ചാനല്‍ നിരോധനം പാഠമാണ് പക്ഷേ, ആര് പഠിക്കും?

ചാനല്‍ നിരോധനം പാഠമാണ് പക്ഷേ, ആര് പഠിക്കും?

ഈ കുറിപ്പ് നിങ്ങളില്‍ എത്തുമ്പോഴേക്കും ഒരുപക്ഷേ, ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായ മീഡിയ വണ്‍ അതിന്റെ നിരോധനകാലം പിന്നിട്ടിട്ടുണ്ടാവാം. അതല്ലെങ്കില്‍ ഡിവിഷന്‍ ബഞ്ച് മീഡിയ വണ്‍ പത്രാധിപരുടെയും, കക്ഷി ചേരുമെന്ന് പ്രഖ്യാപിച്ച കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിന്റെയും അപ്പീലുകള്‍ പരിഗണിക്കുകയാവാം. മുദ്ര വെച്ച കവറില്‍ എന്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടാകാം. മിടുക്കുള്ള ഒരു ജേണലിസ്റ്റ് വിചാരിച്ചാല്‍ പുറത്തുവരാവുന്ന സംഗതിയേ ഉള്ളൂ. അതിനാല്‍ നിരോധനത്തെക്കുറിച്ച് നാമിപ്പോള്‍ സംസാരിക്കുന്ന എന്തിനും കാലഹരണ ദോഷം സംഭവിക്കാം. ഒറ്റദിവസത്തെ പ്രകടനം കഴിഞ്ഞ് മീഡിയ വണ്‍ ഇതര ചാനലുകള്‍ തങ്ങള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്ന ജോലികള്‍ അതേപോലെ നിര്‍വഹിക്കുന്നുണ്ടാകും. ജനാധിപത്യസാക്ഷരപുരോഗമന കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ചാനല്‍, കേരളത്തിന്റെ വാര്‍ത്താചാനല്‍ ചരിത്രത്തിലെ ആദ്യപഥികരില്‍ ഒരാളായ പ്രമോദ് രാമന്‍ പത്രാധിപരായ ചാനല്‍, പൊടുന്നനെ അടച്ചുപൂട്ടിയപ്പോള്‍ കേരളം എങ്ങനെ പ്രതികരിച്ചു എന്ന് ഇതര ചാനലുകള്‍ അന്വേഷിക്കാന്‍ ഇടയില്ല. അത് സംബന്ധിച്ച ഒരു സംവാദവും ഈ ലേഖനം വായിക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാവില്ല. അതിനാല്‍ നാം ഇപ്പോള്‍ അക്കാര്യം സംസാരിക്കുകയാണ്.

എന്തുകൊണ്ടാണ് ഒരു വാര്‍ത്താ ചാനലിന്റെ സംപ്രേഷണ വിലക്ക് കേരളത്തെ പ്രക്ഷുബ്ധമാക്കാതിരുന്നത്? സുരക്ഷാകാരണങ്ങളാല്‍ എന്ന ഒഴുക്കന്‍ വാചകത്തില്‍ ചാനലിന്റെ സംപ്രേഷണം തടയുന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നു. നീതി പുലരും എന്ന പ്രത്യാശ പ്രേക്ഷകരോട് പങ്കിട്ട് കുറച്ചുനേരത്തേക്ക് ചാനല്‍ പൂട്ടി. കേരള ഹൈക്കോടതി കേന്ദ്ര നടപടിക്ക് സ്‌റ്റേ അനുവദിച്ചു. അനുവദിച്ചത് സ്‌റ്റേ ആണ്. എന്തിന് ഈ നടപടി? ഒരു മാധ്യമസ്ഥാപനത്തിന് എതിരേ ഒരു ഭരണകൂടം ഇത്തരം നീക്കം നടത്താമോ? ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേലുള്ള വലിയ കൈയേറ്റമല്ലേ ഈ നിരോധനം? രാജ്യം അടിയന്തരാവസ്ഥയിലല്ല. ഭരണഘടനാപരമായ സര്‍വ അവകാശങ്ങളും നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശം. പൗരന്റെ ആ അവകാശത്തിന്‍മേലാണ് പത്രസ്വാതന്ത്ര്യം നിലനില്‍ക്കുന്നത്. അതായത് പത്രസ്വാതന്ത്ര്യമെന്നാല്‍ പത്രാധിപരുടെ ഒരു മൗലികാവകാശത്തിന്റെ ആവിഷ്‌കാരമാണ്. അതിനെതിരായാണ് കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ നടപടി. അവകാശബോധമുള്ള, അതിനായുള്ള വലിയ മുന്നേറ്റങ്ങളുടെ ചരിത്രമുള്ള കേരളീയ പൊതുമണ്ഡലം പക്ഷേ മീഡിയ വണ്ണിനൊപ്പം സ്‌റ്റേ നാളുകളില്‍ ഉറച്ചു നിന്നില്ല. പാര്‍ലമെന്റംഗങ്ങള്‍ ഒരു മാധ്യമമല്ലേ എന്ന ഒഴുക്കന്‍ മട്ടില്‍ നേര്‍ത്ത ഒരിടപെടല്‍ നടത്തി. പാര്‍ലമെന്റ് നടക്കുന്ന സമയമാണെന്ന് ഓര്‍ക്കണം. മറ്റൊന്നും ഉണ്ടായില്ല. പൊതുമണ്ഡലം എന്ന ഒന്നുണ്ടല്ലോ കേരളത്തില്‍? അത് ശക്തവുമാണ്. എന്നിട്ടുമെന്താ ആരും ശക്തമായി ഒന്നും മിണ്ടാതിരുന്നത്? ഒരു കട പൂട്ടുന്ന ലാഘവത്തോടെ (നിരോധനത്തിന് എതിരെ മീഡിയ വണ്ണിന്റെ റിട്ട് ഹരജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി “കടപൂട്ടുന്ന പോലെ’ എന്ന് പ്രയോഗിച്ചത് ഓര്‍ക്കുമല്ലോ?) ഒരു മാധ്യമ സ്ഥാപനം പൂട്ടുകയോ? വലിയ ചോദ്യങ്ങള്‍ ഉയരേണ്ടതല്ലേ? ഉയരേണ്ടതാണ്. പക്ഷേ, ഉയര്‍ന്നില്ല. കാരണമെന്ത്?
ആ കാരണമാണ് നിരോധനത്തിനൊപ്പം, ഫാഷിസത്തിന്റെ കടന്നാക്രമണത്തിനൊപ്പം നാം ചര്‍ച്ച ചെയ്യേണ്ടത്. ഫാഷിസത്തിന്റെ ഈ വരവ് എങ്ങനെ ലളിതമായി സ്വീകരിക്കപ്പെട്ടു? ഉത്തരവും ലളിതമാണ്. അടിത്തറയില്ലാത്ത ബഹളങ്ങള്‍, അന്നന്നത്തെ ലക്ഷ്യത്തിനായുള്ള കാട്ടിക്കൂട്ടലുകള്‍ കാമ്പില്ലാത്ത മനോനിലകളെ സൃഷ്ടിക്കും. പൊതുമണ്ഡലത്തിലെ പൊങ്ങുമനോനില എന്ന് സോഷ്യോളജി. ഇത്തരം മനോനിലകള്‍ എല്ലാറ്റിനെയും ആഘോഷമായും ബഹളമായും വെടിക്കെട്ടായും കാണും. കാഴ്ചക്കപ്പുറത്തേക്കുള്ള ആലോചനകള്‍ ഇല്ലാതാവും. അങ്ങനെ ആലോചനകള്‍ ഇല്ലാതാവുന്ന പൊതുമണ്ഡലം ഫാഷിസത്തെ നോര്‍മലായി സ്വീകരിക്കും. അതിലുപരി ഇത്തരം ബഹളങ്ങള്‍, സാമൂഹികമായി യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പടച്ചുവിടലുകള്‍ എത്തിക്‌സ് എന്ന, പൊതുമണ്ഡലം ഗൗരവപ്പെടുന്ന പ്രമേയത്തെ റദ്ദാക്കും. എത്തിക്കല്‍ അല്ലാത്ത കാഴ്ചകള്‍ ആഘോഷമൂല്യം