റമളാനിലെ സ്വർഗത്തോപ്പുകൾ

റമളാനിലെ  സ്വർഗത്തോപ്പുകൾ

എൺപതിന്റെ ഒരു ആംപ്ലിഫയർ, രണ്ട് ഹോൺ, 2/3 പെട്രോ മാക്സുകൾ; നല്ലൊരു പാതിരാ വഅളിന്ന് അരങ്ങൊരുങ്ങിയിരുന്നു മുമ്പ്. അന്ന്, കിട്ടുന്ന വാഹനത്തിലൊക്കെ കയറിപ്പറ്റി കഷ്ടപ്പെട്ടാണ് പ്രഭാഷകൻ വേദിയിലെത്തുന്നത്. അദ്ദേഹം വന്നതിന്റെ സാഹസവും ത്യാഗവും സംഘാടകർ അറിഞ്ഞുകൊള്ളണമെന്നില്ല. അതൊക്കെ അദ്ദേഹം ഫീ സബീലില്ലാഹിയിലേക്ക് നീക്കിവെച്ചിട്ടുണ്ടാകും. ജനം നന്നാവണം. താൻ തന്നെയും സംസ്കരിക്കപ്പെടണം, ഇതിൽകവിഞ്ഞ മറ്റുചിന്തകളില്ല.

ഏതാണ്ട് മൂന്ന് മണിക്കൂറൊക്കെ വഅള് നീണ്ടുനിൽക്കും. അതിൽ ലേലവും സമാപന പ്രാർഥനയുമൊക്കെ കഴിഞ്ഞാൽ നാല് നാലര മണിക്കൂറിലേക്ക് മതപ്രസംഗപരമ്പരകൾ നീളും. ജനങ്ങൾക്കിതൊന്നും മുഷിക്കില്ല. ജ്ഞാനസദസ്സുകൾ സ്വർഗത്തോപ്പുകളാണ് എന്ന വിചാരത്തോടെയായിരിക്കും ജനങ്ങൾ ഇരിക്കുക. റമളാനിലാണെങ്കിൽ തറാവീഹും ലഘു ഭക്ഷണവും കഴിഞ്ഞ് തുടങ്ങുന്ന വഅള് മൂന്ന് മണിയോളം ഏതാണ്ട് റമളാൻ അത്താഴ സമയത്തോടടുത്താണ് നിർത്തുക. ജനങ്ങൾക്കും അതാണാഗ്രഹം. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ സദസ്സിൽ നല്ല നിയ്യതോടെ, അതും നോമ്പുകാലത്ത് ഇരിക്കുന്നതിന്റെ ആത്മീയ രസം ജനങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. രാവ് ഹയാതാക്കുക എന്നത് ഒരു പ്രധാന കർമം തന്നെയായിരുന്നു. വമ്പിച്ച മത പ്രസംഗ പരമ്പര എന്നാണ് പറച്ചിൽ തന്നെ. നോട്ടീസുകളും ഈ തലക്കെട്ടിലാണുണ്ടാകുക. നോട്ടീസുകളിൽ കൊടുക്കുന്ന പരിപാടിയുടെ പ്രധാന ഫീച്ചേഴ്സ് ഇതൊക്കെയായിരുന്നു; സ്ത്രീകൾക്ക് പ്രത്യേക സൗകര്യം, ലൗഡ് സ്പീക്കർ ഉണ്ടായിരിക്കും, അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
കാലം ഒരുപാട് മാറി. വഅളിന്റെ ദിവസം പറയുന്നവർക്കും കേൾക്കുന്നവർക്കും നൂറുകൂട്ടം പരിപാടികൾ വേറെയുമുണ്ടാകും. ഒന്നോ രണ്ടോ മണിക്കൂർ ക്ഷമയോടെ കേട്ടിരുന്നാലായി, അത്രതന്നെ. ഒരു മണിക്കൂർ നിശ്ചയിച്ച പരിപാടി പരിധിവിട്ടാൽ ഫോൺവരും, കുറിപ്പ് വരും. അന്ന് എത്ര നീണ്ടാലും അത് അവനവന്റെ ഏടിലേക്കുള്ള നന്മയായി വരവ് വെച്ച് പോകും. നിയ്യതിന്റെ ശുദ്ധി എന്ന് ഈ സ്വഭാവ ഗുണത്തെ പ്രകീർത്തിക്കാം. കൗതുകവും കാതലും എമ്പാടുമുള്ള പഴയ കാലത്തിന്റെ മതപ്രസംഗകനായിരുന്നു വെന്നിയൂരിലെ എൻ എം ബാപ്പുട്ടി മുസ്‌ലിയാർ. വെന്നിയൂരിലെ വീട്ടിൽവെച്ച് ബാപ്പുട്ടി മുസ്‌ലിയാർ സംസാരിച്ചുതുടങ്ങി:
ചെറുപ്പം മുതലേ ഞാൻ വഅളിൽ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ദിവസങ്ങൾ നീണ്ട ഒരു വഅളിന്റെ അനുഭവം പറഞ്ഞുതുടങ്ങാം. 1973-74 കാലത്തായിരിക്കാം ആദ്യ പ്രസംഗത്തിന്റെ വേദിയിൽ ഞാൻ കയറിയിട്ടുണ്ടാവുക. കോട്ടൂർ ഉസ്താദിന്റെ അടുത്താണ് ഞാൻ പഠനത്തിന്റെ അവസാന കാലത്ത് ഉണ്ടായിരുന്നത്. അതിനു മുമ്പ് ജ്യേഷ്ഠൻ കുഞ്ഞിമോൻ ഫൈസിയുടെ അടുത്താണ് ഓതിയത്. അന്ന് കോട്ടൂർ ഉസ്താദ് എന്ന കോട്ടൂർ കുഞ്ഞമ്മുമുസ്‌ലിയാർ അന്നാട്ടിൽ ഒരു വഅള് വെച്ചു. അന്നത്തെ മുശാവറ മെമ്പറും പ്രഭാഷകനുമായിരുന്ന കോട്ടക്കൽ കുട്ടിഹസൻ മുസ്‌ലിയാരെയായിരുന്നു പ്രഭാഷണത്തിന് ഏല്പിച്ചത്. ദിവസം അടുത്തുവന്നപ്പോൾ കുട്ടി ഹസൻ മുസ്‌ലിയാർക്കെന്തോ ഒരു തടസ്സം വന്നു. കോട്ടൂർ ഉസ്താദ് അന്ന് വെന്നിയൂർ പറമ്പിലെ പള്ളിയിൽ വന്നിരുന്നിട്ട് അവിടെ നിന്ന് ഒരാളെ വിട്ട് എന്നെ വിളിപ്പിച്ചു. ഞാനന്ന് ഉസ്താദിന്റെ അടുത്ത് ഓതുന്ന കാലമാണ്. ഞാൻ ചെന്നു. ഉസ്താദ് കാര്യം പറഞ്ഞുതുടങ്ങി: “ഞാൻ കോട്ടൂരിൽ കുട്ടിഹസൻ മുസ്‌ലിയാരുടെ ഒരു ആറുദിവസത്തെ വഅള് വെച്ചിരുന്നു. പക്ഷെ, മൂപ്പർക്കെന്തോ ഒരു തടസ്സം. ആ വഅള് മുടങ്ങാൻ പറ്റില്ല. നോട്ടീസൊക്കെ അടിച്ചതാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതാണ്. അപ്പോ, നിങ്ങൾ വന്നിട്ട് ആ വഅള് പറയണം.’’
ഞാനെന്റെ നിസ്സഹായത പറഞ്ഞുതുടങ്ങി: “ഉസ്താദേ, ഞാനങ്ങനെ വഅളൊന്നും പറയാറില്ലല്ലോ. എപ്പോഴെങ്കിലും വെള്ളിയാഴ്ചയൊക്കെ ഒരു വഅള് പറഞ്ഞാലായി എന്നല്ലാതെ ദിവസങ്ങൾ നീളുന്ന ഒരു വഅള് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ് എനിക്കില്ലല്ലോ.’

