മുസ്‌ലിംകൾക്ക് പേടിയാണോ?

മുസ്‌ലിംകൾക്ക് പേടിയാണോ?

നബിനിന്ദയും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഭരണകൂടം എങ്ങനെയാണ് പരിഹരിക്കേണ്ടത്?
ഇന്ത്യയിലെ ഒരു ചെറു ന്യൂനപക്ഷമാണ് നബിനിന്ദയടക്കമുള്ള വൈരം വെച്ചുപുലർത്തുന്നത്. ഒരു സമൂഹവും ഇതിന്നുത്തരവാദിയല്ല. ഏതെങ്കിലുമൊരു സമൂഹത്തെ മാത്രം ഇതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയുമല്ല. അത്തരം സമീപനങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യയെ നശിക്കാൻ വിടുന്നതിന് തുല്യമാണ്. മതസമൂഹങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങൾ പോയാൽ ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് രാജ്യം പോകും.

രാജ്യഭരണകൂടം കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. മേലിൽ, മതവികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങളിലേക്ക് ആരും പോകാതിരിക്കാൻ പാഠവും താക്കീതും നൽകുന്ന വിധത്തിൽ നിയമനടപടികൾ സ്വീകരിക്കണം. സമാധാനാന്തരീക്ഷം കവർന്നെടുക്കുന്നവർക്ക് നിയമത്തിന്റെ പരിധിക്കകത്തുനിന്നുകൊണ്ട് കർശനമായ ശിക്ഷനൽകാൻ തന്നെ ഭരണകൂടങ്ങൾ തയാറാകണം. ഈ രാജ്യത്തിന് മുന്നോട്ടുപോകാൻ അത്തരം നടപടികൾ ആവശ്യമാണ്. പൗരന്മാർക്ക് ഇക്കാര്യത്തിൽ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പ്രതിഷേധത്തിനേ അർഹതയുള്ളൂ. ഭാവിയിൽ ഇതാവർത്തിക്കാൻ ഇടയാകാത്ത നിലയിലുള്ള പഴുതടച്ച നിയമ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ഒരു സസ്പെൻഷൻ നടപടിയിൽ കാര്യം ഒതുക്കിത്തീർക്കുന്നത് ഇത്തരം നിന്ദാപരമായ പെരുമാറ്റങ്ങൾ ആവർത്തിക്കാൻ ഇടയാക്കും.

ദേശാന്തരീയ തലത്തിൽ ഇന്ത്യക്കിത് എത്രത്തോളം ദുഷ്പേരുണ്ടാക്കും?
ഇന്ത്യക്ക് മഹത്തായ ഒരു പൈതൃകമുണ്ട്. എല്ലാ ചിന്താധാരകളെയും ഒരേ കണ്ണിൽ കാണുകയും ബഹുമാനിക്കുകയും അവക്കെല്ലാം ഒന്നിച്ചുകഴിയാൻ ഇടം കൊടുക്കുകയും ചെയ്ത രാജ്യമാണിത്. ഇതുപോലെ ബഹുസ്വരതയെ പുണർന്ന ഒരു ദേശമഹിമ മറ്റൊരു രാജ്യത്തിനുമില്ല. ഇന്ത്യയുടെ ഈ യശസ്സ് എടുത്തുപറഞ്ഞാണ് എവിടെ ചെല്ലുമ്പോഴും വിവിധ സമൂഹങ്ങൾ നമ്മെ സ്വീകരിക്കുന്നത്. അഭിമാനാർഹമായ ഈ ദേശാന്തരീയ യശസ്സാണ് ചുരുക്കം ചിലരുടെ നിന്ദാപരമായ സമീപനം മൂലം തകരുന്നത്.

