ബുർദ: ആശ്വാസത്തിന്റെ അനുരാഗദീപ്തി

ബുർദ:  ആശ്വാസത്തിന്റെ  അനുരാഗദീപ്തി

രചന കഴിഞ്ഞ് ഒരു സഹസ്രാബ്ദത്തോടടുത്തിട്ടും ഖസ്വീദതുല്‍ ബുര്‍ദയുടെ ജനകീയത പൂര്‍വാധികം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അത് പാരമ്പര്യ മുസ്‌ലിംസമൂഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി എന്നേ മാറിക്കഴിഞ്ഞിട്ടുണ്ട്. ബുര്‍ദയുടെ സാഹിത്യ ഭംഗിയും വിഷയസമ്പുഷ്ടതയും പ്രകീര്‍ത്തന സൗകുമാര്യതയും അപരിപേയമായ വർണനകളും അസാമാന്യമായ രചനാശൈലിയും അത് സമ്മാനിക്കുന്ന ആത്മീയ അനുഭൂതിയും അനുവാചകരെ ഈ പ്രകീര്‍ത്തനകാവ്യത്തിലേക്ക് ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഈ സ്‌നേഹകാവ്യത്തിന്റെ രചനാപശ്ചാത്തലത്തിലേക്കും ഉള്ളടക്കത്തിലേക്കും നാമവൈജാത്യങ്ങളിലേക്കും ആത്മീയ അനുഭവങ്ങളിലേക്കും ജനകീയതയിലേക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.

രചനാപശ്ചാത്തലം
അറബിഭാഷയില്‍ അതീവപാണ്ഡിത്യമുണ്ടായിരുന്നു ഇമാം ബൂസ്വീരിക്ക്(റ). സാഹിത്യസമ്പുഷ്ടതയില്‍ സമാനതകളില്ലാത്ത ജ്ഞാനി. യൗവനത്തിന്റെ തുടക്കകാലങ്ങളില്‍ സാഹിത്യസമ്പൂര്‍ണവും ശ്രവണസുന്ദരവുമായ കാവ്യാലാപനങ്ങളിലൂടെ കൊട്ടാരസാമാജികരുടെ മനംകവര്‍ന്ന സാഹിത്യസാമ്രാട്ടായിരുന്നു അവിടുന്ന്. അദ്ദേഹത്തിന്റെ കാവ്യ സൗരഭ്യവും സൗകുമാര്യതയും അത്രമേല്‍ പ്രസിദ്ധമായിരുന്നു. സുല്‍ത്താന്മാരുടെ ഇഷ്ടകവിയും സ്വീകാര്യനുമായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
ആയിടക്കാണ് ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാവുന്നത്. തന്റെ ഹൃദയാന്തരങ്ങളെ പിടിച്ചുലച്ച ആ അനുഭവത്തെ ഇമാം ബൂസ്വീരി(റ) തന്നെ പങ്കുവെക്കുന്നുണ്ട്: “ഒരിക്കല്‍ കൊട്ടാരത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ സുസ്‌മേരവദനനായ ഒരു പണ്ഡിതനെ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു: ഈ രാത്രി താങ്കള്‍ തിരുനബിയെ(സ്വ) സ്വപ്നത്തില്‍ കണ്ടിട്ടുണ്ടോ? യഥാർത്ഥത്തില്‍ ആ രാത്രി ഞാന്‍ തിരുനബി യെ(സ്വ) കണ്ടിട്ടില്ലായിരുന്നു. പക്ഷേ, ആ ചോദ്യം എന്റെ ഉള്ളില്‍ മുത്തുനബിയോടുള്ള സ്‌നേഹവും അനുരാഗവും നിറക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. അന്നു രാത്രി താരകങ്ങള്‍ക്കിടയിലെ സൂര്യനെപ്പോലെ തിരുനബിയെ(സ്വ) സ്വഹാബത്തിന്റെ അകമ്പടിയോടെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. ഞാനുണര്‍ന്നപ്പോഴേക്കും അനുരാഗത്താലും ആനന്ദത്താലും എന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്നു. പിന്നീട് ആ പുണ്യപ്രകാശത്തോടുള്ള അടങ്ങാത്ത പ്രണയം എന്റെ ഹൃദയത്തെ വിട്ട്പിരിഞ്ഞില്ല.’ അടക്കിനിര്‍ത്താനാവാത്ത ഈ പ്രണയദാഹമാണ് ഇമാം ബൂസ്വീരിയുടെ(റ) പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങളായ ഹംസിയ്യ, മുളരിയ്യ തുടങ്ങിയവക്ക് ഹേതുവായത്.

