നിയമസഭയ്ക്ക് ഒരു കുറ്റപത്രം

നിയമസഭയ്ക്ക് ഒരു കുറ്റപത്രം

സി പി എം മുഖപത്രമായ ദേശാഭിമാനി 2022 ജൂലൈ അഞ്ച് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത വായിക്കാം.

“താല്‍പര്യം വിവാദത്തില്‍ മാത്രം;
അംഗങ്ങള്‍ക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: നിയമസഭയില്‍ നടപടിക്രമങ്ങള്‍ തുടരവെ, കൂട്ടംകൂടി നിന്ന് ബഹളമുണ്ടാക്കിയ അംഗങ്ങള്‍ക്ക് സ്പീക്കറുടെ ശാസന. ശൂന്യവേളയിലാണ് നടപടിക്രമം പാലിക്കാതെ അംഗങ്ങള്‍ സഭയില്‍ പെരുമാറുന്നത് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എം ബി രാജേഷ് ശക്തമായ താക്കീത് നല്‍കിയത്. ചോദ്യോത്തരം കഴിഞ്ഞ് അടിയന്തിര പ്രമേയ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ത്തന്നെ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ കൂട്ടംകൂടി നിന്ന് സംസാരം തുടങ്ങി. ഇത് സഭാനടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗങ്ങള്‍ യഥാസ്ഥാനത്ത് ഇരിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചു. ശ്രദ്ധക്ഷണിക്കലിന് മന്ത്രി പി രാജീവ് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടംകൂടി സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നിന്ന് സംസാരം തുടങ്ങി. സഭയില്‍ ശബ്ദകോലാഹലം ഉയര്‍ന്നതോടെയാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്. പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലാണ് താല്‍പര്യമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.’

കഴിഞ്ഞു. വാര്‍ത്ത അച്ചടിക്കാന്‍ തയാറായ ദേശാഭിമാനിക്ക് നന്ദി. സംഭവിച്ചത് പക്ഷേ, അത്ര മാത്രമല്ല. ഭരണകക്ഷിയായ സി പി എമ്മിന്റെ എം എല്‍ എയും പ്രമുഖ നേതാവും കുറച്ചുകാലമായി ചാനല്‍ ചര്‍ച്ചകളില്‍ സജീവവുമായ പി പി ചിത്തരഞ്ജനെ പേരെടുത്ത് വിമര്‍ശിക്കുകയാണ് സ്പീക്കര്‍ എം ബി രാജേഷ് ചെയ്തത്. സ്വന്തം പാര്‍ട്ടിയിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും വ്യവസായ മന്ത്രിയുമായ പി രാജീവ് സംസാരിക്കുമ്പോള്‍ തരിമ്പും ശ്രദ്ധിക്കാതെ വട്ടം കറങ്ങിയതിനായിരുന്നു ശാസന. ശാസനയെക്കാള്‍ പ്രധാനം രാഷ്ട്രീയ വിവാദങ്ങളിലാണ് അംഗങ്ങള്‍ക്ക് താല്‍പര്യം എന്ന സഭാ നാഥന്റെ വാക്കുകളാണ്.

