ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ ശത്രുവാണോ? ദീര്‍ഘമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരുന്ന/കൊണ്ടിരിക്കുന്ന ഒരു ഡിസ്‌കോഴ്സ് സ്പെയ്സാണിത്. ഇത്തരം സംവാദപരതയെ തുറന്നുവിട്ടതില്‍ അനിഷേധ്യ സാന്നിധ്യമുള്ളൊരു കൃതിയാണ് സാമുവല്‍ പി ഹണ്ടിങ്ടണ്‍ തയാറാക്കിയ “ക്ലാഷസ് ഓഫ് സിവിലൈസേഷന്‍’. 1992ല്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിക്കുകയും 93ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതിയുടെ ഉള്ളടക്കം അമേരിക്കകത്തും പുറത്തുമുള്ള നിരവധി പൊളിറ്റികല്‍ സയന്റിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും പുതിയ ആലോചനകളിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപപ്പെട്ട രാഷ്ട്രീയ അവ്യവസ്ഥയുടെ കാലത്താണ് ഹണ്ടിങ്ടണ്‍ പുതിയൊരു ആലോചന പങ്കുവെക്കുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ആരംഭിക്കാനിരിക്കുകയും ചെയ്യുന്നു എന്നായിരുന്നു അത്.

ലിബറലിസവും ഹണ്ടിങ്ടണ്‍ ആലോചനകളും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ട്. അമേരിക്ക/പടിഞ്ഞാര്‍ അഭിമുഖീകരിക്കുന്ന ബാഹ്യഭീഷണി എന്ന രൂപത്തിലാണ് സംസ്‌കാരങ്ങളുടെ സംഘട്ടനങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നത്. ഫോറിന്‍ അഫയേഴ്സ് എന്ന അമേരിക്കന്‍ മാഗസിനിലാണ് ഹണ്ടിങ്ടൺ തന്റെ പ്രബന്ധം അവതരിപ്പിക്കുന്നത് തന്നെ. അതേസമയം പടിഞ്ഞാറിന്റെ, അഭ്യന്തര പ്രശ്നമായി അദ്ദേഹം സ്വരൂപിക്കുന്നത് മതത്തോടുള്ള അകല്‍ച്ചയാണ്. ജീവിതത്തിന്റെ ഏറ്റവും ഭദ്രമായ ഘടനയാണല്ലോ മതവും വിശ്വാസവും. ഈ മൗലികബോധത്തെ പൊളിച്ചിടാന്‍ ശ്രമിക്കുന്ന മനോഭാവമാണ് ലിബറലിസം. അതാണ് ഹണ്ടിങ്ടണ്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇസ്‌ലാമിക നാഗരികത, ഹിന്ദു നാഗരികത തുടങ്ങിയ ആറ് പ്രധാന നാഗരികതകളെയാണ് ഹണ്ടിങ്ടണ്‍ ചര്‍ച്ചക്കെടുക്കുന്നത്. ഇസ്‌ലാമിക നാഗരികതയുമായി ബന്ധപ്പെട്ട കൃതിയിലെ ഭാഗത്തെ, ഇസ്‌ലാം പേടിയുടെ അക്കാദമികമായ അടിസ്ഥാനമായിട്ട് വേണം മനസിലാക്കാന്‍. മുസ്‌ലിം രാഷ്ട്രങ്ങളിലേക്കുള്ള അമേരിക്കന്‍ അധിനിവേശത്തിന് വേഗം പകര്‍ന്നത് ഹണ്ടിങ്ടന്റെ ഈ നിരീക്ഷണമായിരുന്നു. ഇസ്‌ലാമിക വ്യവഹാരങ്ങള്‍ക്കകത്ത് റാഡിക്കല്‍ മൂവ്‌മെന്റുകളെ വളര്‍ത്തുകയും അവര്‍ക്ക് സാമ്പത്തിക പിന്‍ബലം നല്‍കുകയും ചെയ്യുന്നതുവരെ അമേരിക്കയുള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളാണെന്ന ആരോപണങ്ങളുണ്ടല്ലോ. ഹണ്ടിങ്ടന്റെ ഭൂതം അവയിലൊക്കെയും ദൃശ്യപ്പെടുന്നതുകൊണ്ടാണ് അതൊരു യാഥാര്‍ത്ഥ്യമെന്ന് കരുതപ്പെടുന്നത്.

