ശാസ്ത്രത്തെ നാം എന്തുചെയ്യണം?

ശാസ്ത്രത്തെ നാം എന്തുചെയ്യണം?

അറിവാണ് ഇസ്‌ലാമിന്റെ ആധാരം. അറിവിനാണ് ഇസ്‌ലാമില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളതും. അറിവ് നുകരലാണ് ഏറ്റവും പുണ്യമുള്ളതും. മനുഷ്യരെല്ലാം അറിവിന്റെ പിന്നാലെയാണ് പോകേണ്ടതെന്ന് ഇസ്‌ലാം ഉണര്‍ത്തി. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: “നിങ്ങള്‍ക്കു വ്യക്തമായ അറിവില്ലാത്തയൊന്നിന്റെ പിന്നാലെയും നിങ്ങള്‍ പോകരുത്”(1) അറിവ് കൊണ്ടുള്ള ഉദ്ദേശ്യം ഇസ്‌ലാം വളരെ വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തോട് യോജിക്കുന്നതും ശരിയാണെന്നു പൂര്‍ണ ബോധ്യവുമുള്ള കാര്യങ്ങള്‍ക്കു മാത്രമേ ഇസ്‌ലാം അറിവെന്നു പറയൂ. അഥവാ ബോധ്യം മാത്രമുള്ളതുകൊണ്ട് അറിവാകുന്നില്ല. അത് യാഥാർത്ഥ്യമാകണം. ശരിയാണെന്ന ഉറച്ച വിശ്വാസവുമുണ്ടാവണം. ഈ യാഥാർത്ഥ്യത്തെയാണ് ഇസ്‌ലാം ഹഖ് അഥവാ സത്യമെന്ന് വിളിച്ചത്. ഇതിനെതിരുള്ളത് ബാത്വില്‍ അല്ലെങ്കില്‍ അസത്യമാണ്(2).

സ്വാഭാവികമായും ഇവിടെ അടിസ്ഥാനപരമായി രണ്ടു ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. യാഥാർത്ഥ്യം അല്ലെങ്കില്‍ സത്യം അഥവാ ഹഖ് എങ്ങനെയാണ് ബോധ്യപ്പെടുക? ഇങ്ങനെ ബോധ്യപ്പെടാനുള്ള മാര്‍ഗം എന്തൊക്കെയാണ്? ഈ രണ്ടു ചോദ്യങ്ങള്‍ക്ക് ഒന്നര സഹസ്രാബ്ദം മുമ്പ് തന്നെ മറുപടി പറഞ്ഞ മതമാണ് ഇസ്‌ലാം. മനുഷ്യന്‍ കണ്ണുകൊണ്ട് കാണുന്നതെല്ലാം ഒറ്റയടിക്ക് സത്യവും യാഥാർത്ഥ്യവുമാണെന്ന് വിശ്വസിക്കാന്‍ ഒരു നിർവാഹവുമില്ലെന്ന് സുവിദിതമാണല്ലോ. ദൂരെ ആകാശത്ത് വിമാനം വളരെ ചെറുതായിട്ടാണ് കാണുന്നത്. അത് വിമാനത്തിന്റെ വലിപ്പമല്ല. വിമാനത്തെക്കുറിച്ച് തെറ്റായ ധാരണയാണ് തരുന്നത്. അകലെ കാണുന്ന പാറക്കല്ല് ആനയായി വിചാരിക്കുന്നവരുമുണ്ട്. അതും തെറ്റായ വിവരമാണ് തരുന്നത്. അടുത്തുനിന്ന് വായിക്കുമ്പോള്‍ പോലും തെറ്റുകള്‍ വായിക്കുന്നു. ഇതർഥമാക്കുന്നത് കണ്ണുകള്‍ പൂര്‍ണമായും മനുഷ്യനെ സത്യത്തിലേക്ക് നയിക്കാന്‍ പര്യാപ്തമല്ലെന്നു തന്നെയാണ്. ചെവിയും മറ്റു പഞ്ചേന്ദ്രിയങ്ങളുമെല്ലാം ഇങ്ങനെ പലപ്പോഴും പലരെയും വഞ്ചിക്കുന്നത് കാണാം(3). പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനുഷ്യന് കിട്ടിയത് ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുമ്പോള്‍ പലര്‍ക്കും പലതുമാണ് ലഭിക്കുക. ബുദ്ധികളെല്ലാം ശരിയാണെങ്കില്‍ പരസ്പരം വൈരുധ്യങ്ങള്‍ വരെ ശരിയാണെന്നു സമ്മതിക്കേണ്ടിവരും(4). അതുകൊണ്ടുതന്നെ, പഞ്ചേന്ദ്രിയങ്ങള്‍, ബുദ്ധി തുടങ്ങിയ മനുഷ്യ ശക്തികളെ സത്യം മനസ്സിലാക്കാനുള്ള സഹായികളായി ഉപയോഗപ്പെടുത്താമെങ്കിലും അവയെല്ലാം എപ്പോഴും സത്യമാണ് അഥവാ ഹഖാണ് തരുന്നതെന്നു വിശ്വസിക്കാന്‍ പറ്റില്ല.

