ലിബറലിസം; ഉദ്ഭവം, വളർച്ച, വികാസം, ഇസ്‌ലാമിനോടുള്ള സമീപനം

ലിബറലിസം;  ഉദ്ഭവം, വളർച്ച, വികാസം,  ഇസ്‌ലാമിനോടുള്ള സമീപനം

ലിബറൽ ജനാധിപത്യമൂല്യങ്ങൾ ആഗോളീകരിക്കപ്പെടുന്നതിലൂടെ മനുഷ്യവംശം ആദർശപരിണാമത്തിന്റെ അവസാനഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് അമേരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുകുയാമ (Francis Fukuyama) 1992-ൽ തന്റെ The End of History and the Last Man എന്ന പുസ്തകത്തിൽ എഴുതിയത്. പടിഞ്ഞാറൻ ജീവിതശൈലികളും സ്വതന്ത്രവിപണി മുതലാളിത്തവുമൊക്കെ മനുഷ്യന്റെ സാംസ്കാരിക പുരോഗതിയുടെ ഉന്നതമായ പരിസമാപ്തിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലിബറൽ ചിന്തകളാണ് പടിഞ്ഞാറിനെ മനുഷ്യപരിണാമത്തിന്റെ മുൻനിരയിൽ എത്തിച്ചതെന്ന് ഫുകുയാമ വാചാലമായി പറഞ്ഞുവച്ചു. മുപ്പതുവർഷങ്ങൾക്കിപ്പുറം ആ വാക്കുകൾ ഒരു വിചിത്രമായ ഫലിതമായി രൂപാന്തരപ്പെടുന്നു. ഫുകുയാമയുടെ അമേരിക്കയിൽ പോലും അനിയന്ത്രിതമായ ലിബറൽ ചിന്തകൾക്കെതിരെ അതിശക്തമായ ജനവികാരം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. നിരവധി സമൂഹങ്ങളിൽ പൊതുജനാഭിപ്രായം തീവ്രവലതുപക്ഷ നിലപാടിലേക്ക് പരിവർത്തനപ്പെടുന്നത് ലിബറൽ ആശയങ്ങൾക്കെതിരെയുള്ള ശക്തിയേറിയ പ്രതികരണമായി വിലയിരുത്തപ്പെടുന്നു. (1) ഫുകുയാമ പോലും പിന്നീട് നിയോകൺസർവേറ്റീവ് മൂവ്മെന്റിലേക്ക് (neoconservatism) ചേക്കേറിയിരുന്നു എന്നതാണ് രസകരമായ വസ്തുത. സമൂഹത്തെ സംരക്ഷിച്ചുനിർത്തുന്ന സുസ്ഥാപിത ഘടനകളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ നശിപ്പിക്കാൻ മുതിർന്നതിന്റെ പ്രത്യാഘാതമാണ് ഈ സ്ഥിതിഭേദങ്ങളിലൊക്കെയും നിഴലിട്ടു കാണുന്നത്.

ലിബറലിസത്തിന്റെ ഉത്ഭവം ഒരു പ്രത്യേക സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമായിട്ടല്ല. “ലിബറൽ’ എന്ന വാക്കുപോലും വർത്തമാനകാലത്തെ അർഥതലങ്ങളോടെ പൊതുമണ്ഡലത്തിലേക്ക് കടന്നുവരുന്നത് ഇന്ന് ലിബറൽ വിപ്ലവമായി പരിഗണിക്കപ്പെടുന്ന സംഭവവികാസങ്ങളുടെ തുടക്കത്തിനും ഒരു നൂറ്റാണ്ടിനു ശേഷം, 1800-കളിലാണ്. മറ്റൊരു സങ്കീർണത, ലിബറലിസത്തിന്റെ ആവിർഭാവം യൂറോപ്യൻ ആശയങ്ങളിലാണെങ്കിലും അതിന്റെ നിർവചനങ്ങൾ എവിടെയും ഏകീകൃതമല്ല എന്നതാണ്; യൂറോപ്പിൽ പോലും. രാഷ്ട്രീയ ഗ്രാഫുകളിൽ അതിന്റെ സ്ഥാനം വിവിധ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. പൊളിറ്റിക്കൽ സ്പെക്ട്രം അനുസരിച്ച് യു. കെ യിൽ അത് കേന്ദ്രബിന്ദുവിന് വലതുവശത്തും ഫ്രാൻസിലും ജർമനിയിലും അത് ഇടതുവശത്തുമാണ്. ലാറ്റിനിലെ സ്വാതന്ത്ര്യം എന്നർഥമുള്ള “liber’ എന്ന വാക്കിൽ നിന്നാണ് ലിബർട്ടിയുടെയും ലിബറലിന്റെയും ഉദ്ഭവം. 