“അതൊക്കെ അങ്ങട്ട് ശരിയാകും. നിങ്ങളവിടെ വന്ന് വഅള് പറഞ്ഞോളീ’- ഉസ്താദിന്റെ ഉറച്ച വാക്കും അനുഗ്രഹവും കിട്ടിയതോടെ ഞാൻ വഅള് പറയാമെന്ന് വെച്ചു.
അങ്ങനെ ഉസ്താദ് ആ പറഞ്ഞ ധൈര്യത്തിൽ ഞാൻ വീട്ടിൽ നിന്ന് ഇർശാദ്, മുർശിദ്, തബ്ശീറുൽ വാഇളീൻ എന്നീ രണ്ടുമൂന്ന് കിതാബുകളെടുത്ത് നോക്കി വഅളിന്ന് പോയി. ആ ആറ് ദിവസവും ഞാൻ വഅള് പറഞ്ഞു.

കോട്ടക്കൽ ബസിറങ്ങി കോട്ടൂരിലേക്ക് നടക്കണം. നോമ്പാണ് കാലം. നോമ്പ് തുറക്കാൻ അവിടെയെത്തും. വഅള് കഴിഞ്ഞ് അവിടെ കിടക്കും. അത്താഴം കഴിഞ്ഞ് സുബ്ഹി നിസ്കരിച്ച് വീട്ടിലേക്ക് പോരും. അതുമുതലാണ് പൊതുവേദികളിൽ ദിവസങ്ങൾ നീളുന്ന വഅള് പരിപാടികൾ ഏറ്റെടുത്തുതുടങ്ങിയത്. കോട്ടൂരിലെ ജനങ്ങളിൽനിന്നും ഉസ്താദിൽനിന്നും കിട്ടിയ പ്രോത്സാഹനങ്ങൾ ഏറെ പ്രചോദിപ്പിച്ചു. എനിക്ക് വഅള് പറയാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നു. അതിന്റെ ശേഷം ആവുന്നിടത്തോളം വഅള് ഏറ്റെടുക്കും. റമളാൻ മുഴുവനായിട്ട് ഒരിടത്ത് പറഞ്ഞ അനുഭവങ്ങൾ തന്നെയുണ്ട്. അത്രയ്ക്ക് ആവേശമായിരുന്നു. കിട്ടുന്ന വാഹനത്തിൽ കയറിയിറങ്ങി പരിപാടിസ്ഥലത്തെത്തും. സംഘാടകർക്ക് നമ്മുടെ സാഹസങ്ങൾ ഒന്നും അറിയേണ്ട. എന്റെ ഒരു സ്വഭാവം വെച്ച് പറഞ്ഞാൽ, ഞാൻ വഅള് കഴിഞ്ഞാൽ പിന്നെ ഖിദ്മയുമായി കൂടെക്കൂടാൻ ആരെയും അനുവദിക്കില്ല. കാരണം, നമുക്ക് പരമാവധി വീട്ടിലെത്തണം. അതിനുവേണ്ടി നമ്മൾ കാണിക്കുന്ന സാഹസങ്ങൾ സഹിക്കാൻ സംഘാടകർക്ക് വിഷമമാവും. അതുകൊണ്ട് അവരെ ഒഴിവാക്കും. “ഇനി നിങ്ങൾ പൊയ്ക്കോളീ, ഞാൻ വാഹനം പിടിച്ച് പോകാം’ എന്ന് പറയും. മെയിൻ റോഡിൽ എങ്ങനെയെങ്കിലും എത്തിയാൽ രാത്രി കാലത്ത് ഇഷ്ടംപോലെ ലോറികൾ കിട്ടും. കണ്ണൂരോ എറണാകുളത്തോ തിരുവനന്തപുരത്തോ ആയാലും എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഞാൻ രാത്രി തന്നെ മടങ്ങിപ്പോരാൻ നോക്കും. കൊടുവള്ളി, കുന്ദമംഗലം ഭാഗത്ത് ധാരാളം ലോറിക്കാരുണ്ട്. അന്തർ ജില്ല/ സംസ്ഥാന പെർമിറ്റുള്ള വാഹനങ്ങൾ. അത്തരം വാഹനങ്ങളിലായിരിക്കും മിക്കവാറും മടങ്ങിപ്പോക്ക്. ഈ ലോറിക്കാർ ആരായാലും കൈ കാണിച്ചാൽ നമ്മെ കയറ്റും. ഞാൻ മാത്രമല്ല, അന്നത്തെ ഉസ്താദുമാരും പ്രസംഗകന്മാരും ഏതാണ്ടൊക്കെ അങ്ങനെയായിരുന്നു.

