ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

ദേശീയ വിദ്യാഭ്യാസനയം 2020 വിശാല നാഗ്പൂർ പദ്ധതിക്ക് രണ്ടാംഘട്ടം

“”പുരാതനവും അനശ്വരവുമായ ഇന്ത്യന്‍ വൈജ്ഞാനികതയും ചിന്താധാരകളുമാണ് ഈ നയത്തിന്റെ പ്രകാശദീപങ്ങള്‍. ജഞാന-വിജ്ഞാന-സത്യാര്‍ജ്ജനമാണ് ഇന്ത്യന്‍ ചിന്തയും ദര്‍ശനങ്ങളും മനുഷ്യന്റെ ഉന്നത ലക്ഷ്യമായി കണക്കാക്കുന്നത്. പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസ ലക്ഷ്യം ഈ ലോകത്ത് പുലരാനാവശ്യമായ അറിവിന്റെ കേവല സമ്പാദനമായിരുന്നില്ല, മറിച്ച് ആത്മത്തിന്റെ സമ്പൂര്‍ണ വിമോചനമായിരുന്നു. പുരാതന ഇന്ത്യയിലെ ലോകോത്തര വിദ്യാകേന്ദ്രങ്ങളായ തക്ഷശില, നളന്ദ, വിക്രമശില, വല്ലഭി എന്നിവ ബഹുമുഖമായ അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഉജ്വല മാതൃകകള്‍ തീര്‍ക്കുകയും ലോകമെമ്പാടുമുള്ള വൈജ്ഞാനികര്‍ക്ക് അഭയമാവുകയും ചെയ്തു. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, വരാഹമിഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, ചാണക്യന്‍, ചക്രപാണി ദത്ത, മാധവ, പാണിനി, പതഞ്ജലി, നാഗാര്‍ജുന, ഗൗതമ, പിംഗള, ശങ്കരദേവ, മൈത്രേയി, ഗാര്‍ഗി, തിരുവള്ളുവര്‍ തുടങ്ങിയ മഹാപണ്ഡിതര്‍ ഗണിതം, അസ്‌ട്രോണമി, ലോഹശാസ്ത്രം, വൈദ്യശാസ്ത്രം, ശസ്ത്രക്രിയ, വാസ്തുവിദ്യ, സിവില്‍ എഞ്ചിനീയറിംഗ്, കപ്പല്‍ നിര്‍മാണം, സമുദ്രയാനം, യോഗവിദ്യ, കല, ചെസ് തുടങ്ങിയ മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ ദര്‍ശനങ്ങള്‍ക്കും സംസ്‌കാരത്തിനും ലോകത്തിനുമേല്‍ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ഈ മഹിത പാരമ്പര്യത്തെ തിരിച്ചറിയുകയും ഭാവിക്ക് വേണ്ടി സംരക്ഷിക്കുകയും മാത്രമല്ല വേണ്ടത്. മറിച്ച്, അതില്‍ ഗവേഷണം നടത്തി ഭാവി വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.” (National Education Policy 2020, ആമുഖം പേജ് നാല്.)
കര്‍ണാടകത്തില്‍ ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കുന്നു, ഗുജറാത്തില്‍ ഉള്‍പ്പടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ ചരിത്രം തമസ്‌കരിക്കുന്നു, സവര്‍ക്കര്‍ ഉള്‍പ്പടെയുള്ള ഹിന്ദു നേതാക്കള്‍ ഇന്ത്യാ ചരിത്രത്തിന്റെ കേന്ദ്രപദവിയില്‍ അവരോധിക്കപ്പെടുന്നു, ഗാന്ധി സമ്പൂര്‍ണമായി തമസ്‌കരിക്കപ്പെടുന്നു, പാഠപുസ്തകങ്ങളില്‍ കാവിനിറം പടര്‍ത്തുന്നു, ഹിന്ദിയെ രാജ്യഭാഷയാക്കി പരിവര്‍ത്തിപ്പിക്കുന്നു, പ്രാദേശിക ചരിത്രം സമ്പൂര്‍ണമായി തിരസ്‌കരിക്കുന്നു, വിദ്യാഭ്യാസം പോലുള്ള സുപ്രധാന പദ്ധതിയില്‍ ഫെഡറലിസം കൈയൊഴിയപ്പെടുന്നു, ഇന്ത്യന്‍ പ്രാദേശികതയുടെ വേരുബലങ്ങളെ അംഗീകരിച്ച് ഇന്ത്യന്‍ ഭരണഘടന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ബഹുസ്വര നിലപാട് കാറ്റില്‍ പറത്തുന്നു തുടങ്ങിയ നാനാതരം ഉപരിപ്ലവമെന്ന് ഇപ്പോള്‍ വിളിക്കാവുന്ന വിമര്‍ശനങ്ങളുടെ ബഹളങ്ങള്‍ക്കിടയില്‍ ദേശീയ വിദ്യാഭ്യാസ നയം പ്രയോഗരൂപം പൂണ്ടിരിക്കുകയാണ്.