19-ാം നൂറ്റാണ്ടിൽ ഒരാളെ ലിബറൽ എന്നു വിശേഷിപ്പിക്കുന്നത് സഹിഷ്ണുതയുള്ളവൻ, ഉദാരതയുള്ളവൻ എന്ന അർഥത്തിലായിരുന്നു. ഒരു യുവപഠിതാവിന് ലഭിക്കേണ്ട സന്തുലിതശിക്ഷണം “ലിബറൽ വിദ്യാഭ്യാസം’ എന്ന് വിവക്ഷിക്കപ്പെട്ടു. ഈ അർഥത്തിന്റെ വിപുലീകരണമെന്നോണം- സഹിഷ്ണുതയുള്ള, വിശാലഹൃദയരായ ഒരു സമൂഹത്തെ ആഗ്രഹിക്കുന്നവർ എന്നർഥത്തിലും “ലിബറൽ’ എന്ന വാക്ക് ഉപയോഗിക്കപ്പെടുമായിരുന്നു. അങ്ങനെയാണ് 1810-18 കാലങ്ങളിൽ സ്പാനിഷ് പാർലമെന്റിൽ (Cortes Generales) ചില കക്ഷികൾ Liberales എന്ന പേര് സ്വീകരിക്കുന്നത്. ഈ പ്രവണതയാണ് പിന്നീട് ഫ്രാൻസിലേക്കും ബ്രിട്ടനിലേക്കുമൊക്കെ പടരുകയും ബ്രിട്ടനിലെ Whigs പാർട്ടി 1850-കളിൽ രൂപീകരിക്കപ്പെട്ട Liberal Party-യിൽ ലയിക്കുന്നത് ഉൾപ്പെടെയുള്ള പരിണാമങ്ങളിൽ കലാശിക്കുകയും ചെയ്തത്. (2)
ഇംഗ്ലീഷ് ദാർശനികനായിരുന്ന ജോൺ ലോക്കാണ് (John Locke) ലിബറലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങളുമായി ആധുനിക ലിബറലിസ്റ്റുകൾക്ക് അന്യോന്യബന്ധം തുലോം തുച്ഛമാണ്. ക്രിസ്ത്യൻ പരിസരങ്ങളിൽ നിന്നാണ് ലോക്കിന്റെ ധാരണകൾ രൂപപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മനുഷ്യസങ്കൽപം തന്നെ സൃഷ്ടിവാദത്തിൽ അധിഷ്ഠിതമായിരുന്നു. പ്രകൃതിനിയമങ്ങൾ ദൈവികവെളിപാടുകളുടെ പ്രതിച്ഛായകളായി മനസിലാക്കിയ ലോക്ക് ബൈബിൾ വചനങ്ങൾ തന്റെ എഴുത്തുകളിലുടനീളം മേമ്പൊടിയായി ചേർക്കുമായിരുന്നു. ഉദാഹരണത്തിന്, ഉൽപ്പത്തിപുസ്തകം, പത്തു കൽപനകൾ, സുവർണ നിയമം (മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്്വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ; മത്തായി 7:12), പൗലോസ് അപ്പോസ്തലന്റെ ലേഖനങ്ങൾ തുടങ്ങിയവയിൽ നിന്നാണ് തന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങൾ ലോക്ക് രൂപപ്പെടുത്തുന്നത്. പത്തുകൽപനകളിൽ പെട്ട മാതാപിതാക്കന്മാരെ ബഹുമാനിക്കണം ( പുറപ്പാട് 20:12), വ്യഭിചാരം ചെയ്യരുത് (പുറപ്പാട് 20:14), മോഷ്ടിക്കരുത് (പുറപ്പാട് 20:15), കള്ളസാക്ഷ്യം പറയരുത് (പുറപ്പാട് 20:16), അന്യന്റെ ഭാര്യയെ മോഹിക്കരുത് (പുറപ്പാട് 20:17), അന്യന്റെ വസ്തുക്കൾ മോഹിക്കരുത് (പുറപ്പാട് 20:17) തുടങ്ങിയവ ലോക്കും അവലംബിച്ചിരുന്നുവെന്ന് വ്യക്തം (pun intended).

