ഈ ന്യായവിധികൾ കോടതി കണ്ടില്ലേ?

ഈ ന്യായവിധികൾ കോടതി കണ്ടില്ലേ?

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചാം തീയതി കര്‍ണാടകയില്‍ നിന്നുവന്ന ഹിജാബ് കേസിലെ അന്തിമവിധി നിരാശാജനകമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ശരിയാണ്, എന്നിരുന്നാല്‍ പോലും അതേദിവസം സുപ്രീംകോടതിയില്‍ നിന്നുവന്ന മീഡിയ വണ്‍ കേസിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഇടക്കാല വിധി ആശാവഹമാണ്. കോടതിയുടെ ഒരു വിധിയില്‍ പ്രത്യേകിച്ച്, കീഴ്കോടതിയിലെ ഏതെങ്കിലുമൊരു വിധിയെ പഴിച്ച് നാം നിരാശപ്പെടേണ്ടതില്ല എന്ന് ഓര്‍മപ്പെടുത്താനാണ് ഇതു പറഞ്ഞത്.
ജസ്റ്റിസ് രമണ പറഞ്ഞു: I dont want your sealed covers. You can keep it with you – നിങ്ങളുടെ മുദ്രവെച്ച കവര്‍ നിങ്ങള്‍ തന്നെ വെച്ചാല്‍ മതി. എനിക്കതില്‍ താത്പര്യമില്ല. തത്തുല്ല്യമായ പരാമര്‍ശം മീഡിയ വണ്‍ കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡും നടത്തുകയുണ്ടായി. പക്ഷേ, നിലവിലുള്ള നിയമം അങ്ങനെയായതുകൊണ്ട് ചേമ്പറിലേക്ക് ആ മുദ്രവെച്ച കവര്‍ കൊണ്ടുപോയി പരിശോധിച്ചു. അതിനുശേഷം മീഡിയ വണിനെതിരെയുള്ള വിലക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി.
ഏഴു റിട്ട് അപ്പീലുകളാണ് കര്‍ണാടക ഹൈകോടതി വിധി പറയാന്‍ വിചാരണക്കെടുത്തിരുന്നത്. കര്‍ണാടക ഹൈകോടതിയുടെ ഹിജാബുമായി ബന്ധപ്പെട്ട വിധി വന്നത് 2022 മാര്‍ച്ച് പതിനഞ്ചിനാണ്. ഒരു ലാറ്റിന്‍ ആപ്തവാക്യമാണ് ഓര്‍മ വരുന്നത്. Fear justetia route selom (Let justice be done though the heven fall) ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും നീതി നടപ്പാകണം, നടപ്പാക്കണം, അതിന് സഹായിക്കണം എന്നതായിരിക്കണം നീതിപീഠങ്ങളും നീതിക്കുവേണ്ടി നിലനില്‍ക്കുന്നവരും ലക്ഷ്യമാക്കേണ്ടത്. ഖുര്‍ആന്‍ ഈ ആശയം പറയുന്നുണ്ട്; കേസിലെ വിധി നിങ്ങള്‍ക്കു തന്നെയോ മാതാപിതാക്കള്‍ക്കോ ഭാര്യ സന്താനങ്ങള്‍ക്കോ എതിരാകുമെങ്കില്‍ പോലും നീതിയും ന്യായവും നടപ്പാക്കുന്നതില്‍ ഇത്തരമൊരു കാര്യങ്ങളും സ്വാധീനം ചെലുത്തരുത്. ഖുര്‍ആന്‍ പങ്കുവെച്ച ഇതേ ആശയം തന്നെയാണ് ഈ ലാറ്റിന്‍ ആപ്തവാക്യത്തിലുള്ളത്.

ഹിജാബുമായി ബന്ധപ്പെട്ട 129 പേജുള്ള കര്‍ണാടക ഹൈകോടതിയുടെ ജഡ്ജ്മെന്റിലെ ചില പോയിന്റുകള്‍ മാത്രമാണിവിടെ ഞാന്‍ പരാമര്‍ശിക്കുന്നത്. വിധിപറഞ്ഞു തുടങ്ങാന്‍ ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ഉപയോഗിച്ച മുഖവുര അവരുടെ സമീപനത്തെയും വിധിയുടെ അവസാനത്തിലെ ഓപ്പറേറ്റിങ് പാര്‍ട്ട് എന്താകുമെന്നതിനെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്. അമേരിക്കയിലെ സാറാ സ്‌ലിനിങ്കര്‍ എന്ന കോളജ് വിദ്യാര്‍ഥി എഴുതിയ വൈല്‍ഡ് വിമിന്‍: ഹിജാബ് റിലീജിയന്‍ ആന്റ് കള്‍ച്ചറല്‍ പ്രാക്ടീസ് എന്ന 2013ല്‍ എഴുതിയ പ്രബന്ധത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഉദ്ധരിച്ചിരിക്കുന്നത്. വിധിയില്‍ ഉദ്ധരിച്ചിരിക്കുന്ന ആ പ്രബന്ധഭാഗത്തുതന്നെ ഹിജാബ് എന്നത് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ് എന്നും മതപരവും സാംസ്‌കാരികവുമായ വിവിധ വശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് എന്നും പറഞ്ഞ ശേഷം, പലരും ഹിജാബ് ധരിക്കുന്നത് യാതൊരു രക്ഷയുമില്ലാത്ത നിര്‍ബന്ധിതാവസ്ഥ കൊണ്ടാണെന്നും അല്ലാത്തവര്‍ ധരിക്കുന്നത് ഇഷ്ടപ്രകാരം തന്നെയാണെങ്കിലും അതിന്റെ പിന്നിലും മറ്റു പല കാര്യങ്ങളുമുണ്ട് എന്നു പറയുന്നുണ്ട്. ഹിജാബ് എന്നത് പുറമെ സിമ്പിളാണെന്ന് തോന്നുമെങ്കിലും ധരിക്കുന്നവരും ധരിക്കാത്തവരും തമ്മിലുള്ള വ്യത്യാസം, രണ്ടു കൂട്ടരെയും പുറത്തുനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് അവരെപ്പറ്റി, അവര്‍ പ്രതിനിധാനം ചെയ്യുന്ന സൊസൈറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ വരെ തീരുമാനിക്കാന്‍ കാരണമാകുന്ന വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് എന്ന് ഈ ഉദ്ധരണി വിവക്ഷിക്കുന്നു. ഹിജാബ് എന്നത് മതപരമായ കാര്യമല്ല, കള്‍ചറല്‍ എന്നു പറയാവുന്ന ആസ്‌പെക്ടേ അതിനുള്ളൂ, ആര്‍ട്ടിക്കിള്‍ 25ന്റെ പരിധിയിലൊന്നും ഹിജാബ് വരില്ല എന്നാണ് ഈ വരികള്‍ കൊണ്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.

