സംഘം ചേര്‍ന്ന് പ്രാര്‍ഥിക്കാം

സംഘം ചേര്‍ന്ന് പ്രാര്‍ഥിക്കാം

മാനവിക ഐക്യം ഉദ്‌ഘോഷിക്കുന്നതും പാരസ്പര്യത്തില്‍ അധിഷ്ഠിതവുമാണ് ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളെല്ലാം. നിസ്‌കാരം, പ്രാര്‍ഥന, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അനുഷ്ഠാന കര്‍മങ്ങളധികവും സംഘം ചേര്‍ന്ന് നിര്‍വഹിക്കേണ്ടവയാണ്. തനിച്ചു നിര്‍വഹിക്കേണ്ട വ്രതം, സകാത് തുടങ്ങിയ കര്‍മങ്ങള്‍ക്കു പോലും മാനവിക സ്പര്‍ശമുണ്ട്. പട്ടിണി കിടക്കുന്നവന്റെ നോവറിയാനും അവരോട് ഐക്യപ്പെടാനും വൃതത്തിലൂടെ സാധിക്കുന്നു. ജീവിത സന്ധാരണത്തിന് മാര്‍ഗമില്ലാത്തവരുടെ കണ്ണീരൊപ്പുന്ന കര്‍മമാണല്ലോ സകാത്. നിസ്‌കാരം, പ്രാര്‍ഥന തുടങ്ങിയ കര്‍മങ്ങള്‍ തനിച്ചു നിര്‍വഹിക്കുന്നതിലേറെ ഉത്തമം സംഘമായി നിര്‍വഹിക്കുന്നതാണ്. തനിച്ച് നിര്‍വഹിക്കുന്നതിലേറെ അനേകമിരട്ടി പുണ്യമാണ് സംഘം ചേര്‍ന്ന് നിസ്‌കരിക്കുന്നതിനുള്ളത്. ഒറ്റക്ക് നിസ്‌കരിക്കുമ്പോള്‍ പോലും സമൂഹത്തിന് വേണ്ടി പ്രാര്‍ഥിക്കല്‍ അനിവാര്യമാണ്. “ഞങ്ങളെ നീ നേര്‍വഴിയില്‍ ചലിപ്പിക്കേണമേ’, “സദ് ജനങ്ങള്‍ക്കൊക്കെയും നീ സമാധാനം നല്‍കേണമേ’ എന്നാണ് സത്യവിശ്വാസി നിസ്‌കാരത്തിനിടയില്‍ പ്രാര്‍ഥിക്കുന്നത്. നിസ്‌കാരം പോലെ പ്രാര്‍ഥനയും സംഘടിതമായി നിര്‍വഹിക്കുന്നതിന് എറെ മഹത്വമുണ്ട്. “നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും അവനോട് പ്രാര്‍ഥന നടത്തുന്ന ആളുകളോടൊപ്പം ക്ഷമയോടെ പങ്കുചേരാന്‍ വിശുദ്ധ ഖുര്‍ആന്‍ സൂറ അല്‍ കഹ്ഫ് 28-ാം വചനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു സംഘമാളുകള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരണമെന്നാവശ്യപ്പെട്ട് അല്ലാഹുവിലേക്ക് കൈകളുയര്‍ത്തിയാല്‍ അവര്‍ ആവശ്യപ്പെട്ട കാര്യം നല്‍കാന്‍ അല്ലാഹു കടപ്പെട്ടിരിക്കുന്നു (ത്വബ്‌റാനി), ഒരു കൂട്ടമാളുകള്‍ ഒത്തുചേരുകയും അവരില്‍ ചിലര്‍ പ്രാര്‍ഥന നടത്തുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കാതിരിക്കില്ല (ഹാകിം, ഉദ്ധരണം ഫത്ഹുല്‍ ബാരി 11 – 200, ഖസ്തല്ലാനി 9 – 226, മിര്‍ആത്ത് 3-157) തുടങ്ങിയ നബി വചനങ്ങളിലും സംഘപ്രാര്‍ഥനയുടെ മഹത്വം വിവരിച്ചിട്ടുണ്ട്.

