സേവിംഗ് ഒരു മഹത്തായ ആസൂത്രണമാണ്

സേവിംഗ് ഒരു മഹത്തായ  ആസൂത്രണമാണ്

നാം ജീവിക്കുന്ന സാമൂഹിക ഇടവും അതിലെ സാമ്പത്തിക സ്രോതസുകളും ദിനേന മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഇന്ന് നമുക്കുണ്ടാകുന്ന വരുമാനവും ഉപഭോഗവുമല്ല നാളെയുണ്ടാകുന്നത്. മാത്രവുമല്ല, കാലക്രമേണയുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം തന്നെ സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളും രൂപപ്പെട്ടു വന്നേക്കാം. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി വിട്ടുമാറിയിട്ടില്ല. ഇങ്ങനെ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ സാധിക്കണമെങ്കില്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്.

നമുക്ക് ലഭിക്കുന്ന വരുമാനം തുച്ഛമാണെങ്കിലും ആവശ്യങ്ങള്‍ നിരവധിയായിരിക്കും. പണത്തെ ഡിമാന്‍ഡ് ചെയ്യാനുള്ള മൂന്ന് പ്രേരണകളെ ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രഞ്ജനായ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സ് (1883-1946) പരിചയപ്പെടുത്തുന്നുണ്ട്.
1. സാമ്പത്തിക വ്യവഹാരങ്ങള്‍ (Transaction Motive): ദിനേനയുണ്ടാകുന്ന സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് വേണ്ടിയാണ് മനുഷ്യന്‍ കൂടുതലായും പണം ഡിമാന്‍ഡ് ചെയ്യുന്നത്. നമുക്ക് ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് (Income) പ്രസ്തുത ഡിമാന്‍ഡും വ്യത്യാസപ്പെടും. കൂടുതല്‍ പണമുണ്ടാകുമ്പോഴാണ് കൂടുതല്‍ പണം ഇത്തരം ഇടപാടുകൾക്കുവേണ്ടി ഡിമാന്‍ഡ് ചെയ്യപ്പെടുന്നത്. കെയ്ന്‍സിന്റെ അഭിപ്രായ പ്രകാരം പണം കാര്യമായും ഡിമാന്‍ഡ് ചെയ്യുന്നത് ദൈനംദിന വ്യവഹാരങ്ങള്‍ക്കു വേണ്ടിയാണ്. അതുകഴിഞ്ഞ് വല്ലതും മിച്ചമുണ്ടെങ്കില്‍ മാത്രമേ അടുത്ത രണ്ട് ആവശ്യങ്ങൾക്കുവേണ്ടി പണം ഡിമാന്‍ഡ് ചെയ്യുകയുള്ളൂ.

2. മുന്‍കരുതല്‍ (Precautionary Motive): നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരുപാട് ഇവെന്റുകള്‍ ഉണ്ടാകും. ഇതില്‍, സാമ്പത്തികമായി വലിയ ബാധ്യത വരുന്ന കാര്യങ്ങളുമുണ്ടാകാറുണ്ട്. ഇത്തരം അടിയന്തിര സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട്, പണം കൈയില്‍ വെക്കുന്നതിനെയാണ് പണത്തിന്റെ മുന്‍കരുതല്‍ ഡിമാന്‍ഡ് (Precautionary Demand) എന്ന് കെയ്ന്‍സ് വിശേഷിപ്പിക്കുന്നത്. സന്തോഷമുള്ള കുടുംബ ജീവിതം നയിക്കാന്‍ ഈ മുന്‍കരുതല്‍ ഡിമാന്‍ഡ് ഏറെ അത്യാവശ്യമാണ്.
3. ഊഹം (Speculative Motive): ഭാവിയില്‍, വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ട്, ലാഭം പ്രതീക്ഷിച്ചുകൊണ്ട്, ഇപ്പോള്‍ പണം കൈയില്‍ വെക്കുന്നതിനെയാണ് Speculative Demand കൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തിക ഭദ്രതയെക്കാള്‍, കേവല ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പണം ഡിമാന്‍ഡ് ചെയ്യുന്നത്.

ചുരുക്കം, പണത്തിന്റെ ആവശ്യങ്ങളെ മുകളില്‍ പറഞ്ഞതുപോലെ മൂന്നു തരത്തില്‍ നമുക്ക് സംഗ്രഹിക്കാന്‍ സാധിക്കും. മൂന്നും ജീവിതവിജയത്തിന് ആവശ്യമാണെങ്കിലും ഒന്നാമത്തേത് വളരെ പ്രധാനമാണ്. ഓരോ ദിവസവും നമുക്കും നാം ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും ആവശ്യം വരുന്ന ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കല്‍, ഗൃഹനാഥനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. അതുകഴിഞ്ഞ് വല്ലതും ബാക്കി വന്നെങ്കില്‍ മാത്രമേ ഭാവിയിലേക്ക് കരുതി വെക്കാനോ ലാഭങ്ങള്‍ക്കു വേണ്ടി പൂഴ്ത്തി വെക്കാനോ പാടുള്ളൂ.