സൃഷ്ടിക്കും. പക്ഷേ, ആലോചനാമൂല്യം പുറത്തുനില്‍ക്കും. പോയ ആണ്ടുകളില്‍ മലയാള മാധ്യമങ്ങള്‍, പ്രത്യേകിച്ച് മലയാളം ചാനലുകള്‍ ആഘോഷത്തിന്റെ അശ്ലീലം വിളമ്പുകയായിരുന്നു. അശ്ലീലത്തിന് കാഴ്ചാവേളയില്‍ കയ്യടി കിട്ടും. കാഴ്ചാനന്തരം അശ്ലീലം മനോനിലക്കുള്ളില്‍ പ്രതിപ്പട്ടികയിലാവും. കേരളീയ പൊതുമണ്ഡലം മലയാളം വാര്‍ത്താചാനലുകളെ പ്രതിപ്പട്ടികയില്‍ പെടുത്തിയിരിക്കുന്നു. മലയാളിയുടെ ഇനിയും നശിച്ചിട്ടില്ലാത്ത മാധ്യമ ധാര്‍മികത നമ്മുടെ ചാനലുകളെ ഗൗരവപൂര്‍വം പരിഗണിക്കാതായിരിക്കുന്നു. മെച്ചപ്പെട്ട സമൂഹത്തിന്റെ നിര്‍മിതിക്ക് ഇവര്‍ സൃഷ്ടിക്കുന്ന ബഹളങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയാണെന്ന് കണ്ടെത്തിയിരിക്കുന്നു. അതാവണം മീഡിയ വണ്ണിന്റെ നിരോധനത്തോട് കേരളീയ പൊതുമണ്ഡലം സ്വീകരിച്ച നിസംഗതയുടെ കാരണം.
ഒരുദാഹരണം കാണാം. കൊവിഡ് മൂന്നാം തരംഗമാണ്. സംസ്ഥാനം സ്വാഭാവികമായും അമ്പരപ്പിലാണ്. പിടിച്ചുനിര്‍ത്താനാവാത്ത വണ്ണം കൊവിഡ് പടരുന്നു. ഞായറാഴ്ച ഒറ്റ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നല്‍കിയാണ് ലോക്ഡൗണ്‍. ലോക്ഡൗണിന്റെ ഗുണദോഷങ്ങളും ന്യായാന്യായങ്ങളും മറ്റൊരു വിഷയമാണ്. പക്ഷേ, മറ്റ് വഴിയില്ലെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ അത് പ്രഖ്യാപിക്കുന്നു. ചാനലുകള്‍ക്ക് അതിന്റെ ഫല, വിഫലതകള്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം. അതുണ്ടായില്ല. ലോക്ഡൗണ്‍ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തി. കേരളത്തിലെ പൊതുമണ്ഡലം അതിനോട് സഹകരിക്കുകയാണ്. അപ്പോഴാണ് കൊല്ലത്തുള്ള ഒരു യുവാവ് ഫേസ്ബുക്കില്‍ ഗുരുതരമായ ആരോപണവുമായി വരുന്നത്. കേരളത്തില്‍ നാളിതുവരെ ദൃശ്യപ്പെട്ടിട്ടില്ലാത്ത മതവിവേചനത്തിന് തന്റെ മാതാവ് ഇരയായി എന്നായിരുന്നു ആ പോസ്റ്റ്. മുസ്‌ലിംകൾ ധരിക്കാറുള്ള ഒരു വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ ഒരു പൊലീസ് ഓഫീസര്‍ തന്റെ മാതാവിനെ വഴിയില്‍ തടഞ്ഞു എന്ന്. ആ ഓഫീസറുടെ പേരും ചിത്രവും അയാള്‍ പോസ്റ്റ് ചെയ്തു. ഇതാ പൊലീസിലെ സംഘി എന്ന് പ്രഖ്യാപിച്ചു. സംഭവം ഇതായിരുന്നു. കായംകുളം എം എസ് എം കോളജില്‍ പഠിക്കുന്ന സഹോദരിയെ കൊണ്ടുവരാന്‍ ചെറിയ കുട്ടിയോടൊപ്പം