കാലങ്ങൾക്കുശേഷം ഇമാമിന് ഒരു രോഗം പിടിപെട്ടു. ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ചലനമറ്റു. തളര്‍വാതം ബാധിച്ച ഈ സന്ദിഗ്ധഘട്ടത്തില്‍ പ്രവാചകപ്രണയമല്ലാതെ മറ്റൊരഭയം തനിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഇമാം ബൂസ്വീരി(റ) തിരുനബി പ്രണയകാവ്യം രചിച്ചു. അതിനെ മുൻനിർത്തി ലോകരക്ഷിതാവിനോട് തന്റെ പ്രയാസങ്ങളകറ്റാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ ദൃഢനിശ്ചയം ചെയ്തു.
മഹാ പണ്ഡിതന്മാരിൽ പലരും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനും പ്രയാസങ്ങളില്‍ നിന്ന് മോചനം നേടാനുമൊക്കെ മാധ്യമമാക്കിയത് പ്രവാചക പ്രകീര്‍ത്തനങ്ങളെയായിരുന്നു. അത് രചിക്കാനും ആലപിക്കാനും അതിനുവേണ്ടി പ്രത്യേകം സദസ്സുകള്‍ സംഘടിപ്പിക്കാനും അവര്‍ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പ്രവാചകപ്രകീര്‍ത്തനം മാത്രം ഉള്‍കൊള്ളുന്ന ഒരു രചനയെങ്കിലും ആയുഷ്കാലത്ത് നിര്‍വഹിക്കാന്‍ മുന്‍ഗാമികള്‍ ജാഗരൂകരായിരുന്നു. അത് അവരുടെ ഇഹപര ജീവിതത്തില്‍ ആശ്രയമാവുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
ഇമാം ബൂസ്വീരി(റ) വളരെ ശ്രമകരമായിട്ടായിരുന്നു തന്റെ രചന നിര്‍വഹിച്ചത്. രചനാവേളയിലുടനീളം അവിടുന്ന് പരീക്ഷണങ്ങളുടെ തീക്കനലുകള്‍ രുചിക്കേണ്ടിവന്നിട്ടുണ്ട്. രചന പൂര്‍ത്തീകരിച്ചതിനുശേഷം ഇമാം തിരുനബിയെ(സ്വ) സ്വപ്നത്തില്‍ ദര്‍ശിക്കുകയും ആ കാവ്യം പൂർണമായും തിരുനബി മുമ്പാകെ ആലപിക്കുകയും ചെയ്തു. തിരുനബി(സ്വ) അവിടുത്തെ തൃക്കരങ്ങള്‍ കൊണ്ട് ബൂസ്വീരിയെ(റ) തടവി. പൂര്‍ണ അരോഗദൃഢഗാത്രനായി വിരിപ്പില്‍ നിന്നുണര്‍ന്ന് പ്രഭാതത്തില്‍ തന്നെ വീട്ടില്‍നിന്ന് പുറപ്പെട്ട ഇമാം വഴിമധ്യേ അബൂറജാഹ് എന്ന തന്റെ കൂട്ടുകാരനെ കണ്ടുമുട്ടി. തിരുനബിയെ(സ്വ) പ്രകീര്‍ത്തിച്ച് താനെഴുതിയ കാവ്യം അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ബൂസ്വീരി(റ) സ്തബ്ധനായി. താന്‍ ഇന്നലെ തിരുനബിയുടെ മുന്നില്‍ ആലപിച്ച ആ കാവ്യത്തെക്കുറിച്ച് ആരെയും അറിയിച്ചില്ലല്ലോ, പിന്നെങ്ങനെ ഇദ്ദേഹം അതറിഞ്ഞത്?