ഇനി മറ്റുചില വാര്‍ത്തകള്‍ കാണാം.
എസ് എഫ് ഐ തല്ലിത്തകര്‍ത്ത സ്വന്തം ഓഫീസ് വയനാട് എം പിയും ദേശീയ നേതാവുമായ രാഹുല്‍ ഗന്ധി സന്ദര്‍ശിച്ചു. തന്റെ കസേരയില്‍ എസ് എഫ് ഐക്കാര്‍ സ്ഥാപിച്ച വാഴ അദ്ദേഹം എടുത്തുമാറ്റി. സ്വാഭാവികമായും ഏതൊരാളും പ്രകോപിതമാകുന്ന സന്ദര്‍ഭമാണ്. അതുണ്ടായില്ല. അവര്‍ കുട്ടികളല്ലേ എന്ന, ഒരര്‍ഥത്തില്‍ എസ് എഫ് ഐക്കതിരെ നടത്താവുന്ന ഏറ്റവും തീവ്രവും അവരെ റദ്ദാക്കിക്കളയുന്നതുമായ, എന്നാല്‍ അതീവ സൗമ്യവും മാതൃകാപരവുമായ വാക്കുകളില്‍ രാഹുല്‍ പ്രതികരണമൊതുക്കി. അവര്‍ കുട്ടികളല്ലേ എന്നു പറയുന്ന വീഡിയോ ദൃശ്യം പക്ഷേ, സംഘപരിവാര്‍ ക്യാമ്പുകള്‍ ക്രൂരമായി വളച്ചൊടിച്ചു. ഉദയ്പൂരില്‍ കനയ്യലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൊലപാതകികളെക്കുറിച്ചാണ് രാഹുലിന്റെ വാക്കുകള്‍ എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ആ വീഡിയോ ലക്ഷങ്ങള്‍ ഫോര്‍വേഡ് ചെയ്തു. രാജ്യ വർധന്‍ സിംഗ് റാത്തോഡിനെ പോലുള്ള വലിയ പ്രൊഫൈലുകള്‍, ഉത്തരവാദിത്വം കാണിക്കണം എന്ന് നാം ആഗ്രഹിക്കുന്ന പ്രൊഫൈലുകള്‍ ആ വീഡിയോ രാഹുലിനെതിരെ പ്രചരിപ്പിച്ചു. അക്കാലത്തും കേരള നിയമസഭ അമ്മട്ടില്‍ തന്നെ നടക്കുന്നുണ്ട്.

ഇനിയുമുണ്ട്, ഉദയ്പൂരിലെ കനയ്യലാലിന്റെ കൊലപാതകം രാജ്യത്തെ ജനാധിപത്യ വിശ്വാസികളെയും ബഹുസ്വരതയില്‍ വിശ്വസിക്കുന്ന വിശ്വാസി മുസ്‌ലിംകളെയും വലിയ തോതില്‍ നടുക്കിയിരുന്നു. സെക്യുലര്‍ ഇന്ത്യ അതിന്റെ അവശേഷിക്കുന്ന ശ്വാസം ദീര്‍ഘമായി ഉച്ഛ്വസിച്ചാണ് ആ അപകടത്തെ തരണം ചെയ്തത്. ഒരു വലിയ വര്‍ഗീയ കലാപത്തിലേക്ക് ഈ രാജ്യത്തെ തള്ളിയിടാന്‍ പാങ്ങുണ്ടായിരുന്നു കനയ്യലാലിന്റെ കൊലപാതകത്തിന്. അതിനുള്ള ശ്രമങ്ങള്‍ പലപാട് നടന്നു. പക്ഷേ, രാജ്യത്ത് ബാക്കിയുള്ള മതേതര മനസ്സുകളുടെ അതിജാഗ്രത അനിഷ്ട സംഭവങ്ങളെ ഒഴിവാക്കാന്‍ സഹായിച്ചു. എങ്കിലും ഭയം അതിന്റെ കനത്ത കരിമ്പടത്താല്‍ വിശ്വാസി മുസ്‌ലിംകളെ പൊതിയുന്ന അവസ്ഥയുണ്ടായി. പൊടുന്നനെ ചിത്രം മാറിമറിഞ്ഞു. കൊലപാതകികളുടെ സമീപകാല രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ പുറത്തുവന്നു. ഭീകരമായ ഒരു ഗൂഢാലോചനയുടെ ഇരുള്‍ക്കഥകള്‍ വെളിവായി. മതേതര ഇന്ത്യ ഒന്നടങ്കം അന്വേഷിക്കേണ്ട ഒന്നായിരുന്നു ആ പുറത്തുവന്ന ശകലങ്ങളുടെ യാഥാര്‍ത്ഥ്യം. സംശയരഹിതമായി അതൊരു ഹിന്ദുത്വ ശക്തികളുടെ ഗൂഢാലോചനയായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ എത്ര വലിയ അപകടത്തിന്റെ വ്യാളീമുഖത്താണ് നമ്മുടെ രാജ്യമെന്ന് മനസ്സിലാക്കാമായിരുന്നു. മതേതര ചേരിയാല്‍ സമ്പുഷ്ടമായ കേരളം ജാഗ്രതയോടെ പിന്തുടരേണ്ട ഒന്നായിരുന്നു കനയ്യലാല്‍ കൊലപാതകത്തില്‍ പുറത്തുവന്ന വിവരങ്ങള്‍.

