ഒറ്റമരത്തിന് നിലനിൽക്കാനാകുമോ?

ഒറ്റമരത്തിന് നിലനിൽക്കാനാകുമോ?

പത്തൊമ്പതാം നൂറ്റാണ്ടിൽ ലിബറലിസത്തിന്റെ സൈദ്ധാന്തിക അടിത്തറ വലിയ പരിവർത്തനത്തിന് വിധേയമായി. ഒരു കാലത്ത് ഭരണകൂടത്തെ “അനിവാര്യമായ തിന്മ’ (A necessary evil) എന്നാണ് രാഷ്ട്രീയ സൈദ്ധാന്തികനായിരുന്ന തോമസ് പെയ്ൻ (Thomas Paine, 1737-1809) വിശേഷിപ്പിച്ചതെങ്കിൽ 19-ാം നൂറ്റാണ്ടിലെ ലിബറൽ ചിന്തകർ ഭരണകൂടത്തെ ഒരു സഖ്യകക്ഷിയായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കാനും നടപ്പിൽവരുത്താനും ഭരണകൂടങ്ങളെ ഉപയോഗപ്പെടുത്താമെന്നായിരുന്നു കണ്ടെത്തൽ. ഭരണത്തെ സ്വാധീനിക്കുന്നതുകൊണ്ടു പ്രയോജനമുണ്ടെന്ന തിരിച്ചറിവായിരുന്നു ഇത്. ഈ “തിരിച്ചറിവി’ലേക്ക് നയിച്ചത് പ്രയോജനവാദവും (utilitarianism) അതിന്റെ പ്രധാന പ്രയോക്താവായിരുന്ന ജോൺ സ്റ്റുവർട്ട് മില്ലുമായിരുന്നു (John Stuart Mill). ഒരു പ്രവർത്തനത്തിന്റെ നന്മതിന്മകൾ വിലയിരുത്തുന്നത് അതുകൊണ്ടുള്ള പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നതാണ് പ്രയോജനവാദം മുമ്പോട്ടുവയ്ക്കുന്ന പ്രമേയം. മനുഷ്യന്റെ മൂല്യബോധത്തിന്റെ അടിസ്ഥാന നിയമവും ഇതാണെന്ന് മിൽ വാദിച്ചു.

പ്രയോജനവാദത്തിന്റെ ഉദ്ഭവകാല സൈദ്ധാന്തികനായ ജെറമി ബെൻതമിന്റെ (Jeremy Bentham) വാക്കുകളിൽ: “പ്രകൃതി മനുഷ്യനെ രണ്ട് യജമാനൻമാരുടെ കീഴിലാണ് വച്ചിരിക്കുന്നത്- വേദനയും സുഖവും. നാം എന്തു ചെയ്യണമെന്നും ചെയ്യുമെന്നും നിശ്ചയിക്കുന്നത് ഈ യജമാനൻമാർ ആയിരിക്കണം’’. വ്യക്തിസ്വാതന്ത്ര്യത്തിൽ നിന്ന് വ്യക്തിഗത സുഖത്തിലേക്കുള്ള വലിയ പരിണാമമാണ് ഈ ആശയങ്ങളിലൂടെ സംഭവിച്ചത്. തനിക്ക് സുഖകരവും പ്രയോജനപ്രദവുമായി തോന്നുന്നത് എന്താണെന്ന് ഓരോ വ്യക്തിയും സ്വയം തീരുമാനിക്കുമെന്നും അത് ഇതരർക്ക് ഉപദ്രവകരമാകാത്തിടത്തോളം ഭരണകൂടം വകവെച്ചുകൊടുക്കണമെന്നുമാണ് ബെൻതം അഭിപ്രായപ്പെട്ടത്. ലിബറലിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ വഴിത്തിരിവാണ് ഇത്തരം ആശയങ്ങളിലൂടെ സംഭവിച്ചത്. പിന്നീടങ്ങോട്ട്, വ്യക്തിഗത താൽപര്യങ്ങളിലൂന്നിയ ഏത് ആശയത്തെയും വീണ്ടുവിചാരമില്ലാതെ സ്വീകരിക്കുകയാണ് ലിബറലിസ്റ്റുകൾ ചെയ്തത്.
ഇന്ന് ഫെമിനിസത്തിന്റെയും ജെൻഡർ ഐഡിയോളജിയുടെയും നാസ്തികതയുടെയും അമിതഭാരം കൂടി ലിബറലിസം വഹിക്കേണ്ടിവരുന്നുണ്ട്. അസാന്മാർഗികവും അസാംസ്കാരികവുമായ പല ആശയങ്ങളും ഇന്ന് ലിബറലിസത്തിന്റെ മേൽവിലാസത്തിൽ അവതരിപ്പിക്കപ്പെടുന്നു. വ്യക്തിപരതയുടെ പ്രഭാവത്തിൽ സമൂഹത്തിന്റെ കെട്ടുറപ്പും ഭദ്രതയും അവഗണിച്ചു എന്നതാണ് ലിബറലിസ്റ്റ് പരിസരങ്ങളെ മലീമസമാക്കിയത്. ഒരു വ്യക്തിക്കും നിരാശ്രയനായി നിലനില്ക്കാനാവില്ല. സാമൂഹിക അന്തരീക്ഷങ്ങൾ അനുനിമിഷം നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനാൽ വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുക്കുന്നത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലാകരുത്.

