അണിയൊപ്പിച്ച് ചേര്‍ന്നു നില്‍ക്കാം

അണിയൊപ്പിച്ച് ചേര്‍ന്നു നില്‍ക്കാം

നിസ്‌കാരം ലക്ഷ്യമാക്കിയുള്ള യാത്ര ഒരു പുണ്യകര്‍മമാണ്. നിസ്‌കാരം ലക്ഷ്യമാക്കുമ്പോഴെല്ലാം നിസ്‌കാരത്തിലാണെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം). അതിനാല്‍ നിരർഥക സംസാരങ്ങളും ഫലശൂന്യമായ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച്, വിനോദങ്ങളില്‍ നിന്നും കളി-തമാശകളില്‍ നിന്നും വിട്ടു നിന്ന്, തികഞ്ഞ അച്ചടക്കത്തോടെ, സമാധാനപൂര്‍വമായിരിക്കണം സംഘനിസ്‌കാരത്തിനായി പുറപ്പെടുന്നത്. ജമാഅത് നഷ്ടമാകുമെന്നു കണ്ടാല്‍ പോലും ധൃതി പിടിച്ചോടുന്നത് ഉചിതമല്ല. “നിസ്‌കാരത്തിനായി ഇഖാമത് വിളിച്ചാല്‍ ജമാഅത് ലഭിക്കാനായ് നിങ്ങള്‍ ഓടിപ്പോകരുത്. സമാധാനപൂര്‍വം നടന്നു പോവുക. ഇമാമിന്റെ കൂടെ ലഭിച്ച ഭാഗം കൂടെ നിസ്‌കരിക്കുക. നഷ്ടപ്പെട്ടത് ശേഷം പൂര്‍ത്തിയാക്കുകയും ചെയ്യുക’ എന്ന് റസൂല്‍(സ) അരുളിയിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). അതേസമയം ജുമുഅ നഷ്ടമാകുമെന്ന് കണ്ടാല്‍ പരമാവധി വേഗം പോകല്‍ അനിവാര്യമാണ്.
ഇഖാമത് വിളിച്ചു കഴിഞ്ഞ ശേഷം ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റാല്‍ ഇമാമൊന്നിച്ചുള്ള തക്ബീറതുല്‍ ഇഹ്‌റാം ലഭിക്കുമെങ്കില്‍ ഇഖാമത് പൂര്‍ത്തിയായതിനു ശേഷമാണ് നിസ്‌കാരത്തിനായി എഴുന്നേല്‍ക്കേണ്ടത്.

തുടങ്ങാനിരിക്കുന്ന നിസ്‌കാരത്തില്‍ പങ്കുചേരാന്‍ ഉദ്ദേശ്യമുള്ളവര്‍ ഇഖാമത് ആരംഭിച്ച ശേഷം റവാതിബ്, (നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ഐഛിക നിസ്‌കാരങ്ങള്‍) തഹിയ്യത് തുടങ്ങിയ ഐഛിക നിസ്‌കാരങ്ങള്‍ ആരംഭിക്കുന്നത് ഉചിതമല്ല. അനഭിലഷണീയമാണ്. ഐഛിക നിസ്‌കാരത്തില്‍ നിന്ന് വിരമിച്ച ശേഷം ഇമാമൊന്നിച്ച് തക്ബീറതുല്‍ ഇഹ്‌റാം ലഭിക്കുമെന്ന ഉറപ്പുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് ബാധകമാണ്. ‘ഇഖാമത് വിളിച്ച ശേഷം നിര്‍ബന്ധ നിസ്‌കാരമല്ലാതെ മറ്റു നിസ്‌കാരങ്ങള്‍ പാടില്ലെന്ന്’ തിരുനബി(സ) ഉത്‌ബോധിപ്പിച്ചിട്ടുണ്ട്.
നിസ്‌കാരം ആരംഭിക്കാന്‍ സമയമായാല്‍ ഐഛിക നിസ്‌കാരങ്ങളില്‍ വ്യാപൃതനാവാതെ ജമാഅത് പ്രതീക്ഷിച്ചിരിക്കണം. ഐഛിക നിസ്‌കാരം ആരംഭിച്ചയുടനെ ഇഖാമത് വിളിച്ചാല്‍ ജമാഅത് നഷ്ടമാകുമെന്ന ഭീതിയില്ലെങ്കില്‍ പൂര്‍ത്തിയാക്കുകയും ഉടനെ ജമാഅത് നിസ്‌കാരത്തില്‍ പങ്കുചേരുകയുമാണ് വേണ്ടത്. ജമാഅത് പൂര്‍ണമായും നഷ്ടമാകുമെന്ന് കണ്ടാല്‍ ഐഛിക നിസ്‌കാരം ഇടക്കു വെച്ച് ഉപേക്ഷിക്കുകയും ജമാഅതില്‍ പങ്കുചേരുകയും വേണം.

