നുണകള്‍ നാടുവാഴുന്നു

നുണകള്‍ നാടുവാഴുന്നു

നാലു വര്‍ഷം മുമ്പ്, 2018 മെയ് 11 ലെ ചൂണ്ടുവിരല്‍ ഓര്‍മിക്കുന്നു. നമ്മള്‍ അന്ന് സംസാരിച്ചുതുടങ്ങിയത് മൊഹ്‌സിന്‍ ഷെയ്ക്കിനെക്കുറിച്ചാണ്. ഇന്ത്യയിലെ നവമാധ്യമ വിസ്‌ഫോടനത്തിന്റെ, അഥവാ നവമാധ്യമ വലതുവത്കരണത്തിന്റെ ആദ്യ രക്തസാക്ഷി മൊഹ്‌സിനാണ്. അന്ന് ആ ചൂണ്ടുവിരല്‍ ഇങ്ങനെയാണ് ആരംഭിച്ചത്.

“”മൊഹ്‌സിന്‍ ഷെയ്ക്കിനെ ഓര്‍ക്കുന്നുണ്ടോ? 2014ല്‍ പൂനെയിലുണ്ടായ വര്‍ഗീയ കലാപത്തിനിടെ മതഭ്രാന്ത് പിടിച്ച ജനക്കൂട്ടം കൊന്നുകളഞ്ഞ യുവാവ്. 28 വയസ്സായിരുന്നു. ഐ ടി പ്രൊഫഷണലായിരുന്നു. ഒരു സംഘര്‍ഷത്തിലും അയാള്‍ പങ്കാളിയായിരുന്നില്ല. സുപ്രീം കോടതിയുടെ വാക്കുകളില്‍ നിഷ്‌കളങ്കന്‍. പച്ച ഷര്‍ട്ടും താടിയുമാണ് മൊഹ്‌സിന്റെ ജീവന് വിനയായത്. അത് പറഞ്ഞത് ജസ്റ്റിസ് മൃദുല ഭട്കറാണ്. 2014 ജൂണ്‍ രണ്ടിന് ഹഡപ്‌സറിലൂടെ സഞ്ചരിക്കുകയായിരുന്നു മൊഹ്‌സിന്‍. പൂനെയില്‍ അവിടവിടെയായി സംഘര്‍ഷങ്ങളുണ്ടായിരുന്നു. അത് പതിവുള്ളതായിരുന്നു. പച്ച ഷര്‍ട്ട് ധരിച്ച മൊഹ്‌സിനെ ചെറുസംഘം അക്രമികള്‍ പിടികൂടി. മുസ്‌ലിമിനെ കൊല്ലണം എന്ന് ഹിന്ദുരാഷ്ട്ര സേന നേതാവ് ധനഞ്ജയ് ദേശായി പ്രസംഗിച്ചത് കുറച്ച് മുന്‍പായിരുന്നു. ആ പ്രസംഗത്തിന്റെ തള്ളിച്ചയിലായിരുന്നു അക്രമികളില്‍ ഒരാള്‍; ഭൂതാവേശിതനായ അയാള്‍; അതെ, ജാമ്യവാദത്തില്‍ അയാള്‍ പറഞ്ഞ വാക്കാണത്; മൊഹ്‌സിനെ കൊന്നു. അയാള്‍ക്ക് മൊഹ്‌സിനെയോ മൊഹ്‌സിന് അയാളെയോ മുന്‍പരിചയമില്ല. പക്ഷേ, കൊന്നു. നാല് വര്‍ഷം സുപ്രീം കോടതി വരെ നീണ്ട കുറ്റവിചാരണയില്‍ അന്തിമമായി തെളിഞ്ഞ ഒറ്റക്കാര്യം മൊഹ്‌സിന്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ആയതിനാല്‍ മാത്രമാണെന്നാണ്. മൊഹ്‌സിന്‍ മുസ്‌ലിമാണെന്ന് കൊന്നവന് അറിയുമായിരുന്നോ? ഇല്ല എന്നാണുത്തരം. പച്ച ഷര്‍ട്ടും താടിയും ധരിച്ച ഒരു ചെറുപ്പക്കാരന്‍ മുസ്‌ലിമാണെന്ന് കൊലയാളി ധരിക്കുകയായിരുന്നു. അയാള്‍ക്ക് മൊഹ്‌സിനെ കൊല്ലണമെന്ന് പദ്ധതി ഉണ്ടായിരുന്നോ? ഇല്ല. അയാള്‍ക്ക് ഏതെങ്കിലും മുസ്‌ലിമിനെ കൊന്നാല്‍ മതിയായിരുന്നു. അങ്ങനെ അയാളില്‍ ഒരു കൊലയാവേശം ബാധിക്കാന്‍ എന്താണ് കാരണം? മുസ്‌ലിംകള്‍ തന്റെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് അയാള്‍ വിശ്വസിച്ചു. അയാളുടെ വിശ്വാസത്തിന് ഹിന്ദു രാഷ്ട്ര സേന നടത്തിയ പ്രചാരണങ്ങള്‍ ഊര്‍ജം പകര്‍ന്നു. ധനഞ്ജയ് ദേശായിയുടെ പ്രസംഗം അത് ആളിക്കത്തിച്ചു. ആ തീയില്‍ അയാള്‍ മൊഹ്‌സിനെ കൊന്നു.

