നിങ്ങളുടെ കച്ചവടത്തില്‍ വഞ്ചനയുണ്ടോ?

നിങ്ങളുടെ കച്ചവടത്തില്‍  വഞ്ചനയുണ്ടോ?

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങളില്‍ സുപ്രധാനമായ ഇടമാണ് വിപണി(Market). വിപണികളിലൂടെയാണ് ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്പര കൈമാറ്റം സാധ്യമാകുന്നത്. ഈ കൈമാറ്റം സാധ്യമാകുമ്പോഴാണ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതും തൊഴില്‍ വര്‍ധിക്കുന്നതും. അതുകൊണ്ടു തന്നെ പ്രസ്തുത വിപണികള്‍ സുതാര്യമായി പ്രവര്‍ത്തിക്കേണ്ടത് ഒരു രാജ്യത്തിന്റെ ക്ഷേമത്തിന് അനിവാര്യമാണ്. വിപണികളിലെ കച്ചവടങ്ങള്‍ നീതിപൂര്‍ണമാകുമ്പോള്‍ എല്ലാവര്‍ക്കും അതിന്റെ ഫലം അനുഭവിക്കാനാവും. എന്നാല്‍, കേവല ലാഭത്തിനു വേണ്ടി കച്ചവടത്തിന് തെറ്റായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗം അതിന്റെ ഇരകളാവുകയും രാജ്യത്ത് സാമ്പത്തിക അസമത്വം രൂപപ്പെടുകയും ചെയ്യും. വരുമാന സ്രോതസ്സുകളില്‍ ഏറെ പേര്‍ ആശ്രയിക്കുന്ന കച്ചവടങ്ങളില്‍ എങ്ങനെ നീതിപാലിക്കാം എന്നാണ് നാം ചര്‍ച്ചക്കെടുക്കുന്നത്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സുവ്യക്തമായി അനുവദിച്ചതാണ് കച്ചവടം (ബഖറ-275). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരോട് കൂടെ, കച്ചവടം നടത്തുന്നവരെയും അല്ലാഹു ചേര്‍ത്തി പറഞ്ഞതായി കാണാം (മുസമ്മില്‍-20). പ്രസ്തുത വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍തുബി(റ) ഇങ്ങനെ പറയുന്നുണ്ട്: “സ്വന്തം ശരീരത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും അല്ലാഹു അനുവദിച്ച മാര്‍ഗങ്ങളിലൂടെ കച്ചവടം നടത്തുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്റെ സ്ഥാനത്താണ്.’