അങ്ങനെ പ്രയോഗത്തിലേക്ക് പ്രവേശിച്ച ഒരു പദ്ധതിയുടെ ആമുഖമാണ് നിങ്ങള്‍ തുടക്കത്തില്‍ വായിച്ചത്. പിന്നീടുള്ള 60 പേജുകളില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നാളെയെക്കുറിച്ച് നിങ്ങള്‍ വായിക്കാന്‍ പോകുന്ന നയരേഖയുടെ, അഥവാ ഇനി വരും നാളുകളില്‍ നിങ്ങള്‍ വിധേയപ്പെടേണ്ട നയത്തിന്റെ കാതല്‍ എന്ന് വിശേഷിപ്പിക്കാം ആമുഖത്തിന്റെ ഈ ആദ്യഭാഗത്തെ. നമ്മുടെ രാജ്യം ഇനി പിന്തുടരാന്‍ പോകുന്ന വിദ്യാഭ്യാസത്തിന്റെ രൂപരേഖ ഈ ആമുഖത്തിന്റെ താല്പര്യത്താല്‍ പ്രചോദിതമാണ്.
ഇന്ത്യയെ സംബന്ധിച്ച വിശാല നാഗ്പൂര്‍ പദ്ധതി അതിന്റെ യഥാർത്ഥ രൂപത്തില്‍ ഇനിയും വെളിപ്പെട്ടുകിട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉച്ഛഘട്ടത്തില്‍ അന്നത്തെ ഹിന്ദുത്വയുടെ വക്താക്കള്‍ ആഗ്രഹിച്ച, യത്‌നിച്ച “ഹിന്ദു’ ഇന്ത്യയുടെ രാഷ്ട്രീയ രൂപമാണത് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ സ്വഭാവം പക്ഷേ, നാം പലപ്പോഴും കരുതുന്നതുപോലെ അക്രമാസക്തമായ ഒന്നല്ല. അക്രമം ഹിന്ദുത്വയെ, അവരുടെ സമഗ്രാധികാരിയായി വിശേഷിപ്പിക്കപ്പെടുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ച് പരിഗണനയിലുള്ള ഒരു വഴിയല്ല. മറിച്ച് സമസ്താര്‍ഥത്തിലും ഭദ്രമായ ഒരു രാഷ്ട്ര വ്യവസ്ഥയെ നിര്‍മിക്കലാണ് ലക്ഷ്യം. ഒരു പള്ളിയെച്ചൊല്ലി അവര്‍ ഉയര്‍ത്തുന്ന തര്‍ക്കം വാസ്തവത്തില്‍ ആ പള്ളിയെ ചൊല്ലിയല്ല എന്നു കാണണം. ബാബരി തകര്‍ത്ത് രാമക്ഷേത്രം പണിയുക എന്നത് അവരുടെ പൊടുന്നനെ സാധ്യമാക്കേണ്ട ഒരു ലക്ഷ്യമായി മാറുന്നില്ല. അവര്‍ ഉദ്ദേശിക്കുന്ന രാഷ്ട്ര പദ്ധതയിലേക്കുള്ള വഴിയിലെ ചില്ലറ ഇടപാടുകള്‍ മാത്രമാണത്.

