ഇലാഹിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി…

ഇലാഹിന്റെ  ഇഷ്ടാനിഷ്ടങ്ങൾ നോക്കി…

കടുത്ത നിയന്ത്രണങ്ങളുള്ള കൊറോണക്കാലം. പള്ളി പൂട്ടിയിട്ടിരിക്കുന്നു. അന്ന് ഒരു സന്ദർഭത്തിൽ ഞാൻ പള്ളിയിലെ ഉസ്താദിനെ കാണാനായി പള്ളി പരിസരത്ത് ചെന്നു. ഉസ്താദിനെ കണ്ട് സംസാരിക്കുന്നതിനിടയിൽ വാങ്ക് വിളിച്ചു. ഞാനും ഉസ്താദും മുഅദ്ദിനും കൂടി കൊറോണയുടെ നാട്ടു വർത്തമാനങ്ങൾ പറയുന്നതിനിടെ പ്രസിഡന്റിന്റെ തല ദൂരെനിന്ന് കണ്ടു. അപ്പോൾ ഉസ്താദ് ആംഗ്യത്തിലൂടെ ഞങ്ങളോട് പിരിയാൻ സൂചന നൽകി. ഞാൻ തിരിച്ചു നടന്നു. വാങ്ക് വിളിച്ചുകഴിഞ്ഞ ശേഷമാണ് പള്ളിയിൽനിന്ന് നിസ്കരിക്കാതെ വീട്ടിലേക്ക് തിരിച്ചുപോരുന്നതെന്നോർക്കണം. അതിന്റെ ഒരു നൊമ്പരം വാക്കിൽ കൊള്ളിക്കാനാകില്ല.

രോഗത്തെയും രോഗികളെയും അന്ന് സമീപിച്ച രീതി തെറ്റായി. രോഗികളെ ഐ സി യുവിൽ ഒന്നൊന്നര മീറ്റർ അകലത്തിൽ കിടത്തിയിരിക്കുന്നു. ഭീതിപ്പെടുത്തുന്ന അന്തരീക്ഷം. ആരും അടുത്തുവരുന്നില്ല. തൊട്ടടുത്ത് കിടക്കുന്ന ആൾ ആരോരുമില്ലാതെ മരണത്തിലേക്ക് പോകുന്ന രംഗങ്ങൾ കാണേണ്ടിവരുന്ന നിസ്സഹായതയും ഭീതിയും നിറഞ്ഞ അന്തരീക്ഷം. അടുത്തുകിടക്കുന്നവർക്ക് തീവ്രമായ ഏകാന്തതയും നിസ്സഹായതയും തിരതള്ളിയ സന്നിഗ്ധ ഘട്ടങ്ങൾ. ആരോരുമില്ലാതെ എത്രയോ പ്രിയപ്പെട്ടവരെ നമുക്ക് ഉപേക്ഷിച്ച നിലയിൽ പിരിയേണ്ടിവന്നത് ഏതു സമൂഹത്തെയാണ് നിസ്സഹായമാക്കാതിരിക്കുക. പള്ളികൾ അടച്ചുപൂട്ടി. ആളുകൾ അടുക്കാതായി. സ്നേഹപ്രകടനത്തിന്റെ എല്ലാ വഴികളും അടഞ്ഞു. നിസ്സഹായരായിപ്പോയ മനുഷ്യരുടെ സങ്കടക്കാലമായിരുന്നു അത്.
വിശ്വാസികൾ അക്കാലത്ത് പള്ളിയിൽപോയി ചെയ്യുന്നതിലേറെ കാര്യങ്ങൾ വീട്ടിൽനിന്ന് സങ്കടത്തോടെ ചെയ്തിട്ടുണ്ടാകണം. വിശ്വാസ ദൗർബല്യമുള്ളവരോ ഇതൊക്കെ ഒരു അസുലഭാവസരമായിക്കണ്ട് പള്ളിയും മതചിട്ടകളും കൈയൊഴിഞ്ഞ് വീട്ടിനകത്ത് ഒതുങ്ങിക്കൂടുകയും ചെയ്തിട്ടുണ്ടാകണം.

വീട്ടിൽനിന്ന് ധാരാളം ആരാധന നിർവഹിച്ചവർ സങ്കടക്കടൽ നീന്തിയവരാണ്. ആ സങ്കടക്കണ്ണീരുകൾ മറ്റൊരു ആരാധനയായി ഇലാഹീ സമക്ഷത്തിൽ രേഖപ്പെടുമെന്നുറപ്പാണ്.

പള്ളിപൂട്ടിയതിനു മാത്രമല്ല, മദ്റസ പൂട്ടിയതോടെ ദുഃഖിതരായ കൊച്ചു വിദ്യാർഥികൾ പോലുമുണ്ട്. മദ്റസ തുറന്നുപ്രവർത്തിച്ച കാലത്ത് ഖുർആൻ ക്ലാസിലൊക്കെ അത്ര ഉത്സാഹത്തോടെയല്ലാതെ പങ്കെടുക്കുന്ന ചില കുട്ടികൾതന്നെ മദ്റസ ദിവസങ്ങളോളം പൂട്ടിയിട്ടതോടെ മുസ്ഹഫുമായി വല്ലാത്തൊരു ആത്മബന്ധം സ്ഥാപിച്ചതിന്റെ അനുഭവമുണ്ട്. മദ്റസ എന്ന അനുഭവം മുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ചില കുട്ടികൾ സ്വമേധയാ മുസ്ഹഫെടുത്ത് ഓതി. പൂതി തീരാതെ ഓതി ഖത്മ് പൂർത്തിയാക്കി. ചില അനുഭവങ്ങളുടെ വിരഹവും തിരോധാനവും മനുഷ്യരെ അത്രമേൽ തരളിതരാക്കുന്നു. അത് അനുഭൂതിദായകമായ ആരാധനയായി പരിവർത്തിതമാകുന്നു.

എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരാളുടെ അകൽച്ച പലപ്പോഴും മനുഷ്യരെ വല്ലാതെ പിടിച്ചുലക്കാറുണ്ട്. ഉപ്പ ജീവിച്ചിരിക്കുന്ന കാലത്ത് ആ രസം അറിയാതെ പോയി. ഉപ്പ മരിച്ചപ്പോൾ പിന്നെ ഓരോ സന്ദർഭം വരുമ്പോഴും ഉപ്പയെ ഓർക്കും. “ഉപ്പ ഉണ്ടായിരുന്നുവെങ്കിൽ’ എന്നാലോചിക്കും. ഉപ്പ അന്ന് ആ പറഞ്ഞതിന്റെ അർഥം ഇപ്പോഴാണ് പിടികിട്ടുന്നത് എന്നു പറയും. ഉപ്പ അങ്ങനെ ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോഴാണ് നാം മനസിലാക്കുന്നതെന്ന് പറയും. ഇതുപോലെ പള്ളി/ മദ്റസ എന്നിങ്ങനെയുള്ള അനുഭവങ്ങളുടെ വിരഹം മുതിർന്നവരെയും കുട്ടികളെയുമൊക്കെ വിവിധ തരംഗ ദൈർഘ്യങ്ങളിലാണെങ്കിൽപോലും പിടിച്ചുലച്ചിട്ടുണ്ട്.
വണക്കത്തിന്റെയും വിനയത്തിന്റെയും ഉച്ചസ്ഥായി എന്ന നിലയിലാണ് നാം ഇബാദത്തിനെ മനസിലാക്കിയിട്ടുള്ളത്. പക്വതയും പ്രായപൂർത്തിയും വന്ന ഒരാളുടെ വാക്കും പ്രവൃത്തിയും ചിന്തയും അല്ലാഹുവിന്റെ തൃപ്തിപോലെയായിരിക്കുമ്പോൾ അവയെല്ലാം സുകൃതങ്ങളായിരിക്കും. ആ നിലക്കു അവയെല്ലാം ആരാധനയായിത്തീരും. നിർവചനങ്ങൾ നമുക്ക് വ്യവഛേദിക്കാനും രേഖപ്പെടുത്താനുമുള്ളതാണ്. എന്നാൽ ഇബാദത്തിന്റെ ആസ്വാദ്യകരമായ അനുഭവങ്ങൾ രേഖപ്പെടുത്താനാകില്ല. അത് അല്ലാഹുവിനും റസൂലിനും ഇഷ്ടപ്പെട്ട വാക്കും ചിന്തയും പ്രവൃത്തിയും ചെയ്ത് സായൂജ്യമടയലാണ്. സുന്നത്, കറാഹത് എന്നൊക്കെ പറയുമ്പോൾ നമ്മൾ നിർവചനം പറയും. അത് ഓരോന്നിനെയും വകതിരിച്ച് മനസിലാക്കാനുള്ള രേഖ മാത്രമാണ്. അതല്ല ഇതിന്റെ ആത്മാവ്. സുന്നതിന്റെ മറ്റൊരു വാക്കാണ് മുസ്തഹബ്ബ്. ശരിക്കാലോചിച്ചാൽ മുസ്തഹബ്ബ് എന്നാലെന്താണ്? അത്രയ്ക്ക് ഇഷ്ടമുള്ള കാര്യം എന്നാണ്. അല്ലാഹുവും റസൂലും അത്രയ്ക്ക് ഇഷ്ടപ്പെട്ട കാര്യമാണത്. അതാണ് സുന്നത്.

കറാഹത് എന്നാൽ വെറുക്കപ്പെടുന്നത്. ചെയ്താലെന്ത് ചെയ്തില്ലെങ്കിലെന്ത് എന്നതിൽനിന്ന് മാറി സുന്നത് അല്ലാഹുവിനും റസൂലിനും ഇഷ്ടമുള്ളതും കറാഹത് ഇരുവർക്കും വെറുപ്പുള്ളതും എന്ന് മനസിലാക്കിയിരുന്നെങ്കിൽ മുസ്‌ലിം ജീവിതം ഇതിലേറെ ശുദ്ധവും ആസ്വാദ്യകരവുമാകും. മുന്നിലേക്ക് തുപ്പുന്നത് അല്ലാഹുവിനിഷ്ടമല്ല. നല്ലതെന്ത് തുടങ്ങുമ്പോഴും ബിസ്മി ചൊല്ലുന്നത് അല്ലാഹുവിന് ഇഷ്ടമാണ്. ഇടക്കിടെ കൈ വൃത്തിയാക്കി വെക്കുന്നത് റസൂലിനിഷ്ടമാണ്. മറ്റൊരാൾക്ക് വിഷമമാകുന്ന വാക്കും പ്രവൃത്തിയും ചിന്തയുമൊക്കെ അല്ലാഹുവിന് വെറുപ്പാണ്. ഈ നിലയിൽ ഇബാദതുകളെ മനസിലാക്കിപ്പോരാൻ പറ്റിയാൽ വലിയ മാറ്റങ്ങൾ സമൂഹത്തിലുണ്ടാകും. നിർവചനങ്ങൾ ആവശ്യാനുസൃതം പിന്നീടും പഠിക്കാം. ഇങ്ങനെ ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തി, വെറുപ്പുള്ള കാര്യം ചെയ്തുപോയാൽ മനസിനുണ്ടാകുന്ന നീറ്റൽ ഇവയൊക്കെ വീണ്ടും ആരാധനകളായി പരിണമിക്കുകയാണ്. ഈ സങ്കട/ദുഃഖങ്ങൾ എത്ര പെരുകുന്നുവോ അത്രയ്ക്ക് ആരാധനകളുടെ കാമ്പ് വർധിക്കുന്നു. ആൾ മാനസികമായി സ്വസ്ഥത കൈവരിക്കുന്നു. മാനസികരോഗമുള്ളവരുടെ എണ്ണം കുറയുന്നു. ശാരീരിക രോഗങ്ങളുടെ തോത് കുറയുന്നു. മെല്ലെമെല്ലെ ശരീരം സാധാരണനില കൈവരിക്കുന്നു. അത്തരക്കാരുടെ മനസ്സ് സങ്കട/ദുഃഖങ്ങളുടെ വല്ലാത്ത ആസ്വാദ്യത അനുഭവിക്കുന്നു. വിശ്വാസിക്ക് എപ്പോഴും നേട്ടമാണ്. ദുഃഖിക്കുമ്പോൾ അയാൾ ക്ഷമിക്കുന്നു. സന്തോഷിക്കുമ്പോൾ അയാൾ സ്തുതിയോതുന്നു; അൽഹംദുലില്ലാഹ്.
ഒരാടിനെ കാരുണ്യത്തോടെ നോക്കുന്നതും ഒരു പൂച്ചക്ക് വഴിമാറിക്കൊടുക്കുന്നതും ഒരു കോഴിക്ക് തീറ്റ നൽകുന്നതുമൊക്കെ ഇബാദതായി ഏടുകളിൽ രേഖപ്പെടുന്നു. മനസ് അതിന്റെ സുഖം അനുഭവിക്കുന്നു. ഏത് കാര്യവും എടുത്തുനോക്കൂ, അത് ഒന്നുകിൽ അല്ലാഹുവിനിഷ്ടമുള്ളതാണ്. അല്ലെങ്കിൽ വെറുപ്പുള്ളതാണ്. ഈ ഘട്ടങ്ങളിൽ നാം അല്ലാഹുവിനെ ഓർക്കുന്നു. അവൻ ഇഷ്ടപ്പെടുമോ വെറുക്കുമോ എന്ന് മനസിനോട് ചോദിക്കുന്നു. ഈ ഓർമകൾ വീണ്ടും ആരാധനയായി വളരുന്നു. ഏതു സന്ദർഭത്തെയും നിർമാണാത്മകമായി സമീപിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. സങ്കടം നിറഞ്ഞ ഒരനുഭവത്തിൽ അല്ലാഹുവിനെ ഓർത്ത്, ക്ഷമിക്കുന്നു, പ്രാർഥിക്കുന്നു. സന്തോഷം അലതല്ലുന്ന ഒരു നേരത്ത് ഹംദ് മൊഴിഞ്ഞുമൊഴിഞ്ഞ് നാം അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു. വിശ്വാസിയുടെ ജീവിതത്തിൽ വിളവെടുപ്പില്ലാത്ത നേരമുണ്ടോ, പറയൂ.

