അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

പരസ്പരം ബന്ധമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ സംസാരിക്കാം. ഒന്ന് അഗ്നിപഥ് എന്നും അഗ്നിവീര്‍ എന്നുമെല്ലാമുള്ള സുന്ദര പദാവലികളാല്‍ വിളംബരം ചെയ്യപ്പെട്ട, നടപ്പാക്കല്‍ ആരംഭിച്ച സൈന്യത്തിന്റെ കരാര്‍വല്‍കരണമാണ്. രണ്ട്, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പി ആസൂത്രിതമായി പുറത്തെടുത്ത ആദിവാസി കാര്‍ഡ്, അഥവാ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വവും. രണ്ടും രണ്ടു കാര്യങ്ങളല്ലേ, രണ്ടു ഘട്ടത്തില്‍ തീരുമാനിച്ച് ഒരേ ഘട്ടത്തില്‍ പുറത്തുവന്ന തീരുമാനങ്ങള്‍. അത് തമ്മില്‍ ഏതെങ്കിലും ചാര്‍ച്ച ആരോപിക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ലേ? അങ്ങനെ ഒരു ചോദ്യം സാധ്യമാണ്. പക്ഷേ, തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ പിന്നാമ്പുറവും അവര്‍ തീരുമാനത്തിലേക്കെത്താന്‍ എടുക്കുന്ന വഴികളും ശ്രദ്ധിക്കുന്നവര്‍ക്ക് ചാര്‍ച്ച യാദൃച്ഛികമായി തോന്നില്ല. വഴിയേ വിശദീകരിക്കാം.
അഗ്നിപഥ് എന്നത് കീഴ്ത്തട്ട് സൈന്യത്തിന്റെ കരാര്‍വല്‍കരണമാണ്. സൈന്യം, പ്രത്യേകിച്ച് കാലാള്‍പ്പട എന്നൊക്കെ വിളിക്കാവുന്ന പ്രാഥമിക വിഭാഗം എപ്പോഴും യുവസാന്നിധ്യത്താല്‍ സമ്പന്നമാവണം എന്ന ആശയമാണ് അഗ്നിപഥിന്റെ കാതല്‍. സൈനികവൃത്തി ഭേദപ്പെട്ട ഒരു പ്രൊഫഷനായി മാറിയ രാജ്യമാണ് നമ്മുടെ ഇന്ത്യ. മറ്റേത് തൊഴിലിനേക്കാള്‍ ആനുകൂല്യ നിര്‍ഭരവും ആജീവനാന്ത സാമ്പത്തിക സാമൂഹിക സുരക്ഷയുമാണ് അതിന്റെ പ്രലോഭനം. സ്വാഭാവികമായും ഉന്നത പഠനത്തിന് പലനിലകളില്‍ കോപ്പില്ലാത്ത ഇന്ത്യന്‍ യുവാക്കള്‍, പ്രത്യേകിച്ച് ഉന്നത വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നാക്കമായ സംസ്ഥാനങ്ങളിലെ യുവാക്കള്‍ സൈനികവൃത്തിയെ ജീവിതാഭിവൃദ്ധിക്കുള്ള വഴിയായി പരിഗണിക്കുന്നു, അത് ലഭിക്കാന്‍ കഠിനമായി ശ്രമിക്കുന്നു. ആ ശ്രമത്തിന്റെ ഫലമായി ഇന്ത്യന്‍ സൈന്യത്തിലെ കീഴ്ത്തട്ടില്‍ വലിയ ഭൂരിപക്ഷമുള്ളത് ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളാണ്. നന്നായി ഓടിയും നന്നായി ചാടിയും നെഞ്ചുവിരിച്ചും അവര്‍ പട്ടാളക്കാരായി മാറുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പാങ്ങുള്ളവരെ ആകര്‍ഷിക്കുന്നത് ഓഫീസര്‍ തസ്തികകള്‍ ആണ്. കുറച്ച് പ്രയാസമാണ് കടന്നുകൂടാന്‍.