മുസ്‌ലിംകളിൽ ഇതുണ്ടാക്കിയ ആഘാതം എത്രയാണ്?
മുസ്‌ലിം സമുദായത്തിന്റെ വേദന സ്വന്തം ഹൃദയത്തിൽ അനുഭവിക്കാൻ മറ്റൊരു സമൂഹത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല. നബിയെ മുസ്‌ലിംകൾ എങ്ങനെയാണ് കാണുന്നത് എന്ന് ശരിക്കും തിരിച്ചറിയണമെങ്കിൽ ഈ വിശ്വാസത്തിന്റെ തണലിൽ വരണം. നമുക്കറിയാവുന്ന മറ്റൊട്ടേറെ താത്വികാചാര്യന്മാരെപ്പോലെയുള്ള ഒരു പദവിയല്ല നബി എന്നത്. നബി എന്ന വാക്കിൽതന്നെ ആ ദൗത്യത്തിന്റെ വ്യാപ്തിയും മഹത്വവും ഉണ്ട്. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ കല്പന പ്രകാരം സൃഷ്ടികളുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ് പ്രവാചകന്മാർ. അവരുടെ നേതാവാണ് തിരുനബി(സ്വ). വെറുമൊരു സാമൂഹ്യ പരിഷ്കർത്താവോ രാഷ്ട്ര നായകനോ മത മീമാംസകനോ അല്ല. മുഹമ്മദ് നബിയെ സൃഷ്ടികളിൽ അതുല്യനായി മനസ്സിലാക്കാത്തവർക്ക് ഈ വേദന ഉൾക്കൊള്ളാനാവില്ല. ആ മഹാതേജസിന്റെ ആഴവും അവിടുത്തോടുള്ള മുസ്‌ലിം സമൂഹത്തിന്റെ സ്നേഹവും മറ്റൊരു ആശയ പശ്ചാതലത്തിലുള്ളവർക്ക് മനസിലാകാൻ പ്രയാസമാണ്. വഹ്്യ്- ദിവ്യബോധനം എന്നൊക്കെ പറയുന്ന അഭൗതികാനുഭവങ്ങൾ മറ്റൊരു ആശയപശ്ചാതലത്തിലുള്ളവർക്ക് ഉൾക്കൊള്ളാൻ സമയമെടുക്കും. സ്രഷ്ടാവിൽനിന്നുള്ള ദിവ്യബോധനം(വഹ്്യ്) മുഖേനയാണ് ഒരു വ്യക്തിത്വം നബിയായി നിയോഗിതരാകുന്നത്. സ്രഷ്ടാവ് മുഖേനയാണ് നിർദേശങ്ങൾ ലഭിക്കുന്നത്. നമ്മൾ ഇത്തരം കാര്യങ്ങൾ പരമാവധി മറ്റുള്ളവർക്ക് കൂടി ഉൾക്കൊള്ളാനാകും വിധം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കണം.

മറ്റ് സമൂഹങ്ങൾ തിരുനബിയെ (സ്വ) ശരിയായി മനസ്സിലാക്കുന്നതിന് മുസ്‌ലിം സമുദായത്തിലെ ചില അവാന്തര വിഭാഗങ്ങളുടെ നിലപാടുകൾ തടസമായില്ലേ?
ഇസ്‌ലാമിന്റെ ആന്തരിക സത്തയും സൗന്ദര്യവും മറ്റുള്ളവർക്ക് കൂടി ഉൾക്കൊള്ളാനാകുംവിധം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്‌ലാമിന്റെ തനത് ധാരയിൽനിന്ന് പുറത്തുപോയ വിഭാഗങ്ങളുണ്ടിവിടെ. അവർക്കുകൂടി ഇതൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ നാം ബാധ്യസ്ഥരാണ്. മുഹമ്മദ് നബി(സ്വ) ഒരു സാധാരണ മതാചാര്യനാണെന്നും ഒരു സാധാരണ മനുഷ്യനെപ്പോലെ പിറന്ന് ജീവിച്ച് മരണപ്പെട്ടുപോയ ഒരു മതനേതാവ് മാത്രമാണെന്നും മനസ്സിലാക്കിയ വിഭാഗങ്ങളുണ്ട്. അവരുടെ വാക്കുകളും പ്രവർത്തനങ്ങളും കൊണ്ടാണ് ഇസ്‌ലാമും പ്രവാചക സമൂഹവും ഇത്രയേറെ നിന്ദകൾക്ക് വിധേയരായത്. അവരാണ് ഈ നബി നിന്ദകർക്ക് പാലമിട്ടുകൊടുത്തത്. വിവിധ സലഫീ വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ വെറുമൊരു പ്രബോധകൻ എന്ന നിലയിലാണ് മുഹമ്മദ് നബിയെ പരിചയപ്പെടുത്തിയത്. പ്രവാചകത്വത്തിന്റെ സത്തയും സൗന്ദര്യവും മനസ്സിലാക്കാൻ അവർക്കോ അവരെ പിൻപറ്റിയവർക്കോ സാധിച്ചില്ല.