യാഥാസ്ഥിതികമായ മൂല്യങ്ങളെ സംരക്ഷിച്ചുനിർത്തുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്നതിനാൽ ഇസ്‌ലാമിക വിശ്വാസങ്ങളെ അപഹസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ലിബറൽധാരകൾ കുറവല്ല. ഇതരമതങ്ങളൊക്കെ തങ്ങൾക്ക് വശംവദരായെങ്കിലും ഇസ്‌ലാം ഇപ്പോഴും പ്രതിരോധം തീർക്കുന്നത് ലിബറലിസ്റ്റുകളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. എന്നാൽ, ലിബറലിസത്തോട് പ്രായോഗികമായി സന്ധിയാകേണ്ട അവസ്ഥയാണ് മിക്ക യുറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കുള്ളത്.
ഉദാഹരണത്തിന് അമേരിക്കയിൽ ക്രിസ്ത്യൻ യാഥാസ്ഥിതിക വിഭാഗങ്ങൾ പൊതുവെ ചേർന്നുനിൽക്കുന്നത് റിപബ്ലിക്കൻ പാർട്ടിയോടാണ്. എന്നാൽ, അവർക്ക് അനൽപമായ മുസ്‌ലിം വിരോധമുണ്ടുതാനും. അതിനാൽ, ലിബറൽ പാർട്ടിയായ ഡെമോക്രാറ്റുകളോടാണ് മുസ്‌ലിം ന്യൂനപക്ഷം പൊതുവേ സന്ധിയിലേർപ്പെടുന്നത്. യാഥാസ്ഥിതിക മൂല്യങ്ങളെ എതിർക്കുന്നവരോടൊത്ത് പ്ലാറ്റ്ഫോം പങ്കിടേണ്ട അവസ്ഥ രാഷ്ട്രീയമായ നീക്കുപോക്കുകളുടെ ഭാഗമാണെങ്കിലും പലപ്പോഴും ലിബറലിസത്തിന്റെ സ്വാധീനം മുസ്‌ലിം യുവതയിൽ വളരുന്നതിന് ഈ ചേർന്നുനില്പ് കാരണമാകുന്നതായി നിരീക്ഷിക്കപ്പെടുന്നു. അറബ് ലോകത്താകട്ടെ അക്കാദമിക്, മീഡിയ രംഗങ്ങളിലൂടെ ലിബറലിസം മുസ്‌ലിം ജനസാമാന്യത്തെ ഗ്രസിച്ചു തുടങ്ങിയിട്ട് കാലമേറേയായി.

പ്രൊഫസർ ജോർഡൻ പീറ്റേഴ്സൺ (Jordan Peterson) തന്റെ Maps of Meaning എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയ വാക്കുകൾ ഇവിടെ സ്മരണീയമാണ്. “”നമുക്ക് കാണാൻ കഴിയാത്ത ഒന്ന് നമുക്ക് മനസിലാക്കാൻ കഴിയാത്ത ഒന്നിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നുണ്ട്. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തത് സംസ്കാരമാണ്. അത് നിലനിൽക്കുന്നത് ആന്തരികമായ അതീന്ദ്രിയതകളിലും ആവിഷ്കരണങ്ങളിലുമാണ്. നമുക്ക് മനസിലാക്കാൻ സാധിക്കാത്തത് ജീവിതത്തിലെ അലങ്കോലങ്ങളും സങ്കീർണമായ ക്രമരാഹിത്യങ്ങളുമാണ്. സംസ്കാരത്തിന്റെ ഘടനകൾ എപ്പോഴൊക്കെ ബുദ്ധിഹീനമായി ഭഞ്ജിക്കപ്പെടുന്നുവോ; ക്രമരാഹിത്യവും അലങ്കോലങ്ങളും തിരികെവരുന്നു. ജീവിതങ്ങൾ അലങ്കോലമാകാതിരിക്കാൻ എന്തു വില കൊടുത്തും ഏതു വിധേനയും സംസ്കാരം സംരക്ഷിക്കപ്പെടണം.” ജോൺ ലോക്കിന്റെ വാക്കുകളിൽ പറഞ്ഞാൽ: “”മൂല്യബോധം നേടുക എന്നത് വിദ്യ നേടുന്നതിനെക്കാൾ ശ്രമകരമാണ്. യുവപ്രായത്തിൽ അത് നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കാനാവില്ല.”

