ആശയവ്യക്തതയുടെ ഹൃദയഭാഷണങ്ങൾ

ആശയവ്യക്തതയുടെ  ഹൃദയഭാഷണങ്ങൾ

അരനൂറ്റാണ്ടിലേറെയായി പ്രഭാഷണവേദികളിലുണ്ട് ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം. പരിചയക്കാരും സംഘടനാബന്ധുക്കളും ആദരവോടെ സംബോധന ചെയ്യുന്നത് ചെറിയ എ പി ഉസ്താദ് എന്നാണ്. എ പി എന്നാൽ ആലോൽ പറമ്പിൽ. നാട് കൊടുവള്ളിക്കടുത്ത കരുവമ്പൊയിൽ ആണെങ്കിലും പേരിനൊപ്പം ഉള്ളത് കാന്തപുരം എന്ന സ്ഥലപ്പേരാണ്. മുതഅല്ലിമായും മുദരിസായും ദീർഘകാലം കാന്തപുരത്തുണ്ടായിരുന്നു എ പി മുഹമ്മദ് മുസ്‌ലിയാർ. ഇനീഷ്യൽ മാത്രമല്ല രൂപത്തിലെ സാമ്യവും പ്രഭാഷണത്തിലെ ഗാംഭീര്യവും സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിനെ ഓർമിപ്പിക്കുന്നു എന്നതുകൊണ്ടാകണം ചെറിയ എ പി എന്ന അപരനാമം സിദ്ധിച്ചത്. 1966 മുതൽ ഏഴുവർഷം സുൽത്താനുൽ ഉലമയുടെ അടുത്ത് ഓതിയിട്ടുണ്ട്. ആദ്യം മങ്ങാട്ട്, പിന്നെ കോളിക്കലിൽ, അതുകഴിഞ്ഞ് കാന്തപുരത്ത്. അവിടുന്നാണ് വെല്ലൂർ ബാഖിയാത്തിൽ ഉപരിപഠനത്തിനു പോകുന്നത്. ബാഖവി ബിരുദം വാങ്ങി തിരിച്ചുവന്നത് കാന്തപുരത്തേക്കു തന്നെ. അവിടെ എ പി ഉസ്താദിന്റെ തന്നെ അസിസ്റ്റന്റ് മുദരിസ് ആയി കുറച്ചുകാലം. എ പി ഉസ്താദ് അവിടം വിട്ടപ്പോൾ ചെറിയ എ പി ഉസ്താദ് ആയി പ്രധാന മുദരിസ്. മൂന്നര പതിറ്റാണ്ട് അവിടെ തുടർന്നു. പിന്നീടിന്നോളം എ പി ഉസ്താദിന്റെ നിർദേശപ്രകാരം മർകസിലാണ് സേവനം. അതിനിടയിൽ സംഘടനയിൽ പല ചുമതലകൾ വഹിച്ചു. ഇപ്പോൾ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെക്രട്ടറി. ചെറിയ എ പി ഉസ്താദിലെ പ്രഭാഷകനെ, സംഘാടകനെ, മുദരിസിനെ, ഫഖീഹിനെ രൂപപ്പെടുത്തിയത് എ പി ഉസ്താദ് തന്നെ.
പ്രിയപ്പെട്ട ഗുരുവിനെ കുറിച്ച് മർകസ് നോളജ് സിറ്റിയിലെ ഒരു വേദിയിൽ ചെറിയ എ പി ഉസ്താദ് പറഞ്ഞതിങ്ങനെ: “പതിനാലാം വയസ്സ് മുതൽ ഒരു ശിഷ്യനായി ഉസ്താദിന്റെ കൂടെ കൂടി. അന്നേ വ്യക്തി വൈശിഷ്ട്യത്തിന്റെ പൂർണതയായിരുന്നു കാന്തപുരം ഉസ്താദ്. അഗാധമായ അറിവ് അവിടുത്തെ സ്വതസിദ്ധമായ ശൈലിയിൽ ശിഷ്യരിലേക്കു പകർന്നു നൽകി. സുന്നത്ത് ജമാഅത്തിനെ കുറിച്ചുള്ള ഉസ്താദിന്റെ ആഴമുള്ള അറിവും, അത് സമർഥിക്കാൻ അല്ലാഹു നൽകിയ വാഗ്മിത്വ മികവും ഒത്തുചേർന്നപ്പോഴാണ് കേരളത്തിലെ ബിദഇകളുടെ തകർച്ച ആരംഭിച്ചത്. ഉസ്താദിന്റെ അതിശക്തമായ പ്രവർത്തനങ്ങൾ കാരണമാണ് സുന്നി പള്ളികൾ പിടിച്ചെടുക്കുന്ന പ്രവണത പുത്തൻവാദികൾക്ക് അവസാനിപ്പിക്കേണ്ടി വന്നത്. 1970 കൾ മുതൽ ഉസ്താദ് നേതൃത്വം നൽകിയ സംവാദങ്ങൾ ബിദഈ പ്രസ്ഥാനത്തിന്റെ അടിവേര് ഇളക്കുന്നതായിരുന്നു. സി എം വലിയുല്ലാഹിയും ഇ കെ ഹസൻ മുസ്‌ലിയാരുമെല്ലാം ഉസ്താദിന്റെ പ്രവത്തനങ്ങൾക്ക് ആത്മീയമായും വൈജ്ഞാനികമായും ഉപദേശം നൽകി. മഹാന്മാരെ എപ്പോഴും ഹൃദയത്തോട് ചേർത്തുവെക്കുന്ന വിശിഷ്ടമായ സ്വഭാവത്തിന് ഉടമയാണ്‌ ഉസ്താദ്. എല്ലാവരോടും സ്നേഹമാണ് ഉസ്താദിന്’.