കാറില്‍ കായംകുളത്തേക്ക് പോയ കുടുംബത്തെ വഴിയില്‍ തടഞ്ഞതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കേണ്ട പണി കേരളത്തില്‍ പൊലീസിനാണ്. പൊടുന്നനെ വിഷയത്തിന് വര്‍ഗീയ മുഖം വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മറ്റൊരു മാധ്യമമായ മാധ്യമം ദിനപത്രത്തിന്റെ ഡല്‍ഹി ലേഖകന്‍ പച്ചക്ക് വര്‍ഗീയത പറഞ്ഞ് ആ യുവാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു. ആര്യന്‍ മിത്ര എന്ന പേരില്‍ വര്‍ഗീയത പടര്‍ത്തിയ പോസ്റ്റുകളാല്‍ കുപ്രസിദ്ധിയുള്ള യുവാവാണ് പുതിയ പേരില്‍ പോസ്റ്റിട്ടത്. ഇതൊന്നും ആര്‍ക്കും വിഷയമായില്ല. ഒരു ചാനല്‍ വിഷയം കത്തിച്ചു. അന്ന് മുഴുവന്‍ കേരളീയ പൊതുമണ്ഡലത്തില്‍ ആ നിര്‍മിതവാര്‍ത്ത പടർന്നുപിടിച്ചു. എന്താണ് വസ്തുത എന്നോ സംഭവത്തില്‍ മതമുന്‍വിധിയാണോ പ്രവര്‍ത്തിച്ചത് എന്നൊന്നും ആ ചാനല്‍ പരിഗണിച്ചില്ല. അത്തരമൊരു സംഭവം വേണ്ടത്ര അന്വേഷണവും തെളിവും ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്താല്‍ അത് പൊതുസമൂഹത്തിലുണ്ടാക്കാവുന്ന ആഴമുള്ള മുറിവുകളെ ആ ചാനല്‍ പരിഗണിച്ചില്ല. ആ ചാനലിനെ പിന്‍ പറ്റി മറ്റു ചാനലുകളും വാര്‍ത്ത നിരത്തി. എന്നിട്ടോ? രണ്ടാം ദിവസം ആ മതനിന്ദാ കേസിന് എന്തു സംഭവിച്ചു? കേരളം ആരാഞ്ഞില്ല. ചാനല്‍ പറഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ ആ ചാനലിന്റെ പേര് മീഡിയ വണ്ണെന്നാണ്.

അനൗചിത്യമെന്ന് തോന്നുന്നുണ്ടോ? ഇല്ലാതില്ല. പക്ഷേ, ചിലകാര്യങ്ങള്‍ നാം പറയേണ്ടതുണ്ട്. എന്തു കൊണ്ട് ഒരു വാര്‍ത്താമാധ്യമത്തിനെതിരെ നടന്ന, രാജ്യത്ത് സമാനതകള്‍ ഇല്ലാത്ത, ഒരു ഫാഷിസ്റ്റ് കൈയേറ്റത്തിന്റെ മുന്നില്‍ കേരളത്തിലെ പ്രബുദ്ധ പൊതുമണ്ഡലം ഇമ്മട്ടില്‍ നിശബ്ദത പാലിച്ചു എന്ന് വരുംകാലം ചോദിച്ചാല്‍ നമുക്ക് ഉത്തരം ഉണ്ടാകണമല്ലോ? ഓച്ചിറയില്‍ സംഭവിച്ച അപകടകരമായ വാര്‍ത്താ നിര്‍മിതിയില്‍ മീഡിയ വണ്‍ ആണ് പ്രതിക്കൂട്ടിലെങ്കില്‍ ഒട്ടും ഭിന്നമല്ല നമ്മുടെ മറ്റു ചാനലുകളുടെ വാര്‍ത്താനേരങ്ങളും. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വപ്‌ന സുരേഷിലേക്ക് നോക്കാം. പാപ്പരാസി ജേണലിസം അതിന്റെ സര്‍വസീമകളും ലംഘിച്ച് മലയാളിയുടെ മുന്നിലേക്ക് കുടഞ്ഞിട്ട ആ വാര്‍ത്തകളെ ഓര്‍ക്കാം.