രണ്ടാമതായി, ഭാവിയിലെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പണം കരുതി വെക്കുന്ന രീതിയാണ്. ഇതിനായി ആധുനിക സമ്പദ്്വ്യവസ്ഥയില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. എന്നാല്‍, പ്രസ്തുത മാര്‍ഗങ്ങളില്‍ അധികവും പലിശ കേന്ദ്രീകൃതമാണ്. അവയില്‍ പലിശരഹിതമായ മാര്‍ഗങ്ങളെയാണ് നാം അവലംബിക്കേണ്ടത്. പണം സൂക്ഷിച്ചുവെക്കുമ്പോള്‍ ലാഭം വേണമെന്നത് വ്യർഥമായ ചിന്താഗതിയാണ്. മൂന്നാമതായി ലാഭം ആഗ്രഹിച്ചുകൊണ്ട് ഇപ്പോള്‍ പണം കരുതിവെക്കുന്ന രീതിയാണ്. നാം പണം എടുത്തുവെക്കുന്നതുകാരണം പൊതുവിപണിയില്‍ വിലയില്‍ വലിയ മാറ്റങ്ങളൊന്നും വരില്ലെങ്കില്‍, അത് പ്രശ്നമില്ല. ഭാവിയിലെ കച്ചവട ലാഭങ്ങള്‍ മുന്‍കൂട്ടി കണ്ട് അപ്പോള്‍ പണം നിക്ഷേപിക്കാന്‍ വേണ്ടി, ഇപ്പോള്‍ കൈയില്‍ വെക്കുന്നത് തെറ്റായ ഒരു കാര്യമല്ല. എന്നാല്‍ കെയ്ന്‍സ് മുന്നോട്ടുവെച്ച Speculative Demand പലിശ കേന്ദ്രീകൃതമാണ്. സര്‍ക്കാര്‍ സെക്യൂരിറ്റികളും ബോണ്ടുകളുമാണ് അവ കൊണ്ട് കാര്യമായും ഉദ്ദേശിക്കുന്നത്. പലിശ നിരക്കിലെ മാറ്റം അനുസരിച്ച് പണം ഡിമാന്‍ഡ് ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യത ഉണ്ടാകാറുണ്ട്. ഇത് നമുക്ക് അനുവദനീയമായ രീതിയല്ല.

കരുതല്‍ പണത്തിന്റെ പ്രാധാന്യം
നമ്മുടെ വരുമാനം എത്രയാണെങ്കിലും, അത് ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിച്ച് മിച്ചം വരുന്ന പണം കരുതി വെക്കുന്നത് (Savings) നല്ല ശീലമാണ്. നല്ല ജോലി ചെയ്ത് വേതനം മിതമായി ഉപയോഗിച്ച് പ്രയാസവും ആവശ്യവും കൂടിയ ഒരു ദിവസത്തേക്ക് അല്പം സമ്പത്ത് ബാക്കി വെക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ എന്ന് തിരുറസൂല്‍(സ്വ)പ്രാര്‍ഥിക്കുന്നുണ്ട് (ബുഖാരി, മുസ്‌ലിം). വരാന്‍ പോകുന്ന വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ധാന്യങ്ങള്‍ മിതമായി ഉപയോഗിച്ച് വരും കാലത്തേക്ക് അല്പം ബാക്കി വെച്ച യൂസുഫ് നബിയുടെ(അ) ചരിത്രവും ഏറെ സുപരിചിതമാണല്ലോ. അതുകൊണ്ട് തന്നെ, സമ്പത്തില്‍ നിന്ന് അല്പം ഭാവിയിലേക്ക് കരുതി വെക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു ശീലമാണ്.
ഭാവിയിലേക്കുള്ള ആവശ്യത്തിനു വേണ്ടിയാകണം പണം എടുത്തു വെക്കേണ്ടത്. അല്ലാതെ, ചെലവഴിക്കാന്‍ പറഞ്ഞ ഇടങ്ങളില്‍ ചെലവഴിക്കാതെയും പിശുക്ക് കാണിച്ചും പണം എടുത്തുവെക്കുന്നത് നല്ല സ്വഭാവമല്ല. അത് സമ്പത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തു കളയാന്‍ കാരണമാവുകയും ചെയ്യും. സമ്പത്ത് പൂഴ്ത്തിവെച്ച് അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് ഖുര്‍ആനിലൂടെ അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നുണ്ട് (തൗബ-34). ഇത്തരം പിശുക്കും അമിതമായ ലാഭക്കൊതിയും ഒഴിവാക്കാന്‍ വേണ്ടിയാണ് അല്ലാഹു സകാത് നിര്‍ബന്ധമാക്കിയതും ദാനധര്‍മം പ്രോത്സാഹിപ്പിച്ചതും. എന്നാല്‍ ഇവയൊന്നും, ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇപ്പോള്‍ പണം എടുത്തു വെക്കുന്നതിന് എതിരല്ല. അത് സാമ്പത്തിക ആസൂത്രണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഒരിക്കല്‍ സഅദ് ബിന്‍ അബീ വഖാസ്(റ) റസൂലിന്റെ അടുത്തുവന്ന് പറഞ്ഞു: എനിക്ക് പ്രായം കൂടിയിരിക്കുന്നു. ഒരു മകള്‍ മാത്രമേ എനിക്കുള്ളൂ. ഞാനെന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം സ്വദഖ ചെയ്യട്ടെ? റസൂല്‍ അനുമതി നല്‍കിയില്ല. പകുതി ചെയ്യട്ടെ എന്ന് സഅദ്(റ) ചോദിച്ചു. അപ്പോഴും അനുമതി ലഭിച്ചില്ല. മൂന്നില്‍ ഒരുഭാഗം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: “മൂന്നില്‍ ഒന്ന് തന്നെ അധികമാണ്. ജനങ്ങളുടെ മുന്നില്‍ ചെന്ന് കൈ നീട്ടുന്ന രൂപത്തില്‍ മക്കളെ ബാക്കിയാക്കുന്നതിന് പകരം അവരെ സമ്പന്നരായി അനന്തരം ഏല്‍പ്പിക്കുന്നതാണ് ഒരാള്‍ക്ക് ഉത്തമം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നിന്റെ ഭാര്യയെ ഭക്ഷിപ്പിക്കുന്നതുപോലും ഏറെ പുണ്യമുള്ള കാര്യമാണ്'(ബുഖാരി, മുസ്‌ലിം). ഇതെല്ലാം ആവശ്യങ്ങള്‍ക്കു വേണ്ടി പണം കരുതി വെക്കുന്നതിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.