ജൂലൈ അഞ്ചിന് ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗുളൂരു എഡിഷനില്‍ ഇങ്ങനെ വായിക്കാം: “An eatery owner, Mohammad Taalib, in Sambhal city has been arrested for packing meat items in newspapers that happened to carry pictures of Hindu deities. He was booked under section 295 A (deliberate act intended to outrage religious feelings of any communtiy) of the IPC on a complaint by Hindu Jagran Manch (HJM) ditsrict president Kailash Gupta at the Sadar police station.
A worker at Mehak Restaurant said, “My employer had bought newspapers from a scrap shop and was using these to pack food items for customers, like most eateries do. It is a normal practice, but we did not realise that the newspapers had pictures of Hindu gods. We didn’t want to hurt anyone’s feelings.’
A family member of Taalib, who has been running the eatery 2012, said newspapers have been used for years to pack food items. “Does anyone look at the headlines of a newspaper or the photos carefully before using it as a wrapper? Can anyone be sent to jail for this? He has never hurt anyone’s sentiments.’ He refused to comment further, saying the family wants to secure bail for Taalib before anything else.
Explaining the arrest, a police officer said, “Upon investigation, we found that a local Hindi daily had published pictures of Hindu deities during the “Navaratri’ festival earlier. That paper had been used to pack food by Taalib.’

Circle officer Jitendra Kumar said, “After receiving a complaint on Sunday evening, police rushed to the hotel and seized the offensive material. Since the matter is sensitive, we immediately registered an FIR and arrested the eatery owner for hurting the religious sentiments of a particular communtiy.’ മുഹമ്മദ് താലിബ് എന്ന പേര് മറക്കണ്ട.

അതിനിടെ മറ്റൊന്നുണ്ട്. ടീസ്റ്റ സെതല്‍വാദിനും ആര്‍ ബി ശ്രീകുമാറിനും ജാമ്യമില്ല. പ്രവചക നിന്ദ നടത്തി കലാപത്തിന് കോപ്പുകൂട്ടിയ നൂപുര്‍ ശര്‍മ മാപ്പെങ്കിലും പറയൂ എന്ന് കോടതി. ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് വലിയ വാര്‍ത്തകളാണ്. ആര്‍ ബി ശ്രീകുമാര്‍ മലയാളിയാണ് എന്ന് നമുക്കറിയാം. ആള്‍ട്ട് ന്യൂസിന്റെ സഹ ഉടമ മുഹമ്മദ് സുബൈറിനും ജാമ്യമില്ല. ഇന്ത്യയിലെ മുഴുവന്‍ നിയമ വിദ്യാര്‍ഥികളും അന്യായ തടങ്കലിന്റെ ഭരണഘടനാവിരുദ്ധതയെക്കുറിച്ച് സുദീര്‍ഘം പഠിക്കാറുണ്ട്. ഇന്ത്യന്‍ നിയമ ചരിത്രത്തിലെ ഏറ്റവും വലിയ കേസാണത്. ആ കേസ് നടത്തിയത് ഒരു മലയാളിയാണ്, എ കെ ജി. എ കെ ഗോപാലന്‍ കേസ് പഠിക്കാതെ ഇന്ത്യയില്‍ നിയമപഠനം ഇല്ല. അന്യായ അറസ്റ്റിനെതിരായ കേസാണ്. ആ വിധിയുടെ അന്തസും അന്തഃസത്തയുമാണ് ഇന്ന് രാജ്യത്തെ തടവുമുറികളില്‍ നിറയെ കീറിയെറിയുന്നത്. മതേതര ജനാധിപത്യം ആശങ്കപ്പെടേണ്ട വലിയ സംഭവങ്ങളാണ്. കേരളം എന്തെടുക്കുകയാണ്?