ലോക്കിന്റെ ആശയങ്ങളുടെ തുടർച്ചയെന്നോണം ഈ വിശ്വാസപരിസരം പ്രസിദ്ധമായ Declaration of Independence-ലും നമുക്ക് ദർശിക്കാം: “We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness.’ എന്നാൽ, ലോക്കിന്റെ ലിബറലിസം വാദിക്കുന്നവരെ ഇന്ന് യൂറോപ്യൻ ലിബറലിസ്റ്റുകൾ തീവ്ര വലതുപക്ഷമായിട്ടാണ് ചാപ്പകുത്താറുള്ളത് എന്നതാണ് ലിബറലിസ്റ്റ് കഥയിലെ നർമരസപ്രധാനമായ വഴിത്തിരിവ്. ഉദാഹരണത്തിന്, സമൂഹത്തിലെ സ്ഥാപിതഘടനകളെ നശിപ്പിക്കാതെ വേണം മാറ്റങ്ങൾ വരുത്താൻ എന്ന ആശയത്തിലൂന്നി എഴുതുന്ന കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ പ്രൊഫസർ ജോർഡൻ പീറ്റേഴ്സൺ (Jordan Peterson) ഇന്ന് ഒരു യാഥാസ്ഥിതികനും (conservative) തീവ്രവലതുപക്ഷ അജണ്ടയുടെ ആളുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ലിബറലിസം പഴയതും പുതിയതും തമ്മിലുള്ള ബന്ധം പ്രസിദ്ധമായ ഖലീൽ ജിബ്രാൻ കവിതയെ അനുസ്മരിപ്പിക്കുന്നതാണ്. (3)

“നിങ്ങളുടെ മക്കൾ
നിങ്ങളുടേതല്ല;
അവർ ജീവിതത്തിന്
തന്നോടുള്ള
തീവ്രാഭിലാഷത്തിന്റെ
സന്താനങ്ങൾ;
നിങ്ങളിലൂടെ വരുന്നു;
നിങ്ങളിൽ നിന്നല്ല.
നിങ്ങളുടെ കൂടെയാണ്;
പക്ഷെ, നിങ്ങളുടേതല്ല.’

സ്വയം പ്രഖ്യാപിത അഭിനവ ലിബറലുകൾ തങ്ങളുടെ വാദങ്ങൾക്ക് ലോക്ക്, മോണ്ടെസ്ക്യൂ (Montesquieu), വോൾട്ടെയർ, റൂസ്സോ പോലെയുള്ള പ്രസിദ്ധ ചിന്തകന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്നതിനെ പലവിധേന നിരീക്ഷിക്കാവുന്നതാണ്. തങ്ങൾക്ക് വിശ്വാസ്യതയും പിന്തുണയും ഉറപ്പുവരുത്താനുള്ള ഒരു കൗശലം എന്നതിനു പുറമേ ഭാഗികമായിട്ടെങ്കിലും തങ്ങളുടെ വിശ്വാസങ്ങൾക്ക് വേരുകൾ നിർമിച്ചെടുക്കാനുള്ള അഭിലാഷം കൂടിയാണത്. “പഴയ’ ലിബറലുകൾ പ്രധാനമായും യൂറോപ്യൻ സമൂഹത്തിൽ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന രണ്ട് പ്രധാന പ്രശ്നങ്ങളെയാണ് എതിർത്തത്. യാഥാസ്ഥിതിക ക്രിസ്ത്യൻ വിശ്വാസങ്ങൾ ഏകതാനമായി സമൂഹത്തിൽ നടപ്പിലാക്കാനുള്ള മധ്യകാല ഭരണകൂടങ്ങളുടെ ശ്രമങ്ങളെ (religious conformity) എതിർക്കുക എന്നതാണ് ഒന്നാമതായി അവർ ചെയ്തത്. വ്യത്യസ്തമായ ക്രിസ്ത്യൻ അവാന്തരവിഭാഗങ്ങൾ പോലും ഭരണകൂടങ്ങളുടെ അക്രമങ്ങൾക്ക് പാത്രീഭൂതരായിരുന്നു. ഇതര മതവിഭാഗങ്ങളുടെ കാര്യം ഇതിനെക്കാൾ പരിതാപകരമായിരുന്നു. എല്ലാ വ്യത്യസ്ത സ്വരങ്ങളെയും അടിച്ചമർത്താനുള്ള സഭയുടെ ശ്രമങ്ങളും അതിന് പിന്തുണ നൽകിക്കൊണ്ടിരുന്ന ഭരണകൂടങ്ങളുമാണ് ചിന്തകന്മാരുടെ വിമർശനങ്ങൾക്ക് കാരണമായിരുന്നത്. സമൂഹത്തിൽ നിലനിന്നിരുന്ന വർഗ-വർണ വിവേചനമാണ് വിമർശനങ്ങൾക്കു കാരണമായ രണ്ടാമത്തെ പ്രശ്നം. പ്രഭുത്വവും ആഢ്യത്വവും അടിമത്തവുമൊക്കെ ജന്മനാ ഉണ്ടാകുന്ന സവിശേഷതകളായിട്ടാണല്ലോ ഗണിക്കപ്പെട്ടിരുന്നത് (ascribed status). ദൈവത്തിനുമുമ്പിൽ എല്ലാവരും തുല്യരാണെന്ന് സഭ പറയുമ്പോഴും അടിമത്തത്തിനും പ്രഭുത്വത്തിനും വേണ്ട ന്യായീകരണങ്ങൾ ബൈബിളിൽ നിന്നു തന്നെ നിർമിച്ചെടുക്കുകയും ചെയ്തിരുന്നു.

