ആശീര്‍വദിച്ചു കിട്ടിയ അനുവാദങ്ങള്‍

ആശീര്‍വദിച്ചു കിട്ടിയ  അനുവാദങ്ങള്‍

നാല്പത്തിമൂന്ന് കൊല്ലമായി വഅ്‌ള് രംഗത്തെത്തിയിട്ട്. തുടക്കം ഇരുമ്പുചോല കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ(ന.മ.) ദര്‍സില്‍ നിന്നാണ്. അവിടെയായിരുന്നു ആദ്യ പഠനം. ചെറിയ കുട്ടിയാണ്. 10-11 വയസേ ആയിട്ടുള്ളൂ. വെള്ളിയാഴ്ചയാകുമ്പോള്‍ ദര്‍സിലെ വലിയ മുതഅല്ലിമുകള്‍ പറയും. “ഇന്നിവിടെ തങ്ങളെ വഅ്‌ളാണ്.’ ഓരോ വെള്ളിയാഴ്ചയും ഇതാവര്‍ത്തിക്കും. കൈപ്പറ്റ ഉസ്താദിന്റെ മുമ്പില്‍ വഅ്‌ള് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. വലിയ വലിയ പണ്ഡിതന്മാര്‍ വരെ അവരെ മുന്നില്‍ വിനയാന്വിതരായി മിണ്ടാതിരിക്കാറാണ് പതിവ്. എ പി ഉസ്താദ്, കോട്ടുമല ഉസ്താദിനെപ്പോലോത്തവരെല്ലാം അവിടെ വലിയ ചര്‍ച്ചക്കായി വരുന്നത് കണ്ടിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചയും മുതിര്‍ന്ന കുട്ടികള്‍ എന്നോടിത് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് ചെറിയ കുട്ടിയല്ലേ. അവരുടെ സംസാരത്തില്‍ ഞാന്‍ വീണു പോയി. റബീഉല്‍അവ്വലില്‍ പ്രസംഗിക്കാന്‍ വേണ്ടി ബാപ്പ എഴുതിത്തന്നിരുന്ന പ്രസംഗം കാണാതെ അറിയാമായിരുന്നു. ഒരുദിവസം ജുമുഅക്കുശേഷം എഴുന്നേറ്റുനിന്ന് അത് പ്രസംഗിച്ചു. പ്രസംഗം തുടങ്ങിയതോടെ വഅ്‌ള് പറയാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന കുട്ടികള്‍ എഴുന്നേറ്റോടി. തമാശ രൂപേണ പറഞ്ഞത് കാര്യത്തിലായിപ്പോയല്ലോ എന്ന ബേജാറിലായിരുന്നു അവര്‍. ഇനി എന്തുസംഭവിക്കുമെന്നവര്‍ ഭയന്നു. കൈപറ്റ ഉസ്താദ് മുമ്പിലുണ്ട്. വഅ്‌ള് മുഴുവനും കേട്ടുകൊണ്ടിരുന്നു. വഅ്‌ള് കഴിഞ്ഞ ഉടനെ ഉസ്താദ് എന്നെ മുറിയിലേക്ക് വിളിച്ചു. പള്ളിയുടെ ചെരുവിലാണ് റൂം. പഴയ പള്ളിയാണല്ലോ. ഉസ്താദ് പറഞ്ഞു: “നല്ല വഅ്ള്, മോന്‍ നന്നായി വഅ്‌ള് പറയണം ട്ടോ.’ ഉസ്താദ് മൂന്നു രൂപ തന്നു. അക്കാലത്തെ മൂന്നു രൂപ വലിയൊരു സംഖ്യയാണ്. അന്ന് അഞ്ചുപൈസയായിരുന്നു മിനിമം ചാര്‍ജ്. അതാണ് ആദ്യ വഅ്‌ള്. ഇന്നോളമുള്ള വഅ്‌ളിന്റെ പ്രചോദനവും കൈപറ്റ ഉസ്താദിന്റെ ആ വാക്കാണ്. ആ ആശീര്‍വാദമാണ് വഅ്‌ള് മേഖലയില്‍ ഇത്ര മുന്നേറാന്‍ നിമിത്തമായത്. സമകാലീനരായ പല ആലിമുകളും ദര്‍സ് മേഖലയിലും മറ്റു വിഷയങ്ങളിലും നമ്മെക്കാള്‍ മുന്‍പന്തിയിലാണെങ്കിലും വഅ്‌ള് മേഖലയില്‍ നില്‍ക്കുന്നവര്‍ ഇല്ല.
ഏതു മേഖലയിലും നന്നായി ശോഭിക്കാന്‍ കഴിയുന്നതിനു പിന്നില്‍ മഹാന്മാരുടെ വാക്ക്, ആശീര്‍വാദം വലിയ സ്വാധീനം ചെലുത്തും. പരാജയത്തിനും അവരുടെ വാക്കുകളും അവരോടുള്ള ഗുരുത്വക്കേടുകളും കാരണമാകും. എന്നെക്കാള്‍ വലിയ പണ്ഡിതന്മാരുള്ള സദസ്സുകളില്‍ വഅ്‌ള് പറയുമ്പോഴെല്ലാം ആത്മവിശ്വാസത്തോടെ, പേടികൂടാതെ സംസാരിക്കാന്‍ എനിക്ക് സാധിക്കാറുണ്ട്. വിഷയങ്ങളും നന്നായിട്ടുണ്ടെന്ന് പലരും പറയാറുണ്ട്. അതിന്റെയെല്ലാം കാരണം കൈപറ്റ ഉസ്താദിന്റെ ആശീര്‍വാദമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
പിന്നീടൊരിക്കല്‍ വാഴക്കാട് കണ്ണിയത്തുസ്താദിന്റെ നാട്ടില്‍ വഅ്‌ളുണ്ടായിരുന്നു. അന്ന് എടവണ്ണപ്പാറയില്‍ വാഹനമിറങ്ങി വാഴക്കാട്ടേക്ക് നടന്നുപോവണം. വിശാലമായ പാടവരമ്പിലൂടെ വേണം പോവാന്‍. മഗ്‌രിബിന് എടവണ്ണപ്പാറയിലെത്തി. നിസ്‌കാരശേഷം വാഴക്കാട്ടേക്ക് നടന്നു. ഏകദേശം ഒമ്പത് മണിക്കാണ് സ്ഥലത്തെത്തുന്നത്. അത്രയും ദൂരം നടക്കാനുണ്ടായിരുന്നു. വയല്‍വരമ്പിലൂടെ, നല്ല ഇരുട്ടത്ത്, ഒരു മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാനും എന്നെ കൊണ്ടുപോവാന്‍ വന്ന ആളും നടന്നുപോയി. പത്തുമണിക്കാണ് വഅ്‌ള് തുടങ്ങുക. അവസാനിക്കാന്‍ രണ്ടുമണിയാകും. അന്ന് കണ്ണിയത്തുസ്താദിനെ കാണാന്‍ പോയി. “നല്ല വഅ്‌ള് പറയണം ട്ടോ, ഉഷാറായി പറയണം ട്ടോ’ എന്ന് ഉസ്താദ് ആശീര്‍വദിച്ചു. ആ വാക്കും എന്റെ വഅ്‌ള് ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്.