അൽഫിയ വരെ ഞാനോതിയത് ഉപ്പാന്റെ അടുത്തുനിന്ന് വീട്ടിൽനിന്ന് തന്നെയാണ്. ഉപ്പ വെന്നിയൂർ കമ്മു മുസ്‌ലിയാർ വളരെ മുമ്പേ പള്ളി ദർസ് നിർത്തി. എങ്കിലും വീട്ടിൽ ഉപ്പാക്ക് നല്ല ദർസ് ഉണ്ടായിരുന്നു. നാട്ടിലെ താല്പര്യമുള്ള പലരും ഉപ്പായുടെ അടുത്ത് ഓതാൻ വരും. ഞാനും പെങ്ങന്മാരുമൊക്കെ ഉപ്പായുടെ അടുത്തുനിന്ന് കിതാബുകൾ ഓതിയിട്ടുണ്ട്. പരമ്പരാഗതമായി ഞങ്ങൾ മതപണ്ഡിത കുടുംബമാണ്. ഉപ്പാന്റെ അടുത്തുനിന്ന് ഖതറുന്നദ ഓതുന്ന കാലമാണ്. ശരീക്ക് മൂത്ത പെങ്ങൾ തന്നെ. പെങ്ങന്മാരെല്ലാവരും കിതാബോതിയവർ തന്നെയാണ്. അക്കാലത്താണ് ജ്യേഷ്ഠൻ എൻ എം കുഞ്ഞിമോൻ ഫൈസി ജാമിഅ നൂരിയയിൽനിന്ന് ബിരുദമെടുത്ത് വരുന്നത്. വൈകാതെ മണ്ണാർക്കാട് ദർസ് ഏറ്റു. ഞാനും ജ്യേഷ്ഠന്റെ ദർസിൽ ചേർന്നു. അൽഫിയ മുതൽ മഹല്ലി ഒന്നാം ഭാഗം, മുഖ്തസർ, ശറഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകളൊക്കെ ജ്യേഷ്ഠന്റെ അടുത്തുനിന്നാണ് ഓതിയത്. അതിനു ശേഷം ജ്യേഷ്ഠനും ഉപ്പയും ചേർന്നാണ് എന്നെ കോട്ടൂർ ഉസ്താദിന്റെ ദർസിൽ ചേർക്കുന്നത്. അവിടെനിന്നാണ് മഹല്ലി രണ്ടാംഭാഗം, ജംഉൽജവാമിഅ്, ശറഹുൽഅഖാഇദ് തുടങ്ങി ദർസിൽ ഓതിപ്പൂർത്തിയാക്കേണ്ട ഏതാണ്ടെല്ലാ കിതാബുകളും ഓതുന്നത്. പൊന്മള ഉസ്താദും പൊന്മള മൊയ്തീൻകുട്ടി ബാഖവി, ചാപ്പനങ്ങാടി ഇസ്മാഈൽ മുസ്‌ലിയാർ ഇവരൊക്കെ അന്ന് സഹപാഠികളായി ഉണ്ടായിരുന്നു.

ദർസിലെ സാഹിത്യസമാജങ്ങൾ പ്രസംഗത്തിന്റെ വലിയ പരിശീലന കളരികളായിരുന്നു. പിന്നെ വെള്ളിയാഴ്ച പരിസരത്തുള്ള ചില പള്ളികളിലൊക്കെ പരിശീലനാവശ്യാർഥം പോകും. എന്തെങ്കിലും ഭൗതിക നേട്ടങ്ങൾ ഉദ്ദേശിച്ച് അങ്ങനെ പരിശീലനത്തിന് പോകുന്നതിനോട് ഉപ്പക്ക് അനിഷ്ടമായിരുന്നു. അതിനാൽ വഅള് പറയാൻ പള്ളികളിൽചെന്ന് സമ്മതം വാങ്ങുമ്പോൾതന്നെ പണം പിരിക്കേണ്ട എന്ന് പ്രത്യേകം പറയും. കാരണമെന്താണെന്ന് വെച്ചാൽ വീട്ടിലെ കാര്യങ്ങൾ അന്തസ്സോടെ കൈകാര്യം ചെയ്യാവുന്ന സാമ്പത്തിക ചുറ്റുപാട് ഉപ്പാക്കുണ്ടായിരുന്നു.