ഏറ്റവും നല്ല തൊഴില്‍ ഏതാണെന്ന ചോദ്യത്തോട് റസൂലിന്റെ(സ) മറുപടി സത്യസന്ധമായ(വഞ്ചനയില്ലാത്ത) കച്ചവടം എന്നായിരുന്നു. കച്ചവടങ്ങളില്‍ വഞ്ചനയില്ലാതിരിക്കുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. ഇമാം തുര്‍മിദി ഉദ്ധരിക്കുന്ന ഹദീസില്‍ സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ പ്രവാചകര്‍, സത്യസന്ധര്‍, ശുഹദാക്കള്‍ എന്നിവരോടൊപ്പമാണെന്ന് പറയുന്നുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്ത് നിങ്ങള്‍ പരസ്പരം അപഹരിച്ചു കൊണ്ട് ഉപഭോഗം നടത്തരുതെന്നും പരസ്പരം തൃപ്തിയോടെ കച്ചവടം നടത്തി ഉപഭോഗം നടത്തണമെന്നും പറയുന്നു(നിസാഅ്-29). ഈ ആയതിന്റെ വിശദീകരണത്തില്‍ ഇമാം ത്വബ്‌രി(റ) പറയുന്നു: “ഗുണകാംക്ഷയോടെയും സത്യസന്ധതയോടെയും കച്ചവടം നടത്തുന്നവര്‍ അല്ലാഹു അനുവദിച്ച മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചവനാണ്’. പരസ്പരം തൃപ്തിയോടെ അല്ലാഹു അനുവദിച്ച മാര്‍ഗത്തില്‍ കച്ചവടം നടത്തുമ്പോള്‍ അവന്റെ അനുഗ്രഹവും നോട്ടവും നമ്മിലുണ്ടാകുമെന്ന് ഈ വചനത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്.
റസൂലിന്റെ(സ്വ) ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം. മനുഷ്യന്‍ ഇടപെടുന്ന സര്‍വമേഖലകളിലും തിരുനബിയുടെ(സ്വ) ഉദാത്തമായ മാതൃകകള്‍ നമുക്ക് കാണാന്‍ സാധിക്കും. കച്ചവട രംഗത്തും തിരുനബി(സ്വ) വലിയ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ആളായിരുന്നു. ഖദീജ ബീവിക്കു വേണ്ടി നബി തങ്ങള്‍ കച്ചവടം നടത്തിയതും വലിയ ലാഭമുണ്ടാക്കിയതും ചരിത്രത്തില്‍ കാണാം. പിന്നീട് മദീനയില്‍ താമസിക്കുന്ന സമയത്തും, അന്നത്തെ വിപണികള്‍ വിലയിരുത്തി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തിരുനബി(സ്വ) പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍, ധാരാളം കച്ചവട ചരക്കുകളുമായി ഒരു സംഘം മദീനയില്‍ എത്തിയപ്പോള്‍ അവരില്‍ നിന്നത് വാങ്ങി തിരുനബി(സ്വ) വില്‍പന നടത്തുകയുണ്ടായി. കച്ചവടത്തിലൂടെ ലഭിച്ച ലാഭം ബനൂ അബ്ദില്‍ മുത്ത്വലിബ് ഗോത്രത്തിലെ വിധവകള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്തു(അബൂ ദാവൂദ്). ഇങ്ങനെ തുടങ്ങി, കച്ചവടവുമായി ബന്ധപ്പെട്ട് തിരുനബി(സ്വ) കാത്തുസൂക്ഷിച്ച മൂല്യങ്ങളാണ് ഏതൊരു കച്ചവടക്കാരനെ സംബന്ധിച്ചും ഒരു പാഠ്യവിഷയമായി മുന്നില്‍ വരേണ്ടത്.

ഉല്പന്നത്തെക്കുറിച്ചുള്ള ശരിയായ വിവരണം
ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ വിപണികള്‍ പരാജയപ്പെടുന്നതിനെ കുറിച്ച് (Market Failure) ധാരാളം പഠനങ്ങളുണ്ട്. ഉല്പന്നത്തെ കുറിച്ചുള്ള കൃത്യമായ വിവരം നല്‍കാന്‍ കഴിയാത്തതാണ് അവയില്‍ ഒരു കാരണമായി പറയുന്നത്. Asymmetric information. ഉല്പന്നത്തെ കുറിച്ച് ഉപഭോക്താവിന് കൂടുതല്‍ വിവരം ഇല്ലാതിരിക്കുമ്പോള്‍, അവന്‍ വഞ്ചിക്കപ്പെടുമെന്നും പൂര്‍ണമായ സംതൃപ്തി (Maximum utility) ഇല്ലാതിരിക്കാന്‍ അത് കാരണമായേക്കുമെന്നും ഗണിക്കപ്പെടുന്നു.