കോടതിയോട് എനിക്ക് യാതൊരു ബഹുമാനക്കുറവുമില്ല. കോടതിയുടെ മുന്നില്‍ വരുന്ന പ്രശ്നങ്ങളെ ഫ്രെയിം ചെയ്ത് ആ പ്രശ്നത്തെ മാത്രം അഭിസംബോധന ചെയ്യുക എന്നതാണ് കോടതിയുടെ ഉത്തരവാദിത്തം. അത്തരം വിഷയങ്ങളെ കോടതി കൈകാര്യം ചെയ്യുമ്പോള്‍, കോടതിയുടെ മുന്നില്‍ വരുന്ന മെറ്റീരിയല്‍ എവിഡന്‍സുകള്‍ എന്താണ് എന്നു മാത്രമേ കോടതി നോക്കുകയുള്ളൂ. പക്ഷേ, ഇവിടെ പ്രധാനമായിട്ടുള്ള വിഷയം എന്താണ്? ഈ കേസിലെ പ്രധാനപ്പെട്ട ചോദ്യങ്ങളായി കോടതി പറഞ്ഞത്, നാലു കാര്യങ്ങളാണ്. ഹിജാബ് ഇസ്‌ലാമിക ആചാരങ്ങളുടെ അവിഭാജ്യ ഘടകം തന്നെയാണോ? ഇതാണ് കോടതിയുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. രണ്ടാമത്തേത്, ഒരു സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ ആര്‍ട്ടിക്കിള്‍ 21നും 1(a)ക്കും എതിരാകുമോ? മൂന്നാമത്തേത്, ആര്‍ട്ടിക്കിള്‍ 14, 15ല്‍ പറഞ്ഞ സമത്വത്തിന് എതിരാകുമോ? നാലാമത്തെത്, ഇതില്‍ മറ്റൊരു റിട്ട് പെറ്റീഷനുണ്ട്. അത് ആറു മുതല്‍ പതിനാലുവരെ ആളുകള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണം എന്നു പറഞ്ഞുകൊണ്ട് റിട്ടോ/ വാറന്റോ ആയിരുന്നു; അത് നടത്തണോ വേണ്ടേ? ഇങ്ങനെ നാലു ചോദ്യങ്ങളാണ്. നാലാമത്തേതല്ലാത്ത മൂന്നെണ്ണവും പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് മാത്രമാണ് ഞാനിപ്പോള്‍ പരിശോധിക്കുന്നത്. ഹിജാബ് ഇസ്‌ലാമിലെ എസ്സന്‍ഷ്യല്‍ പാര്‍ട്ടാണോ (അവിഭാജ്യ ഘടകം) എന്നത് കോടതിയെ ബോധ്യപ്പെടുത്താനായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. പതിനൊന്നു ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ എല്ലാ ദിവസവും ഞാന്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് രണ്ട് അഭിഭാഷകരെ. രവികുമാര്‍ വര്‍മയെയും ദേവദത്ത് കാമത്തിനെയും ഞാനെടുത്തു പറയുകയാണ്. ഈ പറഞ്ഞ ആസ്‌പെക്റ്റുകളൊക്കെ വളരെ നന്നായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോടതി പരിശോധിക്കുന്നത്, ഏതെങ്കിലുമൊരു മതപരമായ കര്‍മത്തിന് ആര്‍ട്ടിക്കിള്‍25ന്റെ പ്രൊട്ടക്ഷന്‍ ലഭിക്കണമെങ്കില്‍ അത് മതപരമായ അവിഭാജ്യ ഘടകമാണെന്ന് വരണം. ഇത് സുപ്രീം കോടതി നേരത്തെ പല കേസുകളിലും പറഞ്ഞിട്ടുണ്ട്. അഭിഭാഷകര്‍ ഇത് ബോധിപ്പിക്കാന്‍ നല്ലതുപോലെ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനമില്ല. കേസിന്റെ ആവശ്യത്തിനു വേണ്ടി പഠിച്ച അറിവ് മാത്രമേയുള്ളു. ഈ പ്രാക്ടീസ് എസ്സന്‍ഷ്യല്‍ പ്രാക്ടീസാണെന്ന് വേണ്ടതുപോലെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞോയെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, അവര്‍ക്ക് സാധിച്ചിട്ടില്ല. എസ്സന്‍ഷ്യല്‍ പാര്‍ട്ട് ആണ് എന്നു തെളിയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണം ലഭിക്കാതെവരും. ഇത് ലഭിക്കാതെവന്നാല്‍ മൗലികാവകാശത്തിന്റെ ലംഘനം അല്ല ഗവണ്‍മെന്റ് ഓര്‍ഡര്‍ എന്നുവരും. ഇങ്ങനെയാകുമ്പോള്‍ യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനങ്ങള്‍ക്കുണ്ട് എന്നുവരും. അപ്പോള്‍ ഒരു പോയന്റ് മാത്രമേ ശരിയായി കോടതിയെ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. എസ്സന്‍ഷ്യല്‍ പാര്‍ട്ടാണെന്ന കാര്യം.
സുപ്രീംകോടതിയിലേക്ക് വിദഗ്ധരായ വക്കീലന്മാരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ആ വക്കീലന്മാരെ കോഡിനേറ്റ് ചെയ്യുന്ന ഒരാളുമായിട്ട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിശദമായിട്ടിനിയും സംസാരിക്കണം. എന്താണ് മതത്തിന്റെ എസ്സന്‍ഷ്യല്‍ പ്രാക്ടീസ്? അത് ഖുര്‍ആനില്‍ ഉണ്ടോ എന്ന് മാത്രം നോക്കുന്ന രീതി സീറാ ബാനു കേസിലും ശാബാനു കേസിലുമൊക്കെ കോടതികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനുത്തരവാദികള്‍ ആരാണ്? പുരുഷന്മാര്‍ തല മറച്ച് നിസ്‌കരിക്കുന്നതിനെ പോലും എതിര്‍ത്ത ചില വിഭാഗങ്ങള്‍ മുസ്‌ലിംകളില്‍ തന്നെയുണ്ട്. മുഹമ്മദ് നബി അറബി ആയിരുന്നതുകൊണ്ട്, അവരുടെ കള്‍ച്ചറാണ് ഹിജാബ് എന്നു പറഞ്ഞവരുണ്ട്. അതുകൊണ്ട് തന്നെ തല മറക്കുക എന്നത് നമ്മുടെ ദീനിന്റെ എസ്സൻഷ്യല്‍ പാര്‍ട്ടല്ല എന്ന് ചിലര്‍ വാദിച്ചു. ചില എഴുത്തുകാര്‍, മുഖം മറക്കുക എന്നത് പേര്‍ഷ്യയിലുണ്ടായിരുന്ന സംസ്‌കാരമായിരുന്നുവെന്നും അവര്‍ അഗ്നിയെ ആരാധിക്കുന്നവരായതുകൊണ്ട് സ്ത്രീകള്‍ തീയിനെ വണങ്ങുമ്പോള്‍ ശ്വാസം തട്ടി അഗ്നി അണഞ്ഞുപോകും എന്നു വിചാരിച്ചതിനാൽ, അണയാതിരിക്കാന്‍ പൂജാരികളാണ് മുഖംമൂടി അണിയണമെന്ന് നിര്‍ദേശിച്ചതെന്നും പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ നിന്നാണ് മുഖപടം ഇസ്‌ലാമിലേക്കെത്തിയതെന്നുമുള്ള തെറ്റായ ധാരണപേറുന്നുണ്ട്. സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്ന കാര്യത്തില്‍ മേല്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, ഹിജാബ് എന്താണ് എന്നതില്‍ കോടതിക്ക് ആശയക്കുഴപ്പമുണ്ട്. കറുത്ത വലിയ പര്‍ദയും തലയും മുഖവും എല്ലാം മൂടി കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ മൂടിക്കെട്ടുന്ന അവസ്ഥയെ ഇസ്‌ലാം നിര്‍ബന്ധമാക്കുന്ന ഹിജാബ് എന്ന രീതിയില്‍ കോടതി മനസിലാക്കിയാല്‍, സ്വാഭാവികമായി പറയുക ഈ രൂപത്തില്‍ പ്രയാസമാണ് എന്നുതന്നെയാണ്. അത് ഏതു മാനേജ്മെന്റായാലും ശരി. അല്ലെങ്കില്‍ എല്ലാവരുടെയും യൂണിഫോം അതാകണം. മറ്റൊരു യൂണിഫോം നിര്‍ദേശിക്കപ്പെട്ടിടത്ത് കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം ഈ രീതിയില്‍ തലയും മുഖവും മൊത്തം മൂടിക്കെട്ടിവന്നാല്‍ അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിഹാസത്തിന് ഇടയുണ്ടാക്കും; പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ പ്രായം അതാണല്ലോ. യഥാര്‍ഥത്തില്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന ഹിജാബ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ട്. പുരുഷന് അവന്റെ മുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗം മുഴുവനായിട്ട് തൊലിയുടെ നിറം പോലും നിഴലിക്കാത്ത രൂപത്തില്‍ മറക്കണം. സ്ത്രീകള്‍ക്ക് അവരുടെ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ഭാഗം മുഴുവന്‍ മറയ്ക്കണം. ഈ കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരഭിപ്രായ വ്യത്യാസവുമില്ല. ഇസ്‌ലാമിക പ്രമാണങ്ങള്‍ നാലെണ്ണമാണ്. ഖുര്‍ആനും സുന്നതും ഇജ്മാഉം ഖിയാസും. അവ നാലും ഒരുപോലെ അംഗീകരിച്ച കാര്യമാണിത്. അത് നിര്‍ബന്ധമാണ്. നിര്‍ബന്ധം എന്നു പറഞ്ഞാല്‍, അറബിയില്‍ വാജിബ് എന്നോ ഫര്‍ള് എന്നോ പറയുന്നതാണ്. ഒബ്ളിഗേറ്ററിയാണ്, അങ്ങനെയെങ്കില്‍ ഇത് എസ്സന്‍ഷ്യല്‍ പാര്‍ട്ട് ആണെന്ന് പറയാന്‍ പിന്നെയെന്താണ് തടസ്സമുള്ളത്? വലിയൊരു വിചിത്ര വാദം മറുപക്ഷത്തെ വക്കീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഒരു കാര്യം മതത്തിന്റെ എസ്സന്‍ഷ്യല്‍ പാര്‍ട്ട് എന്ന് പറയണമെങ്കില്‍ ആ കാര്യം ചെയ്യാതിരുന്നാല്‍ മതത്തില്‍ നിന്ന് പുറത്തുപോകണം. തെറ്റാണ് ആ വാദം. ഭരണഘടന അംഗീകരിക്കുന്ന ഒരു ഇന്ത്യക്കാരന്‍ ഏതെങ്കിലും ആര്‍ട്ടിക്കിളിന് എതിരായിട്ട് നിലപാടെടുത്തുവെന്ന് വെക്കുക. അപ്പോഴേക്ക് അയാള്‍ ഇന്ത്യക്കാരനല്ലാതാകുമോ? ഇതിനേക്കാള്‍ വലിയ അബദ്ധമാണ് അദ്ദേഹം എസ്സന്‍ഷ്യല്‍ പാര്‍ട്ടിനെ വിശദീകരിച്ചത്. വാജിബ് മാത്രമേ അവിഭാജ്യ ഘടകമുള്ളൂ എന്നാണ് ഇസ്മാഈല്‍ ഫാറൂഖി കേസിലെല്ലാം സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. ഹിജാബ് നിര്‍ബന്ധമാണ് (വാജിബ്) എന്നതിന് മുസ്‌ലിംകള്‍ക്കിടയില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് എസ്സന്‍ഷ്യല്‍ പാര്‍ട്ടാണ് എന്നായിരുന്നു കോടതി പറയേണ്ടിയിരുന്നത്. പക്ഷേ, കോടതി പറഞ്ഞത് അത് എസ്സന്‍ഷ്യല്‍ പാര്‍ട്ട് ആണ് എന്ന് ഖുര്‍ആന്‍ പറയാത്തതു കൊണ്ട് ഞങ്ങള്‍ക്കങ്ങനെ പരിഗണിക്കാന്‍ പറ്റില്ല എന്നായിരുന്നു. ഇതു സംബന്ധമായി കോടതികളോടും നിയമവിദ്യാര്‍ഥികളോടും എനിക്ക് ഉണര്‍ത്താനുള്ളത്, നിങ്ങള്‍ സൈറാബാനു വിധിയിലേക്ക് തിരിച്ചുപോകണമെന്നാണ്. സൈറാബാനു കേസിന്റെ ജഡ്ജ്മെന്റിലെ ഏതാനും ഭാഗങ്ങള്‍ ഇങ്ങനെയാണ്.