അവിടുന്ന് ചോദിച്ചു: ‘നബിയെ(റ) പ്രകീര്‍ത്തിച്ച് ഞാന്‍ പല കാവ്യങ്ങളും രചിച്ചിട്ടുണ്ടല്ലോ, അവയിലേതാണ് നിങ്ങളുദ്ദേശിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: “അമിന്‍ തദക്കുരി എന്നു തുടങ്ങുന്ന കാവ്യമാണ് ഞാന്‍ ആവശ്യപ്പെട്ടത്’.
അത്ഭുതപരതന്ത്രനായ ഇമാം ബുസ്വീരിനോട്(റ) അബൂറജാഹ് പറഞ്ഞു: “കഴിഞ്ഞ രാത്രി നിങ്ങളീ കാവ്യം തിരുനബിയുടെ സമീപത്തുനിന്ന് ആലപിക്കുന്നതും അപ്പോള്‍ മന്ദമാരുതന്റെ തലോടലേറ്റ് ഫലഭൂയിഷ്ടമായ മരച്ചില്ലകള്‍ ചലിക്കുന്നതുപോലെ തിരുനബി ചായുന്നതും ചെരിയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്’. സന്തോഷപുളകിതനായ ഇമാം ബൂസ്വീരി(റ) ആ കാവ്യം മുഴുവനായി അദ്ദേഹത്തിന് കൈമാറുകയും അത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തു.

നാമങ്ങള്‍
അല്‍കവാകിബു ദുരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ എന്ന നാമത്തില്‍ വിരചിതമായ ഈ വിശുദ്ധകാവ്യം ഖസീദതുല്‍ ബുര്‍ദ എന്ന നാമത്തിലാണ് പിൽക്കാലത്ത് പ്രസിദ്ധമായത്. എങ്കിലും വ്യത്യസ്തങ്ങളായ നാമങ്ങള്‍ പണ്ഡിതന്മാര്‍ ഈ കാവ്യത്തിന് നല്‍കിയിട്ടുണ്ട്. ഇമാം ബൂസ്വീരിയുടെ(റ) രോഗശമനത്തിന് ഹേതുവായത് ഈ കാവ്യമാണ് എന്ന കാരണത്താല്‍ “ബുര്‍അത്’ എന്നും ഇത് ആലപിച്ചപ്പോള്‍ തിരുനബി(സ്വ) അവിടുത്തെ പവിത്രമായ പുതപ്പ് ഇമാമിനെ പുതപ്പിച്ച കാരണത്താല്‍ “ബുര്‍ദിയ്യ’ എന്നും ചില പണ്ഡിതന്മാര്‍ ഈ ഗ്രന്ഥത്തിനു പേരു നല്‍കിയിട്ടുണ്ട്. ഒരു പുതപ്പ് ശരീരമാസകാലം മൂടുന്നതുപോലെ ഈ കാവ്യം വർണനകളാലും പ്രകീര്‍ത്തനങ്ങളാലും തിരുദൂതരെ വലയം ചെയ്യുന്നു എന്നതാണ് ഖസീദതുല്‍ ബുര്‍ദ എന്ന നാമം ലഭിക്കാനുള്ള ഒരു കാരണം.

