വാടകക്ക് നല്‍കി വരുമാനം നേടാം

വാടകക്ക് നല്‍കി  വരുമാനം നേടാം

ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കി വരുന്ന തുക എവിടെയെങ്കിലും നിക്ഷേപിക്കണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനൊരുപാട് കാരണങ്ങളുണ്ട്. ദിനേന ഉയര്‍ന്നു കൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തെ മുന്‍നിര്‍ത്തിയുള്ള ഭീതിയാണ് അതില്‍ പ്രധാനം. Ministry of Statistics and Programme Implementation-ന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം 7.79 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് കേവലം 6.95 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ഒരിടത്തും നിക്ഷേപിക്കാതെ പണം കൈയില്‍ വെക്കുന്നത് അബദ്ധമാണെന്ന് വിലയിരുത്തുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. അതൊരു ശരിയായ വിലയിരുത്തലുമാണ്. ഈ പണം നാം എവിടെ കൊണ്ടുപോയി നിക്ഷേപിക്കും? അതിന്റെ സാധ്യതകളാണ് തുടര്‍ന്നുള്ള ലക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

വാടകയിലെ സാധ്യതകള്‍
നമ്മുടെ കൈയില്‍ വലിയൊരു തുകയുണ്ടെങ്കില്‍ അതു കൊണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ വാഹനം, തൊഴിലുപകരണങ്ങള്‍ പോലെ ജനങ്ങള്‍ക്ക് ആവശ്യം വരുന്ന ഉത്പന്നങ്ങള്‍ വാങ്ങുകയോ ചെയ്യാം. ചെറിയ തുക മാത്രമാണ് കൈയിലുള്ളതെങ്കില്‍ കൂട്ടമായി ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുകയോ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ ചെയ്യാം. ഇതിലൂടെ നമുക്കുണ്ടാകുന്ന നേട്ടങ്ങള്‍ നിരവധിയാണ്. കൈയില്‍ പണം സൂക്ഷിച്ചുവെക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പണപ്പെരുപ്പ ഭീതി ഇവിടെയുണ്ടാകുന്നില്ല. നാം വാങ്ങിയ/നിര്‍മിച്ച അസറ്റുകള്‍ നഷ്ടപ്പെടുന്നുമില്ല. എന്നാല്‍, നമുക്ക് ബോണസ് എന്നോണം വാടക ലഭിക്കുകയും ചെയ്യും.
ഒരു വസ്തുവിന്റെ ഉപകാരം മറ്റൊരാള്‍ക്ക് നിശ്ചിത സമയത്തേക്ക് നിശ്ചിത വിലക്ക് പകരമായി ഉടമപ്പെടുത്തി കൊടുക്കുന്നതിനെയാണ് വാടക എന്ന് പറയുന്നത്. അറബിയില്‍ ഇതിന് ഇജാറത് എന്നാണ് പറയുക. വാടകയില്‍ വസ്തുവിന്റെ ഉടമവകാശത്തെ ഒരിക്കലും കൈമാറ്റം ചെയ്യുന്നില്ല. വാടക വാങ്ങിയ വ്യക്തിക്ക് വാടക വസ്തുവിന്റെ ഉപകാരം മാത്രമാണ് ലഭിക്കുക. വാടക രണ്ടു രൂപത്തിലുണ്ട്. നിലവിലുള്ള കെട്ടിടങ്ങള്‍/ഉത്പന്നങ്ങള്‍ എന്നിവ വാടകക്ക് നല്‍കുന്നതാണ് ഒന്നാമത്തെ രൂപം. അവിടെ ഉപകാരത്തിന് താമസം വരാന്‍ പാടില്ല. ഉദാഹരണത്തിന്, ഈ കെട്ടിടം നാളെ മുതല്‍ നിനക്ക് വാടകക്ക് നല്‍കിയിരിക്കുന്നു എന്നു പറയുന്നത് പോലെ. എന്നാല്‍ നിലവില്‍ ഒരു വര്‍ഷത്തേക്ക് വാടക വാങ്ങിയ വ്യക്തിക്ക് അടുത്ത വര്‍ഷത്തേക്ക് ഇപ്പോള്‍ തന്നെ വാടക നല്‍കുന്നതില്‍ കുഴപ്പവുമില്ല. നിലവില്‍ ലഭ്യമല്ലാത്ത/കാണാത്ത, കെട്ടിടം/ഉത്പന്നം വാടകക്ക് നല്‍കുന്ന രൂപമാണ് രണ്ടാമത്തേത്. സലം കച്ചവടം പോലെയാണിത്. പ്രീ ബുക്കിങ്ങിന് സമാനമായ രീതി. ഇന്നാലിന്ന വിശേഷണങ്ങളുള്ള കെട്ടിടം നിന്നില്‍ നിന്ന് വാടകക്ക് വാങ്ങി എന്നു പറയുന്നത് പോലെ. ആധുനിക ഇസ്‌ലാമിക സമ്പദ് വ്യവസ്ഥകളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഈ രൂപം വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. വാടക ഇടപാടില്‍ പ്രാഥമികമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