പുരോഗമനത്തിന്റെയും ആധുനികതയുടെയും മേൽവിലാസത്തിൽ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലിവിങ്ങ് ടുഗതർ / കോഹാബിറ്റേഷൻ (cohabitation) സമ്പ്രദായം തന്നെ പരിശോധിക്കാം. വിവാഹജീവിതത്തിന്റെ നൂലാമാലകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുക, അല്ലെങ്കിൽ വിവാഹബന്ധത്തിന്റെ കടപ്പാടുകളോ ബാധ്യതകളോ ഇല്ലാതെ ജീവിക്കുക എന്നതാണല്ലോ ലിവിങ്ങ് ടുഗതർ സംവിധാനത്തിന്റെ അടിസ്ഥാനം. എന്തിനാണ് വെറുതെ വിവാഹമോചനത്തിന്റെ കയ്പേറിയ പ്രക്രിയയിലൂടെ കടന്നുപോകുന്നത്, ഒരു കാർ ടെസ്റ്റ് ഡ്രൈവ് നടത്താതെ പൊതുവേ വാങ്ങാറില്ലല്ലോ എന്നൊക്കെയാവാം ന്യായം. പക്ഷേ, ഒരു വ്യക്തിയും മനപ്പൂർവം തന്നെ ഒരു യന്ത്രമായി പരിഗണിക്കുന്നത് വകവെച്ചുതരില്ല. എന്നാൽ, ഈ പരിഗണനയെ ഒരു ഓമനപ്പേരിട്ട് ഒളിപ്പിച്ചു വയ്ക്കുകയാണ് ലിവിങ്ങ് ടുഗതർ ചെയ്യുന്നത്. ലിവിങ്ങ് ടുഗതർ ജോടികൾക്ക് പരസ്പരമുള്ള മനോഭാവത്തെ ജോർഡൻ പീറ്റേഴ്സൺ തന്റെ Beyond Order എന്ന പുസ്തകത്തിൽ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നുണ്ട്: “”തൽക്കാലത്തേക്ക് ഞാൻ നിന്നെ കൂടെ നിർത്തുന്നു; നീയും എന്നെ അങ്ങനെ തന്നെയാണ് കാണുന്നത് എന്ന് ഞാൻ ഊഹിക്കുന്നു. അല്ലെങ്കിൽ, നാം വിവാഹം കഴിക്കുമായിരുന്നല്ലോ! പക്ഷെ, നമുക്ക് രണ്ടുപേർക്കുമില്ലാത്ത സാമാന്യബോധത്തിന്റെ പേരിൽ എപ്പോൾ വേണമെങ്കിലും കൂടുതൽ അനുയോജ്യരായ ആളുകളെ കാണുമ്പോൾ നമുക്ക് പരസ്പരം വേർപിരിയാം”(p.286). ഇത് ലിവിങ്ങ് ടുഗതറിന്റെ മനോഭാവമല്ല എന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ഇതിനെക്കാൾ കൃത്യമായ ഒരു നിർവചനം യാഥാർത്ഥ്യ ബോധത്തോടെ നിർമിച്ചെടുക്കാൻ പീറ്റേഴ്സൺ വെല്ലുവിളിക്കുന്നുണ്ട്.
ഇനി ലിവിങ്ങ് ടുഗതറിന്റെ / കോഹാബിറ്റേഷന്റെ സാമൂഹികശാസ്ത്ര ഗവേഷണഫലങ്ങൾ പരിശോധിക്കുക. “കോഹാബിറ്റേഷനിലൂടെ പിന്നീടുള്ള വിവാഹജീവിതത്തിൽ സ്ഥിരത കൈവരിക്കാമെന്ന ധാരണ സമീപകാലത്ത് നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ നടന്ന നിരീക്ഷണങ്ങളിലൂടെ പൂർണമായും തകർക്കപ്പെട്ടിരിക്കുന്നുവെന്ന്’ ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നു(7). (ഓരോ പഠനത്തിന്റെയും റഫറൻസ് ലേഖനത്തിന്റെ അവസാനം നൽകിയിട്ടുണ്ട്).

