അമേരിക്കയില്‍ ഗര്‍ഭഛിദ്രാവകാശത്തിന് പൂട്ട്

അമേരിക്കയില്‍ ഗര്‍ഭഛിദ്രാവകാശത്തിന് പൂട്ട്

അമേരിക്കന്‍ സുപ്രീം കോടതി 1973ല്‍ റോയ് വി. വെയ്ഡ്(Roe v. Wade) കേസില്‍ ഒരു വിധി പ്രസ്താവിച്ചിരുന്നു. ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നതായിരുന്നു വിധിയുടെ സുപ്രധാന വശം. ഗര്‍ഭപാത്രത്തിലെ പിണ്ഡത്തിന് ഇരുപത്തിയെട്ട് ആഴ്ചകള്‍ക്കു ശേഷം മാത്രം ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കിയാല്‍ മതിയെന്ന കണ്ടെത്തലില്‍ നിന്നായിരുന്നു ആ വിധി. അതുവരെ ഗര്‍ഭിണിയാവണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് വകവെച്ചു നല്‍കണമെന്നാണ് കോടതി നിരീക്ഷിച്ചത്.

ആ പരിധി കോടതി ഏകപക്ഷീയമായി ചെയ്തതല്ല. അക്കാലത്തെ മെഡിക്കല്‍ സയന്‍സിനെ അടിസ്ഥാനമാക്കിയായിരുന്നു. 1973 കളില്‍ 28 ആഴ്ച മാത്രം പ്രായമായ ഗര്‍ഭിണികള്‍ പ്രസവിച്ചിരുന്നു. ആ കുട്ടികളില്‍ പലരും ജീവിക്കുകയും ചെയ്തു. അതിനു മുമ്പ് പ്രസവിച്ച കുട്ടികള്‍ ജീവിക്കുന്നതായി കാണാത്തതിനാല്‍ 28 ആഴ്ച എന്ന കാഴ്ചപ്പാടിന് ബലംനല്‍കി. ഗര്‍ഭപിണ്ഡം ഗര്‍ഭാശയത്തിനു പുറത്ത് ജീവിക്കാന്‍ പാകത്തില്‍ വികസിച്ചതായി കണക്കാക്കുമ്പോഴാണല്ലോ പൂര്‍ണവളര്‍ച്ചയെത്തിയെന്ന് മനസ്സിലാക്കുന്നത്.

ശേഷം അരനൂറ്റാണ്ടു കാലംകൊണ്ട് ശാസ്ത്രം വലിയ പുരോഗതി പ്രാപിച്ചു. ഗര്‍ഭപിണ്ഡത്തിന്റെ വികാസത്തെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു. നേരത്തെയുള്ള പ്രസവത്തെ കുറിച്ചുള്ള അനുഭവങ്ങളും പഠനങ്ങളുമുണ്ടായി. ഗര്‍ഭപിണ്ഡം ഗര്‍ഭപാത്രത്തിനു പുറത്തു ജീവിക്കാന്‍ പ്രാപ്തമാകുന്നതിനെ കുറിച്ച് പഠനങ്ങളുണ്ടായി. ഗര്‍ഭസ്ഥശിശുവും അമ്മയും തമ്മിലുള്ള ബന്ധങ്ങള്‍, അനുഭവങ്ങള്‍, ചിന്തകള്‍ ഇവയെല്ലാം നേരത്തെയുള്ള ജനനത്തിന്റെ വിജയ-പരാജയങ്ങള്‍ നിശ്ചയിക്കുമെന്നും പഠനങ്ങള്‍ വന്നു.

ചരിത്രത്തിലുടനീളം മനുഷ്യജീവിതത്തെ നിര്‍വചിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും താത്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിനും സമൂഹങ്ങള്‍ പാടുപെട്ടിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തപ്രകാരം ഗര്‍ഭിണിയായ സ്ത്രീ ഗര്‍ഭസ്ഥ ശിശുവിന്റെ ആദ്യചലനം മനസ്സിലാക്കുന്നതു മുതലാണ് മനുഷ്യന്‍ എന്ന പരിഗണന നല്‍കുന്നത്. വേഗത(Quickening) എന്നാണ് അരിസ്റ്റോട്ടിലിന്റെ തിയറി അറിയപ്പെടുന്നത്.