നിശ്ചയമായും സ്വപ്‌ന സുരേഷ് എന്ന സ്ത്രീക്ക് വാര്‍ത്താപ്രാധാന്യമുണ്ട്. അവര്‍ക്ക് പങ്കാളിത്തമോ അറിവോ ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്ന കോൺസുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ സ്വര്‍ണം ആർക്കുവേണ്ടി എന്ന പരമപ്രധാനമായ ചോദ്യം ബാക്കിയുമുണ്ട്. അവരുടെ ഇടപാടുകളില്‍ ഉന്നതോദ്യോഗസ്ഥനായ ശിവശങ്കറിന് പങ്കുണ്ടോ എന്നതും പ്രധാനമാണ്. അപ്പോള്‍ ശിവശങ്കര്‍ ഒരു പുസ്തകം എഴുതുന്നു. അതില്‍ ഒരിടത്ത് അയാളുടെ മുന്‍സുഹൃത്ത് എന്ന മട്ടില്‍ സ്വപ്നയെ പരാമര്‍ശിക്കുന്നു. വാര്‍ത്തയുണ്ട്. കേരളത്തിലെ ഒരു ചാനലാണ് ന്യൂസ് 18. അതിന്റെ ഒരു ജേണലിസ്റ്റ് സ്വപ്നയെ കാണുന്നു. അവര്‍ക്ക് പറയാനുള്ളത് പറയുന്നു. ശരി. വാര്‍ത്തയാണ്. ശിവശങ്കറും താനുമായി എല്ലാം പറയുന്ന വ്യക്തിബന്ധമുണ്ട് എന്നാണ് ആ പറച്ചില്‍. വാര്‍ത്തയാണ്. പക്ഷേ, ചാനലുകളായ ചാനലുകള്‍ സവിസ്തരം വാര്‍ത്തയാക്കിയതാണല്ലോ മുന്‍പ്. അപ്പോള്‍ അന്നേരം അതിന് ആധികാരികത ഉണ്ടായിരുന്നില്ലേ? അതുപോട്ടെ. പിന്നെ എന്താണ് നാം ചാനലുകളായ ചാനലുകളില്‍ കാണുന്നത്. ഒരേ വാചകങ്ങള്‍ സ്വപ്‌ന ആവര്‍ത്തിക്കുന്നു. എന്ത് തെളിവ് മൂല്യമാണ് അവരുടെ സംഭാഷണത്തിനെന്ന് ഒരു ചാനലും ക്രോസ് ചെയ്യുന്നില്ല. അതും പോട്ടെ. ആ സ്ത്രീയുടെ, വാക്കുകള്‍ക്ക് പിന്നാലെ ഒരന്വേഷണവും ചാനലുകള്‍ നടത്തുന്നില്ല. കെ പി എം ജിയെ മാറ്റിയത് സ്വപ്നക്ക് വേണ്ടിയെന്ന് ഒരു ബ്രേക്കിംഗ്. ആ വാക്കുകള്‍ മാത്രം വാര്‍ത്തയാകുന്നു. ബാക്കി അന്വേഷണമില്ല. ഇതിനാണ് ആഘോഷമൂല്യത്തിന്റെ നിര്‍മിതി എന്നു പറയുക. ഇക്കിളികള്‍ക്ക് പിന്നാലെ ഗതികെട്ടോടുകയാണ് ചാനലുകള്‍. ഈ ഗതികേടുകള്‍ പക്ഷേ, ഒരു സമൂഹം ഗൗരവത്തിലെടുക്കില്ല. മീഡിയ വണ്‍ നിരോധനത്തിലെ മൗനം ആ ഗൗരവമില്ലായ്മയുടെ പ്രകാശനമാണ്.