ഒരു ഉദാഹരണം പറയാം. ഒരു ഗുഹക്കുള്ളില്‍ ഇരുപത് പേര്‍ കുടുങ്ങുന്നു. ലഭ്യമായ ദ്വാരങ്ങളിലൂടെ നോക്കുമ്പോള്‍ ഒരു ദ്വാരത്തിലൂടെ അഞ്ചു പേരെ കണ്ടു. മറ്റൊരു ദ്വാരത്തിലൂടെ പത്തുപേരെയും. യന്ത്രങ്ങളുടെ സഹായത്തോടെ പത്തുപേരെയും കണ്ടു. ഈ ഗുഹക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് എങ്ങനെയാണു ഒരു അറിവിലെത്തുക? മൂന്നു വഴികളിലൂടെ കണ്ടതും ഒരേയാളുകളെയാണോ, വ്യത്യസ്ഥരാണോ എന്നൊന്നും അറിവാക്കി മാറ്റാന്‍ ഒരു വഴിയുമില്ല. ഒരുപക്ഷേ നിഗമനങ്ങളില്‍ എത്തിപ്പെടാം. ശാസ്ത്രമെന്നാല്‍ നിഗമനങ്ങളാണല്ലോ(5). നിഗമനങ്ങളില്‍ ഭൂരിഭാഗവും സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് ഖുര്‍ആന്‍ തന്നെ അടിവരയിടുന്നുണ്ട്(6). ഈ നിഗമനങ്ങളെ അറിവിന്റെ ആത്യന്തിക സത്യമായി വിലയിരുത്തുന്നവരേക്കാള്‍ ഹതഭാഗ്യര്‍ ഈ ലോകത്തുണ്ടാവില്ല. ഇതല്ലേ സത്യം!

ഇവിടെയാണ് അറിവിന്റെ ഏകമാര്‍ഗം സയന്‍സ് മാത്രമാണെന്ന വാദത്തെ ഇസ്‌ലാം അംഗീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാകുന്നത്. ഐസക് ന്യൂട്ടന്‍ ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയില്‍ ചില സ്ഥലങ്ങളിലെങ്കിലും ഇതിനെതിരെ കണ്ടെത്തിയാല്‍ ഈ സിദ്ധാന്തം നിഷ്പ്രഭമാകുന്നു. സ്വാഭാവികമായും ശാസ്ത്രജ്ഞര്‍ അടുത്ത സിദ്ധാന്തം നിഗമനങ്ങളുടെയടിസ്ഥാനത്തില്‍ പണിയുന്നു. അതും ശരിയാണെന്ന് വിശ്വസിക്കാന്‍ ഒരു മാര്‍ഗവും കിട്ടാതെ കുഴങ്ങുന്നു. പലപ്പോഴും സിദ്ധാന്തങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമാകുന്നു. അവസാനം രക്ഷപ്പെടാന്‍ നിത്യസത്യം എന്ന ഒന്നില്ലെന്ന വാദത്തിൽ അഭയം പ്രാപിക്കുന്നു. എന്നാല്‍ ഇസ്‌ലാമിന് ഈ ഒളിച്ചുകളി നടത്തേണ്ട കാര്യമില്ല. കാരണം, ഇസ്‌ലാം പ്രകാരം ശാസ്ത്രം ആത്യന്തിക സത്യമോ മനുഷ്യനെ ആത്യന്തികമായി വഴിനടത്താനോ ഉള്ളതല്ല. മനുഷ്യന്റെ ജീവിത പ്രയാണം സുഗമമാക്കാനുള്ള വഴികളില്‍ ഒന്ന് മാത്രമാണ്.