നിര്‍ബന്ധ നിസ്‌കാരം തനിച്ചു നിസ്‌കരിക്കാന്‍ ആരംഭിച്ച (പ്രസ്തുതസമയത്തെ നിര്‍ബന്ധ നിസ്‌കാരം) ശേഷം ഇഖാമത് വിളിക്കുകയും ജമാഅതില്‍ ചേരാന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍ രണ്ടു റക്അത് പൂര്‍ത്തിയാക്കിയ ശേഷം നിസ്‌കാരത്തില്‍ നിന്ന് സലാം പറയുകയും ജമാഅതില്‍ പ്രവേശിക്കുകയുമാണ് വേണ്ടത്. പ്രസ്തുത നിസ്‌കാരം ഐഛിക നിസ്‌കാരമായി ഭവിക്കുന്നതാണ്. ജമാഅത് നഷ്ടപ്പെടുമെന്ന് കണ്ടാല്‍ രണ്ടു റക്അത് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നിസ്‌കാരം നിര്‍ത്തി ജമാഅതില്‍ പങ്കെടുക്കുകയുമാകാം. നിസ്‌കാരത്തില്‍ നിന്ന് പുറത്തുകടക്കാതെ ജമാഅതില്‍ ചേര്‍ന്ന് നിസ്‌കരിച്ചാലും സാധുവാകും. എങ്കിലും അങ്ങനെ ചെയ്യുന്നത് അനഭിലഷണീയമാണ്(കറാഹത്). രണ്ടു റക്അതില്‍ കൂടുതല്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലാണ് നിസ്‌കാരം ഇടക്കു വച്ചവസാനിപ്പിച്ച ശേഷം ജമാഅതില്‍ പങ്കെടുക്കല്‍ പുണ്യമുള്ളത്. അതിനേക്കാള്‍ കുറഞ്ഞ ഭാഗമാണ് അവശേഷിക്കുന്നതെങ്കില്‍ നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം ജമാഅതില്‍ പങ്ക് ചേരലാണ് സുന്നത്ത്. പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് ഫര്‍ള് നിസ്‌കാരത്തില്‍ പ്രവേശിച്ച ശേഷം അതില്‍ നിന്ന് പുറത്തു പോകുന്നതിന് അനുവാദമുള്ളത്. വൃഥാ പുറത്തു പോകുന്നത് അനുവദനീയമല്ല. നിസ്‌കാരം ഇടക്ക് വെച്ചവസാനിപ്പിച്ച ശേഷം ജമാഅതില്‍ ചേര്‍ന്നാല്‍ നിസ്‌കാരം പൂര്‍ണമായും സമയത്ത് ലഭിക്കുമെങ്കിലാണ് ഇടക്ക് വെച്ചവസാനിപ്പിച്ച ശേഷം ജമാഅതില്‍ ചേരല്‍ സുന്നത്തുള്ളത്. തനിച്ച് ആരംഭിച്ച നിസ്‌കാരം ഇടക്കു വെച്ച് നിര്‍ത്തി ശേഷം ആരംഭിച്ച ജമാഅതില്‍ പങ്കെടുത്താല്‍ സമയത്ത് നിസ്‌കാരം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലെന്നു കണ്ടാല്‍ അങ്ങനെ ചെയ്യല്‍ നിഷിദ്ധമാണ്. സമയത്ത് നിസ്‌കരിക്കല്‍ നിര്‍ബന്ധവും ജമാഅത് സുന്നത്തുമാണെന്നതാണ് കാരണം.

സ്വഫ്ഫിലെ (നിര) വിടവുകള്‍ തീര്‍ത്ത് തോളോട് ചേര്‍ന്ന് അണിയൊപ്പിച്ച് വേണം സംഘ നിസ്‌കാരത്തിനായി നില്‍ക്കുന്നത്. നെഞ്ചും, ചുമലും തടവിക്കൊണ്ട് സ്വഫ്ഫിന്റെ ഒരുഭാഗം മുതല്‍ മറു ഭാഗം വരെയുള്ള വിടവുകള്‍ തിരുനബി(സ) തീര്‍ത്തിരുന്നു (അബൂദാവൂദ്, നസാഈ). “വിതാനമൊപ്പിച്ച് നിങ്ങള്‍ അണിനിരക്കുക. തീര്‍ച്ച അണിയൊപ്പിച്ച് നില്‍ക്കല്‍ നിസ്‌കാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ പെട്ടതാണ്’ (ബുഖാരി, മുസ്‌ലിം). “അണിയൊപ്പിച്ചു നില്‍ക്കല്‍ മുറപോലെ നിസ്‌കരിക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശത്തില്‍ പെട്ടതാണ്’ (ബുഖാരി). “നിങ്ങള്‍ അണിയൊപ്പിച്ച് നില്‍ക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാകും (ബുഖാരി, മുസ്‌ലിം). “അണിയൊപ്പിച്ച് നില്‍ക്കല്‍ നിസ്‌കാരത്തിന്റെ സൗന്ദര്യത്തില്‍ പെട്ടതാണ്’ (മുസ്‌ലിം). “നേരെ നില്‍ക്കുക, ചിതറിപ്പോകരുത്. അത് നിങ്ങളുടെ മനസ്സുകള്‍ ചിതറിപ്പോകാന്‍ കാരണമാകും’ (മുസ്‌ലിം). തുടങ്ങിയ ധാരാളം വചനങ്ങളിലൂടെ അണിയൊപ്പിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരുനബി(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