അതുകൊണ്ട്തന്നെ പിരിവെടുത്തും ജനങ്ങളുടെ കൈയിലുള്ളത് കാംക്ഷിച്ചും മതപ്രസംഗം പഠിക്കുന്നത് ഉപ്പ താല്പര്യപ്പെട്ടില്ല. ജുമുഅത്ത് പള്ളികളിൽ വെള്ളിയാഴ്ച വഅള് പറയാൻ പോകട്ടെയെന്ന് ഉപ്പയോട് ചോദിച്ചപ്പോൾ “വഅള് പറയുന്നതിന് കുഴപ്പമില്ല. മുണ്ട് വിരിച്ച് കാശ് വാങ്ങുന്ന പണി വേണ്ട. ഞാൻ വഅള് പറയട്ടെ. എനിക്ക് പിരിവ് വേണ്ട എന്ന് പറഞ്ഞാൽ മതി’ എന്നായിരുന്നു ഉപദേശം. വഅള് കഴിഞ്ഞ് വീട്ടിൽ വന്നാൽ ഉപ്പയുടെ വക അന്വേഷണങ്ങളുണ്ടാകും; ആ, എന്തൊക്കെ പറഞ്ഞത്, ഏത് ആയത്, ഹദീസ്, ഏത് ചരിത്രമാണ് ഉദ്ധരിച്ചത് എന്നൊക്കെ ചോദിക്കും.
തിരുവനന്തപുരം, മംഗലാപുരം അടക്കം കർണാടക സ്റ്റേറ്റിന്റെ ചില ഭാഗങ്ങൾ, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലൊക്കെ വഅളിന്ന് പോയിട്ടുണ്ട്.

ലക്ഷദ്വീപിൽ ഒരുമാസം തുടർച്ചയായിട്ട് രണ്ടുവർഷം വഅള് പറഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിന്റെ പതിവനുസരിച്ച് രണ്ട് വഅള് നടത്തും. ഒന്ന്, റമളാൻ ആദ്യം മുതൽ അവസാനം വരെ. രണ്ട്, റബീഉൽ അവ്വൽ ഒന്നുമുതൽ പന്ത്രണ്ടുവരെ. ലക്ഷദ്വീപിലെ പള്ളി, മദ്റസകൾ ഒരു കൊല്ലത്തേക്കുള്ള വരുമാനം കാണുന്നത് ഈ വഅളുകളിലൂടെയാണ്.

ദ്വീപിലെ വഅളിന്, മലപ്പുറം ജില്ലയിലെ എ ആർ നഗർ സ്കൂൾ ഗ്രൗണ്ടിലെ വഅള് കഴിഞ്ഞ് കൊളപ്പുറത്തുനിന്ന് കെഎസ്ആർടിസിക്ക് കൊച്ചിയിലേക്ക് പോയി. അവിടെനിന്ന് ഫ്ലൈറ്റിന് അഗത്തിയിലേക്ക് പോയി. റമളാൻ ഇരുപതിന് അവിടെയെത്തി. പത്തുദിവസത്തെ വഅളാണ് അവിടെ കിട്ടിയത്. ആ പത്തുദിവസം അവർക്കിഷ്ടപ്പെട്ടു. അടുത്ത റബീഉൽഅവ്വലിലേക്ക് അപ്പോൾ തന്നെ വഅള് ഏല്പിച്ചു. അതേറ്റെടുത്ത് അടുത്ത റബീഉൽഅവ്വലിലും പോയി. ആ റബീഉൽഅവ്വൽ വഅള് കഴിഞ്ഞപ്പോൾ അടുത്ത റമളാൻ വഅള് ഉസ്താദ് ഏൽക്കണമെന്നായി. അതും ഏറ്റു. അങ്ങനെ അഗത്തിയിൽ മൂന്നുതവണ ഞാൻ മതപ്രസംഗപരമ്പരകൾക്കായിപോയിട്ടുണ്ട്.

വഅളിന്റെ വിഷയങ്ങൾ സംഘാടകരുമായി ചർച്ച ചെയ്യും. ഈമാൻ, ഖുർആൻ, സ്ത്രീ ഇസ്‌ലാമിൽ, നോമ്പ്, നിസ്കാരം, സാഹോദര്യം, യുവത ഇസ്‌ലാമിൽ, മരണം മരണാനന്തര ജീവിതം എന്നിവയൊക്കെ അന്നത്തെ പ്രധാന വിഷയങ്ങളായിരുന്നു. സ്ത്രീകൾ ഇസ്‌ലാമിൽ എന്ന വിഷയമാണ് എനിക്ക് അവതരിപ്പിക്കാൻ ഏറെ താല്പര്യം. ഇന്നത്തേതു പോലെ ഒരിക്കൽ പറഞ്ഞ വഅള് പിന്നീട് മറ്റെവിടെയും പറയാൻ പാടില്ല എന്ന പ്രതിസന്ധി അന്നില്ല. കോട്ടക്കലിൽ പറഞ്ഞതുതന്നെ കൊളപ്പുറത്തും പറയാം. രണ്ടും രണ്ട് സദസ്യരായിരിക്കും. ഇന്നത്തെപ്പോലെ വഅള് സമൂഹമാധ്യമങ്ങളിൽ ഓടി പഴയതാകില്ല.

