യുദ്ധത്തില്‍ ഒരു പക്ഷമേ ഉള്ളൂ

യുദ്ധത്തില്‍  ഒരു പക്ഷമേ ഉള്ളൂ

തികച്ചും അനിശ്ചിതമായ ഒരു ലോകാവസ്ഥയിലിരുന്നാണ് ലോകത്തെക്കുറിച്ചുള്ള ഈ ആലോചനകള്‍ കുറിക്കുന്നത്.

രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒട്ടും അപ്രതീക്ഷിതമല്ലാതിരുന്ന സായുധ യുദ്ധം ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അവര്‍ക്കിടയില്‍ നാമമാത്രമായി നടന്ന നയതന്ത്ര ചര്‍ച്ച, ഇരു കൂട്ടരുടെയും വിട്ടുവീഴ്ചയില്ലായ്മകള്‍ക്കൊടുവില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാക്കിക്കൊണ്ട് സമാപിച്ചിരിക്കുന്നു. എല്ലാ യുദ്ധങ്ങളിലുമെന്നപോലെ പലായനങ്ങളും വിലാപങ്ങളും നിസ്സഹായതകളും മരണങ്ങളുമാണ് ചുറ്റും. സൈനികമായി അതിശക്തരാണ് റഷ്യ. ഞങ്ങള്‍ യുദ്ധം തുടങ്ങാറില്ല, അവസാനിപ്പിക്കാറേ ഉള്ളൂ എന്ന അവരുടെ അപകടകരമായ പ്രസ്താവന സൈനികതലത്തില്‍ പുറത്തുവന്നുകഴിഞ്ഞു. യുക്രൈന്റെ തലസ്ഥാനം നിലം പൊത്തുന്ന മട്ടാണ്. എതിര്‍വശത്ത് യുക്രൈന്‍ ദേശീയതയെ ആളിക്കത്തിച്ചും പതിറ്റാണ്ടായി അവര്‍ക്ക് നിര്‍ലോഭം ലഭിക്കുന്ന പാശ്ചാത്യ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ചും പിടിച്ചു നില്‍ക്കുകയാണ്. സിവിലിയന്‍സിന്, വംശവെറിയുള്‍പ്പെടെയുള്ള കൊടുംകുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളികള്‍ക്ക് വരെ ആയുധങ്ങള്‍ നല്‍കി തെരുവിലിറക്കുകയാണ് യുക്രൈന്‍. യുദ്ധാനന്തരം യുക്രൈനെ മുച്ചൂടും തകര്‍ക്കാന്‍ പോന്ന വിഡ്ഢിത്തമാണിതെന്ന് വിവേകികള്‍. യുദ്ധം തുടരുകയാണ്.
ഈ യുദ്ധത്തില്‍ നിങ്ങള്‍ ആരുടെ പക്ഷത്താണ്? എളുപ്പത്തില്‍ നാം പറഞ്ഞുപോയേക്കാവുന്ന ഉത്തരം നീതിയുടെ പക്ഷത്ത് എന്നതാണ്. ഏതാണ് ഈ യുദ്ധത്തിലെ നീതിയുടെ പക്ഷം? നാം അപ്പോള്‍ ചരിത്രത്തെ കൂട്ടുപിടിക്കും. എന്നിട്ട് രണ്ടിലൊന്ന് എന്ന ലളിതമായ ഒരു നിലപാടിലേക്കെത്തും. വാസ്തവത്തില്‍ അത് നീതിയുടെ പക്ഷമാണോ? അല്ല എന്നതാണ് ഉത്തരം. യുദ്ധത്തില്‍ ഒരു പക്ഷമേ ഉള്ളൂ. അത് യുദ്ധത്തിന് എതിരായ പക്ഷമാണ്. യുദ്ധങ്ങളുടെ ലോകചരിത്രത്തില്‍ എവിടെയും നീതിക്ക് ഇരിപ്പിടമുണ്ടായിട്ടില്ല. എന്തെന്നാല്‍ യുദ്ധം അനീതിയെ ഉള്‍വഹിക്കുന്നു. യുദ്ധം മനുഷ്യര്‍ക്കിടയിലെ ഒരു വ്യവഹാരമല്ല. അധികാരത്തിനും ഭരണകൂടത്തിനുമിടയിലെ ഒരു കച്ചവടമാണ്. യെമനില്‍ ആയാലും യുക്രൈനില്‍ ആയാലും യുദ്ധം തുടങ്ങുന്നതും നടത്തുന്നതും തുടരുന്നതും അധികാരവും ഭരണകൂടങ്ങളും ഇതിനെല്ലാം പുറമേയുള്ള താല്പര്യങ്ങളും കൂടിച്ചേര്‍ന്നാണ്. ഈ മൂന്നിലും മനുഷ്യന്‍ എന്ന സാമൂഹിക യൂണിറ്റിന് ഒരു പങ്കുമില്ല. ഭരണകൂടങ്ങള്‍ വിലകൊടുത്തുവാങ്ങിയ ശരീരങ്ങള്‍ പടവെട്ടുന്നു. ഭരണകൂടങ്ങള്‍ വിലകൊടുത്ത് രൂപപ്പെടുത്തിയ ദേശീയതയാല്‍ വഞ്ചിതരായ മനുഷ്യ ശരീരങ്ങള്‍ അതിനെ പിന്തുണക്കുന്നു. കൊല്ലുകയും ചാവുകയും ചെയ്യുന്നു. അതില്‍ പക്ഷേ, മാനുഷികമായ വ്യവഹാരങ്ങള്‍ക്ക്, മാനുഷികതക്ക് ഒരു പങ്കാളിത്തവുമില്ല.
