നേരംപോക്കുത്സവമല്ല, നേരുറപ്പിന്റെ പ്രകാശനമാകയാൽ

നേരംപോക്കുത്സവമല്ല,  നേരുറപ്പിന്റെ  പ്രകാശനമാകയാൽ

29 സംവാദ വർഷങ്ങൾ.
29 സാഹിത്യ വർഷങ്ങൾ.
29 സാംസ്‌കാരിക വർഷങ്ങൾ.
29 സാഹിത്യോത്സവ് വർഷങ്ങൾ.

ഒരു വിദ്യാർഥി സംഘടനയുടെ ആസൂത്രണവും പ്രയോഗവും. ആദിമാന്ത്യം പ്രസ്ഥാന പ്രവർത്തകരാൽ നയിക്കപ്പെടുകയും നടത്തപ്പെടുകയും ചെയ്യുന്ന കലാമേള. നിരന്തരം നവീകരിക്കപ്പെടുന്ന ബൗദ്ധികപ്രയത്നം. മലയാളത്തിലെ പല തലമുറകളിലെ സാഹിത്യകാരന്മാരുടെ സംഗമവേദി. പുസ്തകവിചാരങ്ങളുടെയും ആശയസംവാദങ്ങളുടെയും ഇടം. വരയിലും വരിയിലും നിറയുന്ന പോരാട്ടവീറ്. ഒച്ചകളെ ഭയക്കുന്ന ഫാഷിസത്തെ കലയൊച്ചകൾകൊണ്ട് അലോസരപ്പെടുത്തുന്ന സർഗപ്രക്രിയ. കലയ്ക്കും ഇച്ഛാശക്തിയുണ്ടന്ന് അരക്കുരുക്കിയൊഴിച്ചുറപ്പിക്കുന്ന രാഷ്ട്രീയസന്ദർഭം.
എസ്എസ്എഫ് സാഹിത്യോത്സവിനെ കുറിച്ചാണ് പറയുന്നത്. ആമുഖവചനങ്ങളുടെ അലങ്കാരങ്ങളും ചമയങ്ങളും ഇല്ലാതെതന്നെ മലയാളികൾക്ക് സാഹിത്യോത്സവ് പരിചിതമാണ്. നമ്മുടെ സാംസ്കാരികപ്രവർത്തനത്തിന്റെ സാമ്പ്രദായിക വഴികളിലൂടെ സഞ്ചരിച്ചതല്ല സാഹിത്യോത്സവിന്റെ ചരിത്രവും വർത്തമാനവും. സാമ്പ്രദായികതയോട് കലഹിക്കാതെ തന്നെ സമാന്തരമായ, അതേസമയം സ്വതന്ത്രമായ വഴി കണ്ടെത്തി എസ് എസ് എഫ്. അത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നല്ല, അതീവ ദുഷ്കരവുമായിരുന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആമുഖ ഖണ്ഡികയുടെ ആദ്യവചനങ്ങളിൽ നിങ്ങൾ വായിച്ചത്.

എസ് എസ് എഫ് ഒരു വിദ്യാർഥിസംഘടനയാണ്. വലിയ ഉത്തരവാദിത്വങ്ങളിലേക്ക് എടുത്തുചാടാൻ കഴിയുന്നതല്ല വിദ്യാർഥികാലം. അനുകൂല ഘടകങ്ങളെക്കാൾ അനേകമിരട്ടി പ്രാതികൂല്യങ്ങൾ മുന്നിൽ വന്നുകുമിയുന്ന കാലമാണ്. കാലിടറിയാൽ കയറിപ്പോരാൻ പ്രയാസപ്പെടും. കാലുവെച്ചു വീഴ്ത്താൻ പ്രതിയോഗികൾ തലപുകയ്ക്കുന്ന കാലത്ത് ആസൂത്രണവും പ്രയോഗവും കുറ്റമറ്റതാകുകയെന്നത് അനിവാര്യമാണ്. എസ് എസ്എഫിന്‌ അത് സാധിച്ചു എന്നതാണ് സാഹിത്യോത്സവിന്റെ തികവ്. പല ഘടകങ്ങളെ ഒരുമിപ്പിച്ചുകൊണ്ടു മാത്രമേ സാഹിത്യോത്സവ് സംഘടിപ്പിക്കാനാവൂ. പ്രവർത്തകർ പ്രതിഭകളെ തേടിച്ചെന്നു. അവർക്ക് വേദിക്കൊപ്പം പരിശീലനവും നൽകി. താഴെത്തട്ടിലെ സംഘാടകർ മേൽഘടകത്തിൽ മത്സരാർഥികളായി. കഴിവും കർമവും ഒന്നായൊഴുകി. അവർ പാടി, പ്രസംഗിച്ചു, ഉപന്യസിച്ചു, ചിത്രം വരച്ചു, കഥ പറഞ്ഞു, കവിതചൊല്ലി, മൗലിദോതി…