1950 കളില്‍ വികസിപ്പിച്ചെടുത്ത അള്‍ട്രാസൗണ്ട് മുഖേന ഗര്‍ഭപാത്രത്തെ ചിത്രീകരിക്കാനുള്ള സുരക്ഷിതമായ രീതികള്‍ പ്രചാരത്തില്‍ വന്നതോടെ പുതിയ ഒരു കണ്ടെത്തലുണ്ടായി. ഗര്‍ഭപാത്രത്തിനു പുറത്തുള്ള പ്രവര്‍ത്തനക്ഷമത നേരത്തെ കരുതിയതിലും മുമ്പേ ആരംഭിക്കുന്നു. ഇതോടെ പ്രവര്‍ത്തനക്ഷമത എന്ന ആശയം നിയമപരമായ ഒരു പ്രധാന നാഴികക്കല്ലായി ഉയര്‍ന്നുവന്നു.
ഏകദേശം അഞ്ചു പതിറ്റാണ്ടുകളായി ഗർഭഛിദ്ര നിയമം പ്രവര്‍ത്തനക്ഷമതയെ ചുറ്റിപ്പറ്റിയാണ് നിലനിന്നത്. 1992 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച പ്ലാന്‍ഡ് പാരന്റ്ഹുഡ് vs കാസെ വിധി റോയ് വിധിയെ അപ്‌ഡേറ്റു ചെയ്തു. ഗർഭഛിദ്രാവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നത് ഗര്‍ഭപിണ്ഡത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ തോതനുസരിച്ചാണ്. തത്ഫലമായി ഗര്‍ഭം അലസിപ്പിക്കാനുള്ള ഓരോ പൗരന്റെയും അവകാശത്തിന്റെ വ്യാപ്തി മെഡിക്കല്‍ സയന്‍സിന് എത്രമാത്രം അകാല ശിശുക്കളെ രക്ഷിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരുന്നു. സമീപവര്‍ഷങ്ങളില്‍ സാധാരണ ഗര്‍ഭാവസ്ഥയുടെ 22-24 ആഴ്ച വരെയാണത്.

ഇപ്പോള്‍, ഗർഭഛിദ്രാവകാശ നിയമം സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നു. ഇതോടെ പ്രവര്‍ത്തനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ഗർഭഛിദ്രാവകാശം ഇല്ലായ്മ ചെയ്യാന്‍ സ്റ്റേറ്റുകള്‍ക്ക് കഴിയും. ചില സ്റ്റേറ്റുകള്‍ ഇതിനകം ഈ തരത്തില്‍ നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. 2018 ല്‍ തന്നെ 15 ആഴ്ചക്കു ശേഷമുള്ള ഗർഭഛിദ്രം മിസിസിപ്പി സ്റ്റേറ്റ് നിരോധിച്ചിരുന്നു. ആറാഴ്ചക്കു ശേഷമുള്ള ഗർഭഛിദ്രം ടെക്‌സാസിലും നിരോധിച്ചു. 2019 മെയ് 19 ന് അലബാമയിലും സമാനമായ നിരോധനമുണ്ടായി. അതേതുടര്‍ന്ന് ഒക് ലഹോമയില്‍ ബീജസങ്കലന ശേഷമുള്ള മുഴുവന്‍ ഗർഭഛിദ്രത്തെയും നിരോധിച്ചു.
മിസിസിപ്പി, അലബാമ നിയമങ്ങള്‍ പക്ഷേ, പ്രാബല്യത്തിലായില്ല. അവ സുപ്രീം കോടതിയുടെ റോയ് ബില്ലിനെ ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ഡിസംബറില്‍ സുപ്രീം കോടതിയുടെ പ്രസ്തുത വിധിക്കെതിരെയുള്ള മിസിസിപ്പിയുടെ വാദം കോടതി കേട്ടു. അതിന്മേലുള്ള വിധിപ്രസ്താവനയിലാണ് സുപ്രീം കോടതി റോയ് കേസിലെ വിധിയെ റദ്ദാക്കിയത്.

കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, കൊളറാഡോ, ഇല്ലിനോയിസ്, വിര്‍ജീനിയ തുടങ്ങിയ 18 സംസ്ഥാനങ്ങളില്‍, സ്റ്റേറ്റ് അബോര്‍ഷന്‍ നിയമം, ഗർഭഛിദ്രാവകാശം സംരക്ഷിക്കുന്നത് തുടരാനാണ് സാധ്യത. അമേരിക്കയുടെ ആകെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ ഈ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. അതിനര്‍ഥം യു എസിലെ ഭൂരിഭാഗം സ്ത്രീകളും അബോര്‍ഷനെ പിന്തുണക്കുന്നു എന്നാണ്. ഈ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രം നേടാനാഗ്രഹിക്കും. പക്ഷേ, മിസിസിപ്പി, മിസോറി തുടങ്ങിയ മുപ്പതോളം സ്‌റ്റേറ്റുകള്‍ അബോര്‍ഷന്‍ നിരോധിക്കുക തന്നെ ചെയ്യും. 2019 മെയ് 19 ന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു; അമേരിക്കയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളില്ലാത്ത ആദ്യ സ്‌റ്റേറ്റായി മിസോറി മാറിയത്രെ.
ഗർഭഛിദ്രത്തെ കുറിച്ചുള്ള നിലപാടുകള്‍ ഓരോ സ്‌റ്റേറ്റിലും കൂലങ്കശമായ ചര്‍ച്ചകള്‍ക്കു വിധേയമാകുമെന്നുറപ്പാണ്. കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഇരുപക്ഷവും അവകാശപ്പെടുന്നത് ശാസ്ത്രം അവരുടെ പക്ഷത്താണ് എന്നാണ്. ധാര്‍മികവും മതപരവും ദാര്‍ശനികവുമായ പരിഗണനകള്‍ പക്ഷേ, അബോര്‍ഷനെതിരാണ്. അബോര്‍ഷനെ കുറിച്ചുള്ള എല്ലാ ധാര്‍മികവും രാഷ്ട്രീയവുമായ ചോദ്യങ്ങള്‍ക്ക് ശാസ്ത്രം ഉത്തരം നല്‍കില്ല. ശാസ്ത്രം സാങ്കേതികതയാണ്. ചില സുപ്രധാന ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുകയും മറ്റു ചില ചോദ്യങ്ങളില്‍ അനിശ്ചിതത്വം തീര്‍ക്കുകയും ചെയ്യും. ഗര്‍ഭാശയത്തിനു പുറത്തുള്ള ഭ്രൂണത്തിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് 50 വര്‍ഷം മുമ്പ് നമ്മള്‍ അറിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ നമുക്കറിയാമെങ്കിലും, പല വിഷയങ്ങളിലും വ്യക്തതക്കുറവുണ്ട്. പല തിയറികളും വിവാദപരവും നിരാശാജനകവുമാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് മനുഷ്യത്വം പരിഗണന വിധേയമാകണമെങ്കില്‍ ജീവന്റെ തുടിപ്പ് പ്രത്യക്ഷപ്പെടുന്നതു മുതല്‍ അവകാശങ്ങള്‍ നല്‍കിത്തുടങ്ങണം. അതിന്റെ ലക്ഷണങ്ങള്‍ ശാസ്ത്രത്തിന് കാണിച്ചു തരാനാവും. ജീവന്റെ തുടിപ്പ്, അമ്മയുടെ ശബ്ദത്തോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങള്‍. ഗർഭഛിദ്രത്തെ കുറിച്ച് നമുക്കറിയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് സംവാദത്തിന് കൂടുതല്‍ വ്യക്തത വരുത്തും.

പ്രവര്‍ത്തനക്ഷമത
ഗര്‍ഭസ്ഥശിശു പ്രസവിക്കപ്പെട്ടാല്‍ അതിജീവനം സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രായമാണ് പ്രവര്‍ത്തനക്ഷമതകൊണ്ട് അര്‍ഥമാക്കുന്നത്. ഇതുവരെ സംഭവിച്ച പ്രസവങ്ങളില്‍ അതിജീവിച്ച കുട്ടികളുടെ ഡാറ്റകള്‍ പരിശോധിച്ചാല്‍ നടന്ന സംഭവങ്ങളിലുള്ള കുറഞ്ഞപ്രായം നമുക്ക് പറയാനാവും. ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും പ്രായം കുറവായി രേഖപ്പെടുത്തപ്പെട്ടത് 21 ആഴ്ചയും ഒരു ദിവസവുമാണ്. അഥവാ 40 ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഗര്‍ഭാവസ്ഥയുടെ പകുതിയോടടുത്ത്.
2020 ജൂലൈയില്‍ അലബാമയിലാണ് ഈ പ്രായത്തിലൊരു കുഞ്ഞ് പിറന്നത്. 15 ഔണ്‍സ് (ഏകദേശം 425 ഗ്രാം) ആയിരുന്നു കുഞ്ഞിന്റെ തൂക്കം. ഇതുവരെ ശിശു അതിജീവിക്കാനുള്ള പരിധിയായി പൊതുവെ അംഗീകരിക്കപ്പട്ട 22 ആഴ്ച എന്ന കാഴ്ചപ്പാടാണ് അതോടെ തിരുത്തപ്പെട്ടത്. യു എസില്‍ 22 ആഴ്ചയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 17 ശതമാനവും അതിജീവിക്കുന്നുണ്ടെന്നാണ് കണക്ക്. യുലോവ സര്‍വകലാശാലയിലെ പീഡിയാട്രിക്‌സ് പ്രൊഫസറും നവജാത ശിശു വിദഗ്ധനുമായ എഡ്വേര്‍ഡ് ബെല്ലിന്റെതാണ് ഈ കണക്ക്.

