മേലാളനല്ല ഗവർണർ ഫെഡറലിസത്തിന്റെ അതിഥിയാണ്

മേലാളനല്ല ഗവർണർ ഫെഡറലിസത്തിന്റെ അതിഥിയാണ്

ആരിഫ് ഖാനെ ആര്‍ക്കാണു ഭയം?, ആരിഫ് ഖാന്‍, സ്വന്തമായി ഒറ്റ അധികാരമേ താങ്കള്‍ക്കുള്ളൂ, രാജിവെക്കാം എന്നീ രണ്ട് തലക്കെട്ടുകള്‍ ഓര്‍ക്കുക. ആദ്യത്തേത് ഫെബ്രുവരി എട്ടിലെ ചൂണ്ടുവിരലിന്റേതാണ്. രണ്ടാമത്തേത് ഈ വര്‍ഷം ജനുവരി 24-ലേതും. ആറു മാസത്തിനിപ്പുറം അതേ വിഷയത്തില്‍, ആരിഫ് ഖാനെക്കുറിച്ച് വീണ്ടും ഒരു കുറിപ്പിന് സാധാരണ നിലയില്‍ സാംഗത്യമില്ല. വെറും ആവര്‍ത്തനമായി അത് ചെടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം പിറന്നാളില്‍ സ്വാതന്ത്ര്യത്തിലേക്ക് നമ്മുടെ രാജ്യം സഞ്ചരിച്ചെത്തിയ മഹാദൂരങ്ങളെ അഭിമാനത്തോടെ ഓര്‍മിച്ച്, മഹാരൂപങ്ങളെ ആദരവോടെ അനുസ്മരിച്ച്, അനേകം വര്‍ഗ- ജാതി- മത- ഭാഷാ വൈജാത്യങ്ങളുള്ള നമ്മുടെ രാജ്യം ലോകത്തെ വമ്പന്‍ ജനാധിപത്യ ശക്തിയായി ഏഴരപ്പതിറ്റാണ്ട് പിന്നിടുകയാണ്. ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അതൊരു അഭിമാനകരമായ കാലയളവാണ്. ഈ തലയെടുപ്പിനും നിലനില്‍പിനും അടിത്തറയായത് സ്വാതന്ത്ര്യ ലബ്ധിയുടെ നാളുകളില്‍ ഉള്‍പ്പടെ സജീവമായി ചര്‍ച്ച ചെയ്ത് നാം തയാറാക്കിയ നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടന അതിശക്തമായി അരക്കിട്ടുറപ്പിച്ച ഫെഡറിലസത്തിന്റെ ചിറകിലായിരുന്നു നമ്മുടെ യാത്ര. മൗലികാവകാശങ്ങള്‍ പോലെ, മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൗരന് നേരിട്ട് കോടതിയെ സമീപിക്കാം എന്ന വകുപ്പ് പോലെ ഇന്ത്യയെ ശക്തമായി നിലനിര്‍ത്തുന്ന മറ്റൊന്ന് നമ്മുടെ ഫെഡറലിസമാണ്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്‌റു ആവര്‍ത്തിച്ച് അടിവരയിട്ടിരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ തലക്കെട്ട് നിലനിന്നുപോരുന്നതും അതിശക്തമായ ഫെഡറല്‍ ഘടനയുടെ താങ്ങിലാണ്.
നമ്മുടെ അനേകം അനേകം ൈവജാത്യങ്ങളെ മറികടന്ന് ഏകരാഷ്ട്രമാക്കി ഇന്ത്യയെ നിലനിര്‍ത്തുന്ന രാസത്വരകം ഫെഡറല്‍ ഘടനയാണ്. നമ്മുടെ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടെ, വ്യത്യസ്ത സാംസ്‌കാരിക സമൂഹങ്ങളുടെ ആത്മാഭിമാനജ്വലിതമായ നിലനില്‍പിനും കാരണം ഫെഡറലിസമാണ്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരിക്കുമ്പോഴും, ഇന്ത്യ എന്ന വലിയ രാജ്യത്തെ പ്രജകളായിരിക്കുമ്പോഴും ഇന്ത്യക്കാര്‍ കേരളീയരും തമിഴ്‌നാട്ടുകാരും ബംഗാളികളും അസമികളുമായി ഇവിടെ ജീവിക്കുന്നതിന്റെ കാരണവും ഫെഡറലിസമാണ്. അത് അനുദിനം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ സര്‍വതോന്‍മുഖമായ പുരോഗതിയുടെ അടിക്കല്ലും ഫെഡറല്‍ ഘടനയാണ്. പുരോഗതിയും ഫെഡറലിസവും തമ്മിലെന്ത് എന്നാണോ? ഉണ്ട്. ധനതത്വവിജ്ഞാനീയം അക്കാര്യത്തില്‍ ഉറപ്പുള്ള ചില നിഗമനങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. അത് സ്വത്വാഭിമാനവവും ഉത്പാദനക്ഷമതയുമായുള്ള ബന്ധമാണ്. നമ്മുടെ ജനകീയാസൂത്രണം ഉള്‍പ്പടെയുള്ള ജീവിത- സാമ്പത്തിക ആസൂത്രണങ്ങളുടെ എല്ലാം അടിക്കല്ല് രാജ്യത്തിന്റെ ഫെഡറല്‍ കരുത്താണ്. ആ ഘടനയെ സമൂലം തകര്‍ക്കാനുള്ള കൈക്കോടാലിയായി ഒരാള്‍ മാറുന്നതുകൊണ്ടാണ് രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം വട്ടം ആരിഫ് ഖാനെക്കുറിച്ച് പറയേണ്ടി വരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളില്‍ ആ മഹാഘോഷത്തിന്റെ ശോഭകെടുത്താന്‍ ഉദ്യമിക്കുന്നവരെ ചൂണ്ടിക്കാട്ടാതെ വയ്യ. മുന്‍പേ എഴുതിയ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ. ആവര്‍ത്തനത്തിന്റെ അനൗചിത്യം നമ്മുടെ വലിയ രാജ്യത്തെപ്രതി ക്ഷമിക്കുക.

