നിസ്കാരം: നിബന്ധനകളിലെ വീഴ്ചകൾ

നിസ്കാരം: നിബന്ധനകളിലെ വീഴ്ചകൾ

നിസ്കാരത്തിന്റെ ഘടകങ്ങൾ നിർണിതമാണ്. അതിൽ കുട്ടിച്ചേർക്കലുകൾ അനുവദനീയമല്ല. റുകൂഅ്, സുജൂദ് തുടങ്ങിയ കർമപരമായ (ഫിഅ്ലിയ്യ് ) അനിവാര്യ ഘടകങ്ങളിൽ നിന്നൊന്ന് ബോധപൂർവം വർധിപ്പിച്ചാൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്. നിസ്കാരത്തിന്റെ ഘടകങ്ങളിലൊന്ന് കൂടുതൽ ചെയ്യാൻ പാടില്ലെന്നറിയുന്നവർ, അവസരമുണ്ടായിട്ടും അറിയാൻ ശ്രമിക്കാത്തവർ എന്നിവരുടെ നിസ്കാരമാണ് അനിവാര്യ ഘടകങ്ങൾ വർധിപ്പിക്കുന്നതിലൂടെ നിഷ്ഫലമാകുന്നത്. പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവരിൽനിന്നാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായതെങ്കിൽ നിസ്കാരം നിഷ്ഫലമാകുകയില്ല.

കൈ ഉയർത്തുക പോലുള്ള ഐഛിക ഘടകങ്ങൾ വർധിപ്പിക്കുക, മറന്നു കൊണ്ട് കർമപരമായ ഒരു ഘടകം വർധിപ്പിക്കുക, ഇമാമിനുമുമ്പ് ഒരു കർമത്തിൽ പ്രവേശിച്ചത് കൊണ്ടോ മറ്റോ ഇമാമിനെ പിന്തുടരുന്നതിനായി കർമപരമായ ഒരു ഘടകം ആവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടും നിസ്കാരം നിഷ്ഫലമാവുകയില്ല. “ഇ അ്തിദാലിൽ’നിന്ന് സുജൂദിലേക്ക് പോകുന്നതിനിടയിൽ അൽപസമയം – ഇസ്തിറാഹതിനായി ഇരിക്കുന്ന അത്രയും സമയം – ഇരിക്കുക, സുജൂദ് നിർവഹിച്ച ശേഷം അടുത്ത റക്അത് നിർവഹിക്കുന്നതിനായി എണീറ്റ് നിൽക്കുന്നതിനു മുമ്പ് ഇസ്തിറാഹതിനു വേണ്ടി അൽപസമയം ഇരിക്കുക , ഇമാം സലാം നിർവഹിച്ചശേഷം മസ്ബൂഖ്- തശഹ്ഹുദിന്റെ സമയമല്ലാത്തപ്പോൾ – അൽപസമയം ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താലും നിസ്കാരം നിഷ്ഫലമാവുകയില്ല. തശഹ്ഹുദിന്റെ സ്ഥാനമല്ലാത്തപ്പോൾ ഇമാം സലാം വീട്ടിയ ഉടനെ അടുത്ത റക്അത് നിർവഹിക്കാനായ് എണീറ്റ് നിൽക്കുകയാണ് മസ്ബൂഖ് വേണ്ടത്. ഇരുത്തം ദീർഘിപ്പിക്കാൻ പാടില്ല. അറിഞ്ഞുകൊണ്ട് ബോധപൂർവം ദീർഘിപ്പിച്ചാൽ നിസ്കാരം നിഷ്ഫലമാകുന്നതുമാണ്. തശഹ്ഹുദിന്റെ സ്ഥാനമാണെങ്കിൽ ഉടനെ എണീക്കൽ നിർബന്ധമില്ല. എങ്കിലും ആവശ്യത്തിലധികം സമയം ജുലൂസ് (ഇരുത്തം) ദീർഘിപ്പിക്കുന്നത് ശരിയല്ല, കറാഹത് ആണ്.