ആദ്യമായി പൊതുരംഗത്ത് വഅ്‌ള് പറയുന്നത് ഊരകം നെല്ലിപ്പറമ്പിലാണ്. അതിനുമുമ്പ് ചില പരിപാടികള്‍ക്ക് സ്വാഗതം പറഞ്ഞിരുന്നു എന്നല്ലാതെ സ്വന്തമായി വഅ്‌ള് പറഞ്ഞിട്ടില്ല. വെന്നിയൂരിലെ ബാപ്പുട്ടി മുസ്‌ലിയാര്‍ (കുഞ്ഞുമോന്‍ ഫൈസിയുടെ അനിയന്‍) കോഡൂരില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹം നെല്ലിപ്പറമ്പില്‍ രണ്ടുദിവസത്തെ വഅ്‌ള് ഏറ്റു. നെല്ലിപ്പറമ്പിലെ കുട്ടി എന്ന പേരില്‍ പ്രസിദ്ധനായ ഒ കെ കുടുംബത്തിലെ വലിയൊരു പണ്ഡിതന്‍ അന്നവിടെ ജീവിച്ചിരിപ്പുണ്ട്. എല്ലാവരും ഭക്തി ആദരവോടെ കാണുന്ന പണ്ഡിതനാണ്. തര്‍ക്കങ്ങളുണ്ടായാല്‍ സത്യം ചെയ്യിക്കാന്‍ അങ്ങോട്ട് കൊണ്ടുവരാറുണ്ട്. നല്ല പ്രായമുള്ള പണ്ഡിതനാണ്. പക്ഷേ, പേര് നെല്ലിപ്പറമ്പിലെ കുട്ടി എന്നാണ്. രണ്ടു ദിവസം വഅ്‌ള് പറയാമെന്നേറ്റ ബാപ്പുട്ടി മുസ്‌ലിയാര്‍ ഒരു ദിവസം വഅ്‌ള് പറഞ്ഞു. പിറ്റേന്ന് അദ്ദേഹത്തിന്റെ പല്ല് പൊട്ടി. പൊട്ടിയഭാഗത്ത് നാവ് തട്ടി മുറിവാകുന്നു. സംസാരിക്കാന്‍ വലിയ പ്രയാസമായി. വഅ്‌ളിന് വരില്ല എന്നറിയിക്കാന്‍ അവിടെ ഖതീബും മദ്‌റസയിലെ സ്വദ്‌റും ചെറിയ കിതാബുകളൊക്കെ ഓതിക്കൊടുക്കുന്ന രണ്ടാം മുദരിസുമായ എന്നെ നെല്ലിപ്പറമ്പിലേക്ക് പറഞ്ഞയച്ചു. ഒരാളെയും കൂട്ടി മഗ്‌രിബ് നിസ്‌കാരത്തോടടുത്ത് ഞാന്‍ അവിടെ എത്തി. ബാപ്പുട്ടി മുസ്‌ലിയാര്‍ ഇന്ന് വഅ്‌ളിന് വരില്ലെന്ന വിവരമറിയിക്കാന്‍ എത്തിയതാണെന്നറിയിച്ചു. ഉടനെ അവരുടെ പ്രതികരണം: “എന്നാപിന്നെ നിങ്ങള് പറഞ്ഞാല്‍ മതി.’

അതു കേട്ടതോടെ ഞാന്‍ വിറക്കാന്‍ തുടങ്ങി. ഇതുവരെ ഒരു ദിവസം പോലും വഅ്‌ള് പറഞ്ഞിട്ടില്ല. അയാള്‍ എന്നെ നെല്ലിപ്പറമ്പ് കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം പറഞ്ഞാൽ അതിന് എതിര് പറയാന്‍ കഴിയില്ല. വിവരങ്ങളൊക്കെ ചോദിച്ചു. എന്റെ മൂത്താപ്പ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുപതു കൊല്ലം മമ്പുറം ഖതീബായിരുന്നു. എഴുപതു കൊല്ലം വഅ്‌ളും പറഞ്ഞിട്ടുണ്ട്. അദ്ദേഹം വഫാതായ അന്നും വഅ്‌ള് പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ ആ പരിസരത്തെല്ലാം മൂത്താപ്പാക്ക് വലിയ ജനസ്വീകാര്യത ഉണ്ടായിരുന്നു. “മൂത്താപ്പാന്റെ പാരമ്പര്യം നിലനിര്‍ത്തിക്കോളീ. ഇന്ന് ങ്ങള് വഅ്‌ള് പറഞ്ഞോളീ’ എന്ന് നെല്ലിപ്പറമ്പിലെ കുട്ടി പറഞ്ഞു. ഞാനിതുവരെ ഒരു വഅ്‌ള് പോലും പറഞ്ഞിട്ടില്ല എന്നു പറഞ്ഞ് ഒഴിയാന്‍ നോക്കി.
“അത് സാരമില്ല, ഇന്ന് തുടങ്ങാം. ഇങ്ങള് പറഞ്ഞോളീ.’
“വഅള് പറയാനുള്ള വിഷയങ്ങളൊന്നും കൈയിലില്ല.’
“അതൊക്കെ പറയുമ്പോ വന്നോളും.’

അങ്ങനെ അവരുടെ ആശീര്‍വാദത്തില്‍ ആദ്യവഅ്‌ള് പറഞ്ഞു. ആദം നബി മുതല്‍ മുത്തുനബി വരെയുള്ള എല്ലാ വിഷയവും പറഞ്ഞു. ഇസ്‌ലാം ദീന്‍ മുഴുവനും പറഞ്ഞിട്ട് ഒരു മണിക്കൂറേ ആയിട്ടുള്ളൂ. അറിയുന്നതെല്ലാം പറഞ്ഞു. തര്‍തീബൊന്നും നോക്കിയതേയില്ല. ഒരുവിധം സമയം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചു. വഅ്‌ളിന് ശേഷം വീണ്ടും കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി.
“വഅള് നന്നായി’ എന്നു പറഞ്ഞ് ദുആ ചെയ്തുതന്നു. അന്നത്തെ ഒന്നര മണിക്കൂര്‍ വഅ്‌ള് വല്ലാത്ത ധൈര്യമാണ് തന്നത്. വഅ്‌ള് പറയാന്‍ കഴിയുമെന്ന് അതോടെ ആത്മവിശ്വാസമായി.

കൈപറ്റ ഉസ്താദ്, കണ്ണിയത്തുസ്താദ്, നെല്ലിപ്പറമ്പിലെ കുട്ടി ഇവരുടെയെല്ലാം വാക്കുകളും ദുആയും പ്രചോദനവുമാണ് ഈ രംഗത്തെ വലിയ മുതല്‍ക്കൂട്ട്.
പിന്നീട് ധാരാളം സ്ഥലങ്ങളില്‍ വഅ്‌ള് പറഞ്ഞു. വാഹനത്തിലും നടന്നും സഞ്ചരിച്ചു. പലപ്പോഴും രാത്രികളില്‍ വഅ്‌ള് സ്ഥലത്തു തന്നെ താമസിച്ച് പിറ്റേന്ന് വഅ്‌ളിനായി അടുത്ത സ്ഥലത്തേക്ക് നടക്കേണ്ടി വന്നിരുന്നു. പുഴകടന്നും ചിലപ്പോള്‍ പുഴ നീന്തിയും പോകേണ്ടിവന്നിട്ടുണ്ട്.