ആളുകളിൽ മാറ്റം വരുത്തലാണ് വഅളുകളുടെ ദൗത്യം . ഈ മാറ്റം എല്ലാ ജനങ്ങളിലും നല്ല ഫലങ്ങളുണ്ടാക്കും. നിസ്കരിക്കാത്തവർ വഅള് കേട്ട് നിസ്കാരം തുടങ്ങി. ഹിജാബില്ലാത്തവർ ഹിജാബിട്ടു. ഭർത്താക്കന്മാർക്ക് താല്പര്യം ഇല്ലാതെ ഹിജാബിനുവേണ്ടി നിർബന്ധം പിടിച്ച സ്ത്രീകൾ ഉണ്ട്. ഭർത്താക്കന്മാർ വഅള് കേട്ടിട്ട് സ്ത്രീകൾക്ക് ഹിജാബ് നിർദേശിച്ച സംഭവങ്ങളുമുണ്ട്. എത്രപറഞ്ഞിട്ടും ഭാര്യ ഹിജാബിടാൻ തയാറാകാതെ വന്നപ്പോൾ ദമ്പതികൾ കേസുമായി എന്റെയടുത്ത് വന്നു. ഞാൻ മധ്യസ്ഥം വഹിച്ചു. ഭർത്താവ് ഒറ്റയടിക്ക് ഭാര്യയെ ഹിജാബിന്റെ വരുതിയിലാക്കാൻ ബലം പ്രയോഗിച്ചതാണ് പ്രശ്നം. മനശാസ്ത്രപരമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനായില്ല. എന്നാൽ ശരീഅത്തിന്റെ വിധിയാണ് അയാൾ പറഞ്ഞത്. പക്ഷേ, അത് തീവ്രമായിപ്പോയി. ആ പെണ്ണിന്റെ വേദനിക്കുന്ന മനസും കാണണം. ഈ മൂന്നുവഴികളും പരിഗണിച്ച് ഞാൻ ആ പ്രശ്നം പറഞ്ഞുതീർത്തു.
ആദ്യമൊക്കെ നന്നായി ഗ്രന്ഥങ്ങൾ നോക്കി കാര്യങ്ങൾ ഓരോന്നും ഉറപ്പിച്ചു പോകേണ്ടിവരും. പിന്നെപ്പിന്നെ വഅള് തുടങ്ങിയാൽ മുമ്പ് നോക്കിവെച്ചതൊക്കെ സാഹചര്യം പോലെ മനസിലേക്ക് വരും. ഓരോ സന്ദർഭത്തിൽ കൊള്ളിക്കേണ്ട വാക്കുകൾ നാവിൽ വന്ന് വഴങ്ങും. അതിന്റെ ഒരു പ്രധാന കാരണം ദർസധ്യാപനമാണ്. കുട്ടികൾക്ക് നിരന്തരമായി നാം വിഷയങ്ങൾ കുരുക്കഴിച്ച് നൽകുകയാണല്ലോ. അവർക്കെങ്ങനെയാണ് വിഷയം മനസിലാകുക എന്ന് നോക്കി ആ മെത്തേഡിലൂടെയാണ് നാം ക്ലാസെടുക്കുക. ആ പരിശീലനം പൊതുവേദിയിൽ നന്നായി ഉപകാരപ്പെടും. ഇപ്പോൾ ദർസ് ഇല്ല. അതിനാൽ ആദ്യകാലത്തെപ്പോലെ നന്നായി ഓരോന്നും നോക്കിയുറപ്പിച്ച് പറയേണ്ടിവരുന്നു.

ആട്ടീരിയിലാണ് ആദ്യ ദർസ്. ആറുവർഷം. വെസ്റ്റ് കോഡൂരിൽ രണ്ടുവർഷം. തിരുവനന്തപുരം വള്ളക്കടവിൽ ഒരുവർഷം. പക്ഷേ ആ ഒരു വർഷം ആ ഭാഗത്ത് പത്തുവർഷത്തെ ബന്ധമുണ്ടാക്കിത്തന്നിട്ടുണ്ട് എനിക്ക്. പിന്നെ പാലക്കാട് ജില്ലയിൽ പടിഞ്ഞാറങ്ങാടിയിൽ ആറുവർഷം. പിന്നെ നാട്ടിൽ തന്നെയായി ദർസ്. ജ്യേഷ്ഠൻ മരിക്കുന്നതുവരെ നാട്ടിലെ ദർസ് തുടർന്നു. ജ്യേഷ്ഠൻ മരിച്ചപ്പോൾ ഈ മഹല്ലിലെ ഖത്വീബ് സ്ഥാനവും മഹല്ല് ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണിത്. ഇതിന്റെ കൂടെ ദർസ് സാധിക്കില്ലെന്ന് തോന്നിയതുകൊണ്ട് നിർത്തി. നൂറുകൂട്ടം പ്രശ്നങ്ങളുണ്ടാകും. വലിയൊരു മഹല്ലാണ് വെന്നിയൂർ.