ഒന്നാം പദ്ധതി നാം ഇന്ന് മനസിലാക്കിയിട്ടുള്ളതുപോലെ രാഷ്ട്രീയാധികാരമായിരുന്നു. ദേശീയ പ്രസ്ഥാനത്തിലെ അസാന്നിധ്യവും ഗാന്ധി വധത്തിന്റെ കുറ്റഭാരവും ഇന്ത്യന്‍ ജാതി ഘടനയുടെ സങ്കീര്‍ണതയും ഇന്ത്യന്‍ ഭൂവുടമ ബന്ധങ്ങളില്‍ ശക്തമായി തുടര്‍ന്ന ജന്മിത്തവും ആ ജന്മികള്‍ക്ക് കോണ്‍ഗ്രസിനോടുള്ള ഭൂതകാല സ്മൃതിയാല്‍ ബന്ധിതമായ ബാന്ധവവും ഹിന്ദുത്വയെ ദീര്‍ഘകാലം അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്തി. ബ്രാഹ്മണിസത്തിന്റെ മേല്‍ക്കോയ്മ പലനിലകളിലുള്ള പ്രദേശങ്ങളില്‍ പോലും അവര്‍ക്ക് വേരുറപ്പിക്കല്‍ സാധ്യമായില്ല. അതിനര്‍ഥം ആ പ്രദേശങ്ങളില്‍ ഹിന്ദുത്വ പ്രബലമായിരുന്നില്ല എന്നല്ല. അതൊരു രാഷ്ട്രീയ ശക്തി അഥവാ വോട്ടര്‍ ശക്തി ആയിരുന്നില്ല എന്നു മാത്രമാണ്. കേരളത്തെ കുറിച്ചുള്ള ഒരു നിരീക്ഷണത്തില്‍ ടെലഗ്രാഫിന്റെ പത്രാധിപര്‍ രാജഗോപാല്‍ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തില്‍ ബി.ജെ.പി തിരഞ്ഞെടുപ്പില്‍ ജയിക്കാത്തതിന് കാരണം കേരളത്തില്‍ ബി.ജെ.പിയോ ഹിന്ദുത്വയോ ഇല്ലാത്തത് അല്ല. മറിച്ച് അവര്‍ ജയിക്കില്ല എന്ന തോന്നലില്‍ അകമേ ബി.ജെ.പിയും ഹിന്ദുത്വയുമായവര്‍ വോട്ട് ചെയ്യുന്നില്ല എന്നേ ഉള്ളൂ. സമാനമായിരുന്നു ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഹൃദയഭൂമികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളിലും. വോട്ട് ആയി പുറത്തു വരാന്‍ പാങ്ങില്ലാത്ത വിധം അടഞ്ഞുപോയ ആ ശക്തിയെ അക്കാലത്തെ ഇന്ത്യന്‍ വിചക്ഷണര്‍ വേണ്ടത്ര തിരിച്ചറിഞ്ഞില്ല. മാത്രവുമല്ല, ബിഹാറിലെ ജെ.പി മുന്നേറ്റവും യു.പിയിലെ ദളിത് ഉണര്‍ച്ചയും കണ്ട് പരിഭ്രാന്തമായ കോണ്‍ഗ്രസ് ആ അടഞ്ഞു കിടന്ന ഹിന്ദുത്വയെ തങ്ങളിലേക്ക് മുറുകെ പുണരുകയും ചെയ്തു. പക്ഷേ, നാഗ്പൂര്‍ കാത്തിരുന്നു.

ബിഹാര്‍ മുന്നേറ്റം യാദവ ബലത്തില്‍ അമ്പേ തകര്‍ന്നു. ബംഗാളിലെ സിദ്ധാര്‍ഥ റായ് ശങ്കറിന്റെ ഹിന്ദു കോണ്‍ഗ്രസ് ഭരണത്തെ ബംഗാളി ബാബുമാര്‍ അന്ന് ചേക്കേറിയിരുന്ന, കൊൽക്കത്ത ഭദ്രലോകത്തിന് സ്വീകാര്യരായി മാറിയ മാര്‍ക്‌സിസ്‌ററുകാര്‍ കീഴടക്കി. വടക്കുകിഴക്കേ ഇന്ത്യ അവരുടെ സ്ഥലപരമായ സ്വത്വവാദത്തില്‍ ചേക്കേറി ആയുധമെടുത്തു. യു പി ദളിത് മുന്നറ്റത്തിന്റെ ചൂടിലായി. കോണ്‍ഗ്രസ് അവിടെ വേരുകള്‍ നഷ്ടമാകാതെ പിടിച്ചുനിന്നു. ദക്ഷിണേന്ത്യ പലതരം സമവാക്യങ്ങള്‍ക്ക് കീഴില്‍ അമര്‍ന്നു. ഗുജറാത്ത് പട്ടേല്‍ വാഴ്ചയുടെ തിണ്ണമിടുക്കില്‍ കോണ്‍ഗ്രസായി വേഷം കെട്ടി. അപ്പോഴും എന്നെങ്കിലും പുറത്തു ചാടാന്‍ വെമ്പുന്ന ഹിന്ദുത്വയുടെ കുതിക്കലുകളെ നാഗ്പൂര്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