വെള്ളിയാഴ്ച വഅ്‌ളുകള്‍
വെള്ളിയാഴ്ചയായാല്‍ രാവിലെ നേരത്തെ ഇറങ്ങും. ജുമുഅക്കുശേഷം പ്രസംഗിക്കാനുള്ള അവസരവും തേടി പല പള്ളികലും കയറിയിറങ്ങും. ചില ദിവസങ്ങളില്‍ അവസരം ലഭിക്കില്ല. ചിലപ്പോള്‍ കിട്ടും. ഒരു ദിവസം ഞങ്ങള്‍ നാലഞ്ച് പേര് ഒന്നിച്ചിറങ്ങി. ഓരോരുത്തര്‍ ഓരോ പള്ളിയില്‍ പ്രസംഗിക്കാനേറ്റു. അവസാനം ഞങ്ങള്‍ രണ്ടാള്‍ മാത്രം ബാക്കിയായി. കുറെ പള്ളികള്‍ കയറിയിറങ്ങിയെങ്കിലും ഒരിടത്തും അവസരം ലഭിച്ചില്ല. ഒടുവില്‍ ജുമുഅ നഷ്ടപ്പെടും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ മാറാക്കര പള്ളിയിലെത്തി. അന്നവിടെ ജുമുഅക്കുശേഷം പാണക്കാട് തങ്ങള്‍ വരുന്നുണ്ട്. ആ പള്ളിയിലെന്തോ കാര്യമായി നടക്കുന്നുണ്ട്. അതിലേക്കാണ് തങ്ങള്‍ വരുന്നത്. അതിനാല്‍ അവിടെയും പ്രസംഗിക്കാന്‍ അവസരമില്ല. ഏതായാലും അവിടെ ജുമുഅക്ക് കൂടാന്‍ തീരുമാനിച്ചു.
പാണക്കാട് തങ്ങള്‍ മറ്റൊരിടത്ത് ജുമുഅക്ക് കൂടിയിട്ടാണ് ഇങ്ങോട്ട് വരുന്നത്. അതുകൊണ്ട് തങ്ങളെത്താന്‍ കുറച്ചു വൈകി. ഒരുപാട് നടന്ന് ക്ഷീണിച്ച് വരുന്ന രണ്ടു മുതഅല്ലിമുകളെ കണ്ട് മനസലിഞ്ഞിട്ടാവണം കമ്മിറ്റിക്കാര്‍ പറഞ്ഞു: “തങ്ങള്‍ വരുന്നതു വരെ ഒരാള്‍ പ്രസംഗിച്ചോളൂ. കിട്ടുന്ന കാശ് രണ്ടാള്‍ക്കും വീതിച്ചെടുക്കാം.’
അത് വലിയൊരവസരമായിരുന്നു. പാണക്കാട് തങ്ങള്‍ വരുന്നതും കാത്തിരിക്കുന്ന വലിയൊരു സമൂഹത്തോടാണ് പ്രസംഗിക്കുന്നത്. ആരും എഴുന്നേറ്റു പോയില്ല. എല്ലാവരും സാകൂതം ശ്രവിച്ചു. അന്നുപക്ഷേ, ആളുകൂടിയതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. നമ്മള്‍ നോക്കിവെച്ച വിഷയം എത്ര ആളുണ്ടായാലും രണ്ടാളാണെങ്കിലും പറയുമായിരുന്നു. എന്നാലും വലിയൊരു സമൂഹത്തോട് പ്രസംഗിക്കാനുള്ള ഒരു ധൈര്യം അത് നേടിത്തന്നു.

പ്രധാന അതിഥി വരാന്‍ വൈകിയാല്‍ ജനങ്ങളെ അവിടെ പിടിച്ചിരുത്താന്‍ അതുവരെ മറ്റൊരാള്‍ പ്രസംഗിക്കാറുണ്ടല്ലോ? അന്ന് അവിടെ ആ ഡ്യൂട്ടി എനിക്ക് ലഭിച്ചു.
രാവിലെ മുതല്‍ ഉച്ചവരെ നടന്ന് നിരാശപ്പെടുന്ന സമയത്ത് അപ്രതീക്ഷിതമായി വഅ്‌ളിന് അവസരം കിട്ടുന്ന ഇതുപോലോത്ത പല അനുഭവങ്ങളുമുണ്ട്.

റമളാനും ഉറുദിയും
റമളാനില്‍ സാധാരണ തറാവീഹിന് ശേഷമാണ് വഅ്‌ള് ഉണ്ടാവാറ്. തെന്നലയിലെ ഒരു വഅ്‌ള് ഓര്‍ക്കുന്നു. വഅ്‌ള് തുടങ്ങി. എല്ലാവരും വഅ്‌ളില്‍ ലയിച്ചു. സമയം പോയത് ആരും അറിഞ്ഞില്ല. ലേലം ചെയ്യാനുള്ള സാധനങ്ങള്‍ മേശപ്പുറത്തുണ്ട്. വഅ്‌ള് കഴിഞ്ഞ് ലേലം ചെയ്യാന്‍ തന്നെ ഒന്നുരണ്ട് മണിക്കൂറുകള്‍ എടുക്കും. അതിന് ശേഷമാണ് ദുആ ചെയ്യുക. ദുആയും കഴിഞ്ഞേ ആളുകള്‍ പോവൂ. എന്നിട്ട് വേണം അവര്‍ക്ക് അത്താഴം കഴിക്കാന്‍. അന്നും പതിവുപോലെ വഅ്‌ള് തുടര്‍ന്നു. അവിടെ ഒരു വീരാന്‍കുട്ടി ഹാജി ഉണ്ടായിരുന്നു. അദ്ദേഹം ഗോവയില്‍ ഇളനീര്‍ കച്ചവടം നടത്തിയ ആളാണ്. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി സഹകരിക്കുന്ന വ്യക്തി. അദ്ദേഹം പതുക്കെ സ്റ്റേജില്‍ എത്തിയിട്ട് പറഞ്ഞു: “ഇനി വഅ്‌ള് നിര്‍ത്തിയില്ലെങ്കില്‍ അത്താഴം മുടങ്ങും.’ അങ്ങനെ വഅ്ള് നിര്‍ത്തി. അപ്പോഴാണ് സമയം ഏറെ വൈകിയിട്ടുണ്ടെന്ന കാര്യം ആളുകള്‍ക്ക് മനസിലായത്.

തറാവീഹിന് ശേഷം പലപ്പോഴും അഞ്ചും ആറും മണിക്കൂറുകള്‍ വഅ്‌ള് ദീര്‍ഘിക്കാറുണ്ട്. യാതൊരു പ്രയാസവും കൂടാതെ ജനങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കും. നേരം വെളുക്കുവോളം പറഞ്ഞാലും കേള്‍ക്കാന്‍ അവര്‍ സന്നദ്ധരാണ്.
ഇന്നു പക്ഷേ, ആളുകള്‍ക്ക് അത്രസമയം ക്ഷമിക്കാനാകില്ല. അവരെ കുറ്റം പറയാനാവില്ല. പലര്‍ക്കും അസുഖങ്ങളാണ്. മരുന്ന് കുടിക്കാന്‍ ഉണ്ടാകും. ഉറക്കൊഴിക്കാന്‍ പറ്റാത്തവരുണ്ടാവും. നേരം വെളുത്താല്‍ ജോലിയില്‍ പ്രവേശിക്കേണ്ടവരുണ്ടാകും. അവര്‍ക്കൊക്കെ രാത്രി ഉറക്കമൊഴിക്കുന്നത് വലിയ പ്രയാസമായിരിക്കും.