കാന്തപുരം അവേലത്ത് സാദാത്തുക്കളുടെ മഹല്ലാണ്. മഹല്ല് പ്രസിഡണ്ടുമാരായി സാദാത്ത് കുടുംബത്തിൽ നിന്നുള്ളവരാണ് ഉണ്ടാവുക. വലിയ തങ്ങൾ മുതൽ ഇപ്പോഴത്തെ തലമുറയിലുള്ള സയ്യിദന്മാരോട് വരെ ആത്മാർഥമായ ഇഴയടുപ്പമുണ്ട് ചെറിയ എ പി ഉസ്താദിന്. അവിടെ നിന്നൊഴിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെയായി. എങ്കിലും മഹല്ലിലോ, അവേലത്ത് സാദാത്ത് തറവാട്ടിലോ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ അവർക്കിപ്പോഴും ചെറിയ എ പി ഉസ്താദിനെ വേണം. അത്രയ്ക്ക് ബന്ധമുണ്ട് ആ നാടും നാട്ടുകാരുമായി ഉസ്താദിന്. അവിടെ പള്ളിയിൽ സുൽത്താനുൽ ഉലമയുടെ ദർസിൽ രണ്ടാം മുദരിസായി സേവനം ചെയ്യുന്ന കാലത്താണ് വെള്ളിയാഴ്ച ജുമുഅക്ക് മാത്രമായി ഒരാളെ തേടി കോഴിക്കോട് കാരപ്പറമ്പ് മഹല്ലിൽ നിന്ന് എ പി ഉസ്താദിന്റെ അടുത്ത് ആളു വരുന്നത്. ചെറിയ എ പി ഉസ്താദിനായിരുന്നു അതിനുള്ള നിയോഗം. “പിടിച്ചില്ലെങ്കിൽ വേറെ ആളെ നോക്കാം’ എന്നാണ് കാരപ്പറമ്പിൽ നിന്ന് വന്നയാളോട് ഉസ്താദ് പറഞ്ഞത്. 1976-ലാണ് ഇത്. ആദ്യവെള്ളിയാഴ്‌ച ഖുതുബയും നിസ്കാരവുമൊക്കെ കഴിഞ്ഞു തിരിച്ചുപോരുമ്പോൾ കമ്മിറ്റിക്കാർ പറഞ്ഞു: അടുത്ത ആഴ്ചയും വരണം. അടുത്ത വെള്ളിയാഴ്ച ചെന്നപ്പോൾ അവിടെ ഖതീബായി നിയമിച്ചുകൊണ്ടുള്ള കത്ത് തന്നു. വെള്ളിയാഴ്‌ച ജുമുഅക്ക് മാത്രം ചെന്നാൽ മതി. അന്ന് 75 രൂപയായിരുന്നു ശമ്പളം. വലിയ മുദരിസുമാർക്കു പോലും അക്കാലത്ത് അത്ര ശമ്പളമുണ്ടായിരുന്നില്ല എന്ന് ഉസ്താദ്. 46 വർഷമായി, അവിടെ ഇപ്പോഴും ഖത്വീബ് ചെറിയ എ പി ഉസ്താദ് തന്നെ. കോഴിക്കോട്ടെ മറ്റു പല പള്ളികളും കയ്യേറിയതുപോലെ കാരപ്പറമ്പ് പള്ളി കൈവശപ്പെടുത്താൻ വഹാബികൾ ശ്രമിച്ചതാണ്. അതിനുവേണ്ടി ഉസ്താദിനെത്തന്നെ ഉപയോഗപ്പെടുത്താൻ തന്ത്രം മെനഞ്ഞതാണ്. ആ തന്ത്രം ഉസ്താദിന്റെ അടുത്ത് വിലപ്പോയില്ല. പുതിയ ഭരണഘടന എഴുതിക്കൊണ്ടുവന്ന് മഹല്ല് പിടിക്കാനുള്ള വഹാബികളുടെ ആഗ്രഹം ഖത്വീബ് മുരടോടെ പിഴുതുകളഞ്ഞു. ഉസ്താദിന്റെ വെള്ളിയാഴ്‌ച പ്രസംഗം കേൾക്കാൻ വേണ്ടിമാത്രം കാരപ്പറമ്പ് പള്ളിയിൽ ആളുകൾ വരുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തത് കൂടെയുണ്ടായിരുന്ന ഉസ്താദിന്റെ ശിഷ്യൻ ജഅ്ഫർ സഖാഫി (അണ്ടോണ)യാണ്. അതുകേട്ടപ്പോൾ ജുമുഅക്കു ശേഷം എത്ര സമയം സംസാരിക്കുമെന്നറിയാൻ എനിക്ക് കൗതുകമായി. “ഏറിയാൽ 10 മിനുട്ട്. ആമുഖം ഒന്നുമുണ്ടാകില്ല. നേരെ വിഷയത്തിലേക്ക് കടക്കും.’ ഒട്ടും അതിശയോക്തി കലർത്താതെ ഉസ്താദിന്റെ മറുപടി.

