സകാത് ബാധകമാകുന്നത് ആർക്കെല്ലാം?

സകാത് ബാധകമാകുന്നത്  ആർക്കെല്ലാം?

ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങളില്‍ പെട്ടതാണ് സകാത്. നിസ്‌കാരത്തെ പരാമര്‍ശിച്ച ഇരുപത്തിയെട്ട് സ്ഥലങ്ങളില്‍ സകാതിനെക്കൂടി ഖുര്‍ആന്‍ ചേര്‍ത്തുപറഞ്ഞിട്ടുണ്ട്. സകാത് സമ്പദ്ഘടനയെ സാര്‍വത്രികമായി നവീകരിക്കുന്നു. ഉല്പാദകനും സകാത്ദാതാവും സ്വീകര്‍ത്താവും എല്ലാം വ്യത്യസ്ത അനുപാതത്തില്‍ സാമ്പത്തികക്രമത്തില്‍ ഇടപെടുന്നു.

റമളാനില്‍ മാത്രമല്ല സകാത് നിര്‍വഹിക്കേണ്ടത്. ഓരോ വ്യക്തിയും അവരുടെ ബിസിനസിന്റെയോ നിക്ഷേപത്തിന്റെയോ ഒരു വര്‍ഷം തികയുമ്പോഴാണ് സകാതു നല്‍കേണ്ടത്. മാത്രമല്ല അകാരണമായി പിന്തിക്കുന്നത് കുറ്റവുമാണ്. അര്‍ഹതപ്പെട്ടവരില്‍ കൂടുതല്‍ ബന്ധപ്പെട്ട കുടുംബക്കാര്‍, അയല്‍വാസികള്‍, ബന്ധുക്കള്‍, സജ്ജനങ്ങള്‍ എന്നിവരെ പ്രതീക്ഷിക്കുന്നത് കുറ്റകരമല്ല.
പുതിയകാല വ്യവഹാരക്രമങ്ങളില്‍ സകാതിന്റെ വ്യാപ്തി വികസിക്കുന്നതായി കാണാന്‍ കഴിയും.

വിവിധതരം ബിസിനസുകള്‍, ബാങ്ക് ഡെപോസിറ്റുകള്‍, കറന്‍സികള്‍, ജ്വല്ലറികള്‍, ആഭരണങ്ങള്‍, നിക്ഷേപങ്ങള്‍, പ്രൊവിഡന്റ് ഫണ്ട്, സെക്യൂരിറ്റി തുകകള്‍, നിധി, ഇസ്‌ലാമിക് ബാങ്ക്, അവകാശികള്‍, വിവിധതരം ആസ്തികള്‍ ഇവയെല്ലാം കൂടുതല്‍ പ്രാധാന്യത്തോടെ സകാതിന്റെ ചര്‍ച്ചയില്‍ കടന്നുവരേണ്ടതുണ്ട്.

സ്വര്‍ണം, വെള്ളി
ആഭരണമല്ലാത്ത സ്വർണം എൺപത്തി അഞ്ച് ഗ്രാമോ (10.6 പവന്‍)അതിലേറെയോ 595 ഗ്രാം വെള്ളിയോ അതിലേറെയോ ഒരാളുടെ ഉടമസ്ഥതയില്‍ ഒരു വര്‍ഷം തികഞ്ഞാല്‍ അവയുടെ രണ്ടര ശതമാനം സകാതായി നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാതില്ല എന്നതാണ് പ്രാഥമിക വീക്ഷണം. എന്നാല്‍ ഉപയോഗയോഗ്യമല്ലാത്ത വിധം കേടാവുകയും ഇനിയത് ഉരുക്കി വാര്‍ത്താലേ ശരിയാകൂ എന്ന അവസ്ഥയില്‍ എത്തുകയും ചെയ്ത ആഭരണങ്ങള്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ വര്‍ഷം തികഞ്ഞാല്‍ അതിന് സകാത് നല്‍കണം. കാരണം അത് ആഭരണം എന്ന ഗണത്തില്‍ ചേര്‍ക്കാവുന്നതല്ല. പക്ഷേ ആഭരണം തത്കാലം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാതില്ലെന്നാണ് പണ്ഡിത വിശദീകരണം. (തുഹ്ഫ 3:272). എന്നാല്‍ നിക്ഷേപം എന്ന ഉദ്ദേശ്യത്തോടെ ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാതിന് ബാധകമാകും. സ്വർണവും വെളളിയും കച്ചവടം നടത്തുന്നവര്‍ കച്ചവട വസ്തു എന്ന ഗണനയില്‍ സകാത് നല്‍കണം.
ആഭരണം എന്ന് പരിഗണിക്കുമ്പോള്‍ അമിതമല്ലാത്ത എന്ന നിബന്ധന പണ്ഡിതന്‍മാര്‍ ചേര്‍ത്തുപറഞ്ഞിട്ടുണ്ട്. ഉപഭോക്താവിന്റെ നിലവാരം കൂടി പരിഗണിച്ചുകൊണ്ടാണ് മിതവും അമിതവും കൃത്യമാക്കേണ്ടത്.