സൈറാ ബാനു കേസിന്റെ വിധിയില്‍ കര്‍ണാടക ഹൈകോടതി പറഞ്ഞതു പോലെയൊന്നുമല്ല പറയുന്നത്. ഈ വിഷയത്തില്‍ മൂന്ന് ജഡ്ജിമാര്‍, ശരിക്ക് മെജോറിറ്റി ജഡ്ജ്മെന്റ് ആണിത്. അതിന് കാരണമെന്തെന്നാല്‍, ജസ്റ്റിസ് കെ എന്‍ സിങ് (ചീഫ് ജസ്റ്റിസ്), അതുപോലെ ജസ്റ്റിസ് നസീര്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് മൈനോറിറ്റി വിധിയെഴുതിയത്. എന്നാല്‍ മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഈ വിഷയത്തിലൊക്കെ മറ്റു രണ്ടു ജസ്റ്റിസുമാരോട് യോജിച്ചു കൊണ്ടാണ് വിധിപറയുന്നത്. സൈറാ ബാനു കേസില്‍ മെജോറിറ്റി വിധിയാണ് എന്ന് ഞാന്‍ ആ അര്‍ഥത്തിലാണ് പറയുന്നത്. ഇതിലെ 193-ാമത്തെ പാരഗ്രാഫില്‍, Religion is a matter of faith, and not of logic, it is not open to a court and accept an egalitarion approach over a practice which constitutes an integral part of religion. മതത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രാക്ടീസിനെ സംബന്ധിച്ച് നമ്മുടെ ലോജിക്കിന് യോജിക്കുന്നതാണോ അല്ലേ എന്നൊന്നും കോടതി ആരായാന്‍ തന്നെ പാടില്ല. കാരണം മതം എന്നു പറഞ്ഞാല്‍ അതൊരു മാറ്റര്‍ ഓഫ് ഫെയ്ത്ത് ആണ്. The constitution allows the followers of every religion, to follow their believes, and religious traditions the constitution assures believes of all faiths that their way of life is guaranteed and would not be subjected to any challenge even though they may seem to others and even rationalist practicing the same faith. ഏറ്റവും പുതിയ ജഡ്ജ്മെന്റ് ആണല്ലോ 2017 ലേത്. ഇതില്‍ തന്നെ പറയുന്നു. വെറും വിശ്വാസം ഉള്ളില്‍ കൊണ്ടുനടക്കാന്‍ മാത്രമല്ല ഭരണഘടന അനുവദിക്കുന്നത്. മതത്തിനുള്ളില്‍ തന്നെ ചില യുക്തിവാദികളുണ്ടാകും. ആ മതത്തിന്റെ പുറത്തുള്ള ആളുകള്‍ക്ക് ഒരുപക്ഷേ ഈ പ്രാക്ടീസിംഗ് അസ്വീകാര്യം ആയിത്തോന്നാം. എന്നാല്‍ പോലും ആ മതത്തിന്റെ പ്രാക്ടീസ് എന്നത് ആ മതത്തിന്റെ ആളുകള്‍ ജീവിച്ചുപോരുന്ന രീതിയാണ്. അതില്‍ ഇടപെടാന്‍ കോടതികള്‍ക്ക് യാതൊരു അവകാശവുമില്ല. അതില്‍ നമ്മുടെ ലോജിക് അല്ല നോക്കേണ്ടത് എന്ന് റിട്ട് പെറ്റീഷന്‍ നമ്പര്‍: 1118 ഓഫ് 2019ല്‍ പറയുന്നു. അഥവാ ട്രിപ്പിള്‍ ത്വലാഖ് എന്ന പേരില്‍ അറിയപ്പടുന്ന സൈറാ ബാനു കേസിലെ 193-ാം പാരഗ്രാഫാണ് ഞാനിപ്പോള്‍ വായിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരുകാര്യം മതത്തില്‍ എസെന്‍ഷ്യലായ പാര്‍ട്ടാണോ അല്ലേ എന്നു പറയേണ്ടത് മറ്റുള്ളവരല്ല. അത് ആ മതം തന്നെയാണ് എന്ന് കോടതിക്ക് ബോധ്യമുണ്ടായിരുന്നു.

