ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജനറൽ ഡയറിന്റെ നിർദയമായ ബലപ്രയോഗത്തെയും ക്രൂരമായ അടിച്ചമർത്തലിനെയും പ്രതീകവത്കരിച്ച് ഗാന്ധിജി പ്രയോഗിച്ച വാക്കാണ് ഡയറിസം. അമേരിക്കൻ ജേണലിസ്റ്റായ കാതറിൻ മേയോയുമായുള്ള സംഭാഷണമധ്യേ ഗാന്ധി പറഞ്ഞു: “ഈ രാജ്യം ഡയറിസത്തിൽ നിന്ന് മുക്തമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അതായത് രാജ്യത്തിന് അധികാരം ലഭിക്കുമ്പോൾ അതിന്റെ ശീലങ്ങളെയും, ആചാരങ്ങളെയും മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നതിനുവേണ്ടി ഭീകരതയെ ഉപയോഗപ്പെടുത്തരുതെന്ന് ഞാനാഗ്രഹിക്കുന്നു.’

നമ്മുടെ രാജ്യത്ത് “ഡയറിസ’മെന്ന മനോഭാവത്തിന്റെ തീവ്രവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

കർണാടകയിലെ ഉഡുപ്പി ഗവ.വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11,12 ക്ലാസുകളിലെ എട്ട് മുസ്‌ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ പുറത്താക്കിയ സംഭവം ഡയറിസത്തിന്റെ പുതിയ ഉദാഹരണം മാത്രമാണ്. രാഷ്ട്രം അതിവേഗം സാംസ്കാരിക ഫാഷിസത്തിലേക്ക് സഞ്ചരിച്ചെത്തുകയുമാണ്. ബഹുസ്വരത ഇന്ത്യക്ക് അപകടമാണെന്നും ഇവിടെ വേണ്ടത് ഏകശിലാരൂപത്തിലുള്ളൊരു രാജ്യമാണെന്നും പറയുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുകയാണ് സംഘ്പരിവാർ . ഹിജാബും ഹലാലുമൊക്കെ പ്രശ്നവത്കരിക്കപ്പെടുന്നത് അതിന്റെ അലയൊലികളാണ്. രാജ്യത്തിന്റെ ഉള്ളടക്കം സാംസ്കാരിക ദേശീയതയിലധിഷ്ഠിതമാകണമെന്ന് വാദിക്കുന്ന സംഘ്പരിവാർ അതിന് വിലങ്ങുതടിയായി നിൽക്കുന്ന സംസ്കാരങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കും. നാടുകളുടെയും റോഡുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പേരു മാറ്റുന്നതും, ചരിത്രം തിരുത്തുന്നതും, ഇപ്പോഴുണ്ടായ ശിരോവസ്ത്രത്തിനെതിരെയുള്ള നീക്കവുമെല്ലാം അതിന്റെ ഭാഗമാണ്. റാഫേൽ ലെംകിൻ പറയുന്നതു പോലെ “സംസ്കാരത്തെ നശിപ്പിക്കുന്നത് ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്.’ യഥാർത്ഥത്തിൽ സാംസ്കാരിക വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടിയാണ് തിടുക്കപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനത്തിലും ഏകീകൃത വസ്ത്രധാരണം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ശനിയാഴ്ച ഉത്തരവിറക്കിയിരിക്കുന്നത്. ഗവൺമെന്റ് വിദ്യാലയങ്ങളിൽ പൊതുയൂനിഫോമും, സ്വകാര്യ സ്കൂളുകളിലും ബിരുദപൂർവ പി യു കോളജുകളിലും അധികൃതർ നിശ്ചയിച്ച യൂനിഫോമും അണിയണമെന്നാണ് സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കുന്നത്. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും മതാചാരങ്ങൾ പാലിക്കാനും ഭരണഘടന അനു‌ഛേദം 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമല്ല ഈ യൂനിഫോം അടിച്ചേൽപ്പിക്കൽ എന്നും ഉത്തരവിലുണ്ട്. സമത്വത്തെയും, അഖണ്ഡതയെയും പൊതുനിയമത്തെയും അസ്വസ്ഥപ്പെടുത്തുന്ന വസ്ത്രധാരണം അനുവദിക്കുകയില്ലെന്നും ഉത്തരവ് തീർത്തുപറയുന്നുണ്ട്. സ്വതന്ത്രഇന്ത്യയിൽ രാജ്യം കാത്തുപോന്ന രാഷ്ട്രീയ പൈതൃകത്തിനും ഭരണഘടനാതത്വങ്ങൾക്കും വിരുദ്ധമായ ഉത്തരവാണ് കർണാടക സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഓരോരുത്തർക്കും സ്വന്തം വിശ്വാസം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടാകുകയും, ഭരണാധികാരി സ്വന്തം വിശ്വാസം മറ്റുള്ളവർക്കുമേൽ അടിച്ചേല്പിക്കാതിരിക്കുകയും, എല്ലാ വി ശ്വാസങ്ങളെയും ആദരിക്കുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ പാരമ്പര്യം. പക്ഷേ, സ്റ്റേറ്റിപ്പോൾ പക്ഷപാതപരമായി പെരുമാറുകയും നിയമങ്ങൾ കടലാസിലുറങ്ങുകയും ചെയ്യുന്നു. അദൃശ്യരാക്കിയും അരികുവത്കരിച്ചും ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താനുള്ള ശ്രമങ്ങളോടൊപ്പം രാഷ്ട്രീയമുതലെടുപ്പ് കൂടി ഇത്തരം അജണ്ടകൾക്ക് പിന്നിലുണ്ട്. മുസ്‌ലിംകളെ പ്രഹരിക്കാൻ ശേഷിയുള്ള നിയമങ്ങളും നിയമഭേദഗതികളും കൊണ്ടുവരിക. അതിനെതിരെ പ്രതിഷേധിക്കുമ്പോൾ വർഗീയ മുതലെടുപ്പ് നടത്തി നേട്ടം കൊയ്യുക എന്നതാണ് അവർ ലക്ഷ്യംവെക്കുന്നത്. ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ അങ്ങനെ രൂപപ്പെടുന്ന വർഗീയാന്തരീക്ഷത്തെ ഉപയോഗപ്പെടുത്തണമെന്ന കണക്കുകൂട്ടലിലാണ് ഉന്മാദ ദേശീയതയുടെ വക്താക്കൾ. അതിനാൽ ഈ വിഷയത്തെ മതപ്രശ്നമായല്ല മൗലികാവകാശ പ്രശ്നമായാണ് കാണേണ്ടതും സമീപിക്കേണ്ടതും. ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) പ്രകാരം “എല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനും അവകാശമുണ്ട്.’ സ്വാതന്ത്യം വിനിയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ടിവിടെ. വൈകാരികമായി വിഷയത്തെ സമീപിക്കാതെ നിയമത്തിന്റെ വഴി സ്വീകരിക്കുകയാണു വേണ്ടത്. ഭരണഘടന വകവെച്ചു നൽകുന്ന മതാചാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് അനുസൃതമായി മുസ്‌ലിം വേഷവിധാനത്തെ കാണണമെന്ന കോടതി ഉത്തരവുകൾ നിലവിലുണ്ട്.
അതിനെയൊന്നും വകവെക്കാതെ വെറുപ്പും പകയും അസഹിഷ്ണുതയും സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ശിരോവസ്ത്രത്തിനോട് പ്രതിഷേധമെന്ന രീതിയിൽ കാവി ഷാളണിഞ്ഞെത്തി മുസ്‌ലിംകളുടെ ഹിജാബും ഹിന്ദുക്കളുടെ കാവി ഷാളും എന്ന ബൈനറി കൃത്രിമമായി സംഘ്പരിവാർ സൃഷ്ടിക്കുന്നത് അതിനാണ്.
ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഇടയ്ക്കിടെ പറയാറുള്ളത് ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ഒന്നും ഭയപ്പെടാനില്ലെന്നാണ്. ലോകത്തേറ്റവും സുരക്ഷയുള്ള പ്രദേശം ഭാരതമെന്നാണ്. 2014 ന് ശേഷമുള്ള ഇന്ത്യയെക്കുറിച്ച് ഇങ്ങനെ പറയണമെങ്കിൽ അപാരമായ തൊലിക്കട്ടി വേണം. വിദ്വേഷത്തിന്റെയും വൈരത്തിന്റെയും ഘനാന്ധകാരത്തിൽ രാജ്യം ചാരമാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വർഗീയാഗ്നിയെ കെടുത്താൻ രാജ്യസ്നേഹികളും സമാധാനപ്രിയരും മനസുവെച്ചില്ലെങ്കിൽ രാജ്യം ആഭ്യന്തര ശൈഥില്യവും അന്തച്ഛിദ്രതയും മൂലം അരാജകമാവും.