ബുര്‍ദയുടെ ജനകീയത
തിരുനബി പ്രകീര്‍ത്തനരംഗത്ത് ഇമാം ബൂസ്വീരിയെ(റ) വെല്ലുന്ന മറ്റൊരു വ്യക്തിതവുമില്ല എന്നു പറയേണ്ടിവരും. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ രചന എന്ന ഖ്യാതിയുള്ള ഖസീദതുല്‍ ബുര്‍ദ തിരുനബി(സ്വ) പ്രകീര്‍ത്തനകാവ്യങ്ങളില്‍ അമൂല്യമായ സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഈ കാവ്യം കവിയെക്കാള്‍ പ്രസിദ്ധി നേടിയിട്ടുണ്ട് എന്നാണ് ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ) വിലയിരുത്തുന്നത്. വളരെ ആദരവോടെയും സ്വീകാര്യതയോടെയുമാണ് ലോകത്തിന്റെ നാനാദിക്കുകളിലുള്ള അറബി-അനറബി പണ്ഡിതന്മാര്‍ ഈ കാവ്യത്തെ സമീപിച്ചത്. ഇബ്‌നു ഖല്‍ദൂന്‍ തിമൂര്‍ ചക്രവര്‍ത്തിക്ക് സമ്മാനമായി സമര്‍പ്പിച്ചത് ബുര്‍ദയുടെ ഒരു പകര്‍പ്പായിരുന്നു. “വമന്‍ തകുന്‍ ബി റസൂലില്ലാഹി നുസ്രതുഹു/ ഇന്‍ തൽഖഉല്‍ ഉസ്ദു ഫീ ആജാമിഹാ തജിമി’ എന്ന ഖസീദതുല്‍ ബുര്‍ദയിലെ ഒരു കാവ്യശകലമായിരുന്നു ഫ്രഞ്ച് അധിനിവേശത്തിനെതിരെ പടയോട്ടം നയിച്ച അബ്ദുല്‍ഖാദിര്‍ ജസാഇരിയുടെ പതാകയില്‍ എഴുതിവെച്ചിരുന്നത്. ജീവിതത്തിലെ സർവഇടങ്ങളിലും ഖസീദതുല്‍ ബുര്‍ദയെ അവര്‍ അവലംബമായി കണ്ടു.

ആഴ്ചകള്‍ തോറും സദസുകള്‍ സംഘടിപ്പിച്ച് അനേകം വിശ്വാസികളെ ഒരുമിച്ചു കൂട്ടി ബുര്‍ദ പൂര്‍ണമായി ആലപിക്കുക എന്നത് ഇന്ന് വിശ്വാസികള്‍ക്കിടയില്‍ പതിവുചര്യയാണ്. മദാഇഹുന്നബവിയ്യ എന്ന ഗ്രന്ഥത്തില്‍ സകീ മുബാറക് രേഖപ്പെടുത്തുന്നു: “ഖസീദതുല്‍ ബുര്‍ദ മനഃപാഠമാക്കുന്നതുപോലെ മറ്റൊരു ദൈര്‍ഘ്യമേറിയ കാവ്യവും ഇസ്‌ലാമിക ദേശങ്ങളിലെ ബഹുജനങ്ങള്‍ മനഃപാഠമാക്കാറില്ല എന്ന് നമുക്ക് തീര്‍ച്ചപ്പെടുത്തി പറയാനാവും. പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള അവരുടെ പതിവ്ചര്യയുടെ ഭാഗമായി ഈ കാവ്യം മാറിയിട്ടുണ്ട്. ഹുസൈന്റെ(റ) മഖ്ബറക്കരികില്‍ എല്ലാ വെള്ളിയാഴ്ചയും സുബ്ഹി നിസ്‌കാരശേഷം ഖസീദതുല്‍ ബുര്‍ദ സദസ്സ് സംഘടിപ്പിക്കപ്പെടാറുണ്ട്. ഹൃദയാന്തരങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള അനിതരസാധാരണമായ മാസ്മരികത ഈ സദസ്സിന്റെ സവിശേഷതയാണ്’.