അതിജീവന നിരക്ക് ഒരു ശരാശരി കണക്കാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വലിയ റിസ്‌കെടുത്ത് രക്ഷിക്കാന്‍ പല ആശുപത്രികളും ശ്രമിക്കാറില്ല. പല ആശുപത്രികളിലും അതിനുള്ള സംവിധാനവുമില്ല. ബെല്ലിന്റെ പഠനമനുസരിച്ച് അഞ്ചില്‍ നാല് ആശുപത്രികളും ഈ ഗണത്തില്‍ പെട്ടതാണ്. കുഞ്ഞുങ്ങള്‍ ഒന്നുകില്‍ വേദനാജനകമായി മരണത്തിനു കീഴടങ്ങും. ചിലപ്പോള്‍ അതിജീവിക്കും. ഈ ആശുപത്രികളിലും ചികിത്സ നല്‍കുന്ന ആശുപത്രികളിലുമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ കണക്കനുസരിച്ചാണ് 17 ശതമാനം എന്നു കണ്ടത്. എല്ലാ ആശുപത്രികളും അതിനുവേണ്ടി ശ്രമിച്ചിരുന്നെങ്കില്‍ അത് വളരെ വലുതായേനെ.
സ്വീഡനിലെയും ജപ്പാനിലെയും, 22 ആഴ്ചയില്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ അതിജീവിക്കുന്ന കണക്കുകള്‍ നോക്കുമ്പോള്‍ അത് 50 ശതമാനത്തിലേറെയാണ്. 22 ആഴ്ചയില്‍ ജനിക്കുന്ന കുഞ്ഞ് കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. നല്‍കേണ്ട വിഭവങ്ങള്‍ വലുതായിരിക്കും. ചികിത്സകളും ചെലവുകളും കൂടും. 1973 ലെ റോയ് നിയമ സമയത്ത് അതിജീവന സമയം 28 ആഴ്ചയായിരുന്നു. അതിനുമുമ്പ് ജനിച്ച കുട്ടികളൊന്നും അതിജീവിച്ചില്ല. പിന്നീട് ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ വികസിച്ചു. നേരത്തെയുള്ള പ്രസവത്തിന് സാധ്യതയുള്ള ഗര്‍ഭിണികള്‍ക്ക് സ്റ്റിറോയിഡുകള്‍ നല്‍കുന്നതായിരുന്നു ഒന്ന്. ഗര്‍ഭസ്ഥ ശിശുവിന്റെ മുഴുവന്‍ അവയവങ്ങളുടെയും വികാസം വേഗത്തിലാക്കുന്ന ചികിത്സ. പ്രത്യേകിച്ച് ശ്വാസകോശങ്ങള്‍. അങ്ങനെ ജനനസമയത്ത് അവയവങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാവും. മറ്റൊന്ന്, അകാല ശിശുക്കള്‍ക്ക് ശ്വാസകോശത്തിന്റെ ഉപരിതലത്തില്‍ വരുന്ന അവികസിത ട്യൂബുകള്‍ തുറക്കാന്‍ മരുന്നുകള്‍ നല്‍കുക. പല കുഞ്ഞുങ്ങളും അതിജീവിക്കാത്തതിന്റെ കാരണം ഈ ട്യൂബുകള്‍ വികസിക്കാത്തതായിരുന്നു.

24 ആഴ്ചയായ ഗര്‍ഭസ്ഥ ശിശുവിന്റെ അതിജീവന നിരക്ക് ഇപ്പോള്‍ 90 ശതമാനമാണെന്ന് ചില യു എസ് ആശുപത്രികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 23 ആഴ്ച മുതലുള്ള അകാല പ്രസവങ്ങളില്‍ പകുതിയോളം അതിജീവിക്കുന്നു. 22 ആഴ്ചയുടെ പ്രസവങ്ങളും പുരോഗതി പ്രാപിച്ചുവരികയാണ്. കൂടുതല്‍ മുന്നേറ്റങ്ങളല്ല ഇവയുടെ കാരണം, ശ്രദ്ധയാണ്. പുതിയ അത്ഭുത മരുന്ന് കണ്ടുപിടിക്കുന്നതിനു പകരം ആശുപത്രികളിലെ മലിനീകരണ സാധ്യതകള്‍ ഒഴിവാക്കുകയും അണുബാധയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തതാണ് കാരണം. ശസ്ത്രക്രിയയ്ക്ക് മുമ്പ് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു. സ്‌പെഷ്യലൈസ്ഡ് നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുള്ള (NICUS) ആശുപത്രികളില്‍ ശ്വസനത്തെ സഹായിക്കുന്ന വെന്റിലേറ്ററുകള്‍, വായുവിന്റെ താപനില സൂക്ഷ്മമായി നിരീക്ഷിക്കല്‍, ദ്രാവകങ്ങളുടെ കൃത്യമായ പരിപാലനം, രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍, അണുബാധകള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ വിശദാംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നു.

