റും എല്ലാം നടന്നിരിക്കും. ജീവനോളം കാത്തുസൂക്ഷിച്ചതെല്ലാം അതോടെ തകര്‍ന്നടിയും. ഇരയാക്കപ്പെടുന്ന സ്ത്രീ നിഷ്‌കളങ്കയാണ്. തന്നെ പ്രണയിക്കുന്നവന്‍ പരസ്ത്രീ ബന്ധമുള്ളവനാകുന്നത് അവള്‍ സഹിക്കില്ല. ലിബറല്‍ വാദവും സ്വതന്ത്ര ലൈംഗികതയും കൊണ്ട് നടക്കുന്നവരാകട്ടെ പരസ്ത്രീ ബന്ധത്തിനു വേണ്ടി മാത്രമാണ് അതിന്റെ വക്താവാകുന്നത്. നേരെ ചൊവ്വേ പറഞ്ഞാല്‍ സ്ത്രീത്വത്തിന് മൂല്യവും ആദരവും കല്പിക്കാത്ത മാംസദാഹികളായ ചൂഷകര്‍.

അതിരു വിട്ട സോഷ്യല്‍ മീഡിയ ബന്ധങ്ങളാണ് രണ്ടാമത്തെ കാരണം. ഇൻസ്റ്റഗ്രാമിലും ചാറ്റിങിലും രാപ്പകല്‍ നിറഞ്ഞു നില്‍ക്കുന്ന സൗഹൃദംവഴി താനറിയാതെ കാമക്കണ്ണുള്ള കഴുകന്മാരുടെ കൈകളിലെത്തിപ്പെടുന്നു. ദുരുപയോഗത്തിന്റെ വഴികള്‍ രഹസ്യമായി തുറക്കപ്പെടുന്നു. കുടുംബവും രക്ഷാകര്‍ത്താക്കളുമറിയാതെ പോകുന്ന സൗഹൃദങ്ങള്‍ ആപത്തിന്റെ നരകാഗ്‌നിയില്‍ കത്തിയാളുമ്പോള്‍ മാത്രമാണ് സ്വബോധം വീണ്ടെടുക്കുന്നത്. അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും. സ്വയം എരിഞ്ഞടങ്ങുന്ന ഒരു തലമുറയെയാണ് ലിബറലിസം സോഷ്യൽ മീഡിയ വഴി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ ഗ്രൂപ്പുകളിലെ ചര്‍ച്ചകളും മുസ്‌ലിം തലമുറയെ വഴിതെറ്റിക്കാന്‍ കാരണമാകാറുണ്ട്. ലിബറലുകളും യുക്തിചിന്തകരും സ്വതന്ത്രവാദികളും പലപേരുകളിലായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഡിഗ്രി പി ജി തലങ്ങളിലുള്ള മതപരമായി വേരുറക്കാത്ത യുവതീയുവാക്കളെ ചര്‍ച്ച ആകര്‍ഷിക്കുന്നു. അവര്‍ ക്ലബ്ബുകളിലും സൗഹൃദ സംഭാഷണത്തിലും പങ്കു ചേരുന്നു. ചര്‍ച്ചകള്‍ കാടു കയറി ഇസ്‌ലാമിക വിശ്വാസങ്ങളെ കയറിപ്പിടിക്കുന്നു. മുഹമ്മദ് നബിയും(സ്വ) അവിടുത്തെ കുടുംബ ജീവിതവുമൊക്കെ ചര്‍ച്ചയില്‍ കയറി വരുന്നു. ശ്രോതാക്കളെ സംശയത്തിന്റെ മുള്‍മുനയില്‍ കൊണ്ടെത്തിക്കുന്നു. മറുപടി പറയാനോ തിരുത്തിക്കൊടുക്കാനോ ആളില്ലാത്ത ഗ്രൂപ്പുകളില്‍ ഒറ്റക്ക് ഗോളടിച്ച് അനുയായികളെ വഞ്ചിക്കുന്നു. ലോക പരിചയവും മതാടിത്തറയും ഇസ്‌ലാമിക ചരിത്രബോധവും ഉറച്ച ഈമാനും നേടിയിട്ടില്ലാത്ത ആരും അതില്‍ പെട്ടുപോകുന്നു. യുക്തി ബോധത്തോടെ ആഴത്തില്‍ അറിവ് നേടിയ പണ്ഡിതരായ പ്രേക്ഷകരുള്ള ക്ലബ്ബുകളില്‍ ലിബറല്‍ വാദക്കാര്‍ തോറ്റ് തുന്നം പാടാറുണ്ട്. വിവരമുള്ളവരുടെ ഇടപെടല്‍ മാത്രമാണ് അത്തരം ഗ്രൂപ്പുകളെ പ്രതിരോധിക്കാനുള്ള വഴി.