ബൈബിളിൽ ഉല്പത്തിപുസ്തകം ഒമ്പതാം അധ്യായത്തിൽ നോഹയുടെ മക്കളായ ശേമ്, ഹാമ്, യാഫെത്ത് എന്നിവരെക്കുറിച്ചുള്ള നോഹയുടെ പ്രാർഥന പരാമർശിക്കപ്പെടുന്നുണ്ട്. (4) നഗ്നനായി കിടന്ന നോഹയെ കണ്ട ഹാമ് പിതാവിന്റെ നഗ്നത മറയ്ക്കാതെ പുറത്തുപോയി ശേമിനെയും യാഫെത്തിനെയും അറിയിക്കുന്നു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു പിതാവിന്റെ നഗ്നത മറയ്ക്കുകയും നഗ്നത കാണാതിരിക്കാൻ മുഖം തിരിക്കുകയും ചെയ്തുവെന്നാണ് കഥ. ഇതറിഞ്ഞ നോഹ ഹാമിന്റെ ചെയ്തിയിൽ ക്രുദ്ധനാവുകയും ഹാമിന്റെ മകനായ കനാനെ അവൻ “വേലക്കാരനായി പോകട്ടെ’ എന്ന് ശപിക്കുകയും ചെയ്തു. ഹാമ് തെറ്റു ചെയ്തതിന് മകനായ കനാനെ ശപിച്ചതെന്തിന് എന്നത് ആദിപാപം പോലെ തന്നെ ബൈബിൾ വ്യാഖ്യാതാക്കളെ കുഴക്കുന്ന ഒരു ചോദ്യമാണ്. ഏതായാലും ഹാമ് കറുത്തവനായിരുന്നു എന്നും അവന്റെ സന്താന പരമ്പരയാണ് ആഫ്രിക്കക്കാരെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഇത് കറുത്തവരെ അടിമകളാക്കുന്നതിന് ന്യായീകരണമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. അപ്രകാരം എഫെസ്യർ 6-ലെ “ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നെ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ’ എന്ന വാക്യവും അടിമത്തത്തിനെ ന്യായീകരിക്കാൻ ഉപയോഗിച്ചിരുന്നു. ഇപ്രകാരം സമൂഹത്തിലെ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും മധ്യകാലത്ത് സഭയും സഭാചട്ടങ്ങളും ഒളിഞ്ഞും തെളിഞ്ഞും നൽകിപ്പോന്നിരുന്ന നിർലോഭമായ പിന്തുണയാണ് ചിന്തകന്മാരെ പ്രകോപിപ്പിച്ചത് എന്നു കരുതാവുന്നതാണ്. പിൽക്കാലത്ത്, മതനിരാസം ആഴത്തിൽ ഗ്രസിച്ച അഭിനവ ലിബറലിസത്തിനും കാരണമാകുന്നത് ഈ മധ്യകാല സഭാചട്ടങ്ങളുടെ ഹാങ്ങോവറാകാം. പിൽക്കാലത്ത് അത് എല്ലാത്തരം മതവിശ്വാസങ്ങളോടുമുള്ള വെറുപ്പിലും അവജ്ഞയിലും കലാശിക്കുമ്പോഴാണ് ലിബറലിസം ആശയപരമായി പ്രശ്നബാധിതമാകുന്നത്.