ഉള്ളടക്കം
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഖസീദതുല്‍ ബുര്‍ദയും അതിന്റെ വ്യാഖ്യാനങ്ങളും ഇസ്‌ലാമിക പാഠശാലകളില്‍ കാര്യമാത്രപ്രസക്തമായ പഠനങ്ങള്‍ക്ക് വിധേയമാവാനുള്ള പ്രധാന കാരണം ഈ കാവ്യത്തിന്റെ ഉള്ളടക്കം തന്നെയാണ്. തിരുനബി ജീവിതത്തെയാകെ സംബന്ധിക്കുന്നതും അവിടുത്തെ സ്വഭാവവൈശിഷ്ട്യതകളെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ വർണനകളുമാണ് കാവ്യത്തിന്റെ പ്രധാന ഉള്ളടക്കമെങ്കിലും അനേകം ശാഖകളില്‍ നിന്നുള്ള അമൂല്യ ജ്ഞാനങ്ങള്‍ ഈ കാവ്യം ഉള്‍വഹിക്കുന്നുണ്ട്.

പത്ത് അധ്യായങ്ങളായി ക്രമീകരിച്ച കാവ്യത്തിലെ ആദ്യ അധ്യായം പ്രേമഭാജനത്തോടുള്ള കവിയുടെ പ്രണയതീവ്രതയും അടങ്ങാത്ത അഭിവാഞ്ജയും പ്രകടിപ്പിക്കുന്ന ശകലങ്ങളാണ്. ശരീരേഛകളെയും അതിന്റെ അപകടങ്ങളെയും വിവരിക്കുന്ന രണ്ടാം അധ്യായം അനുവാചകനെ തസ്വവുഫിന്റെ ഉന്നതപഥങ്ങളിലേക്ക് വഴിനടത്തുന്നു. തിരുനബിപ്രകീര്‍ത്തനങ്ങള്‍ വിവരണാത്മകമായ വർണനകളോട് കൂടെ കോര്‍ത്തിണക്കുകയാണ് മൂന്നാം അധ്യായം. തിരുനബിയുടെ ഓരോ വിശേഷണങ്ങളെയും തെളിവുകള്‍ സഹിതം സമർഥിക്കുമ്പോള്‍ അനുവാചകരുടെ ഉള്ളകങ്ങളില്‍ തിരുനബി സ്‌നേഹത്തിന്റെ അനിര്‍വചനീയമായ അനുരണനങ്ങള്‍ അലയടിക്കും. തിരുനബി ഭൂജാതരായ സന്ദര്‍ഭത്തെയും അപ്പോഴുണ്ടായ അത്ഭുതസംഭവങ്ങളെയുമാണ് നാലാം അധ്യായം ചര്‍ച്ചചെയ്യുന്നത്. അവിടുത്തെ ജീവിതകാലത്ത് അവിടുന്നുണ്ടായ അസാധാരണ സംഭവങ്ങളെ പലവിധ വർണനകളോടുകൂടി അവതരിപ്പിക്കുകയാണ് അഞ്ചാം അധ്യായം. തിരുനബി(സ)യുടെ അമാനുഷികതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശാശ്വതമായി നിലനിൽക്കുന്നതുമായ വിശുദ്ധ ഖുര്‍ആന്റെ മഹത്വങ്ങളും പ്രത്യേകതകളുമാണ് ആറാം അധ്യായത്തില്‍ വിഷയീഭവിക്കുന്നത്. തിരുനബി ജീവിതത്തിലെ മർമപ്രധാനമായ ഇസ്‌റാഅ് – മിഅ്‌റാജ് രാപ്രയാണമാണ് ഏഴാം അധ്യായത്തിന്റെ പ്രമേയം. അവിടുന്ന് തന്റെ അനുചരന്മാരോടൊപ്പം നടത്തിയ യുദ്ധങ്ങളുടെ പാശ്ചാത്തലത്തില്‍ ഇസ്‌ലാമിക സൈന്യത്തിന്റെ ധീരതയെ വർണിക്കുകയാണ് എട്ടാം അധ്യായം. തന്റെ ഗതകാല ജീവിതത്തിലെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഇടതേട്ടവും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കാരണമായി രചയിതാവിന് ലഭിച്ച ഉല്‍കൃഷ്ടമായ നേട്ടങ്ങളുടെ അവതരണവുമാണ് ഒമ്പതാം അധ്യായം. തന്റെ സങ്കടങ്ങളും ആവലാതികളും ബോധ്യപ്പെടുത്തുകയും ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തുകൊണ്ടാണ് കാവ്യം അവസാനിക്കുന്നത്.
കാവ്യത്തിന്റെ അതിശയിപ്പിക്കുന്ന സാഹിത്യഭംഗിയും കാവ്യബോധവും അനുവാചകന്റെ ഹൃദയാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ട്. വരികളുടെ ക്രമീകരണത്തിലെ കൃത്യതയും സൂക്ഷ്മതയും വർണനകളിലെ സൗകുമാര്യതയും ഖസീദതുല്‍ ബുര്‍ദയുടെ ആസ്വാദനഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.