പലവട്ടം വര്‍ഗീയ കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വേദിയായ മഹാരാഷ്ട്രയില്‍ ഒരു മൊഹ്‌സിന്റെ കൊലപാതകം; അതും അഞ്ച് വര്‍ഷംമുമ്പ് നടന്ന ഒരു കൊലപാതകം മാത്രം എന്തിനിപ്പോള്‍ പറയണം എന്നല്ലേ? കാരണമുണ്ട്. 2000 മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സര്‍വസാധാരണമായി മാറുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടതോടെ മധ്യ ഉപരിവര്‍ഗത്തിന്റെ വ്യവഹാരങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്ത സോഷ്യല്‍ മീഡിയ പ്രതിഭാസത്തിന്റെ ലക്ഷണമൊത്ത ആദ്യ സംഭവമായിരുന്നു പൂനെ കൊലപാതകം. അതെ. സോഷ്യല്‍ മീഡിയ ഒന്നാം പ്രതിയായ കൊലപാതകം. 2014 ജൂണില്‍ പൂനെയിലുണ്ടായ കലാപവും മൊഹ്‌സിന്റെ കൊലപാതകവും സാമൂഹ്യ ജീവിതത്തിന്റെ അടിത്തറയെ അട്ടിമറിക്കാനുള്ള സോഷ്യല്‍ മീഡിയയുടെ പ്രഹരശേഷിയെ വലിയ തോതില്‍ വെളിവാക്കുന്നുണ്ട്. ശിവജിയെയും ബാല്‍ താക്കറയെയും ഗണപതിയെയും സംഭാജി മഹാരാജിനെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രചാരണത്തോടെയായിരുന്നു തുടക്കം. പോസ്റ്റല്ല പോസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് അതിവേഗം പടര്‍ന്നത്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നിഖില്‍ ടെയ്‌കോണ്‍ എന്ന ഒരാളുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിഖില്‍ ഖാന്‍ എന്ന പേരില്‍ പ്രചരിക്കപ്പെട്ടു. ഹിന്ദു രാഷ്ട്ര സേന പ്രതിഷേധങ്ങള്‍ ഏറ്റെടുത്തു. വിഷം വമിപ്പിക്കുന്ന വാക്കുകള്‍ കൊടുങ്കാറ്റുപോലെ വീശിയടിച്ചു. പള്ളികളും മദ്രസകളും തച്ചുതകര്‍ക്കപ്പെട്ടു. തെരുവുകള്‍ കത്തി. സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുതകര്‍ത്തു. വാട്‌സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങളുടെ പ്രവാഹമുണ്ടായി. മൊഹ്‌സിന്‍ എന്ന മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. കലാപമടങ്ങിയപ്പോള്‍ പൊലീസ് കണ്ടെത്തിയത് എന്തെന്നോ? ആ ഫേസ്ബുക്ക് പോസ്റ്റും തുടര്‍സന്ദേശങ്ങളും വ്യാജമായിരുന്നു എന്ന്. ആസൂത്രിതമായി നിര്‍മിച്ചതായിരുന്നു എന്ന്. സോഷ്യല്‍ മീഡിയ എന്തും ചെയ്യും. അതിനാല്‍ എന്തുചെയ്യണമെന്ന് നിയമവൃത്തങ്ങളും പൊതുസമൂഹവും ചിന്തിച്ചുതുടങ്ങുന്നതിന്റെ വലിയ തുടക്കമായിരുന്നു മൊഹ്‌സിന്റെ കൊലപാതകം.”