ജനാധിപത്യത്തെ ഫാഷിസത്തിന്റെ കെണിയിലേക്ക് തള്ളിയിടാന്‍ കെല്പുള്ള വമ്പന്‍ ആയുധമാണ് അഴിമതി. കെട്ടുറപ്പും ദിശാബോധവും നഷ്ടമായ കോണ്‍ഗ്രസ് സ്വാഭാവികമായും അഴിമതിയെ സ്വയം വരിച്ചു. അക്കാല മാധ്യമങ്ങള്‍ അവയെ പര്‍വതീകരിച്ചു. ദളിത് -പിന്നോക്ക-യാദവ മുന്നേറ്റങ്ങളും അഴിമതിയില്‍ പെട്ടു. തൊണ്ണൂറുകളില്‍ മന്‍മോഹന്‍സിംഗ് തുറന്നിട്ട ഇന്ത്യന്‍ ജാലകങ്ങളിലൂടെ ആദ്യം പ്രവേശിച്ചത് ചങ്ങാത്ത മുതലാളിത്തവും അതിന്റെ സഹജ ബന്ധുവായ അഴിമതിയുമാണ്. യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും ഭരണ ഇടനാഴികളിലെ അംഗീകൃത കൊള്ളക്കാരായി വിരാജിക്കുന്ന ഇടനിലക്കാരും ലോബിയിസ്റ്റുകളും മന്‍മോഹന്റെ ജാലകം വഴി കുതിച്ചെത്തി. അക്കാലത്ത് ഒട്ടൊക്കെ അവികസിതമായിരുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ അഴിമതിയുടെ ചാകര മണത്തു. ഇന്ത്യന്‍ രാഷ്ട്രീയം അതില്‍ മുങ്ങിത്താണു. ഇതേ തൊണ്ണൂറുകളിലാണ് ബാബരി വീണ്ടും ഉയിര്‍ക്കുന്നത്. ഒരുവശത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച തങ്ങളുടെ ഭരണകൂടങ്ങളോടുള്ള പക, മറുവശത്ത് ബാബരി ഊതിക്കത്തിച്ച ഹിന്ദു ബോധം. നാഗ്പൂര്‍ കാത്തിരുന്ന സുവര്‍ണാവസരം ആഗതമായി. രാഷ്ട്രീയാധികാരത്തിലേക്ക് അവര്‍ കരുക്കള്‍ നീക്കി. അപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷ പാരമ്പര്യത്തെക്കുറിച്ചും ഇന്ത്യന്‍ ജനതയുടെ ഓര്‍മബലത്തെക്കുറിച്ചും അവര്‍ക്ക് അറിയാമായിരുന്നു. മിതവാദിയും കവിയുമായ ഒരാളെ, അടല്‍ ബിഹാരി വാജ്‌പേയിയെ അവര്‍ മുന്നില്‍ നിര്‍ത്തി. തീവ്ര ഹിന്ദുവായ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പിന്നില്‍ നിന്നു. റൈറ്റ് മാന്‍ ഇന്‍ എ റോങ് പാര്‍ട്ടി എന്ന വിശേഷണം മുഖ്യധാരാ മാധ്യമങ്ങളും അക്കാല ബുദ്ധിജീവികളും വാജ്‌പേയിക്ക് ആഘോഷപൂര്‍വം ചാര്‍ത്തി. റോങ് പാര്‍ട്ടി എന്ന ആ വിശേഷണം നാഗ്പൂര്‍ ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. വാജ്‌പേയി പരീക്ഷണം വിജയിച്ചു. ഹിന്ദുത്വക്ക് പുറത്ത് രാഷ്ട്രീയം കണ്ടെത്തിയിരുന്ന മനുഷ്യര്‍, ഗാന്ധിയോര്‍മകളില്‍ ഹിന്ദുത്വയോട് മുഖം തിരിച്ചിരുന്ന മനുഷ്യര്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സെക്കുലര്‍-ബഹുസ്വര പാരമ്പര്യത്തെ ഓര്‍ത്ത് ഹിന്ദുത്വയോട് അകലം പാലിച്ച മനുഷ്യര്‍ ആ അകലങ്ങള്‍ ലംഘിച്ചു. ഒരുവേള ഇന്ത്യന്‍ ഇടതുപക്ഷവും ബി.ജെ.പിയും മുന്നണി പങ്കിടുക പോലും ചെയ്തു. സ്വീകാര്യതയുടെ സൂര്യോദയം നാഗ്പൂര്‍ കണ്ടു.