ആത്മീയ അനുഭൂതികള്‍
സാഹിത്യസൗന്ദര്യവും ആസ്വാദന മാധുര്യവും കൊണ്ടുമാത്രമല്ല ഖസീദതുൽ ബുര്‍ദ വിശ്വാസി ഹൃദയങ്ങളില്‍ കൊത്തിവെക്കപ്പെട്ടത്. അത് അനുരാഗിസമൂഹത്തിന് നല്‍കുന്ന അനിര്‍വചനീയമായ ആത്മീയ ഉത്കര്‍ഷവും പ്രതിസന്ധികളില്‍ നിന്നുള്ള മോക്ഷവും വിശ്വാസിഹൃദയങ്ങളെ ബുര്‍ദയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. തിരുനബിയുടെ(സ്വ) സ്വപ്നദര്‍ശനം ആസ്വദിക്കാന്‍വേണ്ടി ബുര്‍ദ നിത്യമായി ആലപിക്കുകയും അതുവഴി തിരുദര്‍ശനം സാധ്യമായതുമായ അനേകം അനുഭവങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാവ്യം കാരണമായി തീവ്രമായ രോഗങ്ങളില്‍ നിന്ന് ശമനം ലഭിച്ചതും കഠിനപ്രായസങ്ങള്‍ നീങ്ങിപ്പോയതും ആവശ്യങ്ങള്‍ നിറവേറപ്പെട്ടതുമായ അനുഭവങ്ങള്‍ ബുര്‍ദയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ എമ്പാടും കാണാന്‍ സാധിക്കും.