സുപ്രീം കോടതിയിലെ ബിജോയ് ഇമ്മാനുവല്‍ ആന്റ് അതേര്‍സ് V/s സ്റ്റേറ്റ് ഓഫ് കേരള എന്ന വിധി നോക്കൂ; 1986ലെ കേസാണിത്. ദേശീയഗാനം ചൊല്ലുമ്പോള്‍ സ്‌കൂളില്‍ യഹോവ സാക്ഷികളില്‍ പെട്ട രണ്ടു കുട്ടികള്‍ എഴുന്നേറ്റു നില്‍ക്കും. പക്ഷേ, ദേശീയഗാനം ചൊല്ലില്ല. അതിന്റെ പേരില്‍ അവര്‍ ക്ലാസില്‍ നിന്നു പുറത്താക്കപ്പെട്ടു. അവര്‍ കേരള ഹൈക്കോടതിയില്‍ അത് ചോദ്യം ചെയ്തു. സ്‌കൂളിന് അവരെ പുറത്താക്കാന്‍ അധികാരം ഉണ്ടെന്ന് കോടതി പറഞ്ഞു. അവര്‍ ഡിവിഷന്‍ ബെഞ്ചിനു പോയി, അവര്‍ സിംഗിള്‍ ബെഞ്ചിന്റെ ഓര്‍ഡര്‍ അങ്ങനെത്തനെ നിലനിര്‍ത്തുകയാണ് ചെയ്തത്. പുനഃപരിശോധിക്കാനോ മറ്റോ തയാറായില്ല. അങ്ങനെയാണ് അവര്‍ സുപ്രീം കോടതിയിലെത്തുന്നത്. അവിടെ അന്നത്തെ ബെഞ്ച് റെഡ്ഢിയും ചിന്നപ്പയുമാണ്. സംയുക്ത വിധിയാണത്. ഒരു മതത്തിലെ ആചാരമോ അനുഷ്ഠാനമോ നമ്മുടെ യുക്തിക്ക് യോജിക്കുന്നതാണോ അല്ലേ എന്നല്ല കോടതി നോക്കേണ്ടത് എന്നാണ് ആ വിധിയുടെ ചുരുക്കം. ആ മതം അവരുടെ ഒരു അനുഷ്ഠാനമായി കൊണ്ടുനടക്കുന്നുണ്ടോ ഇല്ലേ എന്നാണ് കോടതി പരിശോധിക്കേണ്ടത് എന്ന് ഈ കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സെക്യുലര്‍ ജഡ്ജി ഒരിക്കലും മറ്റൊരു സമീപനം സ്വീകരിക്കാന്‍ പാടില്ല.