അക്കാലത്ത് റമളാനില്‍ വഅ്‌ളുകള്‍ ഇല്ലെങ്കില്‍ വണ്ടിയുമെടുത്ത് വഅ്‌ളുള്ള സ്ഥലം അന്വേഷിച്ച് പോകും. വൈലിത്തറ, ശുകപുരം തുടങ്ങിയവരുടെ വഅ്‌ളുകളാണ് അന്ന് പ്രസിദ്ധം.

റമളാനില്‍ പകല്‍ സമയത്തെ വഅ്‌ളുകള്‍ അന്ന് ഇവിടെയൊന്നും പ്രചാരത്തില്‍ ഇല്ല. അപൂര്‍വം ചില സ്ഥലങ്ങളിലേ ഉള്ളൂ. വടക്കുഭാഗത്ത് കണ്ണൂര്‍, കാസര്‍കോഡ് ഭാഗങ്ങളില്‍ പകല്‍ വഅ്‌ളുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. വഅ്‌ളിന് ഉറുദി എന്നും ആ സഞ്ചാരത്തിന് വടക്കുപോവുക എന്നും പറയാറുണ്ട്. ആ സഞ്ചാരം വീട്ടുകാര്‍ക്കും വലിയ പ്രതീക്ഷയാണ്. ദരിദ്രകാലമായിരുന്നല്ലോ. എന്തെങ്കിലുമൊക്കെ ലഭിക്കുമെന്നുള്ള പ്രതീക്ഷ. അതവര്‍ക്ക് വലിയ സമാധാനമായിരുന്നു. ഞാനും അങ്ങനെ വടക്ക് ഉറുദിക്ക് പോയിട്ടുണ്ട്.

കുറെ ഉറുദികള്‍ പറഞ്ഞ് സമ്പാദിച്ച കാശ് ട്രൗസറിന്റെ കീശയില്‍ സുരക്ഷിതമായി വെച്ച് പള്ളിയില്‍ കിടന്ന് ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ തുണിയില്‍ ബ്ലേഡ്‌കൊണ്ട് കീറി ട്രൗസറിന്റെ പോക്കറ്റടക്കം ആരോ അടിച്ചുമാറ്റിയിരിക്കുന്നു. ഉറുദി പറഞ്ഞ് സമ്പാദിച്ച കാശ് നഷ്ടപ്പെട്ട ദുഃഖവും ഉപ്പയോട് എന്തുപറയുമെന്ന ശങ്കയും മനസില്‍ നിറഞ്ഞു. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള കാശിന് മറ്റൊരു ഉറുദി കൂടെ പറയേണ്ടിവന്നു. വീട്ടിലെത്തി ഉപ്പയോട് കാര്യം പറഞ്ഞപ്പോള്‍ ഉപ്പ ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല. അല്ലാഹു വിധിച്ചതേ നടക്കൂ എന്ന് സമാധാനപ്പെടുകയായിരുന്നു. ബാപ്പയും മൂത്താപ്പയുമെല്ലാം വഅ്‌ള് പറയുന്നവരായിരുന്നു. ചെറുപ്പത്തില്‍ അത് വലിയ പ്രചോദനം നല്‍കിയിരുന്നു.
വളരെ സന്തോഷപൂര്‍വമാണ് ഉറുദിക്ക് വരുന്നവരെ കണ്ണൂരുകാരും കാസര്‍ഗോഡുകാരും സ്വീകരിച്ചിരുന്നത്. ഭക്ഷണവും കിടക്കാന്‍ സൗകര്യവും ചെയ്തുതന്നു. പലപ്പോഴും സാമ്പത്തികമായും സഹായിച്ചു. അല്ലാഹു അവര്‍ക്കെല്ലാം പകരം നല്‍കട്ടെ.

റമളാന്‍ സമയത്ത് നമ്മുടെ വേഷം പലരും ചൂഷണം ചെയ്യാറുണ്ട്. പള്ളികളിലെയും അവിടത്തെ ജീവനക്കാരുടെയും വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ട് പോവുക തുടങ്ങിയ വൃത്തിഹീനമായ പ്രവൃത്തികള്‍ ചിലയിടങ്ങളിലൊക്കെ നടന്നിട്ടുണ്ട്. അവരൊന്നും മുതഅല്ലിമുകള്‍ ആയിരിക്കില്ല. അല്ലാഹുവിന്റെ ഇല്‍മ് പഠിക്കുന്ന മുതഅല്ലിമുകള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലല്ലോ. അതിന്റെ പേരില്‍ ചിലയിടത്തൊക്കെ വിഷമങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുമുണ്ട്. മുതഅല്ലിമുകള്‍ക്ക് പ്രവേശനമില്ല, രാത്രി കിടക്കാന്‍ പറ്റില്ല എന്നെല്ലാം എഴുതിവെച്ചത് കണ്ടിട്ടുണ്ട്. വിദേശിയാണ്, ഒരുദിവസം കിടക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വിദേശികളെ ഇവിടെ തീരെ കിടത്തില്ല, അവര്‍ പലതും കട്ടുകൊണ്ട് പോകും എന്നൊക്കെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മനുഷ്യന്‍ എവിടെ ഉണ്ടോ അവിടെ ഒക്കെ മോഷണവും ഉണ്ട്.

ഒരുദിവസം തറാവീഹിന് ഉറുദി പ്രതീക്ഷിച്ച് ഒരു പള്ളിയിലെത്തി. അവിടെ ഉറുദി ലഭിച്ചില്ല. രാത്രി താമസിക്കാനും സമ്മതിച്ചില്ല. അങ്ങനെ മറ്റു പള്ളികളില്‍ അന്വേഷിച്ചെങ്കിലും എവിടെയും താമസിക്കാന്‍ സമ്മതം ലഭിച്ചില്ല. ഒടുവില്‍ തൊട്ടടുത്ത കാസര്‍ഗോഡ് റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു. പ്ലാറ്റ്‌ഫോമിലെ കൊതുക് കടികളുമേറ്റാണ് അന്ന് നേരംവെളുപ്പിച്ചത്. അത്താഴവും ഉണ്ടാവില്ല. ഉറുദിക്ക് പോകുന്ന ദിനങ്ങളില്‍ പലപ്പോഴും നന്നായി ക്ഷീണിക്കാറുണ്ട്. തളര്‍ന്ന് കിടന്നിട്ടുണ്ട്. നോമ്പ് മുറിക്കേണ്ടിവരുമെന്ന ഭയത്താല്‍ ചിലപ്പോള്‍ ഉറുദിക്ക് പോകാതിരുന്നിട്ടുണ്ട്. ക്ഷീണം കാരണം ഒരിക്കലും നോമ്പ് മുറിക്കേണ്ട സ്ഥിതി വന്നിട്ടില്ല.