കുടുംബഭദ്രത, ലഹരിനിഷേധം തുടങ്ങിയ അമേരിക്കന്‍ നാഗരികതക്കില്ലാത്ത ചില ഗുണപക്ഷങ്ങള്‍ ഇസ്‌ലാമിക നാഗരികതക്കുണ്ട്. പക്ഷേ രാഷ്ട്രത്തെയും അതിലെ സാംസ്‌കാരിക, നാഗരിക മണ്ഡലങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഒന്നാണോ കുടുംബഭദ്രതക്കും ജീവിത വ്യവസ്ഥകള്‍ക്കും ഏല്‍ക്കുന്ന പരിക്കുകള്‍? ഈ ആലോചനയിലൂടെയാണ് ലിബറലിസത്തെ സംബന്ധിച്ച ചില അടിസ്ഥാന കാര്യങ്ങള്‍ സ്വരൂപിക്കാന്‍ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് നാടുകളുടെ ചരിത്രം സുപരിചിതമാണല്ലോ. രാഷ്ട്രീയമായി വലിയ പ്രതിസന്ധികള്‍ രൂപപ്പെട്ട നാടുകളായിരുന്നു അവ. ജീവിതത്തിന്റെ മൗലികമായ ചട്ടക്കൂടുകളെ വിമര്‍ശിക്കുകയോ നിഷേധിക്കുകയോ ചെയ്തതിന്റെ അനന്തരഫലമായി അനിയന്ത്രിതമായ ജീവിതപ്രതിസന്ധികള്‍ കമ്യൂണിസ്റ്റ് നാടുകളിലൊക്കെയും രൂപപ്പെട്ടിട്ടുണ്ട്. സമാനമായ ജീവിത വ്യവസ്ഥ നിലനില്‍ക്കുന്ന പടിഞ്ഞാറിനും ഇതേ പ്രതിസന്ധികളുണ്ട്. ജനവിഭവശേഷി വലിയയളവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ലഹരിക്കടിമപ്പെടുന്നവരുടെ അളവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളും ഭദ്രതയും കൂടുതല്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. റഷ്യയില്‍ ഇത്തരം പ്രശ്നങ്ങള്‍ വ്യാപകമായി മാറി. ഭരണകൂടം തന്നെ ചില പ്രതിസന്ധികളെ അതിജയിക്കാന്‍ നേരിട്ടിടപ്പെട്ടു തുടങ്ങുന്നു. ജനനനിരക്ക് ഉയർത്താനുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു. ജര്‍മനി വലിയ തോതില്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് ആവശ്യമായ മനുഷ്യവിഭവങ്ങള്‍ അവര്‍ക്കില്ലാത്തതുകൊണ്ടുകൂടിയായിരുന്നു. നേരത്തെ പൊതുയിടങ്ങളിലുണ്ടായിരുന്ന ഗര്‍ഭനിരോധന സൗകര്യങ്ങൾ അവിടങ്ങളിലൊക്കെ എടുത്തുകളഞ്ഞു. ആ രാജ്യങ്ങൾ അത്രകണ്ട് ജനക്കമ്മിയനുഭവിക്കുന്നുണ്ടെന്നര്‍ഥം. ഇപ്പറഞ്ഞ ആഘാതങ്ങളുടെയൊക്കെയും കാരണം ലിബറലിസമാണ്. പ്രായോഗികമായ ഒരു ജീവല്‍പദ്ധതി അവതരിപ്പിക്കാന്‍ അതിന് കഴിയുന്നില്ല. നിരന്തരമായ യുക്തിബോധം ഉത്പാദിപ്പിക്കുകയും എന്നാല്‍ മറുയുക്തിയെ നിരാകരിക്കുകയും ചെയ്യുന്ന ലിബറലിസം, വളരെ ജൈവികമായ, മൗലികമായ ക്രമങ്ങളെ പൊളിക്കാന്‍ ശ്രമിക്കുന്നവരുടെ ഏറ്റവും നല്ലൊരു ടൂളാണെന്ന് ചുരുക്കം. എന്നിട്ടും ഇത്തരം അപക്രമങ്ങളെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ലിബറല്‍ കാല്പനിക സിദ്ധാന്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് ഒരു ഐറണി.

