റിയൽ എസ്റ്റേറ്റ് നൽകുന്ന സാധ്യതകൾ

റിയൽ എസ്റ്റേറ്റ് നൽകുന്ന സാധ്യതകൾ

അൻപതിനായിരം രൂപയുമായി റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇറങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ അങ്ങനെയൊരു സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ അൻപതിനായിരം രൂപ കൈയിലുള്ളവനും രംഗപ്രവേശം നടത്താം. ലാഭം നേടാം. ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികളിൽ വരെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താം.

റിയൽ എസ്റ്റേറ്റ് രംഗത്തെ സാധ്യതകൾ ദിനേന വർധിച്ചു വരികയാണ്. വ്യക്തി അധിഷ്ഠിതമായി പ്രവർത്തിച്ചിരുന്ന റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് സംഘടിതവും വ്യവസ്ഥാപിതവുമായ രൂപം വരെ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ വ്യാപകമായ റിയൽ എസ്റ്റേറ്റ് വ്യാപാരം മുതൽ SEBI-യുടെ നിയന്ത്രണത്തിലുള്ള REIT വരെ നീണ്ടുനിൽക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് സാധ്യതകളെ കുറിച്ചാണ് ഈ ലക്കം ചർച്ച ചെയ്യുന്നത്.

എന്തുകൊണ്ട് റിയൽ എസ്റ്റേറ്റ്?
ഭൂമിയും കെട്ടിടവും വാങ്ങി അത് വാടകക്ക് നൽകുകയും ഉയർന്ന വിലക്ക് പിന്നീട് വിൽക്കുകയും ചെയ്യുന്ന സമ്പ്രദായത്തെയാണ് പൊതുവെ റിയൽ എസ്റ്റേറ്റ് കൊണ്ട് അർഥമാക്കുന്നത്. വരുമാനം ഉത്പാദിപ്പിക്കുന്ന ഭൂമിക്ക് മാത്രമായി റിയൽ എസ്റ്റേറ്റിനെ വിശേഷിപ്പിച്ച സാമ്പത്തിക വിദഗ്ധരുമുണ്ട്.
വീട്, ഭൂമി, കെട്ടിടം എന്നിങ്ങനെയുള്ള സ്വകാര്യ ഇടങ്ങളിൽനിന്നു തുടങ്ങി വൻകിട വ്യവസായ കമ്പനികൾ വരെ റിയൽ എസ്റ്റേറ്റ് രംഗത്തെ ആശ്രയിച്ചാണ് ജീവിത-വ്യവസായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓഹരിവിപണിയുടെ അത്രതന്നെ അസ്ഥിരത(Volatility) ഇല്ലാഞ്ഞിട്ടും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. പണത്തിന്റെ സുരക്ഷയാണ്(Safety) അതിൽ അതിപ്രധാനം. നാളെത്ര കഴിഞ്ഞാലും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ നാം വാങ്ങിയ വീട്/ഭൂമി/കെട്ടിടം നമ്മുടെ അധീനതയിൽ തന്നെ നിലനിൽക്കുന്ന ഒന്നാണ്. നാം നിക്ഷേപിച്ച പണത്തിന്റെ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കും. മാത്രവുമല്ല, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ, ധ്രുതഗതിയിൽ മൂല്യവ്യത്യാസമുണ്ടാകുന്നത് (Volatility) കുറവായത് കൊണ്ട് തന്നെ വലിയ റിസ്കുകൾ കടന്നു വരുന്നുമില്ല.