നാണയങ്ങള്‍
ആദ്യകാലത്ത് സ്വര്‍ണവും വെള്ളിയും ആയിരുന്നു വിനിമയങ്ങള്‍ക്ക് വേണ്ടി മൂല്യമായി ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥാനത്ത് അതിന്റെ മൂല്യം ഗണിക്കപ്പെടുന്ന നാണയങ്ങളോ കറന്‍സികളോ ആണ്. പ്രത്യുത വസ്തുക്കളുടെ വില വ്യവഹാരങ്ങളില്‍ മൂല്യമായി പ്രയോഗിക്കുന്നത് എന്ന അടിസ്ഥാനം പരിഗണിച്ചു കൊണ്ടാണ് നോട്ടിനും നാണയങ്ങള്‍ക്കും സകാത് നിര്‍ബന്ധമാണന്ന് പണ്ഡിതന്മാര്‍ വിശദീ കരിച്ചത്.
595 ഗ്രാം വെള്ളിയുടേയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ഒരാളുടെ ആസ്തിയില്‍ ഉണ്ടായാല്‍ വർഷം തികയുമ്പോള്‍ അയാള്‍ സകാത് നല്‍കണം. വിലകുറഞ്ഞത് വെള്ളിക്കായതിനാല്‍ വെള്ളിയുടെ വില പരിഗണിച്ചുകൊണ്ടാണ് സകാത് കണക്കാക്കേണ്ടത് ഉദാഹരണത്തിന് ഇന്ന് വെള്ളിയുടെ വില 71.7 രൂപ ആണ്. അപ്പോള്‍ 595 x 71.7 = 42661.5. ഇത്രയും രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം ഉടമസ്ഥതയില്‍ ഉണ്ടായാല്‍ അതിന്റെ 2.5% സകാതായി നല്‍കണം.

കടം
മേല്‍പറയപ്പെട്ട തുകയോ അതിന് മുകളിലോ കടമായി മറ്റൊരാള്‍ക്ക് നല്‍കി ഒരു വര്‍ഷം തികഞ്ഞാല്‍ തുകയുടെ ഉടമ അഥവാ കടം നല്‍കിയ ആള്‍ മേല്‍സംഖ്യയുടെ 2.5% സകാത് നല്‍കണം. കടം വാങ്ങിയ ആള്‍ വാങ്ങിയ സംഖ്യ അങ്ങനെത്തന്നെ ഒരു വര്‍ഷം കരുതിവച്ചാല്‍ അയാളും സകാത് നല്‍കണം. തിരിച്ചു ലഭിക്കുമോ എന്ന് ആശങ്കയുള്ള കടമാണെങ്കില്‍ തിരിച്ചുലഭിച്ചതിന് ശേഷം നല്‍കിയാല്‍ മതി. പക്ഷേ വര്‍ഷങ്ങള്‍ കടന്നുപോയിട്ടുണ്ടെങ്കില്‍ ഓരോ വര്‍ഷവും കണക്കാക്കി സകാത് വീടണം.

സകാത് ബാധകമാവുന്നത്ര സംഖ്യ മോഷണംപോയ ശേഷം തിരിച്ചു കിട്ടിയാലും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്.