ഇരിക്കുന്നതിനിടയിൽ കാൽമുട്ടുകൾക്ക് നേരെ നെറ്റി വരുംവിധം അല്ലെങ്കിൽ ഇരുന്ന് നിസ്കരിക്കുന്നവർ റുകൂഅ് ചെയ്യുംപ്രകാരം കുനിയുന്നത് – അത് തവറുകിന്റെയോ ഇഫ്തിറാശിന്റെയോ ഇരുത്തം ലഭിക്കാൻ വേണ്ടിയാണെങ്കിൽ പോലും – നിസ്കാരം നിഷ്ഫലമാകുന്നതാണെന്ന് ജ്ഞാനികൾ വിവരിച്ചിട്ടുണ്ട്.

കർമപരമായ അനിവാര്യ ഘടകം വർധിപ്പിക്കുമ്പോഴാണ് നിസ്കാരം നിഷ്ഫലമാകുന്നത്. ഫാതിഹ, തശഹ്ഹുദ് തുടങ്ങിയ വാചിക കർമങ്ങൾ വർധിപ്പിക്കുന്നതു കൊണ്ട് നിസ്കാരം നിഷ്ഫലമാവുകയില്ല. എന്നാൽ തക്ബീറതുൽഇഹ്റാം, സലാം എന്നിവ വർധിപ്പിക്കുന്നതിലൂടെ നിസ്കാരം നിഷ്ഫലമാകുന്നതാണ്.

നിസ്കാരത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്ന് ഉപേക്ഷിക്കുക, നിസ്കാരത്തിന്റെ ഉപാധികളിലൊന്നിന് (ശർത്വ്) ഭംഗം സംഭവിക്കുക, നിസ്കാരത്തിനിടയിൽ രണ്ടക്ഷരമോ ആശയഗ്രാഹിയായ ഒരക്ഷരമോ മൊഴിയുക, ശരീരത്തിനകത്തേക്ക് വല്ലതും പ്രവേശിക്കുക, നിയ്യത്, നിയ്യതിന്റെ ഉപാധികൾ , തക്ബീറതുൽ ഇഹ്റാം എന്നിവ കൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുക എന്നിവയും നിസ്കാരം നിഷ്ഫലമാക്കുന്ന കാര്യങ്ങളാണ്. എന്നാൽ വിശദാംശങ്ങളുണ്ട്.

നിയ്യത്, തക്ബീറതുൽ ഇഹ്റാം എന്നീ ഘടകങ്ങൾ മനഃപൂർവം ഉപേക്ഷിച്ചാലും മറന്നു കൊണ്ടാണെങ്കിലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. മറ്റു ഘടകങ്ങൾ മനഃപൂർവം ഉപേക്ഷിച്ചാൽ മാത്രമേ നിസ്കാരം നിഷ്ഫലമാവുകയുള്ളൂ. മറന്നു കൊണ്ട് ഉപേക്ഷിച്ചാൽ നിസ്കാരം നിഷ്ഫലമാവുകയില്ല. എന്നാൽ ഓർമയിൽ വന്ന ഉടനെ പ്രസ്തുത ഘടകം കൊണ്ടുവരേണ്ടതുണ്ട്. അല്ലാത്തപക്ഷം നിസ്കാരം നിഷ്ഫലമാകുന്നതാണ്. റുകൂഅ‌്, അതല്ലെങ്കിൽ സുജൂദ് നിർവഹിച്ചുകൊണ്ടിരിക്കെ ഫാതിഹ മറന്നതായി ഓർമ വന്നാൽ ഉടൻ തന്നെ നിർത്തത്തിലേക്ക് മടങ്ങുകയും ഫാതിഹ നിർവഹിക്കുകയും യഥാക്രമം ശേഷമുള്ള കർമങ്ങൾ നിർവഹിക്കുകയും വേണം. അടുത്ത റക്അതിൽനിന്നുള്ള സമാന ഘടകം എത്തിയ ശേഷമാണ് ഒരു നിശ്ചിതഘടകം മറന്നകാര്യം ഓർമയിൽ വന്നതെങ്കിൽ നഷ്ടമായ ഘടകത്തിന് പകരമായി അതിനെ – സമാന ഘടകത്തെ ഗണിക്കുന്നതാണ്. അവക്കിടയിലുള്ള കർമങ്ങൾ നിസ്കാരത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയില്ല. അതിനാൽ അനിവാര്യ ഘടകം ഉപേക്ഷിക്കുക വഴി വിനഷ്ടമായ റക്അത് വീണ്ടെടുക്കേണ്ടതാണ്.