എങ്കിലും നമുക്ക് യുദ്ധത്തെക്കുറിച്ച്, അതിഹീനമായ മാനുഷിക വ്യവഹാരത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടി വരുന്നു. ഏതു കാലത്താണ് നാമിത് സംസാരിക്കുന്നത് എന്ന ഓര്‍മ ഈ കുറിപ്പിന്റെ വായനയിലുടനീളം നമ്മളില്‍ മുഴങ്ങേണ്ടതുണ്ട്. മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഭയാനകമായ ഒരു മഹാവ്യാധിയുടെ, കൊവിഡിന്റെ കാലമാണ്. മറ്റു മഹാമാരികളെപ്പോലെ കൊവിഡ് മനുഷ്യരെ കൊന്നുതള്ളുക മാത്രമല്ല ചെയ്തത്. കൊവിഡ് മനുഷ്യരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചു. കൊവിഡ് ലോകത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെ അടിവേരുകളെ മുറിപ്പെടുത്തി. കൊവിഡ് ലോകത്ത് അതിദരിദ്രരെ ഇരട്ടിയാക്കി. മിതവരുമാനക്കാരായ മഹാഭൂരിപക്ഷത്തെ നിത്യപട്ടിണിയുടെ കയങ്ങളിലേക്ക് ഉന്തിയിട്ടു. ഇപ്പോള്‍ യുദ്ധം ചെയ്യുന്ന റഷ്യയില്‍ ഉള്‍പ്പെടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടം രേഖപ്പെടുത്തപ്പെട്ടു. അതിസമ്പന്നരായ ഏതാനും പേര്‍ മഹാസമ്പന്നരായിമാറി. കൊവിഡ് അനന്തര വ്യക്ത്യാവസ്ഥയുടെ നാഡീശാസ്ത്ര നാമം ലോങ് കൊവിഡ് എന്നാണ്. അതായത് കൊവിഡ് വ്യക്തികളെ ദീര്‍ഘകാലത്തേക്ക് വിട്ടൊഴിയില്ല എന്ന്. കൊവിഡ് വരുത്തിയ ആഘാതം നാനാരൂപങ്ങളില്‍ വ്യക്തിയെ പിന്തുടരുമെന്നാണ് അതിന്റെ വിശദീകരണം. മാനസികവും ശാരീരികവുമായ വലിയ പ്രതിസന്ധികളിലേക്ക് അത് വ്യക്തിയെ തള്ളിയിടും. നമുക്കിപ്പോള്‍ അറിയാം; ലോങ്‌കൊവിഡ് വ്യക്തികളെ മാത്രമല്ല, ലോകത്തെ അപ്പാടെ ദീര്‍ഘനാള്‍ പിടികൂടുന്ന അവസ്ഥയാണെന്ന്. ലോകം ഈ മഹാമാരിയില്‍ നിന്ന് സമ്പൂര്‍ണമായി കരകയറുക എന്ന ഒന്ന് സംഭവിക്കില്ല എന്ന്. ഉടഞ്ഞുപോയ ജീവിതങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടില്ല എന്ന്. അതുകൊണ്ടാണ് വിവേകികളായ മനുഷ്യര്‍ ഇനിയുള്ളത് പോസ്റ്റ് ഹ്യൂമനിസത്തിന്റെ കാലമാണ് എന്നു പറഞ്ഞത്. മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥവും മനുഷ്യന്റെ വ്യവഹാരങ്ങളും മാറിമറിയുമെന്നും മാനുഷികത എന്നത് പുനര്‍നിര്‍വചിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. അതാണ് ലോകം പ്രതീക്ഷിച്ചതും. എത്ര അര്‍ഥശൂന്യമാണ് അഹങ്കാരങ്ങള്‍ എന്നാണല്ലോ കൊവിഡ് പഠിപ്പിക്കാന്‍ ശ്രമിച്ചത്. ദേശാഹങ്കാരം, ജാത്യാഹങ്കാരം, വംശാഹങ്കാരം, ഭാഷാഹങ്കാരം എല്ലാം എത്ര തുച്ഛമായ അഹന്തകളാണെന്ന് ഒരു ചെറുവൈറസ് നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചു. ലോകത്തെ അത് ചരിത്രത്തിലാദ്യമായി നാളുകള്‍ പൂട്ടിയിട്ടു. മനുഷ്യവംശത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി അത് മനുഷ്യരെ നിശ്ചലരാക്കി. ഇപ്പോള്‍ യുദ്ധം ചെയ്യുന്ന ആ രണ്ട് രാജ്യങ്ങളില്‍ ഉള്‍പ്പെടെ, ആ യുദ്ധത്തിന് പാചകക്കുറിപ്പുകള്‍ തയാറാക്കിയ വന്‍ശക്തികളെന്ന് വീമ്പിളക്കുന്ന രാജ്യങ്ങളുള്‍പ്പെടെ പകച്ച് നിശ്ചലമായി. അവിടങ്ങളിലൊന്നും ജീവിതം പഴയപടി ആയിട്ടുമില്ല.

പക്ഷേ, ഒരു ദുരന്ത നാടകത്തിന്റെ അവസാന വരിയെന്നവണ്ണം ഹോ, മനുഷ്യന്‍ എന്ന വിലാപമുയര്‍ത്താനേ ഇപ്പോള്‍ തോന്നൂ. അത്ര ഭീകരമായി ആത്മാവില്‍ പരാജയപ്പെട്ട ഒരു ജീവിക്കേ, തകര്‍ന്നടിഞ്ഞ, പിടിച്ചുകയറാന്‍ വഴുക്കന്‍ ഭിത്തികള്‍ പോലും ബാക്കിയില്ലാത്ത ഒരു ലോകത്ത് യുദ്ധം എന്ന വാക്ക് ഉച്ചരിക്കാന്‍ കഴിയൂ. ദേശീയത എന്നെല്ലാം ഊറ്റം കൊള്ളാന്‍ കഴിയൂ. അതിനാല്‍ ഈ യുദ്ധത്തില്‍ ഇപ്പോഴും മനുഷ്യരാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്, ആത്മാവില്‍ പരാജിതരല്ലാത്തവര്‍ക്ക് പക്ഷം പിടിക്കാനാവില്ല. മറിച്ച് ഈ യുദ്ധത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് നമ്മുടെ ഇളംതലമുറയോട് നിരാശയോടെ പറയാനേ കഴിയൂ.