ഇതേ കാലഘട്ടത്തിൽ സഹിഷ്ണുതയുടെ വിഷയത്തിൽ ഇസ്‌ലാമിക സമൂഹങ്ങൾ താരതമ്യേന മുന്നിലായിരുന്നുവെന്നാണ് ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നത്. മധ്യകാലത്തെ ക്രിസ്ത്യൻ ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇസ്‌ലാമിക രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. തുടക്കം മുതലേ നിർബന്ധിത മതപരിവർത്തനത്തെ പ്രമാണബദ്ധമായി തന്നെ എതിർത്തിരുന്നതിനാൽ ഇസ്‌ലാമിക സമൂഹങ്ങളിൽ ഇതരമത വിശ്വാസികൾ സുരക്ഷിതമായി ജീവിച്ചിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. മുസ്‌ലിംകൾക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന രാജ്യങ്ങളിൽപോലും സ്വദേശികളായ മതന്യൂനപക്ഷങ്ങൾ ഇപ്പോഴും പരിഗണനീയമായ അളവിൽ നിലനിൽക്കുന്നത് ഇതിന്റെ തെളിവാണ്. ഇന്ന് അറബ് ലോകത്ത് ഐ എസ് ഐ എസിന്റെ വഹാബി ആശയങ്ങൾ വംശീയ ഉന്മൂലനങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുന്നു എന്ന യാഥാർത്ഥ്യം ഒരു വശത്ത് നിലനിൽക്കുമ്പോഴും ചിന്തനീയമായ ഒരു കാര്യമുണ്ട്. ഇത്രയും നൂറ്റാണ്ടുകളായി ന്യൂനപക്ഷങ്ങൾ യാതൊരു പ്രശ്നവുമില്ലാതെ എങ്ങനെ നിലനിന്നു എന്നതാണത്. അതേകാരണം കൊണ്ടാണ് പല ഘട്ടങ്ങളിലും യൂറോപ്പിൽ നിന്ന് നിരവധി ജൂതന്മാർ ഒട്ടോമൻ സാമ്രാജ്യത്തിലേക്കും മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലേക്കും പലായനം ചെയ്തത്. (5)

ഇസ്‌ലാമിന്റെ യൂറോപ്യൻ അധിനിവേശകാലത്തുപോലും ക്രിസ്തീയ വിശ്വാസികൾ സുരക്ഷിതരായിരുന്നുവെന്ന് ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന സ്റ്റീവൻ റൺസിമാൻ (Sir Steven Runciman) തന്റെ പ്രസിദ്ധമായ കുരിശുയുദ്ധങ്ങളുടെ ചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ഈജിപ്തും സ്പെയിനുമടങ്ങുന്ന പ്രദേശങ്ങൾ മുസ്‌ലിംഭരണത്തിനു കീഴിലാകുമ്പോൾ ക്രിസ്ത്യൻപ്രജകൾ പോലും സന്തോഷവാന്മാരായിരുന്നുവെന്ന് അദ്ദേഹം രേഖാമൂലം സ്ഥാപിക്കുന്നുണ്ട്. ഇടയ്ക്കിടെ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ക്രിസ്ത്യൻ ഭരണത്തെ അപേക്ഷിച്ച് വളരെ ഭേദമായിരുന്നു ഇസ്‌ലാമിക ഭരണകൂടമെന്നും ഇസ്‌ലാമിന്റെ വിജയത്തിൽ ക്രിസ്തുമത വിശ്വാസികൾക്ക് ആകുലപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം എഴുതി. (“The Christians had therefore no cause to regret the triumph of Islam’). ജറുസലേമിലെ പാത്രിയാർക്കീസായിരുന്ന തിയോഡോസിയസ് കോൺസ്റ്റാന്റിനോപ്പിളിലെ തന്റെ പുരോഹിതസുഹൃത്ത് ഇഗ്നേഷ്യസിന് എഴുതിയ കത്തിന്റെ ഭാഗങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു: “അവർ ഞങ്ങളോട് നീതിപൂർവമാണ് പെരുമാറുന്നത്. ഞങ്ങളെ അക്രമിക്കുകയോ അനീതി പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.’(6)

പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളിലെ യൂറോപ്യൻ നവോത്ഥാനവും ശാസ്ത്രം, കല, സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിൽ സംഭവിച്ച മാറ്റങ്ങളുമൊക്കെ ലിബറൽ വിചാരങ്ങൾക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുന്നുണ്ട്. മോഡേണിസ്റ്റ്, പോസ്റ്റ് മോഡേണിസ്റ്റ് കലകളുടെ സ്വാധീനം പ്രത്യേകം എഴുതേണ്ട വിഷയമാണ്. പ്രൊട്ടസ്റ്റന്റ് നവീകരണം ഈ ചങ്ങലയിലെ ഒരു പ്രധാന കണ്ണിയാണ്. പതിനാറാം നൂറ്റാണ്ടിൽ നടന്ന ക്രിസ്തുമതത്തിനുള്ളിലെ ഈ നവീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത് ജർമൻ പുരോഹിതനായിരുന്ന മാർട്ടിൻ ലൂഥർ, ഫ്രഞ്ച് പാസ്റ്ററായിരുന്ന ജോൺ കാൽവിൻ എന്നിവരായിരുന്നു. പരമ്പരാഗത കത്തോലിക്കാസഭയുടെ വിശ്വാസങ്ങളെ ഇവർ എതിർക്കുകയും മതനവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ ആചാരങ്ങൾ ബൈബിളിന് നിരക്കുന്നതല്ല എന്നാണ് മാർട്ടിൻ ലൂഥർ വാദിച്ചത്. ബൈബിൾ മാത്രമേ ആധികാരികമായ തെളിവായി അംഗീകരിക്കാൻ കഴിയൂ എന്ന് വാദിച്ച ഇദ്ദേഹം മാർപ്പാപ്പ ഉൾപ്പെടെയുള്ള പുരോഹിതന്മാർക്ക് മതപരമായ ആധികാരികതയില്ല എന്ന് പ്രസ്താവിച്ചു. ഇതിലൂടെ വിശ്വാസ സ്വാതന്ത്ര്യമല്ല ലൂഥർ ഉദ്ദേശിച്ചത്; മറിച്ച് ബൈബിൾ വായിക്കുന്ന ഏതൊരാൾക്കും തന്റെ അതേ അഭിപ്രായമേ ഉണ്ടാവാൻ തരമുള്ളൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ബൈബിൾ ജർമൻ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് ലൂഥറും സംഘവുമായിരുന്നു. എല്ലാ വിശ്വാസികളും പുരോഹിതരാണെന്നും വ്യക്തിപരമായ വിവേചനശക്തിയിലൂടെ ആർക്കും ബൈബിൾ വ്യാഖ്യാനിക്കാമെന്നും ലൂഥർ വാദിച്ചു. ഇതാകട്ടെ, ക്രൈസ്തവതയുടെ നാശത്തിലേക്കാണ് നയിച്ചത്- എണ്ണിയാലൊടുങ്ങാത്ത വ്യാഖ്യാനങ്ങൾ ബൈബിളിന് വകവച്ചു കൊടുത്തതിലൂടെ നിരവധി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഉടലെടുക്കുകയും അവർക്കിടയിൽ ഭിന്നത രൂക്ഷമാവുകയും ചെയ്തു. കാത്തലിക് ചർച്ചിനെ വകവയ്ക്കാതെ അധികാരം വ്യാപിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് അവസരം തുറന്നുകിട്ടി. മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് എന്ന ആശയം ഇതിലൂടെയാണ് ഉയർന്നുവരുന്നത് (separation of church from state). പല യുദ്ധങ്ങൾക്കും ഇത് വഴിവെച്ചു. അതിതീവ്രമായ സെമിറ്റിക് വിരുദ്ധതയാണ് മാർട്ടിൻ ലൂഥറിന്റെ വാക്കുകളിൽ പിന്നീട് നിറഞ്ഞുനിന്നത്. ജൂതന്മാരുടെ സമ്പാദ്യങ്ങൾ പിടിച്ചെടുത്ത് ആരാധനാലയങ്ങൾ കത്തിച്ചുകളയണമെന്നാണ് പിൽക്കാലത്ത് ലൂഥർ അഭിപ്രായപ്പെട്ടത്. അവരുടെ വീടുകൾ തകർക്കണമെന്നും നിയമപ്രകാരം സ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാരണത്താൽ, പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമനിയിലെ പ്രൊട്ടസ്റ്റന്റ് ലൂഥറൻ പ്രവിശ്യകളിൽ ജൂതവിരുദ്ധ കലാപങ്ങൾ സർവസാധാരണമായി മാറി. അങ്ങനെ, ക്രിസ്തുമതത്തിനുള്ളിൽ തീവ്രവാദത്തിന്റെയും ശിഥിലീകരണത്തിന്റെയും വിത്തുപാകിയത് മതനവീകരണ പ്രസ്ഥാനങ്ങളായിരുന്നു എന്നു കാണാം.
