തൃക്കാക്കര പറിച്ചെടുത്ത കല്ല്

തൃക്കാക്കര പറിച്ചെടുത്ത കല്ല്

പരിചിതമാണ് എങ്കിലും പറയട്ടെ, റാഷമോണ്‍ ഇഫക്ട് എന്ന സംഗതി രസമാണ്. ഒരേ സംഭവത്തെ പല കഥാപാത്രങ്ങള്‍ പലരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് റാഷമോണ്‍ ഇഫക്ട്. (ഒരു സാമുറായി കൊല്ലപ്പെടുന്നതും സംഭവത്തെ സംബന്ധിച്ച് പങ്കെടുത്തവരും കണ്ടവരും നല്‍കുന്ന സാക്ഷിവിവരണമാണ് കഥാതന്തു. സാക്ഷികളെല്ലാം സ്വന്തം താല്പര്യത്താല്‍ പ്രചോദിതരാണ്.) എല്ലാവരും പറയുന്നത് ഒരേ സംഭവത്തെക്കുറിച്ചായിരിക്കും. പക്ഷേ, പറച്ചില്‍ അവരുടെ കാഴ്ചകളില്‍ ഊന്നിയാകുമെന്നു മാത്രം. പറയുന്നവര്‍ എല്ലാം സംഭവത്തില്‍ അല്ലെങ്കില്‍ സംഭവസന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ സംഭവിച്ച സ്ഥലത്ത് പലരീതിയില്‍ സന്നിഹിതരായിരുന്നതിനാല്‍ പറയുന്നതിലെല്ലാം സത്യത്തിന്റെ പ്രകാശമുണ്ടാവും. പക്ഷേ, ഒന്നും യഥാർത്ഥ സത്യത്തെ അല്ലെങ്കില്‍ യഥാർത്ഥ സംഭവത്തെ വ്യക്തമാക്കാന്‍ പാങ്ങുള്ളതാവില്ല. സന്തോഷം തരുന്ന നുണകള്‍ പറയാനാണ് മനുഷ്യര്‍ക്കിഷ്ടം എന്ന ഒരു ദര്‍ശനത്തെ ആവിഷ്‌കരിക്കാനാണ് അകിര കുറസോവ റാഷമോണ്‍ എന്ന സിനിമയും റാഷമോണ്‍ ഇഫക്ട് എന്ന സിദ്ധാന്തവും അവതരിപ്പിച്ചതെന്ന് തോന്നാറുണ്ട്. ഉന്നതമായ കല കാലങ്ങളിലൂടെ സഞ്ചരിക്കും എന്നുമുണ്ടല്ലോ. റാഷമോണ്‍ എഫക്ടിന്റെ കാലാതിവര്‍ത്തനവും അതുകൊണ്ടാകാം.
റാഷമോണ്‍ ഇഫക്ടിനെ ഇപ്പോള്‍ ഓര്‍ക്കുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പശു ചത്തു മോരിലെ പുളിയും പോയി എന്നു പറയും പോലെ ആ തിരഞ്ഞെടുപ്പും അതിന്റെ ഫലവും ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമല്ല. നാനാതരം ചര്‍ച്ചകള്‍ നടന്നും കഴിഞ്ഞു. ചില തീര്‍പ്പുകളും ഉണ്ടായിവന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ ആലോചനകളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ പുതിയ വിഷയങ്ങളുടെ പിന്നാലെയാണ്. നമ്മളിങ്ങനെ തൃക്കാക്കരയിലെ റാഷമോണ്‍ എഫക്ട് ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ ചര്‍ച്ചാലോകത്ത് തൃക്കാക്കരയില്ല. പകരം ഏറെക്കാലം അരങ്ങുവാണ സ്വപ്ന സുരേഷും അവരുടെ ചര്‍വിത ചര്‍വണങ്ങളുമാണ്. പക്ഷേ, മാധ്യമങ്ങള്‍ ഓടിക്കുന്ന വണ്ടിയില്‍ നിന്ന് നൂറു മീറ്റര്‍ എങ്കിലും അകലം പാലിച്ചില്ലെങ്കില്‍ കുറസോവയുടെ കൊല്ലപ്പെട്ട സമുറായിയെപ്പോലെ അന്തം വിട്ടുപോകും നമ്മുടെ ആലോചനാ ജീവിതം. അതിനാല്‍ മറ്റാരും സംസാരിക്കാത്തപ്പോള്‍ നമുക്ക് തൃക്കാക്കരയിലേക്ക് പോകാം.