റഷ്യയും യുക്രൈനും തമ്മിലാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധം. ഈ നിര്‍വികാര വാചകം മനപ്പൂര്‍വമാണ്. അത്ര നിര്‍വികാരവും നിരാധാരവുമായാണ് ഈ യുദ്ധത്തെ കാണേണ്ടത്. ഒന്നാമതായി അത് റഷ്യന്‍ അതിതീവ്ര ദേശീയതയുടെയും അധികാര ഹുങ്കിന്റെയും സാമ്രാജ്യത്വ മോഹങ്ങളുടെയും ഫലമാണ് എന്നതാണ്. നിങ്ങള്‍ക്കറിയാം, രണ്ടാം ലോകയുദ്ധം അതിപ്രബലമാക്കിയ ഒരുദേശമായിരുന്നു സോവിയറ്റ് യൂണിയന്‍. രണ്ടാം ലോകയുദ്ധത്തിന്റെ ജേതാക്കളില്‍ ഒരാള്‍. നാസി ജര്‍മനിയെ തുന്നംപാടിച്ച മഹാശക്തി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ സാമ്രാജ്യ വിപുലന മോഹങ്ങളെ ചീന്തിയെറിഞ്ഞ രാജ്യം. മറ്റൊരു വിജയിയായ അമേരിക്കന്‍ ഐക്യനാടുകളെപ്പോലെ ആറ്റം ബോംബിന്റെ അപഖ്യാതിയും നേരിടേണ്ടി വന്നില്ല സോവിയറ്റ് യൂണിയന്. പക്ഷേ, അതേ സോവിയറ്റ് യൂണിയന്‍ നാല്‍പതോളം കൊല്ലങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. അതും ഒരു യുദ്ധത്തിന്റെ ഫലമായുള്ള തകര്‍ച്ച ആയിരുന്നു. ചരിത്രം ആ യുദ്ധത്തെ ശീതയുദ്ധം എന്നു വിളിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റിനൊപ്പം ഉണ്ടായിരുന്ന അമേരിക്ക ആയിരുന്നു ശീതയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ എതിരാളി. തുള്ളി ചോര ചിന്താതെ സോവിയറ്റ് യൂണിയന്‍ വിറങ്ങലിച്ച് തീര്‍ന്നു. തനിക്കൊത്ത എതിരാളി ഒരര്‍ഥത്തിലും ഈ ലോകത്ത് വേണ്ട എന്ന് കരുതുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക്, അഥവാ എതിരാളി എന്ന വാക്കിനോട് തീവ്രമായ ഭയമുള്ള അമേരിക്കന്‍ ഐക്യനാടുകള്‍ തങ്ങള്‍ക്കൊത്ത എതിരാളി ആയിരുന്ന സോവിയറ്റ് യൂണിയനെ ശിഥിലമാക്കി. ഇപ്പോള്‍ നിങ്ങളോര്‍ക്കുക അത്ര ആധികാരികമാണോ ഈ പറച്ചില്‍ എന്നാണ്. സോവിയറ്റ് തകര്‍ന്നത് അതിന്റെ ആന്തരിക സംഘര്‍ഷങ്ങളാല്‍ അല്ലേ എന്നാണ്. അല്ല എന്നും ഉത്തരമുണ്ട്. ആന്തരിക സംഘര്‍ഷം എന്നത് സോവിയറ്റില്‍ സൃഷ്ടിക്കപ്പെട്ട ഒന്നാണെന്ന വാദം പ്രബലമാണ്. സോവിയറ്റിനെ തകര്‍ത്തു എന്നത് അമേരിക്കന്‍ ജനതയുടെ മദ്യശാലാ വീമ്പുകളില്‍ നിരന്തരം മുഴങ്ങാറുണ്ട്. അവരുടെ അത്തരം വീമ്പുകളുടെ അഭ്രാവിഷ്‌കാരമായ സിനിമകളില്‍ ഇത്തരം ഡംഭുകള്‍ ആവര്‍ത്തിക്കാറുമുണ്ട്.