നാം ജനിക്കുന്നു. അതിനുമുമ്പേ നമ്മളറിയാതെ നമ്മെ അവൻ നോക്കിവളർത്തുന്നു. നാം ഉറങ്ങുമ്പോഴും അലസരായിരിക്കുമ്പോഴും എതിരെ ജീവിക്കുമ്പോഴുമൊക്കെ കാരുണ്യത്തിന്റെ പുതപ്പ് അവൻ എടുത്തുമാറ്റുന്നില്ല. ഈ ശുദ്ധമായ അന്തരീക്ഷം തന്നെ എത്ര വല്ലാത്ത നേട്ടമാണ്. ഈ വായുവിൽ വിഷം കലർന്നാൽ എന്താണവസ്ഥ? ശുദ്ധവായു ലഭ്യമല്ലാതിരിക്കുമ്പോഴേ അതിന്റെ മൂല്യമറിയൂ. ഇതൊക്കെ ആലോചിച്ച് അവനെ നന്നായി മനസിലാക്കി നന്ദിയോടെ ജീവിക്കുന്നതിന്റെ ഓരോ നിമിഷവും സന്തോഷമാണ്.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിരുദ്ധമായിനിൽക്കുന്ന സംവിധാനമാണ് ഇസ്‌ലാമിലെ സ്രഷ്ടാവ് എന്ന പൊതുധാരണ പുറത്ത് പ്രകടമാണ്. നമ്മുടെ സമൂഹത്തിൽ അത് പ്രകടമായി കണ്ടുകൊള്ളണമെന്നില്ല. ഉള്ളിൽ ഉണ്ടായേക്കാം. അല്ലാഹുവിന്റെ തൊണ്ണൂറ്റൊമ്പത് പേരുകളുടെ പൊരുളുകൾ ഇമാം ഗസാലിയുടെ(റ) ആഖ്യാനരീതികളിൽനിന്ന് പ്രചോദനം കൊണ്ട് പഠിപ്പിച്ചാൽ ഇസ്‌ലാമിനെയും ഇസ്‌ലാമികാചാരങ്ങളെയും ഇന്ന് നാം അനുഭവിക്കുന്നതിൽ കൂടുതൽ ആസ്വാദ്യതയോടെ നമുക്ക് നുകരാനും പകരാനുമാകും.

ഒരുകാലത്ത് പള്ളിദർസുകളിലൊക്കെ ആദ്യം പഠിച്ചിരുന്നത് “ഇർശാദുൽ ഇബാദ്’ എന്ന കിതാബായിരുന്നു. ഇർശാദും മുർശിദും കാമ്പറിഞ്ഞ് പഠിച്ച ഒരു കുട്ടിക്ക് പിഴക്കാനുള്ള പഴുത് കുറവാണ്. ആത്മീയതയിൽ ഊട്ടിയ ഫിഖ്ഹാണ് അതിലുള്ളത്. ഇർശാദും മുർശിദും മനസുകളെ ആർദ്രമാക്കുന്നു. നാം മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടേണ്ട, നമ്മുടെ ജീവിതത്തെ നന്നാക്കിയാൽ മതി എന്ന നിലയിലേക്ക് വരുമ്പോൾ ഓരോരുത്തരും നന്നാകും. സമൂഹം വഴിക്കുവരും.