പ്രവര്‍ത്തനക്ഷമതയുടെ പരിമിതികള്‍
നേരത്തെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ അതിവിദഗ്ധരായ ഡോക്ടര്‍മാര്‍ വേണം. മാസം തികയാത്ത ഒരു കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ചെലവ് സാധാരണ ഒരു ലക്ഷത്തിലധികമാണ്. ഒരു സാധാരണ NICU(New born Intensive Care Unit) ഒരേസമയം ഇരുപതോ അതിലധികമോ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നു. അത്തരം വിപുലമായ NICUS മിക്ക ആശുപത്രികള്‍ക്കും അപ്രാപ്യമാണ്. ആശുപത്രികള്‍ക്കിടയിലെ അതിജീവന നിരക്കിലെ വന്‍ വ്യതിയാനത്തിനു കാരണമിതാണ്. ബര്‍മിംഗ് ഹാമിലെ അലബാമയില്‍ വിപുലമായ ഒരു NICU പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു പല ആശുപത്രികളിലും NICU ഇല്ല. സാധ്യമായ നൂതന സാങ്കേതിക വിദ്യകള്‍ ലഭിക്കുമ്പോള്‍ പോലും 22 ആഴ്ചയില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അപകട സാധ്യത കൂടുതലാണ്. ചര്‍മം പേപ്പറിനെക്കാള്‍ കനം കുറഞ്ഞതാണ്. ശ്വാസകോശത്തിന് സ്വന്തമായി വായു എടുക്കാനുള്ള ശേഷിക്ക് ഇനിയും രണ്ടോ മൂന്നോ മാസമെടുക്കും. മസ്തിഷ്‌കത്തില്‍ എളുപ്പത്തില്‍ രക്തസ്രാവമുണ്ടാകാം.

ശിശുവിന്റെ ശരിയായ വളര്‍ച്ചക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമാണ്. സ്പര്‍ശനവും ഗന്ധവും കേള്‍വിയും വേണം. അതോടൊപ്പം ട്യൂബുകളില്‍ പൊതിഞ്ഞ് താപനിലയും വായുവും കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇതെല്ലാം പലപ്പോഴും അസാധ്യമാണ്. 21 ആഴ്ച പ്രായമുള്ള കുഞ്ഞിനെ അതിജീവിപ്പിക്കാന്‍ കഴിഞ്ഞത് അസാമാന്യമായ നേട്ടം തന്നെയാണ്.

ഭാവിയില്‍ 20 ആഴ്ചയിലേക്ക് പ്രവര്‍ത്തനക്ഷമതയെത്തുമെന്ന പ്രതീക്ഷ വിദഗ്ധര്‍ക്കില്ല. 22 ആഴ്ചക്ക് താഴെയുള്ള സമയത്ത് ജൈവികമായ തടസ്സങ്ങളുണ്ട്. നിലവിലെ സാങ്കേതിക വിദ്യയാല്‍ ഇത് മറികടക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെയെല്ലാം അതിജീവനമാണ് വിഷയം. അതിജീവിക്കുമ്പോള്‍ തന്നെ മറ്റു പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വൈകല്യങ്ങള്‍, ആജീവനാന്ത വൈദ്യസഹായം, അന്ധത, ബധിരത, ശ്വാസകോശ, മലവിസര്‍ജന പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ക്ഷതം തുടങ്ങിയവയുണ്ടാകാം. 30 ആഴ്ച തികയാത്തവരില്‍ ഇവ കണ്ടുവരുന്നുണ്ട്. 24 ആഴ്ചക്കു മുമ്പ് ജനിക്കുന്നവരില്‍ അമിതമായി കണ്ടുവരുന്നു. ഇവയില്‍ മിക്കതും ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും പരിഹാരമാകും. എന്നാല്‍ ചിലത് വര്‍ഷങ്ങളെടുക്കും. 20 ആഴ്ചയില്‍ ജനിച്ച ശിശുവിന് പതിനാറ് മാസങ്ങള്‍ക്കു ശേഷവും സപ്ലിമെന്റല്‍ ഓക്‌സിജന്‍ ഇല്ലാതെ ശ്വസിക്കാനാവില്ല.