മതങ്ങളുടെയോ ഇതര മൂല്യസിദ്ധാന്തങ്ങളുടെയോ പ്രവർത്തനമാണ് ജൈവികമായ ഒരു ലോകക്രമവും ജീവിതക്രമവും രൂപപ്പെടുത്തിയത്. പക്ഷേ ആകര്‍ഷകത്വം നഷ്ടപ്പെട്ട വ്യവഹാരങ്ങളായാണ് ഇവ പലപ്പോഴും പൊതുയിടങ്ങളില്‍ വിശദീകരിക്കപ്പെടുന്നത്. അപരോന്മുഖമല്ലാത്ത, യുക്തിയിലധിഷ്ഠിതമല്ലാത്ത, കാലത്തോടും ലോകത്തോടും ചേര്‍ന്നൊഴുകാത്ത ജീവിതബാധ്യതയായി അവ ചിത്രീകരിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ഒട്ടിപ്പിടിച്ചാണ് ലിബറലിസം പിടിച്ചുകയറുന്നതും കൂടുതല്‍ ആകര്‍ഷകത്വംനേടുന്നതും.

യൂറോപ്യർ അനുഭവിക്കുന്ന ആന്തരികദൗര്‍ബല്യങ്ങളെ അന്വേഷിക്കുകയും അതിലേക്കവരെ എത്തിച്ച സിദ്ധാന്തങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നവര്‍ എത്ര പേരുണ്ടാകും? തുലോം തുഛം. ഇതാണ് ലിബറല്‍ സങ്കല്പങ്ങളുടെ പ്രധാനപ്പെട്ടൊരു പ്രശ്നം. അകം വരണ്ടുണങ്ങുമ്പോഴും ആകര്‍ഷിപ്പിക്കുന്ന പുറംമേനി അത് കാട്ടിത്തരും. ലിബറലിസത്തിന്റെ മുഖ്യ ആകര്‍ഷകതയിലൊന്നാണ് വ്യക്തിസ്വാതന്ത്ര്യവാദം. ആ സ്വാതന്ത്ര്യം എല്ലാ അതിര്‍വരമ്പുകളും പൊളിച്ച് ആസ്വദിക്കുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണനാകുന്നത് എന്നാണ് ലിബറലുകൾ വിചാരിക്കുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും അവനെ അപൂര്‍ണനാക്കുന്നു എന്നാണ് വാദം. ഞാന്‍ ചെയ്യുന്ന കാര്യങ്ങൾ അപരനെ തൊടുന്നില്ലെങ്കില്‍ അപരന്‍ എന്നില്‍ ഇടപെടരുത്. നമ്മള്‍ പരസ്പരം ബോധത്തോടെയും താത്പര്യത്തോടെയും ചെയ്യുന്ന ഒന്നിലും മൂന്നാമനായി മതമോ മനൂഷ്യനോ ഇടപെടേണ്ടതില്ല. ഈ വ്യക്തിവാദമാണ് ലിബറല്‍ കാഴ്ചപ്പാടുകളുടെ ആകെപ്പാടെയുള്ള ഉള്ളടക്കം. യൂറോപ്യന്‍ ജനതക്കിടയില്‍ വലിയ തോതില്‍ വളര്‍ന്നുവരുന്ന ഈ മനോഘടനയാണ് അവരെ കൊടും ജീവിത ദുഃഖങ്ങളിലേക്കും ലഹരിയാസക്തിയിലേക്കും തുടര്‍ന്ന് ആത്മാഹുതികളിലേക്കും നയിക്കുന്നത്.