സയന്റിസം അഥവാ ശാസ്ത്രവാദം അല്ലെങ്കില്‍ ശാസ്ത്രമാത്രവാദം ഇന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രം മാത്രമാണ് അറിവിലേക്കുള്ള ഏക വഴിയെന്ന് ഇവര്‍ വിശ്വസിക്കുന്നു. മതത്തോട്, മതം ആഗ്രഹിക്കുന്നതിലുപരി ബന്ധം നടിച്ച് മറ്റു മതാനുയായികള്‍ക്കെതിരെ വാളെടുക്കുന്നത് മതമൗലികവാദമായാണ് നാം കാണാറുള്ളത്. ഇതു പോലെ ശാസ്ത്രം ആഗ്രഹിക്കുന്നതിലുപരി ശാസ്ത്രത്തോട് അന്ധമായ പ്രതിപത്തി കാണിക്കുന്നവരാണ് ശാസ്ത്രമാത്രവാദികള്‍ അല്ലെങ്കില്‍ ശാസ്ത്ര മൗലികവാദികള്‍. ഈ വാദം തന്നെ ശാസ്ത്രീയമല്ല എന്ന കേവല അറിവുപോലും ഇവര്‍ക്കില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒന്നും സത്യസന്ധമല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുമാത്രവുമല്ല അശാസ്ത്രീയമാണ്. അറിവിലേക്കുള്ള ഏകവഴി ശാസ്ത്രം മാത്രമാണെന്ന് നാളിതുവരെ ആരും എവിടെയും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. അഥവാ സ്വന്തം വാദം തന്നെ ശാസ്ത്രീയമല്ലെന്ന് ചുരുക്കം. ശാസ്ത്രത്തിന്റെ മാപിനിയില്‍ കുടുങ്ങിയത് മാത്രമാണ് അറിവെന്നും അറിവിന് മറ്റു ഉറവിടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പടാത്ത കാലത്തോളം ഈ ശാസ്ത്രവാദികളെ ശാസ്ത്രീയ ഭീകരവാദികളായി മാത്രമേ പരിഗണിക്കാനാവൂ. കാരണം അവര്‍ അശാസ്ത്രീയമായ നിഗമനങ്ങള്‍ പണിത് മറ്റുള്ളവരെ മാനസികമായി അക്രമിക്കുകയാണല്ലോ-പ്രത്യേകിച്ചും മത വിശ്വാസികളെ(7).