ചിലരുടെ പ്രതിഷേധങ്ങൾ അതിരുവിടുന്നു?
അകക്കാമ്പില്ലാത്ത ആദർശമാണ് മുസ്‌ലിംകൾക്കിടയിലെ അവാന്തര വിഭാഗങ്ങൾക്കുള്ളത്. അവർക്ക് കാലക്രമേണ തീവ്ര/ ഭീകരവാദങ്ങളിലേക്ക് പോകേണ്ടിവന്നു. മറ്റുള്ളവരെ വിറളിപിടിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കേണ്ടിവന്നു. അധിക്ഷേപങ്ങൾക്ക് അധിക്ഷേപങ്ങൾകൊണ്ട് പ്രതികരിക്കേണ്ടിവന്നു. സമാധാനം നഷ്ടപ്പെടുത്തിയതും മതനിന്ദക്ക് വളരാൻതക്ക സാഹചര്യമൊരുക്കിയതും അവരുടെ നിലപാടുകളാണ്. അവരുടെ നടപടികളിലൂടെ, നീക്കങ്ങളിലൂടെ മുഹമ്മദ് നബി(സ്വ) ഒരു സാധാരണ മതാചാര്യനാണെന്ന് മറ്റു മതസ്ഥർ മനസ്സിലാക്കിയെങ്കിൽ അതിന്ന് സഹോദര സമുദായങ്ങളെ കുറ്റപ്പെടുത്തിക്കൂടാ. യഥാർത്ഥത്തിൽ മുഹമ്മദ് നബി(സ്വ) ആരാണെന്ന് മറ്റ് സമൂഹങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള വലിയ ബാധ്യത നമുക്കുണ്ട്.

തിരുനബി(സ്വ) ആരാണെന്ന് ചെറിയ വാക്കുകളിൽ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും?
“ആരെങ്കിലും റസൂലിനെ അനുസരിച്ചാൽ അയാൾ അല്ലാഹുവിനെ അനുസരിച്ചു’ എന്ന് ആശയം വരുന്ന സൂക്തം(ആയ:) നിസാഅ് അധ്യായത്തിൽ (സൂറ:) കാണാം. “എന്നെ അനുസരിച്ചാൽ അയാൾ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. ധിക്കരിച്ചാലോ അല്ലാഹുവിനെയാണ് ധിക്കരിക്കുന്നത്’ എന്ന് സ്വഹീഹ് മുസ്‌ലിമിൽ അബൂഹുറയ്റ(റ) ഉദ്ധരിക്കുന്നതുകാണാം. തിരുനബിയിൽ വിശ്വസിച്ചാൽ മാത്രമേ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയാകുകയുള്ളൂ. കലിമതുത്തൗഹീദ് പൂർത്തിയാകാൻ തിരുനബിയെ(സ്വ) വിശ്വസിക്കണം. ഇസ്‌ലാമിലേക്ക് പ്രവേശിക്കുമ്പോഴുള്ള അനിവാര്യ പ്രതിജ്ഞയാണ് കലിമതുത്തൗഹീദ്. ഈ കലിമതുത്തൗഹീദിന്റെ ഭാഗമായ തിരുനബി(സ്വ) എങ്ങനെയാണ് സാധാരണ ജന്മം ആകുക? അല്ലാഹുവിന്റെ ഹബീബ് എന്ന സ്ഥാനമാണ് തിരുനബിക്കുള്ളത്. “അല്ലാഹുവും മലക്കുകളും തിരുനബിയെ പ്രശംസിക്കുന്നു/ ആശംസിക്കുന്നു; നിങ്ങളും തിരുനബിയെ പ്രശംസിക്കൂ’ ഇങ്ങനെ മറ്റാരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്? ഇത് മനസ്സിലാക്കിയാൽ തിരുനബിയുടെ മഹത്വം മനസ്സിലാക്കാൻ ഹൃദയമുള്ളവർക്ക് കഴിയും.