വാടകയില്‍ പ്രവേശിക്കുമ്പോള്‍
1. ഉപകാരമെടുത്തതിനു ശേഷവും ബാക്കിയാവുന്ന വസ്തുക്കളാണ് വാടകക്കു നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ഭക്ഷണം, മെഴുകുതിരി പോലെ ഉപയോഗശേഷം നശിച്ചു പോകുന്ന വസ്തുക്കള്‍ വാടകക്ക് നല്കാന്‍ പാടില്ല(തുഹ്ഫ). നശിച്ചു പോയി കഴിഞ്ഞാല്‍ പ്രസ്തുത വസ്തു അതുപോലെ തിരിച്ചു നല്കാന്‍ നമുക്ക് സാധിക്കില്ലല്ലോ. നമ്മുടെ നാടുകളില്‍ സാധാരണ വാടകക്കു നല്‍കുന്ന കെട്ടിടങ്ങള്‍, തൊഴില്‍ ആയുധങ്ങള്‍, വാഹനങ്ങള്‍ ഇവയെല്ലാം ഉപയോഗശേഷവും ബാക്കിയാവുന്ന വസ്തുക്കളാണ്.

2. മതം അനുവദിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ വാടകക്കു നല്‍കാവൂ. മദ്യം വില്‍ക്കാനോ, വ്യഭിചാരം പോലുള്ള അശ്ലീലം നടത്താനോ, പലിശ വാങ്ങാനോ സഹായകമാവുന്ന രീതിയില്‍ ഒരു വസ്തുവും വാടകക്കു നല്കാന്‍ പാടില്ല. നാം നല്‍കുന്ന വസ്തു തെറ്റായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുമെന്ന് നൂറുശതമാനം നമുക്ക് ബോധ്യമുണ്ടെങ്കില്‍, പ്രസ്തുത ആവശ്യത്തിനു വേണ്ടി വാടകക്ക് കൊടുക്കല്‍ നിഷിദ്ധമാണ്(ഹറാം). എന്നാല്‍, നൂറു ശതമാനം ഉറപ്പില്ലെങ്കിലും, തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ വാടകക്ക് നല്‍കല്‍ കറാഹതാണ്. മുന്തിരി പോലെയുള്ള വസ്തുക്കള്‍ ലഹരിയുണ്ടാക്കാന്‍ ഉപയോഗിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ വില്പന നിഷിദ്ധമാണല്ലോ. അല്ലാഹുവല്ലാത്തവരെ ആരാധിക്കുക എന്നത് മതപരമായി തെറ്റായതു കൊണ്ട് തന്നെ, അത്തരം ആരാധന കര്‍മങ്ങള്‍ക്കു വേണ്ടി വാടക നല്കാനും പാടില്ല (ഫത്ഹുല്‍ മുഈന്‍). എന്നാല്‍ ഇസ്‌ലാമേതര വിശ്വാസികള്‍ക്ക് മതപരമല്ലാത്ത മാനുഷികമായ എന്ത് ആവശ്യത്തിനുവേണ്ടിയും വാടകക്ക് നല്‍കാവുന്നതാണ്.
ബാങ്കുകള്‍, അശ്ലീലതയുള്ള ക്ലബുകള്‍, മദ്യഷാപ്പുകള്‍ എന്നിവക്കു വേണ്ടി വാടകക്ക് നല്‍കുകയോ അത്തരം ഇടങ്ങളിലേക്ക് വാടകക്ക് നല്കാന്‍ ഉദ്ദേശിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. ഇവിടെ നമ്മള്‍ തെറ്റു ചെയ്യുന്നില്ലല്ലോ എന്നു കരുതി ഇടപാട് സാധുവാകില്ല. തെറ്റിനെ സഹായിക്കലും ഗുരുതരമായ തെറ്റു തന്നെയാണ്. അതുകൊണ്ട് തന്നെ നാമുണ്ടാക്കിയ വീടുകള്‍, വില്ലകള്‍, അപ്പാര്‍ട്‌മെന്റുകള്‍ എന്നിവ വാടകക്ക് നല്‍കുമ്പോള്‍ താമസിക്കുന്നവര്‍ നല്ലസ്വഭാവമുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിലൂടെ മനസിലാക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണ്. ചൂഴ്ന്നന്വേഷിക്കേണ്ടതില്ലെങ്കിലും, നിര്‍ബന്ധമില്ലെങ്കിലും ജീവിതത്തിലെപ്പോഴും സൂക്ഷ്മത കാത്തുസൂക്ഷിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.