വഅള് ഏൽക്കുമ്പോൾ ഞാനങ്ങോട്ട് എത്തിക്കൊള്ളാം എന്ന് പറഞ്ഞ് സംഘാടകരെ സ്വസ്ഥമാക്കുന്ന ശൈലിയാണ് എന്റേത്. ഈ രീതി പൊതുവിൽ സ്തുത്യർഹമാണെങ്കിലും ചില സമയത്ത് വലിയ കെണിയിൽപെടുമെന്ന് പല ഉസ്താദുമാരും മുന്നറിയിപ്പ് തന്നിരുന്നു. പറഞ്ഞപോലെ ഒരിക്കൽ സംഭവിച്ചു. വഅള് ഏറ്റെടുത്ത് എത്തിക്കൊള്ളാം എന്നുപറഞ്ഞു. അപ്പോൾ അവർ “എന്നാൽ മംഗലാപുരം സ്റ്റേഷനിൽ ഒരാൾ ഉസ്താദിനെ കാത്തുനിൽക്കും’ എന്ന് പറഞ്ഞു. ശരി, വിരോധമില്ല ഞാൻ വന്നോളാം എന്ന് ഞാനും. വഅളിന്റെ ദിവസം ഞാൻ യാതൊരു കൂസലും ഇല്ലാതെ മംഗലാപുരം സ്റ്റേഷനിൽ ചെന്നിറങ്ങി. ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ല. റെയിൽവേസ്റ്റേഷനിൽ ആൾ നിൽക്കുന്നതിനാൽ കൃത്യമായി ലൊക്കേഷൻ ഞാൻ ചോദിച്ചില്ല. ഏൽപ്പിക്കുമ്പോൾ അവർ പറഞ്ഞതുമില്ല. മംഗലാപുരം സ്റ്റേഷനിൽ വന്നിറങ്ങി എന്നെ തിരിച്ചറിയാൻ തക്ക രൂപത്തിൽ ഞാൻ അവിടെയൊക്കെ ആളെ പരതിയെങ്കിലും വൈകുന്നേരമായിട്ടും എനിക്കയാളെ കാണാനായില്ല. അയാൾക്ക് എന്നെയും എന്തോ കാരണത്താൽ കാണാനായില്ല. ഫോണോ മറ്റോ ഇല്ലാതിരുന്നതിനാൽ ഒന്നും ചെയ്യാൻ പറ്റിയില്ല. അയാൾക്ക് ആരെയും കിട്ടാതായാപ്പോൾ അടുത്തുള്ള ഏതോ പള്ളിയിൽനിന്ന് ഏതോ ഒരുസ്താദിനെയും കൂട്ടി അയാൾ പോയി. വഅള് നടത്തി. ഞാൻ ളുഹ്ർ സമയത്തെത്തിയെങ്കിലും അദ്ദേഹത്തെ തിരഞ്ഞ് ഒരുപാട് സമയം പോയി. അന്നവിടെ റൂമെടുത്ത് നിന്നു. പിറ്റേന്ന് രാവിലെ ഉള്ളാൾ സിയാറത് ചെയ്ത് നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് എന്നെ ക്ഷണിക്കാൻ വന്നയാൾ വീട്ടിൽ വന്നപ്പോഴാണ് നടന്ന കാര്യങ്ങളൊക്കെ അറിയുന്നത്. മംഗലാപുരത്തിനടുത്ത് കൃത്യമായ ലൊക്കേഷൻ അവർ പറഞ്ഞിരുന്നത്രെ. ആൾ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നതിനാൽ ഞാൻ അതിന്മേൽ അവലംബിച്ച് സ്ഥലം ശ്രദ്ധിക്കാതെ പോയിട്ടുണ്ടാവണം.

ഒരിക്കൽ വഅള് കഴിഞ്ഞ് തിരിച്ചുവരുന്നത് ഒരു പാർസൽ ലോറിയിലാണ്. പാലക്കാട്ടുകാരനായ ഒരു ഹിന്ദുമത വിശ്വാസിയാണ് ഡ്രൈവർ. നല്ല മനുഷ്യൻ. അയാൾ പറഞ്ഞു: “ഞാൻ വഴിയിൽ കൈകാണിക്കുന്നവരെയൊന്നും കയറ്റാറില്ല ഉസ്താദേ. കാരണം ഇത് പാർസൽ ലോറിയാണ്. പല സാധനങ്ങൾ ഉണ്ടാകും. ആളുകൾ പല തരക്കാരാണല്ലോ. വിശ്വസിക്കാനാവില്ല. ഞാൻ നിങ്ങളുടെ തൂവെള്ള വേഷം കണ്ട് വിശ്വസിച്ച് നിർത്തിയതാണ്. അതിനൊരു ബഹുമാനവും വിശ്വാസവുമുണ്ട്. അതുകൊണ്ടുമാത്രം.’ അത് വല്ലാത്തൊരു വാക്കാണ്. ഈ വേഷം പിടിച്ചുപറ്റിയിരിക്കുന്ന വിശ്വാസം അപാരം തന്നെ. നമ്മളിൽ നിന്ന് വല്ലതും സംഭവിച്ചാൽ ഈ വേഷം ധരിച്ച അനേകം നിസ്വാർഥരാണ് സംശയിക്കപ്പെടുക.
വഅളിന്റെ തുടക്ക ദിവസം വലിയ രസമാണ്. ഭക്ഷണം കഴിക്കുന്ന വീട്ടിൽനിന്നോ വിശ്രമസ്ഥലത്തുനിന്നോ വഅളിന്റെ സദസ്സിലേക്ക് എതിരേറ്റ് കൊണ്ടുപോകുന്ന ഒരു രീതി പലയിടത്തുമുണ്ട്. വേദിയിൽനിന്ന് സംഘാടകർ ഒരു പെട്രോ മാക്സും ചുമന്ന് നമ്മളെ വേദിയിലേക്ക് ആനയിക്കാൻ വരും. അവിടുത്തെ ഉസ്താദുമാരും പൗര പ്രമുഖരുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. അവരുടെ മധ്യത്തിൽ മുന്നിലായി നമ്മൾ നടക്കും. പെട്രോ മാക്സിന്റെ തൂവെളിച്ചത്തിൽ നാം വേദിയിലേക്ക് ആനയിക്കപ്പെടും. വേദിയിലേക്ക് പോകുമ്പോൾ അശ്റഖ ബൈത്തോ, യാനബീ സലാം ബൈത്തോ, യാ അക്റമയോ ഉറക്കെ ചൊല്ലിയാണ് ആനയിക്കുക. വേദിയിൽ നല്ല നാടൻ ശൈലിയിൽ അപ്പോൾ ബുർദ പാരായണം നടക്കുന്നുണ്ടാകും. നമ്മൾ വേദിക്കടുത്ത് എത്തുന്നതോടെ ബുർദ നിർത്തും. പിന്നെ തക്ബീർ. അതുകഴിഞ്ഞ് മിക്കവാറും ഒരു അനൗൺസ്: “ഉസ്താദ് വേദിയിലെത്തിക്കഴിഞ്ഞു…’