ഇന്ന് നമ്മുടെ നാട്ടിലെല്ലാം റമളാനിലെ പകല്‍ സമയത്തെ ഉറുദി വ്യാപകമായി. റമളാന് മുമ്പുതന്നെ കുട്ടികള്‍ വന്ന് ബുക് ചെയ്യുകയും നിശ്ചിതദിവസം വന്ന് ഉറുദി പറയുകയും ചെയ്യുന്നു. അന്ന് നമ്മള്‍ കുറേ അനുഭവിച്ചതുകൊണ്ട് മുതഅല്ലിമുകള്‍ ഉറുദിക്ക് വരുമ്പോള്‍ നന്നായി സഹകരിച്ചുകൊടുക്കും. റമളാന്‍ മുഴുവനും ഉറുദിക്ക് പോകാറില്ല. പത്ത് ദിവസമാണ് സാധാരണ പോവുക. ഉറുദിക്ക് പോകുന്ന സമയത്ത് എന്റെ പ്രധാന ലക്ഷ്യം കാസര്‍ഗോഡ് പള്ളിയിലുള്ള ഇ കെ ഹസന്‍ മുസ്‌ലിയാരാണ്. അവിടെ പോയാല്‍ ഉസ്താദിന്റെ വഅ്‌ളും ഉപദേശങ്ങളും കേള്‍ക്കാം. മസ്അലകളിലെ ചര്‍ച്ച കേള്‍ക്കാം. ഇതൊക്കെയായിരുന്നു എന്റെ പ്രധാന ലക്ഷ്യങ്ങള്‍. കുട്ടികളെയൊക്കെ നന്നായി പരിഗണിച്ചാണ് അവര്‍ സംസാരിക്കുക. പല വഅ്‌ളുകളിലും ഞാനുപയോഗപ്പെടുത്തിയത് ഹസന്‍ ഉസ്താദില്‍നിന്ന് ലഭിച്ച വിവരങ്ങളാണ്. അന്ന് ഇ കെ ഹസന്‍ മുസ്‌ലിയാരെ കാണുക എന്നത് തന്നെ വലിയ ആവേശമായിരുന്നു.

പട്ടിക്കാട്ടില്‍നിന്ന് ശംസുല്‍ഉലമയെ പുറത്താക്കിയപ്പോള്‍ എന്തുചെയ്യണമെന്ന് ശങ്കയായി. പട്ടിക്കാട് തുടരണോ അതോ നന്തിയിലേക്ക് പോകണോ. ഹസന്‍ ഉസ്താദിന്റെ അടുത്തെത്തി. ശങ്ക അവതരിപ്പിച്ചു. ഹസന്‍ മുസ്‌ലിയാരുടെ നിര്‍ദേശമാണ് നന്തിയിലേക്ക് പോകാന്‍ പ്രചോദനമായത്. അക്കാലത്ത് ശംസുല്‍ ഉലമയുടെ ആളാകുക എന്നത് വലിയ തെറ്റായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
ഒരിക്കല്‍ ഹസന്‍ ഉസ്താദിന്റെ അടുത്തെത്തിയപ്പോള്‍ ഉസ്താദ് നിസ്‌കാരത്തെക്കുറിച്ച് വഅ്‌ള് പറയുകയായിരുന്നു. റക്അതുകളുടെ എണ്ണത്തിന്റെ ഹിക്മതുകളാണ് വിശദീകരിക്കുന്നത്. സുബ്ഹി എന്തുകൊണ്ട് രണ്ട് റക്അത്തായി? ളുഹ്‌റ് എന്തുകൊണ്ട് നാല് റക്അത്തായി? അതായിരുന്നു വഅ്‌ള്. വല്ലാത്തൊരു അവതരണമായിരുന്നു അത്. കേള്‍ക്കുന്നവരെല്ലാം സദസ്സില്‍ ഇരുന്നുപോവും. പിന്നീട് കിതാബുകളില്‍ അവയൊക്കെ കാണുമ്പോള്‍ സന്തോഷവും പഠിക്കാനുള്ള താല്പര്യവും വര്‍ധിക്കും.

“മന്‍ സ്വല്ലാ സ്വലാതനാ…’ എന്നു തുടങ്ങുന്ന ഹദീസുണ്ട്. “നമ്മുടെ നിസ്‌കാരം നിസ്‌കരിക്കുന്നവര്‍, നമ്മുടെ ഖിബ്‌ലയിലേക്ക് തിരിയുന്നവര്‍, നമ്മള്‍ അറുത്തത് ഭക്ഷിക്കുന്നവര്‍ അവരാണ് മുസ്‌ലിംകള്‍’ എന്നാണ് ആ ഹദീസിന്റെ സാരം. ഈ ഹദീസ് ഹസന്‍ മുസ്‌ലിയാര്‍ വിശദീകരിക്കുന്നത് കേട്ടിരുന്നു. നമ്മള്‍ നിസ്‌കരിക്കും പോലെ നിസ്‌കരിക്കുന്നവനാണ് മുസ്‌ലിം. ഒരു വിശ്വാസി ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്നത് അല്ലാഹു ഖിബ്‌ലയിലുണ്ട് എന്നു കരുതിയിട്ടല്ല.

അല്ലാഹുവിലേക്കാണ് തിരിയുന്നതെങ്കില്‍ എങ്ങോട്ടെങ്കിലും തിരിഞ്ഞാല്‍ പോരേ. എല്ലായിടത്തും അല്ലാഹുവിന് ഒരുപോലെയല്ലേ. അതിന് ഇമാം ബൈളാവി പറഞ്ഞ അര്‍ഥം റസൂലിന്റെ പൊരുത്തത്തിന് വേണ്ടിയിട്ടാണ് എന്നാണ്. നബിയേ, താങ്കള്‍ ഇഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് തങ്ങളെ നാം തിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു(ബഖറ 144). അപ്പോള്‍ തിരുനബിയുടെ ഇഷ്ടം, തൃപ്തിയാണ് നമ്മള്‍ ഖിബ്‌ലയിലേക്ക് തിരിയുന്നതിന്റെ ലക്ഷ്യം.

അതേസമയം സല്‍സബീല്‍ പറയുന്നു: ബര്‍സഞ്ചി മൗലിദില്‍ ശിര്‍ക്കിന്റെ പദങ്ങളില്ല. മന്‍ഖൂസ് മൗലിദിലും ശറഫുല്‍അനാം മൗലിദിലും ശിര്‍കിന്റെ പദങ്ങള്‍ ഉണ്ട്. ബര്‍സഞ്ചി മൗലിദില്‍ ചരിത്രം പറയല്‍ മാത്രമേയുള്ളൂ. അതിനാല്‍ അത് ഓതുന്നതില്‍ വിരോധമില്ലല്ലോ എന്നു ചോദിച്ചാല്‍ അതില്‍ നബിയുടെ പൊരുത്തം വിചാരിക്കല്‍ ഉള്ളതിനാല്‍ അതും ശിര്‍ക്ക് തന്നെ എന്നുണ്ട്. അപ്പോള്‍ നമ്മള്‍ നിസ്‌കാരത്തില്‍ നബിയുടെ തൃപ്തി ഉദ്ദേശിച്ചാണ് ഖിബ്‌ലയിലേക്ക് തിരിയുന്നത്. വഹാബികള്‍ക്ക് നബിയുടെ തൃപ്തി ഉദ്ദേശിക്കല്‍ ശിര്‍ക്കാണ്.