റാഷമോണിലേതുപോലെ ഒരു സംഭവത്തിന്റെ തികച്ചും വ്യത്യസ്തമായ ആഖ്യാനങ്ങള്‍ അഥവാ വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു. റാഷമോണിലേതുപോലെ ഓരോ വ്യാഖ്യാനവും അത് അവതരിപ്പിക്കുന്ന ആളുടെ താല്പര്യങ്ങളാല്‍ ബന്ധിതവുമാണ്. അതിനാല്‍ നാം റാഷമോണില്‍ നിന്ന് പുറത്തു വരികയും താല്പര്യങ്ങളുടെ ഭാരം അഴിച്ചുവെച്ച് ഭാവിയെ നോക്കി അക്കാദമികമായ താല്പര്യത്തോടെ സംസാരിക്കുന്നു.
തൃക്കാക്കരയില്‍ സംഭവിച്ചത് ഇതാണ്; യു ഡി എഫ് അവരുടെ സീറ്റ് നിലനിര്‍ത്തി. ഭൂരിപക്ഷം വലിയ തോതില്‍ ഉയര്‍ത്തി. സംസ്ഥാന നേതാവ് നേരിട്ട് മത്സരിച്ചിട്ടും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് കെട്ടിവെച്ച കാശു പോയി. സംസ്ഥാന ഭരണകൂടവും പാര്‍ട്ടി മെഷിണറിയും ഒന്നിച്ചൊന്നായി കാടിളക്കിയിട്ടും ഇടതുപക്ഷത്തിന്റെ സി പി എം സ്ഥാനാർഥി വന്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഈ സംഭവവികാസത്തെ പലരൂപത്തില്‍ നോക്കിക്കണ്ടത് നാം കേട്ടുകഴിഞ്ഞു. ഒന്നാമതായി ശ്രദ്ധേയമായത് ഇത്തരം ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ പോയകാല താരം സെബാസ്റ്റ്യന്‍ പോളിന്റേതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് ചൂടാറാതെ സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിരീക്ഷണങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ചു.
“വാര്‍റൂമുകളിലല്ല, കളത്തിലാണ് യുദ്ധങ്ങള്‍ വിജയിക്കേണ്ടത്. യുദ്ധത്തില്‍ മാത്രമല്ല, തിരഞ്ഞെടുപ്പുകളിലും തന്ത്രങ്ങളുടെ പിഴവ് പരാജയത്തില്‍ കലാശിക്കും. 1998-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പോലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലേക്ക് വിളിച്ചുവരുത്തിയാണ് സഖാവ് എം എം ലോറന്‍സ് എന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ഇത്തരം ചില രീതിയുണ്ട്. എന്നാല്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത് പാര്‍ട്ടി ഓഫീസിലല്ല; സമുദായത്തിന്റെ സ്ഥാപനത്തിലാണ്. പാര്‍ട്ടി നേതാക്കള്‍ കാഴ്ചക്കാരായ ചടങ്ങായി അത് മാറിപ്പോയത് പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകരെ ദുഃഖിപ്പിച്ചു. അങ്ങനെയായിരുന്നില്ല സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി പോലും കാഴ്ചക്കാരനായി. ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രാധാന്യം തുടക്കത്തിലേ നഷ്ടപ്പെട്ടു.

അമിതമായ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിലെ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ഉപരോധിച്ചതിന് തുല്യമായി. തൃക്കാക്കര മണ്ഡലത്തിലെ സാധാരണ ജനങ്ങളെ അടുത്തറിയാവുന്ന സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നില്ല പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുചോദിച്ചിറങ്ങിയത്. എവിടെ നിന്നോ വന്ന, നാട്ടുകാരെ നേരിട്ടറിയാത്ത വലിയ നേതാക്കളുടെ ആധിക്യം കാരണം മണ്ഡലത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വോട്ടുപിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഞാന്‍ മത്സരിച്ച ഉപതിരഞ്ഞെടുപ്പിലും ഇതുപോലെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. അവര്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. അത് ഫീല്‍ഡില്‍ നടപ്പിലാക്കേണ്ട ചുമതല പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായിരുന്നു. അതിന്റെ ഫലമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് വിജയം. കെ വി തോമസിന്റെ വരവ് തിരഞ്ഞെടുപ്പില്‍ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയത്.’