3. വാടകയുടെ തുക കൃത്യമായി നിര്‍ണയിച്ചിരിക്കണം(ഫത്ഹുല്‍ മുഈന്‍). വാടകക്ക് നല്‍കിയ കെട്ടിടത്തില്‍, വാടക വാങ്ങിയ വ്യക്തി നടത്തുന്ന കച്ചവടത്തിന്റെ ലാഭത്തില്‍ നിന്നും പത്തു ശതമാനം വാടക ഈടാക്കുന്നതൊക്കെ തെറ്റാണ്. അവിടെ വാടകയുടെ തുക നിര്‍ണിതമല്ല എന്നതാണ് കാരണം. എന്നാല്‍, പ്രസ്തുത ഇടപാടിനെ ഒരു പാര്‍ട്ണര്‍ഷിപ് കോണ്‍ട്രാക്ട് ആയി വികസിപ്പിക്കാവുന്നതാണ്. അപ്പോള്‍ ലാഭത്തില്‍ നിന്നുള്ള ശതമാനം അനുവദനീയവുമാണ്.
വാടക വില നിര്‍ണിതമാകേണ്ടത് പോലെ തന്നെ വാടകയുടെ കാലാവധിയും നിര്‍ണിതമാകേണ്ടതുണ്ട്. എത്ര മാസത്തേക്ക് എന്ന നിശ്ചയമില്ലാത്ത, ഓരോ മാസവും ആയിരം വാടക എന്ന പറഞ്ഞ് കരാര്‍ ഉറപ്പിക്കുന്ന ഇടപാടും സാധുവാകുകയില്ല (തുഹ്ഫ). ചുരുക്കത്തില്‍, വാടകയുടെ വിലയും കാലാവധിയും കൃത്യമായി നിര്‍ണയിക്കണം.

4. വാടകയുടെ കാലാവധി കഴിഞ്ഞാല്‍ വാടക വസ്തു തടഞ്ഞുവെക്കാന്‍ പാടില്ല. അത് ഉപയോഗിക്കാനും പാടില്ല. വാടക നല്‍കിയ വ്യക്തി നമുക്ക് മറ്റു വകുപ്പുകളിലൂടെ പണം തരാനുണ്ടെങ്കിലും വാടക വസ്തു കാലാവധിക്കു ശേഷം ഉപയോഗിക്കരുത്, തിരികെ നല്‍കണം. അങ്ങനെ തിരികെ നല്‍കാതെ വിശ്വാസ വഞ്ചന കാണിക്കുന്നത് വന്‍കുറ്റമാണെന്ന് ഇബ്നു ഹജര്‍(റ) പറയുന്നുണ്ട് (സവാജിര്‍). രണ്ടു പേര്‍ക്കും താത്പര്യമുണ്ടെങ്കില്‍ പുതിയ ഇടപാട് തുടങ്ങാവുന്നതാണ്. അപ്പോഴും, നേരത്തെ നിശ്ചയിച്ച വാടകവിലക്ക് തന്നെ നല്‍കണമെന്ന് ശാഠ്യം പിടിക്കരുത്. അത് രണ്ടു പേര്‍ക്കും തൃപ്തിയുള്ള തുകയിലാണ് നിശ്ചയിക്കേണ്ടത്. കാലാവധി കഴിഞ്ഞ ശേഷം വാടക വസ്തുവിന്റെ ഉപയോഗമെടുത്തവര്‍ പ്രസ്തുത നാട്ടിലെ നിലവാര വാടക നല്‍കണം, അതു നിര്‍ബന്ധമാണ്. ഒരാള്‍ വാടകക്ക് വാങ്ങുകയും അതിന്റെ ഉപകാരം എടുക്കാതിരിക്കുകയും ചെയ്യുന്നത് വാടക നല്‍കാതിരിക്കാനുള്ള ന്യായമല്ല. ഉപകാരമെടുത്താലും എടുത്തില്ലെങ്കിലും ഇടപാട് നിലനില്‍ക്കുന്നിടത്തോളം വാടക നല്‍കണം (തുഹ്ഫ).

5. കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ പരിപാലന ചെലവുകള്‍ വഹിക്കേണ്ടത് വാടകക്കു നല്‍കിയ വ്യക്തിയാണ്. ഇതിന്റെയര്‍ഥം പരിപാലനം ഒഴിവാക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നല്ല. പരിപാലനം നടത്താന്‍ നിര്‍ബന്ധിപ്പിക്കാം എന്നുമല്ല. പരിപാലനം നടത്തേണ്ട വ്യക്തി നല്‍കിയ ആളാണ് എന്നു മാത്രമാണ്. വാടകക്ക് നല്‍കിയ വ്യക്തി പരിപാലനം നടത്തുന്നില്ലെങ്കില്‍ വാങ്ങിയ വ്യക്തിക്ക് അവന്റെ ഇഷ്ടം പോലെ ചെയ്യാവുന്നതാണ്. പരിപാലിക്കുകയോ പരിപാലിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, നാലു ചുമരുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വാടകക്കു വാങ്ങിയ വ്യക്തിയാണ്. തന്റെ വീഴ്ച കാരണം നാശ നഷ്ടങ്ങള്‍ വരുത്തിയാല്‍ അതിന്റെ ഉത്തരവാദിത്വവും വാങ്ങിയ വ്യക്തിക്ക് തന്നെയാണ്(ഫത്ഹുല്‍ മുഈന്‍).

മേല്‍വാടകയുടെ തെറ്റായ പ്രയോഗങ്ങള്‍
നേരത്തെ വായിച്ചത് പോലെ, വാടകയിലൂടെ വസ്തുവിന്റെ ഉടമാവകാശം ഉപഭോക്താവിന് ലഭിക്കുകയില്ല. അതിന്റെ ഉപകാരം മാത്രമാണ് ഉടമപ്പെടുത്തുന്നത്. അതിനാൽ നാം വാടകക്ക് വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ പാടില്ല. എന്നാല്‍ നാം വാടകക്കു വാങ്ങിയ വസ്തു മൂന്നാമതൊരാള്‍ക്ക് വാടകക്കു നല്‍കാം. ഇതിനാണ് മേല്‍വാടക എന്നു പറയുന്നത്. ഇങ്ങനെ വാടകക്ക് നല്‍കണമെന്ന ഉദ്ദേശ്യത്തോടെ വാടകക്കെടുക്കുന്ന വസ്തുക്കളില്‍ കച്ചവടത്തിന്റെ സകാത് നിര്‍ബന്ധമാവുകയും ചെയ്യും(തുഹ്ഫ).
ഗള്‍ഫ് നാടുകളില്‍ മേല്‍വാടകയെന്ന പേരില്‍ ചില തെറ്റായ രീതികള്‍ പ്രയോഗത്തിലുണ്ട്. ഒരാളുടെ കച്ചവടസ്ഥാപനത്തിലെ ഉത്പന്നങ്ങള്‍ വില നിശ്ചയിച്ച് കച്ചവടം നടത്താന്‍ വേണ്ടി രണ്ടാമതൊരാള്‍ക്ക് വാടകക്ക് നല്‍കുന്ന രൂപമാണിത്. ദിവസങ്ങള്‍/മാസങ്ങള്‍ കണക്കെ വാടക നല്‍കണമെന്നും കാലാവധി കഴിഞ്ഞാല്‍ വസ്തുക്കള്‍ മുഴുവന്‍ തിരികെ നല്‍കണമെന്നും കരാറിലുണ്ടാകും. ഇവിടെ വാടക വസ്തു കച്ചവട ഉത്പന്നമായത് കൊണ്ട് വില്‍ക്കാനുള്ള അവകാശം ലഭിക്കുന്നതല്ല. അതിനാല്‍ കച്ചവടം തന്നെ പാടില്ലെന്നു വരും. ഇതേ സമ്പ്രദായത്തെ മറ്റൊരു രീതിയില്‍ അനുവദനീയമാക്കാവുന്നതാണ്. കടയിലുള്ള ഉത്പന്നങ്ങള്‍ രണ്ടാമത്തെ വ്യക്തിക്ക് വില്‍ക്കുകയും കടമുറിയുടെ ഉപയോഗത്തിന് വാടക ഈടാക്കുകയും വേണം. കാലാവധി കഴിയുമ്പോള്‍ രണ്ടാമത്തെ വ്യക്തിയില്‍ നിന്നും പണം കൊടുത്ത് കച്ചവട ഉത്പന്നങ്ങള്‍ തിരികെ വാങ്ങുകയും ചെയ്യാം. ഇത്തരത്തില്‍ അനുവദനീയമായ രൂപത്തിലേക്ക് പ്രസ്തുത ഇടപാടിനെ മാറ്റാവുന്നതാണ്.

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login