സ്വയം ആവര്‍ത്തിക്കുക അല്ലെങ്കില്‍ ഉദ്ധരിക്കുക എന്നത് പംക്തിയെ സംബന്ധിച്ച് അനുചിതമാണ്. നിങ്ങള്‍ പുതുതായി എന്തെങ്കിലും പറയൂ എന്നാണ് ഓരോ വാരവും നമ്മോട് പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പക്ഷേ, പുതുതായി ഒന്നും സംഭവിക്കുന്നില്ല. മാത്രവുമല്ല, സംഭവങ്ങളും അനുഭവങ്ങളും അതേ മട്ടില്‍ ആവര്‍ത്തിക്കുന്നു. ശീതീകരണിയില്‍ അടച്ചിടപ്പെട്ടതുപോലെ നമ്മില്‍ ഒരു മരവിപ്പ് പടരുന്നു. നാല് വര്‍ഷം മുന്‍പ് നമ്മള്‍ ആശങ്കയോടെ പങ്കുവെച്ചത് സോഷ്യല്‍ മീഡിയയുടെ ഹിംസാത്മകമായ പടര്‍പ്പിനെക്കുറിച്ചായിരുന്നു. ആ പടര്‍പ്പുകള്‍ തീവ്ര വലതിനെ എങ്ങനെ ശക്തമാക്കുന്നു എന്നായിരുന്നു. ആ ആശങ്കകള്‍ അതേപടി തുടരുകയാണ്. സോഷ്യല്‍ മീഡിയയിലെ കള്ളവാര്‍ത്തകള്‍ പടരും മുന്‍പേ പൊളിക്കാന്‍ പുറപ്പെട്ട ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരില്‍ ഒരാള്‍ അതേ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടന്ന ഒളിയാക്രമണത്തില്‍ അഴിക്കുള്ളിലായി. അതെ, എല്ലാം തുടരുകയാണ്. അന്ന് ആ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു:
“”നവോത്ഥാനകാലം മുതല്‍ രണ്ടായിരത്തിന്റെ തുടക്കം വരെയുള്ള കേരളത്തെ സങ്കല്‍പിക്കുക. കേരളത്തില്‍ എമ്പാടും നടന്ന മുന്നേറ്റങ്ങളുടെ ചരിത്രം ഓര്‍മിക്കുക. തൊഴില്‍, വിദ്യാഭ്യാസം, ജാതീയത, സാക്ഷരത, ഗതാഗതം തുടങ്ങിയ നാനാവിഷയങ്ങളെ രാഷ്ട്രീയവും സംഘടനാപരവുമായി സമീപിച്ച് നടന്ന പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തെ മാറ്റിയെടുത്തത് എങ്ങനെയെന്ന് കാണുക. യുവത എന്ന വാക്ക് മുഴങ്ങിയിരുന്നത് എങ്ങനെയെല്ലാമെന്ന് കാണുക. എന്നിട്ട് കഴിഞ്ഞ പത്താണ്ടിലെ കേരളം ചര്‍ച്ച ചെയ്തതും പ്രതിഷേധിച്ചതുമായ വസ്തുതകളെ എണ്ണിയെടുക്കുക. ഭയപ്പെടുത്തുന്ന ഒരു തണുപ്പ് ഇപ്പോള്‍ നിങ്ങളെ പൊതിയും. പ്രളയം പോലെ പെരുകിയ, പ്രക്ഷോഭങ്ങള്‍ പോലുമായ വിഷയങ്ങള്‍ തിരതള്ളി വരും. തിരമാലകളെന്ന പോല്‍ അത് വന്ന പോലെ പോയ്മറയും. ഇതാണ് വിപ്ലവം, ഇതാ കേരളം മാറുന്നു എന്ന വമ്പ് പറഞ്ഞ മുന്നേറ്റങ്ങള്‍ എവിടെപ്പോയി? അടിസ്ഥാന ജീവിതം അവനവനിലേക്ക് ചുരുങ്ങുന്നതിലപ്പുറം എന്താണ് സംഭവിച്ചത്.”