നാം തുടക്കത്തിലേ പറഞ്ഞ റാഷമോണ്‍ ഇഫക്ടില്‍ കിറുകൃത്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന സാക്ഷിമൊഴിയാണ് പരിണിത പ്രജ്ഞനും മണ്ഡലത്തിന്റെ മനസറിയുന്നയാളുമായ സെബാസ്റ്റ്യന്‍ പോളിന്റേത്. ഒറ്റ നോട്ടത്തില്‍ ഈ കനത്ത ഇടതുപക്ഷ തോല്‍വിയുടെ സൂക്ഷ്മതല കാരണങ്ങള്‍ അതില്‍ വായിക്കാം. പക്ഷേ, ഒരപകടമുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ ഇടത് സഹചാരിയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ തിരഞ്ഞെടുപ്പിലേക്കും അതിന്റെ നടത്തിപ്പുകാരായിരുന്ന എറണാകുളത്തെ പാര്‍ട്ടി നേതാക്കളിലേക്കും മാത്രമാണ് ചൂണ്ടുന്നത്. പറഞ്ഞല്ലോ, പ്രത്യക്ഷത്തില്‍ ഒരു തെറ്റുമില്ല അതില്‍. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ ചുമതല അത്തരം ചുമതലകള്‍ മുന്‍പ് വഹിച്ചിട്ടില്ലാത്ത, ചെറുപ്പക്കാരനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖവുമായ എം സ്വരാജിനായിരുന്നല്ലോ. സ്വരാജ് ആകട്ടെ തൃപ്പൂണിത്തുറയില്‍, എം എല്‍ എ എന്ന നിലയില്‍ മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം നടത്തിയിട്ടും നിയമസഭയില്‍ പ്രസംഗ വൈഭവത്താല്‍ താരപദവി നേടിയിട്ടും നവമാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടിട്ടും കെ ബാബു എന്ന, അത്രയൊന്നും ഇപ്പോള്‍ അഭിമതനല്ലാത്ത ഒരാളോട് പരാജയപ്പെട്ട ആളാണ്. തൃപ്പുണിത്തുറയിലെ പരാജയത്തിന്റെ അടിസ്ഥാന കാരണം ഇനിയും മനസിലാക്കപ്പെട്ടിട്ടില്ല. വിചിത്രമാണല്ലോ വോട്ടര്‍ മലയാളിയുടെ പെരുമാറ്റ ചരിത്രം. അങ്ങനെയുള്ള സ്വരാജിലേക്കും തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ച, എറണാകുളത്തെ പാര്‍ട്ടിയിലെ അതിശക്തനായ പി രാജീവിലേക്കുമാണ് സെബാസ്റ്റ്യന്‍ പോള്‍ വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ സ്വീകാര്യതയുള്ള പി രാജീവ് തട്ടകമായ എറണാകുളത്ത് വിഭാഗീയതയുടെ ചരിത്രഭാരം പേറുന്നയാളാണ്. അതിനാല്‍ സെബാസ്റ്റ്യൻ പോളിന്റെ ചൂണ്ടുവിരലിന്റെ നിഴലിനപ്പുറം നമുക്ക് നോക്കേണ്ടതുണ്ട്. കാര്യമുണ്ടായിട്ടല്ല. പറഞ്ഞല്ലോ, റാഷമോണ്‍ ഒരു നല്ല കളിയുമാണ്.