“ഞാന്‍ കണ്ടതോ കേട്ടതോ തൊട്ടതോ മാത്രമേ ഞാന്‍ വിശ്വസിക്കൂ’ എന്ന് വാദിക്കാനാണ് ഇവര്‍ ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഇപ്പറഞ്ഞത് ഒരാശയമാണ് (Concept). ഈ ആശയത്തെത്തന്നെ തൊട്ട് മനസ്സിലാക്കാനോ, ആശയമെന്നയവസ്ഥയില്‍ കേള്‍ക്കാനോ കാണാനോ സാധിക്കില്ല. അഥവാ സയന്റിസത്തിന്റെ അടിസ്ഥാന വാദം തന്നെ ആ വാദത്തെ തള്ളുന്നു, അല്ലെങ്കില്‍ സ്വയം പരാജയപ്പെടുത്തുന്നു (Self defeating). സ്‌നേഹം, സഹനം, ക്ഷമ തുടങ്ങിയ ധാരാളം പ്രതിഭാസങ്ങളുണ്ട് ലോകത്ത്. ഇവയെല്ലാം അളക്കാനോ വിശദീകരിക്കാനോ വ്യക്തമാക്കാനോ ഒരു ശാസ്ത്രവും വളര്‍ന്നിട്ടില്ല. ശാസ്ത്രീയമായി ഇവയ്‌ക്കൊന്നും വ്യാഖ്യാനങ്ങളുമില്ല. അതുകൊണ്ടുതന്നെ, ഇവയൊന്നും അറിവിന്റെ പരിധിയില്‍ പെടില്ലെന്ന് വാദിക്കുന്നത് എത്രമാത്രം വിഡ്ഢിത്തമാണ്. ധാര്‍മിക മൂല്യങ്ങളെ വിശദീകരിക്കുന്നിടത്തും ശാസ്ത്രം പരാജയപ്പെടുന്നത് ഈ വീക്ഷണത്തിലൂടെ വേണം മനസ്സിലാക്കാന്‍. ശാസ്ത്രം പരാജയപ്പെട്ടുവെന്നതുകൊണ്ട് മനുഷ്യന് ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൂടാ. കാലാകാലങ്ങളായി ഇസ്‌ലാം ഈ വിടവ് നികത്തുന്നു. മനുഷ്യന്‍ മനുഷ്യനായി നടക്കേണ്ടതിന്റെ ആവശ്യകത ശാസ്ത്രത്തിനു വിശദീകരിക്കാനാകില്ലെങ്കിലും ഇസ്‌ലാം അത് വേണ്ടുവോളം വിശദീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തിനു മൂല്യബോധമില്ലെന്നത് സുവിദിതമാണ്. ദ്രോഹബുദ്ധി പാപമാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവില്ല. മനുഷ്യരെ കൊല്ലാന്‍ ആറ്റം ബോംബ് നിര്‍മിക്കുന്നത് ശാസ്ത്രീയമായി ഒരു വിജയം തന്നെയാണല്ലോ. മനുഷ്യന്‍ ശാസ്ത്രം പഠിക്കേണ്ടതിന്റെ ആവശ്യകതയും ശാസ്ത്രത്തില്‍ മനുഷ്യന്‍ കാണിക്കേണ്ട മര്യാദയും ധാര്‍മികതയും ശാസ്ത്രീയമായി വിശദീകരിക്കാനാകില്ലെങ്കിലും മതപരമായി അത് വിശദീകരിക്കേണ്ടതും വിശദീകരിച്ചതുമാണ്. ശാസ്ത്രത്തെ അന്ധമായി കൊണ്ടുനടക്കുന്നതിനു പകരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നേരത്തെ പറഞ്ഞ ഖുര്‍ആനിക വചനം അതാണ് വ്യക്തമാക്കുന്നത്. “നിങ്ങള്‍ക്കു വ്യക്തമായ അറിവില്ലാത്തയൊന്നിന്റെ പിന്നാലെയും നിങ്ങള്‍ പോകരുത്’. ശാസ്ത്രം നിഗമനങ്ങളുടെ ലോകമാണ്. അതിന് ഖണ്ഡിതാഭിപ്രായങ്ങളുണ്ടാവില്ല. അതുകൊണ്ട് അന്ധമായി വിശ്വസിച്ച് ഒപ്പം കൂട്ടാനുള്ളതല്ല ശാസ്ത്രം. മനുഷ്യര്‍ കണ്ടെത്തിയത് മനുഷ്യര്‍ക്ക് തന്നെ തിരുത്താനാകും. തിരുത്തുകയും ചെയ്യും. മറ്റൊരു ഉറവിടത്തില്‍ നിന്നും സ്വീകാര്യത ലഭിക്കാതെ ഇവയൊന്നും സത്യമാണ് എന്നു വിശ്വസിക്കുന്നത് മഹാ അബദ്ധമാണ്. ബുദ്ധിയുള്ള മനുഷ്യര്‍ക്കത് നടക്കില്ല.