പത്താം ക്ലാസുവരെ പഠിച്ച കുട്ടിയോട് ഫർള് നിസ്കാരം കഴിഞ്ഞാൽ സുന്നത് നിസ്കരിക്കാൻ കൂടെക്കൂടെ സമ്മർദം ചെലുത്തണം. അല്ലെങ്കിൽ ഫർള് നിസ്കരിച്ച് ദിക്റൊക്കെ ചടപട ചൊല്ലി ചടങ്ങ് നിർവഹിച്ച് അവൻ പോകും. ശരിക്കാലോചിച്ചാൽ അല്ലാഹുവുമായുള്ള നമ്മുടെ സ്വകാര്യ നിമിഷങ്ങളാണ് നിസ്കാരം. ആ നിലയിൽ അവാച്യമായ സൗന്ദര്യമൂറുന്ന ആരാധനയാണത്. സങ്കടങ്ങൾ മുഴുവൻ അല്ലാഹുവിനു മുന്നിൽ വെക്കുന്ന നിമിഷങ്ങൾ. പ്രപഞ്ചത്തിൽ നാം കാണുന്ന/ ചിന്തിക്കുന്ന/ അറിയുന്ന ഏതു കാര്യങ്ങൾക്കുമപ്പുറത്തുള്ള 99 വിശേഷണങ്ങളുള്ള പ്രപഞ്ച സ്രഷ്ടാവും സർവജ്ഞനുമായ അല്ലാഹുവിനെ സ്നേഹത്തോടെ കടപ്പാടോടെ മനസിലാക്കിത്തരുന്ന പാഠങ്ങളിലേക്ക് പാഠശാലകൾ പരിവർത്തിതമാകണം.
നബിചരിത്രങ്ങൾ, അല്ലഫൽ അലിഫ്, പാട്ടുകൾ, സ്വാലിഹീങ്ങളുടെ ചരിത്രങ്ങൾ അടങ്ങുന്ന തസ്ഹീഹ് ആക്കിയ കിതാബുകൾ പൊന്നാനി വഴിയിൽ ഉണ്ടായിരുന്നു. അവ കാലോചിത പരിഷ്കാരങ്ങളെ തൊടുമ്പോൾ ഇനിയും സാമൂഹികമാറ്റങ്ങൾ സംഭവിക്കും.

ചരിത്രം അല്ലാഹുവിന്റെ നടപടി ക്രമങ്ങളാണ് എന്ന് മനസിലാക്കാൻ ഇപ്പോഴും നമുക്ക് പറ്റിയിട്ടില്ല. ഇസ്‌ലാമിക ചരിത്രത്തിലെ ചില നിർണായക നിമിഷങ്ങളെച്ചൊല്ലി അത് നീതിയായോ എന്നു ചോദിക്കുന്നവരുണ്ട്. അല്ലാഹുവിനെ നീതി പഠിപ്പിക്കാൻ നമുക്കെന്തർഹത? അവർ അല്ലാഹുവിനെ നീതി പഠിപ്പിക്കുകയാണ് എന്ന് ഖുർആനിൽ പലയിടത്തും അല്ലാഹു പറയുന്നതു കാണാം. പുറത്തുപോകൂ, നിങ്ങളിൽ ചിലർ മറ്റു ചിലർക്ക് പ്രതിയോഗികളാണ് എന്നല്ലാഹു പറയുമ്പോൾ ചരിത്രത്തിൽ അങ്ങനെയുള്ള ചില സംഘർഷ നിമിഷങ്ങൾ വരും. ആദം നബിയെ(അ) സ്വർഗത്തിൽനിന്നാണ് ഭൂമിയിലേക്ക് വിടുന്നത്. നേരിട്ട് വിട്ടുകൂടായിരുന്നോ? ഇങ്ങനെയുള്ള സന്ദേഹങ്ങൾക്ക് നമുക്കവകാശമില്ല. അവ അല്ലാഹുവിന്റെ നടപടിക്രമങ്ങളാണ്. നാമൊരു “നീതി’ കെട്ടിയുണ്ടാക്കിയിട്ട് അല്ലാഹു അതിനകത്ത് നിൽക്കണം എന്ന് പറയുമ്പോലെയാണ് ഈ നീതി പഠിപ്പിക്കൽ.