തൃക്കാക്കര മണ്ഡലത്തിന്റെ സെക്രട്ടറി ആയിരുന്ന എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തെ നമുക്ക് വിടാം. കാരണം ആ പ്രസ്താവന നിശ്ചയമായും ഉത്തരവാദിത്തത്തിന്റെ അമിതഭാരം പേറുന്ന ഒന്നാണ്. അംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് പിന്തുടര്‍ച്ചക്കാര്‍ സ്ഥാനാര്‍ഥിയായി വന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം സഹതാപത്തിനാല്‍ നിയന്ത്രിക്കപ്പെടുമെന്ന മട്ടിലായിരുന്നു ആ ഹ്രസ്വ പ്രതികരണം. “അപ്പോള്‍ പാല?’ എന്ന ചോദ്യം ഉയര്‍ന്നില്ല. തോല്‍വി അല്ല, കനത്ത തോല്‍വിയാണ് പ്രശ്നമെന്നും ആരും ഉന്നയിച്ചില്ല. അത് വിടാം. തൃക്കാക്കരയിലെ ചാമ്പ്യന്‍ എന്ന് നിസ്സംശയം പറയാം വി ഡി സതീശനെ. ദേശീയ പ്രധാന്യമുള്ള വലിയ വിജയവും ആത്മവിശ്വാസവുമാണ് അദ്ദേഹം കോണ്‍ഗ്രസിന് സമ്മാനിച്ചത്. വടക്കന്‍ പറവൂര്‍ പോലെ ഇടതുപക്ഷത്തിന് വന്‍ വേരോട്ടമുള്ള ഒരു മണ്ഡലത്തില്‍ വിരുന്നുകാരനായെത്തി വീട്ടുകാരനായ നേതാവാണ് സതീശന്‍. പറവൂര്‍ തുടര്‍ച്ചയായി പിടിക്കുന്നത് അദ്ദേഹത്തിന്റെ ഇലക്ഷണീറിംഗ് മികവ് ഒന്നുകൊണ്ട് മാത്രമാണ്. ആ പണി തൃക്കാക്കരയില്‍ അദ്ദേഹം നന്നായി എടുത്തു. പതിവുള്ള ഇടങ്കോലുകള്‍ തരിമ്പും ഉണ്ടായില്ല. ജയിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് എവിടെയും ജയിക്കുമെന്ന പ്രതീതി സതീശന്‍ സൃഷ്ടിച്ചു. സ്വാഭാവികമായും വിജയിയുടെ പ്രതികരണത്തില്‍ മറ്റൊന്നും തിരയേണ്ടതില്ല. “തുടര്‍ഭരണത്തിലൂടെ എല്‍ ഡി എഫിനുണ്ടായ അഹങ്കാരത്തിന്റെ കൊമ്പുമുറിച്ചു’ എന്ന കാവ്യാത്മകമെങ്കിലും സത്യത്തിന്റെ ഏതാനും ധൂളികള്‍ പടര്‍ന്ന പ്രസ്താവനയും നമുക്കിപ്പോള്‍ എടുക്കേണ്ടതില്ല. എന്തെന്നാല്‍ അതില്‍ റാഷമോണില്ല.

സെബാസ്റ്റ്യന്‍ പോളിന് പരോക്ഷമറുപടി നല്‍കിയും തൃക്കാക്കരയെ വിശദീകരിച്ചും രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പക്ഷേ, റാഷമോണുണ്ട്. ബ്രിട്ടാസ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സഹതാപതരംഗങ്ങളെ ഒന്നൊന്നായി ഓര്‍മിപ്പിക്കുന്നു. രാജീവ് ഗാന്ധി മുതല്‍ കെ എസ് ശബരീനാഥന്‍വരെ. തൃക്കാക്കരയിലേത് സഹതാപം മാത്രമെന്ന് ഉറപ്പിക്കുന്നു. തൃക്കാക്കരയിലെ താരപ്രചാരകരില്‍ ബ്രിട്ടാസ് ഉണ്ടായിരുന്നു. അതും വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിക്കാന്‍. ബ്രിട്ടാസ് എഴുതുന്നു: “തൃക്കാക്കരയെ വന്‍ ഭൂഖണ്ഡമായിക്കണ്ടാണ് മാധ്യമങ്ങളും നിരീക്ഷകരും വിശകലനങ്ങള്‍ നെയ്തെടുക്കുന്നത്. അപൂര്‍വമായി ലഭിക്കുന്ന സഹതാപംകൂടി ഉപയോഗിച്ച് സ്വന്തം തട്ടകം സംരക്ഷിക്കുന്നവരെ ക്യാപ്റ്റന്റെ പടച്ചട്ടയണിയിക്കുന്നത് വസ്തുതകളുടെ വക്രീകരണമാണ്. പ്രതിപക്ഷത്തിന് ജീവവായു കൊടുക്കാന്‍ വേണ്ടിയാണ് ഇത്തരം വൈകൃതകല്‍പ്പനകളെങ്കില്‍ അത് ചരിത്രനിഷേധമാണ്. ഇടതുപക്ഷത്തിന് തൃക്കാക്കര പിടിച്ചെടുക്കാനായില്ല എന്നതു മാത്രമാണ് കൃത്യമായ രാഷ്ട്രീയവായന. ലക്ഷ്യം നിശ്ചയിച്ചശേഷം പടക്കോപ്പു നിറയ്ക്കുക എന്നത് ഒരു പ്രയോഗവും രീതിയുമാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ പരാജയ കാരണങ്ങള്‍ പരതുന്ന മാധ്യമങ്ങള്‍ക്കും മറ്റും പലതും വ്യാജമായി നിര്‍മിച്ചെടുക്കേണ്ടി വരും. ഇടതു പക്ഷത്തുള്ളവരെത്തന്നെ ചില ശകലങ്ങള്‍ ചേര്‍ത്ത് അവര്‍ പറഞ്ഞതും പറയാത്തതും ഊന്നലുകള്‍ മാറ്റിമറിച്ചു കൊണ്ടുവരും.