മനുഷ്യന്‍ കണ്ടെത്തുന്ന കാര്യങ്ങളുടെ ശരിതെറ്റുകള്‍ മനസ്സിലാക്കുന്ന മാപിനി മറ്റൊരു ഉറവിടമായിരിക്കണമെന്ന് പറഞ്ഞുവല്ലോ. തീര്‍ച്ചയായും ആ ഉറവിടം ദൈവികമായിരിക്കണം. ദൈവികമല്ലാത്ത എല്ലാ ഉറവിടങ്ങള്‍ക്കും മേല്‍പ്പറഞ്ഞ എല്ലാ പരിമിതികളുമുണ്ടാവും. ദൈവികമായ ആ ഉറവിടമാണ് വഹ്്യ്. ലോകത്തിനു ദിശ കാണിച്ചത് വഹ്്യാണ്. ആദം നബി (അ) മുതല്‍ മുഹമ്മദ് നബി (സ്വ) വരെ ലക്ഷക്കണക്കിന് പ്രവാചകന്മാര്‍ വന്നു. അവര്‍ ഈ ദൗത്യം മനുഷ്യര്‍ക്കിടയില്‍ നിർവഹിച്ചു. വളരെ സംശുദ്ധമായി ജീവിക്കുക വഴി ഈ സന്ദേശം കൈമാറാനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടെന്ന് സമൂഹത്തെ അവര്‍ ബോധ്യപ്പെടുത്തി. അമാനുഷികമായ പല കഴിവുകളും പ്രകടിപ്പിച്ച് സമൂഹത്തിന്റെ വിശ്വാസ്യത അവര്‍ നേടിയെടുത്തു. ഇന്നും എന്നും ലോകത്ത് മതം തന്നെയാണ് വലുത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മനസ്സുകൊണ്ട് സംഗമിക്കുന്നത് മതത്തിന്റെ പേരിലാണ്. കാരണം മതം ജീവിക്കാന്‍ അഥവാ പരസ്പര സന്തോഷത്തോടെ ജീവിക്കാന്‍, മനുഷ്യനായി ജീവിക്കാന്‍, സമാധാനം കൈവരിക്കാന്‍ അനിവാര്യമാണ്. ശാസ്ത്രത്തിന്റെ ഇതിവൃത്തത്തിനു പുറത്താണിത്. അതുകൊണ്ട് ശാസ്ത്രം പോലും മതത്തിന്റെ ഭാഗമാണ്. ശാസ്ത്രം എങ്ങനെയായിരിക്കണമെന്ന് മതമാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇതിനപ്പുറത്തേക്കുള്ള ശാസ്ത്രം മനുഷ്യകുലത്തെയും പ്രകൃതിയെയും നശിപ്പിക്കും(8).
വഹ്്യ് മുഖേന നബി(സ്വ) സമൂഹത്തില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അത് അന്ത്യനാള്‍ വരെ നിലനില്‍ക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളുമാണ് മനുഷ്യന് ലഭ്യമായ വഹ്്യിന്റെ രൂപങ്ങള്‍. ഖുര്‍ആനും ഹദീസും പഠനവിധേയമാക്കി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അഥവാ ഹുക്മുകള്‍ സമൂഹത്തിനു സമര്‍പ്പിച്ച വിജ്ഞാന ശാഖയാണ് ഫിഖ്ഹ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹുകളിലായി പതിനായിരക്കണക്കിന് ഹുക്മുകള്‍ മനുഷ്യ കുലത്തിനു ലഭിച്ചുവെന്നതാണ് മനുഷ്യന്റെ ഭാഗ്യം. ഇതില്ലായിരുന്നുവെങ്കില്‍ ധാര്‍മിക ജീവിതത്തിൽ തീര്‍ത്തും വ്യതിരിക്തമായ മറ്റൊരു മനുഷ്യകുലമായിരിക്കും ഇവിടെയുണ്ടാവുക.

കുറിപ്പുകൾ
(1) വിശുദ്ധ ഖുര്‍ആന്‍: ഇസ്‌റാഅ്/36
(2) ഇല്‍മുല്‍ കലാം, ഇല്‍മുല്‍ മൻത്വിഖ് തുടങ്ങിയ വിജ്ഞാന ശാഖകളിലെ എല്ലാ ഗ്രന്ഥങ്ങളിലും ഉസൂലുല്‍ ഫിഖ്ഹിലും മറ്റു ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഇല്‍മ് അഥവാ അറിവ് എന്ന സംജ്ഞയെക്കുറിച്ച് ആഴത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനലോകത്ത് ഈ ചര്‍ച്ച വളരെ പ്രശസ്തമാണ്.