ഉല്പന്നത്തെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കുന്നത് വഞ്ചനയാണെന്നാണ് റസൂല്‍(സ്വ) പഠിപ്പിക്കുന്നത്. ഒരിക്കല്‍ റസൂല്‍(സ്വ) ഭക്ഷണധാന്യം വില്‍ക്കുന്ന ഒരാളുടെ അടുത്തു കൂടെ നടക്കുകയായിരുന്നു. ധാന്യങ്ങള്‍ക്കിടയിലൂടെ കൈകള്‍ പ്രവേശിപ്പിച്ചപ്പോള്‍ നബി തങ്ങള്‍ക്ക് നനവ് അനുഭവപ്പെട്ടു. ഉടനെ തന്നെ വില്‍പ്പനക്കാരനോട് അതിനെക്കുറിച്ച് ചോദിച്ചു. മഴ കാരണം നനഞ്ഞതാണെന്ന് വില്‍പ്പനക്കാരന്‍ മറുപടി കൊടുത്തു. നബി(സ്വ) മറുപടിയെന്നോണം പറഞ്ഞു: “ഈ നനവുള്ള ധാന്യങ്ങള്‍ ജനങ്ങള്‍ കാണുന്ന രൂപത്തില്‍ മുകളില്‍ വെച്ചു കൂടായിരുന്നോ! വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല’ (മുസ്‌ലിം 102). ഉല്പന്നത്തെ കുറിച്ചുള്ള വിവരങ്ങള്‍ മൂടി വെച്ച് വഞ്ചനാപരമായ കച്ചവടം നടത്തുന്നത് നിഷിദ്ധമാണെന്ന് (ഹറാം) ഈ ഹദീസിനെ ഉദ്ധരിച്ചു കൊണ്ട് ഇമാം ഗസാലി(റ) പറയുന്നുണ്ട്. പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ വഞ്ചന വന്‍കുറ്റമായാണ് തിരുനബി എണ്ണിയതെന്ന് ഇമാം നവവി(റ) പറയുന്നു. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: “കുടുംബത്തെ പരിപാലിക്കാന്‍ വേണ്ടി വഞ്ചന നടത്തുന്ന കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ നരകത്തിലാണ്.’

ശാഫി കര്‍മശാസ്ത്രത്തില്‍ ഉല്പന്നത്തെ കുറിച്ച് കൃത്യമായ അറിവുണ്ടാകല്‍ കച്ചവടം സാധുവാകാനുള്ള നിബന്ധനയാണ്. നാം നടത്തുന്ന സ്ഥാപനങ്ങളില്‍/കച്ചവടങ്ങളില്‍ ഉല്പന്നത്തെ/സേവനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം. അഡ്മിഷന്‍ വര്‍ധിക്കാന്‍ വേണ്ടി ഇല്ലാത്ത വിശേഷണങ്ങള്‍ പറയുന്ന പരസ്യങ്ങള്‍ ഉണ്ടാകരുത്. വാടകക്ക് കൊടുക്കുന്ന കെട്ടിടങ്ങള്‍/വാഹനങ്ങള്‍ എന്നിവയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അവ പറഞ്ഞു കൊണ്ടാവണം ഇടപാട് നടത്തേണ്ടത്. വില്‍ക്കുന്ന ഉല്പന്നത്തെ കുറിച്ച് സാധ്യമാകുന്ന വിവരങ്ങളെല്ലാം നല്‍കണം. ഏറ്റവും ചുരുങ്ങിയത് ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതെടുത്ത് പറയാനെങ്കിലും കഴിയണം. ഓണ്‍ലൈന്‍ വിപണിയില്‍ ശരിയായ വിശേഷണങ്ങള്‍, ചിത്രങ്ങള്‍ മാത്രം നല്‍കണം. വസ്ത്രം വില്‍ക്കുന്ന സമയത്ത് രണ്ടു ഭാഗങ്ങളില്‍ നിന്ന് നല്ല ഭാഗം മാത്രം പ്രദര്‍ശിപ്പിച്ച് വില്‍പന നടത്തുന്നത് വഞ്ചനയാണ്. കണ്ണിയത്ത് ഉസ്താദിനെ കുറിച്ച് കേട്ടുവരുന്ന ഒരു ചരിത്രമുണ്ട്. മരക്കച്ചവടം നടത്തുന്ന സമയത്ത് തടിയുടെ മേന്മ പറയുന്നതിന് പകരം ന്യൂനതകള്‍ എണ്ണി പറയുമെന്നാണത്. എന്നിലൂടെ മറ്റൊരാള്‍ വഞ്ചിക്കപ്പെടരുതെന്ന മാനുഷിക താല്പര്യമാണ് ആ സൂക്ഷ്മതയിലുള്ളത്.