തൃക്കാക്കര അടിയുറച്ച യുഡിഎഫ് മണ്ഡലമാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫണലിലൂടെ നോക്കിയാല്‍ ഒരുപാട് ന്യൂനതകളുള്ള സ്ഥാനാര്‍ഥിയായിരുന്നു പി ടി തോമസ്. കോണ്‍ഗ്രസിൽത്തന്നെ അദ്ദേഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. മരണശേഷമാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. അത്തരം ന്യൂനതകളൊന്നും ഉമയെ തേടിയെത്തിയിരുന്നില്ല. സംഘടനാ ചേരിപ്പോരുകളില്‍ കക്ഷിയല്ലാത്തതുകൊണ്ട് പാർട്ടിയിലുള്ളവര്‍ക്ക് പരിഭവമുണ്ടാകേണ്ടതില്ല. പി ടി തോമസിന് ഇല്ലാതിരുന്ന സഹതാപത്തിന്റെ ആനുകൂല്യംകൂടി അവര്‍ക്ക് ലഭിച്ചപ്പോള്‍ പ്രയാണം സുഗമമായി.

തൃക്കാക്കര കോസ്മോപൊളിറ്റന്‍ മണ്ഡലമാണ്. വോട്ടര്‍മാരില്‍ ഒരു ഭാഗം പുറത്തുനിന്നു വന്നു താമസമുറപ്പിച്ചവര്‍. മണ്ഡലത്തിനു വെളിയിലേക്ക് യഥേഷ്ടം പ്രയാണം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം പേരും. വെളിയില്‍നിന്നു വന്ന് തങ്ങളെ സന്ദര്‍ശിക്കുന്നവരോട് പ്രത്യേകിച്ചൊരു ചതുര്‍ഥിയും അവര്‍ക്ക് ഉണ്ടാകേണ്ട കാര്യവുമില്ല. എന്നാല്‍, 10 കല്‍പ്പനപോലെ പരാജയകാരണങ്ങള്‍ നിരത്തുമ്പോള്‍ ചിലര്‍ക്ക് പലതും നിര്‍മിച്ചെടുക്കേണ്ടി വരും. “ബാഹ്യഫോബിയ’യൊക്കെ വിഷയമായി അവതരിപ്പിക്കേണ്ടി വരും. ഇടതുപക്ഷം ശക്തമായ പ്രചാരണം നടത്തിയതു കൊണ്ടായിരിക്കണം വോട്ടുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞത്. സഹതാപവും ധ്രുവീകരണവും കോണ്‍ഗ്രസിന്റെ വോട്ടില്‍ വര്‍ധന ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യം.