* കോഹാബിറ്റേഷനിൽ കഴിഞ്ഞ ഭൂരിഭാഗം ജോടികളും വിവാഹം കഴിക്കാറില്ല. മാത്രമല്ല, അതിനു ശേഷം വിവാഹം കഴിച്ച ജോടികൾക്കിടയിലെ വിവാഹമോചനങ്ങൾ വിവാഹത്തിനുശേഷം മാത്രം ഒരുമിച്ചുജീവിക്കാൻ ആരംഭിച്ചവരെക്കാൾ 80 ശതമാനം കൂടുതലാണ്. (8)
* കോഹാബിറ്റേഷനു ശേഷം വിവാഹിതരായ ജോടികളിലാണ് വിവാഹജീവിതത്തിലെ കലഹങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത്. ദുർബലമായ ആശയവിനിമയങ്ങൾ സംഭവിക്കുന്നതും കൂടുതൽ കൗൺസിലിങ്ങ് ആവശ്യമായി വരുന്നതും ഇത്തരം ജോടികളിൽ തന്നെ. (9)
* വിവാഹത്തിനുമുമ്പ് കോഹാബിറ്റേഷനിൽ ഏർപ്പെട്ടവരാണ് മറ്റുള്ളവരെക്കാൾ വിവാഹജീവിത കാലയളവിൽ പരസംസർഗത്തിൽ ഏർപ്പെടാൻ മൂന്നിരട്ടി സാധ്യത. (10)
* അമേരിക്കൻ ജസ്റ്റിസ് ഡിപാർട്ട്മെന്റിന്റെ കണക്കുപ്രകാരം കോഹാബിറ്റേഷനിൽ ഏർപ്പെടുന്ന സ്ത്രീ തന്റെ പങ്കാളിയാൽ അതിക്രമത്തിന് ഇരയാകാനുള്ള സാധ്യത വിവാഹജീവിതത്തിൽ സ്ത്രീ ഭർത്താവിനാൽ അക്രമിക്കപ്പെടാനുള്ള സാധ്യതയെക്കാൾ അറുപത്തിരണ്ട് ഇരട്ടി അധികമാണ്. (11)
* കോഹാബിറ്റേഷനിൽ ഏർപെടുന്ന സ്ത്രീകൾ വിഷാദരോഗത്തിന് അടിമപ്പെടാനുള്ള സാധ്യത വിവാഹിതരെക്കാൾ മൂന്നിരട്ടി കൂടുതലാണ്. (12)
* കോഹാബിറ്റേഷൻ ജോടികളിലെ ലൈംഗിക സംതൃപ്തി വിവാഹം വരെ കാത്തിരുന്നവരെക്കാൾ കുറവാണ്. (13)

പാരസ്പര്യത്തിന്റെ ഏതു അളവുകോൽ വെച്ച് പരിശോധിക്കുമ്പോഴും കോഹാബിറ്റേഷൻ ഒരു പരാജയമാണെന്നു കാണാം. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഈ സംവിധാനം പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. കാരണം, മനുഷ്യന്റെ തലച്ചോർ എപ്പോഴും ദീർഘകാലയളവിലെ ഗുണഫലങ്ങൾ യുക്തിപൂർവം പരിശോധിച്ചിട്ടല്ല നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ദീർഘകാലയളവിലെ സുരക്ഷിതത്വത്തെക്കാൾ (longstanding security) ആസന്നമായ സുഖങ്ങൾക്കാണ് (immediate pleasures) മനുഷ്യമസ്തിഷ്കം മുൻഗണന കൊടുക്കാറുള്ളതെന്ന് മനശ്ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് മനുഷ്യന്റെ ചിന്താപരമായ അപാകതകളിൽ (cognitive biases) പെട്ടതാണ്. അതുകൊണ്ടു തന്നെ, മൂല്യബോധത്തിന്റെ അടിസ്ഥാനങ്ങൾ വ്യക്തികേന്ദ്രിതമാകുന്നത് ഒരു തരത്തിലും അഭിലഷണീയമല്ല. മാത്രമല്ല, ഇത്തരം പ്രവണതകൾ “ചെയ്യുന്നവർ ചെയ്യട്ടെ’ എന്ന് ലാഘവത്തോടെ കാണുന്നതും ഉചിതമല്ല. കാരണം, ഈ പ്രവണതകൾ സമൂഹത്തെ മൊത്തത്തിൽ സ്വാധീനിക്കുന്നുണ്ട്. മറ്റു വ്യക്തികളുടെ മൂല്യബോധങ്ങളെയും കാഴ്ചപ്പാടുകളെയും നിയന്ത്രിക്കുന്നുണ്ട്. അതിനാൽ, ഇവ വ്യക്തിപരതയിൽ ഒതുങ്ങി നിൽക്കുന്നവയല്ല എന്നതാണ് വാസ്തവം.