ഏതായാലും സോവിയറ്റ് തകര്‍ന്നു. അതോടെ തീരണമായിരുന്നു ലോകത്തെ ബലാബലം. കരുത്തരില്‍ കരുത്തരായ അമേരിക്കയുടെ അപ്രമാദിത്തം അംഗീകരിക്കപ്പെട്ടുവല്ലോ? എല്ലാ രാഷ്ട്രങ്ങളും അവര്‍ക്കുമുന്നില്‍ മുട്ടുകുത്തിയല്ലോ? എതിര്‍ത്തവരെ അവര്‍ ചുട്ടുകളഞ്ഞല്ലോ? അഫ്ഗാനില്‍, ഇറാഖില്‍ എല്ലാം സമാധാനത്തിനായി യുദ്ധം നയിച്ചുവല്ലോ? പക്ഷേ, ബലാബലം തീര്‍ന്നില്ല. ശിഥിലമായതിലൊന്ന്, റഷ്യ ഉയര്‍ന്നുവന്നു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനും ഏകാധിപതിയും റഷ്യന്‍ അഭിമാന വാദിയും പഴയ സാര്‍ കാലത്തിന്റെ ഭൂതകാലക്കുളിരില്‍ ആമഗ്‌നനുമായ വ്‌ലാദിമിര്‍ പുടിന്‍ റഷ്യയെ വീണ്ടുമൊരു യുദ്ധോന്‍മുഖ സംസ്‌കാരമുള്ള രാജ്യമാക്കി പരിവര്‍ത്തിപ്പിച്ചു. കമല്‍ റാം സജീവുമായുള്ള അഭിമുഖത്തില്‍ സ്റ്റാന്‍ലി ജോണി പുടിനെ ഇങ്ങനെ വരക്കുന്നുണ്ട്;
“ശക്തനായ നേതാവ് എന്ന പ്രതിച്ഛായ പുടിന്‍ എല്ലാ കാലത്തും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 1990കളിലെ റഷ്യയെ 2000ലെ റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം തകര്‍ന്നുപോയ റഷ്യയെ സാമ്പത്തികമായും തന്ത്രപരമായും പുനര്‍നിര്‍മിക്കുന്ന നേതാവ് പുടിനാണ്. അത് നിരാകരിക്കാന്‍ പറ്റാത്ത യാഥാർത്ഥ്യമാണ്. അതേസമയം, പുടിന്‍ വളരെയധികം ആധിപത്യ പ്രവണതകളുള്ള ഒരു നേതാവാണ്. റഷ്യയിലെ പല പ്രതിപക്ഷ നേതാക്കളും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. ഈയടുത്ത കാലത്ത് പുടിന്റെ ഏറ്റവും പ്രധാന വിമര്‍ശകനായ അലക്‌സി നവല്‍നിയെ സൈബീരിയയില്‍ വെച്ച് വിഷമേല്‍പ്പിച്ചു. ഇതൊക്കെ ക്രെംലിന്‍ ചെയ്യുന്നതാണോയെന്ന് പറയാനാകില്ലെങ്കിലും ഇങ്ങനെ പലരീതിയില്‍ എതിര്‍പ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്ന സംവിധാനമാണ് അവിടെയുള്ളത്. അങ്ങനെയൊരു സംവിധാനമാണ് പുടിന്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അത് പൂര്‍ണമായും സ്വേച്ഛാധിപത്യമാണോ എന്ന് ചോദിച്ചാല്‍, അല്ല. കാരണം ഇപ്പോഴും പരിമിതമായ അളവിലാണെങ്കിലും റഷ്യയില്‍ പ്രതിരോധത്തിന്റെ ശബ്ദം സാധ്യമാണ്. നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുണ്ട്. സ്റ്റേറ്റ് മീഡിയക്കാണ് ആധിപത്യമെങ്കിലും പേരിനെങ്കിലും ആന്റി ഗവണ്‍മെന്റ് മാധ്യമങ്ങള്‍ റഷ്യയിലുണ്ട്. സോഷ്യല്‍ മീഡിയ താരതമ്യേന സ്വതന്ത്രമാണ്. പ്രതിരോധ ശബ്ദങ്ങള്‍ ഒരുപരിധി വരെ അംഗീകരിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ഒരു സമ്പൂര്‍ണ സ്വേച്ഛാധിപത്യ സംവിധാനമല്ല റഷ്യയുടേത്. അതേസമയം, സ്വേച്ഛാധിപത്യ പ്രവണതകളുള്ള ഭരണമാണ് റഷ്യയിലുള്ളത്. അതാണ് റഷ്യയുടെ ഒരു വൈരുദ്ധ്യമെന്ന് പറയുന്നത്. അതിനെ പെറി ആന്‍ഡേഴ്‌സണ്‍ വിളിക്കുന്നത്, “മാനേജ്ഡ് ഡെമോക്രസി’ എന്നാണ്.’ ഇതാണ് പുടിന്‍. പുടിന് വേണ്ടത് സ്റ്റാന്‍ലി ജോണി തന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ ഭൂമിശാസ്ത്രപരമായ ഒരു സോവിയറ്റാണ്.