കള്ളസത്യം ചെയ്ത് ഇല്ലാത്ത ഗുണങ്ങള്‍ പറഞ്ഞ് വില്‍പന നടത്തുമ്പോള്‍ കേവല ലാഭം ലഭിച്ചേക്കാം. എന്നാല്‍ അതിലൂടെ നമുക്ക് നഷ്ടമാവുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. തിരുനബി(സ്വ) ഇങ്ങനെ പറയുന്നുണ്ട്. കള്ളസത്യം ഉല്പന്നങ്ങള്‍ക്ക് കച്ചവടമുണ്ടാക്കിയാലും അത് ബറകത് ഇല്ലാതാകാന്‍ കാരണമായേക്കും (മുസ്‌ലിം). മറ്റൊരു ഹദീസില്‍ അന്ത്യനാളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാത്ത മൂന്നു വിഭാഗത്തില്‍ കള്ളസത്യം ചെയ്ത് ഉല്പന്നങ്ങള്‍ കച്ചവടം നടത്തിയവരെ റസൂല്‍(സ്വ) എണ്ണി പറയുന്നുണ്ട്. ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെയും കാണാം: തിരുനബി(സ്വ) പറയുന്നു: “വില്‍ക്കുന്നവനും വാങ്ങുന്നവനും സത്യം മാത്രം പറയുകയും പരസ്പരം ഗുണം ആഗ്രഹിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാവുകയും ന്യൂനതകള്‍ മറച്ചുവെക്കുകയും കളവ് പറയുകയും ചെയ്താല്‍ അനുഗ്രഹങ്ങള്‍ എടുത്തുകളയപ്പെടുകയും ചെയ്യും'(ബുഖാരി).
1970-ലാണ്, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോര്‍ജ് അകെര്‍ലോഫ് (George Akerlof) തന്റെ “The Market for “Lemons’: Quality Uncertainty and the Market Mechansim’ എന്ന പഠനത്തിലൂടെ Asymmetric Information നെ കുറിച്ച് സംസാരിക്കുന്നത്. വാഹനം വില്‍ക്കുന്ന സമയത്ത് വില്‍പ്പനക്കാരന്‍ മുഴുവന്‍ വിവരങ്ങളും കൈമാറാതെ അര്‍ഹിക്കുന്നതിലപ്പുറമുള്ള ലാഭം ഈടാക്കുന്നതിനെ കുറിച്ചാണ് അകെര്‍ലോഫ് പ്രസ്തുത പഠനത്തില്‍ സംസാരിക്കുന്നത്. മൂല്യം കുറഞ്ഞ വാഹനങ്ങള്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ വലിയ വിലക്ക് വില്‍ക്കപ്പെടുകയും മൂല്യമുള്ള വാഹനങ്ങള്‍ക്ക് അര്‍ഹിച്ച വില ലഭിക്കാതെ വരികയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. തിരുനബി(സ്വ) പഠിപ്പിച്ചുതന്ന കച്ചവട മൂല്യങ്ങള്‍ സാമ്പത്തിക ലോകം തന്നെ അംഗീകരിച്ചുകൊണ്ട് വലിയ ഗവേഷണങ്ങള്‍ നടത്തുമ്പോള്‍, നമ്മുടെ വരുമാന സ്രോതസ്സുകളിലും അത്തരം മൂല്യങ്ങളുണ്ടോയെന്ന അന്വേഷണങ്ങളാണ് ഒരു കച്ചവടക്കാരനില്‍ നിന്നും ആദ്യമുണ്ടാകേണ്ടത്.

സി എം ശഫീഖ് നൂറാനി അസ്സഖാഫി

(തുടരും)

You must be logged in to post a comment Login