ലിബറലിസത്തെ പ്രതിരോധിക്കാം
തിന്മകള്‍ തടയുന്നതിന് ഇസ്‌ലാമിന് ഒരു പൊതുപോളിസിയുണ്ട്. അത് തന്നെയാണ് വികല ആശയക്കാരെയും ലിബറല്‍ ചിന്താഗതിക്കാരെയും തടയാനുമുള്ള മാർഗം. ഒരു തെറ്റ് സംഭവിക്കുമെന്ന് കണ്ടാല്‍ അതിന്റെ പ്രചോദനമാകുന്ന ഗൈറ്റ് വേകളെല്ലാം അടച്ചുവെക്കുക, നിരുത്സാഹപ്പെടുത്തുക. ഉദാഹരണം, വ്യഭിചാരം നടക്കുന്നുവെങ്കില്‍ അതിന് പ്രചോദകമായ ധാരാളം കാര്യങ്ങൾ മുമ്പേ സംഭവിച്ചിട്ടുണ്ടാകും.
ദര്‍ശനം, ചാറ്റിംഗ്, സ്പര്‍ശനം, പരിധിവിട്ട ഇടകലരല്‍ ഇവക്കെല്ലാം പൂർണ സമ്മതം ലഭിക്കുകയും അവ യഥേഷ്ടം നടക്കുകയും ചെയ്താല്‍ ഒട്ടും വൈകാതെ വ്യഭിചാരവും നടക്കുമല്ലോ. ഇസ്‌ലാമില്‍ മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്യരും വലിയവരുമായ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നിഷിദ്ധമാണ്. വലിയ തെറ്റ് സംഭവിക്കാനിടയാക്കുന്ന കവാടങ്ങളാണിവയെല്ലാം; ആ പഴുതുകളെല്ലാം ഇസ്‌ലാം അടച്ചു വെക്കുന്നു.
ലക്ഷക്കണക്കിന് പോണ്‍ സൈറ്റുകള്‍ നിര്‍ബാധം കയറി ആസ്വദിക്കുന്നു. ആണ്‍- പെണ്‍ സുഹൃത്തുക്കളുമായി അതിരുവിട്ട സൗഹൃദം നടത്തുന്നു. ഇതിനെല്ലാം സ്വാതന്ത്ര്യം നല്‍കിയിട്ട് പിന്നെ അവര്‍ വഴിവിട്ട ലൈംഗികജീവിതം നയിച്ചാല്‍ ആരെയാണ് കുറ്റം പറയേണ്ടത്. ആകയാല്‍ ഇസ്‌ലാം പോളിസിയാണ് പ്രതിരോധത്തിന്റെ മുഖ്യമാർഗം.

രണ്ടാമതായി ടീനേജ് പ്രായത്തില്‍ മതമൂല്യങ്ങളായ ധാർമിക വിജ്ഞാനം നല്‍കുക. പതിനൊന്നോ പതിമൂന്നോ വയസ്സാകുമ്പോള്‍ ഇന്ന് മദ്റസാ പഠനം അവസാനിക്കുന്നു. ശരിയാംവിധം ബുദ്ധിയും തന്റേടവും ഉറക്കുന്നതിന് മുമ്പാണീ പ്രായം. അതിന് ശേഷമുള്ള ദീർഘകാലയളവ് കോളജ് തലത്തിലാണ്. അവിടെയാണ് ഇത്തരം വഴിവിട്ട ചിന്തകളും വിശ്വാസങ്ങളുമുണ്ടാകുന്നത്. ആ പ്രായക്കാര്‍ക്ക് കൃത്യമായ മതാധ്യാപനങ്ങള്‍ കിട്ടാനുള്ള പദ്ധതികളാവിഷ്‌കരിക്കണം. ശാസ്ത്രീയവും ആധികാരികവുമായ വിജ്ഞാനം. കെട്ടുകഥകളോ ബലഹീനമായ വിവരങ്ങളോ അല്ല. കഴിഞ്ഞകാല നൂറ്റാണ്ടുകളില്‍ ലോക മുസ്‌ലിംകള്‍ കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളും പർവത സമാനങ്ങളായ വൈജ്ഞാനിക പുരോഗതികളും ചരിത്രപരമായി അവരെ പഠിപ്പിക്കണം.
വ്യവസ്ഥാപിതമായി നടന്നുവരുന്ന വനിതാ ശരീഅത് കോളജുകള്‍ വഴിയായി യുവതികള്‍ക്ക് ഒാറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു മൗലിക വിജ്ഞാനം നല്‍കണം. സ്വയം രക്ഷപ്പെടാനും ആവശ്യമെങ്കില്‍ ക്ലബ്ബ് ചര്‍ച്ചകളിലെ വാക്കത്തികളായി സംസാരിക്കാനും ഉപകരിക്കണം.

പി എസ് കെ മൊയ്തു ബാഖവി മാടവന

(പി എസ് കെ മൊയ്തു ബാഖവി മാടവന സമസ്ത കേന്ദ്ര മുശാവറ അംഗമാണ്).

You must be logged in to post a comment Login