പലകാരണങ്ങളാല്‍ പുറത്തു കാട്ടാത്ത ഹിന്ദുത്വയെ വലിച്ചു പുറത്തിടാനുള്ള രാസപരീക്ഷണങ്ങള്‍ നാഗ്പൂര്‍ ലാബില്‍ അവിരാമം നടന്നു. അതിലൊന്നായിരുന്നു അക്കാലത്ത് ഹിന്ദുത്വയ്ക്ക് അത്രയൊന്നും അഭിമതനല്ലാതിരുന്ന നരേന്ദ്ര മോഡി. പട്ടേല്‍ വാഴ്ചയുടെ വേരറുക്കാനും ഗുജറാത്ത് തീരത്ത് ഹിന്ദുത്വയുടെ പടുകൂറ്റന്‍ കപ്പലിന് നങ്കൂരമിടാനുമുള്ള ശേഷിയും ശേംഷിയും മോഡിയിലുണ്ടെന്ന് നാഗ്പൂര്‍ കണ്ടു. ആസൂത്രിതമായ ഒരു വംശഹത്യയിലൂടെ മോഡി അത് തെളിയിച്ചു. അക്കാലത്ത് കോണ്‍ഗ്രസ് അവരുടെ ശവപ്പെട്ടികളില്‍ അവസാന ആണികളുമടിച്ച് വിശ്രമത്തിലായിരുന്നു. സംഘപരിവാറിന്റെ ഇന്ത്യന്‍ രാഷ്ട്രീയ- തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ആരംഭിച്ചു. 2014-ല്‍ ആ വിജയം അതിന്റെ എവറസ്റ്റ് കയറി. 2019-ല്‍ കൊടി വീണ്ടും അവര്‍ ഉയരത്തില്‍ കെട്ടി. സഹ്യനപ്പുറം നിലം തൊടാന്‍ പറ്റാതെ വിയര്‍ത്തു പ്രതിപക്ഷങ്ങള്‍. 2024-ല്‍ ആര് പ്രധാനമന്ത്രിയാവണം എന്ന ചര്‍ച്ച തുടങ്ങിവെക്കാന്‍ മാത്രം അസാധാരണമായ ആത്മവിശ്വാസത്തിലേക്ക് സംഘപരിവാരം എത്തി. നാഗ്പൂര്‍ അതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ആ രണ്ടാം ഘട്ടത്തിന്റെ മാനിഫെസ്‌റ്റോ ആണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. ആ നയം എന്താണ് എന്നതിന്റെ അടിക്കുറിപ്പാണ് തുടക്കത്തില്‍ നാം വായിച്ച ആമുഖം.