“എങ്ങനെയാണ് വഅ്ള് പറയാൻ പഠിച്ചത്?’
“വഅ്ള് പറയാൻ എന്ത് പഠിക്കാനാണ്? വിഷയം അല്ലേ പഠിക്കേണ്ടത്? വിഷയമുണ്ടേൽ എല്ലാർക്കും വഅ്ള് പറയാം. അതിനു പ്രത്യേകം പഠിക്കാനൊന്നുമില്ല.’
“ആദ്യത്തെ വഅ്ള് എവിടെയായിരുന്നു?’
“കൈതപ്പൊയിൽ. സി പി ഖാദർ മൊയ്‌ല്യാർ വിളിച്ചോണ്ട് പോയത്. കോളിക്കൽ പള്ളിയിൽ എ പി ഉസ്താദിന്റെ ദർസിൽ ഓതുന്ന കാലമാണ്.’
ചെറിയ എ പി ഉസ്താദിന്റെ ശരീക് ആയിരുന്നു സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ. അദ്ദേഹവും നല്ല വാഇള് ആയിരുന്നു. ആദർശത്തിൽ കടുകട്ടി. ആദർശ പ്രസംഗം നടത്തുന്നവരോട് പ്രത്യേക ഇഷ്ടം പുലർത്തിയ പണ്ഡിതൻ. ഇരുവർക്കുമിടയിൽ വലിയ സ്നേഹബന്ധമായിരുന്നു. അങ്ങനെയാണ് നാട്ടിലേക്ക് ചെറിയ എ പി ഉസ്താദിനെ ക്ഷണിച്ചുകൊണ്ടുപോയത്. അമ്പതു വർഷം മുമ്പാണത്. റമളാനിൽ പള്ളികൾതോറും സഞ്ചരിച്ച് ഉറുദി പറയുന്ന ശീലം ഉണ്ടായിരുന്നില്ല. ആരെങ്കിലും ക്ഷണിച്ചാൽ പോകും.
“ഇക്കാലത്തിനിടയിൽ എത്ര വേദികളിൽ പ്രസംഗിച്ചിട്ടുണ്ടാകും?’
“എണ്ണമൊന്നും അറിയില്ല. കേരളത്തിലെ എല്ലാ നാടുകളിലും പ്രസംഗിച്ചിട്ടുണ്ട്. മഴക്കാലത്തൊഴികെ എല്ലാ ദിവസങ്ങളിലും വഅ്ള് ഉണ്ടാകും.’