റിയൽ എസ്റ്റേറ്റിന്റെ മറ്റൊരു ഗുണമാണ് മൂലധന വിലയിലുണ്ടാകുന്ന വർധനവ്(Capital Appreciation). പൊടുന്നനെയുള്ള വർധനവ് ഉണ്ടാകില്ലെങ്കിലും, കുറച്ച് കാലം കൈവശം വെക്കുന്നതിലൂടെ വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. ഇന്ന് നാം വാങ്ങിയ ഭൂമി ഒരു വർഷം കഴിയുമ്പോൾ കൂടുതൽ വിലക്ക് വിൽക്കാം. നമ്മുടെ പ്രോപ്പർട്ടി വാടകക്ക് കൊടുത്തില്ലെങ്കിലും കുറച്ചു വർഷങ്ങൾ കൈവശം വെക്കുന്നതിലൂടെ മൂലധന മൂല്യം വർധിക്കുകയും ലാഭമുണ്ടാവുകയും ചെയ്യും. സംഗ്രഹിച്ചു പറയുമ്പോൾ, റിയൽ എസ്റ്റേറ്റിന്റെ പ്രധാന ഗുണങ്ങളാണ് ധന സുരക്ഷയും മൂലധന മൂല്യ വർധനവും വാടക അടക്കമുള്ള സ്ഥിര വരുമാനവും. ഈ ഉപകാരങ്ങൾ മുന്നിൽ കണ്ടാണ് ജനങ്ങൾ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ പിന്നാലെ പോകുന്നത്.

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്‌(REIT)
റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും പുതിയ ചുവടുവെപ്പാണ് REIT. ലോക അടിസ്ഥാനത്തിൽ, കുറച്ചു വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ പ്രസ്തുത നിക്ഷേപങ്ങൾ പ്രാരംഭ ദശയിലാണ്. സ്റ്റോക്കുകൾ വാങ്ങാൻ മ്യൂച്ചൽ ഫണ്ടുകൾ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ വാങ്ങാൻ REIT-യെ സമീപിക്കുന്നതും. ഒരു കൂട്ടം ആളുകൾ അവരവരുടെ ധനം REIT-യെ ഏൽപ്പിക്കുന്നു. REIT പ്രസ്തുത ധനം വരുമാനം ലഭിക്കുന്ന പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നു. ഈ പ്രോപ്പർട്ടികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം(ഇന്ത്യയിൽ SEBI മുന്നോട്ട് വെക്കുന്നത് 90 ശതമാനമാണ്) നിക്ഷേപിച്ച ആളുകൾക്കും നിശ്ചിത ശതമാനം REIT-ക്കും ലഭിക്കും. നമുക്ക് നമ്മുടെ പ്രോപ്പർട്ടി (REIT നിക്ഷേപം) ഏത് നിമിഷവും മാർക്കറ്റിൽ വിൽക്കാം. മൂലധന മൂല്യം വർധിച്ചിട്ടുണ്ടെങ്കിൽ ലാഭവും നേടാം.

REIT-യിലൂടെ ആപ്പിൾ അടക്കമുള്ള വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് പ്രോപർട്ടികൾ നൽകാൻ നമുക്ക് സാധിക്കും. അതിലൂടെ വാടകയും ലഭിക്കും. SEBI-യുടെ നിയമപ്രകാരം കേവലം 50000 രൂപ കൊണ്ട് നമുക്ക് മാർക്കറ്റിലിറങ്ങാൻ സാധിച്ചേക്കും. വരുമാനം ഉറപ്പാക്കുന്ന ഇടങ്ങളിലേക്ക് മാത്രമേ REIT-കൾക്ക് നിക്ഷേപിക്കാൻ അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ സ്ഥിര വരുമാനം(വാടക) ഉറപ്പാണ്. മാത്രവുമല്ല ലഭിക്കുന്ന വരുമാനത്തിന്റെ 90 ശതമാനം നിക്ഷേപകർക്ക് തന്നെ നൽകേണ്ടതുമുണ്ട്. മൂലധന വർധനവിലൂടെ വരുന്ന ലാഭവും കൂടെ കണക്കു കൂട്ടുമ്പോൾ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ നല്ല ഓപ്ഷനായി ജനങ്ങൾ തിരഞ്ഞെടുക്കുന്നു.

റിയൽ എസ്റ്റേറ്റ് അനുവദനീയമാണോ?
വഞ്ചനയും ചൂഷണവുമില്ലാത്ത കച്ചവടങ്ങളിലൊക്കെ ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ സാധ്യതകളെ നമുക്ക് അന്വേഷിക്കാൻ സാധിക്കും. ഗുണാത്മകമായ കച്ചവടങ്ങളെ നിങ്ങൾക്ക് അനുവദനീയമാക്കിയിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിലൂടെ പറയുന്നുണ്ട്. ഭൂമിയും കെട്ടിടവും വീടുമടക്കമുള്ള അസറ്റുകൾ വാങ്ങലും വിൽക്കലും അനുവദനീയം തന്നെയാണ്. കുറഞ്ഞ വിലക്ക് വാങ്ങി വില കൂടുന്ന സമയത്ത് വിൽക്കാം. കച്ചവടം നടത്താൻ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിച്ചാൽ ഈ ഇടപാട് അനുവദനീയമാണ്.