ഇപ്പോള്‍ ഇങ്ങനെ ആവര്‍ത്തിക്കാന്‍ കാരണമുണ്ട്. സോഷ്യല്‍ മീഡിയയോട് മല്‍സരിച്ച്, സോഷ്യല്‍ മീഡിയ ആയിത്തീര്‍ന്ന മുഖ്യധാരയെന്ന് ഒരിക്കല്‍ വിളിക്കപ്പെട്ടിരുന്ന മാധ്യമങ്ങള്‍ എത്തിപ്പെട്ട അവസ്ഥകളാണത്. മാധ്യമ വിചാരണ ശീലമാക്കുകയല്ല. പക്ഷേ, നമ്മുടെ സാമൂഹികതയെ മുന്‍പെങ്ങുമില്ലാത്ത വിധം നുണകളാല്‍ നിറയ്ക്കാന്‍ മാധ്യമങ്ങളും പൊതുജീവിതങ്ങളും ഒരുമ്പെട്ടിറങ്ങിയാല്‍ മറ്റുവഴികളില്ല. ഇതുവരെ അക്കാദമിക് ചര്‍ച്ചകളില്‍, ബൗദ്ധികമായ ഭാഷാവ്യവഹാരങ്ങളില്‍ നാം അഭിമുഖീകരിച്ചിരുന്ന സത്യാനന്തര കാലം എന്ന വാക്ക് അതിന്റെ കടുത്ത പ്രഹരശേഷിയോടെ നമ്മുടെ നിത്യജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങുന്നു. ഇരുതലമൂര്‍ച്ചയുള്ള വാളാണ് സത്യാനന്തരത. അത് അസത്യത്തെ സത്യമാക്കി മാറ്റും. സത്യം ചെരുപ്പിടുമ്പോഴേക്ക് സത്യാനന്തരത ലോകം ചുറ്റിവരും. നമ്മുടെ ജീവിതങ്ങളെ അത് ബാധിക്കും, മലീമസമാക്കും.

ചില സമീപകാല ഉദാഹരണങ്ങള്‍ കാണാം. ഏറെ ചര്‍ച്ച ചെയ്ത സംഗതികളാണ്. എങ്കിലും ആവര്‍ത്തിക്കണം. മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച സംഗതികളെത്തുടര്‍ന്നുള്ള നാളുകളാണ്. നിയമസഭയില്‍ ശൂന്യവേളയില്‍ വിഷയം വരുന്നു. ചര്‍ച്ച സ്വാഭാവികം. മണലൂര്‍ എം എല്‍ എ സംസാരിക്കുന്നു. ലൈവുണ്ട്. പക്ഷേ, ആളുകള്‍ അങ്ങനെ ശ്രദ്ധിക്കുന്ന ലൈവ് അല്ലല്ലോ അതൊന്നും. പൊടുന്നനെ സോഷ്യല്‍ മീഡിയ സ്ട്രീമുകളില്‍ മുരളി വിരുദ്ധ തരംഗം ഉണ്ടാക്കപ്പെടുന്നു. ജയ് ഭീം എന്ന അംബേദ്കറൈറ്റ് മുദ്രാവാക്യത്തെ മുരളി പെരുനെല്ലി അപമാനിച്ചു. ജയ് ഭീമിനെ പാലാരിവട്ടം പാലത്തിന്റെ ബീമിനോട് ഉപമിച്ചു. ഭരണഘടനാശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ചു. ഒരു പുരോഗമന സ്വഭാവമുള്ള പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ഷിപ്പുള്ള, കേരളത്തിലെ അറിയപ്പെടുന്ന ദളിത് ആക്ടിവിസ്റ്റ് ആയ എസ് മൃദുലാദേവിയുടെ എഫ് ബി പേജില്‍ ഉള്‍പ്പടെ മുരളി പെരുനെല്ലി രാജിവെക്കണം എന്ന് കാണുന്നു. രാവിലെ 11 മണിമുതല്‍ രാത്രിവരെ ചാനലുകളില്‍ മുഴുവന്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലിയാണ്. വാസ്തവം എന്താണ്, എന്താണ് അദ്ദേഹം