സംസ്ഥാനത്തിന്റെ രാഷ്ട്രപതിയാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ചിലർ അബദ്ധങ്ങള്‍ എഴുന്നെള്ളിച്ചുകാണാറുണ്ട്. സമീകരണമില്ലാത്ത രണ്ട് പദവികളാണ് രാഷ്ട്രപതിയും ഗവര്‍ണറും. രാഷ്ട്രപതിയെ ഈ രാജ്യത്തിന്റെ ജനപ്രതിനിധികള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നതാണ്. ആ പദവി നമ്മുടെ ജനാധിപത്യത്തിലെ അത്യുന്നത പദവിയാണ്. പരിശുദ്ധ ത്രിത്വമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഉന്നത നടത്തിപ്പിന്റെ കാതല്‍. അത് രാജ്യസഭ, ലോക്‌സഭ, രാഷ്ട്രപതി എന്നാണ്.
അതാണോ ഗവര്‍ണര്‍? അടുത്തൂണ്‍ പറ്റിയ ഏതെങ്കിലും വിധേയരെ ഒറ്റ ഓര്‍ഡര്‍കൊണ്ട് നിയമിക്കുന്ന, ജനാധിപത്യത്തിന് ഒട്ടുംഭൂഷണമല്ലാത്ത പരിപാടിയാണത്. സംസ്ഥാന ജനാധിപത്യത്തിന്റെ ആഘോഷത്തിലേക്ക് ക്ഷണിക്കാതെ വരുന്ന അപരിചിതനായ അതിഥിയാണ് ഗവര്‍ണര്‍. ക്ഷണിക്കാതെ വരുന്ന അപരിചിതനായ അതിഥി കാണിക്കേണ്ട ചില മര്യാദകള്‍ നാട്ടുനടപ്പാണ്. ഓര്‍ത്തുനോക്കൂ, ഒരു സംസ്ഥാനത്തെ ജനത തിരഞ്ഞെടുപ്പെന്ന ജനാധിപത്യത്തിന്റെ മഹോല്‍സവത്തില്‍ തങ്ങളുടെ പ്രതിനിധികളെ വാശിയോടെ തിരഞ്ഞെടുക്കുന്നു. ആ ജനപ്രതിനിധികള്‍ മന്ത്രിസഭയുണ്ടാക്കുന്നു. ഇന്നാട്ടിലെ സമുന്നതനായ ഒരു നേതാവ്, ആ മന്ത്രിസഭയുടെ തലവനാകുന്നു. അങ്ങനെ ഭരണം തുടങ്ങുമ്പോള്‍ ദാ നില്‍ക്കുന്നു നിയമന ഉത്തരവുമായി മറ്റൊരാള്‍. അതും ഒരു തിരഞ്ഞെടുപ്പിലും പങ്കാളിയാവാത്ത, ജനങ്ങളുടെ ഒരു ഒരു ഇച്ഛക്കും പാത്രമാവാതെ ചുമ്മാ നിയമിക്കപ്പെട്ട ഒരാള്‍. അയാളുടെ പേരാണ് ഗവര്‍ണര്‍. എന്തിനാണിങ്ങനെ ഒരു പദവി? അതിനുത്തരം ഫെഡറല്‍ സംവിധാനത്തിന്റെ മനോഹരമായ ഒരു ഓര്‍മപ്പെടുത്തല്‍ എന്നാണ്. അത്രയേ ഉള്ളൂ. ഒരു സംസ്ഥാനത്തിന്റെ മേലാളനായല്ല, നമ്മുടെ ഫെഡറലിസത്തിന്റെ അതിഥിയായാണ് അയാള്‍ വിഭാവനം ചെയ്യപ്പെടുന്നത്. ഒരു കൊളോണിയല്‍ അവശിഷ്ടം.