എന്നാൽ, കേവലം ഭൂമി വാങ്ങി അത് ഉപയോഗശൂന്യമാക്കി വെറുതെ വെക്കുന്നതിനെ തിരുനബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ആവശ്യത്തിന് വേണ്ടിയാണെങ്കിലും, നാം വാങ്ങിയ ഭൂമിയെ ഇടക്കാലയളവിൽ ഏതെങ്കിലും രൂപേണ ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. ഏറ്റവും എളുപ്പവും, എന്നാൽ ഏറെ പ്രതിഫലാർഹവുമായ വഴിയാണ് കൃഷി. ഒരാൾ കൃഷി ചെയ്യുകയും അതിന്റെ ഫലങ്ങൾ പക്ഷിയോ മൃഗമോ ഭക്ഷിക്കുകയും ചെയ്താൽ ദാനധർമങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുമെന്ന് തിരുനബിയുടെ(സ്വ) അധ്യാപനമുണ്ട് (ബുഖാരി). ഈ ഭൂമിയിൽ നിന്ന് ജീവോപാധികളെ കണ്ടെത്താനാണ് അല്ലാഹുവിന്റെ കൽപന തന്നെ. അതുകൊണ്ട് തന്നെ ഭൂമിയെ പാഴ്‍ഭൂമിയാക്കാതെ ഇടക്കാലത്ത് ചെറുകൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നത് നല്ല കാര്യമാണ്. ചുരുക്കത്തിൽ, ഭൂമി വാങ്ങി വെക്കുകയും അതിനെ ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം. അതിന്റെ മൂല്യം വർധിക്കുന്ന സമയത്ത് വിൽക്കുകയും ചെയ്യാം.

രണ്ട് രൂപങ്ങളാണ് പൊതുവെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ ഉള്ളത്. ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രൂപമാണ് അതിൽ ഒന്നാമത്തേത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നു രണ്ട് കാര്യങ്ങൾ ഉണ്ട്. നമ്മുടെ കൈവശം ലഭിച്ച ഭൂമി/കെട്ടിടം/വീട് മാത്രമേ വിൽപന നടത്താൻ പാടുള്ളൂ. “മറിച്ച് വിൽപന’ നടത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കേണ്ടത്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ, ഭക്ഷ്യവസ്തുക്കൾ കൈവശപ്പെടുത്തുന്നതിന് മുൻപ് വാങ്ങിയവൻ വിൽക്കരുത് എന്ന് പറയുന്നുണ്ട്. ഇതിൽ എല്ലാ വസ്തുക്കളും ഉൾപ്പെടുമെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട്. ഇത്തരം ഇടപാടുകൾ അനുവദനീയമല്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു(തുഹ്ഫ). നാം വാങ്ങിയ ഉത്പന്നത്തിന്റെ പൂർണ ഉടമാവകാശം നമുക്ക് ലഭിക്കുന്നില്ല എന്നതാണ് കാരണം. അതുകൊണ്ട് തന്നെ കൈവശപ്പെടുത്തുന്നതിന് മുൻപ് എന്ത് നഷ്ടം സംഭവിച്ചാലും അത് സഹിക്കേണ്ടത് വിൽപന നടത്തിയ വ്യക്തിയാണ്.