പറഞ്ഞത്? “”ഇന്ന് സഖാവ് സജി ചെറിയാന്റെ പ്രസംഗത്തിന്റെ പേരില്‍ വലിയ ഭരണഘടനാ സംരക്ഷകരായി അഭിനയിക്കുകയാണ് കോണ്‍ഗ്രസ്. ഭരണഘടനയിലെ 356-ാം അനുഛേദം പ്രയോഗിക്കപ്പെട്ടില്ല എന്ന് പറഞ്ഞ അംബേദ്കര്‍, അല്ലേ , അംബേദ്കര്‍ ആണ് പറഞ്ഞത്, അത് ഉപയോഗിക്കില്ല എന്ന്. പക്ഷേ അതിനെയും മറികടന്നുകൊണ്ട് 59 ല്‍ പിരിച്ചുവിട്ടു. എന്നിട്ട് ഇപ്പോഴോ? ഇപ്പൊ ജയ് ഭിം , ജയ് ഭിം എന്ന മുദ്രാവാക്യമാണ്. എന്ത് ജയ് ഭിം ? പാലാരിവട്ടം പാലത്തിലെ തകര്‍ന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങള്‍ ഈ മുദ്രാവാക്യം വിളിക്കുന്നത്?”
ഇതായിരുന്നു വാക്കുകള്‍. റിപ്പോര്‍ട്ടിംഗില്‍ ബോധപൂര്‍വം വരുത്തിയ തെറ്റിക്കലായിരുന്നു അത്. വാര്‍ത്താ നിര്‍മിതി. അല്ലെങ്കില്‍ ഒരു ദിവസം നിറഞ്ഞാടാന്‍ ഉള്ള വിവാദം. വാര്‍ത്തകള്‍ ഇങ്ങനെ നിര്‍മിക്കപ്പെടുമെന്ന് നല്ല ബോധ്യമുണ്ട് കേരളത്തിലെ പ്രതിപക്ഷത്തിന്. അതിനാല്‍ അവര്‍ പ്രസംഗത്തിന്റെ കാതല്‍ തമസ്‌കരിക്കുന്നു. മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുന്നു. മൊഹ്‌സിന്‍ ഷെയ്ക്കുമാര്‍ ഉണ്ടായ വഴിയാണത്.

മറ്റൊന്ന് കേള്‍ക്കാം. അത് മുന്‍ മന്ത്രി എം എം മണിയെക്കുറിച്ചാണ്. പേര് കേള്‍ക്കുന്ന മാത്രയില്‍ “പുരോഗമന’മുന്‍വിധി പ്രവര്‍ത്തനക്ഷമമാകുന്ന ഒരു മനുഷ്യനാണ് എം എം മണി. അദ്ദേഹത്തിന്റെ ഭാഷയും രൂപവും നിരന്തരം അപഹസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാഷ മാനകമെന്ന് ഇപ്പോള്‍ നമ്മള്‍ വിളിക്കുന്ന ഒന്നല്ല എന്നതാണ് ഒരു കാരണം. അതിന് പക്ഷേ, മറ്റൊരു കാരണമുണ്ട്. അദ്ദേഹം പുറപ്പെട്ടുവരുന്ന ദേശത്തെ “പൊതുമലയാളി’ അവരുടെ മാനകദേശമായി കണ്ടിട്ടില്ല എന്നതാണത്. പക്ഷേ, നോക്കൂ കേരളം ഇത്ര ദിവസം ചര്‍ച്ച ചെയ്തത് എം എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ്. വടകര എം എല്‍ എ കെ കെ രമയെ അദ്ദേഹം മഹതി എന്ന് സംബോധന ചെയ്തു. അവര്‍ വിധവയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടപ്പോള്‍ അത് അവരുടെ വിധി എന്നും ഞങ്ങള്‍ ഉത്തരവാദികളല്ല എന്നും പറഞ്ഞു. പുതിയ ഫെമിനിസ്റ്റ് ബോധ്യങ്ങളില്‍ വിധവ എന്നത് സ്വീകാര്യമായ ഒരു വാക്കല്ല. കമ്യൂണിസ്റ്റുകാര്‍ വിധിയില്‍ വിശ്വസിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ ശരിയല്ല. പക്ഷേ, ഇവിടെ ഏത് വാക്കാണ് കെ കെ രമയെ അപമാനിക്കും വിധം ആയത്? വിധവയും വിധിയും പൊളിറ്റിക്കലി കറക്ട് അല്ല എന്നേ ഉള്ളൂ. അത് അശ്ലീലമോ തെറിയോ അല്ല. എന്നിട്ടും നമ്മള്‍ എന്താണ് കണ്ടുകൊണ്ടിരുന്നത്? എം എം മണിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഭയാനക കുറ്റകൃത്യമായി പരിഗണിക്കുന്ന വംശീയ പരാമര്‍ശം അഴിച്ചുവിട്ടാണ് കെ പി സി സി പ്രസിഡന്റ് അതിനെ പ്രതിരോധിച്ചത്. മാധ്യമങ്ങള്‍ ഉല്പാദിപ്പിക്കുന്ന പൊതുബോധത്തിന്റെ ഫലമല്ല അത്, മറിച്ച് മാധ്യമങ്ങള്‍ നുണകൊണ്ട് സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ ഫലമാണ്.

നോക്കൂ, വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ പോക്ക്. അത് ആരു പറഞ്ഞാലും വധശ്രമമല്ല. പക്ഷേ, ഗുരുതരമായ കുറ്റമാണ്. മനുഷ്യര്‍ ഉയിര് വാരിപ്പിടിച്ച് സഞ്ചരിക്കുന്ന ഒരിടമാണ് വിമാനം. അവിടെ യാത്ര ചെയ്യുക എന്ന ഉദ്ദേശത്തോടെ അല്ലാതെ, മറ്റൊരു കാര്യം നിര്‍വഹിക്കല്‍ ലക്ഷ്യം വെച്ച് അതിനായി ഗൂഢാലോചനാ സദൃശമായ ആശയവിനിമയം നടത്തി എന്നതാണ് മുന്‍ എം എല്‍ എ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരായ ആരോപണം. അത് പറയാതെ “വധശ്രമം വധശ്രമം’ എന്ന യുക്തിഹീനമായ ബഹളങ്ങള്‍ ഉയര്‍ത്തിയതില്‍ സര്‍ക്കാരിന് പിഴച്ചു എന്നത് സത്യമാണ്. എന്നാല്‍ എത്ര സമര്‍ഥമായാണ് സത്യാനന്തരത അവിടെയും പ്രവര്‍ത്തിച്ചത്?

കഴിഞ്ഞില്ല, കേന്ദ്രം ഭരിക്കുന്നത് ഫാഷിസ്റ്റ് സര്‍ക്കാരാണ്. ശരി. പക്ഷേ, വ്യാജങ്ങള്‍ കൊണ്ട് നിങ്ങള്‍ അതിനെ നേരിടണമോ? പാടില്ല. മോഡി സര്‍ക്കാര്‍ വാക്കുകള്‍ നിരോധിച്ചു എന്ന പ്രചാരണത്തിന്റെ വാസ്തവം അതാണോ? സെബിന്‍ ജേക്കബ് എഴുതുന്നു:

“പാര്‍ലമെന്റ് നിരോധിച്ച വാക്കുകള്‍ എന്ന ഒരു പട്ടിക മീഡിയ വണ്‍ ഫേസ്ബുക്ക് പേജിലാണ് ആദ്യം കാണുന്നത്. വലിയ താമസമില്ലാതെ കൈരളിയുടെ പേജിലും കണ്ടു. നിരവധി പേര്‍ക്ക് ട്രോള്‍ ചെയ്യാനുള്ള കാര്യമായിരുന്നു അത്. എന്നാല്‍ അതിനെ തുടര്‍ന്ന് പാര്‍ലമെന്ററി കാര്യാലയത്തില്‍ നിന്ന് ഉണ്ടായ വിശദീകരണം പങ്കുവയ്ക്കുന്നതില്‍ ഈ ശ്രദ്ധ ഉണ്ടായതുമില്ല.