അടുത്ത കാലം വരെ ബസിലായിരുന്നു ഉസ്താദിന്റെ യാത്രകൾ. ബസിറങ്ങുന്നിടത്ത് വഅ്ള് നടക്കുന്ന നാട്ടിൽ നിന്നുള്ള ആരെങ്കിലും കാത്തുനിൽക്കും. ചിലപ്പോൾ ഉസ്താദ് ഉള്ളിടത്ത് വരും സംഘാടകർ. അവർക്കൊപ്പം ബസിൽ കേറിപ്പോകും. അങ്ങോട്ട് കൊണ്ടുപോകുന്ന ഉഷാറൊന്നും തിരിച്ചുകൊണ്ടുവിടാൻ സംഘാടകർക്ക് ഉണ്ടാകില്ലെന്ന് ചെറുചിരിയോടെ ഉസ്താദ് കൂട്ടിച്ചേർക്കുന്നു. ആലപ്പുഴയിലൊരിടത്ത് വഅ്ള് പറഞ്ഞ് തിരിച്ച് ബസ് സ്റ്റാന്റിലേക്ക് ലോറിയിൽ വന്നതിന്റെ ഓർമ പങ്കിടുന്നു ഉസ്താദ്. കൊടുങ്ങല്ലൂരിൽ ഇ കെ ഹസൻ മുസ്‌ലിയാരുടെ കൂടെയും ഗൂഡല്ലൂരിൽ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ കൂടെയും വഅ്ള് പറയാൻ പോയിട്ടുണ്ട്. കണ്ണൂരിലെ പാനൂരിൽ ഒരു പള്ളി ഉദ്‌ഘാടനത്തിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെ പങ്കെടുത്തത് ഉസ്താദ് ഓർത്തെടുത്തു. “ശിഹാബ് തങ്ങൾ 10 മിനുട്ട് സംസാരിച്ചു. ബാക്കിയെല്ലാം മുഹമ്മദ് മുസ്‌ലിയാർ പ്രസംഗിക്കും എന്നു പറഞ്ഞാണ് തങ്ങൾ അവസാനിപ്പിച്ചത്’. ഒരിക്കൽ കോഴിക്കോട്ട് നിന്ന് എ വി അബ്ദുറഹ്മാൻ ഹാജിയുടെ കാറിൽ മേപ്പയൂരിലേക്ക് വഅ്ളിന് പോയിട്ടുണ്ട്; സംഘാടകർ ലീഗുകാർ ഉൾപ്പെടുന്ന മഹല്ല് കമ്മിറ്റി ആയിരുന്നു. ഹാജിയാകട്ടെ മുജാഹിദും. സംഘാടകർ ഏല്പിച്ചതുപ്രകാരം ആകണം പ്രഭാഷകനെ നാട്ടിലേക്ക് വിളിച്ചോണ്ടുപോയത്.
“എന്നിട്ട് ഹാജി വഅ്ള് കേൾക്കാനിരുന്നോ?’

“ഇല്ല, എന്നെ അവിടെ ഇറക്കീട്ട് പോയി. പക്ഷേ, ഹാജിയുടെ വീടിന് അടുത്തായിരുന്നു പരിപാടി. വീട്ടിലിരുന്ന്‌ കേട്ടിട്ടുണ്ടാകും’.

പത്ത് പന്ത്രണ്ട് വർഷം മുടങ്ങാതെ എല്ലാ റബീഉൽ അവ്വലിലും കവരത്തി ദ്വീപിൽ വഅ്ളിന് പോയിട്ടുണ്ട്. ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി ഒരേ പ്രദേശത്ത് ഉസ്താദ് വഅ്ള് പറഞ്ഞതും ദ്വീപിൽ തന്നെ. 15 ദിവസം വരെ അവിടെ വഅ്ള് പറഞ്ഞിട്ടുണ്ട്.
“കേരളത്തിൽ എല്ലാ കാലത്തും വഅ്ളുകൾ സജീവമായിരുന്നു. കേരളം ഇസ്‌ലാമിക നാട് ആയി നിലനിൽക്കുന്നതിൽ വഅ്ളുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റിച്ചിറയിൽ നാല്പത് ദിവസം വരെ തുടർച്ചയായി വഅ്ള് നടന്ന കാലമുണ്ട്. ഉള്ളാളത്തും ഇതുപോലെ നാല്പത് ദിവസം വഅ്ള് നടക്കും. ഉള്ളാൾ തങ്ങൾ എല്ലാ ദിവസവും വേദിയിൽ തന്നെയുണ്ടാകും. തങ്ങൾ അവിടത്തെ ഖാളിയുമാണല്ലോ’.
“ആദ്യകാലത്ത് എം ഇ എസിനു മാത്രമാണ് ഗൾഫീന്നുള്ള കാശ് കിട്ടിയത്.പിന്നീട് എ പി ഉസ്താദ് നടത്തിയ ശ്രമഫലമായാണ് നമുക്കും അവിടുന്ന് പണം കിട്ടിത്തുടങ്ങിയത്. പള്ളികളും മദ്രസകളും ഒക്കെ ഉണ്ടാക്കിയത് വഅ്ള് സംഘടിപ്പിച്ചാണ്. ആളുകൾ ഭക്ഷണമൊക്കെ കഴിച്ചാണ് വഅ്ളിന് വരിക. തുടങ്ങാൻ ഒമ്പത് മണിയൊക്കെ ആകും. രണ്ടര മൂന്നു മണിക്കൂർ വഅ്ള് പറയും. തീരുമ്പോൾ 12 മണിയാകും. ചിലയിടത്ത് ലേലമുണ്ടാകും. അപ്പോൾ സമയം പിന്നെയും നീളും.’