മറ്റൊരു കേസ്. 1897 ലെ കുല്‍സും ബീബി കേസാണ്. അന്ന് പ്രിവി കൗണ്‍സിലാണ്. ആ കേസില്‍ കോടതി പറയുന്നത് നോക്കൂ: But it would be wrong for the court on a point of this kind to attempt to put their own construction on the quran in opposition to the express ruling of the coomendators of such a great antiquity and high authority. ഖുര്‍ആനിന് കോടതികള്‍ അവരുടെ സ്വന്തം വക വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ഒരിക്കലും ഒരുമ്പെടാന്‍ പാടില്ല. കാരണം പ്രഗത്ഭരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആ ഖുര്‍ആനിക സൂക്തങ്ങളെ വ്യക്തമായി വ്യാഖ്യാനിച്ച തെളിവുകള്‍ നമ്മുടെ മുന്നിലുണ്ടായിരിക്കേ കോടതി സ്വന്തമായിട്ട് ഖുര്‍ആന്‍ വ്യാഖ്യാനിച്ച് വിധി പറയാന്‍ തയാറാകരുത്. കുല്‍സും ബീബി കേസിലെ പാരഗ്രാഫ് 11 ല്‍ പറയുന്നുണ്ട്.

മറ്റൊരു കേസ്. Azeezbanu V/s Muhammed Ibrahim Husain കേസാണ്. 1925 ലെ കേസാണിത്. ഈ വിധിയുടെ 19 -ാമത്തെ പാരഗ്രാഫില്‍ പറയുന്നത് മുസ്‌ലിം ജ്യൂറിസ്റ്റുകള്‍ നേരത്തെ വളരെ കൃത്യമായി പറഞ്ഞത് എന്താണ് എന്ന് നോക്കിയിട്ടാവണം ഇത്തരം വിഷയങ്ങള്‍ വിധി പറയേണ്ടത് എന്നാണ്. അല്ലാതെ നമുക്ക് ആധുനിക കാലത്ത് രൂപപ്പെട്ട ചില സാമൂഹിക ചുറ്റുപാടുകള്‍ വെച്ചുകൊണ്ട് ഇസ്‌ലാമിക നിയമങ്ങളെ വ്യാഖ്യാനിക്കാനും അതിന് സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കാനും പാടില്ല എന്നാണ് ഈ കേസില്‍ അലഹബാദ് കോടതി പറഞ്ഞത്.

അലഹബാദ് ഹൈകോടതിയുടെ 1956ലെ മുഹമ്മദ് ഇസ്മായീല്‍ V/s അബ്ദുറശീദ് കേസിലും പറയുന്നത്, കോടതികള്‍ ഖുര്‍ആന്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പറയുന്ന അവസ്ഥ വലിയ അപകടമാണുണ്ടാക്കുക എന്നാണ്.

അവസാനമായി ഒരു കേസും കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇത് ആന്ധ്രാ ഹൈകോടതിയുടെ 1990ലെ Usman Khan Bahamani V/s Fathimathunnisa Begam കേസാണ്. ഇത് 1990ല്‍ ഷാബാനു കേസില്‍ വിധി പറഞ്ഞ ശേഷമാണ് എന്നുകൂടി ഓര്‍ക്കുക. ഷാബാനു കേസിന് പറ്റിയ കുഴപ്പം എന്താണ് എന്നുകൂടി വളരെ കൃത്യമായി ഇതില്‍ വിശദീകരിക്കുന്നുണ്ട്. ആന്ധ്രാ ഹൈകോടതിയുടെ ഈ വിധിയുടെ പാരഗ്രാഫ് 36 ല്‍ ഷാബാനു കേസില്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഏറ്റവും വലിയ ക്രിട്ടിസിസം എന്താണ് എന്നുവെച്ചാല്‍ സുപ്രീം കോടതി സ്വയം ഖുര്‍ആന്‍ വ്യാഖ്യാതാവായി വന്നു എന്നതാണെന്ന് ആന്ധ്രാ ഹൈക്കോടതി പറയുന്നു. Which is not permissible under the Muhammedan law (ജഡ്ജി സ്വന്തമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്നത് ഒരിക്കലും മുസ്‌ലിം നിയമത്തില്‍ അനുവദനീയമല്ല) എന്നു തന്നെ കോടതി പറയുന്നു. ആയതുകള്‍ വിശദീകരിച്ച് ഒരു കാര്യം കൈകാര്യം ചെയ്യുക എന്നത് നീതിന്യായ കോടതികള്‍ക്ക് പറ്റുന്നതേ അല്ല. ആ വിധിയില്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്. 1897 ലെ കുത്സൂം ബീബി കേസില്‍ പ്രിവി കൗണ്‍സില്‍ പുറപ്പെടുവിച്ച വിധി കൂടി അവര്‍ എടുത്തുദ്ധരിക്കുന്നു.