(3) ജ്ഞാനസമ്പാദന മാര്‍ഗമായി പഞ്ചേന്ദ്രിയങ്ങളെ മാത്രം കാണുന്നവരുണ്ട്. അനുഭവൈകവാദികള്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഡേവിഡ് ഹ്യൂമിനെപ്പോലെയുള്ളവര്‍ ബുദ്ധിയുടെയടിസ്ഥാനത്തില്‍ കണ്ടെത്തിയത് പോലും പഞ്ചേന്ദ്രിയങ്ങളുടെ തുലാസിലിട്ട് തൂക്കി മാത്രം വിലയിരുത്തണമെന്ന് വാദിച്ചവരാണ്.

(4) ചില ആധുനിക സൈദ്ധാന്തികര്‍ വാദിച്ചതുപോലെ ബുദ്ധിയാണ് എല്ലാമെന്ന് ഇസ്‌ലാം പറയുന്നില്ല. ഇസ്‌ലാമിലെ വിശ്വാസപരമായ കാര്യങ്ങള്‍ ബുദ്ധിയുപയോഗിച്ച് തെളിവുകള്‍ പഠിച്ച് വിശ്വസിക്കേണ്ടവ തന്നെയാണ്. ഇതിനർഥം തന്റെ ബുദ്ധികൊണ്ട് കണ്ടെത്തുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കണമെന്നല്ല. വഹ്്യ് മുഖേന ലഭിച്ച കാര്യങ്ങള്‍ ബുദ്ധിയുടെയും തെളിവുകളുടെയും പിന്‍ബലത്തോടെ മനസ്സിലാക്കി കൂടുതല്‍ കരുത്ത് വിശ്വാസത്തില്‍ ആര്‍ജ്ജിക്കണം എന്നു മാത്രമാണ് വിവക്ഷ.

(5) Problem of Induction എന്ന പേരില്‍ ശാസ്ത്രലോകം തന്നെ ഈ പരിമിതികള്‍ സമ്മതിക്കുന്നുണ്ട്.

(6) വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ഓ വിശ്വാസികളെ, നിങ്ങള്‍ ഭാവനകളെയും നിഗമനങ്ങളെയും ഒഴിവാക്കുക. മിക്ക നിഗമനങ്ങളും തെറ്റുകളാണെന്നുറപ്പ്’ (ഹുജ്‌റാത്ത്: 12).

(7) പ്രശസ്ത തത്വശാസ്ത്രജ്ഞന്‍ Paul Copan ഇത് വ്യക്തമായി എഴുതിയത് ഇങ്ങനെ: “How can we use science to prove that only science gives us knowledge? Was this conclusion discovered through scientific observation?’സയന്‍സ് മാത്രമാണ് നമുക്ക് അറിവ് തരുന്നതെന്നു നമ്മള്‍ സയന്‍സ് ഉപയോഗിച്ച് എങ്ങനെ തെളിയിക്കും? ശാസ്ത്രീയ നിരീക്ഷണങ്ങള്‍ കൊണ്ട് ഇത് തെളിയിക്കപ്പെട്ടതാണോ? Copan, Paul. How Do You Know You’re Not Wrong. Grand Rapids, MI: Baker Books. 2005. 71.

(8) മതം പറഞ്ഞ കാര്യങ്ങളെ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച പണ്ഡിതന്മാര്‍ ആദ്യകാലത്തും ധാരാളമുണ്ടായിരുന്നു. ഇബ്‌നു സീന വരെ അത്തരക്കാരില്‍ പെട്ടയാളാണ്. ഇതൊരു അബദ്ധമായിരുന്നു യഥാര്‍ത്ഥത്തില്‍. കാരണം ശാസ്ത്രം അധികം വൈകാതെ മാറ്റിപ്പറഞ്ഞു. സ്വാഭാവികമായും വ്യാഖ്യാതാക്കള്‍ കുടുങ്ങി. ഇത്തരക്കാര്‍ക്ക് മറുപടി പറഞ്ഞും ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിലപാടുകള്‍ ഖണ്ഡിതമായി അവതരിപ്പിച്ചും ഇമാം ഗസ്സാലി(റ) എഴുതിയ ഗ്രന്ഥമാണ് തഹാഫുതുല്‍ ഫലാസിഫ എന്ന വിഖ്യാത രചന.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login