കുറി
ദിവസത്തിലോ, ആഴ്ചയിലോ, മാസത്തിലോ അടച്ചുതീര്‍ക്കുന്ന രൂപത്തിലുള്ള കുറി, സകാതിന്റെ കണക്കെത്തുകയും ശേഷം ഒരു വര്‍ഷം കുറിയടിക്കാതെ കിടക്കുകയും ചെയ്താല്‍ ആ സംഖ്യക്ക് സകാത് നിര്‍ബന്ധമാവും. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറി. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ ഒമ്പതു മാസം കഴിയുന്നതോടെ 45,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത് നല്‍കേണ്ടതാണ്. സകാത് നിര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. പക്ഷേ നറുക്ക് കിട്ടിയ ശേഷം സകാത് നല്‍കിയാല്‍ മതിയാകും. എന്നാല്‍ കുറി ലഭിക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത് ബാധകമാവില്ല.

അഡ്വാന്‍സും സെക്യൂരിറ്റിയും
കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാതിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെ തുടരുന്നു എന്നതാണ് കാരണം. പ്രസ്തുത തുക സകാതിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 2.5% സകാത് നല്‍കേണ്ടതാണ്.

ജോലികൾക്കോ കോഴ്സുകള്‍ക്കോ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ക്കും ഇപ്രകാരം സകാത് ബാധകമാകും. ഇത്തരം തുകകള്‍ക്കും സകാതിന്റെ നിശ്ചിത അളവ് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത് നല്‍കേണ്ടതാണ്; ജോലിയോ കോഴ്സോ പൂർത്തിയാകുമ്പോള്‍ മാത്രമാണ് തിരിച്ചുലഭിക്കുന്നതെങ്കിലും. തത്വത്തില്‍ സെക്യൂരിറ്റി നല്‍കിയവന്റെ ഉടമസ്ഥതയിലുള്ള ആസ്തിയാണല്ലോ അത്.

കച്ചവടം
നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും സകാത് നിര്‍ബന്ധമാവുന്നതാണ്. ഹിജ്റ വര്‍ഷപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ എല്ലാ കച്ചവട സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കണക്കാക്കുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും പരിഗണിക്കണം. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത് നല്‍കേണ്ടതാണ്. സകാത് നല്‍കേണ്ടത് നാണയമായിട്ടായിരിക്കണം.
ഉദാഹരണത്തിന് മുഹര്‍റംഒന്നിന് തുടങ്ങിയ ഒരു പലചരക്ക് കട അടുത്ത വര്‍ഷം മുഹര്‍റം ഒന്നിന് കടക്കാരന്‍ തന്റെ കടയിലെ വില്പനയ്ക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുന്നു. ആകെ ലഭിച്ചത് മൂന്ന് ലക്ഷമാണ്. അതോടൊപ്പം ഒരു ലക്ഷം രൂപ കടമായി കിട്ടാനുമുണ്ട്. എങ്കില്‍ നാല് ലക്ഷം രൂപയുടെ രണ്ടരശതമാനം സകാത് ആയി നല്‍കേണ്ടതാണ്.
ഒരു നാട്ടിലെ എല്ലാ കച്ചവടക്കാരും സകാത് നല്‍കുന്നവരായാല്‍ എല്ലാ മാസവും സകാത് നല്‍കുന്നവരുണ്ടാകും. കാരണം ഓരോ കച്ചവടക്കാരും അവര്‍ക്ക് ഒരു വര്‍ഷം തികയുമ്പോഴാണ് സകാത് നല്‍കേണ്ടത്.

കച്ചവടവസ്തുക്കള്‍ വാഹനങ്ങളോ വസ്തുവകകളോ ആയാലും ഇപ്രകാരം സകാത് ബാധകമാക്കുന്നു. അപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാരും വണ്ടികച്ചവടക്കാരും സകാത് ദാതാക്കള്‍ തന്നെയായിരിക്കും.

പുതിയ പുതിയ വ്യവഹാര രീതികളും മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും എപ്രകാരം ഇസ്‌ലാമിന്റെ സാമ്പത്തിക സമീപനങ്ങളോട് ചേര്‍ന്നുനിൽക്കുന്നു എന്നും തന്റെ മതപരമായ സാമ്പത്തിക ബാധ്യതകള്‍ എങ്ങനെയാണ് നിര്‍വഹിക്കേണ്ടത് എന്നും വിശ്വാസിയായ ഓരോ വ്യാപാരിയും നിക്ഷേപകനും സംരംഭകനും അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി

You must be logged in to post a comment Login