ഭക്ഷ്യ പദാർഥങ്ങള്‍ പൂഴ്ത്തിവെക്കുന്നത് ശാഫി മദ്ഹബിലെ പ്രബല അഭിപ്രായപ്രകാരം നിഷിദ്ധമാണ്. അപ്രകാരം തന്നെ വസ്ത്രവും മറ്റു ഉത്പന്നങ്ങളും പൂഴ്ത്തിവെക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. ഭാവിയില്‍ വലിയ വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടി ജനങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് നല്‍കാതെ പിടിച്ചു വെക്കുന്നതിനെയാണ് നിഷിദ്ധമാക്കിയ പൂഴ്ത്തിവെപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇവ എടുത്തുവെച്ചത് തനിക്ക് വേണ്ടിയോ തന്റെ കുടുംബത്തിന് വേണ്ടിയോ ആണെങ്കില്‍ അത് കുഴപ്പമില്ലെന്ന് സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നുണ്ട് (ഫത്ഹുല്‍ മുഈന്‍). സമ്പത്ത് എടുത്തു വെക്കുന്നതിലെ അതിര്‍വരമ്പ് ഈ ചര്‍ച്ചയില്‍ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. നമ്മുടെ ആശ്രിതര്‍ക്ക് വേണ്ടിയാവുകയും അത് മറ്റൊരാളുടെ അവകാശത്തെ ഹനിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സേവിങ് ഒരു മഹത്തായ ആസൂത്രണ രീതിയാവുന്നത്.

പണം എവിടെ സൂക്ഷിക്കും?
ഭാവിയിലെ ആവശ്യങ്ങൾക്കുവേണ്ടി നമുക്ക് പണം എവിടെയൊക്കെ സൂക്ഷിക്കാന്‍ സാധിക്കും? ആധുനിക സമ്പദ് വ്യവസ്ഥയില്‍ ഇതിന്റെ പ്രഥമ ഉത്തരം ബാങ്കുകളാണ്. ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ പലിശ ലഭിക്കുന്നതുകൊണ്ട് തന്നെ അത് സ്വീകാര്യമായ ഒരു മാര്‍ഗമല്ല. പണം കൂടുതല്‍ ലഭിക്കണമെങ്കില്‍ സമ്പദ്്വ്യവസ്ഥയില്‍ കൂടുതല്‍ ഉത്പാദനം നടക്കേണ്ടതുണ്ട്. ഈ ഉത്പാദനം നടക്കാതെ, കേവലം പണം നല്‍കി എന്ന കാരണത്താല്‍, അധിക പണം ആവശ്യപ്പെടുന്നത് സമ്പദ്്വ്യവസ്ഥയില്‍ പണത്തിനുള്ള മൂല്യം തകര്‍ക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ പലിശ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുക എന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണ്.

എന്നാല്‍, പണം മറ്റൊരാള്‍ക്ക് കടം നല്‍കുന്നത് നല്ലൊരു മാര്‍ഗമാണ്. ഒരേ സമയം മറ്റൊരാളെ സഹായിക്കാനും നമ്മുടെ പണം സൂക്ഷിച്ചു വെക്കാനും കടം നല്‍കുന്നതിലൂടെ സാധിക്കും. അതുപോലെ, നമ്മുടെ നാട്ടില്‍ വ്യാപകമായി പ്രയോഗത്തിലുള്ള കുറി സമ്പ്രദായവും പണം കരുതി വെക്കാന്‍ സഹായിക്കുന്നുണ്ട്. ഈ രണ്ട് സാമ്പത്തിക വ്യവഹാരങ്ങളിലുമുള്ള നിബന്ധനകള്‍ വരും ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login