അറിഞ്ഞോ അറിയാതെയോ, പ്രൊട്ടസ്റ്റന്റ് നവീകരണം ലിബറലിസത്തിന് വഴി തെളിച്ചുകൊടുത്തു. സാമൂഹിക ഭദ്രതയെക്കാളും പാരമ്പര്യത്തെക്കാളും വ്യക്തിയുടെ സ്വതന്ത്രബോധങ്ങളാണ് പ്രധാനം എന്ന് പഠിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ എല്ലാ നിയന്ത്രണങ്ങളെയും അപരിഷ്കൃതമായി കാണുന്ന സമീപനങ്ങൾക്ക് ബീജാവാപം നൽകുകയാണ് പ്രൊട്ടസ്റ്റന്റുകൾ ചെയ്തത്. ക്രിസ്തുമത പ്രമാണങ്ങൾ പരിഭാഷകൾ ഉപയോഗപ്പെടുത്തി സ്വന്തമായി വ്യാഖ്യാനിക്കാൻ തുടങ്ങിയതോടെ ക്രൈസ്തവതയുടെ ആശയങ്ങൾ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. അങ്ങനെ, മതപ്രമാണങ്ങളെ എതിർക്കുന്നവരുടെ എണ്ണം വർധിച്ചുവരികയും മതനിരാസത്തിനും നാസ്തികതയ്ക്കും അവസരങ്ങൾ സുലഭമാവുകയും ചെയ്തു. ഇതര മതങ്ങളെക്കുറിച്ച് പഠിക്കുമ്പോഴും വേണ്ടത്ര ഗവേഷണം നടത്താതെ സ്വമേധയാ പരന്ന വായനകളിൽനിന്ന് അടുക്കും ചിട്ടയുമില്ലാത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. അങ്ങനെ, മതനവീകരണം ലക്ഷ്യംവച്ച് തുടങ്ങിയ ആശയധാരകൾ മതനിരാസത്തിലേക്ക് നയിക്കുന്ന വിരോധാഭാസമാണ് യൂറോപ്യൻ നവീകരണം ചരിത്രത്തിൽ വരച്ചിട്ടത്.
പതിനേഴ്, പതിനെട്ട് നൂറാണ്ടുകളിൽ നടന്ന വിപ്ലവങ്ങളുമായി ലിബറലിസത്തിന്റെ ആവിർഭാവത്തിന് ചെറുതല്ലാത്ത ബന്ധമുണ്ട്. ഫ്രഞ്ച് വിപ്ലവത്തിലെ പ്രധാന ആശയങ്ങളായിരുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (liberty, equality, fraternity) തന്നെയാണ് പിന്നീട് ലിബറൽ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടത്. ഇംഗ്ലണ്ടിലും വടക്കേ അമേരിക്കയിലും നടന്ന താരതമ്യേന ചെറിയ വിപ്ലവങ്ങളിലും ലിബറൽ ആശയങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ 1642 – 1651 കാലങ്ങളിൽ നടന്ന ആഭ്യന്തരയുദ്ധങ്ങൾ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ലിബറൽ സ്വാധീനങ്ങളുടെ ആദ്യകാലഘട്ടമാണ്.
1651-ലാണ് തോമസ് ഹോബ്സിന്റെ (Thomas Hobbes) പ്രസിദ്ധമായ ഗ്രന്ഥം Leviathan പ്രസിദ്ധീകരിക്കപ്പെടുന്നത്. ഹോബ്സിന്റെ നിഗമനങ്ങൾ പലതും ലിബറൽ ആശയങ്ങൾക്ക് വിരുദ്ധമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാദമുഖങ്ങളിലെ ആശയങ്ങളിൽ പലതും ലിബറൽനയങ്ങളുടെ പ്രഭാവമുള്ളവയായിരുന്നു. ഉദാഹരണത്തിന്, വ്യക്തികളെല്ലാം തുല്യരാണ്, എല്ലാവർക്കും സ്വാതന്ത്ര്യം ജന്മാവകാശമാണ് തുടങ്ങിയവ ലിബറൽ മൂല്യങ്ങളാണല്ലോ! എന്നാൽ വ്യക്തികൾ അവരുടെ സംരക്ഷണത്തിനായി ഒരു ഭരണകൂടത്തിന് പൂർണമായും വിധേയപ്പെടണമെന്നും ഹോബ്സ് നിരീക്ഷിക്കുന്നുണ്ട്. ഹോബ്സ് ജോൺ ലോക്കിൽ ചെലുത്തിയ സ്വാധീനം അനൽപമായിരുന്നു. ഹോബ്സിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ലിബറലിസത്തിന്റെ തികവൊത്ത അസ്തിത്വത്തിന് രൂപം നൽകിയത് ലോക്കാണെന്ന് പരിഗണിക്കപ്പെടുന്നു.