എന്നാല്‍ ഗവര്‍ണറെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിക്കുടെ? അപ്പോള്‍ ആ പദവിക്കും അത് വഹിക്കുന്ന ആള്‍ക്കും ഒരു അന്തസ് ഉണ്ടാകുമല്ലോ? വലിഞ്ഞുകയറി വന്നയാള്‍ എന്ന നാണക്കേട് മാറുമല്ലോ? അക്കാര്യം ഭരണഘടനാ ശില്‍പികള്‍ ആലോചിച്ചിരുന്നു. ഈ പംക്തിയില്‍ മുന്‍പ് എഴുതിയതാണ്. ആവര്‍ത്തിക്കുന്നു. “…ആരായിരിക്കണം ഗവര്‍ണര്‍? എന്തായിരിക്കണം യോഗ്യത? എന്തായിരിക്കണം അധികാരം? തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായി. പിന്നീടാണ് ഗവര്‍ണറെ നിയമിക്കേണ്ടതെങ്ങനെ എന്ന സുദീര്‍ഘ ചര്‍ച്ച നടന്നത്. തിരഞ്ഞെടുപ്പ് വേണോ നാമനിര്‍ദേശം വേണോ എന്ന തര്‍ക്കം ഉയര്‍ന്നു. അംഗങ്ങള്‍ തമ്മില്‍ അന്തസ്സാര്‍ന്ന സജീവ ചര്‍ച്ച. അപ്പോഴാണ് ബി ആര്‍ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ ഇടപെടല്‍. അതിങ്ങനെ വായിക്കാം:

“”The Drafting Committee felt, as everybody in this House knows, that the Governor is not to have any kind of functions-to use a familiar phraseology, ‘no functions which he is required to discharge either in his discretion or in his individual judgment.’ According to the principles of the new Constitution he is required to follow the advice of his Ministry in all matters. Having regard to this fact it was felt whether it was desirable to impose upon the electorate the obligation to enter upon an electoral process which would cost a lot of time, a lot of trouble and I say a lot of money as well. It was also felt, nobody, knowing full well what powers he is likely to have under the Constitution, would come forth to contest an election. We felt that the powers of the Governor were so limited, so nominal, his position so.” ആരിഫ് ഖാന് മനസ്സിലാകാന്‍ ഇടയുള്ള ഭാഷയില്‍ പറഞ്ഞാല്‍ ഒരു പണിയുമില്ല ഗവര്‍ണര്‍ക്കെന്ന്; അഥവാ ഗവര്‍ണര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുന്നില്‍ കയറി ഒന്നും ചെയ്യേണ്ടതില്ല എന്ന്… ഇങ്ങനെയുമുണ്ട് അംബേദ്കറുടെ വാക്കുകള്‍:

“”The first thing I would like the House to bear in mind is this. The Governor under the Constitution has no functions which he can discharge by himself: no functions at all. While he has no functions, he has certain duties to perform and I think the House will do well to bear in mind this distinction. This article certainly, it should be borne in mind, does not confer upon the Governor the power to overrule the Ministry on any particular matter. Even under this article, the Governor is bound to accept the advice of the Ministry.” (ഈ സഭമുമ്പാകെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്: ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ഒന്നും ചെയ്യാനില്ല. അതേസമയത്ത് ചില ചുമതലകള്‍ ഉണ്ട് താനും. മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് (bound). ഒരു വിഷയത്തിലും മന്ത്രിസഭയെ മറികടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല).