യൂറോപ്യന്‍ ജീവിത, സൈദ്ധാന്തിക പശ്ചാതലങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്നതാണ് സ്ത്രീവാദ പ്രസ്ഥാനങ്ങള്‍. റാഡിക്കല്‍ ഫെമിനിസം മുതല്‍ വുമണിസം വരെ എത്തിനില്‍ക്കുന്ന അവയുടെ ആശയപകര്‍ച്ചകള്‍ സ്ത്രീവാദ ഉള്ളടക്കങ്ങളുടെ അസ്ഥിരത കൂടിയാണ് വ്യക്തമാക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ വാദങ്ങള്‍ സ്ത്രീവാദങ്ങളുടെ തന്നെ തുടര്‍ച്ചകളിലാണ് ചെന്നെത്തുന്നത്. ആണ്‍- പെണ്‍ എന്നിവ രണ്ട് എതിര്‍ലിംഗങ്ങള്‍ എന്നതിലപ്പുറം പരസ്പരം രണ്ടായി നില്‍ക്കേണ്ട യാഥാര്‍ഥ്യങ്ങളാണ്. ശബ്ദം, ശരീരം, വൈകാരികത, ബലം തുടങ്ങിയ അനുഭവങ്ങളിലൊക്കെയും ഒന്നാവാന്‍ കഴിയാതെ നില്‍ക്കുന്ന വൈവിധ്യങ്ങളാണ് ആൺ‍- പെണ്‍ ലിംഗങ്ങള്‍. ഈ മൗലികതയെ വിസ്മരിക്കുന്നതാണ് ലിബറല്‍ സങ്കല്‍പം. രണ്ടായി വളര്‍ത്തുന്നത് കൊണ്ടാണ് അവര്‍ അങ്ങനെയായിത്തീരുന്നത് എന്നാണ് ജന്‍ഡര്‍ ന്യൂട്രല്‍ പ്രചോദകരുടെ ന്യായം. ഇതിനെതിരെ ഉയരുന്ന എതിര്‍യുക്തികളെ അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് ഇത്തരം വാദഗതികളുടെ പ്രശ്നം.
ഉത്തരകൊറിയയില്‍ യാത്ര ചെയ്ത ഡോ. എന്‍ ജെ നടരാജന്റെ സഫാരി ടി.വിയിലെ സംസാരം കേട്ടത് ഈയിടെയാണ്. നിങ്ങള്‍ കരുതുംപോലെ എളുപ്പം യാത്രചെയ്യാവുന്ന രാഷ്ട്രമല്ല കൊറിയയും ക്യൂബയും എന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഒട്ടും രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാത്ത ഒരു രാഷ്ട്രമാണത്രെ ഉത്തരകൊറിയ. കിന്‍ജോ ഉന്നിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തരകൊറിയ. മറ്റു രാഷ്ട്രങ്ങളിലേക്കെന്ന പോലെ എളുപ്പത്തില്‍ വിസ ലഭ്യമല്ല ഉത്തരകൊറിയയിലേക്ക്. കൂടിയാല്‍ നാലോ അഞ്ചോ ദിവസം മാത്രമാണ് ഇവിടെ എത്തിയവര്‍ തന്നെ താമസിക്കുകയുള്ളൂ. അവിടെ എത്തിച്ചേര്‍ന്നാല്‍ പുറംലോകവുമായി ചെറുബന്ധം പോലും സാധ്യമല്ല എന്നതാണ് അതിന്റെ ഒരു കാരണം. ഫോൺ- സോഷ്യല്‍മീഡിയ ബന്ധങ്ങളില്ല. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട ഒരു ലഘുലേഖ പോലും സന്ദര്‍ശകരുടെ കൈവശമുണ്ടാകരുത്. അവിടത്തെ സൈനിക എസ്റ്റാബ്ലിഷ്മെന്റിന്റെ പടം എടുക്കരുത്. സന്ദര്‍ശകർക്ക് മാത്രമല്ല പൗരന്മാര്‍ക്കുമുണ്ട് ഇത്തരം നിയന്ത്രണങ്ങള്‍. ഭരണകൂടത്തെ ഒറ്റവാക്കുകൊണ്ടു പോലും വിമര്‍ശിക്കരുത്. മതവും മതഗ്രന്ഥങ്ങളും നിഷിദ്ധമാക്കിയ രാഷ്ട്രം കൂടിയാണ് ഉത്തരകൊറിയ. തലതെറിക്കുന്ന അപരാധമാണ് അവിടെ മതം.

