ഒത്തുചേരാം, തോൾചേർന്നുനിൽക്കാം

ഒത്തുചേരാം,  തോൾചേർന്നുനിൽക്കാം

സംഘം ചേർന്നുകൊണ്ടാണ് അഞ്ചു നേരത്തെ നിർബന്ധ നിസ്കാരങ്ങൾ നിർവഹിക്കേണ്ടത്. ഇസ്‌ലാം ഉദ്ഘോഷിക്കുന്ന സാഹോദര്യവും പരസ്പ ഐക്യവും ഊട്ടിയുറപ്പിക്കാൻ അതിലൂടെയാണ് സാധ്യമാകുന്നത്. ഇസ്‌ലാമിക സമൂഹം സ്വാർഥത വെച്ചുപുലർത്തേണ്ടവരല്ല. സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് ഒറ്റപ്പെട്ട് ജീവിക്കേണ്ടവരുമല്ല. പരസ്പരം ചേർത്തുപിടിച്ചും തോളുരുമ്മി നിന്നും ജീവിക്കേണ്ടവരാണ്. അങ്ങനെ ചെയ്യുമ്പോഴാണ് വിശ്വാസി എന്ന നിലയിലുള്ള തന്റെ കർത്തവ്യം നിർവഹിച്ചവനാകുന്നത്. സംഘ നിസ്കാരം വിശ്വാസികൾക്ക് അതിനുള്ള അവസരമൊരുക്കുന്നു.

ഒരു പ്രദേശത്തെ ജനങ്ങളെല്ലാം അഞ്ചു നേരവും സംഘനിസ്കാരത്തിനായി ഒരിടത്ത് ഒത്തുചേരുമ്പോൾ അത് ആ പ്രദേശത്തിന്റെ പരിഛേദമായി മാറുന്നു. ചേർത്തുപിടിക്കലിന്റെയും പങ്കുവെപ്പിന്റെയും വേദിയായിത്തീരുന്നു. അറിവുള്ളവരും ഇല്ലാത്തവരും ഭരണാധികാരിയും ഭരണീയരും ധനികരും ദരിദ്രരും ഭക്തരും സാധാരണക്കാരും അരോഗ ദൃഢഗാത്രനും രോഗപീഡയനുഭവിക്കുന്നവരും അഞ്ചു നേരം ഒരിടത്ത് ഒത്തുചേരുമ്പോൾ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുന്നു. ആവശ്യങ്ങൾ അറിയാനും നിവർത്തിച്ചുകൊടുക്കാനുമാകുന്നു. ജഞാനിക്ക് അറിവ് പങ്കുവെക്കാനാകുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങൾ തിരുത്തിക്കൊടുക്കാനും വിജ്ഞാനം പകരാനുമാകുന്നു. ആരോഗ്യമുള്ളവർക്ക് രോഗപീഢയനുഭവിക്കുന്നവരുടെ വേദന അനുഭവിക്കാനും ആശ്വാസം പകരാനുമാകുന്നു. ഭരണകർത്താക്കൾക്ക് ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയാനും പരിഹരിക്കാനുമാകുന്നു. ധനികന് ദരിദ്രരുടെ ദൈന്യതയും കഷ്ടപ്പാടുകളും മനസ്സിലാക്കി അവരെ സഹായിക്കാനാകുന്നു. അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളെയെല്ലാം ചേർത്തു പിടിക്കാനും അവർക്ക് വേണ്ടത് ചെയ്തുകൊടുക്കാനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനും ഈ ഒത്തുചേരലിലൂടെ സാധിക്കുന്നു.
മനുഷ്യർ വിവിധ തരക്കാരും വ്യത്യസ്ത നിലവാരത്തിലുള്ളവരുമാണ്. സ്വാഭാവികമായും ആരാധനാകർമങ്ങളിലും അത് പ്രതിഫലിക്കും. ഭക്തിയും ആത്മനിഷ്ഠയുമുള്ളവർ അവരിലുണ്ടാകും. നിഷ്കളങ്കമായും ആത്മാർഥതയോടെയും നിസ്കരിക്കുന്നവരുണ്ടാകും. അശ്രദ്ധമായും ആലസ്യത്തോടെയും നിസ്കരിക്കുന്നവരുമുണ്ടാകും