കാലാകാലങ്ങളില്‍ നാടുവാണ ഭരണകൂടങ്ങളില്‍ സൈന്യത്തിനും സൈനിക വക്താക്കള്‍ക്കുമുള്ള വാക്‌സാന്നിധ്യം ഒരു രഹസ്യമല്ല. അതിനാല്‍ സൈനിക ക്ഷേമത്തിനുള്ള ബജറ്റ് വിഹിതം ഉയര്‍ന്നുയര്‍ന്നു വന്നു. സൈന്യത്തില്‍ ഒരിക്കല്‍ എത്തിപ്പെട്ടാല്‍ ജീവിതം ഭദ്രമാണ് എന്ന നിലയുണ്ട്. 20 വര്‍ഷമാണ് സാധാരണ നിലയില്‍ സര്‍വീസ്. മേല്‍ത്തട്ടുകാര്‍ക്ക് നീളും. സൈന്യത്തിലെ കീഴ്ത്തട്ടില്‍ നിന്ന് മടങ്ങിയാലും ആയുഷ്‌കാല സംരക്ഷണം കിട്ടും. നല്ല തോതില്‍ പെന്‍ഷന്‍ ആനുകൂല്യം ഉണ്ട്. സൈനികര്‍ക്കായുള്ള ഡിപ്പോയില്‍ നിന്ന്, സ്‌റ്റോറുകളില്‍ നിന്ന് വലിയ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ കിട്ടും. വിമുക്തഭടന്‍ എന്നത് ഇന്ത്യയില്‍ മെച്ചപ്പെട്ട ഒരു സാമൂഹിക സാമ്പത്തിക പദവിയാണ്. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കുറഞ്ഞ വിലയ്ക്ക്, അതും അവിശ്വസനീയമായ കുറഞ്ഞ വിലയ്ക്ക് ഈ സ്‌റ്റോറുകളില്‍ കിട്ടും. വാങ്ങിക്കൊടുക്കാം. മാത്രമല്ല, സൈനികര്‍ക്ക് അവരുടെ കാന്റീനുകളില്‍ മദ്യവിതരണമുണ്ട് എന്ന് നമുക്കറിയാം. മദ്യം നമ്മുടെ സൈന്യത്തില്‍ ഭക്ഷണം പോലെ ഒരു സാധാരണ കാര്യമാണ്. അത് സൈനിക വൃത്തിയുടെ മാനസിക സമ്മര്‍ദം അയവുള്ളതാക്കാനുള്ള ഒന്നായാണ് വിഭാവനം ചെയ്യപ്പെടുന്നത്. വിരമിച്ചവര്‍ക്കും റേഷന്‍ മാതൃകയില്‍ മദ്യം കിട്ടും. വിരമിച്ച റാങ്ക് അനുസരിച്ച് കിട്ടുന്ന മദ്യത്തിന്റെ അളവ് കൂടും. പുറത്തെ വിപണി വിലയുടെ നാലില്‍ ഒന്ന് മാത്രമേ അതിന് വില വരൂ. വിമുക്തര്‍ ഇത് വാങ്ങും. ചിലര്‍ കുടിക്കും. മറ്റ് ചിലര്‍ മറിച്ച് വില്‍ക്കും. അതൊരു 300 മുതല്‍ 400 ശതമാനം വരെ ലാഭമുള്ള കച്ചവടമാണ്. ഇനിയും ചില വിരുതര്‍ വിലകൂടിയ മദ്യം മിലിട്ടറി കാന്റീനുകളില്‍ നിന്ന് വാങ്ങി 400 ശതമാനം ലാഭത്തിന് വിറ്റ് ആ ലാഭം കൊണ്ട് വിലകുറഞ്ഞ മദ്യം പുറത്തെ വിപണിയില്‍ നിന്ന് വാങ്ങി മൂക്കറ്റം സേവിക്കുകയും ചെയ്യും. അങ്ങനെയുമുണ്ട് ൈസനികലോകം. മെച്ചപ്പെട്ട ചികിത്സാ സൗകര്യമാണ് മറ്റൊന്ന്. സൈന്യത്തിലുള്ളവര്‍ക്കും വിമുക്തര്‍ക്കും അവരുടെ കുടുംബത്തിനുമെല്ലാം ഒന്നാംതരം ചികിത്സാ സൗജന്യമായി ലഭിക്കും. ഇങ്ങനെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളുള്ള ഒന്നാണ് ഇന്ത്യയില്‍ സൈനികവൃത്തി.