അതുകൊണ്ട് നമ്മുടെ നിസ്‌കാരമല്ല അവരുടെ നിസ്‌കാരം. അവരുടെ ഖിബ്‌ലയും അതല്ല. അവരുടെ ഖിബ്‌ല എങ്ങോട്ടെങ്കിലും ഒന്ന് തിരിയുക എന്നേയുള്ളൂ. നമ്മുടെ ഖിബ്‌ല നബിയുടെ പൊരുത്തത്തിനു വേണ്ടി തിരിയുക എന്നാണ്. മൂന്നാമത്തേത് നമ്മള്‍ അറുത്തത് ഭക്ഷിക്കുന്നവര്‍ എന്നാണ്. നമ്മള്‍ മുഹ്‌യിദ്ദീന്‍ ശൈഖിന് വേണ്ടി അറുക്കും. മുത്തുനബി ഖദീജാബീവിക്ക് വേണ്ടി അറുത്തിരുന്നു. അവിടെ എന്താണോ ഉദ്ദേശ്യം മുഹ്‌യിദ്ദീന്‍ ശൈഖിന് വേണ്ടി അറുക്കുന്നതിലെ ഉദ്ദേശ്യവും അതുതന്നെയാണ്. അതവര്‍ക്ക് ശിര്‍ക്കാണ്. അതുകൊണ്ടുതന്നെ നാം ഉദ്ദേശിക്കുന്ന മുസ്‌ലിംകളില്‍ അവര്‍ പെടില്ല. മുസ്‌ലിമും മുസ്‌ലിമും തമ്മിലാണ് സലാം പറയേണ്ടത്. നമ്മള്‍ ഉദ്ദേശിക്കുന്ന മുസ്‌ലിമിന്റെ പരിധിയില്‍ അവരില്ലാത്തതിനാല്‍ അവരോട് സലാം ചൊല്ലേണ്ട ആവശ്യമില്ല.’

കാസര്‍ഗോഡിലെ മറ്റൊരു വഅ്‌ളാണിത്. എത്ര മനോഹരമായാണ് ഇത് സമര്‍ഥിക്കുന്നത്. വശ്യമായ ആ സംസാരവും രീതിയും ആരെയും സ്വാധീനിക്കും.

മഹല്ലിലെ വഅ്‌ള്
പള്ളിയില്‍ ജോലി ചെയ്യുന്ന സമയത്ത് റമളാനില്‍ സുബ്ഹിക്കുശേഷം കുറച്ച് സമയം വഅ്‌ള് പറയാറുണ്ട്. പൊതുജനങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളാണ് സംസാരിക്കുക. ചില കാര്യങ്ങളൊക്കെ പൊതുജനങ്ങള്‍ക്കറിയാം എന്നൊരു ധാരണ നമുക്കുണ്ട്. അതുകൊണ്ട് അവ നമ്മുടെ വഅ്‌ളുകളില്‍ നാം ഉള്‍പെടുത്താറില്ല. അത്തരം ചെറിയ കാര്യങ്ങള്‍ അവരില്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. അറിയാത്തവര്‍ക്കത് വലിയ കാര്യമായിരിക്കും. ഉദാഹരണമായി; ഒരിടത്ത് റമളാനിലെ പ്രസംഗത്തില്‍ ഉള്‍പെടുത്തിയത് നിസ്‌കാരത്തിന്റെ ഫര്‍ളുകളായിരുന്നു. പതിനാല് ഫര്‍ളുകള്‍. ഓരോ ദിവസവും ഓരോ ഫര്‍ളുകള്‍ വിശദീകരിച്ചു. നിസ്‌കാരത്തിന്റെ ഫര്‍ളുകളൊക്കെ എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്നാണ് നമ്മുടെ ധാരണ. പക്ഷേ, അവയുടെ പൂര്‍ണരൂപം, അതില്‍ ഉള്‍കൊള്ളുന്ന മറ്റു ഫര്‍ളുകള്‍ ഇതെല്ലാം വിശദീകരിച്ചപ്പോള്‍ അതവര്‍ക്ക് വലിയ അറിവായി. നല്ല പ്രതികരണമാണ് ലഭിച്ചത്. നന്നായി ഇഷ്ടപ്പെട്ടുവെന്നും കേള്‍ക്കാന്‍ നല്ല താല്പര്യമുണ്ടെന്നും മനസിലായത് വലിയ പ്രചോദനവും നല്‍കി. ഇത്തരം വഅ്‌ളുകള്‍ക്ക് വലിയ മാറ്റം വരുത്താന്‍ കഴിയും. നരകവും ഖബര്‍ശിക്ഷയും പറഞ്ഞ് ആളുകളുടെ ഭയഭക്തിവര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും, ആ വഅ്‌ള് കൂടിയാല്‍ ഒരാഴ്ചയൊക്കെ, ജനങ്ങളുടെ മനസിലുണ്ടാവൂ. പക്ഷേ, നിര്‍ബന്ധ-ഐഛിക കര്‍മങ്ങള്‍, മസ്അലകള്‍ ഇവയെക്കുറിച്ചുള്ള വഅ്‌ള് ഉള്‍കൊള്ളുന്നവര്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരും.
മലപ്പുറം ജില്ലയിലെ പൊതുജനങ്ങളെ പോലെയല്ല തെക്കന്‍ കേരളത്തിലെ ആളുകള്‍. അവര്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ആവശ്യമുള്ളവരാണ്. ഇന്നത്തെ തെക്കന്‍ കേരളത്തിലെ വലിയ പ്രഭാഷകരായ ഇസ്സുദ്ദീന്‍ സഖാഫി, കുഞ്ഞി സഖാഫി, ഫാറൂഖ് നഈമി തുടങ്ങിയവരെല്ലാം ഞാന്‍ ഭീമാപള്ളിയില്‍ ജോലി ചെയ്യുന്ന സമയത്ത് മുതഅല്ലിമുകളാണ്. അവിടെ പ്രഭാഷകരില്ല. ഉള്ളത് ചുഴലിയെ പോലോത്ത വഹാബികളും. വൈലിത്തറയും തഴവയുമൊക്കെയുണ്ട്. അവര്‍ മിക്കപ്പോഴും മലബാര്‍ മേഖലയിലാണുണ്ടാവാറ്. തെക്ക് ഭാഗത്ത് അവരുടെ സാന്നിധ്യം കുറവാണ്. തെക്കന്‍ കേരളത്തിലെ ദീനീ പ്രബോധന രംഗത്ത് മുഖ്യ പങ്കുവഹിച്ചവര്‍ അവര്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, മലബാര്‍ മേഖലയിലെ ജനങ്ങള്‍ പണ്ഡിതരുമായുള്ള സഹവാസത്തിലൂടെ നേടിയെടുത്തിരുന്ന പല അറിവുകളും തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്കില്ലായിരുന്നു. അവരോട് നമ്മള്‍ അത്തരം കാര്യങ്ങള്‍ പറയുന്നു. അവര്‍ നന്നായി സ്വീകരിക്കുന്നു. മസ്അലകള്‍, ദൈനംദിന ജീവിതത്തിലെ ദിക്‌റുകള്‍, പ്രവര്‍ത്തനങ്ങള്‍, നിസ്‌കാരം, നോമ്പ് ബാത്വിലാകുന്ന കാര്യങ്ങള്‍… ഇത്തരം വഅ്‌ളുകള്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല സ്വീകരണം ലഭിച്ചിരുന്നു.
എന്റെ ചെറുപ്പകാലത്തെ നാട്ടിലെ നല്ല പ്രഭാഷകര്‍ ഇബ്‌നു ഖുതുബി എന്നറിയപ്പെടുന്ന ഖുതുബി സി എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാരക്കാട് മാനുമുസ്‌ലിയാര്‍ (കുപ്പായമിടാത്ത മാനു മുസ്‌ലിയാര്‍ എന്നാണ് പറയാറ്. വിയര്‍ത്തൊലിക്കുന്ന പ്രകൃതക്കാരനായതിനാല്‍ കുപ്പായം ധരിക്കാറില്ലായിരുന്നു), വൈലിത്തറ, ശുകപുരം തുടങ്ങിയവരായിരുന്നു. അവരുടെ വഅ്‌ളുകള്‍ ധാരാളം കേട്ടിട്ടുണ്ട്. അതുപോലെ നല്ല വഅ്‌ളുകള്‍ പറയണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇന്ന് ബഷീര്‍ ഫൈസിയൊക്കെ പറയുന്ന തരം വിഷയങ്ങള്‍ അന്ന് കൈകാര്യം ചെയ്തിരുന്നത് വൈലിത്തറ മാത്രമായിരുന്നു.