നിസ്‌കാര ശേഷമുള്ള സംഘപ്രാര്‍ഥനക്ക് പ്രത്യേക മഹത്വമുണ്ട്. നിസ്‌കാര ശേഷം ഇമാം പ്രാര്‍ഥന നടത്തുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്നതാണ് അവര്‍ സ്വന്തമായി പ്രാര്‍ഥിക്കുന്നതിലേറെ ഉത്തമം. ഇമാം ഉറക്കെ പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ ആമീന്‍ പറയുകയും ഇമാം പതുക്കെയാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ അവര്‍ പതുക്കെ പ്രാര്‍ഥിക്കുകയുമാണ് ചെയ്യേണ്ടത് (അല്‍ അജ്‌വിബതുല്‍ അജീബ 21, 22).
നിസ്‌കാര ശേഷം ഇമാം സ്വന്തത്തിന് മാത്രമായി പ്രാര്‍ഥിക്കുന്നതിനെ തിരുനബി(സ) നിരുത്സാഹപ്പെടുത്തി. തിരുനബി(സ) പറഞ്ഞു: ഒരു സമൂഹത്തിന് നിസ്‌കാരത്തിന് നേതൃത്വം നല്‍കുകയും അവരെ ഉള്‍പ്പെടുത്താതെ തനിക്ക് മാത്രമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് അവരോട് കാണിക്കുന്ന വഞ്ചനയാണ് (ഇബ്‌നു മാജ, അബൂദാവൂദ്, തിര്‍മിദി).

റസൂലും(സ) സ്വഹാബികളും നിസ്‌കാര ശേഷം സംഘമായി പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു. നബി(സ) നിസ്‌കാര ശേഷം നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെട്ട ബഹുവചനത്തിലുള്ള പ്രാര്‍ഥനാ വചനങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. റസൂൽ(സ) നിസ്‌കാര ശേഷം കൂട്ടുപ്രാര്‍ഥന നടത്തിയ അനേകം സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ചിലത് ചുവടെ: അബദുല്ലാഹിബ്‌നുഉമര്‍(റ) പറഞ്ഞു: സുബ്ഹി നിസ്‌കാര ശേഷം റസൂൽ(സ) സമൂഹത്തിലേക്ക് തിരിഞ്ഞു കൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവെ ഞങ്ങളുടെ മദീനയില്‍ നീ അഭിവൃദ്ധി നല്‍കേണമേ, ഞങ്ങളുടെ മുദ്ദിലും സ്വാഇലും – രണ്ട് അളവ് പാത്രങ്ങള്‍ – നീ അഭിവൃദ്ധി നല്‍കേണമേ, അല്ലാഹുവേ ഞങ്ങളുടെ ശാമിലും യമനിലും നീ അഭിവൃദ്ധി നല്‍കേണമേ (ത്വബ്‌റാനി, മുഅ്ജമു ഇബ്‌നുല്‍ മുഖ്‌രി).

യസീദുബ്‌നുല്‍ അസ്‌വദില്‍ ആമുരി(റ) പറഞ്ഞു: റസൂലിനോടൊന്നിച്ച്(സ) ഒരു ദിനം ഞാന്‍ സുബ്ഹി നിസ്‌കാരം നിര്‍വഹിച്ചു. നിസ്‌കാരത്തില്‍ നിന്ന് സലാം പറഞ്ഞശേഷം റസൂൽ(സ) മഅ്മൂമുകള്‍ക്ക് നേരെ തിരിഞ്ഞിരുന്നു. ഇരുകരങ്ങളുമുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു (മുസ്വന്നഫ് ഇബ്‌നു അബീശൈബ). അനസ്(റ) നിവേദനം. ഒരിക്കല്‍ തിരുനബി(സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞങ്ങള്‍ക്ക് ഇമാമായി നിസ്‌കരിച്ചു. ശേഷം വീട്ടുകാരുടെ ഐഹികവും പാരത്രികവുമായ നന്മക്കായി പ്രാര്‍ഥിച്ചു(മുസ്‌ലിം).

അനസു ബ്‌നു മാലിക്(റ) നിവേദനം. റസൂൽ(സ) അന്‍സാരികളില്‍ നിന്നൊരാളുടെ (ഇത്ബാനു ബ്‌നു മാലികില്‍ അന്‍സാരി) ഭവനം സന്ദര്‍ശിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പുറത്തിറങ്ങുമ്പോള്‍ വീട്ടിലൊരിടം കാണിച്ച് അവിടെ വെച്ച് നിസ്‌കരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. തിരുനബി അവിടെ വെച്ച് അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. ശേഷം അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു (ബുഖാരി).
സലാം വീട്ടിയ ശേഷം തന്റെ വലതുവശം മഅ്മൂമുകളിലേക്കും ഇടതുവശം മിഹ്‌റാബിലേക്കും തിരിച്ച് കൊണ്ടിരുന്നാണ് ഇമാം കീര്‍ത്തനങ്ങളിലും പ്രാര്‍ഥനയിലും മുഴുകേണ്ടത്. ഇമാം തന്റെ മുസ്വല്ലയില്‍ നിന്ന് മാറിയിരിക്കാതെ അപ്രകാരം ചെയ്യുന്നതാണോ, മുസ്വല്ലയില്‍ നിന്നെണീറ്റ് അല്‍പം വലത്തോട്ട് / ഇടത്തോട്ട് മാറി ഇരുന്നു കൊണ്ട് അപ്രകാരം ചെയ്യുന്നതാണോ ശ്രേഷ്ടകരമെന്ന കാര്യത്തില്‍ ജ്ഞാനികള്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. മുസ്വല്ലയില്‍ തന്നെ അപ്രകാരം ഇരിക്കുന്നതാണ് ശ്രേഷ്ടമെന്നാണ് ഇമാം റംലിയടക്കമുള്ള ഒരു കൂട്ടം പണ്ഡിതന്മാരുടെ വീക്ഷണം (ഫതാവാ റംലി 1/228 , നിഹായ 1/554 ജമല്‍ 1/405).