പിന്നെ നമ്മുടെ ഊഴമായി. പ്രാർഥന കഴിഞ്ഞ് നമുക്ക് വഅള് തുടങ്ങാം. അതിനിടയിൽ ഇടബൈത്ത് എന്നൊരു രീതി ചിലയിടങ്ങളിലുണ്ട്. നാട്ടിലുള്ള ഒരുവിധം രാഗമുള്ള ആളുകൾ സ്റ്റേജിലേക്ക് വരും. നമുക്കൊരു വിശ്രമം തരാനാണ് വരവ്. വന്നിട്ട് അവർ ബദ്റോ ഉഹ്ദോ ഖന്തഖോ ഒക്കെ പാടും. ആ സമയത്ത് നമുക്ക് വെള്ളം കുടിക്കാം. സ്വല്പം വിശ്രമിക്കാം. വിഷയം ഒന്നുകൂടി സമയം നോക്കി ചിട്ടപ്പെടുത്താം. അങ്ങനെ പല സൗകര്യങ്ങളും അതിനുണ്ട്. കുറച്ചധികം പറഞ്ഞുകഴിയുമ്പോൾ നമ്മളായിട്ട് വിശ്രമിക്കാൻ വേണ്ടി തിരിഞ്ഞും മറിഞ്ഞും നോക്കണ്ട. ഇടബൈത് ചൊല്ലാൻ ഒരുങ്ങിയിരിക്കുന്ന ആളുകൾ വേദിയിലേക്ക് വന്നോളും. പ്രസംഗകന് വിശ്രമം. സദസ്സിന് നവോന്മേഷവും ആയി. ഖസീദതുൽ വിത്്രിയ്യ ഇതുപോലെ ഇടബൈത് നേരങ്ങളിൽ ചൊല്ലാറുണ്ട്.

പെട്രോ മാക്സിന്റെ കാര്യവും രസകരമാണ്. ടാങ്കിൽ കാറ്റ് കുറയുമ്പോൾ അതൊന്ന് പാളും. അപ്പോൾ കാറ്റടിക്കാൻ ആളു വരും. കാറ്റടിച്ച് ഒന്ന് ഓഫാക്കി ഓണാക്കിയാൽ അതിന് നല്ല തെളിച്ചമാണ്.

ലക്ഷദ്വീപിലൊക്കെ രണ്ട്, മൂന്ന് മണിക്കൂർ ലേലം വിളിയാണ്. ഇവിടെ മൂന്നുമണിക്കൂർ വഅള് പറയുന്നതിനുപകരം അവിടെ ഒന്നരമണിക്കൂർ പറഞ്ഞാൽ മതി. ബാക്കിയുള്ള സമയം ലേലത്തിനുള്ളതാണ്. അവിടെ സ്ഥാപനങ്ങൾ നടന്നുപോകുന്നത് ഈ വഅളും ലേലവും ചേർന്നാണ്. ഒരുപാട് ലേലവസ്തുക്കളുണ്ടാകും. ഏറെയും അവരുടെ ഉപഭോഗവസ്തുക്കൾ തന്നെ. ചൂണ്ടക്കൊക്കയൊക്കെ പ്രധാന ലേലവസ്തുവാണ്.

എല്ലാവരുടെയും സാന്നിധ്യമുണ്ടാകും. ഫലപ്രാപ്തിയുള്ള സദസ്സായിരിക്കും. ഒരു ദിവസം കോഴി ലേലം ചെയ്തിട്ട് തീരാതെ കോഴികളെ വഅളിന്റെ സദസ്സിൽ തന്നെ വെച്ചിട്ട് അവർ പോയി. കാല് കെട്ടിയ കോഴികൾ. ആര് തീറ്റകൊടുക്കുമെന്ന് ചോദിച്ചപ്പോൾ ഇനി രാവിലെ കൊടുത്താൽ മതിയെന്നായിരുന്നു മറുപടി. തുറന്ന സ്ഥലത്ത് കാൽ കെട്ടിക്കിടക്കുന്ന കോഴികളെ ആരും കൊണ്ടുപോകില്ല. അത്ര ശുദ്ധ മനസ്സാണ് ദ്വീപുകാർക്ക്. പതിനാല് വർഷമായി അവിടെ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പോലീസുകാരനെ കണ്ട് സംസാരിച്ചു. പതിനാല് വർഷമായി ഒറ്റ ക്രിമിനൽ കേസുമില്ല. പിന്നെ ആകെയുള്ള പണി, അടവിനെടുത്ത ബോട്ടുകളുടെ അടവ് തെറ്റുമ്പോൾ ആ വിഷയത്തിൽ ഇടപെട്ട് വിഷയം പരിഹരിക്കുകയോ ബോട്ട് പിടിച്ചെടുത്ത് കാശ് ലഭിക്കാൻ വഴിയുണ്ടാക്കുന്നതോ ആയ പണി മാത്രം. അയാൾ പറഞ്ഞു.
വലിയ ആദരവാണ്. എയർപോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ ധാരാളം ആളുകൾ സ്വീകരിക്കാൻ വന്നിട്ടുണ്ടാകും. ഇളനീർ തന്നാണ് വരവേല്പ്. മൂന്ന് ഇളനീർ ചുരുങ്ങിയത് അതിഥി ആസ്വദിക്കണമെന്നാണ് അവരുടെ ആഗ്രഹം. മഗ്്രിബ് നിസ്കരിച്ച് തറാവീഹ് കഴിഞ്ഞാണ് പിന്നെ ഭക്ഷണം.