“”സോവിയറ്റ് മാതൃകയില്‍ വീണ്ടും ഈ രാജ്യങ്ങളെയെല്ലാം റഷ്യയുടെ ഭാഗമാക്കിമാറ്റുക, എന്നിട്ടൊരു വലിയ രാഷ്ട്രം നിര്‍മിക്കുക എന്നതിനെക്കാളേറെ ഈ രാജ്യങ്ങളിലെല്ലാം റഷ്യന്‍ അനുകൂല ഭരണകൂടങ്ങള്‍ കൊണ്ടുവരിക, എന്നിട്ട് ഇവരുടെ വിദേശനയത്തിലും സുരക്ഷാനയങ്ങളിലും മോസ്‌കോക്ക് വലിയ നിയന്ത്രണമുണ്ടാവുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം.” (അതേ അഭിമുഖം)
അതിലുപരി പുടിന്‍ അമേരിക്കയെ അംഗീകരിച്ചില്ല. അവരുടെ അഭിമാനമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോലും ഇടപെട്ടുകളഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പുടിന്‍ ശ്രമിച്ചു എന്ന് ആരോപണമുണ്ടായി. അമേരിക്കക്ക് അത് സഹിക്കില്ല. സഹിച്ചില്ല. ഒട്ടും വിശദീകരിക്കാതെ നമുക്ക് കാര്യങ്ങള്‍ മനസിലാവും. അമേരിക്ക റഷ്യയില്‍ പഴയ സോവിയറ്റിനെ ദര്‍ശിച്ചു. പുടിന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന നയതന്ത്ര ഇടപാടുകള്‍ അവരെ ചകിതരാക്കി. ഒരു ലോകനേതാവായി അയാള്‍ വളരുമെന്ന് അവര്‍ ഭയന്നു. ആ ഭയത്തില്‍ നിന്നാണ് യുക്രൈന്‍ പ്രതിസന്ധി ഉണ്ടാകുന്നത്. കോമഡി നടന്റെ ഭൂതകാലമുള്ള സെലന്‍സ്‌കി നായക വേഷമാടി യുദ്ധമുഖത്തേക്ക് മുന്നും പിന്നും നോക്കാതെ ഓടിയെത്താന്‍ നിമിത്തമായതും അമേരിക്കയുടെ ആ ഭയമാണ്.

നാറ്റോ അംഗത്വത്തില്‍ നിന്ന് യുക്രൈന്‍ പിന്‍മാറുക, നിരായുധീകരണം നടത്തുക തുടങ്ങിയ കാരണങ്ങളാണ് ഇപ്പോഴത്തെ സൈനികാക്രമണത്തിന്റെ കാരണമായി പുടിന്‍ പറയുന്നതെങ്കിലും ആത്യന്തികമായി യുക്രൈനെ അംഗീകരിക്കാനാവാത്ത മനോനിലയാണ് അടിസ്ഥാന കാരണം. യുക്രൈന്റെ നിര്‍മിതിയെ വ്‌ലാദിമിര്‍ ലെനിന്റെ വീഴ്ചയായി പോലും പുടിന്‍ കരുതുന്നു. റഷ്യയുടെ അവിഭാജ്യ ഘടകമാണ് യുക്രൈന്‍ എന്ന് വാദിക്കുന്നു.

യുക്രൈനും ഒരു കാലത്തും നീതിയുടെ പാതയില്‍ മാത്രമായിരുന്നില്ല. നവനാസിസത്തിന്റെ പടപ്പുറപ്പാട് ലോകത്ത് ഏറ്റവും തീവ്രമായി നടക്കുന്ന ഇടമാണ് യുക്രൈന്‍. അക്രാമക ദേശീയതയുടെ ഈറ്റില്ലം. നാസി സ്വഭാവമുള്ള ആ ദേശീയത റഷ്യക്ക് ദൈനംദിന തലവേദനകള്‍ സൃഷ്ടിക്കാറുമുണ്ട്. പുറമേ റഷ്യന്‍ വിരുദ്ധ പാശ്ചാത്യ രാജ്യങ്ങളുടെ പലതരം പിന്തുണകള്‍ യുക്രൈനെ റഷ്യയെ വെല്ലുവിളിക്കുന്ന പ്രകൃതത്തിലേക്ക് തള്ളിയുമിട്ടു. ഫലം യുദ്ധം.
വാസ്തവത്തില്‍ ഇത്ര ദീര്‍ഘമായി ഇക്കാര്യം പറയുന്നതില്‍ നാം ലജ്ജിക്കേണ്ടതുണ്ട്. പക്ഷേ, മനുഷ്യര്‍ മരിച്ചുവീഴുന്നത് കാണുമ്പോള്‍ നാം മറ്റെന്താണ് പറയേണ്ടത്. അധികാരവും സമ്പത്തും മാത്രമുള്ള ആത്മാവില്ലാത്ത രാജ്യങ്ങളുടെ പേക്കൂത്താണ് യുദ്ധമെന്നോ?

കെ കെ ജോഷി

You must be logged in to post a comment Login