ഫെമിനിസ്റ്റ് ആശയധാര ഫസ്റ്റ് വേവ് ഫെമിനിസത്തിൽ തുടങ്ങി ഫോർത്ത് വേവും കഴിഞ്ഞ് നിൽക്കുകയാണ്. എന്നിട്ടും, ലിംഗസമത്വം ഇതുവരെയും നേടിയിട്ടില്ല എന്നാണ് അമേരിക്കയിൽ പോലും ഫെമിനിസ്റ്റുകൾ മുറവിളി കൂട്ടുന്നത്. എല്ലാവർക്കും അവരവരുടെ കഴിവുകൾക്കനുസരിച്ച് തുല്യഅവസരങ്ങൾ ലഭിക്കണമെന്ന Equality of Opportunity എന്ന ആശയത്തിൽ നിന്നു മാറി എല്ലാ രംഗങ്ങളിലും സ്ത്രീപുരുഷ അനുപാതം 50:50 ആകുമ്പോൾ മാത്രം ലഭിക്കുന്ന Equality of Outcome എന്ന ഉട്ടോപ്യൻ ആശയത്തിലാണ് റാഡിക്കൽ ഫെമിനിസ്റ്റുകൾ എത്തിനിൽക്കുന്നത്. ഭൂലോകത്തെ സകലകാര്യങ്ങളിലും പുരുഷാധിപത്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ഫെമിനിസ്റ്റുകൾ. സമൂഹം അടിസ്ഥാനപരമായി പുരുഷാധിപത്യമാണ് എന്ന വാദമാണ് റാഡിക്കൽ ഫെമിനിസം മുന്നോട്ടുവയ്ക്കുന്നത്. റാഡിക്കൽ ഫെമിനിസ്റ്റായ ശുലമിത് ഫയർസ്റ്റോണിന്റെ (Shulamith Firestone) വാക്കുകളിൽ: “”ഇന്ന് ഫെമിനിസത്തിന്റെ ലക്ഷ്യം ഒന്നാം വേവ് കാലഘട്ടത്തിലേതു പോലെ പുരുഷന്റെ പ്രിവിലേജ് ഇല്ലാതാക്കുക എന്നതല്ല. മറിച്ച്, ലിംഗങ്ങൾക്കിടയിലുള്ള എല്ലാത്തരം വേർതിരിവുകളും അവസാനിപ്പിക്കുക എന്നതാണ്. ലിംഗവ്യത്യാസങ്ങൾക്ക് സാംസ്കാരികമായി ഒരു പ്രാധാന്യവും ഉണ്ടാകാൻ പാടില്ല”.

ഫെമിനിസത്തിന്റെ ഉദ്ദിഷ്ടഫലം ലെസ്ബിയനിസമാണെന്നാണ് (സ്ത്രീകളുടെ സ്വവർഗ ലൈംഗികത) ലെസ്ബിയൻ ഫെമിനിസം (lesbian feminism) വാദിക്കുന്നത്. സ്ത്രീകൾ പുരുഷനെ വിവാഹം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്ത്രീകൾ പരസ്പരം പ്രണയബന്ധങ്ങളിൽ ഏർപ്പെടണമെന്നും ലെസ്ബിയൻ ഫെമിനിസ്റ്റുകൾ അനുശാസിക്കുന്നു. സമചിത്തതയുടെ സകല അതിർവരമ്പുകളും ലംഘിച്ച് ലിംഗസമത്വവും കടന്ന് പുരുഷവിരുദ്ധതയിലേക്കാണ് നവ ഫെമിനിസത്തിന്റെ പോക്ക്. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന ജൻഡർ തിയറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലൈംഗികതയും ജൻഡറും യഥേഷ്ടം വികസിപ്പിക്കാവുന്ന വിശാലമായ സ്പെക്ട്രമായി ആസൂത്രണം ചെയ്തു വച്ചിരിക്കുന്നു.

സമൂഹത്തിൽ എല്ലായിടത്തും പാട്രിയാർക്കി കണ്ടെത്താനുള്ള സവിശേഷ കഴിവ് വർത്തമാനകാല ഫെമിനിസം ആർജിച്ചിരിക്കുന്നു. സമ്പത്ത് ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് പുരുഷന്മാരുടെ കൈകളിലാണ്, സ്ത്രീകൾക്ക് വീട്ടുജോലികൾക്ക് പ്രതിഫലം ലഭിക്കുന്നില്ല എന്നതൊക്കെയാണ് പാട്രിയാർക്കിയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷേ, ഇപ്പറഞ്ഞ സമ്പത്ത് പുരുഷന്മാരിൽ തന്നെ ഒരു ചെറിയ ശതമാനത്തിന്റെ കൈവശമാണ് എന്നതാണ് വസ്തുത. സാമ്പത്തികപ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ ബഹുഭൂരിഭാഗവും പുരുഷന്മാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കാരാഗ്രഹങ്ങൾക്ക് ഉള്ളിലുള്ളത് പുരുഷന്മാർ. ഏറ്റവും കൂടുതൽ തെരുവിൽ താമസമാക്കേണ്ടി വരുന്നത് പുരുഷന്മാർ. ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നത് പുരുഷന്മാർ. ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാർ. ഏറ്റവും കൂടുതൽ യുദ്ധങ്ങളിൽ മരണമടയുന്നത് പുരുഷന്മാർ. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കംനിൽക്കുന്നത് പുരുഷന്മാർ. സമൂഹത്തിൽ നിരവധി അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. സ്ത്രീ നിരവധി അനീതികൾക്ക് ഇരയായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അതിന്റെ പരിഹാരം പുരുഷവിരോധമല്ല. കൃത്യമായ നിയമനിർമാണവും പരിരക്ഷയും ലിംഗനീതിയുമാണ്.