എല്ലാവരും ഒത്തുചേർന്ന് നിസ്കരിക്കുമ്പോൾ കുറവുകൾ പരിഹരിക്കപ്പെടുന്നു. നിഷ്കളങ്കമായും ഭയഭക്തിയോടെയും നിസ്കരിക്കുന്നവരുടെ പുണ്യം മറ്റുള്ളവർക്ക് കൂടി ലഭിക്കുകയും അതിലൂടെ അവരുടെ നിസ്കാരം കൂടി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു(ബുജൈരിമി അലാ ശർഹിൽ മൻഹജ് 1-287). സംഘംചേർന്ന് നിസ്കരിക്കാൻ നിർദേശിച്ചതിന് പിന്നിലെ ചില പൊരുളുകളാണ് മുകളിൽ വിവരിച്ചത്. സംഘനിസ്കാരം കൊണ്ട് ലഭിക്കുന്ന ഇനിയുമേറെ നേട്ടങ്ങളെക്കുറിച്ച് ജ്ഞാനികൾ വിവരിച്ചിട്ടുണ്ട്. വിശ്വാസികൾ പരസ്പരം ശുപാർശ നടത്തുന്നതിലൂടെ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നതാണ് അതിൽ പ്രധാനം.

വിശ്വാസി സമൂഹത്തിനാകെയും ശാന്തിയും സമാധാനവും ലഭിക്കാനാണ് നിസ്കാരത്തിൽ ഓരോ വിശ്വാസിയും പ്രാർഥിക്കുന്നത്. ഒപ്പം പാപമോചനത്തിനും അല്ലാഹുവിന്റെ കാരുണ്യത്തിനും അഭിവൃദ്ധിക്കും നേർവഴിയിൽ നടത്തുന്നതിനും വേണ്ടി പ്രാർഥിക്കുന്നു.