രാഷ്ട്രീമായ വലിയ അസ്വാതന്ത്ര്യമാണിത്. ഇതിനെ ഭരണകൂടം അതിജയിക്കുന്നത് അമിതമായ ലൈംഗിക സ്വാതന്ത്ര്യം തുറന്നുകൊടുത്തുകൊണ്ടാണ്. പബ്ബുകള്‍, ബാറുകള്‍, നൈറ്റ് ക്ലബ്ബുകള്‍, സെക്സ് ടൂറിസം മുതലുള്ള എല്ലാതരം ഇടപാടുകള്‍ക്കും കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. പക്ഷേ ഇത്തരം ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഇരകള്‍ അവിടത്തെ സ്ത്രീകള്‍ മാത്രമാണ്. മുപ്പതും നാല്‍പതും പ്രായമാകുന്നതോടെ അവർ സൗന്ദര്യമാര്‍ക്കറ്റുകളില്‍ നിന്ന് പതിയേ പിന്മാറേണ്ടിവരുന്നു, അതുകഴിഞ്ഞാൽ തീര്‍ത്തും നിരാലംബരാകുന്ന അവസ്ഥയാണ് അവിടങ്ങളിലെ സ്ത്രീ സമൂഹത്തിന്റേത്. ഭദ്രമായ കുടുംബ വ്യവസ്ഥിതി അവര്‍ക്കില്ല. പ്രതീക്ഷയോടെ കയറിച്ചെല്ലാവുന്ന കുടുംബ ഇടങ്ങളില്ല. ഇക്കാരണത്താലാണ് യൂറോപിലെ പ്രായം തികഞ്ഞ സ്ത്രീകള്‍ കൂടുതലായി ഇസ്‌ലാം ആശ്ലേഷിക്കുന്നത്.
ഇത്തരം ആഖ്യാനങ്ങള്‍ പൊതുവെ വെറും പറച്ചിലെന്ന രൂപത്തില്‍ പ്രചരിക്കാറുണ്ട്. യൂറോപ്യന്‍ സുഹൃത്തുക്കൾ ധാരാളമുള്ള, എന്റെ തന്നെ പരിചയത്തിലുള്ള ഡോ. എ പി ജാഫറിനെ പോലുള്ള സാമൂഹ്യ ക്രമങ്ങളെ നിരീക്ഷിക്കുന്നവർ തരുന്ന വിവരങ്ങളും അവരുടെ സൗഹൃദത്തിലുള്ള വ്യക്തികളുടെ ജീവിതങ്ങളും ആധാരമാക്കിയാണ് ഈ വക കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. കുടുംബ വിശ്വാസ വ്യവഹാരങ്ങള്‍ അന്യമായപ്പോള്‍ അനുഭവിക്കേണ്ടി വന്ന ശൂന്യതയില്‍ അസ്വസ്ഥരായി കഴിയുന്ന വലിയൊരു കൂട്ടം ജനതയിന്ന് യൂറോപ്പിലും മറ്റും കഴിയുന്നുണ്ട്. നിങ്ങള്‍ കാണുന്ന സ്വര്‍ഗമല്ല യൂറോപ്പ്, സ്വര്‍ഗം നിങ്ങളുടെ അകത്താണ് എന്നാണ് അവര്‍ പങ്കുവെക്കുന്നത്. ഈ ജീവിതപരാജയത്തിന്റെ വിത്ത് പാകിയത് മതനിരാസചിന്തകളാണ്. കമ്യൂണിസം ഈ ദുരന്ത വ്യാപാരത്തില്‍ മുഖ്യപ്രതിയാണ്. 