1689 -ലെ തന്റെ Letter Concerning Toleration- ൽ ഭരണകൂടങ്ങൾ പ്രജകളെ ഒരേ മതം അനുഷ്ഠിക്കാൻ നിർബന്ധിക്കുന്നത് അഭികാമ്യമല്ല എന്ന് ലോക്ക് അഭിപ്രായപ്പെടുന്നുണ്ട്. ഒരു മതം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളിയാകാത്തിടത്തോളം കാലം എല്ലാ പ്രജകൾക്കും മതസ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്നാണ് ലോക്ക് എഴുതിയത്. ഇതുകൊണ്ട് ലോക്ക് അർഥമാക്കിയത് കാത്തലിക് വിശ്വാസങ്ങളും നിരീശ്വരവാദവും അനുവദിക്കാൻ കഴിയില്ല എന്നു കൂടിയായിരുന്നു. ഒരു വിദേശിയായ നേതാവിനെ; പോപ്പിനെ അംഗീകരിക്കുന്നതിനാൽ കാത്തലിക്കുകളെ വിശ്വസിക്കാനാവില്ലത്രേ. ദൈവത്തെയും പരലോകത്തെയും ദൈവികശിക്ഷയെയും നിഷേധിക്കുന്ന നിരീശ്വരവാദികളെ ഒരു തരത്തിലും വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1776- ൽ ആദം സ്മിത്തിന്റെ Nature and Causes of the Wealth of Nations എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വിപണിയിൽ യഥേഷ്ടം പരസ്പരം മത്സരത്തിലേർപ്പെടാൻ എല്ലാ വ്യക്തികളെയും അനുവദിക്കുന്ന ഒരു സാമ്പത്തിക നയമാണ് (liberal capitalism) സ്മിത്ത് വിഭാവനം ചെയ്തത്. ഇതാണ് വിപണിക്ക് ഏറ്റവും അനുയോജ്യമായ നയമെന്നും പൊതുജന നന്മയ്ക്ക് ഉതകുന്നതെന്നും സ്മിത്ത് വാദിച്ചു. തനിക്ക് പ്രയോജനമുള്ളതേ എല്ലാവരും ചെയ്യുകയുള്ളുവെന്നും അത്തരം പ്രയോജനം മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലേ ലഭിക്കുകയുള്ളൂവെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. ഇതു തന്നെയാണ് സാമ്പത്തിക ലിബറലിസത്തിന്റെയും (economic liberalism) അടിസ്ഥാന പ്രമേയം.
സ്മിത്തിന്റെ വാക്കുകളിൽ: “അറവുകാരന്റെയോ വാറ്റുകാരന്റെയോ റൊട്ടിയുണ്ടാക്കുന്നവന്റെയോ സന്മനസ്സ് കൊണ്ടല്ല നമുക്ക് അത്താഴം ലഭിക്കുന്നത്. മറിച്ച് അതുകൊണ്ട് അവർക്ക് സ്വാർഥലാഭം പ്രതീക്ഷിക്കാവുന്നതു കൊണ്ടാണ്. അവർക്ക് പ്രയോജനമുള്ളതു കൊണ്ടാണ് നമുക്ക് ആവശ്യമായത് അവർ നിർമിക്കുന്നത്’. മുതലാളിത്തത്തിന്റെ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും സ്വാധീനം ചെലുത്തിയ ന്യായീകരണവും പ്രതിരോധവുമായിരുന്നു സ്മിത്ത് നടത്തിയത്. പിൽക്കാലത്ത് പ്രയോജനവാദത്തിന്റെ (utilitarianism) ഉദ്ഭവത്തിലും സ്മിത്തിന്റെ ആശയങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലുടനീളം ലിബറലിസം ഒരു വിപ്ലവകരമായ പ്രസ്ഥാനമായി പരിഗണിക്കപ്പെടുകയും യൂറോപ്പിലും വടക്കേ അമേരിക്കയിലും മതകീയ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പരിസരങ്ങളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.

ആബിദ് ലുത്വ് ഫി നഈമി

(ആബിദ് ലുത്വ് ഫി നഈമി: തിരുവനന്തപുരം മഖ്ദൂമിയ്യ ദഅ്‌വ കോളജ് അധ്യാപകന്‍)
(തുടരും)

You must be logged in to post a comment Login