വിശ്വാസികൾ ചേർന്ന് പരസ്പര ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രാർഥിക്കുമ്പോൾ കരുണാമയനായ അല്ലാഹുവിന് അതെങ്ങനെ അവഗണിക്കാനാകും.
യജമാനനോട് മാപ്പപേക്ഷിക്കുമ്പോൾ അത് സ്വീകരിക്കുന്നതിനായി ശിപാർശകരെ കൂട്ടാറുണ്ട്. നിസ്കരിക്കുന്നവൻ തന്റെ തെറ്റുകളിൽ നിന്ന് യജമാനനായ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയും കാര്യസാധ്യത്തിന് വേണ്ടി ശുപാർശകരെ കൂട്ടുകയുമാണ് സംഘനിസ്കാരത്തിൽ ചെയ്യുന്നത്. മാത്രവുമല്ല അത് നന്മ നിറഞ്ഞ ഒരു സൽക്കാരവും പുണ്യം വിളമ്പുന്ന സദ്യയുമാണ്. സൽക്കാരത്തിന് പരമാവധി ആളുകളെക്കൂട്ടുകയാണല്ലോ മാന്യന്മാർ ചെയ്യുക(ബുജൈരിമി അലൽ ഖത്വീബ് 2/120). പള്ളിയിലേക്ക് നടക്കുക, നിസ്കാരം പ്രതീക്ഷിച്ചിരിക്കുക, ഇമാമിന്റെ പ്രാർഥനക്ക് ആമീൻ പറയുക, കൂടെയുള്ള വിശ്വാസികളെ പരിഗണിക്കുക, അവർക്ക് വേണ്ടി പ്രാർഥിക്കുക, ഐക്യത്തോടെ തോളുരുമ്മി നിൽക്കുക തുടങ്ങി ഒട്ടേറെ പുണ്യങ്ങൾ ചേർന്നതാണ് സംഘനിസ്കാരം. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ അനേകമിരട്ടി പ്രതിഫലമാണ് സംഘനിസ്കാരത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്..
തിരുനബി(സ്വ) പറഞ്ഞു: സംഘം ചേർന്ന് നിസ്കരിക്കുന്നത് തനിച്ച് നിസ്കരിക്കുന്നതിലേറെ ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുള്ളതാണ്(ബുഖാരി, മുസ്‌ലിം).
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു: പൂർണ വിശ്വാസിയായ നിലയിൽ പുനരുത്ഥാനനാളിൽ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ നിസ്കാരത്തിനായി വിളിക്കുന്ന സ്ഥലത്ത് വെച്ച് കൊണ്ട് തന്നെ (പള്ളി പോലൊത്ത സ്ഥലങ്ങളാണ് ഉദ്ദേശ്യം) ഈ നിസ്കാരങ്ങൾ മുറപോലെ നിർവഹിക്കുന്നതിൽ ശ്രദ്ധ ചെലുത്തുക. തീർച്ച, അല്ലാഹു തന്റെ തിരുദൂതർക്ക് വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ള മാർഗത്തിൽപെട്ടതാണ് സംഘനിസ്കാരം. വീട്ടിൽ ഒതുങ്ങിക്കൂടുന്ന ഇത്തരം ആളുകളെപ്പോലെ നിങ്ങൾ ആവരുത്. വീട്ടിൽ നിന്നാണ് നിങ്ങൾ നിസ്കരിക്കുന്നതെങ്കിൽ തിരുനബിയുടെ(സ്വ) മാർഗത്തെയാണ് നിങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. തിരുനബിയുടെ(സ്വ) പാത ഉേപക്ഷിച്ചാൽ നിങ്ങൾ വഴിതെറ്റുക തന്നെ ചെയ്യും. കപടവിശ്വാസികളായി അറിയപ്പെട്ടവരല്ലാതെ സംഘനിസ്കാരത്തിൽനിന്ന് മാറിനിൽക്കുന്നതായി ഞാൻ കാണുന്നില്ല. ഒരാൾ തന്റെ ഭവനത്തിൽ വെച്ച് നല്ല രീതിൽ അംഗശുദ്ധി വരുത്തുകയും ശേഷം അല്ലാഹുവിന്റെ ഭവനങ്ങളിലൊന്ന് ലക്ഷ്യമാക്കി പുറപ്പെടുകയും ചെയ്താൽ അവന്റെ ഓരോ ചവിട്ടടിക്കും പുണ്യം (ഹസനത്) രേഖപ്പെടുത്തും. അതിലൂടെ അവന്റെ പദവികൾ ഉയർത്തും. പാപങ്ങൾ മാപ്പ് ചെയ്യും. രണ്ടാളുകളുകളുടെ തോളത്ത് പിടിച്ചുകൊണ്ട് വരെ ആളുകൾ സ്വഫ്ഫിൽ വന്നു നിന്നിരുന്നത് ഞാൻ കണ്ടിട്ടുണ്ട്(മുസ്‌ലിം). തിരുനബി(സ്വ) പറഞ്ഞു: നാൽപത് ദിവസം ഒരാൾ ജമാഅതായി നിസ്കരിച്ചാൽ രണ്ടു കാര്യങ്ങളിൽ നിന്നുള്ള മോചനം അല്ലാഹു അവന് രേഖപ്പെടുത്തിവെക്കുന്നതാണ്; കാപട്യത്തിൽ നിന്നുള്ള മോചനവും നരകത്തിൽ നിന്നുള്ള മോചനവും(തിർമിദി, ബസ്സാർ). പൂർവസൂരികൾ സംഘടിത നിസ്കാരത്തിന് വളരെയേറെ പ്രാധാന്യം കൽപ്പിച്ചു. ജമാഅത് നഷ്ടപ്പെടുന്നത് വലിയ വിപത്തായിട്ടാണ് അവർ കണ്ടിരുന്നത്. ഇമാമിനോടൊന്നിച്ചുള്ള ആദ്യ തക്ബീർ നഷ്ടപ്പെട്ടാൽ മൂന്ന് ദിനവും ജമാഅത് പൂർണമായും നഷ്ടമായാൽ ഏഴ് ദിനവും അവർ സ്വന്തത്തെ അനുശോചനമറിയിച്ചിരുന്നു. ഹാതിമുൽ അസം(റ) പറഞ്ഞു: എനിക്ക് ജമാഅത് നഷ്ടപ്പെട്ടപ്പോൾ അബൂ ഇസ്ഹാഖുൽ ബുഖാരി(റ) മാത്രമാണ് എന്നെ അനുശോചനമറിയിച്ചത്. എന്റെ മകൻ മരണപ്പെട്ടതായിരുന്നുവെങ്കിൽ പതിനായിരങ്ങൾ എന്നെ അനുശോചനമറിയിച്ചെത്തുമായിരുന്നു. ഐഹിക ലോകത്തെ വിപത്തുകൾക്കാണ് മതപരമായ വിപത്തുകളെക്കാൾ ജനങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നത്. അബൂഹുറയ്റ(റ) പറഞ്ഞു: ബാങ്ക് കേൾക്കുകയും അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്യന്നതിലേറെ നല്ലത് ബാങ്ക് കേൾക്കാതിരിക്കാൻ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കുന്നതാണ്(ഇഹ്്യാ ഉലൂമുദ്ദീൻ 1 / 149).

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login