എതിരാളികളില്ലാത്ത വിധം രാഷ്ട്രീയാധികാരം തങ്ങളിലേക്ക് എത്തിച്ചേര്‍ന്നു എന്നും അത് സംരക്ഷിക്കാനുള്ള വിഭവങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും മറ്റാരെക്കാളും നന്നായി സംഘപരിവാറിനറിയാം. ഹര്‍ദിക് പട്ടേൽ പോലും ആ ക്യാമ്പിലേക്ക് ഓടിക്കയറിയത് നാം കണ്ടതാണല്ലോ. ഇനി വേണ്ടത് രാഷ്ട്ര നിര്‍മാണമാണ്. തങ്ങളുടെ ഇച്ഛക്ക് അനുസരിച്ച് നിര്‍മിക്കപ്പെടുന്ന ഒരു രാഷ്ട്രത്തില്‍, അഥവാ തങ്ങള്‍ നിര്‍മിക്കുന്ന ഒരു രാഷ്ട്ര മനോനിലയില്‍ രാഷ്ട്രീയ അധികാരം ശ്വാശ്വതമാവും എന്നും അവര്‍ക്കറിയാം. ഏതൊരു രാഷ്ട്രത്തിന്റെയും അടിത്തറ അതിന്റെ ചിന്തകളാണ്. ചിന്തകളുടെ ഗതി നിര്‍ണയിക്കുന്നതാകട്ടെ വിദ്യാഭ്യാസവും. നിലനില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതി ഏത് തരം കുറവുകള്‍ക്കിടയിലും ഇന്ത്യ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ആശയത്തിന്റെ പ്രകാശനമാണ്. അതിനാലാണ് ഹിന്ദുത്വയുടെ പ്രധാന വിമര്‍ശകരായി ഇന്ത്യന്‍ സര്‍വകലാശാലകള്‍ പലതും മാറിയത്. കോത്താരി വരെയുള്ള വിദ്യാഭ്യാസ നയശില്‍പികളെ പ്രചോദിപ്പിച്ചത് ആ ആശയമാണ്. അതിനാലാണ് നമ്മുടെ രാജ്യത്തിന്റെ വിദ്യഭ്യാസ ആലോചനകളില്‍ രബീന്ദ്രനാഥ ടാഗോര്‍ ഒരു പ്രധാന പേരായി മാറിയത്. അമര്‍ത്യ സെന്‍ എന്ന ടാഗോറിയന്‍ നോബല്‍ സമ്മാനിതനാവുകയും തന്റെ സൂക്ഷ്മമായി വിമര്‍ശാവബോധത്തിന്റെ മഹാപ്രകാശങ്ങള്‍ ചൊരിയുകയും ചെയ്യുന്നത് വര്‍ത്തമാന അനുഭവമാണ്.

ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയുടെ മറ്റൊരു മഹിതസ്ഥാനമാണ് ഗാന്ധിജി. 1966-ലെ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടാണല്ലോ നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന മാര്‍ഗരേഖ. ആ റിപ്പോര്‍ട്ട് ഇന്ത്യന്‍ വ്യവസായവത്കരണത്തിന്റെയും ജനാധിപത്യവത്കരണത്തിന്റെയും ആധാരശിലയായി ചൂണ്ടിക്കാട്ടുന്നത് ഗാന്ധിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ദര്‍ശനത്തെയാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയിലെ ഗാന്ധിയന്‍ മൂല്യങ്ങളുടെ പിന്തുടര്‍ച്ചയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ശാസ്ത്രബോധത്തിന്റെ അനിവാര്യത ഇന്ത്യന്‍ വിദാഭ്യാസത്തില്‍ ഇഴചേര്‍ത്തയാള്‍. മറ്റൊരു ധാര അംബേദ്കറാണ്-പതിതരുടെ മിശിഹ.

ഒറ്റയടിക്ക് ഇവരെയെല്ലാം കൈയൊഴിയുകയാണ് നാമിപ്പോള്‍ വിധേയപ്പെടാന്‍ പോകുന്ന വിദ്യഭ്യാസ നയം. 64 പുറങ്ങളുള്ള ഈ രേഖയില്‍ എവിടെയും ഈ പേരുകളില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലത്ത് വികസിതമായ മിഷണറി വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങളെ സംബന്ധിച്ച് സൂചനകളില്ല. അബുൽ കലാം ആസാദില്ല. പകരമുള്ളതോ ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, വരാഹമിഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, ചാണക്യന്‍, ചക്രപാണി ദത്ത, മാധവ, പാണിനി, പതഞ്ജലി, നാഗാര്‍ജുന, ഗൗതമ, പിംഗള, ശങ്കരദേവ, മൈത്രേയി, ഗാര്‍ഗി, തിരുവള്ളുവര്‍ എന്നിങ്ങനെ. ഇവരെ വിസ്മരിക്കണമെന്നല്ല, ആധുനികത പകര്‍ന്നു നല്‍കിയ പുതിയ വെളിച്ചത്തിലല്ലാതെ ഇവരുടെ ദര്‍ശനങ്ങളെ സമീപിക്കുന്നത് രാമായണകാലത്തെ വിമാനം പോലുള്ള അസംബന്ധജല്പനങ്ങളിലേക്ക് നമ്മെ നയിക്കും.