മുസ്‌ലിം പ്രതിഷേധം എത്രവരെ ആകാം?
ഇന്ത്യയിൽ മതസമൂഹങ്ങൾ തമ്മിൽ ഒരു അകൽച്ചക്കോ സംഘർഷത്തിനോ ഇടം നൽകാത്ത വിധത്തിൽ മുസ്‌ലിംകളുടെ വേദന ബന്ധപ്പെട്ടവരെ അറിയിക്കണം. മുസ്‌ലിംകൾക്ക് മാത്രമല്ല, മുഹമ്മദ് നബിയെ(സ്വ) മനസ്സിലാക്കിയ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊക്കെ വേദന ഉണ്ടാവേണ്ടതാണ്. അല്ലാഹുവിന്റെ നിർദേശമനുസരിച്ചല്ലാതെ യാതൊന്നും ചെയ്തിട്ടില്ലാത്ത ഉന്നത വ്യക്തിയാണ് മുഹമ്മദ് നബി(സ്വ). ഖുർആൻ ഇതുപറഞ്ഞിട്ടുണ്ട്. ഈ തിരുനബിയെ നമുക്കെങ്ങനെ അധിക്ഷേപിക്കാൻ കഴിയും.

നബിയുടെ വിവാഹമാണ് അധിക്ഷേപകരുടെ തുരുപ്പുചീട്ട്?
തിരുനബി ശരീഅ നിയമങ്ങൾ പഠിപ്പിക്കുന്ന ഗുരു(ശാരിഅ്) കൂടിയാണ്. ചെറുപ്രായത്തിലുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാമോ? എന്താണതിന്റെ വിധി? ഇത് പഠിപ്പിക്കാനാണ് ആഇശാ ബീവിയുമൊത്തുള്ള ആ വിവാഹം നടക്കുന്നത്. സ്ത്രീകൾക്ക് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ലാത്ത കാലത്തെ തിരുത്തിയാണ് തിരുനബിയുടെ വിവാഹം നടക്കുന്നത്. ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ സമൂഹത്തിൽ ആരോരുമില്ലാതായിപ്പോകുന്ന ഘട്ടം വന്നാൽ അവരെ വിവാഹം ചെയ്യാമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ആ വിവാഹം. വിവാഹം കഴിഞ്ഞ ആ വർഷം തിരുനബിയും ആഇശാ ബീവിയും സംഗമിച്ചിട്ടില്ല. പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് അവർ മദീനയിലേക്ക് ഹിജ്റ പോകുന്നത്(പലായനം ചെയ്യുന്നത്). മദീനത്തെത്തി വീണ്ടും ഒരു വർഷം കഴിഞ്ഞ ശേഷമാണ് അവർ സംഗമിക്കുന്നത്. ആ ദാമ്പത്യബന്ധം വളർന്ന് ആഇശാ ബീവി(റ) ലോകോത്തര പണ്ഡിതയായിത്തീരുന്നതാണ് നാം കാണുന്നത്. റസൂലിനെക്കുറിച്ച് ആധികാരികമായി ലോകത്തോട് സംസാരിക്കാൻ അർഹതയുള്ള വനിതയായി അവർ മാറി. ആ വിവാഹം കഴിഞ്ഞ ശേഷം, റസൂലിന്റെ വിടവാങ്ങലിന് ശേഷം അവർ റസൂലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എടുത്തു പരിശോധിച്ചാൽ, അവരുടെ ദാമ്പത്യജീവിതത്തിന്റെ ഹൃദ്യമായ വശങ്ങൾ പഠിച്ചാൽ നമുക്ക് കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ കഴിയും.