ഇപ്പോൾ ഹിജാബിന്റെ വിഷയം വന്നു. എന്താണ് ഹിജാബ്? തലയിൽ കാണുന്ന തട്ടമാണോ അത്. സ്ത്രീയും പുരുഷനും ഇതരലിംഗവർഗങ്ങളും അന്യോന്യം പാലിക്കേണ്ട നിയന്ത്രണങ്ങളും സമീപനങ്ങളുമുണ്ട്. അവയ്ക്ക് മൊത്തത്തിലുള്ള പേരാണ് ഹിജാബ്. ബസ് യാത്രക്കിടയിൽ കാണാം; കണ്ണൊഴികെ പുറത്തൊന്നും കാണിക്കാത്ത സ്ത്രീകൾ അന്യപുരുഷന്മാരുമായി പരിധിവിട്ട് പെരുമാറുന്ന രംഗങ്ങൾ. കാഴ്ചയിൽ അവൾ പരിപൂർണ ഹിജാബിലാണ്. പക്ഷേ, മനസ്സിൽ ഹിജാബില്ല. ശരീരത്തിൽ പുതച്ച ഈ കർട്ടനുകളല്ല ഹിജാബ്. എന്നാൽ ഇത്രയൊന്നും ശരീരം മൂട്ടിപ്പുതക്കാത്ത കുട്ടികൾ വലിയ അച്ചടക്കം സൂക്ഷിക്കുന്നതും കാണാം.
മറ്റു മനുഷ്യരോടൊത്ത് ഈ പ്രകൃതിയിൽ ജീവിക്കുമ്പോൾ, മനുഷ്യനാണ് ഈ പ്രകൃതിയിലെ ബുദ്ധിജീവി. ആ നിലക്ക് മനുഷ്യർ പാലിക്കേണ്ട ചിട്ടകളാണ് നമ്മളാദ്യം പഠിക്കുന്നതെങ്കിൽ ഇതിലധികം മാറ്റങ്ങൾ ധാർമികമായി നമുക്കുണ്ടാകും. മാതാപിതാക്കളോട് പെരുമാറേണ്ട, സ്നേഹിക്കേണ്ട രീതി പറയാം. എന്നിട്ട് ഒറ്റവരിയിൽ വെറുപ്പിച്ചാലുള്ള ഭവിഷ്യത്ത് പറയാം. സഹജീവികൾക്ക് ഇഷ്ടപ്പെട്ട അവരുടെ അധീനതയിലുള്ള എന്തും സംരക്ഷിക്കലാണ് വിശ്വാസി മുസ്‌ലിമിന്റെ അല്ലാഹുവിനോടുള്ള ബാധ്യത എന്ന് പഠിച്ചുതുടങ്ങുമ്പോൾ നമ്മിലുണ്ടാകുന്ന മാറ്റം ഇന്നുള്ളതിനേക്കാൾ കൂടുതലായിരിക്കും. പ്രതിലോമകരമായ മറുപുറം പഠിപ്പിക്കാതെ നിർമാണാത്മകമായ ഭാഗം പഠിക്കാൻ നമുക്കവസരം കിട്ടണം. അപ്പോൾ നാം ഇന്നുള്ളതിൽകൂടുതൽ ചിന്താപരമായി സംശുദ്ധരായിരിക്കും. മനുഷ്യന്റെ മനസിന് നല്ലത് പഠിപ്പിച്ച് മറുപുറം അവർ സ്വയം മനസിലാക്കുന്നതായിരിക്കും കൂടുതൽ ഉപകാരപ്രദമാകുക. ഈ ലോകത്തിന്റെ നിലനില്പിന്നാണ് അല്ലാഹു മനുഷ്യന് താല്പര്യങ്ങളും ആഗ്രഹങ്ങളും നൽകിയിട്ടുള്ളത്. അത് സംസ്കരിച്ചുകൊണ്ടാണ് നാം അവ കൊണ്ടുനടക്കേണ്ടത്. ഇതാണ് ശരിയായ മനുഷ്യജീവിതത്തിന്റെ ധർമം.
ഉപരിലോക വ്യവസ്ഥിതിയാണിത്. അത് അധോലോക ജീവിതവുമായി കണക്ട് ചെയ്തുകൊണ്ടാണ് ഇസ്‌ലാം മനുഷ്യനെ മനസിലാക്കിക്കൊടുക്കുന്നത്. ഉപരിലോകത്തുനിന്ന് അധോലോകത്തേക്കിറങ്ങുന്നത് അല്ലാഹുവിന്റെ റഹ്മത്താണ്- കാരുണ്യമാണ്. അത് എപ്പോഴും ഭൂമിയിൽ വരുന്നു. അത് നമുക്ക് ആവാഹിക്കാനുള്ള ഏറ്റവും സുന്ദരവും സ്വകാര്യവുമായ നിമിഷങ്ങളാണ് രാത്രി കാലങ്ങൾ. ഭൂമിയിൽ ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് രാത്രിയാണല്ലോ. രാത്രി ഭൂമിയിൽനിന്ന് മായുന്ന നേരമില്ല. മനുഷ്യന് അല്ലാഹുവിനെ അപ്രാപ്യമാകുന്ന നേരവുമില്ല. നിലപാട് കൃത്യമാക്കിയതിന്റെ പേരിൽ ഒറ്റക്കായിപ്പോയ ഒരു പണ്ഡിതനോട് പ്രമുഖനായ സയ്യിദ് പറഞ്ഞു: “താങ്കൾ ഈ രൂപത്തിൽ നിലപാടെടുത്താൽ ഒറ്റപ്പെട്ടുപോകും.’ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: “ഒറ്റക്കാണ് ഞാൻ വന്നത്. ഒറ്റക്കാണ് ഞാൻ പോകുന്നതും.’ ജനനവും മരണവും ഒറ്റക്കാണെന്നാണ്. അല്ലാഹുവിന്റെ റഹ്മതുണ്ടെങ്കിൽ ഒറ്റക്കാണെന്ന ചിന്ത വിശ്വാസിയെ അലട്ടേണ്ടതില്ലെന്ന് സാരം. സൗർ ഗുഹയിലെ ഒറ്റപ്പെടൽ ഓർക്കുക. മൂന്നാമനായി അല്ലാഹു ഉണ്ടെന്നല്ലേ റസൂലിന്റെ ആശ്വാസമൊഴി.

“ഞാനല്ലാഹുവിനെ അറിയുന്നുവെന്നായിരുന്നു എന്റെ ധാരണ. തെറ്റാണത്. അവനെന്നെ അറിയുമ്പോഴാണ് ഞാനവനെ അറിയുന്നത്. ഞാനവനെ ഓർക്കുന്നുവെന്ന ധാരണ തെറ്റാണ്. അവനെന്നെ ഓർക്കുമ്പോഴാണ് ഞാനവനെ ഓർക്കുന്നത്. ഞാനവനെ പ്രണയിക്കുന്നുവെന്ന ധാരണയും തെറ്റാണ്. അവനെന്നെ പ്രണയിക്കുമ്പോഴാണ് ഞാനവനെ പ്രണയിക്കുന്നത്- അബൂയസീദുൽ ബസ്ത്വാമിയുടെ(റ) വാക്കാണിത്. അല്ലാഹു നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമുക്കല്ലാഹുവിനെ സ്നേഹിക്കാൻ തോന്നുന്നത്. നാം അല്ലാഹ്, അല്ലാഹ് എന്ന് പറയുന്നത് അല്ലാഹു നമ്മെ ഓർത്തിട്ടാണ്. അല്ലാഹു നമ്മെ പരിഗണിക്കുമ്പോഴാണ് നമുക്കല്ലാഹുവിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ഹിദായത്- നേർവഴി അല്ലാഹുവിന്റെ മഹാദാനമാണ്. ഔദാര്യമാണ്. എല്ലാം ചെയ്തുതന്ന ഒരാളെ ധിക്കരിക്കുന്നത് എത്ര വലിയ അപരാധമാണ്. ആ ധിക്കാരത്തിന്റെ ഏറ്റവും മൂർത്ത ദശയാണ് കുഫ്ർ- നിഷേധം.
അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങളുടെ വിലയറിയില്ല മനുഷ്യന്. നമ്മുടെ ഈ വയറ്റിനകത്ത് എന്തെല്ലാമാണുള്ളത്. എത്ര ഭംഗിയായാണ് അല്ലാഹു അതൊക്കെ മറച്ചുവെച്ചിരിക്കുന്നത്? നമ്മൾ സ്കാൻ ചെയ്ത് അതൊക്കെ അരിച്ചുപെറുക്കി നോക്കുകയാണ്, കുഴപ്പമുണ്ടോ? കുഴപ്പം കാണുന്നതോടുകൂടി മനസ്സ് തകർന്നു. വേണ്ടായിരുന്നു എന്നു തോന്നും. അങ്ങനെ പലതും. മാന്തിപ്പൊളിച്ച് നോക്കി സുരക്ഷ ഉറപ്പാക്കാമെന്ന് വിചാരിക്കുന്നത് നന്നല്ല. പൊൻമുട്ടയിടുന്ന താറാവിന്റെ വയർ കീറിയതോർമയില്ലേ? കീറിനോക്കിയില്ലായിരുന്നെങ്കിൽ എന്നും മുട്ട കിട്ടുമായിരുന്നു.
അല്ലാഹു മറച്ചുവെച്ചത് നാം വെളിച്ചത്താക്കുന്നു. എനിക്ക് ഇന്ന രോഗം ഉണ്ടെന്ന തോന്നൽ ഒരു വിത്തിടലാണ്. ആ വിത്ത് പിന്നെ ഒരു നെഗറ്റീവ് ചിന്തയുല്പാദിപ്പിക്കുന്ന മരമായി വളരും.