കൈവശം ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ട്. പലരും ധരിച്ചിരിക്കുന്നത് പോലെ പണം പൂർണമായി നൽകുക എന്നതല്ല കൈവശ അവകാശത്തിന്റെ മാനദണ്ഡം. അവധി നിശ്ചയിക്കാത്ത പണം ആണെങ്കിൽ, കൈവശ അവകാശം നൽകാതിരിക്കാൻ വിൽപ്പനക്കാരന് സാധിക്കും എന്നതിൽ കവിഞ്ഞ് പണത്തിന് കൈവശ അവകാശത്തിൽ വലിയ സ്ഥാനമൊന്നുമില്ല. ഭൂമിയും കെട്ടിടങ്ങളുമടങ്ങുന്ന സ്ഥാവര സ്വത്തുകൾ(Immovable Property) കൈവശം നൽകേണ്ടത്, അത് പൂർണമായും ഒഴിഞ്ഞുക്കൊടുത്തും അതിന്റെ ഉപയോഗമെടുക്കാൻ സൗകര്യപ്പെടുത്തികൊണ്ടുമാണ്(ഫത്ഹുൽ മുഈൻ). നമ്മുടെ നാട്ടിൽ, പൊതുവെ രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെയാണ് ഉടമാവകാശം കൈവശപ്പെടുത്തിയതായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ, പ്രോപ്പർട്ടി ഉപയോഗിക്കാൻ പാകത്തിൽ സൗകര്യപ്പെടുത്തി കൊടുത്തു എന്ന് പറയാൻ രജിസ്ട്രേഷൻ അത്യാവശ്യമാണ്. ഈ രൂപത്തിൽ സൗകര്യം ലഭിച്ച ഭൂമിയെ, പണം പൂർണമായും കൊടുക്കുന്നതിന് മുൻപും, മറ്റൊരാൾക്ക് വിൽക്കാവുന്നതാണ്.
മദ്ഹബുകൾക്കിടയിൽ വിവിധങ്ങളായ അഭിപ്രായങ്ങളുള്ള ഒരു വിഷയം കൂടിയാണിത്. ഭക്ഷ്യവസ്തുക്കളിൽ കൈവശം വാങ്ങുന്നതിന് മുൻപ് വില്പന പാടില്ലെന്നത് ഏകാഭിപ്രായമാണ്. ശാഫി മദ്ഹബ് പ്രകാരം സ്ഥാവര വസ്തുക്കൾക്കും ജംഗമ വസ്തുക്കൾക്കും(Movable) ഈ വിധി ബാധകമാണ്. ഹനഫി മദ്ഹബിൽ ഭൂമിയല്ലാത്ത സർവതിനും ഈ വിധി ബാധകമാണ്. ഭൂമിയിൽ തന്നെ പ്രസ്തുത സ്വത്ത് വിൽക്കണമെങ്കിൽ വിറ്റവന് വില നൽകുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. എന്നാൽ മാലികി മദ്ഹബിൽ ഭക്ഷ്യവസ്തുക്കളിൽ മാത്രമേ ഈ വിധി ബാധകമാവുന്നുള്ളൂ(ശറഹു മുസ്‌ലിം, റദ്ദുൽ മുഖ്താർ).

ഭൂമി/കെട്ടിടം വാങ്ങി വാടകക്ക് നൽകുന്ന രൂപമാണ് രണ്ടാമത്തേത്. അതിനെ കുറിച്ച് വിശാലമായി ക്ഷേമവീട് പതിനൊന്നാം പതിപ്പിൽ ചർച്ച ചെയ്തിട്ടുണ്ടല്ലോ. ഇതൊരു സ്ഥിരവരുമാനമാണ്. മാത്രവുമല്ല, അവരുമായുള്ള കോൺട്രാക്ട് അവസാനിക്കുന്ന സമയത്ത്, അതിനെ വിൽക്കുകയും ചെയ്യാം. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ വലിയൊരു മെറിറ്റ് കൂടിയാണിത്.

പുതിയ കാലത്ത് റിയൽ എസ്റ്റേറ്റ് വ്യാപാരത്തെ സജീവമാക്കുന്നത് REIT-കളാണ്. നമ്മുടെ പണം കൊണ്ട് ഭൂമി/കെട്ടിടം വാങ്ങി അതിലൂടെ ലഭിക്കുന്ന വരുമാനത്തെ(വാടകയെ) പങ്കിട്ടെടുക്കുന്ന രീതി ആണല്ലോ REIT. ഈ വരുമാനത്തെ രണ്ട് രൂപത്തിൽ മനസ്സിലാക്കാം.