ശരീരം പങ്കാളിയാവുന്ന എല്ലാ തൊഴിലുകള്‍ക്കുമുള്ള അപകടസാധ്യത സൈന്യത്തിലുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളുടേയും കിടയറ്റ പരിശീലനത്തിന്റെയും ഫലമായി ഇന്ത്യന്‍ സൈന്യത്തിലെ അപകട സാധ്യത തുലോം കുറവാണ്. വിരലില്‍ എണ്ണാവുന്ന ചില നിത്യ പോര്‍മുഖങ്ങളേയുള്ളൂ. എന്നാല്‍ മറ്റൊരു തൊഴിലിനുമില്ലാത്ത ഒന്ന് സൈന്യത്തിനുണ്ട്. അത് ദേശം എന്ന അതിവൈകാരികമായ ഒരു കുപ്പായമാണ്. ദേശത്തിന്റെ സംരക്ഷണ ചുമതല ഉള്ള പ്രൊഫഷണലുകളായല്ല ഇന്ത്യന്‍ മാധ്യമങ്ങളും ഭരണകൂടവും അവരാല്‍ പ്രചോദിതരായ ജനതയും സൈന്യത്തെ കാണുന്നത്. മറിച്ച് ഈ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീരരായാണ്. അങ്ങനെ കാണുന്നതില്‍ തെറ്റായി ഒന്നുമില്ല. രാജ്യത്തിന്റെ സമാധാന ജീവിതവും സുരക്ഷയും തന്നെയാണ് എക്കാലത്തേയും അതിപ്രധാന പ്രമേയം. യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന രണ്ടാമത്തെ ഘടകം ഈ വീരനായക പരിവേഷം ആയിരിക്കണം. ഒന്നാമത്തേത് നിശ്ചയമായും ജീവസന്ധാരണത്തിനും ജീവിതാഭിവൃദ്ധിക്കും അങ്ങേയറ്റം പ്രയോജനകരമായ തൊഴില്‍ എന്നതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യത്തിലെ നിയമനവും അതിനായുള്ള പരിശീലന പരിപാടിയുമൊക്കെ ഇന്ത്യയിലെ വന്‍ ബിസിനസാണ്. സൈനിക റിക്രൂട്ടിംഗ് പരിശീലന കേന്ദ്രങ്ങള്‍ രാജ്യത്ത് എമ്പാടുമുണ്ട്. വിമുക്ത സൈനികര്‍ ആണ് പലതിന്റെയും തലപ്പത്ത്. നമുക്ക് പരിചിതരായ മേജര്‍മാര്‍ ഉള്‍പ്പടെ. ഇങ്ങനെയുള്ള ഒരിടത്തേക്കാണ് അഗ്നിപഥ് എന്ന പദ്ധതി പ്രഖ്യാപിക്കപ്പെടുന്നതും നടപ്പാക്കുന്നതും. അഗ്നിപഥ്, സൈനിക വൃത്തിയിലെ ആയുഷ്‌കാല സുരക്ഷ എന്ന അതിപ്രലോഭനീയമായ ഘടകത്തെ എടുത്തുകളയുന്നു. ഏറ്റവും കൂടുതല്‍ നിയമനം നടക്കുന്ന കീഴ്ത്തട്ടില്‍ കരാര്‍വല്‍കരണം വരുന്നു. സംഗതി ലളിതമാണ്. ഒരു ലക്ഷം സൈനികരെ ഒറ്റയടിക്ക് നിയമിക്കും. നിശ്ചിത തുക മാസശമ്പളം. നാലുവര്‍ഷത്തേക്കാണ് നിയമനം. അതില്‍ 25 ശതമാനം പേര്‍ക്ക് നാലുവര്‍ഷം കഴിഞ്ഞാലും തുടരാം. മികവാകും മാനദണ്ഡം. പരിശീലിതരായ ബാക്കി 75 ശതമാനം, നമ്മുടെ ഉദാഹരണത്തില്‍ 75000 ആളുകള്‍ പിരിയും. ഈ റിക്രൂട്ട്‌മെന്റ് രീതി എല്ലാ വര്‍ഷവും തുടരും. അതായത് നാല് വര്‍ഷം കഴിഞ്ഞുള്ള എല്ലാ വര്‍ഷവും മിനിമം 75000 ആയുധ-സൈനിക പരിശീലനം നേടിയ യുവാക്കള്‍ തൊഴില്‍ രഹിതരായി പുറത്തേക്കും 25000 പേര്‍ സുരക്ഷിതമായ തൊഴില്‍ നേടി സൈന്യത്തിലേക്കും പോകും. ഇത്രയുമാണ് ലളിതമായി മനസ്സിലാക്കുമ്പോള്‍ അഗ്നിപഥ്. അകത്തേക്കും പുറത്തേക്കും പോകുന്ന യുവാക്കളെ ഭരണകൂടം വിളിക്കുന്ന പേരാണ് അഗ്നിവീരന്‍മാര്‍. തൊഴില്‍ രഹിതരായ, ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ഇല്ലാത്ത, പരിശീലിതരായ ലക്ഷക്കണക്കിന് അഗ്നിവീരന്‍മാരാണ് അഗ്നിപഥിന്റെ ഒരു ബാക്കിപത്രം.