ഇബാദത്തിൽ ആവേശമില്ലാത്തവരുണ്ട്. പ്രധാന സന്ദർഭങ്ങൾ വരുമ്പോൾ ഒരു ഉത്സാഹമില്ലായ്മ. പ്രധാന സദസ്സുകളിൽ എത്തുമ്പോൾ ഒരു മൂഡില്ലായ്മ. ഈ പ്രശ്നം നിരന്തരം സ്വലാത് ചൊല്ലി പരിഹരിക്കണം. ചിലർക്ക് പുതിയ എന്തെങ്കിലും ചൊല്ലേണ്ടിവരുമ്പോൾ അതിന്റെ മുമ്പുള്ള “പതിവുകൾ’ നഷ്ടപ്പെട്ടുപോവുന്ന സ്ഥിതിയുണ്ട്. യാ ലത്തീഫ്, യാ ഖഹാർ എന്നീ ഇലാഹീനാമങ്ങൾ പതിനൊന്ന് പ്രാവശ്യം നിസ്കാര ശേഷം ചൊല്ലിയാൽ ഇത്തരം പൈശാചിക ശല്യങ്ങൾ പോകുമെന്ന് വിജ്ഞരിൽ ചിലർ പറയുന്നുണ്ട്. കനിവുള്ളവനേ, ശത്രുവിനെ അടക്കുന്നവനേ എന്നൊക്കെയാണ് ഈ നാമങ്ങളുടെ ഉദ്ദേശ്യം. ഒരു ആത്മീയ സന്ദർഭമെത്തുമ്പോൾ ചില സന്ദേഹങ്ങൾ ചിലരെ പിടിമുറുക്കുന്നു. റമളാൻ വരുമ്പോൾ നമുക്ക് ആവേശം ചോരുന്നു. പൈശാചികമാണിത്. സ്വലാത് ചൊല്ലിച്ചൊല്ലി ഈ കെട്ട് പൊട്ടിക്കണം. ഖുർആൻ “ചൊല്ലിക്കോളൂ’ എന്ന് വ്യക്തമായിപ്പറഞ്ഞ കർമമാണ് സ്വലാത്. അല്ലാഹുവും മാലാഖമാരും ചെയ്യുന്നതുകൂടിയാണ് എന്നൊരു പ്രത്യേകത സ്വലാതിനുണ്ട്. അത് അല്ലാഹു ഒരു കാരണവശാലും തട്ടിക്കളയില്ലെന്ന് ജ്ഞാനികൾ ഒരുപോലെ പറഞ്ഞതുമാണ്.

ആദ്യ റമളാനിന്റെ രണ്ട്/മൂന്ന് ദിവസങ്ങളിൽ ചിലപ്പോൾ നല്ല ഉഷാർ തോന്നും. അതൊരുപക്ഷേ, ചതിയായിരിക്കും. രണ്ടുമൂന്ന് ദിവസം ഉഷാർ തോന്നി പിന്നെ കലമുടക്കുന്ന നിലവാരത്തിലേക്ക് നമ്മെ എത്തിക്കുകയാണ് പിശാച്. ശ്രദ്ധിക്കണം. ഒരു സൂഫി അനുഭവം പറയുന്നുണ്ട്: ഒരിക്കൽ നിസ്കരിക്കുമ്പോൾ മറ്റൊരിക്കലും തോന്നിയിട്ടില്ലാത്ത അത്യാവേശം തോന്നി. നിസ്കാരം കഴിഞ്ഞ് ഞാൻ എന്നെത്തന്നെയൊന്ന് ശ്രദ്ധിച്ചു. നോക്കുമ്പോൾ ധരിച്ച വസ്ത്രത്തിലുണ്ട്, പൊറുക്കാനാകാത്ത മാലിന്യം! അസ്വീകാര്യമായ കർമം നീട്ടിക്കൊണ്ടുപോകാനുള്ള ഈ അത്യാവേശം പൈശാചിക പ്രേരണയിൽ വരുകയാണ്.

മടിതോന്നുന്നവർ അല്ലാഹുവിനെ ഭരമേല്പിക്കുക. അല്ലാഹുവേ, എന്റെ മനസിന് അതിനുവേണ്ട തഖ്്വ നല്കേണമേ. എന്റെ മനസിനെ നീ ശുദ്ധമാക്കണേ അല്ലാഹ്… അതിനെ ശുദ്ധീകരിക്കാൻ കഴിയുന്നവരിൽ ഏറെ ഉത്തമൻ നീയല്ലോ. നീയാണല്ലോ അതിന്റെ ഉടമയും രക്ഷിതാവും(അല്ലാഹുമ്മ ആതി അൻഫുസനാ… എന്ന പ്രാർഥനയാണ് ഉദ്ദേശ്യം).