പീറ്റേഴ്സന്റെ വാക്കുകളിൽ: “”നിങ്ങൾ ഒരു പ്ലംബറെ കൂലിക്ക് വിളിച്ചാൽ, ആ വ്യക്തി മിക്കവാറും ഒരു പുരുഷനായിരിക്കും. അത് പുരുഷമേധാവിത്തത്തിൽ വിശ്വസിക്കുന്ന പ്ലംബർമാരുടെ ഒരു കൂട്ടം സ്ത്രീകളെ മാറ്റിനിർത്താൻ നിങ്ങളെ നിർബന്ധിക്കുന്നതു കൊണ്ടല്ല”(14). സമൂഹത്തിൽ നിലനിൽക്കുന്ന ഘടനകൾക്ക് അടിസ്ഥാനപരമായ പല കാരണങ്ങളുമുണ്ട്- ലിംഗങ്ങൾക്കിടയിലെ ശാരീരിക, മാനസിക വ്യത്യാസങ്ങളൊക്കെ അതിന് കാരണമാകാം. അല്ലാതെ, എല്ലായിടത്തും പുരുഷമേധാവിത്തം നിറഞ്ഞുനിൽക്കുന്നത് കൊണ്ടല്ല. നിങ്ങൾ ഒരാളെ കൂലിക്ക് വിളിക്കുമ്പോൾ അയാളുടെ പണി ചെയ്യാനുള്ള കഴിവാണ് നിങ്ങൾ മാനദണ്ഡമാക്കുന്നത്; ലിംഗഭേദങ്ങളല്ല. തികച്ചും സാധാരണക്കാരായ മധ്യവർഗത്തിൽ നിന്നുള്ള പുരുഷന്മാർ കൂലിവേലകളിൽ അധികമായി കണ്ടുവരുന്നത് പാട്രിയാർക്കി കാരണമല്ല. ആ ജോലികൾക്ക് അവർ കൂടുതൽ അനുയോജ്യരായതു കൊണ്ടും സ്വമേധയാ തിരഞ്ഞെടുക്കുന്നതുകൊണ്ടുമാണ്.

ഏറ്റവും കൂടുതൽ ലിംഗസമത്വം നിലനിൽക്കുന്നുവെന്ന് കരുതപ്പെടുന്ന രാജ്യങ്ങളിൽ പോലും സ്ത്രീപുരുഷന്മാർ വ്യത്യസ്ത തൊഴിലുകളാണ് സ്വമേധയാ തിരഞ്ഞെടുക്കുന്നതെന്ന് ഗവേഷണപഠനങ്ങൾ സംശയലേശമന്യേ തെളിയിക്കുന്നുണ്ട്(15). ചുരുക്കിപ്പറഞ്ഞാൽ, ഒരു വ്യക്തിക്ക് ആൺപെൺ വ്യത്യാസമില്ലാതെ സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ ഒരു ജോലി തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കണം എന്ന ആശയമാണ് Equality of Opportunity എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത് പല വേളകളിലും ലിബറലിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, എല്ലായിടത്തും ഒരേ അനുപാതത്തിൽ സ്ത്രീപുരുഷന്മാർ വന്നാൽ മാത്രം കരസ്ഥമാകുന്ന Equality of Outcome എന്ന അഭിനവ ഫെമിനിസ്റ്റ് സങ്കൽപം ഒരു ഉട്ടോപ്യൻ ആശയത്തിനപ്പുറം മറ്റൊന്നുമല്ല.
ഈ ആന്തരിക വൈരുധ്യങ്ങൾ കണ്ടിട്ട് “നമുക്ക് ഫെമിനിസം വേണ്ട; സമത്വം മതി’ എന്നെങ്ങാനും ആരെങ്കിലും പറഞ്ഞുപോയാൽ പിന്നെ പരിഹാസങ്ങളുടെ ശരവർഷമാണ് അയാൾക്ക് നേരിടേണ്ടി വരിക. ഫെമിനിസം എന്നാൽ സമത്വം എന്നാണ് അർഥമെന്നും അതിനാൽ “ഫെമിനിസം വേണ്ട; സമത്വം മതി’ എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഫെമിനിസ്റ്റുകളുടെ വിശദീകരണം വരുന്നു. ഔദ്യോഗിക നിർവചന പ്രകാരം വിലയിരുത്താൻ തുടങ്ങിയാൽ ലോകത്ത് ഒരു പ്രസ്ഥാനവും മോശമാവില്ല എന്നത് അവിടെ നിൽക്കട്ടെ! റാഡിക്കൽ ഫെമിനിസ്റ്റ് ആശയങ്ങൾ മാറ്റിവച്ച് അവസരസമത്വത്തിനായി പരിശ്രമിച്ചാൽ പോരേ എന്നായിരിക്കും പ്രസ്തുത വ്യക്തി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് മനസിലാക്കുന്നതും വിഡ്ഢിത്തമായി കാണേണ്ടതുണ്ടോ? റാഡിക്കൽ ഫെമിനിസം, എക്കോ- ഫെമിനിസം തുടങ്ങിയവ മുതൽ റാഡിക്കൽ ലെസ്ബിയൻ ഫെമിനിസവും ബ്ലാക്കും ചിക്കാനയും ഉൾപ്പെടെ അതിന്റെ വകഭേദങ്ങളും നിലനിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ അങ്ങനെ ഒരാൾ പറഞ്ഞുപോയാൽ തെറ്റുപറയാനാവില്ലല്ലോ! ആദ്യകാല ഫെമിനിസത്തിന്റെ ലക്ഷ്യങ്ങൾ യൂറോപ്യൻ സമൂഹങ്ങളിൽ കരഗതമായിട്ടുണ്ടെന്നും ആധുനിക ഫെമിനിസം ഫെമിനിസത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വാദിക്കുന്ന postfeminism-ത്തിന്റെ അനുകൂലികളും ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു.