മാസം തികയാതെയുള്ള കുട്ടികളില്‍ പത്തിലൊന്ന് കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഒരു മുഴുവന്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി-അഡല്‍റ്റ് കണ്‍ജെനിറ്റല്‍ കാര്‍ഡിയോളജി-അവരെ പരിചരിക്കുന്നതിനായി നിലവിലുണ്ട്. സങ്കീര്‍ണമായ മസ്തിഷ്‌ക ഭാഗങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാവില്ല. 22 ആഴ്ചകള്‍ക്ക് ശേഷമാണ് മസ്തിഷ്‌കത്തില്‍ കോര്‍ട്ടെക്‌സ് രൂപപ്പെടുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലെ ബ്രെയിന്‍ വയറിംഗ് പ്രക്രിയ വ്യത്യസ്തമാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

ഗര്‍ഭപാത്രത്തിന് പുറത്ത് സമാനമായ സംവിധാനം ഒരുക്കാന്‍ സാങ്കേതികവിദഗ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ഗര്‍ഭപാത്രം നിര്‍മിക്കല്‍. ഓസ്‌ട്രേലിയയിലെ വിദഗ്ധരായ ഗവേഷകര്‍ ആടിന്റെ ഗര്‍ഭപിണ്ഡം ജീവനോടെ സൂക്ഷിക്കുന്ന കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അവ മനുഷ്യര്‍ക്ക് ഉപകാരപ്രദമാണോ എന്ന് പലരും സംശയിക്കുന്നു. പഠനങ്ങള്‍ നടക്കുന്നു. അവ പൂര്‍ണമായി നിരാകരിക്കാനാവില്ല. ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇപ്പോള്‍ നമുക്ക് മനസിലാക്കാവുന്ന ഒരു കാര്യം: 1973 ലെ സാങ്കേതിക വിദ്യ അനുസരിച്ച് 28 മാസം എന്ന് കണക്കാക്കിയത് പിന്നീട് 24-22 ആയി കുറച്ചു. ശാസ്ത്ര വികാസത്തിനനുസരിച്ച് പ്രവര്‍ത്തന ക്ഷമതയില്‍ മാറ്റം വരാം. ഇപ്പോള്‍ 22 ആഴ്ച എന്നത് കുറഞ്ഞേക്കാം. പ്രവര്‍ത്തനക്ഷമത മാത്രം പരിഗണിച്ച് അബോര്‍ഷന്‍ നിയമം പാസാക്കുന്നത് അടുത്ത നിമിഷം തന്നെ ഭീമാബദ്ധമായേക്കാം.

ശാസ്ത്രത്തിലെ മറ്റുവെല്ലുവിളികള്‍
പ്രവര്‍ത്തനക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ഗര്‍ഭപിണ്ഡത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള മറ്റു പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശാസ്ത്രം ശ്രമിക്കുന്നുണ്ട്. അതിലെ പ്രധാന ചോദ്യം, ഒരു ഗര്‍ഭപിണ്ഡത്തിന് എപ്പോഴാണ് ചിന്തിക്കാനും അനുഭവിക്കാനും കഴിയുക എന്നായിരിക്കും. ഗര്‍ഭപിണ്ഡം വികസിച്ച് 22 ആഴ്ച പൂര്‍ത്തിയാകുമ്പോഴും മസ്തിഷ്‌കത്തിന്റെ കോര്‍ട്ടെക്‌സ് രൂപപ്പെട്ടിട്ടുണ്ടാവില്ല. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കും. ജെര്‍മിനല്‍ മാട്രിക്‌സ് എന്ന് വിളിക്കപ്പെടുന്ന ചെറിയ കോശക്കൂട്ടത്തിലാണ് ഗര്‍ഭപിണ്ഡത്തിന്റെ ആദ്യകാലത്ത് ന്യൂറോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. വികാസം പ്രാപിക്കുന്ന സമയത്ത് പുതുതായി രൂപംകൊള്ളുന്ന ന്യൂറോണുകള്‍ തലച്ചോറിന്റെ പുറംഭാഗങ്ങളില്‍ സ്ഥാനം പിടിക്കാനായി ജെര്‍മിനല്‍ മാട്രിക്‌സില്‍ നിന്ന് പുറത്തേക്കു നീങ്ങുന്നു. അവ പരസ്പരം ബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 22-ാം ആഴ്ച മുതലാണ്. നാല്‍പത് ആഴ്ച പൂര്‍ത്തിയാവുമ്പോഴേക്ക് 100 ട്രില്യണ്‍ കണക്ഷനുകള്‍ രൂപപ്പെടും.