രാഷ്ട്രത്തിന് പലനിലകളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. വിമുക്തരുള്‍പ്പടെയുള്ള സൈന്യത്തിനായി ചിലവഴിക്കേണ്ടി വരുന്ന ശതകോടികളുടെ ബജറ്റ് വിഹിതം നമ്മുടെ അടിസ്ഥാന സൗകര്യ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനുള്ള ഒരു പരിഹാരമാണ് അഗ്നിപഥ് എന്ന വ്യാഖ്യാനം പ്രബലമാണ്. പ്രത്യക്ഷത്തില്‍ അതും ശരിയാണ്. കാര്‍ഗില്‍ കാലം മുതല്‍ സൈന്യത്തില്‍ പുതു-യുവ രക്തം എന്ന ആശയം പ്രബലമാണ്. അതിന്റെ നടപ്പാക്കലാണ് അഗ്നിപഥ് എന്നുമുണ്ട് ഭാഷ്യം. അതും പ്രത്യക്ഷത്തില്‍ ശരിയാണ്.
പിന്നെ ഏതാണ് ശരികേട്? അത് സൈന്യം എന്ന പ്രയോഗ രൂപത്തിന്റെ ഉള്ളടക്കം സംബന്ധിച്ച പ്രശ്‌നമാണ്. ആ ഉള്ളടക്കത്തില്‍ അടങ്ങിയിരിക്കുന്ന ബലത്തിന്റെ രാഷ്ട്രീയത്തെ, സ്വന്തം രാഷ്ട്രീയ പ്രയോഗമായി തിരിച്ചറിയുന്ന ഒരു പ്രത്യശാസ്ത്രമാണ് നാട് വാഴുന്നത് എന്നതിന്റെയും ആ നാടുവാഴ്ചയുടെ ശക്തിപ്പെടലിന് സൈന്യം പോലെ ഒന്നിനെ ഉപയോഗിക്കുന്നു എന്നതിന്റെയും പ്രശ്‌നമാണ്.
വിശദീകരിക്കാം. എന്താണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രം? ഹിന്ദുത്വയാണ്. എന്താണ് ഹിന്ദുത്വയുടെ ഇന്ത്യന്‍ അടിത്തറ? അത് ആര്‍ എസ് എസ് ആണ്. എന്താണ് ആര്‍ എസ് എസിന്റെ സംഘടനാപരമായ സവിശേഷത? അത് ൈസനിക സ്വഭാവമാണ്. ഹിന്ദുത്വ ലക്ഷ്യമിടുന്ന ഒരു ഹിന്ദുരാഷ്ട്രത്തിലെ സൈന്യത്തിന്റെ, പ്രത്യേകിച്ച് അടിത്തട്ട് ൈസന്യത്തിന്റെ മാതൃകാരൂപവും പ്രയോഗശാസ്ത്രവും ആര്‍ എസ് എസിന്റെ നിലവിലെ അടിസ്ഥാന സ്വരൂപമാണ്. സൈന്യത്തിനകവും പുറവും ആര്‍ എസ് എസ് മാതൃകയിലുള്ള സായുധത അവര്‍ ലക്ഷ്യമിടുന്നുണ്ട്. അഗ്നിപഥ് അതിനുള്ള മണ്ണൊരുക്കലാണ്.