ലിബറലിസം സമീപകാലത്ത് നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് വ്യക്തിസ്വാതന്ത്ര്യം ഏതറ്റം വരെ അനുവദിക്കണമെന്ന ചോദ്യമായിരിക്കും. സ്റ്റുവർട്ട് മില്ലിന്റെ ഹാം പ്രിൻസിപ്പിൾ (മറ്റൊരാൾക്ക് ഹാനികരമാകാത്തിടത്തോളം എന്തും ചെയ്യാം!) പോലെ ഏതെങ്കിലുമൊരു തത്വമാണ് ഇതിന് ലിബറലുകൾ അവലംബിക്കുക. പക്ഷേ, ഇത് പ്രയോഗിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. ഒരു വ്യക്തിക്ക് ഹാനികരമായവയെ എങ്ങനെ വേർതിരിക്കുമെന്ന ചോദ്യം വരുന്നു. ഉദാഹരണത്തിന് വ്യഭിചാരം, ചൂതാട്ടം, അശ്ലീലതയുടെ വില്പന തുടങ്ങിയവ മറ്റുള്ളവർക്ക് ഹാനി വരുത്താത്തതുകൊണ്ട് അനുവദിക്കപ്പെടണമെന്നാണ് ഒരു കൂട്ടർ വാദിക്കുക. എന്നാൽ, ഇവ അത്ര നിർദോഷകരമല്ലെന്നും മറ്റുള്ളവർക്കും ഹാനികരമാണെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു. വാദമുഖങ്ങൾ പരിഹാരമില്ലാതെ നീളുകയാണ് ചെയ്യുക. വസ്തുനിഷ്ഠമായ മൗലികതയുടെ (objective morality) അഭാവമാണ് ഇതിനുകാരണം. മൂല്യബോധത്തെ വ്യക്തിപരമായി (subjective morality) നിർവചിച്ചു വച്ചിരിക്കുകയാണല്ലോ! മതനിരാസം ലിബറൽ പരിസരങ്ങളിൽ പടർന്നുപിടിച്ചതിന്റെ അനന്തരഫലമാണ് ഇത്തരം സങ്കീർണമായ പ്രശ്നങ്ങൾ. ഒരു ദൈവികവ്യവസ്ഥയും അംഗീകരിക്കാത്തവർക്ക് വസ്തുനിഷ്ഠമായ “മൗലികത’ രൂപപ്പെടുത്താനാവില്ല എന്നത് സുവ്യക്തമാണ്.