പ്രശസ്ത പണ്ഡിതനും സൂഫിവര്യനുമായ അബ്ദുല്‍ അസീസ് ദുബാഗ്(റ) ഏറെക്കാലമായി മുറബ്ബിയായ ഒരു ശൈഖിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. വര്‍ഷങ്ങളോളം തിരഞ്ഞിട്ടും അദ്ദേഹത്തിന് തന്റെ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞില്ല. ബൂസ്വീരി ഇമാം രചിച്ച ഖസീദതുല്‍ ബുര്‍ദ പാരായണം ചെയ്താല്‍ തന്റെ ആഗ്രഹം സഫലമാകും എന്നു മനസിലാക്കിയ അദ്ദേഹം പ്രസ്തുത ഉദ്ദേശ്യത്തോടെ സയ്യിദ് അലിയ്യ് ബ്‌നു ഫിര്‍സിഹിന്റെ(റ) ഖബറിടത്തിന് സമീപത്ത് ജനങ്ങളെ ഒരുമിച്ചുകൂട്ടി ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളം ഖസീദതുല്‍ ബുര്‍ദ മുടങ്ങാതെ പാരായണം ചെയ്തുകൊണ്ടിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം ബുര്‍ദയുടെ മജ്്ലിസ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു വിശിഷ്ടവ്യക്തിയെയാണ് അദ്ദേഹം കാണുന്നത്. അദ്ദേഹം ശിഷ്യന്മാര്‍ക്ക് ചില സ്വലാതുകളും വിശിഷ്ട ഔറാദുകളും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. പ്രസ്തുതവ്യക്തി ഖിള്റ് നബി(അ) ആണെന്ന് ആ മഖ്ബറയുടെ സംരക്ഷകരില്‍ നിന്ന് അബ്ദുല്‍ അസീസ് ദുബാഗിന്(റ) മനസിലായി.
ശൈഖ് സാദയും മുല്ലാ അലിയ്യുല്‍ ഖാരിയും ഇങ്ങനെ രേഖപ്പെടുത്തുന്നതുകാണാം: സഅ്ദുല്‍ ഫാറൂഖിയുടെ ഇരുനയനങ്ങള്‍ക്കും ശക്തമായ ചെങ്കണ്ണ് ബാധിച്ചു. അത് വര്‍ധിച്ച് തിമിരത്തെക്കാള്‍ ഭയാനകമായി. ഒരിക്കല്‍ അദ്ദേഹം തിരുനബിയെ (സ്വ)സ്വപ്നത്തില്‍ കണ്ടു. തിരുദൂതര്‍ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ മന്ത്രിയുടെ അടുത്തു പോയി അദ്ദേഹത്തില്‍ നിന്ന് ഖസീദതുല്‍ ബുര്‍ദ വാങ്ങി അതിനെ നിങ്ങളുടെ ഇരുനേത്രങ്ങളിലേക്കും അടുപ്പിക്കുക. മഹാനാവർകള്‍ അപ്രകാരം ചെയ്യുകയും സുഖപ്പെടുകയും ചെയ്തു.

ഇമാം ബാജൂരി(റ) പറയുന്നു: സജ്ജനങ്ങളില്‍പെട്ട ഒരാൾ യാത്രയ്ക്കൊരുങ്ങി. പുറപ്പെടുന്നതിനുമുമ്പ് തന്റെ വീടിന്റെ വാതില്‍ക്കല്‍ ബുര്‍ദയില്‍ നിന്നുള്ള ഹുമുല്‍ ജിബാലു എന്നു തുടങ്ങുന്ന ശകലം എഴുതിവെച്ചു. രാത്രിസമയത്ത് കള്ളന്മാര്‍ വീട്ടില്‍ വന്നു. അകത്തുനിന്നും ആളുകളുടെ സംസാരം കേട്ട് ഭയപ്പെട്ട് അവര്‍ തിരിച്ചുപോയി. അടുത്ത ദിവസവും അവര്‍ക്ക് ഇതേ അനുഭവമുണ്ടായി. പിന്നീട് അവര്‍ അവിടേക്ക് പോയതേയില്ല.

വെള്ളിയാഴ്ച രാവുകളില്‍ പതിവായി ഖസീദതുല്‍ ബുര്‍ദ ആലപിക്കുന്നവര്‍ക്ക് വിശ്വാസിയായി മരണപ്പെടാനുള്ള സൗഭാഗ്യമുണ്ടാവുമെന്ന് ശറഹുല്‍ മുഹ്തമദില്‍ രേഖപ്പെടുത്തുന്നുണ്ട്. ആലാപനമര്യാദകള്‍ പാലിക്കുമ്പോള്‍ മാത്രമാണ് ഈ നേട്ടങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാനാവുക. ഇമാം ഖര്‍ഭൂതി(റ) അസീദതു ശുഹ്ദ എന്ന ഗ്രന്ഥത്തില്‍ അവകളെണ്ണുന്നുണ്ട്:

ഒന്ന്: അംഗസ്‌നാനം വരുത്തുക.
രണ്ട്: ഖിബലക്ക് മുന്നിടുക
മൂന്ന്: പദങ്ങളും ചിഹ്നങ്ങളും ശരിപ്പെടുത്തുന്നതില്‍ കൃത്യത പാലിക്കുക.
നാല്: പാരായണം അർഥം അറിഞ്ഞുകൊണ്ടാവുക.
അഞ്ച്: കാവ്യരൂപത്തില്‍ തന്നെ പാരായണം ചെയ്യുക.
ആറ്: ബുര്‍ദ മനഃപാഠമുണ്ടായിരിക്കുക.
ഏഴ്: ബുര്‍ദയുടെ ഇജാസത് നല്‍കാന്‍ യോഗ്യരായവരില്‍ നിന്ന് ഇജാസത്(പ്രത്യേക അനുമതി) സ്വീകരിക്കുക.

എട്ട്: ഓരോ ബൈത് പൂര്‍ത്തിയാവുമ്പോഴും തിരുനബിക്ക് (സ്വ) സ്വലാത് ചൊല്ലുക.
ഒമ്പത്: സ്വലാത് മൗലായാ സ്വല്ലി എന്നു തുടങ്ങുന്ന സ്വലാത് തന്നെയാവുക.
മഹാനായ ഗസ്നവി(റ) റസൂലിനെ(സ്വ) സ്വപ്നത്തില്‍ ദര്‍ശിക്കാന്‍വേണ്ടി പതിവായി ഖസീദത്തുല്‍ ബുര്‍ദ പാരായണം ചെയ്യുമായിരുന്നു. പക്ഷേ അവിടുന്ന് ദര്‍ശനഭാഗ്യം ഉണ്ടായില്ല. അദ്ദേഹം ശൈഖിനോട് അതേ സംബന്ധിച്ച് സങ്കടം പങ്കുവെച്ചു. താങ്കള്‍ പാരായണ നിബന്ധനകള്‍ പാലിക്കാത്തതുകൊണ്ടായിരിക്കും അങ്ങനെ വരുന്നത് എന്നായിരുന്നു ശൈഖിന്റെ മറുപടി. ഇമാം പറഞ്ഞു: അല്ല, ഞാന്‍ പാലിച്ചിട്ടുണ്ട്. രഹസ്യജ്ഞാനം അറിയാന്‍ പ്രാപ്തിയുള്ള ശൈഖ് താങ്കള്‍ ഇമാം ബൂസ്വീരി(റ) ചൊല്ലിയ സ്വലാതല്ലാത്ത മറ്റൊരു സ്വലാത് ചൊല്ലിയതാണതിന് കാരണം എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു. അത് യാഥാർത്ഥ്യവുമായിരുന്നു.

ഈ സ്വലാതിന്റെ പിന്നിലെ രഹസ്യം പല പണ്ഡിതന്മാരും രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ഖസീദതുല്‍ ബുര്‍ദയുടെ രചനാവേളയില്‍ ഫ മബ്്ലഗുല്‍ ഇല്‍മി ഫീഹി അന്നഹു ബശറുന്‍ എന്ന വരിയെത്തിയെപ്പോഴേക്കും അതിന്റെ ബാക്കി ഭാഗം പൂര്‍ത്തീകരിക്കാന്‍ ഇമാം ബൂസ്വീരിക്ക്(റ) കഴിയാതെ വന്നു. അന്നു രാത്രി തിരുദൂതരെ(സ്വ) സ്വപ്നത്തില്‍ കണ്ട ഇമാമിന് അവിടുന്ന് വ അന്നഹു ഖൈറു ഖല്‍ഖില്ലാഹി കുല്ലിഹിമി എന്ന് പൂർത്തീകരിച്ചുകൊടുത്തു. ഈ വരിയില്‍ തിരുനബി(സ്വ) തനിക്ക് നല്‍കിയ വിശേഷണമാണ് മൗലായാ സ്വലാതില്‍ ഉള്‍കൊള്ളുന്നത്.

മിസ്ഹബ് മുസ്തഫ തളിപ്പറമ്പ്

You must be logged in to post a comment Login