രണ്ടാമതായി അത്യധികം അനിശ്ചിതത്വം നിറഞ്ഞ ഭാവിയാണ് അഗ്നിപഥിലേക്കുള്ള ഒരു തൊഴിലന്വേഷകന് മുന്നിലുള്ളത്. തന്റെ തൊഴില്‍-സാമ്പത്തിക-സാമൂഹിക ജീവിതം കരുപ്പിടിപ്പിക്കേണ്ട യൗവനാരംഭത്തില്‍ അല്ലെങ്കില്‍ കൗമാരത്തിന്റെ ഒടുവില്‍ അനിശ്ചിതമായ നാലു വര്‍ഷത്തെ തിരഞ്ഞെടുക്കാന്‍ ഏതു യുവാക്കളാണ് സന്നദ്ധമാവുക? ഉത്തരം വ്യക്തമല്ലേ? സംഘടനാപരമായ ബാധ്യതയുള്ളവരും, ജീവിതത്തിനുമേല്‍ സംഘടനയില്‍ നിന്നുള്ള ഉറപ്പുള്ളവരും. ഏതായിരിക്കും ആ സംഘടന എന്ന് എഴുതേണ്ടതില്ലല്ലോ? അപ്പോള്‍ ആരാണ് സൈന്യത്തില്‍ നിന്ന് പുറത്താവുക? നിങ്ങള്‍ക്ക് മുന്നില്‍ ഗൂഗിളുണ്ട്. അതില്‍ കണക്കുകളുണ്ട്. സൈന്യത്തെക്കുറിച്ച് ഗൂഗിളില്‍ കൂടുതല്‍ വായിക്കുക. ഇപ്പറഞ്ഞതിന് വ്യക്തത വരുത്തുക. മിലിട്ടന്റ് സ്വഭാവമുള്ള, ഭരണകൂടത്തിന്റെ നാഥര്‍ കൂടിയായ ഒരു സംഘത്തിലെ അംഗങ്ങള്‍ക്ക് സൈന്യത്തിനകത്തേക്ക് പോകാനും സൈനിക പരിശീലനം നേടിയ വലിയ എണ്ണം പേര്‍ക്ക് സംഘത്തിനകത്തേക്ക് വരാനുമുള്ള വാല്‍വായും കാണാം അഗ്നിപഥിനെ.
അഗ്നിപഥ് സ്വാഭാവികമായും പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കും. പ്രതിഷേധമുണ്ടായി. ഇൗ കുറിപ്പ് എഴുതുമ്പോള്‍ കത്തിയമര്‍ന്ന ആ സമരത്തെ നിങ്ങള്‍ വെറുതേ ഓര്‍ക്കുക. അതൊരു പ്രഷര്‍കുക്കറിന്റെ സേഫ്റ്റി വാല്‍വിനെ അനുസ്മരിപ്പിച്ചോ? ബിഹാറില്‍ ഉള്‍പ്പടെ പെട്ടെന്ന് പടര്‍ന്ന്, പെട്ടെന്ന് തളര്‍ന്ന ആ അക്രമാസക്ത പ്രതിഷേധം എവിടെപ്പോയി? തൊഴില്‍ നഷ്ടത്തെ മുന്‍നിര്‍ത്തി മാത്രം നടന്ന ഒരുവിധ രാഷ്ട്രീയത്തേയും ഉള്‍വഹിക്കാത്ത ആ സമരം ഒരു വലിയ പ്രശ്‌നത്തെ എത്ര എളുപ്പത്തിലാണ് ഭരണകൂടാനുകൂലമാക്കിയത്. അതും റിക്രൂട്ട്‌മെന്റ് പരിശീലന സ്ഥാപനങ്ങളുടെ സ്‌പോണ്‍സേഡ് സമരമെന്ന പഴിക്ക് വ്യാപകമായി കീഴടങ്ങിക്കൊണ്ട്? നോക്കൂ, കേരളത്തില്‍ അഗ്നിപഥിനെ എതിര്‍ത്ത ഒരാളുടെ പേര് മേജര്‍ രവി എന്നാണ്.