ആരൊക്കെയായിരുന്നു അക്കാലത്തെ പ്രധാന വാഇളുകൾ?
“തെക്ക് വൈലിത്തറ, പിന്നെ തഴവ, സലീം മൗലവി കരുനാഗപ്പള്ളി… ഇവിടെ പന്നൂര് നെടിയനാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ, അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ, പൂനൂർ കുഞ്ഞിബ്രാഹിം മുസ്‌ലിയാർ…’

ഇപ്പോൾ മൊബൈലിലേക്ക് മാറുകയാണ് വഅ്ളുകൾ. എല്ലാം ഓൺലൈനിലാണ്…?
“ഫലം കുറയും. നേർക്കുനേർ പറയുന്നതിന്റെയത്ര ഫലം കിട്ടൂല.’
ആദർശവിരോധികൾക്കെതിരായ എത്രയോ പ്രഭാഷണങ്ങൾ നടത്തിയിരിക്കുന്നു ഉസ്താദ്. പ്രസിദ്ധമായ കൊട്ടപ്പുറം സംവാദത്തിന്റെ ഒരു ദിവസത്തെ വിഷയാവതരണം ചെറിയ എ പി ഉസ്താദ് ആയിരുന്നു. വളപുരം ത്വലാഖ് പ്രശ്നത്തിൽ മറുവിഭാഗം സുന്നികളുമായി നടന്ന സംവാദത്തിൽ ഉസ്താദിന്റെ സമഗ്രമായ വിഷയാവതരണം എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു. കൽപറ്റയിൽ വാദപ്രതിവാദത്തിനു വെല്ലുവിളിച്ച് മുജാഹിദുകൾ മുങ്ങിയ അനുഭവമുണ്ട്. ചെറിയ എ പി ഉസ്താദിന് ആയിരുന്നു സുന്നി പക്ഷത്തിന്റെ നേതൃത്വം. പക്ഷേ, സമയം കടന്നിട്ടും വഹാബികൾ വന്നില്ല. അവിടെ അന്ന് ഉസ്താദ് നടത്തിയ ഉജ്ജ്വല പ്രഭാഷണത്തെക്കുറിച്ച് ആവേശഭരിതനായി സംസാരിച്ചു ജഅ്ഫർ സഖാഫി.