തെലങ്കാനയില്‍ ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നത് അറിഞ്ഞിരുന്നോ? എന്നാല്‍ അങ്ങനെ ഒന്ന് നടന്നു. “മിഷന്‍ ദക്ഷിണേന്ത്യ’ പ്രഖ്യാപനവുമായാണ് പിരിഞ്ഞത്. എന്താണ് ആ മിഷന്‍. ചരിത്രപരമായ കാരണങ്ങളാല്‍ സംഘപരിവാറിന് വിളവെടുക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക. കേരളത്തിലുള്‍പ്പടെ ഭരണം പിടിക്കുക. അടുത്ത നാല്‍പതുവര്‍ഷം ബി ജെ പിയുടേതാണ് എന്ന പ്രഖ്യാപനവുമുണ്ട്. കേരളം കേട്ടുവോ?
കേരളത്തിലേക്ക് വരാം. വാര്‍ത്തകളിലില്ലാത്ത പലതുമുണ്ടിവിടെ. കാസർക്കോട്ട് എന്‍ഡോസള്‍ഫാന്‍ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. വിമല എന്ന അമ്മ. അറിഞ്ഞോ കേരളം. എന്തിനാണ് ആ അമ്മ മകളെ കൊന്നിട്ട് മരിച്ചത്?

“”കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തന്‍മേനി യൗവനസുപൂര്‍ണതയാല്‍ വിളങ്ങി
കണ്ണീരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ…
രോഗങ്ങള്‍ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ…
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകള്‍ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകള്‍ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാന്‍
ആരുണ്ട് ദൈവവുമൊരമ്മയും

ഇന്നീ മണ്ണില്‍.” സുഗതകുമാരി എഴുതിയതാണ്. വിധിയല്ല, ഭരണകൂടം പടര്‍ത്തിയ വിഷമാണ് ആ കുഞ്ഞിനെ അങ്ങനെയാക്കിയത്. നിയമസഭ അതറിഞ്ഞുവോ?
പ്ലസ്ടു റിസള്‍ട്ട് വന്നു. എസ് എസ് എല്‍ സി നേരത്തേ വന്നു. ഉപരിപഠനത്തിന് അവസരക്കുറവുണ്ട്. രക്ഷിതാക്കളും കുട്ടികളും കാലുവെന്തോടുകയാണ്. വേണ്ടത്ര സീറ്റുകളില്ല. മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവമുണ്ട്. അറിഞ്ഞോ? ഇല്ല.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയാണ്. ഡോളറുമായുള്ള മുഖാമുഖമാണ് നമ്മുടെ കരുത്തിന്റെ ലിറ്റ്മസ്. ഇടിഞ്ഞുവീഴുന്നു രൂപ. സ്വാഭാവികമായും സംസ്ഥാനങ്ങളിലും പ്രകമ്പനം ഉണ്ടാകും. ഉണ്ട്. നമ്മുടെ സാമ്പത്തിക നില പരുങ്ങലിലാണ്. ചെലവ് വര്‍ധിക്കുന്നു. വരുമാനം കുറയുന്നു. ചര്‍ച്ച ചെയ്യണ്ടേ നമുക്ക്? വൈദ്യുതി നിരക്ക് നിന്ന നില്‍പില്‍ കൂടിയത്, കെ എസ് ആര്‍ ടി സിയുടെ ബ്രേക്ക് പൊട്ടിയത്, കേരളത്തിന് അസാധാരണമായി ഇങ്ങനെ പനിക്കുന്നത്, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന പുതിയ ആശയം എത്ര കഴഞ്ച് മുന്നോട്ടുപോയിട്ടുണ്ട്? ചര്‍ച്ച ചെയ്യണ്ടേ?