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ പരമശക്തനാണ് ഗവര്‍ണര്‍. ബ്രിട്ടീഷ് രാജാധികാരത്തിന്റെ നേരിട്ടുള്ള വക്താവ്. രാജാധികാരത്തോട് മാത്രം ബോധിപ്പിക്കേണ്ട ആള്‍. ഗവര്‍ണര്‍ ജനറല്‍ എന്ന് വിളിപ്പേര്. സൂക്ഷ്മമായി നോക്കിയാല്‍ ഇന്ത്യയെ ഒരു പാവസര്‍ക്കാരാക്കി മാറ്റാന്‍ കോപ്പുള്ളയാള്‍. ഇന്ത്യക്കാര്‍ അപരിഷ്‌കൃതരും ജാതിയടിമകളും സ്വയംഭരിക്കാന്‍ ശേഷിയില്ലാത്തവരുമാണെന്ന ബ്രിട്ടീഷ് മുന്‍വിധിയുടെ ബാക്കിപത്രമാണ് ആ പദവി. വിന്‍സ്റ്റൺ ചര്‍ച്ചിലിന്റെ കുപ്രസിദ്ധമായ ബാര്‍ബേറിയന്‍സ് പ്രയോഗം ഓര്‍ക്കുക. “Power will go to the hands of rascals, rogues, freebooters; all Indian leaders will be of low calibre & men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles’ എന്ന വാചകവും മറക്കരുത്. “a beastly people with a beastly religion’ എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട് അക്കാലത്ത് വീരനായകനായിരുന്ന ചര്‍ച്ചില്‍. ഗാന്ധിയെക്കുറിച്ചും സമാന അഭിപ്രായമായിരുന്നല്ലോ ചര്‍ച്ചിലിന്. സാംപിള്‍ വായിക്കാം: “It is alarming and nauseating to see Mr Gandhi, a seditious Middle Temple lawyer, now posing as a fakir… striding half-naked up the steps of the Vice-regal Palace’. ഈ ചര്‍ച്ചിലിയന്‍ യുക്തി തികട്ടി നില്‍ക്കുന്ന ഒന്നാണ് 1935-ലെ ആക്ടും അതിലെ ഗവര്‍ണര്‍ പദവി സംബന്ധിച്ച വകുപ്പുകളും. രാഷ്ട്രീയ പ്രവര്‍ത്തകരും അവര്‍ക്ക് വോട്ട് ചെയ്യുന്ന ഇന്ത്യക്കാരും വിവരംകെട്ടവരും പ്രാകൃതരും മതാന്ധരുമാണ്. അവര്‍ക്ക് ഭരണം നടത്തിക്കൊണ്ടുപോകാന്‍ അറിയില്ല. അതിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കു മേല്‍ കേന്ദ്രം നിശ്ചയിക്കുന്ന കൊള്ളാവുന്ന ഒരാള്‍ വേണം. ഇതാണ് ഗവര്‍ണര്‍ പദവിയുടെ സാമാന്യ യുക്തി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ഒരു വിഭാഗം ഈ കുയുക്തിയുടെ വിശ്വാസികള്‍ ആയിരുന്നു. അതിനാല്‍ തന്നെ ഭരണത്തെ നോക്കി നടത്താന്‍ ഒരു ഗവര്‍ണര്‍ വേണമെന്ന വാദക്കാരും. ആ ഗവര്‍ണറാകട്ടെ ഏറെക്കുറെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ ഗവര്‍ണര്‍ തന്നെ ആയിരുന്നു.

“”സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനങ്ങള്‍ പിന്തുടരാന്‍ പോകുന്നത് ആത്മാന്തസുള്ള ഒരു ഭരണസംവിധാനമാകുമെന്ന മുന്‍വിധി ഗവര്‍ണര്‍ പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ആരിഫ് ഖാനെ പോലെ ഒരാള്‍ ഗവര്‍ണറാകുമെന്നോ തന്നെ ഗവര്‍ണറാക്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് ഭരണഘടനയുടെ അന്തസ്സ് കെടുത്തുമെന്നോ അന്നത്തെ ധൈഷണികരും ജനാധിപത്യജീവികളുമായ മനുഷ്യര്‍ വിചാരിച്ചിരുന്നില്ല. അതിനാല്‍ ഗവര്‍ണര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ എല്ലാം നിങ്ങള്‍ കാണുന്നത് ഒരു നാമമാത്ര ഭരണഘടനാ പദവിയാണ് ഗവര്‍ണര്‍ എന്ന വികാരമാണ്. അനുഭവിക്കാനോ പ്രയോഗിക്കാനോ അല്ല, ആദരിക്കാനും വണങ്ങാനും മാത്രമാണ് ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്.”