രണ്ടു കാര്യങ്ങളില്‍ കോടതിയുടെ സമീപനം ശരിയാണോ എന്നത് ആലോചിക്കേണ്ടതാണ്. ഒന്ന്, ഹിജാബ് എസ്സെന്‍ഷ്യല്‍ പാര്‍ട്ട് ഓഫ് റിലീജ്യസ് പ്രാക്ടീസ് അല്ല എന്ന വാദം. ഇത് ഇസ്‌ലാമികമായി സംസാരിച്ചാല്‍ തെറ്റാണ്. അത് തീര്‍പ്പാക്കേണ്ടത് ഇല്ലിനോയ്‌സ് യൂണി. കോളജിലെ പ്രബന്ധമെഴുത്തുകാരി അല്ല. അല്ലെങ്കില്‍ ഇസ്‌ലാമിന് പുറത്തുള്ള ആളുകള്‍ അല്ല, അവര്‍ എത്ര വലിയ പണ്ഡിതര്‍ ആണെങ്കിലും അത് പ്രമാണമാക്കാന്‍ പാടില്ല. ഇസ്‌ലാമിന്റെ കാര്യങ്ങള്‍ പറയേണ്ടത് മറ്റുള്ളവര്‍ അല്ല എന്നത് ഞാന്‍ മുകളില്‍ ഉദ്ധരിച്ച ഒരുപാട് കോടതി വിധികളില്‍ കണ്ടു.
രണ്ടാമത്, അതിന് തെളിവായിട്ട് ഖുര്‍ആന്‍ അവര്‍ ഉദ്ധരിച്ചു. പക്ഷേ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തങ്ങളിലൊന്നും അക്കാര്യമില്ല. യാ അയ്യുഹന്നബിയ്യു ഖുല്‍ ലി അസ്‌വാജിക… എന്നു പറയുന്ന ഒരു കഷണം അടര്‍ത്തിയെടുക്കുകയാണ് അവിടെ ചെയ്തത്. നബിയേ അങ്ങയുടെ ഭാര്യമാരോട് ഹിജാബ് ധരിക്കാന്‍ പറയണം. അതുകൊണ്ട് ഇത് നബിയുടെ ഭാര്യമാര്‍ക്ക് മാത്രമുള്ളതാണ്. ഇതാണ് ഖുര്‍ആന്‍ ഓതിയിട്ട് അവര്‍ കണ്ടെത്തിയത്. എന്നാല്‍ ഖുല്‍ ലി അസ്്വാജിക എന്ന് പറഞ്ഞിട്ട് തൊട്ടടുത്ത വാചകത്തില്‍ തന്നെ “നിസാഇല്‍ മുഅ്മിനീന്‍..’ മൊത്തം മുസ്‌ലിം സ്ത്രീകളോടും പറയണം എന്നുണ്ട്. അതാരും കാണില്ല. ഖുര്‍ആനില്‍ തന്നെ പറഞ്ഞതിന് എതിരായ വിധിയാണ് കോടതി കൊണ്ടുവന്നത്. ആ രീതിയില്‍ കോടതി ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്നത് സുപ്രീംകോടതിയുടേത് അടക്കം നേരത്തെയുള്ള ഒരുപാട് വിധികള്‍ക്ക് എതിരാണു താനും. അപ്പോള്‍ എസ്സെന്‍ഷ്യല്‍ പാര്‍ട്ട് അല്ല എന്ന നിരീക്ഷണം തീരെ ശരിയല്ല.