പൗരത്വ പ്രക്ഷോഭ കാലത്ത് വൈറലായ “പ്രിയാമ്പിൾ ടു എൻ ഇന്ത്യൻ സിറ്റിസൺ’ എന്ന മ്യൂസിക്കൽ വീഡിയോയിൽ “ഉമ്മു കുത്സുമാരുടെ തട്ടത്തിനോടും, വാലില്ലാത്ത പേരിനോടും അവർക്കെന്തിനാണിത്ര വെറുപ്പ്?’ എന്ന ചോദ്യമുണ്ട് ഈ ചോദ്യം സൗമ്യമായി ഉന്നയിക്കാം. “നിങ്ങൾ ഞങ്ങളെ അടർത്തിമാറ്റി മുള്ളുവേലികൾ കെട്ടുമ്പോഴൊക്കെ ഞങ്ങൾ ഒട്ടിച്ചേർന്നു നിന്ന് ഒറ്റനിലയാകും.’ എന്ന വരികൾ സമൂഹം ഉറക്കെ പറയണം. സൗഹൃദത്തിന്റെ പുതിയ രാഷ്ട്രീയത്തിനു മാത്രമേ വംശീയതയുടെ വേരുകൾ പിഴുതെറിയാൻ സാധിക്കൂ.

െക ബി ബഷീർ

You must be logged in to post a comment Login