മറ്റൊരു വെല്ലുവിളി അവസരസമത്വത്തിന്റെ വിഷയത്തിലാണ്. എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കണമെന്ന് ലിബറലിസ്റ്റുകൾ വാദിക്കുന്നു. അതായത്, ജാതി, വർഗ, വർണ, ലിംഗ വിവേചനമില്ലാതെ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ നൽകപ്പെടണം എന്നതാണ് ലിബറൽ ധാരയുടെ നയം. എന്നാൽ, ഇതിനായി ചരിത്രപരമായി വിവേചനം നേരിട്ടവരെ പ്രത്യേക പരിഗണനയോടെ ഉയർത്തിക്കൊണ്ടു വന്നാലേ അവസരസമത്വം ലഭിക്കുകയുള്ളൂവെന്ന് ലിബറൽ പൊളിറ്റിക്സ് അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ, ഇതിൽ ഏതറ്റം വരെ പോകാം എന്നത് സങ്കീർണമായൊരു ചോദ്യമാണ്. സമൂഹത്തിൽ എല്ലാവരുടെയും സാമ്പത്തികാവസ്ഥയും സാഹചര്യങ്ങളും തുല്യ നിലയിലാകുന്നതു വരെ ഇത് തുടരേണ്ടതുണ്ടോ? തുടർന്നാൽ, അത് അധ്വാനിച്ച് ധനമുണ്ടാക്കിയവരോടുള്ള അനീതിയാകില്ലേ? ഇത് ചിലർക്കെതിരെ ചിലർക്കു വേണ്ടിയുള്ള വിവേചനമല്ലേ? ഇതിനെ അവസരസമത്വത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നു. ഇത്തരം വെല്ലുവിളികളൊക്കെയും വസ്തുനിഷ്ഠമായ ഒരു നിയമവ്യവസ്ഥയെയും അംഗീകരിക്കാത്തതിനാൽ ഉണ്ടായിത്തീരുന്നതാണ് എന്നത് വ്യക്തമാണല്ലോ! ഇസ്രയേലീ എഴുത്തുകാരനായ യുവാൽ നോവ ഹരാരിയുടെ “21 Lessons for the 21st Century’ എന്ന പുസ്തകം ലിബറലിസത്തിന്റെ വർത്തമാനകാല വെല്ലുവിളികൾ അടയാളപ്പെടുത്തുന്നുണ്ട്.
2018-ൽ പ്രസിദ്ധീകരിക്കപ്പെട്ട പാട്രിക് ദെനീനിന്റെ (Patrick Deneen) “ലിബറലിസം പരാജയപ്പെട്ടത് എന്തുകൊണ്ട്?’ (“Why Liberalism Failed?’) എന്ന പുസ്തകം ലിബറലിസത്തിന്റെ പരാജയ കാരണങ്ങളാണ് വിലയിരുത്തുന്നത്. ലിബറൽ വ്യവസ്ഥകളുടെ പരിമിതികളും ആന്തരിക വൈരുധ്യങ്ങളുമാണ് ആധുനികകാലത്തെ അപചയങ്ങൾക്കു പിന്നിൽ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “”ലിബറലിസം പരാജയപ്പെട്ടിരിക്കുന്നു- നടപ്പിലാക്കുന്നതിൽ സംഭവിച്ച പിഴവു കൊണ്ടല്ല; പൂർണമായും നടപ്പിലാക്കിയപ്പോഴാണ് അത് പരാജയപ്പെട്ടത്. അപ്പോഴാണ് അതിന്റെ ആന്തരിക വൈരുധ്യങ്ങൾ വെളിവായത്. സമത്വവും സഹിഷ്ണുതയും മനുഷ്യന്റെ അഭിമാന സംരക്ഷണവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കി തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന് ഭീമൻ അസമത്വങ്ങൾക്ക് കാരണമായിത്തീർന്നിരിക്കുന്നു. ഏകതാനതയും സജാതീയത്വവും അടിച്ചേൽപ്പിക്കുന്നു. ഭൗതികവും ആത്മീയവുമായ അധ:പതനങ്ങൾക്ക് നിദാനമാകുന്നു. സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നു” – ലിബറലിസം പരാജയപ്പെട്ടിരിക്കുന്നു.

References
[1] Michael Freeden- Liberalism, A Very Short Introduction- Oxford University Press
[2] Terence Ball- The Political Science Teacher Journal- American Political Science Association
[3] “Your children are not your children.
They are the sons and daughters of Life’s longing for itself.
They come through you but not from you,
And though they are with you yet they belong not to you.”
[4] ഉൽപ്പത്തി 9:18-27
“പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു. നോഹ കൃഷിചെയ്വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തതു അറിഞ്ഞു.അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.’

[5] Joseph Loconte and Mustafa Akyol- Is Liberalism Good for Religions? – Cato Institute
[6] Letter of Theodosius of Jerusalem to Ignatius of Constantinople- Mansi, Concilia, vol XVI, pp. 26-7 as quoted by Steven Runciman- History of the Crusades, Volume 1- chapters 1,2 and 3.
[7] William G. Axinn and Arland Thornton, “The Relation Between Cohabitation and Divorce: Selectivity or Casual Influence?” Demography 29 (1992), 357–374.
[8] Cf. Bennett, et al., “Commitment and the Modern Union: Assessing the Link Between Premarital Cohabitation and Subsequent Marital Stability,” American Sociological Review 53:1 (February 1988), 127–138.

[9] Elizabeth Thompson and Ugo Colella, “Cohabitation and Marital Stability: Quality or Commitment?” Journal of Marriage and the Family 54 (1992), 263; John D. Cunningham and John K. Antill, “Cohabitation and Marriage: Retrospective and Predictive Consequences,”
Journal of Social and Personal Relationships 11 (1994), 90.
[10] Koray Tanfer and Renata Forste, “Sexual Exclusivity Among Dating, Cohabiting, and Married Women,” Journal of Marriage and Family (February 1996), 33–47.
[11] Chuck Colson, “Trial Marriages on Trial: Why They Don’t Work,” Breakpoint, March 20, 1995.
[12] Lee Robins and Darrell Regier, Psychiatric Disorders in America: The Epidemiologic Catchment Area Study (New York: Free Press, 1991), 64.
[13] Marianne K. Hering, “Believe Well, Live Well,” Focus on the Family, September 1994, 4.
Also refer William Mattox, Jr., “Could This be True Love? Test It with Courtship, Not Cohabitation,” USA Today, February 10, 2000, 15A (usatoday.com).
[14] Jordan Peterson- Interview with Helen Lewis on British GQ.- YouTube
[15] Emily Willingham- When Times are Good, the Gender Gap Grows- Scientific American.

You must be logged in to post a comment Login