നമ്മെ ഭയപ്പെടുത്തുന്നത് ഖുര്‍ആന്‍ ആണ് ഞങ്ങൾ തെളിവാക്കിയത് എന്ന് പറഞ്ഞുകൊണ്ട് ആ ഖുര്‍ആനില്‍ പറഞ്ഞതിന് കടകവിരുദ്ധമായി കോടതി വിധിച്ചു എന്നതാണ്. ഇത്തരം കാര്യങ്ങള്‍ സുപ്രീം കോടതിയെ വേണ്ടരീതിയില്‍ മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചാല്‍, മീഡിയാ വണ്ണിന്റേത് അടക്കമുള്ള കേസുകളില്‍ നിന്ന് മനസിലാകുന്നത്, തീര്‍ച്ചയായിട്ടും ഹൈകോടതി വിധി സ്റ്റേ ചെയ്യാനുള്ള സാധ്യതകള്‍ കാണുന്നുണ്ട് എന്നാണ്. പക്ഷേ ഏതു രീതിയിലാണ് അവതരിപ്പിക്കപ്പെടുക എന്ന് നമുക്ക് അറിയില്ല. ജഡ്ജിമാരുടെ മാനസികാവസ്ഥ എന്താണ് എന്നും അറിയില്ല. നമ്മള്‍ കോടതിയെ കുറ്റപ്പെടുത്തുന്നില്ല. കാരണം മുസ്‌ലിം പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ എക്സ്പെര്‍ട്ടുകളായിരിക്കും. അതേസമയം ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി അവര്‍ക്കറിയില്ല. നിയമവിദഗ്ധര്‍ക്ക് ഇസ്‌ലാമിനെ അറിയില്ല. അവര്‍ക്ക് നിയമമറിയാം. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന കേസ് ഹൈകോടതികളിലോ സുപ്രീം കോടതിയിലോ വരുമ്പോള്‍ വേണ്ടരീതിയില്‍ കോടതികളെ ബോധ്യപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ട്. കോടതികളെല്ലാം ഇസ്‌ലാമിക പണ്ഡിതന്മാര്‍ പറയുന്ന രീതിയില്‍ തന്നെ പറയണം എന്ന് പ്രതീക്ഷിക്കുന്നത് എന്തായാലും നമ്മുടെ അതിമോഹമായിരിക്കും. നമ്മള്‍ തന്നെ ശരിക്ക് വിഷയം മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ ബഹുമാനപ്പെട്ട കോടതി അങ്ങനെ മനസിലാക്കി നമ്മുടെ ശരീഅതില്‍ തന്നെ വിധി പ്രസ്താവിച്ചുതരണം എന്നു പറഞ്ഞാല്‍ അത് നടക്കുകയില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ നിയമം പഠിച്ച പണ്ഡിതന്മാര്‍ തന്നെ സുപ്രീം കോടതിയിലും ഹൈകോടതിയിലുമൊക്കെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അവസ്ഥ വരുമ്പോള്‍ വക്കീലുമാര്‍ക്കും ജഡ്ജിമാര്‍ക്കുമൊക്കെ ഇസ്‌ലാമിക വിഷയങ്ങളിലുള്ള പല തെറ്റിദ്ധാരണകളും നീങ്ങും. സ്വയം തിരുത്താനുള്ള അവസരങ്ങളുമുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഞാന്‍ തീര്‍ച്ചായും വിശ്വസിക്കുന്നു, കോടതികളുടെ ഇത്തരം വിഷയങ്ങളിലുള്ള സമീപനങ്ങളിലും മാറ്റമുണ്ടാകും. ഏതായാലും കേന്ദ്രവും കേരളവും ആരു ഭരിച്ചാലും എല്ലാവരോടും നമുക്ക് പറയാനുള്ളത് നമ്മുടെ ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ഈ ഭരണഘടന നിലനിര്‍ത്തുന്നവരാകണം ഇവിടെ വരുന്ന ഭരണാധികാരികള്‍. അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും ശരി. ആ ഭരണാധികാരികളൊക്കെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം, അത് ആർട്ടിക്കിള്‍ 19ല്‍ ഉള്ളതാണെങ്കിലും 14, 15ല്‍ ഉള്ളതാണെങ്കിലും 21 ല്‍ ഉള്ളതാണെങ്കിലും.. പോരാ ആര്‍ട്ടിക്കിള്‍ 25 ലുള്ള മുഴുവന്‍ അവകാശങ്ങളും വകവെച്ചു നല്‍കുന്ന അവസ്ഥ ഇന്ത്യ രാജ്യത്ത് എത്ര കാലം നില്‍ക്കുന്നുവോ, അന്ന് മേരാ ഭാരത് മഹാന്‍ ആയിരിക്കും. രബീന്ദ്രനാഥ് ടാഗോര്‍ പഠിപ്പിച്ചത് അതാണ്. Where the mind is without fear, where the head is held eye, where the knowledge is free, where the words are come out from the depths of truth, where the world has not broken up into fragments with narrow domestic walls. അത്തരം ഒരിന്ത്യയെ സ്വപ്നം കണ്ടവരായിരുന്നു അവരൊക്കെ. ഗാന്ധിജി അതിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചതാണ്. നമ്മുടെ ഭരണകൂടങ്ങള്‍ അതൊന്നും മറക്കരുത്. അങ്ങനെ വന്നാല്‍ ഈ രാജ്യത്തിന്റെ തകര്‍ച്ചയായിരിക്കും പരിണിതഫലം. യവന സംസ്‌കാരം മണ്ണടിഞ്ഞു പോയി. ഈജിപ്ഷ്യന്‍ സംസ്‌കാരം മണ്ണടിഞ്ഞു പോയി. എന്നാലും ഇഖ്ബാല്‍ പറയുകയാണ്. അബ് തക് മഗര്‍ ഹെ ബാകി നാമോ നിഷാന്‍ ഹമാരാ – നമ്മുടെ പേരും പെരുമയും ഇന്നും നിലനില്‍ക്കുന്നു. അതിന്റെ കാരണമെന്തെന്നറിയാമോ? യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റിയാണ്. പക്ഷേ, യൂണിറ്റിക്കു പകരം യൂണിഫോമിറ്റി കൊണ്ടുവരണമെന്ന ചിന്ത വലുതായി വരികയാണ്. നമുക്ക് യൂണിറ്റിയാണ് വേണ്ടത്. ഈ ചിന്ത ഭരണാധികാരികള്‍ക്കുണ്ടാകണം. അല്ലാതെ നമുക്ക് പ്രത്യേക രാഷ്ട്രീയ നിറങ്ങളോ താത്പര്യങ്ങളോ ഇല്ല. ജയ്ഹിന്ദ് എന്ന് പറയാന്‍ കഴിയണം. “ഝണ്ഡാ ഊഞ്ചാ രഹേ ഹമാരാ’ എന്നു പറയാന്‍ പറ്റിയ അവസ്ഥ വരണം. ആ രീതിയില്‍ ഇന്ത്യയെ നയിക്കാന്‍ ആരു ഭരിച്ചാലും ഉതവിയുണ്ടാകട്ടേ എന്നു പ്രാര്‍ഥിക്കുന്നു.

അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

(കേട്ടെഴുത്ത്: അബ്ദുൽബാരി ബുഖാരി, സിയാദ് മടപ്പള്ളി)

You must be logged in to post a comment Login