ഒരു പിതാവ് അസുഖബാധിതനായി അത്യാസന്ന നിലയിലാണ്. അദ്ദേഹത്തിന് കല്യാണപ്രായമായിട്ടില്ലാത്ത ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടിക്കിണങ്ങുന്ന ഒരു കല്യാണം നടത്തിക്കൊടുക്കാൻ സാഹചര്യമൊരുങ്ങിയാൽ ആരോരുമില്ലാത്ത ആ കുട്ടിയെ അനാഥയാക്കി പിരിയുന്നതിന് പകരം കല്യാണം കഴിച്ചുകൊടുത്ത് ആ പിതാവിന്ന് സന്തോഷപൂർവം മരിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാമോ? ചെയ്യാമെന്നാണ് ഇസ്‌ലാമിന്റെ നയം. വിവിധ രാഷ്ട്രങ്ങളിൽ ഇതുസംബന്ധമായി വ്യത്യസ്തമായ നിയമങ്ങൾ ഉണ്ടാകും. അതേകുറിച്ചല്ല നാം പറയുന്നത്. അവിടെ രാഷ്ട്ര നിയമങ്ങൾ പാലിക്കണം. നമ്മൾ പറയുന്നത് ഇസ്‌ലാമിന്റെ നിലപാടെന്താണ് എന്നത് മാത്രമാണ്. ഈ നയം ലോകത്തിന് പഠിപ്പിക്കുകയാണ് ഇതിലൂടെ ശാരിഅ്(മതാധ്യാപനങ്ങൾ പഠിപ്പിക്കുന്ന ഗുരു) ചെയ്യുന്നത്. അല്ലാതെ സ്ത്രീ ലമ്പടത്വമോ പീഡനമോ മറ്റ് ദുഷ് പ്രേരണകളോ ഇതിന്റെ പിന്നിലില്ല. അതീവ ബുദ്ധിമതിയായ ആഇശ(റ) അവരുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞത് നാം ശ്രദ്ധിക്കണം എന്ന് നേരത്തെ പറഞ്ഞത് ഇതുകൊണ്ടാണ്. മതാധ്യാപനങ്ങൾ അടിമുടി സ്വജീവിതത്തിൽ പ്രാവർത്തികമാക്കിക്കാണിച്ചുതന്ന ഗുരുവാണ് തിരുനബി(സ്വ). നിങ്ങൾക്ക് തിരുനബിയിൽ(സ്വ) നല്ല മാതൃകയുണ്ട് എന്ന് ഖുർആൻ ഉണർത്തിയതുകാണാം.

നബി നിന്ദയോടുള്ള പ്രതികരണത്തിന്റെ മാതൃക?
തിരുനബിയുടെ കാലത്ത് ശത്രുക്കൾ ചെയ്തുകൂട്ടിയ കുതന്ത്രങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. ഒരു പ്രവാചകനും നേരിടാത്ത വെല്ലുവിളികൾ അവിടുന്ന് നേരിട്ടു. പക്ഷേ ഏറെ ഞെട്ടിച്ച അധിക്ഷേപം ചൊരിഞ്ഞ ഒരാൾ ഉണ്ടായിരുന്നു; അബൂലഹബ്. തിരുനബിയുടെ ശത്രുപക്ഷത്തുള്ളവരിൽ ഖുർആൻ പേരെടുത്ത് പറഞ്ഞ് മറുപടി കൊടുത്തത് അബൂലഹബിന് മാത്രമാണ്. നിന്ദാപരമായ വാക്കുകൾ സമൂഹത്തിലുണ്ടാക്കുന്ന ഛിദ്രതയുടെ ആഴം അതിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും. ഖുർആനിലെ “മസദ്’ അധ്യായം തന്നെ അബൂലഹബിന്റെ നിന്ദാവാക്കിനെ നേരിടുന്നതാണ്. വേറൊരു തെറ്റിനെയും ഖുർആൻ ഇതുപോലെ ഒരധ്യായം കൊണ്ട് നേരിട്ടതായി കാണില്ല. അബൂജഹ്ൽ, ഉത്ബ, ശൈബ ഇവരൊക്കെ വലിയ ശത്രുക്കളായിരുന്നല്ലോ. അവരെയൊന്നും ഖുർആൻ പേരെടുത്തു പരാമർശിച്ചിട്ടില്ല. പക്ഷേ നിന്ദാപരമായ വാക്ക് ഉണ്ടാക്കുന്ന മുറിവുണക്കാൻ വലിയ പ്രയാസമാണ്. മുസ്‌ലിംകളെ നബിനിന്ദ എത്രമാത്രം വേദനിപ്പിക്കും എന്നറിയാൻ മസദ് അധ്യായത്തിന്റെ ആശയം പഠിച്ചാൽ മതിയാകും. “ലക്ഷണം കെട്ടവനേ’ എന്നു തിരുനബിയുടെ മുഖത്തുനോക്കി പറഞ്ഞയാൾക്ക് അല്ലാഹു നേരിട്ട് മറുപടി നൽകുകയാണ്. ആദ്യം ഖുർആൻ തിരുനബിയെ ആശ്വസിപ്പിക്കുന്നു. എന്നിട്ട് അധിക്ഷേപത്തിന് മറുപടി നൽകുന്നു.