നീ എന്തിനാണോ എന്നെ സൃഷ്ടിച്ചത്, അതിലേക്ക് എന്നെ നയിക്കേണമേ എന്ന് പ്രാർഥിക്കുക. നമ്മെ എന്തിനാണ് സൃഷ്ടിച്ചത്? അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാൻ തന്നെ. അപ്പോൾ അതിലേക്ക് നമുക്ക് തുറസ്സ് കിട്ടും. നമ്മെ നന്നാക്കുന്ന കാര്യം നാം ഏറ്റെടുക്കാതെ അല്ലാഹുവിനെ ഏല്പിക്കുക. അല്ലാഹുവേ നീ എന്നെ ശുദ്ധീകരിക്കണേ, ഇല്ലെങ്കിൽ ഞാൻ രക്ഷപ്പെടില്ല എന്ന അർഥത്തിലുള്ള പ്രാർഥനകളിലൂടെ അല്ലാഹുവിനെ കാര്യങ്ങൾ ഏല്പിക്കുക. അല്ലാഹുവേ, നിനക്കല്ലാതെ എന്നെ തെറ്റിക്കാനും നിന്റെ വഴിയിൽ നിർത്താനും കഴിയില്ല(ലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹ്… എന്നതിന്റെ താല്പര്യം) എന്നൊക്കെയുള്ള വിചാരങ്ങളോടെ ജീവിച്ചാൽ അല്ലാഹു നമ്മെ ശുദ്ധീകരിച്ചുതരും. ആ വിചാരംതന്നെ പ്രാർഥനയും വലിയൊരു സദ്കർമവുമായി മാറുകയും ചെയ്യും. ചിലർക്ക് ലൈലതുൽ ഖദ്റൊക്കെ വലിയ ആഗ്രഹങ്ങളായിരിക്കും. രാവേറെ ചെല്ലുവോളം ഇബാദത്തിലാകണം. പക്ഷേ, രാവടുക്കുമ്പോൾ ആൾക്ക് ആഗ്രഹിച്ചതൊന്നും ചെയ്യാനാകില്ല. അയാളുടെ ആഗ്രഹം നിസ്വാർഥമായിരുന്നെങ്കിൽ അയാൾക്ക് അതിന്റെ നേട്ടമുണ്ടാകും. ഒരു ശിഷ്യനെ കുറിച്ച് റസൂൽ സ്വർഗാവകാശി എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തു. ചിലർ അദ്ദേഹത്തെ നിരീക്ഷിച്ചു; എന്താണിദ്ദേഹം സ്വർഗത്തിലേക്ക് നീക്കിവെക്കുന്നത്? പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ഒരു സാധാരണ വിശ്വാസി മുസ്‌ലിമിന്റെ ആരാധനകൾക്കപ്പുറം അയാളൊന്നും ചെയ്യുന്നില്ല! ഒടുക്കം അയാളോട് തന്നെ ചോദിച്ചു: “എന്താണിതിന്റെയൊക്കെ രഹസ്യം?’ അയാൾ പറഞ്ഞു: “എനിക്ക് ഒരാളോടും ഒരുതരി വെറുപ്പില്ല. ഇതിലപ്പുറം എനിക്കൊന്നുമില്ല.’ അതിലൂടെയാണ് അദ്ദേഹത്തിന്റെ ഹൃദയം സംസ്കരിക്കപ്പെടുന്നത്.

പരിപൂർണനായ ഒരു അടിമയാകാൻ നമുക്ക് കഴിയില്ല. എന്നാലും നമ്മുടെ മനസ്സ് ശുദ്ധീകരിച്ചു തരാൻ അല്ലാഹുവിനോട് പറയുക. അല്ലാഹുവിനെ കുറിച്ച് നാം നിരൂപിക്കാതിരിക്കുക. അല്ലാഹു നീതി തീരുമാനിച്ചുകൊള്ളും. അല്ലാഹുവിനെ നമ്മൾ രൂപപ്പെടുത്തിയ “നീതി’യിലേക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്. കൊച്ചുകുട്ടികൾ രക്താർബുദം വന്നു മരിക്കുമ്പോൾ “അല്ലാഹുവേ, ആ കുട്ടി എന്തു തെറ്റാണ് ചെയ്തത്, അതിനെ ഇങ്ങനെ പരീക്ഷിക്കുന്നു?’ എന്ന നിലക്കുള്ള സംസാരങ്ങൾ നന്നല്ല.
അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള സദ്്വിചാരമാണ് നമുക്ക് വേണ്ടത്. ആളുകളെ കുറിച്ചും സദ്്വിചാരങ്ങളാണ് പുലർത്തേണ്ടത്. ചിലർ ഒട്ടകങ്ങളെയൊക്കെ മേയ്ച്ചങ്ങനെ നടന്നിട്ട് വാങ്ക് വിളിച്ചാൽ വന്ന് വുളു എടുത്ത് നിസ്കരിക്കും. നമ്മുടെ പ്രത്യക്ഷ നോട്ടത്തിൽ, അവർക്ക് ഒന്ന് വൃത്തിയായിക്കൂടേ എന്നു തോന്നും. ആ തോന്നൽ നന്നല്ല. ഉറപ്പായും മാലിന്യം ശ്രദ്ധയിൽ പെട്ടാൽ മാന്യമായി ഓർമിപ്പിക്കാം എന്നല്ലാതെ ദൂഷ്യവിചാരം പാടില്ല.