26 ാം ആഴ്ചയില്‍ മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ വളര്‍ച്ച നടക്കുന്നുണ്ടെങ്കിലും കണക്ഷനില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടുണ്ടാവില്ല. എങ്കിലും മാതാവിന്റെ ശബ്ദത്തോട് പ്രതികരിക്കാന്‍ ശിശുവിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ആ പ്രായത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മാതാവിന്റെ ശബ്ദത്തോടും സംഗീതത്തോടും പാലിന്റെ രുചിയോടും പ്രതികരിക്കാന്‍ കഴിയും.

ചിന്ത, വികാരം, അവബോധം, വേദനാനുഭവം ഇവയെല്ലാം 22 ആഴ്ച പ്രായമുള്ള കുട്ടിയില്‍ രൂപപ്പെടാമെന്നാണ് ശാസ്ത്രത്തിന്റെ അനുമാനം. മസ്തിഷ്‌കത്തില്‍ കോര്‍ട്ടെക്‌സ് രൂപപ്പെട്ടില്ലെങ്കിലും ശിശു പ്രതികരിക്കുന്നുണ്ട്. അടുത്ത കാലത്തായി ശാസ്ത്രജ്ഞര്‍ ട്രാക്ടോഗ്രഫി കണ്ടെത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കം എം ആര്‍ ഐ സാങ്കേതികത ഉപയോഗിച്ച് സുരക്ഷിതമായി ചിത്രീകരിക്കാന്‍ ഇതു മുഖേന സാധിക്കുന്നു. ഈ പഠനത്തില്‍ 22 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തില്‍ വലിയ സങ്കീര്‍ണമായ നെറ്റ്‌വര്‍ക്കുകള്‍ രൂപപ്പെട്ടില്ലെങ്കിലും ചെറിയ രീതിയില്‍ നെറ്റ്‌വര്‍ക്കുകള്‍ രൂപപ്പെട്ടതായി കാണിച്ചുതന്നു. കോര്‍ട്ടെക്‌സ് രൂപപ്പെട്ടില്ലെങ്കിലും സമാനമായ മറ്റെന്തെങ്കിലും സംവിധാനങ്ങളുണ്ടാവാമെന്നാണ് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