ഇന്ന് ഈ ഔപചാരികതകളൊക്കെ പോയി. നേരെ വണ്ടിയിൽനിന്നിറങ്ങി വേദിയിലേക്ക്. വേദിയിൽനിന്നിറങ്ങി മിക്കപ്പോഴും വണ്ടിയിലേക്ക്. ഒരല്പ സമയം ഭക്ഷണം കഴിക്കാൻ തങ്ങിയാലായി. നാട്ടുകാരുടെ രീതികൾ മനസിലാക്കാൻ പ്രസംഗകർക്ക് സമയം കിട്ടില്ല. രണ്ടുമൂന്ന് ദിവസത്തെ പരിപാടിയൊക്കെ ഉണ്ടെങ്കിൽ അവിടെ തങ്ങും. ആ നാടിന്റെ ശ്വാസഗതി മനസിലാക്കാൻ ആ ദിനങ്ങൾ ധാരാളമാണ്.
തൊടുപുഴ വാഴക്കുളത്ത് വഅളിന് പോയിരുന്നു. കേരളത്തിൽ കൂടുതൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന സ്ഥലമാണ്. വലിയൊരു ദുൻയാവാകെ പൈനാപ്പിൾ കൃഷിയാണവിടെ. അവിടെയൊക്കെ നടന്ന് അതിന്റെ ആളുകളെ കണ്ട് കൃഷിരീതിയൊക്കെ മനസിലാക്കി. പൈനാപ്പിൾ, റബ്ബർ, കശുവണ്ടി ഇതൊക്കെയാണ് അന്നാട്ടിലെ പ്രധാന കൃഷി.

എൺപത്-എൺപത്തഞ്ച് കാലത്ത് റഈസുൽഉലമ സുലൈമാൻ ഉസ്താദിന്റെ നാട്ടിൽ ആറുദിവസം വഅള് പറഞ്ഞിട്ടുണ്ട്. പള്ളി പുനർനിർമാണമായിരുന്നു ആവശ്യം. ആട്ടീരി ദർസുള്ള കാലത്താണത്. ഒതുക്കുങ്ങലുള്ള ഒരു സുലൈമാൻ മുസ്‌ലിയാരാണ് അവിടെ മുദരിസ്. റഈസുൽഉലമയുടെ ശിഷ്യനാണദ്ദേഹം. ഈ ആറ് ദിവസവും ആ പള്ളിയിലാണ് ഞാൻ താമസിച്ചത്. ആ വഅളിൽനിന്ന് കിട്ടിയ ധനവിഭവങ്ങൾ ഉപയോഗിച്ചാണ് ആ പള്ളിയുടെ പുനർനിർമാണത്തിന്റെ തുടക്കം. അന്നാണ് സുലൈമാൻ ഉസ്താദിന്റെ അല്ലാഹുവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ഒരു ചെറിയ ചീന്ത് നേരിൽ കാണുന്നത്. പുലർച്ചെ മൂന്ന് മണിയാവുമ്പോഴേക്ക് ഉസ്താദ് പള്ളിയിലെത്തും. ഖുർആനും ദിക്റും നിസ്കാരവുമായി ഉസ്താദ് ആസ്വാദനത്തിലേർപ്പെടും. ഒരു ഇല ഇളകുന്ന ഒച്ചപോലും അവിടെ കേൾക്കില്ല. നമ്മുടെ ഉറക്കത്തിന് ഒരു ഭംഗവും വരുത്താതെയുള്ള ഹറകാത് സകനാതുകൾ. അത് കാണാൻ വല്ലാത്തൊരു ചന്തമാണ്. അന്ന് മുതലുള്ള ഹൃദയബന്ധമാണ് സുലൈമാൻ ഉസ്താദുമായിട്ടുള്ളത്. വാങ്ക് വിളിച്ചാൽ സുലൈമാൻ ഉസ്താദ് മെല്ലെ അടുത്തുവന്ന് മൃദുവായി ഒന്നുരണ്ട് തട്ടുതട്ടും.

പുതുമഴ പെയ്യുന്ന നേരത്ത് തെങ്ങ് തുറന്ന് വളം ചേർത്ത് തോലിട്ടാൽ ഒരു തെങ്ങിനുണ്ടാകുന്ന ആവേശത്തെയും പച്ചപ്പിനെയും തോല്പിക്കുന്നതാണ് റമളാൻ കാലത്തെ വഅളുകൾ വിശ്വാസികളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങൾ.
വഅളിന്റെ കാര്യത്തിൽ, വാക്കുകളുടെയും ഭാഷാ ശൈലിയുടെയും കാര്യത്തിൽ എന്നെ ആകർഷിച്ച ചിലരുണ്ട്. ഇബ്നുഖുതുബി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്ന ഒരു അനുഗൃഹീത പ്രഭാഷകനുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഞാൻ നിരന്തരം കേൾക്കും. അദ്ദേഹം വിഷയത്തിലൊതുങ്ങി സംസാരിക്കും. അതുപോലെ എപി ഉസ്താദിന്റെ പ്രഭാഷണങ്ങൾ. അതും ആകർഷിച്ച ശൈലിയാണ്. ഇങ്ങനെ ചില പ്രഭാഷണങ്ങൾ എന്നെ പ്രഭാഷണ വേദികളിൽ നന്നായി സഹായിച്ചിട്ടുണ്ട്.

എൻ എം ബാപ്പുട്ടി മുസ്‌ലിയാർ വെന്നിയൂർ

(കുറിപ്പ്: വഅള്- മതപ്രസംഗം, ഫീസബീലില്ലാഹ്- ഇലാഹീമാർഗം, നിയ്യത്- സദുദ്ദേശ്യം, ഹയാത്- സജീവം, ഖിദ്മ- സേവനം, ശരീക്- സഹപാഠി, ഹറകാത് സകനാതുകൾ- ചലനനിശ്ചലനങ്ങൾ)
കേട്ടെഴുത്ത്: ടി കെ

You must be logged in to post a comment Login