മുസ്വല്ലയില്‍ നിന്ന് അല്‍പം വലത്തോട്ട് / ഇടത്തോട്ട് മാറി മേല്‍പ്രകാരം ഇരിക്കുന്നതാണ് ശ്രേഷ്ടമെന്നാണ് ഇബ്‌നു ഹജറിന്റെ വീക്ഷണം (തുഹ്ഫ 2/105). മഅ്മൂമുകള്‍ക്ക് അഭിമുഖമായി നിന്ന് കൊണ്ടാണ് പ്രാര്‍ഥിക്കേണ്ടതെന്നും, ഖിബ്‌ലക്കഭിമുഖമായാണ് പ്രാര്‍ഥിക്കേണ്ടതെന്നും മറ്റു വീക്ഷണങ്ങളുമുണ്ട്.
നിസ്‌കാര ശേഷം മഅ്മൂമുകളിലേക്ക് തിരിഞ്ഞാണ് റസൂൽ(സ) ഇരുന്നിരുന്നതെന്ന് സമുറത് ബ്‌നു ജുന്‍ദുബ്(റ) വിവരിച്ചിട്ടുണ്ട് (ബുഖാരി). നിസ്‌കാര ശേഷം റസൂൽ(സ) ഞങ്ങളെ അഭിമുഖീകരിക്കുന്നതിനാല്‍ തിരുനബിയുടെ(സ) കൂടെ നിസ്‌കരിക്കുമ്പോള്‍ വലതുഭാഗത്ത് നില്‍ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് ബറാഅ്(റ) വിവരിച്ചിട്ടുണ്ട് (മുസ്‌ലിം). റസൂൽ(സ) നിസ്‌കാര ശേഷം വലതുഭാഗം മഅ്മൂമുകളിലേക്ക് തിരിച്ചു കൊണ്ടിരുന്നതിനാലായിരുന്നുവത്.
നിസ്‌കാര ശേഷം ഇമാം പൂര്‍വസ്ഥിതി തുടരുന്നത് വൈകി വരുന്നവര്‍ ഇമാം തശഹുദിലാണെന്നും നിസ്‌കാരം അവസാനിച്ചില്ലെന്നും തെറ്റുധരിച്ച് ഇമാമിനെ തുടരാതിരിക്കാനും, ഇമാമിനോ, പുറകിലുള്ളവര്‍ക്കോ തങ്ങള്‍ സലാം വീട്ടിയോ ഇല്ലയോ എന്ന സംശയം വരാതിരിക്കാനുമാണ് (ശര്‍വാനി: 2/105).
ഏതാനും വാക്യങ്ങളില്‍ ഒതുങ്ങുന്ന ദൈര്‍ഘ്യം കുറഞ്ഞ പ്രാര്‍ഥനയാണ് ജമാഅത് നിസ്‌കാരങ്ങള്‍ക്കു ശേഷം ഇമാം നിര്‍വഹിക്കേണ്ടത്. മഅ്മൂമുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാനിടയുള്ളത് കൊണ്ട് പ്രാര്‍ഥന ദീര്‍ഘിപ്പിക്കുന്നത് ഒട്ടും ഉചിതമല്ല. നിസ്‌കാര ശേഷം ഇമാം നിര്‍വഹിക്കുന്ന പ്രാര്‍ഥന തശഹുദിനെക്കാള്‍ ദീര്‍ഘിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഇമാം വസ്വാബി വ്യക്തമാക്കിയിട്ടുണ്ട് (അല്‍ ബറക, ഫീ ഫള്‌ലിസ്സഅ്‌യി വല്‍ ഹറക 404).

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login