ഇത്രയേ ഉള്ളൂ. ഇങ്ങനെയാണ് തീവ്രവലതിന്റെ കാലത്ത്, ഫാഷിസ്റ്റ് ജനാധിപത്യത്തിന്റെ കാലത്ത് ജനങ്ങളുടെ ഇച്ഛ ഭരണകൂടത്തിന്റെ ഇച്ഛയായി മാറുന്നത് അല്ലെങ്കില്‍ മാറ്റുന്നത്. ഫാഷിസം ജനാധിപത്യത്തിന്റെയും ജനാഭിലാഷത്തിന്റെയും മുഖംമൂടി പണിയുന്നതും അണിയുന്നതും ഇങ്ങനെയാണ്.
അല്ലെങ്കില്‍ ദ്രൗപതി മുര്‍മുവിനെ നോക്കൂ. എന്തൊരു ഉഗ്രന്‍ തിരഞ്ഞെടുപ്പ് എന്ന് നിങ്ങള്‍ അമ്പരന്നില്ലേ? സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഗോത്രപ്രതിനിധി, അതും ഒരു ആദിവാസി വനിത പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നു. സന്താള്‍ എന്ന പ്രാചീന ജനത, അതും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കലഹിച്ച ധീര ചരിത്രമുള്ള ജനത ഇതാദ്യമായി അധികാരത്താല്‍ ആദരിക്കപ്പെടാന്‍ പോകുന്നു. ഇങ്ങനെയാണ് ദ്രൗപതി മുര്‍മു ഇന്ന് മുതല്‍ രേഖപ്പെടുക. ജന്മം തന്നെയാണ് എന്റെ കുറ്റം എന്ന് എഴുതിവെച്ച് രോഹിത് വെമുല ജീവനൊടുക്കിയതിന്റെ അലകള്‍ രാജ്യമാകെ പടര്‍ന്നപ്പോള്‍, ദളിത് ഉണര്‍വ് വലിയ കൊടുങ്കാറ്റായി മാറുമെന്ന് വന്നപ്പോള്‍ രാം നാഥ് കോവിന്ദ് എന്ന കോലി വംശജന്‍, അതീവ പട്ടിക ജാതിക്കാരന്‍ രാഷ്ട്രപതിയായി വന്നത് ഓര്‍ക്കുമല്ലോ? വാജ്‌പേയി കാലത്ത് വന്ന എ പി ജെ. കലാമിനെയും ഓര്‍ക്കാം. പട്ടികജാതിക്കാരനായ കെ ആര്‍ നാരായണന് രണ്ടാം ഊഴം നിഷേധിച്ച് ദേശീയ മുസ്‌ലിം എന്ന് ബി ജെ പിയാല്‍ വിളിക്കപ്പെട്ട കലാം വന്നു. 2002 ജൂലായ് 25-ന് ചുമതലയേറ്റു. ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യ നടന്നിട്ട് കൃത്യം അഞ്ചുമാസം പിന്നിട്ടിരുന്നു അപ്പോള്‍. മറക്കരുത് അഞ്ചുമാസം. നിങ്ങളുടെ കൈയിൽ ഞാന്‍ പിറന്ന വംശത്തിന്റെ ചോരയുണ്ട്, എന്റെ കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ എന്റെ ഉള്ള് പൊട്ടിക്കുന്നു, എന്റെ ഉമ്മാരുടെ കണ്ണീര്‍ എന്റെ നെഞ്ചുപൊള്ളിക്കുന്നു, അവരുടെ ശവങ്ങള്‍ക്കുമീതെ നിങ്ങള്‍ വിരിച്ച ഈ പരവതാനിയിലേക്ക് ഞാനില്ല എന്നു പറഞ്ഞില്ല കലാം.
അത്രയേ ഉള്ളൂ, എല്ലാം.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ 13000-ല്‍ പരം വോട്ടുമൂല്യത്തിന്റെ കുറവുണ്ട് നിലവില്‍ എന്‍ ഡി എയ്ക്ക്. മഹാരാഷ്ട്രയില്‍ നടത്തിയ കുതിരക്കച്ചവടം കൊണ്ടും വലിയ ഫലമുണ്ടാവില്ല. അത്രയുമേയുള്ളൂ അതിലും.

You must be logged in to post a comment Login