അപകടസാധ്യതയുള്ള ഗര്‍ഭധാരണം സുരക്ഷിതമാക്കാന്‍ നവജാതശിശു വിദഗ്ധരും ശ്രമിക്കുന്നുണ്ട്. മാതാവിന്റെ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ കേസുകളില്‍ പലപ്പോഴും മാതാവിന്റെയും കുട്ടിയുടെയും ജീവന്‍ ഭീഷണിയിലാവാറുണ്ട്. സ്ത്രീകളുടെ ഗര്‍ഭധാരണ പ്രായം കൂടുന്നതിനനുസരിച്ച് ഇതിലെ അപകട സാധ്യതയും കൂടുന്നു. യു എസില്‍ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന ശരാശരി പ്രായം 30 ആണ്. റോയ് നിയമ സമയത്ത് അത് 21 ആയിരുന്നു. 35 വയസിന് ശേഷമുള്ള ഗര്‍ഭധാരണത്തെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്താറുണ്ട്. 35 എന്നത് ഒരു വയസ് സൂചിപ്പിച്ചുവെന്നേയുള്ളൂ. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ നെല്‍സണിന്റെ അഭിപ്രായത്തില്‍ ഇരുപതുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള ഗര്‍ഭധാരണത്തിന് അപകട സാധ്യത കൂടുതലാണ് എന്നാണ്.
ഇതെല്ലാം അബോര്‍ഷന്‍ നിയമവിധേയമാക്കണം എന്നതിന് ഉയര്‍ത്തുന്ന ന്യായങ്ങളാണ്. ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വലിയൊരു കാര്യമുണ്ട്. സിക്താണ്ഡം രൂപപ്പെട്ടതു മുതല്‍ ഗര്‍ഭപാത്രത്തില്‍ ജീവന്‍ വിത്തിട്ടു. അതിനെ ഇല്ലാതാക്കുന്നത് ഒരു ജീവനെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. ഗര്‍ഭധാരണം അപകടപ്പെടുത്തിയേക്കാവുന്നവര്‍ ചെയ്യേണ്ടത് ഗര്‍ഭധാരണം തടയലാണ്. അതിന് വൈദ്യസഹായം തേടലാണവശ്യം. ആര്‍ത്തവചക്ര നിയന്ത്രണവും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സ്വീകരിച്ച് ഗര്‍ഭധാരണം തടയുകയാണ് വേണ്ടത്. ഗര്‍ഭധാരണം സംഭവിച്ചു കഴിഞ്ഞാല്‍ അവിടെ ഒരു ജീവന്റെ വിത്തു മുളച്ചു കഴിഞ്ഞു. പിന്നീട് അതിനെ നശിപ്പിക്കുന്നത് മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ്. ധാര്‍മികമായും ദാര്‍ശനികമായുമുള്ള ഈ നിലപാടാണ് സ്വീകരിക്കേണ്ടത്. ആ അര്‍ഥത്തില്‍ കോടതിയുടെ പുതിയ വിധി ധാര്‍മികതയും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തിന് സ്വീകാര്യമാണ്.
ഇവിടെയുള്ള ഒരു വിരോധാഭാസം പറയട്ടെ, പല ഗര്‍ഭധാരണങ്ങളുടെയും അപകടസാധ്യത വര്‍ധിപ്പിച്ചത് ആശുപത്രികള്‍ തന്നെയാണ്. മുന്‍കാലങ്ങളില്‍ അതിജീവനം പ്രയാസമായിരുന്നു എന്നു വിലയിരുത്തി ചികിത്സ നല്‍കാതെ വിട്ടയച്ച ഗുരുതരമായ വൈകല്യങ്ങളുള്ള പല കുഞ്ഞുങ്ങളും മറ്റു പല നിലയിലും അതിജീവിച്ചിരുന്നു(കറുത്തവര്‍ഗക്കാര്‍ക്ക് ഇപ്പോഴും അമേരിക്കയില്‍ ചികിത്സ നല്‍കുന്നതില്‍ ആശുപത്രികള്‍ വിമുഖത കാണിക്കുന്നുണ്ട്. കറുത്തവര്‍ഗക്കാരാണ് ഇത്തരം കേസുകളില്‍ കൂടുതല്‍ അകപ്പെടുന്നത്). അക്കാലത്ത് മതിയായ ചികിത്സ കിട്ടാത്തത് അവരുടെ ജീവിതത്തില്‍ മുഴച്ചുനില്‍ക്കുമല്ലോ? ഹൃദയവൈകല്യങ്ങള്‍, കുട്ടിക്കാലത്തെ അര്‍ബുദങ്ങള്‍, ലൂപ്പസ്, പ്രമേഹം തുടങ്ങിയ പല കേസുകളിലും രോഗം തരണംചെയ്ത് കുട്ടികള്‍ വളര്‍ന്നു. അവരില്‍ പലരും പ്രായപൂര്‍ത്തിയായി ഗര്‍ഭിണികളായപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. ഗര്‍ഭാവസ്ഥയില്‍ ഹൃദയത്തിന്റെ ഭാരം 50 ശതമാനം വരെ വര്‍ധിക്കുന്നുണ്ട്. സാധാരണയില്‍ അത്ര പ്രശ്‌നമില്ലാത്ത ഹൃദ്രോഗമുള്ള ഒരു സ്ത്രീക്ക് ഗര്‍ഭാവസ്ഥയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവും. ഗര്‍ഭസ്ഥ ശിശുവിനെയും അത് ബാധിക്കുന്നു.

ഈ പ്രശ്‌നം പ്രസവാനന്തരമുള്ള മാതൃമരണനിരക്ക് ഉയരാന്‍ കാരണമായി. 2018-2020 കാലത്ത് യു എസില്‍ ആ നിരക്ക് 36 ശതമാനം വര്‍ധിച്ചിരുന്നു. ഗര്‍ഭ സമയത്തുണ്ടാകുന്ന രക്തസ്രാവം, ഹൃദയാഘാതം, ഉയര്‍ന്ന രക്ത സമ്മര്‍ദം ഇവയെല്ലാം ഡോക്ടര്‍മാരെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. പലപ്പോഴും ശിശുവിന്റെ നേരത്തെയുള്ള ജനനത്തിനും ഇതു കാരണമായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം ഗർഭഛിദ്രമല്ലെന്ന് കോടതി തിരിച്ചറിയുന്നുവെന്നതാണ് ഇവിടെ ശ്രദ്ധേയം. ജീവന്റെ വിത്തു പാകിയത് മുതല്‍ മനുഷ്യനുള്ള സകല അവകാശങ്ങളുമുണ്ടെന്ന് തിരിച്ചറിയുന്ന മനുഷ്യത്വമുള്ള, ധാര്‍മികതയുള്ള നിയമ സംവിധാനമുള്ളതില്‍ നമുക്ക് സന്തോഷിക്കാം.

(2022 ജൂണ്‍ 17-24 ന്യൂസ് വീക്കില്‍ ഡേവിഡ് എച്ച് ഫ്രീഡ്മാന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ഉപജീവിച്ച് തയാറാക്കിയ പഠനം).

എം കെ അൻവർ ബുഖാരി

You must be logged in to post a comment Login