സംഗതി ഇതാണ്- അതായത്, മേപ്പടി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉച്ഛരിക്കാന്‍ പാടില്ലാത്തവ എന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ള വാക്കുകളല്ല. അഥവാ അതു പറയാന്‍ നിരോധനമൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ അംഗങ്ങള്‍ ചലഞ്ച് ചെയ്തതിനെ തുടര്‍ന്ന് സ്പീക്കര്‍ രേഖയില്‍ നിന്നു നീക്കം ചെയ്ത വാക്കുകളുടെ പട്ടികയാണത്. അവ നീക്കം ചെയ്തു എന്നതിനർഥം അവ ഇനി പറഞ്ഞാലും നീക്കം ചെയ്യപ്പെടും എന്നല്ലേ എന്നു ചോദിക്കാം. ഓരോ കോണ്‍ടെക്സ്റ്റില്‍ ഉണ്ടാവുന്ന പ്രയോഗങ്ങളാവും ചലഞ്ച് ചെയ്യപ്പെടുക. ആ കോണ്‍ടെക്സ്റ്റില്‍ അവ രേഖകളില്‍ നിന്നു നീക്കം ചെയ്തു. പാര്‍ലമെന്ററി നടപടിയുടെ മിനുട്സില്‍ ആ വാക്ക് ഉള്‍പ്പെടുന്നുണ്ടാവില്ല.
എന്നു കരുതി അവിടെ നടന്ന നിയമനിർമാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇല്ലാതെയാവുന്നുണ്ടോ? ആ വാക്ക് മിണ്ടിയാല്‍ നിങ്ങളെ പാര്‍ലമെന്റ് സെന്‍ഷ്വര്‍ ചെയ്യുകയും നിങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോ? എനിക്ക് അങ്ങനെയൊരഭിപ്രായമില്ല. റെട്ടറിക്ള്‍ വാല്യൂ മാത്രമുള്ള വാക്കുകള്‍ ഇല്ലാതെയും പാര്‍ലമെന്റില്‍ സംവദിക്കാം. കവലപ്രസംഗം നടത്തേണ്ടുന്ന സ്ഥലമല്ലല്ലോ പാര്‍ലമെന്റ്. അതിപ്പോള്‍ ലോകസഭയായാലും രാജ്യസഭയായാലും. ഇനി ഒരു വാക്ക് നിരോധിക്കപ്പെട്ടു എന്നുതന്നെയിരിക്കട്ടെ. തികച്ചും എതിര്‍ അർഥം വരുന്ന ഒരു വാക്കെടുത്തുവച്ച് വിരുദ്ധോക്തിയുപയോഗിച്ച് സര്‍ക്കാസ്റ്റിക്ള്‍ ആയി ഇതിനെ പ്രതിരോധിക്കാന്‍ മാത്രം സര്‍ഗശക്തിയുള്ളവര്‍ പാര്‍ലമെന്റില്‍ ഉണ്ടാവില്ലേ?
പറഞ്ഞുവന്നത്, രേഖയില്‍ നിന്നു നീക്കം ചെയ്ത വാക്കുകള്‍ എന്നതിനെ പാര്‍ലമെന്റില്‍ നിരോധിച്ച വാക്കുകള്‍ എന്നു ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നത് നല്ല മാധ്യമശീലമല്ല. നുണകള്‍കൊണ്ട് നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പ്രതിരോധവും പടുത്തുയര്‍ത്താനാവില്ല.’

കെ കെ ജോഷി

You must be logged in to post a comment Login