വിഷയങ്ങള്‍
വഅ്‌ളിന് പോകുമ്പോഴെല്ലാം എന്തു വിഷയത്തിലാണ് പ്രസംഗിക്കേണ്ടത് എന്ന് അന്വേഷിക്കാറുണ്ട്. ചില സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം എന്നു പറയും. അങ്ങനെ എന്തെങ്കിലും പറയുന്നതു കൊണ്ട് കാര്യമില്ലല്ലോ? ആ മഹല്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയണമല്ലോ? അങ്ങനെ വരുമ്പോള്‍ അവിടെയുള്ള പ്രധാനപ്പെട്ട ആരെയെങ്കിലും ഉപയോഗിച്ച് സ്വാഗതം പറയിപ്പിക്കും. സ്വാഗതം പറയുമ്പോള്‍ അവര്‍ മഹല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയും. അത് മനസിലാക്കി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഅ്‌ളില്‍ ഉള്‍കൊള്ളിക്കും. എപ്പോഴും കിതാബില്‍ കണ്ട കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. എന്തെങ്കിലും പറയുന്ന രീതി സ്വീകരിക്കാറില്ല.
ചില സന്ദര്‍ഭങ്ങളില്‍ വഅ്‌ളിനെത്തുമ്പോള്‍ പ്രസിഡണ്ട് ഒരു വിഷയം പറയും. സെക്രട്ടറി മറ്റൊന്നു പറയും. അവിടെയുള്ള പ്രധാനപ്പെട്ട ആള്‍ മറ്റൊന്നു പറയും. പരസ്പരം ബന്ധിപ്പിക്കാന്‍ പറ്റുന്നതാണെങ്കില്‍ കുഴപ്പമില്ല. ബന്ധിപ്പിക്കാന്‍ പറ്റാത്തതുമുണ്ടാകും. അപ്പോഴാണ് ആകെ പ്രശ്‌നത്തിലാകുക. ഒരാള്‍ നിസ്‌കാരത്തെ പറ്റിയും മറ്റൊരാള്‍ നോമ്പിനെ പറ്റിയും മറ്റെ ആള്‍ സകാതിനെ പറ്റിയും പറയാന്‍ പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും. മൂന്നും പറഞ്ഞാല്‍ “ഉസ്താദ് മൂന്നും കൂടി പറഞ്ഞു പോയി’ എന്നു പറയും. ഏതെങ്കിലും പറയാതെ പോയാല്‍ “ഉസ്താദ് നമ്മളെ പരിഗണിച്ചില്ല’ എന്നും പറയും. അങ്ങനെയും ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തണം ആരെയും അവഗണിക്കാനും പാടില്ല. എന്തു ചെയ്യും? ചിലപ്പോഴൊക്കെ വിഷയം പറയുന്നത് പ്രസംഗ പീഠത്തിനരികിലെത്തുമ്പോഴാകും.

പുതിയ തലമുറയോട് പറയാനുള്ളത്
പുതിയ തലമുറ എന്നതില്‍ ഞാനും പെടും. അതിനാല്‍ എന്നോടും കൂടെയുള്ള ഉപദേശമാണല്ലോ. ചില കാര്യങ്ങളൊക്കെ നമ്മള്‍ നന്നായി ശ്രദ്ധിക്കണം. എന്തു വിഷയമാണെങ്കിലും അതില്‍ ഉറച്ച തഹ്ഖീഖ് നമുക്കുണ്ടാവണം. ഇരുപത് കൊല്ലം മുമ്പ് ഞാന്‍ പ്രസംഗിച്ച ഒരു ക്ലിപ് ഈയടുത്ത് കേള്‍ക്കുകയുണ്ടായി. നമ്മുടെ വിശ്വാസപരമായ ഒരു പ്രശ്‌നവും അതിലില്ല. പക്ഷേ, ഈ സമയത്ത് പൊതു ചര്‍ച്ചയിലേക്ക് അതിനെ കൊണ്ടുവരല്‍ വഹാബികളുടെ അല്ലെങ്കില്‍ യുക്തിവാദികളുടെ ആവശ്യമാണ്. അതിന് ആ ക്ലിപ് അവര്‍ ഉപയോഗിക്കുന്നു. ഇന്ന് മുഅ്ജിസത് പറഞ്ഞാല്‍ യുക്തിവാദികള്‍ ട്രോളും. കറാമത് പറഞ്ഞാല്‍ വഹാബികളും ട്രോളും. അപ്പോ നമ്മളെന്തു പറയും. നമ്മള്‍ പറയുന്നത് നമ്മുടെ ഉസൂലുകള്‍ അനുസരിച്ച് ആധികാരിക കിതാബുകളില്‍ തെളിവ് സഹിതം മനസിലാക്കി സൂക്ഷിച്ചു പറയുക.

ഒരു വഅ്‌ള് കഴിഞ്ഞ് വന്നപ്പോള്‍ എന്റെ ഉസ്താദ് ചോദിച്ചു എന്തു നോക്കിയാണ് വഅ്‌ള് പറഞ്ഞത്. ഞാന്‍ നോക്കിയ കിതാബിന്റെ പേര് പറഞ്ഞു. ഉടനെ ഉസ്താദിന്റെ മറുപടി: നോക്കിയത് നോക്കി, ഇനിയത് നോക്കി വഅ്‌ള് പറയരുത്.