സമകാലീനരാഷ്ട്രീയം നാളത്തെ ചരിത്രമാണ്. സാമൂഹ്യ രാഷ്ട്രീയ മുഹൂര്‍ത്തങ്ങളെ ശരിയായി വായിച്ചെടുക്കേണ്ട പിന്മുറക്കാര്‍ അപസര്‍പ്പകകഥകളില്‍ അഭിരമിക്കാനുള്ള സാഹചര്യം ഉണ്ടായിക്കൂടാ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വേദി മാത്രമായിരുന്നു. തൊട്ടുമുമ്പു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളുടെ പ്രാതിനിധ്യസ്വഭാവംപോലുമില്ലാത്ത ഒരു ഉപതിരഞ്ഞെടുപ്പായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രപരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തിവേണം തൃക്കാക്കരയുടെ വിശകലനം. അതിനപ്പുറമുള്ളതെല്ലാം ആഭാസത്തിന്റെ ദുര്‍മേദസ്സുമാത്രം.’
ആഭാസത്തിന്റെ ദുര്‍മേദസ്സ് എന്ന ഒട്ടും കാവ്യഭംഗിയില്ലാത്ത ശകാരവാക്യത്തില്‍ അവസാനിക്കുന്ന ഈ വിശകലനത്തെ സൂക്ഷ്മമായി നോക്കണം. ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഭരണകക്ഷിയായ സി പി എം എന്താണ് പഠിക്കുക എന്നതിന്റെ സൂചനകള്‍ ബ്രിട്ടാസ് ലേഖനത്തില്‍ എമ്പാടുമുണ്ട്. സി പി എമ്മിന്റെ ശബ്ദമായി മാറാനുള്ള പരമ്പരാഗത വഴികളില്‍ വന്നവരല്ല സെബാസ്റ്റ്യന്‍പോളും ബ്രിട്ടാസും എന്ന് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും അവരുടെ വീക്ഷണങ്ങള്‍ പ്രധാനപ്പെട്ടതാണ്. റാഷമോണിലെ സാക്ഷികള്‍ എന്നപോലെ ഇരുവരും താല്പര്യങ്ങളാല്‍ ബന്ധിതരുമാണല്ലോ. ആ താല്പര്യമാകട്ടെ പാര്‍ട്ടി എന്നതിനെക്കാള്‍ വ്യക്തി എന്നതുമാണല്ലോ.രണ്ടു വിശകലനങ്ങളിലും റാഷമോണ്‍ മൊഴികളില്‍ എന്നപോലെ സത്യങ്ങളുണ്ട്. പക്ഷേ, അതിനപ്പുറം മറ്റുപലതുമുണ്ട്.