പദവി നാമമാത്രമാണെങ്കിലും മാധ്യമങ്ങളുടെയും സര്‍ക്കാര്‍ വിരുദ്ധരുടെയും നിര്‍ലോഭമായ പ്രശംസയില്‍ മതിമറന്നാവണം കേരള ഗവര്‍ണര്‍ ഈ നാമമാത്ര പദവി വെച്ച് കേരള സര്‍ക്കാരിനെതിരെ നിരന്തരം ഇടപെടുന്നത്. സമീപ നാളുകളില്‍ ആ ഇടച്ചില്‍ സര്‍വസീമകളും ലംഘിച്ചു. 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ അസാധുവായി. അത് പതിനൊന്നും കേരളത്തിന്റെ പൊതുജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണ്.

“ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടില്ല. ഫയലുകള്‍ വിശദമായി പഠിക്കാന്‍ സമയം വേണം. ജനാധിപത്യത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭരിക്കുന്നത് ഭൂഷണമല്ല. ദേശീയയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫയലുകള്‍ ഒന്നിച്ച് രാജ്ഭവനിലെത്തിയത്. അവ പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാനാണെങ്കില്‍ നിയമനിര്‍മാണ സഭകളുടെ പ്രസക്തിയെന്താണ്.” എന്ന ചോദ്യം ഉയര്‍ത്തിയാണ് ഗവര്‍ണറുടെ നടപടി.

പ്രത്യക്ഷത്തില്‍ ന്യായമല്ലേ ഗവര്‍ണറുടെ ചോദ്യം. ഓര്‍ഡിനന്‍സുകള്‍ ജനാധിപത്യ വിരുദ്ധം തന്നെയാണ്. നിയമസഭാ സമ്മേളനം നടക്കാത്ത സാഹചര്യങ്ങളില്‍ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളാണ് ഓര്‍ഡിനന്‍സ് ആക്കേണ്ടത്. തൊട്ടടുത്ത സമ്മേളനത്തില്‍ അത് നിയമമാക്കണം. നിയമസഭ സമ്മേളനത്തിന്റെ പരമാവധി ഇടവേള ആറ് മാസമാണ് എന്നതിനാല്‍ ആറ് മാസമാണ് ഓര്‍ഡിനന്‍സുകളുടെയും കാലാവധി. ആറ് മാസം കഴിഞ്ഞാല്‍ ഓര്‍ഡിനന്‍സുകള്‍ കാലഹരണപ്പെടും. അത് വീണ്ടും പുതുക്കി ഉത്തരവാകണം. ഇപ്പോള്‍ ഗവര്‍ണര്‍ ഇടഞ്ഞ ഓര്‍ഡിനന്‍സുകള്‍ സഭയില്‍ പാസാക്കാന്‍ സമയമുണ്ടായിരുന്നു. സര്‍ക്കാര്‍ അതിനെ അലസമായി കണ്ടു. അത് പാടില്ലാത്തതാണ്. സഭ മാത്രമേ നിയമങ്ങള്‍ ഉണ്ടാക്കാവൂ.

പക്ഷേ, ജനാധിപത്യത്തിലെ ചോദ്യം അതല്ല. അത് ചോദിക്കാന്‍ കേരളത്തില്‍ മറ്റൊരാളുണ്ട്; വി. ഡി. സതീശന്‍. അദ്ദേഹത്തിന്റെ പണിയാണത്. അപ്പോള്‍ ജനാധിപത്യത്തിലെ ചോദ്യം ഇതാണ്: ഇക്കാര്യങ്ങള്‍ ആരായാനും ഭരണം തടസ്സപ്പെടുത്താനും ഗവര്‍ണര്‍ ആരാണ്?
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളാണ്. പലതരം അപകടങ്ങള്‍ നമ്മെ ചൂഴുന്നുണ്ട്. ഇത്രകാലം നാം കാത്തുപോന്ന പലതും ൈകവിട്ടുപോവുകയാണ്. ഫെഡറലിസം വലിയ വെല്ലുവിളികള്‍ നേരിടുന്നു. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ബി.ജെ.പിയാല്‍ തകര്‍ക്കപ്പെടുന്നു. മാധ്യമങ്ങള്‍ സര്‍ക്കാര്‍വിലാസം ഭജനസംഘങ്ങളാകാന്‍ മല്‍സരിക്കുന്നു. അതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന ഗവര്‍ണര്‍ വഴിയുള്ള ഈ കേന്ദ്രാഭ്യാസം അത്ര ചെറിയ കാര്യമല്ല. സ്വാതന്ത്ര്യത്തെ നമ്മളാണ് സംരക്ഷിക്കേണ്ടത്. സംരക്ഷിക്കലാണ് ഏറ്റവും വലിയ ആഘോഷം.

കെ കെ ജോഷി

You must be logged in to post a comment Login