ശുദ്ധി നഷ്ടപ്പെടുക, നഗ്നത (ഔറത്) പ്രകടമാവുക, ഖിബ്്ലയുടെ ദിശയിൽ നിന്ന് തെറ്റുക, ശരീരം വസ്ത്രം എന്നിവയിൽ മാലിന്യ സ്പർശമുണ്ടാവുക തുടങ്ങിയ കാര്യങ്ങളിലൂടെ നിസ്കാരത്തിന്റെ ഉപാധികളിൽ (ശർത്വ്) ഒന്നിന് ഭംഗം സംഭവിച്ചാലും നിസ്കാരം നിഷ്ഫലമാകുന്നതാണ്.

നിസ്കാരത്തിനിടയിൽ ശുദ്ധി നഷ്ടമായാൽ നിസ്കാരം നഷ്ടമാകും. നിത്യ അശുദ്ധിയുള്ളവർക്ക് ഇക്കാര്യത്തിൽ ചില ഇളവുകളുണ്ട്. മലം, മൂത്രം, ശുക്ലം, കീഴ്്വായു എന്നിവ അനിയന്ത്രിതമായും നിരന്തരമായും വിസർജിക്കുന്നത് കാരണം അവിഭാജ്യഘങ്ങൾ മാത്രമെടുത്ത് ഏറ്റവും ചുരുങ്ങിയ രൂപത്തിൽ പോലും വുളു, നിസ്കാരം എന്നിവ ശുദ്ധിയോടെ അതതിന്റെ സമയത്ത് നിർവഹിക്കാൻ സാധിക്കാത്തവരെയാണ് നിത്യ അശുദ്ധിയുള്ളവരായി കണക്കാക്കുന്നത്. അത്യാർത്തവം (ഇസ്തിഹാളത്) ഉള്ള സ്ത്രീകളും ഈ ഗണത്തിൽ പെടുന്നു. നിസ്കാരത്തിന്റെ സമയമായെന്നുറപ്പായശേഷം മാലിന്യങ്ങൾ കഴുകി വൃത്തിയാക്കുകയും മാലിന്യം പുറത്ത് വരാത്ത വിധം പരുത്തി പോലുള്ള വസ്തുക്കൾവെച്ച് കെട്ടുകയും ചെയ്ത ശേഷമാണ് നിത്യ അശുദ്ധിയുള്ളവർ അംഗശുദ്ധി വരുത്തേണ്ടത്. അംഗശുദ്ധി വരുത്തിയ ഉടൻ തന്നെ നിസ്കരിക്കുകയും ചെയ്യേണ്ടതാണ് . പരുത്തിവെച്ച് കെട്ടി ശേഷവും മാലിന്യം പുറത്ത് വരുന്നുവെങ്കിൽ അത് നിസ്കാരത്തെ ബാധിക്കുകയില്ല. പരുത്തി പോലുള്ളവ നിറക്കുന്നത് കൊണ്ടോ വെച്ചു കെട്ടുന്നത് കൊണ്ടോ സഹിക്കാനാവാത്ത പ്രയാസമുള്ളവർക്ക് മാലിന്യങ്ങൾ നീക്കിയ ശേഷം ശൗച്യം ചെയ്ത് പരുത്തി നിറക്കുകയോ വെച്ചു കെട്ടുകയോ ചെയ്യാതെ തന്നെ നിസ്കരിക്കാവുന്നതാണ്. പരുത്തിവെച്ചു കെട്ടുന്നതിന് പ്രയാസമില്ലാത്തവർ അതിൽ വീഴ്ച വരുത്തുകയോ, കെട്ടു നീങ്ങിയത് മൂലം വിസർജ്യം പുറത്തു വരികയോ ചെയ്താൽ അംഗശുദ്ധി നഷ്ടപ്പെടുന്നതും തൽഫലമായി നിസ്കാരം നിഷ്ഫലമാകുന്നതുമാണ്. നിത്യ അശുദ്ധിയുടെ ഭാഗമായുള്ള വിസർജനത്തിനാണ് അത്തരം കാര്യങ്ങൾ ഉള്ളവർക്ക് ഇളവ് ലഭിക്കുന്നത്. മറ്റു കാര്യങ്ങൾക്ക് ഇളവ് ലഭിക്കുകയില്ല. അതിനാൽ നിത്യ അശുദ്ധിയുള്ളവരിൽ നിന്ന് ശുദ്ധി നഷ്ടപ്പെടുന്ന മറ്റു കാര്യങ്ങളുണ്ടായാൽ ശുദ്ധിയും അതുവഴി നിസ്കാരവും നിഷ്ഫലമാകുന്നതാണ്.