ഒന്നാമതായി കേരളം പോലെ മാധ്യമ വിസ്ഫോടനം നടന്ന, അതിന്റെ പലതരം ലാവകളും ധൂളികളും നിറഞ്ഞ ഒരന്തരീക്ഷത്തില്‍ പലകാഴ്ചകളും നാം കാണണം എന്നില്ല. അതിലൊന്നാണ് തുടര്‍ഭരണം എന്ന അസാധാരണത്വം. കേരളത്തിന് അത് ഈ നിലയില്‍ പരിചിതമല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ സവിശേഷത അത് പിണറായി വിജയന്‍ എന്ന മുന്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ആദ്യ മന്ത്രിസഭയാണ് എന്നതായിരുന്നു. സ്വാഭാവികമായും തന്നില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്തത്തെ താന്‍ ഇതുവരെ നയിച്ച പാര്‍ട്ടിയുടെ താല്പര്യങ്ങളോടും ശീലങ്ങളോടും ചേര്‍ത്ത് ഭംഗിയാക്കുക എന്ന ഭാരിച്ച ഭാരം പിണറായിയില്‍ ഉണ്ടായിരുന്നു. അസാധാരണമായ രണ്ടാം ഊഴത്തില്‍ പിണറായി സര്‍ക്കാരിന് പാര്‍ട്ടിഭാരമില്ല. പകരമുള്ളതോ ക്യാപ്റ്റന്‍ എന്ന അതിഭാവുകത്വം കലര്‍ന്ന താരശരീരത്തിലേക്ക് ഒരുപറ്റം അണികളാല്‍ ചേര്‍ത്തുകെട്ടപ്പെട്ട ഒരു ജനറലിന്റെ ഏകാന്തതയാണ്. തനിക്കൊപ്പം പോന്ന ഒരു മുതിര്‍ന്ന നേതാവും രണ്ടാമൂഴത്തില്‍ മന്ത്രിസഭയിലില്ല. ഭാവിയെക്കുറിച്ച് ആശങ്കകളും പ്രതീക്ഷകളുമുള്ള പുത്തന്‍കൂറ്റുകാരാണ് ഏറിയ പങ്കും. തൊട്ടടുത്ത ഭരണകക്ഷിയായ സി പി ഐയിലും കനമുള്ള ശബ്ദം ഒട്ടുമില്ല. സ്വാഭാവികമായും തീരുമാനങ്ങള്‍ എകാകിയായ ജനറലിന്റേതെന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെടാം. കെ റെയില്‍ ഒന്നാം ഉദാഹരണമാണ്. നിശ്ചയമായും കേരളത്തിന് തനതായ ഒരു റെയില്‍വേ ശൃംഖല എന്നത് മനോഹരമായ ഒരാശയമാണ്. തെക്കുവടക്ക് കേരളത്തെ അതിവേഗത്തില്‍ ബന്ധിപ്പിക്കുക എന്നാല്‍ കേരളത്തെ മുന്നോട്ട് കുതിപ്പിക്കുക എന്നാണ്. പക്ഷേ, തുടക്കം മുതല്‍ എതിര്‍പ്പുകളോട് കാട്ടിയ നിഷേധാത്മകത, പൗരപ്രമുഖര്‍ എന്ന, കമ്യൂണിസ്റ്റ് വിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഒരു വര്‍ഗത്തെ സൃഷ്ടിച്ച് അവരുടെ സമ്മതത്തെ കേരളത്തിന്റെ സമ്മതമായി പ്രതിഷ്ഠിക്കാനുള്ള ധാര്‍ഷ്ട്യം എന്നിവ കല്ലുകടിയായി. കെ റെയില്‍ എന്ന സംവിധാനം സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെ ജനകീയമായി വിശദീകരിക്കാന്‍ കഴിയാത്തതും കല്ലിടല്‍ പോലുള്ള അനാവശ്യങ്ങളും അതിനോടുള്ള സി പി എം ബ്രാന്‍ഡ് ചര്‍ച്ചികരുടെ വളവളാ ന്യായങ്ങളും പൊതുവില്‍ പടര്‍ത്തിയ അതൃപ്തി കാണാതിരുന്നുകൂടാ. കൊവിഡ് കാലത്ത് ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്ത സര്‍ക്കാരിനെയല്ല കല്ലിടല്‍ കോലാഹലത്തില്‍ കേരളം കണ്ടത്. ഒരു കോസ്മോപൊളിറ്റന്‍ മണ്ഡലമെന്നതുപോലെ കേരളത്തിന്റെ സ്പന്ദനമറിയുന്ന മണ്ഡലം കൂടിയാണല്ലോ തൃക്കാക്കര. അവിടുത്തെ വിധിയെഴുത്തിന് ഈ നിലയില്‍ നല്‍കുന്ന സാക്ഷിമൊഴി സര്‍ക്കാരിനും അതിനെ നയിക്കുന്ന പാര്‍ട്ടിക്കും ഗുണമേ ചെയ്യൂ.

തുടര്‍ഭരണത്തിന്റെ അനിവാര്യമായ വിധിയാണ് താരതമ്യം. പോയ മന്ത്രിസഭാകാലം എപ്പോഴും ഒരു തട്ടില്‍ സജ്ജമാണ്. ആരോഗ്യവകുപ്പാണ് നാം പ്രതീക്ഷിച്ചപ്പോലെ ആ താരതമ്യഭാരത്താല്‍ നടുവൊടിഞ്ഞു വീണത്. സ്വന്തം ജില്ലയിലെ ഘടകകക്ഷി എം എല്‍ എ മന്ത്രിക്കെതിരെ രംഗത്തു വന്നത് തൃക്കാക്കരയില്‍ ചലനമുണ്ടാക്കില്ലേ? കൊവിഡ് പ്രതിരോധം കൈവിട്ടതും കണക്കുകള്‍ തിരിച്ചടിച്ചതും ആത്മപരിശോധന അവസാനിപ്പിച്ചതും അവര്‍ കാണില്ലേ? അങ്ങിനെയും നല്‍കാം പരാജയത്തിന്റെ സാക്ഷിമൊഴി.