പ്രസംഗിക്കാൻ നിന്നാൽ പ്രമാണങ്ങളിൽ നിന്നുള്ള ഉദ്ധരണികളുടെ ഒഴുക്കായിരിക്കും. വിശുദ്ധ ഖുർആൻ, സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്‌ലിം എന്നിവയാകും മുഖ്യസ്രോതസ്സ്. ഇടയ്ക്ക് എം കെ എം കോയ മുസ്‌ലിയാരെ കുറിച്ച് പറഞ്ഞു. ഏതുകാര്യവും കേൾവിക്കാർക്ക് വ്യക്തതയോടെ മനസിലാക്കിക്കൊടുക്കാനുള്ള കോയ ഉസ്താദിന്റെ കഴിവിനെ കുറിച്ചായിരുന്നു പറഞ്ഞത്. കൊവിഡ് കാലം കഴിഞ്ഞ് വഅള് വേദികൾ സജീവമായതിന്റെ സന്തോഷമുണ്ട് ഉസ്താദിന്റെ സംസാരത്തിൽ. റമളാനിൽ നാട്ടിലും കാരപ്പറമ്പിലുമാണ് സ്ഥിരമായി വഅള് പറയാറുള്ളത്. പഠിക്കുന്ന കാലം മുതൽ നാട്ടിൽ വഅള് പറയാറുണ്ട്. അതിപ്പോഴും മുടക്കാറില്ല. ആശയവ്യക്തതയാണ് ഉസ്താദിന്റെ പ്രസംഗത്തിന്റെ പ്രധാന സവിശേഷത.ഒരു വിഷയത്തെ കുറിച്ച് സംസാരിച്ചാൽ അതിൽ ശ്രോതാവിന് “ഇശ്കാലുകൾ’ ഉണ്ടാകാതെ വ്യക്തത വരുത്താൻ എപ്പോഴും ശ്രദ്ധിക്കും. പ്രസംഗത്തിൽ എപ്പോഴും പുതുമയുണ്ടാകും. 46 വർഷം ഒരു പള്ളിയിൽ ജുമുഅക്കു ശേഷം മുടങ്ങാതെ പ്രസംഗിക്കുന്നു. അത് കേൾക്കാൻ ഇപ്പോഴും ആളെത്തുന്നു. ശ്രോതാവിനെ മുഷിപ്പിക്കാതെ, വിഷയങ്ങൾ മാറ്റിപ്പിടിക്കാൻ ഉസ്താദിന് സാധിക്കുന്നു എന്നതാണ് അരനൂറ്റാണ്ട് പിന്നിട്ട ഈ വാഗ്മിതയുടെ ശ്രേഷ്ഠസൗന്ദര്യം.

മുട്ടുകാലിനു കഠിനമായ വേദന അനുഭവപ്പെട്ട ഒരു സന്ദർഭം ഉസ്താദ് പറഞ്ഞു. “രണ്ടുതവണ ഇൻജെക്ഷൻ അടിച്ചിട്ടും മാറിയില്ല. പിന്നെ കാരപ്പറമ്പത്തുകാരനായ ഒരു ഹസൻ വൈദ്യരുടെ കിനാലൂരിലെ വൈദ്യശാലയിൽ ചികിത്സിക്കാൻ വന്നിരുന്ന മറ്റൊരു വൈദ്യർ നൽകിയ നെയ്യ് തേച്ചിട്ടതിൽ പിന്നെയാണ് ആ വേദന വിട്ടുപോയത്. എങ്കിലും ബസിലേക്ക് കയറുമ്പോഴും മറ്റും ഒരു പിടുത്തം അനുഭവപ്പെടുമായിരുന്നു. ലക്ഷ്വദ്വീപുകാരനായ ഒരു തങ്ങൾ (അദ്ദേഹം ഓമശ്ശേരിക്കടുത്ത് കൂടത്തായിയിൽ ആണ് മറപെട്ടുകിടക്കുന്നത്) മന്ത്രിച്ചുതന്നു. അതിനുശേഷം ഇന്നോളം ആ ഒരു പ്രയാസം ഉണ്ടായിട്ടേയില്ല’.

സംസാരമവസാനിപ്പിക്കുമ്പോൾ ചോദിച്ചു:
“പുതിയ പ്രഭാഷകരോട് എന്താണ് പറയാനുള്ളത്?’
“സ്വഹീഹ് ആയത് മാത്രം പറയുക. ളഈഫും മൗളൂഉമൊന്നും പറയരുത്. കേൾവിക്കാരുടെ മനസിന്‌ ബോധ്യപ്പെടുന്ന കാര്യങ്ങളേ പറയാവൂ. പറഞ്ഞുഫലിപ്പിക്കാൻ കഴിയുന്ന വിഷയങ്ങളേ പ്രസംഗത്തിൽ കൊണ്ടുവരാവൂ. ആളുകൾ പുച്ഛിക്കാൻ ഇടയുള്ള കാര്യങ്ങൾ പറയരുത്. കെട്ടുകഥകളും കേട്ടുകേൾവികളും പറയാതിരിക്കുക.”
ചെറിയ എ പി ഉസ്താദിന്റെ പ്രസംഗത്തിന് ഇപ്പോഴും ആള് കൂടുന്നത് എന്തുകൊണ്ടാണ് എന്നതിനും, എന്തുകൊണ്ടാണ് ആ പ്രഭാഷണങ്ങൾ സമഗ്രമാകുന്നത് എന്നതിനുമുള്ള ഉത്തരം കൂടിയായി നമുക്കിതിനെ വായിക്കാവുന്നതാണ്.

എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം/
മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login