അതുമാത്രമല്ല മീഡിയ വണ്ണിനെതിരായ നടപടിയോടുളള നിസംഗതക്ക് കാരണമെന്നും ഒരു മനസിലാക്കലുണ്ട്. അതിങ്ങനെയാണ്: “മീഡിയ വണ്‍ ചാനലിനെതിരെ ഉണ്ടായ നിരോധനം തെറ്റായ നടപടി ആണെന്നതില്‍ ഒരു സംശയവുമില്ല. ആത്യന്തികമായി അതൊരു തൊഴില്‍സ്ഥാപനമാണ്. പത്ത് മുന്നൂറ് പേര്‍ക്ക് ജോലി നഷ്ടമാകും. അത് എതിര്‍ക്കപ്പെടണം. പക്ഷേ…’ നോക്കൂ ഇക്കഴിഞ്ഞ നാളുകളില്‍ സംഭവിച്ച മീഡിയ വണ്‍ പിന്തുണ വര്‍ത്തമാനങ്ങളില്‍ പക്ഷേകളുടെ വിളയാട്ടായിരുന്നു. “ഒരു പക്ഷേയുമില്ല പിന്തുണ’ എന്നും കണ്ടു. പക്ഷേ ഇല്ല എന്ന് ഉറപ്പിച്ചുപറയാന്‍ കാരണം “പക്ഷേ’ ഉള്ളതാണല്ലോ? അതിന്റെ കാരണവും ലളിതമാണ്. ജമാഅതെ ഇസ്‌ലാമി. കേരളീയ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് അതിലെ മുസ്‌ലിം ഭൂരിപക്ഷത്തിന് ജമാഅതെ ഇസ്‌ലാമിയില്‍ തരിമ്പും വിശ്വാസമില്ല. അവര്‍ പറയുന്നതെല്ലാം കപടമാണെന്നും വ്യാജമാണെന്നുമുള്ള തീര്‍പ്പ് സാധാരണമാണ്. അതവര്‍ ചോദിച്ചുവാങ്ങിയ സമീപനമാണ്. മാധ്യമം പത്രം, വാരിക, ജനകീയ സമരങ്ങള്‍, സോളിഡാരിറ്റി തുടങ്ങിയ നിരവധി രൂപങ്ങളിലൂടെ ജമാഅതെ ഇസ്‌ലാമി കേരളത്തില്‍ നടത്തിയ ഇടപെടലുകളുടെ അന്തിമ ലക്ഷ്യം കേരളീയ സമൂഹത്തിനു മുന്നില്‍ ഇന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. “പൊതു’ ആകാനുള്ള കൃത്രിമമായ ശ്രമങ്ങള്‍ പൊളിഞ്ഞു വീണിട്ടുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാം എത്ര കുറഞ്ഞ അളവിലായാലും മാരകമാണെന്ന് സമൂഹശരീരം തിരിച്ചറിയുന്നുണ്ട്. ഇതോടെ മുഖംമൂടികള്‍ അഴിച്ചുമാറ്റി അവര്‍ സംവാദങ്ങളിലേക്ക് നേരിട്ടുവന്നു. മാധ്യമം പത്രത്തില്‍ നേരിട്ട് പിടിമുറുക്കി. ഫലം ജമാഅതെ ഇസ്‌ലാമി തുറന്നുകാട്ടപ്പെട്ടു. മാധ്യമം പത്രം പ്രതിസന്ധിയിലായി. ഇടതുപക്ഷത്ത് സ്ഥാനം കിട്ടില്ല എന്നറിഞ്ഞതോടെ ലീഗ് വഴി വലത്തോട്ട് ചായാന്‍ കിണഞ്ഞുശ്രമിച്ച അവര്‍ ലീഗിനെ അപകടകരമായ വാള്‍മുനയിലേക്ക് അനുനിമിഷം ഉന്തിയിടുന്നതും കേരളം കണ്ടു. ഫലം പ്രമോദ് രാമന്‍, രാജീവ് ശങ്കരന്‍, സോഫിയ ബിന്ദ് തുടങ്ങിയ പ്രതിഭയും വിശ്വാസ്യതയുമുള്ള മുന്‍നിര ജേണലിസ്റ്റുകള്‍ മുഖമായിരിക്കുമ്പോഴും സി ദാവൂദിനെയാണ് പൊതുമണ്ഡലം കാണുന്നത്. എല്ലാം ജമാഅതെ ഇസ്‌ലാമിയുടെ മറ എന്നാണ് വ്യാഖ്യാനം. പ്രച്ഛന്നവേഷത്തിന്റെ പ്രശ്‌നമതാണ്. വേദിക്ക് പുറത്ത് കുപ്പായം അഴിക്കേണ്ടി വരും. വലിയ അനീതിക്കിരയായിട്ടും മീഡിയ വണ്ണിനോട് സഹാനുഭൂതിയും ഐക്യപ്പെടലും സംഭവിക്കാത്തതിന്റെ കാരണമതാവാം.