2013 ഒക്ടോബർ 11 വെള്ളിയാഴ്ച പുറത്തിറങ്ങിയ The Guardian പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ പറയുന്നത്, ബ്രിട്ടനില്‍ മാത്രം പ്രതിവര്‍ഷം അയ്യായിരും പേര്‍ ഇസ്‌ലാം സ്വീകരിക്കുന്നുണ്ട് എന്നാണ്. അവരില്‍ ഭൂരിഭാഗം സ്ത്രീകള്‍. അയോണി സുള്ളിവന്റെ അനുഭവം ഇതിലൊന്നുമാത്രം. അഭിമാന ബോധവും ശാന്തതയും മതാചരണത്തിന്റെ അനുഭൂതിയും ഇസ്‌ലാമിൽ അവരനുഭവിക്കുന്നു. (converting to islam: British women on prayer, peace and prejudice- The Guardian 2013 oct 11 friday).
കുടുംബം എന്ന താങ്ങും തണിയും സ്ഥാപിക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. മനുഷ്യ ജീവിതത്തിന് പ്രായോഗികമായ ഏറ്റവും നല്ല വഴിയും സാധ്യതയും കുടുംബം തന്നെയാണ്. കമ്മ്യൂണിസം കുടുംബം, സ്റ്റേറ്റ്, സ്വകാര്യ സ്വത്ത് എന്നിവയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്നാൽ പ്രായോഗികമായ മറ്റൊരു വഴിയും അവര്‍ക്ക് നിര്‍മിക്കാനോ നിര്‍ദേശിക്കാനോ കഴിഞ്ഞതുമില്ല.

കുടുംബ വ്യവസ്ഥയുടെ ബദല്‍/എതിര്‍ ആഖ്യാനങ്ങളായി കുറേ സങ്കല്‍പങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലിവിങ് ടുഗതര്‍, ലിവിങ് ഇന്‍ റിലേഷന്‍ തുടങ്ങിയവ. സിംഗിള്‍ പാരന്റ് ഫാമിലി എന്നതും വ്യവസ്ഥാപിത കുടുംബ സങ്കല്‍പവിരുദ്ധമായ ഒരാശയമാണ്. ഒഴിഞ്ഞു മാറാന്‍ കഴിയാത്ത രൂപത്തില്‍ ലിബറല്‍ ബോധങ്ങള്‍ അവയെ ഉറപ്പിച്ചു നിര്‍ത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വന്നപ്പോഴുണ്ടായ ദുരന്തപരിണതികളാണ് നാമിത്രയും പറഞ്ഞുവന്നത്. സത്യത്തിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ഇസ്‌ലാമിനെയും കുടുംബത്തെ തോല്പിക്കാൻ ശ്രമിച്ചു തോറ്റുപോകുന്ന പടിഞ്ഞാറിനെയുമാണ് നാമിപ്പോൾ കാണുന്നത്. ഈയൊരു അകലം മാത്രമാണ് കാര്യമായി ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ളത്. പക്ഷേ, അത് വലിയൊരു അകലമാണ്. ലിബറലിസം ആ അകല്‍ച്ചയെ കൂട്ടുകയേ ഉള്ളൂ.

എൻ ബി സിദ്ദീഖ് ബുഖാരി

(സിദ്ദീഖ് ബുഖാരി: പ്രവാസി രിസാല സബ് എഡിറ്റര്‍)

You must be logged in to post a comment Login