മഅ്മൂമുകളായി ഒന്നിലധികമാളുകളുണ്ടെങ്കില്‍ ഇമാമിന് പിറകില്‍ അണിയായി നില്‍ക്കുകയാണ് വേണ്ടത്.

മഅ്മൂമായി ഒരു പുരുഷന്‍ മാത്രമാണുള്ളതെങ്കില്‍ ഇമാമിന്റെ അല്‍പം പിറകിലായി വലതുവശം ചേര്‍ന്ന് നില്‍ക്കണം. ശേഷം മറ്റൊരാള്‍ കൂടി വന്നാല്‍ സാധിക്കുമെങ്കില്‍ അപ്രകാരം ഇമാമിന്റെ ഇടതു വശത്ത് നിന്ന് തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുകയും ശേഷം രണ്ടുപേരും ഒരു സ്വഫ്ഫായി മാറും വിധം ഇമാം അല്‍പം മുന്നോട്ട് കേറി നില്‍ക്കുകയോ രണ്ടു പേരും ഇറങ്ങി നില്‍ക്കുകയോ വേണം. മഅ്മൂമുകള്‍ രണ്ടു പേരുംഇറങ്ങി നില്‍ക്കുന്നതാണ് ഉത്തമം. പിറകിലേക്കിറങ്ങി നില്‍ക്കാന്‍ സാധിക്കുകയില്ല എങ്കില്‍ ഇമാം കയറി നില്‍ക്കുകയാണ് വേണ്ടത്. രണ്ടാമത് വന്നയാള്‍ക്ക് ഇമാമിന്റെ ഇടതു ഭാഗത്ത് നില്‍ക്കാന്‍ സാധിച്ചില്ല എങ്കില്‍ പിറകില്‍ നിന്ന് ഇഹ്‌റാം ചെയ്യുകയും വലതു വശത്തുള്ളയാള്‍ പിറകിലേക്ക് ഇറങ്ങി നില്‍ക്കുകയുമാണ് വേണ്ടത്. ഖിയാം, റുകൂഅ്, ഇഅ്തിദാല്‍ എന്നിവയിലാകുമ്പോഴാണ് കയറി നില്‍ക്കാനും ഇറങ്ങിനില്‍ക്കാനും സാധ്യമാകുന്നത്. മറ്റു കര്‍മങ്ങളിലാണുള്ളതെങ്കില്‍ എഴുന്നേല്‍ക്കുന്നത് വരെ മുന്നോട്ട് നീങ്ങുകയോ പിന്നോട്ട് വലിയുകയോ ചെയ്യാന്‍ പാടില്ല. മഅ്മൂമായി ഒരു സ്ത്രീയാണുള്ളതെങ്കിലും ഒന്നില ധികം സ്ത്രീകളുണ്ടാകുമ്പോഴും അവര്‍ ഇമാമിന്റെ പിറകിലായാണ് നില്‍ക്കേണ്ടത്. ഒരു പുരുഷനും സ്ത്രീയുമാണെങ്കില്‍ പുരുഷന്‍ ഇമാമിന്റെ വലതു വശത്തും സ്ത്രീ പുരുഷന്റെ പിറകിലുമാണ് നില്‍ക്കേണ്ടത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാകുമ്പോള്‍ പുരുഷന്മാര്‍ ഇമാമിന് പിറകില്‍ അണി നിരക്കുകയും സ്ത്രീ അവര്‍ക്ക് പിറകില്‍ നില്‍ക്കുകയുമാണ് വേണ്ടത്. പുരുഷന്മാരും, സ്ത്രീകളും, ഭിന്ന ലിംഗത്തില്‍ പെട്ടവരും കുട്ടികളുമുണ്ടെങ്കില്‍ ആദ്യം പുരുഷന്മാരും അവര്‍ക്ക് പിറകില്‍ കുട്ടികളും പിന്നിലായി ഭിന്നലിംഗത്തില്‍ പെട്ടവരും അവര്‍ക്ക് പിറകില്‍ സ്ത്രീകളും അണിനിരക്കണം. പുരുഷന്‍ ഇമാമായിരിക്കുമ്പോഴാണ് സ്ത്രീ പിറകില്‍ നില്‍ക്കേണ്ടത്. സ്ത്രീയാണ് മറ്റു സ്ത്രീകള്‍ക്ക് ഇമാമായി നില്‍ക്കുന്നതെങ്കില്‍ സ്വഫ്ഫിന്റെ മധ്യഭാഗത്ത് മഅ്മൂമുകള്‍ക്ക് അല്‍പം മുന്നിലായാണ് നില്‍ക്കേണ്ടത്.
മഅ്മൂം ഒറ്റക്ക് ഒരു സ്വഫ്ഫില്‍ നില്‍ക്കല്‍ കറാഹതാണ്. അവനോ മറ്റുള്ളവര്‍ക്കോ പ്രയാസമാകാത്ത വിധം മുമ്പിലുള്ള സ്വഫ്ഫില്‍ നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ അഥവാ മുമ്പിലുള്ള സ്വഫ്ഫില്‍ അതിന് ആവശ്യമായ സ്ഥലമുണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്ത് നില്‍ക്കുകയും അല്ലാത്തപക്ഷം ഇഹ്‌റാം ചെയ്ത ശേഷം കൂടെ നില്‍ക്കാനായി തൊട്ടു മുമ്പിലുള്ള സ്വഫ്ഫില്‍ നിന്ന് ഒരാളെ പിറകിലേക്ക് വലിക്കുകയും ചെയ്യുകയാണ് വേണ്ടത്. സഹകരിക്കുമെന്ന് പ്രതീക്ഷയുണ്ടങ്കിലാണ് മുന്നിലെ സ്വഫ്ഫില്‍ നിന്ന് ഒരാളെ പിറകിലേക്ക് വലിക്കേണ്ടത്. അല്ലാത്തപക്ഷം അപ്രകാരം ചെയ്തു കൂടാ. തക്ബീറതുല്‍ ഇഹ്‌റാമിന് മുമ്പ് മുമ്പിലെ സ്വഫ്ഫില്‍ നിന്ന് ആളുകളെ വലിക്കുന്നതും, മുമ്പിലെ സ്വഫ്ഫില്‍ രണ്ടാളുകള്‍ മാത്രമുള്ളപ്പോള്‍ അങ്ങനെ ചെയ്യലും നിഷിദ്ധമാണ് (തുഹ്ഫ 2/3 06, 312 നിഹായ 2/191, 198). തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലുന്നതിന് മുമ്പ് കൂടെ നില്‍ക്കാന്‍ ആളെ വലിക്കല്‍ കറാഹതാണെന്ന വീക്ഷണവുമുണ്ട്.
ഒരേ വര്‍ഗത്തില്‍ പെട്ട ഒന്നിലധികം മഅ്മൂമുകളുണ്ടാകുമ്പോഴാണ് തനിച്ച് നില്‍ക്കല്‍ കറാഹതുള്ളത്. മഅ്മൂമായി മറ്റു പുരുഷന്മാര്‍ / സ്ത്രീകള്‍ / ഭിന്ന ലിംഗത്തില്‍ പെട്ടവര്‍ ഇല്ലാതിരിക്കുമ്പോള്‍ തനിച്ചാണ് അവര്‍ നില്‍ക്കേണ്ടത്.