ആരോഗ്യകരമായ പ്രതിഷേധങ്ങൾ കുറഞ്ഞുപോയോ?
ജാഥയോ റാലിയോ നടത്തി ശക്തി പ്രകടിപ്പിച്ചോ അല്ലെങ്കിൽ തുല്യനാണയത്തിൽ ഭീഷണി മുഴക്കിയോ പ്രതിഷേധ പ്രകടനങ്ങൾക്ക് മുതിരുന്നത് ഈ സാഹചര്യത്തിൽ ശരിയല്ല. സർക്കാർ നേരിട്ട് അത്തരമൊരു നിലവാരത്തിലേക്ക് തരംതാഴുമ്പോഴാണ് ആ തരത്തിലുള്ള പ്രതിഷേധങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്. ഇത് വ്യക്തികളുടെ നിയമലംഘനങ്ങളാണ്. സർക്കാർ വൈകിയാണെങ്കിലും ചെറിയ നടപടികൾ എടുത്തിട്ടുമുണ്ട്. അത് പോര. കുറച്ചുകൂടി കർക്കശമായ നിലപാടുകൾ എടുക്കണമെന്ന് നമുക്ക് സർക്കാരിനെ ബോധ്യപ്പെടുത്താം. ഇതല്ലാതെ ബന്ധപ്പെട്ട സമൂഹത്തെ അധിക്ഷേപിക്കുന്ന നീക്കങ്ങളിലേക്ക് പോകുന്നത് ശരിയല്ല. അതുകൊണ്ട് പ്രയോജനമില്ല എന്ന് മാത്രമല്ല. ഇന്ത്യയെ നാശത്തിലേക്ക് നയിക്കുന്ന പ്രവണതയാണത്. ചില സംസ്ഥാനങ്ങളിൽ നിയമനടപടികളുടെ ഭാഗമായി പൗരന്മാരുടെ വാസസ്ഥാനങ്ങൾ ബുൾഡോസർ വെച്ച് തകർക്കുന്ന രീതിയിലേക്ക് ക്രമസമാധാനവാഴ്ച തകിടം മറിയുന്ന വാർത്തകളുമുണ്ട്. ഈ പ്രവണത മുളയിലേ നുള്ളാൻ ഭരണകൂടങ്ങൾ തന്നെ മുൻകൈയെടുക്കണം.

മുസ്‌ലിംകൾക്ക് പേടിയാണോ?
മുസ്‌ലിംകൾ ഭീരുക്കളായതുകൊണ്ടാണ് ഈ സമീപനമെടുക്കുന്നത് എന്ന് ആരും കണക്ക് കൂട്ടേണ്ട. ഇസ്‌ലാം സമാധാനകാംക്ഷയാണ്. ഇതുകൊണ്ട് മാത്രമാണ് ഈ നിലക്കുള്ള ആത്മസംയമനം മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആത്യന്തികമായി മതസമൂഹങ്ങൾ ഏറ്റുമുട്ടിയാൽ എല്ലാവർക്കും നഷ്ടമുണ്ടാകും. അത് പരിഹരിക്കാനോ മുറിവുണക്കാനോ ആർക്കും കഴിയില്ല. ഇസ്‌ലാമിന്റെ സമാധാനകാംക്ഷ മുറുകെപ്പിടിക്കുകയാണ് മുസ്‌ലിംകൾ ചെയ്യുന്നത്.

അഭിമുഖം:

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ /
ടി കെ അലി അശ്റഫ്

You must be logged in to post a comment Login