ഒരു വിമാനയാത്രയിലെ അനുഭവം പറയാം. വിമാനത്തിനകത്തു നിന്ന് ധാരാളം മദ്യം കഴിച്ച് അവശനായ ഒരാളുണ്ടായിരുന്നു. ഞങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി എമിഗ്രേഷനിൽ വരി നിൽക്കുമ്പോൾ അയാളുടെ തൊട്ടുമുന്നിലുള്ള ഒരാൾ കുഴഞ്ഞുവീണു. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവനവന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വേഗം പുറത്തുകടന്നു ബന്ധുക്കളോടൊപ്പം വീട്ടിലെത്താനുള്ള ധൃതിയിലാണ്. ഞാനടക്കം എല്ലാവരുടെയും മനസ്ഥിതി അതുതന്നെ. പക്ഷേ, നേരത്തെ മദ്യം കഴിച്ച് അവശനായ ആളുണ്ടല്ലോ, അയാൾ ഞങ്ങളെപ്പോലെയല്ല. അയാൾ എമിഗ്രേഷനിലെ പ്രധാന ഉദ്യോഗസ്ഥനെ കണ്ട് വീണുകിടക്കുന്ന ആൾക്കുവേണ്ടി ശിപാർശ ചെയ്തു. അയാളുടെ രേഖകളും ബാഗേജുകളുമൊക്കെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുറത്തെത്തിക്കാനുള്ള ഏർപ്പാട് ചെയ്തു. എന്നല്ല അയാൾ എല്ലാം കഴിഞ്ഞ് ഈ തളർന്നുകിടക്കുന്ന മനുഷ്യനെ താങ്ങിയെടുത്ത് പുറത്ത് ബന്ധുക്കളുടെ അടുത്തെത്തിക്കുകയും ചെയ്തു. അയാളുടെ മനസിൽ അല്ലാഹു ആ സമയത്ത് ഒരു കനിവ് നിറച്ചുകൊടുക്കുന്നു. അതുമതിയാവും, അയാളുടെ പാപങ്ങൾ പൊറുക്കപ്പെടാൻ. മറ്റാർക്കും കനിവില്ലാതെയല്ല. പക്ഷേ, ഇത്രത്തോളം ഇടപെടാനുള്ള മനസ്സു വന്നില്ല. മനസിലുള്ളത് പ്രകടിപ്പിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നമ്മളൊക്കെ വലിയവരാണെന്ന് നമ്മൾ ധരിക്കുന്നുണ്ടാകും. നമ്മുടെ മുഖത്തിട്ടടിക്കുന്ന സംഭവമാണിതൊക്കെ. “നിങ്ങളൊക്കെ വലിയവരാണെന്നാണ് വിചാരം. അതുശരിയല്ല. അല്ലാഹുവിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇയാളും മതി’ എന്നൊരു സന്ദേശമാണ് നമുക്കിതിലൂടെ കിട്ടുന്നത്.
ചിലരെ കണ്ടിട്ടുണ്ടാകും. മുസ്ഹഫ് കൈയിൽനിന്ന് വെക്കാതെ ആവേശത്തിൽ ഖുർആൻ ഓതുന്നു. അവർക്കതിന്റെ അർഥമൊന്നും അറിയില്ല. പക്ഷേ അല്ലാഹുവിന്റെ കലാം ആണെന്ന വലിയ അറിവ് അവർക്കുണ്ട്. ആദരവ് നിറഞ്ഞ ആ അറിവ് മതി അവർക്ക്. ഖുർആന് അവിടെ റെസ്റ്റില്ല. ഓതുകതന്നെ, അവർ ഹാഫിളുൽഖുർആൻ അല്ലെങ്കിലും ഹാമിലുൽ ഖുർആനാണ്. ഖുർആനെ ഏറ്റെടുത്തുവഹിക്കുന്നവർ. ആരും ചെറിയവരാണ് എന്നു വിചാരിക്കരുത്.
ജീവിതത്തിന്റെ ബ്രേക്ക് ആണ് റമളാൻ. എല്ലാ കാര്യങ്ങൾക്കും ഒരു നവീകരണം. ഒരു അപ്ഡേഷൻ. അല്ലാഹുവിന്റെ വിരുന്ന് കാലം കൂടിയാണിത്. ഇഅ്തികാഫിന്റെ സന്ദർഭമാണിത്. മനസ് സർവചുറ്റുപാടുകളിൽനിന്നും മാറിനിൽക്കണം. അപ്പോഴേ അത് പൂർണമാവുകയുള്ളൂ. ശരീരം ഇഅ്തികാഫിലും മനസ്സ് പുറത്ത് മേയുന്നതുമാകാൻ പാടില്ല. മദീനയിലൊക്കെച്ചെന്നാൽ അതിന്റെ രസം കാണാം. ഭാഗ്യമുള്ളവർക്ക് ഇലാഹീ ചിന്തകളൊക്കെകിട്ടും. മസ്ജിദുന്നബവിക്കുള്ളിൽ സ്വസ്ഥമനസോടെ, ചിന്തയെ അല്ലാഹുവിന്റെ മുന്നിൽനിർത്തി നമുക്ക് കഴിഞ്ഞുകൂടാം. അവിടെ ഖുർആനോതാം. ക്ലാസുകൾ കേൾക്കാം. നിസ്കരിക്കാം. മുത്തുറസൂലിന്റെ സാന്നിധ്യം ശരിക്കും അനുഭവപ്പെടുന്ന ഇടമാണത്. വാങ്ക് വിളിക്കുമ്പോഴൊക്കെ മനസ്സ് വല്ലാതെ റസൂലിനെ ഓർത്തിരിക്കും. ആ ഓർമകൾ കുറെ കാലത്തേക്ക് നമ്മെ സദ്ചിന്തകളിൽ മെരുക്കിയിടും. ഇങ്ങനെ നല്ല വിശ്വാസികളോടൊപ്പം കഴിഞ്ഞുകൂടാൻ കൊതിക്കുക. നമുക്കും ഇഹപര സൗഭാഗ്യങ്ങൾ കൈവരും.

ടി കെ അലി അശ്റഫ്

കുറിപ്പ്: ഇബാദത്- ആരാധന, റഹ്്മത്- കാരുണ്യം, സ്വലാത്- റസൂലിനുള്ള കാരുണ്യപ്രാർഥന, ഇഅ്തികാഫ്- പള്ളിയിൽ ഭജനമിരിക്കൽ.

You must be logged in to post a comment Login