ഇമാമിനും മഅ്മൂമിനുമിടയിലും സ്വഫ്ഫുകള്‍ക്കിടയിലും മൂന്നു മുഴത്തേക്കാള്‍ അകലമില്ലാതിരിക്കുക, ഇമാം ഒരു കര്‍മത്തില്‍ എത്തിച്ചേരുന്നതിന് മുമ്പ് മഅ്മൂം പ്രസ്തുത കര്‍മം ആരംഭിക്കാതിരിക്കുക, ഇമാം അതില്‍ നിന്ന് വിരമിക്കുന്നതു വരെ പിന്താതിരിക്കുക, ഫാതിഹ, തശഹുദ് എന്നിവയില്‍ ഇമാമിനെ മുന്‍ കടക്കാതിരിക്കുക, ഇമാമിന്റെ റുകൂഇന് മുമ്പ് ഫാതിഹ പാരായണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിചാരിക്കുമ്പോള്‍ ഇമാമിന്റെ ഫാതിഹ അവസാനിക്കുന്നത് വരെ ഫാതിഹയില്‍ പ്രവേശിക്കാതിരിക്കുക, ഇമാമിന്റെ റുകൂഇനു മുമ്പ് ഫാതിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കണ്ടാല്‍ ആദ്യ തശഹുദ് പൂര്‍ത്തിയാക്കാനായി പിന്തുക തുടങ്ങിയ കാര്യങ്ങളും ജമാഅതിന്റെ മര്യാദകളില്‍ പെട്ടതാണ്.

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login