സര്‍വകലാശാല എന്ന സങ്കല്‍പത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്ല. ഇന്ത്യന്‍ ബഹുസ്വരതയുടെ കേന്ദ്രമായി ഉയര്‍ന്നുവന്ന മുസ്‌ലിം സര്‍വകലാശാലകളോ സ്ഥാപനങ്ങളോ ഇല്ല, അമര്‍ത്യസെന്‍ ഉള്‍പ്പടെ മഹാപ്രതിഭകളെ വാര്‍ത്ത, ദേശീയത എന്ന അപകടത്തെ “വസുധൈവ കുടുംബകം’ (ഭൂമി ഒറ്റ കുടുംബമാണ്) എന്ന് തിരുത്തിയ വിശ്വഭാരതി ഇല്ല. പകരമുള്ളത് തക്ഷശില, നളന്ദ,വിക്രമശില, വല്ലഭി എന്നിങ്ങനെ. ചരിത്രം അതിന്റെ ഉപകരണങ്ങളിലൂടെ സ്ഥാപിച്ചിട്ടുള്ളതാണ് ഈ സര്‍വകലാശാലകളുടെ ബഹുസ്വര പരിമിതികള്‍. വരേണ്യ ഹിന്ദു-വരേണ്യ ബൗദ്ധ പഠന കേന്ദ്രങ്ങളായി നിലനിന്നിരുന്ന സ്ഥാപനങ്ങളെയാണ് ആധുനിക കാലത്തെ ഒരു ജനാധിപത്യ രാജ്യം മാതൃകാസ്ഥാനമായി പരിഗണിക്കുന്നത് എന്ന് വരുന്നു.
ഒരേ സമയം പരമ്പര്യത്തിന്റെ, പൈതൃക ഘോഷണത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്, ആ അന്തരീക്ഷത്തെ രാഷ്ട്ര മനോനിലയാക്കി മാറ്റി, ആ ഭൂതകാലത്തെ ജാതി പദ്ധതികളും ഭൂബന്ധങ്ങളും ശ്രേഷ്ഠമായിരുന്നു എന്ന് പ്രചരിപ്പിച്ച് ആധുനിക വിരുദ്ധമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക, ആ സമൂഹത്തില്‍ അക്കാരണത്താല്‍ പരക്കുന്ന ഇരുളില്‍ വംശീയതയുടെ വിത്തെറിയുക എന്നതാണല്ലോ ലോകമെങ്ങും ഫാഷിസം നടപ്പാക്കിയ സോഷ്യല്‍ എഞ്ചിനീയറിംഗ്. അതുതന്നെയാണ് ഈ വിദ്യാഭ്യാസ നയരേഖയുടെ ഒന്നാം മുഖമുദ്ര.

ഫാഷിസത്തിന്റെ രണ്ടാം മുഖം കോര്‍പറേറ്റിസമാണ്. മൂല്യം എന്നതിനെ സമ്പൂര്‍ണമായി കൈയൊഴിയുന്ന കച്ചവടം പ്രഥമവും പ്രധാനവുമാവുന്ന കോര്‍പറേറ്റുകളാണ് ഫാഷിസത്തിന്റെ ഇഷ്ടക്കാര്‍. അവര്‍ക്ക് വേണ്ടിയാണ് ഫാഷിസം ഭരണം നിര്‍വഹിക്കുന്നത് (Fascism should more appropriately be called Corporatism because it is a merger of state and corporate power -ബെനിറ്റോ മുസോളിനി).
ഇനി ഭാവിയെക്കുറിച്ച് രേഖ പറയുന്നത് കാണുക. Knowledge creation and research are critical in growing and sustaining a large and vibrant economy, uplifting society, and continuously inspiring a nation to achieve even greater heights.

Indeed, some of the most prosperous civilizations (such as India, Mesopotamia, Egypt, and Greece) to the modern era (such as the United States, Germany, Israel, South Korea, and Japan), were/are strong knowledge societies that attained intellectual and material wealth in large part through celebrated and fundamental contributions to new knowledge in the realm of science as well as art, language, and culture that enhanced and uplifted not only their own civilizations but others around the globe.
(National Education Policy 2020, 17.1)
കൃത്യമല്ലേ, ആധുനിക കാലത്തെ വൈജ്ഞാനിക മാതൃകകളായി ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളെ നോക്കൂ. ആ രാജ്യങ്ങളിലെ വികസന മാതൃക നോക്കൂ. ആ രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന വികസന-വിദ്യാഭ്യാസത്തിന്റെ ചരിത്ര രാഹിത്യവും അന്തസാര ശൂന്യതയും നോക്കൂ. അത്രയേ ഉള്ളൂ. നാം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login