അത് വലിയൊരു പാഠമായിരുന്നു. നമ്മുടെ കിതാബുകള്‍ തന്നെയാണ്. അതിലും മൗളൂആയ കഥകളുണ്ടാവും. അതൊന്നും വഅ്‌ള് പറയാനുള്ളതല്ല. ഉസ്താദിന്റെ ആ വാക്കിന്റെ ശേഷമാണ് അതിന്റെ ഗൗരവം മനസിലായത്. പിന്നീടൊരിക്കലും അത്തരം കിതാബുകള്‍ അവലംബിച്ച് വഅ്‌ള് പറഞ്ഞിട്ടില്ല. ഒരുപക്ഷേ, പറയാന്‍ നല്ല രസമുണ്ടാകും. പക്ഷേ, നമ്മുടെ ഉസ്വൂലിന് വിരുദ്ധമായ കഥകളാവും. നമ്മുടെ ഉസ്വൂലിന് വിരുദ്ധമാകാത്ത രൂപത്തില്‍ തന്നെ എത്ര പറയാനുണ്ട്? പിന്നെന്തിനാ ഇത്തരം കഥകള്‍ പറയുന്നത്. വിഷയങ്ങള്‍ നന്നായി പഠിക്കുക. ആധികാരിക കിതാബുകളില്‍ തന്നെ നോക്കുക. സമൂഹത്തിന് ഉള്‍കൊള്ളാന്‍ പറ്റുന്നത് മാത്രം പറയുക. എല്ലാം എല്ലാവരോടും പറയേണ്ടതല്ല. പറയേണ്ടവരോട് പറയേണ്ടത് പറയുക. വഅ്‌ളുകളില്‍ ഇബാറതുകള്‍ വായിക്കുന്നുവെങ്കില്‍ അറബി വ്യാകരണത്തെറ്റുകള്‍ ഇല്ലാതെ വായിക്കണം. അറിയാത്തത് കൊണ്ടാവില്ല. ശ്രദ്ധിക്കാത്തതുകൊണ്ട് ഒരുപാട് തെറ്റുകള്‍ വരും. അറബി അറിയുന്ന കേള്‍വിക്കാര് ധാരാളമുണ്ടാകും. അതുകാരണമായി നമ്മുടെ വാക്കുകള്‍ക്ക് ഖുവ്വത് നഷ്ടപ്പെടും.
ശംഊനുല്‍ ഓസിയുടെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. അത് മൗളൂആണെന്ന് ആ കഥ പറയുന്ന കിതാബില്‍ തന്നെ പറയുന്നുണ്ട്. അത്തരം കഥകളൊക്കെ ഒഴിവാക്കുക. അത്തരം കഥകള്‍ ഒഴിവാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

എ പി ഉസ്താദിനെ വഅ്‌ളിന് ക്ഷണിക്കാന്‍ പോയ ഒരനുഭവം പറയാം. അക്കാലത്ത് നല്ല വാഇളായിരുന്ന മറ്റൊരാളെയാണ് ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. മസ്അല വഅ്‌ള് എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. നല്ല വഅ്‌ളായിരുന്നു. ഗള്‍ഫിൽനിന്ന് വരുന്നവരുടെ കൈയിലെല്ലാം അദ്ദേഹത്തിന്റെ കാസറ്റുണ്ടാകും. നല്ല മസ്അലകള്‍, വശ്യമായ അവതരണം, മികച്ച ശൈലി. അദ്ദേഹത്തെ നാട്ടിലേക്ക് വഅ്‌ളിന് ക്ഷണിക്കാന്‍ വേണ്ടി വീട്ടിലേക്ക് പോയി. ഒരുപാടു ദൂരം നടന്നാണ് പോവേണ്ടത്. വിശപ്പും ദാഹവും തളര്‍ച്ചയും എല്ലാവരെയും ബാധിച്ചിരുന്നു. എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ ഹോട്ടലുകളൊന്നും കാണുന്നില്ല. പിന്നെ ആരുടെ കൈയിലും കൂടുതല്‍ പൈസയും ഉണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹം വസ്ത്രം ഇസ്തിരിയിടുകയായിരുന്നു. അവിടെ എത്തിയ ഉടനെ ഞങ്ങള്‍ സലാം പറഞ്ഞു. അദ്ദേഹം മടക്കി.
എന്തേ പോന്നു?

വഅ്‌ളിന് ക്ഷണിക്കാന്‍ വേണ്ടി വന്നതാണ്.
ഇക്കൊല്ലവും വരും കൊല്ലവും പറ്റൂല്ല. ഫുള്‍ ബുക്കിംഗാണ്.
ഇടയിലെ ഒരു രണ്ടു ദിവസം മാത്രം മതി.

എന്റെ വഅ്‌ള് രണ്ടു ദിവസമൊന്നും പറ്റൂല്ല. അതൊരു ആഴ്ച തന്നെ വേണം.
ആ സ്‌ട്രോങ്ങായ സംസാരം കേട്ട് ഞങ്ങള്‍ തിരിച്ചു പോന്നു.

ഇനി എ പി ഉസ്താദിനെ കാണാന്‍ പോകാം എന്നു തീരുമാനിച്ചു. അന്ന് മര്‍കസിന്റെ കല്ലിടല്‍ കഴിഞ്ഞ് തകൃതിയായി പണി നടക്കുന്ന സമയമാണ്. ഉസ്താദിന്റെ വീട്ടിലേക്ക് എത്തി. സ്റ്റെപ്പ് കയറി വീടിന്റെ മുറ്റത്തേക്ക് കയറിയതേ ഉള്ളൂ. ഉസ്താദ് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. എവിടെന്നാ വരുന്നത്, നന്നായി ക്ഷീണിച്ചിട്ടുണ്ടല്ലോ, ഭക്ഷണമെന്തെങ്കിലും കഴിച്ചോ?

അത് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി. വീട്ടിലേക്ക് കയറിയപ്പോള്‍ ഞങ്ങള്‍ വന്ന കാര്യം പറയാന്‍ ശ്രമിച്ചു. അതൊക്കെ പിന്നെ പറയാം നിങ്ങളാദ്യം ഭക്ഷണം കഴിക്കൂ എന്ന് ഉസ്താദ്. അന്നവിടെ സത്കാരമോ മറ്റോ നടക്കുകയായിരുന്നു. നല്ല ഭക്ഷണം ഉണ്ട്.

നിങ്ങള്‍ ഭക്ഷണം കഴിക്കൂ അപ്പോഴേക്കും ഞാന്‍ ഇവിടെ കുറച്ചാളുകളെ പിരിച്ചു വിടട്ടെ എന്നു പറഞ്ഞ് ഉസ്താദ് പോയി. ഞങ്ങള്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
എല്ലാം കഴിഞ്ഞിട്ട് ഉസ്താദ് ചോദിച്ചു. നിങ്ങള്‍ എവിടെന്നാ വരുന്നത്? എന്താ കാര്യം?
വഅ്‌ളിന് ക്ഷണിക്കാന്‍ വന്നതാണെന്നറിയിച്ചു.

ഉസ്താദ് ഡയറിയെടുത്ത് ഒഴിവുള്ള സ്ഥലത്ത് എഴുതാന്‍ പറഞ്ഞു. ആ ഡയറി ഫുള്ളായിരുന്നു. ഒടുവില്‍ ഞങ്ങളുടെ തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ രണ്ടു ദിവസം വഅ്‌ളുണ്ടായിരുന്നത് ഒന്നാക്കി ചുരുക്കി ഉസ്താദിന്റെ ദിവസം ബുക്ക് ചെയ്യുകയും ഉസ്താദ് വന്ന് വഅ്‌ള് പറയുകയും ചെയ്തു.

ഉസ്താദിന്റെ ആ സ്വഭാവവും സമീപനവുമാണ് ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമെന്ന് നിസ്സംശയം പറയാം. ഒരു വാഇള് സ്വീകരിക്കേണ്ട സമീപനമാണ് ഉസ്താദ് പ്രകടിപ്പിച്ചത്.

വി പി എ തങ്ങള്‍ ദാരിമി ആട്ടീരി/
എം കെ അൻവർ ബുഖാരി

You must be logged in to post a comment Login