കെ എസ് ആര്‍ ടി സി കുത്തഴിയുന്നത്, കെ എസ് ഇ ബിയിലെ കൂലിത്തല്ല്, ബലാത്സംഘം ചെയ്യപ്പെട്ട ഒരു ചലച്ചിത്ര നടി നിഷേധിക്കപ്പെട്ട നീതിയെയോര്‍ത്ത് വിലപിക്കുന്നത്, ആ വിലാപത്തോടുള്ള ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങള്‍, പൊലീസിനെതിരെ വന്ന ആരോപണങ്ങള്‍, വനം വകുപ്പിലെ കെടുകാര്യസ്ഥതകള്‍, ധാര്‍ഷ്ട്യത്തിന്റെ പരകോടി കയറുന്ന പ്രതികരണങ്ങള്‍, ഇന്ത്യന്‍ മുസ്‌ലിം മനസിന്റെ നെടുനാള്‍ മുറിവായ ഗുജറാത്തില്‍ നിന്നുള്ള മാതൃക പഠിക്കല്‍, കെ റെയില്‍ വിളംബരമല്ലാതെ എടുത്തുകാണിക്കാനുള്ള തൊഴിലവസര നിര്‍മിതിയുടെ അഭാവം, കാര്‍ഷിക വിലത്തകര്‍ച്ചയിലെ കാഴ്ചക്കാരാവല്‍, മൃദുവായി സംസാരിച്ച് സമാശ്വസിപ്പിക്കാന്‍ കഴിയാത്ത ധനമന്ത്രാലയം, ജനങ്ങള്‍ക്ക് അടിയന്തിര നന്മകള്‍ ചെയ്യുക എന്ന വലിയ പ്രവൃത്തിയോടുള്ള ധനമന്ത്രാലയത്തിന്റെ നിഷേധാത്മകത, പണമില്ലായ്മയെക്കുറിച്ചുള്ള ഭീതിപരത്തല്‍, കൊവിഡ് തകര്‍ച്ചയില്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ക്കുമുന്നില്‍ കോടികള്‍ വലിച്ചെറിഞ്ഞ് നടത്തുന്ന ഭരണാഘോഷങ്ങള്‍, അസാധാരണമായ നിയമനങ്ങള്‍… അങ്ങനെ എത്ര എത്ര മൊഴികള്‍ പറയാനുണ്ട്. ഭരണത്തുടര്‍ച്ചയില്‍ രൂപപ്പെട്ട പുതിയ അധികാര സമവാക്യങ്ങളോട് പൊരുത്തപ്പെടാനാവാതെ ഭയത്താല്‍ മാത്രം നിശബ്ദരായിപ്പോയ സ്വന്തം പ്രവര്‍ത്തകരുടെ അഗ്നിപര്‍വതസമാനമായ നിസ്സം​ഗത മറ്റൊന്നാണ്.
അതിനാല്‍ തൃക്കാക്കരയിലേത് ആത്മവിമര്‍ശനത്തിനും തിരുത്തലിനുമുള്ള അവസരമാക്കുകയാണ് ഈ സര്‍ക്കാരും അവരെ നയിക്കുന്നതായി നാം കരുതുന്ന പാര്‍ട്ടിയും ചെയ്യേണ്ടത്. ഒരു പക്ഷത്തിനും നിര്‍ണായക ഭൂരിപക്ഷമില്ലാത്ത നൂറിലേറെ മണ്ഡലങ്ങളാണ് കേരള രാഷ്ട്രീയത്തിന്റെ സവിശേഷത. സ്വന്തം വീഴ്ചകളാല്‍ മാത്രം മുന്നണികള്‍ തോല്‍ക്കുന്നിടങ്ങള്‍. ഒന്നും ശാശ്വതമല്ല എന്ന് ഇരു മുന്നണികളും മനസിലാക്കണം. ഓരോ തിരഞ്ഞെടുപ്പും അവര്‍ക്കുള്ള ജനത്തിന്റെ അറിയിപ്പുകളാണ്. വിജയമായാലും പരാജയമായാലും.

കെ കെ ജോഷി

You must be logged in to post a comment Login