നിസ്കരിക്കുന്നവന്റെ ദേഹം, വസ്ത്രം എന്നിവയിൽ മാലിന്യം (നജസ്) വീണാൽ ഉടൻ നീക്കം ചെയ്യാത്ത പക്ഷം നിസ്കാരം നിഷ്ഫലമാകും. നാസിക ദ്വാരങ്ങൾ, നേത്രം എന്നിവക്കകത്താണ് മാലിന്യം ഉള്ളതെങ്കിലും നിസ്കാരം നിഷ്ഫലമാകും. നിസ്കാരത്തിൽ ഇളവു ലഭിക്കാത്ത (ഗയ്റുമഅ്ഫുവ്വുൻ അൻഹു) മാലിന്യം ശരീരത്തിലോ വസ്ത്രത്തിലോ പതിച്ചാലാണ് നിസ്കാരം നിഷ്ഫലമാകുന്നത്. മാലിന്യസ്പർശമുണ്ടായ ഉടനെ നീക്കം ചെയ്താൽ നിസ്കാരം നിഷ്ഫലമാവുകയില്ല. ഉണങ്ങിയ മാലിന്യമാണെങ്കിൽ ശരീരം കൊണ്ട് സ്പർശിക്കുകയോ, വഹിക്കുകയോ ചെയ്യാതെ ഉടൻ തന്നെ അതിനെ നീക്കം ചെയ്യുകയും വേണം. ഈർപ്പമുള്ള മാലിന്യം ദേഹത്ത് വീണാൽ നിസ്കാരം നിഷ്ഫലമാകും. വസ്ത്രത്തിലാണെങ്കിൽ ഉടൻ തന്നെ മേൽ പറഞ്ഞപ്രകാരം മാലിന്യം പുരണ്ട വസ്ത്രം അഴിച്ചു മാറ്റേണ്ടതുമാണ്. അഴിച്ചുമാറ്റാൻ കാലതാമസം നേരിടുകയോ മാലിന്യം സ്പർശിക്കുകയോ ചെയ്താൽ നിസ്കാരം നിഷ്ഫലമാകും. വസ്ത്രം അഴിച്ചുമാറ്റുന്നതിന് തുടരെയായി മൂന്ന് അനക്കം വേണ്ടിവന്നാലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. കാറ്റടിച്ചത് കൊണ്ടോ മറ്റോ നഗ്നത വെളിവായാൽ ഉടൻ തന്നെ നഗ്നത മറക്കേണ്ടതാണ് അല്ലാത്തപക്ഷം നിസ്കാരം നിഷ്ഫലമാകും. വിജനമായ സ്ഥലത്ത് വെച്ചാണ് “നഗ്നത വെളിവായതെങ്കിൽ പോലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. പല തവണ വസ്ത്രം നീങ്ങുകയും മറക്കുന്നതിനായി തുടർച്ചയായ വർധിച്ച പ്രവൃത്തി വേണ്ടിവരികയും ചെയ്താലും നിസ്കാരം നിഷ്ഫലമാകുന്നതാണ്. ഖിബ്്ലയുടെ ദിശയിലേക്ക് തിരിഞ്ഞ് നിസ്കരിക്കൽ നിർബന്ധമുള്ളവർ ഖിബ്്ലയുടെ ദിശയിൽ നിന്ന് സ്വയം തെറ്റിയാലും ബലാൽക്കാരമായി മറ്റൊരാൾ ഖിബ് ലയുടെ ദിശയിൽ നിന്ന് തെറ്റിച്ചാലും നിസ്കാരം നിഷ്ഫലമാകും നിസ്കാരത്തിലാണെന്ന കാര്യം മറന്നു കൊണ്ട് ഖിബ്്ലയുടെ ദിശയിൽ നിന്ന് തെറ്റുകയും ഉടൻ തന്നെ ഖിബ്്ലയിലേക്ക് മടങ്ങുകയും ചെയ്താൽ നിസ്കാരം നിഷ്ഫലമാവുകയില്ല.

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login