നിങ്ങള്‍ ശ്രദ്ധിച്ചുവോ? സമീപകാലത്ത് കേരളം പക്ഷേ, മറ്റൊരു ചാനലിന്, അതിന്റെ മേധാവിക്ക് നിരുപാധികമായ പിന്തുണ നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിനും അതിന്റെ മേധാവി എം വി നികേഷ് കുമാറിനും. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത അപൂര്‍വ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണത്. പോപ്പുലിസത്തിന്റെയും പോളമിക്‌സിന്റെയും അസ്‌കിത ആവോളമുണ്ടായിരുന്നു എങ്കിലും ആ വാര്‍ത്ത ഒറ്റക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ നികേഷ് കാട്ടിയ ആര്‍ജവം പിന്തുണക്കപ്പെട്ടു. അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോള്‍ പൊതുവികാരം അദ്ദേഹത്തിന് അനുകൂലമായി. അങ്ങനെയും ഒരു ധാര പൊതുമണ്ഡലത്തിലുണ്ട് എന്ന് ഓര്‍മിപ്പിച്ചതാണ്.

പോപ്പുലിസത്തിന് ആഘോഷമൂല്യം മാത്രമാണുള്ളത്. മാതൃഭൂമി ചാനലില്‍ ശ്വാസം പിടിച്ച് അവതാരകന്‍ താജ് ഇബ്റാഹീം ഹശ്മി നീണ്ട ഡയലോഗുകള്‍ ഇന്‍ട്രോ ആയിപറയുമ്പോള്‍ കേള്‍ക്കാന്‍ രസമാണ്. കേള്‍ക്കാന്‍ രസമുള്ള ഒന്നായി മാറേണ്ടതല്ല വാര്‍ത്തകള്‍. വാര്‍ത്തയില്‍ പോപ്പുലിസം പിടിമുറുക്കിയാല്‍, പോപ്പുലിസം മാത്രമായി വാര്‍ത്തകള്‍ മാറിത്തീര്‍ന്നാല്‍ മാധ്യമങ്ങള്‍ക്ക് നഷ്ടമാവുക വ്യക്തിത്വമാണ്. വലിയ വാര്‍ത്താചന്തയിലെ പെട്ടിപ്പീടികകളില്‍ ഒന്ന് എന്ന നിലയില്‍ അത് വീക്ഷിക്കപ്പെടും. ഒന്ന് അടച്ചുപൂട്ടിയാല്‍ അതേപോലെ നിരവധി വേറെയുണ്ടല്ലോ? ഇക്കാര്യം മറ്റൊരു രീതിയില്‍ മാധ്യമങ്ങളെ ഓര്‍മിപ്പിച്ചത് ശശികുമാറാണ്. കേരളത്തിലെ ചാനല്‍ ചരിത്രത്തിന്റെ സ്രഷ്ടാക്കളില്‍ ഒരാള്‍. ആ വാക്കുകള്‍ കേള്‍ക്കാം: “ഏതോ നാല്‍ക്കവലയിലെ കലുങ്കിലിരുന്ന് പറയുന്ന പരദൂഷണം കണക്കെയുള്ള വാര്‍ത്തകളും തലക്കെട്ടുകളും തയാറാക്കുന്നു. ഈ സ്വഭാവം മാറ്റിയില്ലെങ്കില്‍ അത് മാധ്യമങ്ങളുടെ നിലനില്‍പിനെ ബാധിക്കും. പൊതുജനങ്ങള്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിട്ടുണ്ട്. നാളെ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഭരണകൂടം എന്തെങ്കിലും നിയമം കൊണ്ടുവന്നാല്‍ അത് നല്ലതാണ്, വേണ്ടതാണ് എന്നേ സമൂഹം പറയൂ. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ജനപ്രതിനിധികള്‍ അതിനെ അനുകൂലിക്കുകയാണ്. പൊതുഅഭിപ്രായങ്ങള്‍ വരുന്നതും സമാനമായിട്ടാണ്. സോഷ്യല്‍ മീഡിയയും മറ്റ് മീഡിയകളും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇന്നില്ലെന്ന് മനസിലാക്കണം.”
വലിയ പത്രാധിപരുടെ വാക്കുകളാണ്. കേട്ടാല്‍ നല്ലത്.

കെ കെ ജോഷി

You must be logged in to post a comment Login