നമുക്ക് ലഭിക്കുന്നത് നമ്മുടെ പ്രോപ്പർട്ടിയുടെ വാടകയാണ്. REIT-കൾക്ക് നൽകുന്ന തുക ഒന്നുകിൽ കമ്മീഷൻ ആവണം. ചെയ്ത ജോലിക്കുള്ള വേതനമായാണ് ആളുകൾ കമ്മീഷൻ വാങ്ങാറുള്ളത്. വേതനം നിർണിതമായിരിക്കണം (തുഹ്ഫ). ലഭിക്കുന്ന വാടകയുടെ ഇത്ര ശതമാനം എന്ന് പറഞ്ഞുറപ്പിക്കുന്നത് ശരിയല്ല. എന്നാൽ പ്രസ്തുത ശതമാനത്തെ കൃത്യമായ തുക കൊണ്ട് തിട്ടപ്പെടുത്തി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല. ഉദാഹരണത്തിന് 1000 രൂപ എന്ന് പറയുന്നത് പോലെ. അത് ഒരുപക്ഷേ ലഭിക്കുന്ന വരുമാനമായ പതിനായിരം രൂപയുടെ പത്ത് ശതമാനം കൂടെ ആയിരിക്കാം.
മേൽവാടകയാണ് രണ്ടാമത്തെ സാധ്യത. നാം REIT-കൾക്ക് ഒരു നിശ്ചിത രൂപക്ക് നമ്മുടെ പ്രോപ്പർട്ടി വാടക നൽകുന്നു. അവർ പ്രസ്തുത വസ്തു മറ്റൊരാൾക്ക്‌ വാടക നൽകുന്നു. അങ്ങനെ വാടകക്ക് നൽകാൻ അവർക്ക് അവകാശമുണ്ട്. കാരണം നമ്മുടെ പ്രോപ്പർട്ടിയുടെ ഉപകാരത്തിന്റെ മേൽ അവർക്ക് അവകാശമുണ്ട്. അതവർക്ക് മറ്റൊരാൾക്ക്‌ വിൽക്കുകയും ചെയ്യാം. പ്രോപ്പർട്ടി പൂർണമായി വിൽക്കാൻ സാധിക്കുകയില്ല. ഇങ്ങനെയുള്ള രീതികളും REIT രംഗത്തുള്ള ഒരു സാധ്യതയാണ്.

നിലവിലെ REIT-കളിൽ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പ്രോപ്പർട്ടി വാടകക്ക് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ നിഷിദ്ധമായ ഇടപാടുകൾ ചെയ്യുന്നില്ലെന്ന ഉറപ്പ് നമുക്ക് വേണം. അത് അന്വേഷിച്ചു പോകൽ നമുക്ക് നിർബന്ധമില്ലെങ്കിലും, നിഷിദ്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ, പിന്നീട് വാടകക്ക് നൽകുന്നത് തെറ്റാകും(ഹറാം). കള്ള് കുടിക്കാൻ വേണ്ടി മുറി വാടകക്ക് നൽകുന്നത് പോലെ. മിക്കവാറും നിഷിദ്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നെങ്കിൽ കറാഹതും വരും. ഈ വിഷയങ്ങൾ കൂടെ REIT-കളിൽ നിക്ഷേപിക്കുമ്പോൾ നാം ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

REIT എന്ന ആശയം ഒരു സാധ്യത കൂടിയാണ്. അതിന്റെ ചെറിയ പ്രയോഗങ്ങൾ നമുക്ക് നമ്മുടെ നാട്ടിലും ആവിഷ്കരിക്കാം. പത്തോ അതിൽ കൂടുതലോ ആളുകളിൽ നിന്ന് പണം വാങ്ങി നമുക്ക് കെട്ടിടങ്ങൾ ഉണ്ടാക്കുകയോ നിർമിച്ച കെട്ടിടങ്ങൾ വാങ്ങുകയോ ചെയ്യാം. അത് വാടകക്ക് നൽകി ലഭിക്കുന്ന വരുമാനം മുകളിൽ പറഞ്ഞ രൂപത്തിൽ പങ്കിടുകയും ചെയ്യാം.

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login