ചെയ്‌തോ? ഇല്ല. പകരം കേരള നിയമസഭയുടെ മണിക്കൂറുകള്‍ അപഹരിച്ച് സാമാജികരേ, നിങ്ങള്‍ എന്താണു ചെയ്തത്? കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെടുകയും പിന്നീട് സംഘപരിവാറിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും പച്ചയ്ക്ക് വര്‍ഗീയത ചീറ്റുന്ന ഒരു വക്കീലിന്റെ പിണിയാളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഒരു സ്ത്രീ, ഒരു രേഖയുടെയും പിന്‍ബലമില്ലാതെ, പറയുന്ന കാര്യത്തില്‍ ഒരു സ്ഥിരതയുമില്ലാതെ, പുലഭ്യവും പുലയാട്ടും പറയുന്ന മനോനിലയില്‍ നിന്നുകൊണ്ട് പരദൂഷണ സമാനതയില്‍ പാവ തുല്യയായി നടത്തിയ നാവിന്റെ അഴിഞ്ഞാട്ടമാണ് ഞങ്ങളുടെ ഉന്നത ജനാധിപത്യ സഭയില്‍ നിങ്ങള്‍ അടിയന്തിര പ്രമേയമാക്കിയത്. ആ സ്ത്രീ നടത്തിയ പരാമര്‍ശങ്ങളില്‍ ഏതിനെങ്കിലും നാമമാത്രമെങ്കിലുമായ ഒരു ആധികാരിക തെളിവോ രേഖയോ പ്രതിപക്ഷമേ നിങ്ങള്‍ ഞങ്ങളുടെ സഭയില്‍ ഹാജരാക്കിയോ? ഫേസ്ബുക്ക് പോസ്റ്റുകളും സെല്‍ഫികളും സഭയില്‍ ഉച്ചരിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത അറുവഷളന്മാരുടെ പേരുകളും അല്ലാതെ എന്തുണ്ടായിരുന്നു തെളിവുകള്‍. ഛെ! നിങ്ങള്‍ക്ക് കവല പ്രസംഗത്തിന് പരിശീലനം നേടാനുള്ള കളരിയല്ല നിയമസഭ. ഇനി ഭരണപക്ഷമോ? ഈ പ്രമേയത്തിന്റെ സത്തയില്ലായ്മയെ പിണറായി സ്തുതികളും പ്രതിപക്ഷത്തോടുള്ള പുലഭ്യങ്ങളും നിരത്തിയല്ലായിരുന്നു നിങ്ങള്‍ ഞങ്ങളുടെ സഭയില്‍ നേരിടേണ്ടത്. ഫലം പരസ്പര ബഹുമാനത്തോടെ ധാര്‍മിക ശുദ്ധിയോടെ സംസാരിക്കുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുമില്ല എന്ന് നാടറിഞ്ഞു.

അടുത്ത ദിവസം വീണ്ടും നിങ്ങള്‍ നടത്തി അടിയന്തിരം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ഒരു അക്രമം സംബന്ധിച്ച്. അതിന്റെ നടപടികള്‍ സംബന്ധിച്ച് ആ ചര്‍ച്ച എന്തു മാറ്റമാണ് ഉണ്ടാക്കിയത്?
അതിനാല്‍ രാജ്യം കടന്നുപോകുന്ന നിമിഷങ്ങളുടെ, കേരളം സഞ്ചരിക്കുന്ന വഴികളുടെ മിടിപ്പുകള്‍ ഉയരേണ്ട ഒരിടമാണത്. ഒരു ജനതയുടെ രാഷ്ട്രീയഭയസ്ഥാനമാണത്. കുറച്ചുകൂടി ഗൗരവം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടിയന്തിരം മരണാനന്തര ചടങ്ങിന് പറയുന്ന പേര് കൂടിയാണ് മലയാളത്തില്‍. ജനാധിപത്യത്തിന്റെ മരണം നിങ്ങള്‍ ആഗ്രഹിക്കരുത്.

കെ കെ ജോഷി

You must be logged in to post a comment Login