സാഹിത്യോത്സവിനെ കലകളുടെ ആവിഷ്കാരം എന്ന നിലയിലല്ല, സാംസ്കാരികമായ ആദാനപ്രദാനം എന്ന വിശാലമായ ക്യാൻവാസിൽ വായിക്കേണ്ടതുണ്ട്. മനുഷ്യന് സ്വയം പ്രകാശിക്കാൻ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല, സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളിലൂടെ കൂടിയാണ്. അളന്നെടുക്കാനാകാത്ത ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തുറവിയിലേക്ക് ഒരു സമുദായമൊന്നാകെ സഞ്ചരിച്ചെത്തിയതിന്റെ/ എത്തിച്ചതിന്റെ ചരിത്രമാണ് സാഹിത്യോത്സവിന്റേത്. വലിയ സർഗാത്മകപരിശ്രമങ്ങളും പരീക്ഷണങ്ങളും കൊണ്ട് ഭൂതകാലത്തെ പ്രസന്നമാക്കിയ ഒരു വിഭാഗം വേരുകളിലേക്കിറങ്ങിച്ചെന്നു എന്നും വായിക്കാവുന്നതാണ്. മലബാർസമരം ബാക്കിവെച്ച ജീവിതദുരിതങ്ങൾ നീന്തിക്കടക്കാനെടുത്ത കഠിനകാലംആ സർഗവൃത്തിക്ക് ഇടവേള നൽകി. ശേഷിക്കുന്ന തരിവെളിച്ചം തല്ലിക്കെടുത്താൻ സലഫിസം വരണ്ടസിദ്ധാന്തങ്ങളെ കൂടു തുറന്നുവിട്ടു. മൗലിദ്, മാല, സ്വലാത്, മദ്ഹ് ഗീതങ്ങൾ-അങ്ങനെ എല്ലാത്തിനുമെതിരെ അവർ കൈക്കോടാലിയുമായി ഇറങ്ങി. അത്തരം വീടുകളുടെ മുന്നിൽ അവർ ശിർക്കിന്റെ ഇണ്ടാസ് പതിപ്പിച്ചു. പണവും പ്രതാപവുംകളത്തിലിറക്കി, പ്രമാണിമാർ മുഫ്തി ചമഞ്ഞു, രാഷ്ട്രീയാധികാരം അവർക്ക് മുമ്പിൽ ശിരസ്സ് താഴ്ത്തിനിന്നു. എന്നിട്ടും സമുദായത്തിലെ ചെറുന്യൂനപക്ഷത്തിനപ്പുറത്തേക്ക് അവർക്ക് വളരാനും പടരാനും കഴിഞ്ഞില്ല. അവർ കെടുത്താൻ ശ്രമിച്ച വിളക്കുകളിൽ എണ്ണ നിറച്ച് പ്രകാശിപ്പിച്ചു സുന്നി പണ്ഡിതന്മാർ. വിശുദ്ധമായ ആ വിളക്കുകൾ വീടകങ്ങളിൽ നിന്ന് തെരുവിലേക്കും പൊതുമണ്ഡലത്തിലേക്കും കൊണ്ടുവന്നു എസ് എസ് എഫ് സാഹിത്യോത്സവ്. ബുർദയും മാലയും, അറബനയും ദഫും, മാപ്പിളപ്പാട്ടും സൂഫി ഗീതങ്ങളും… അങ്ങനെയങ്ങനെ സലഫിസം തീണ്ടാപ്പാടകലെ നിർത്തിയ സകല മാപ്പിള കലകളെയും പൊതുസമൂഹത്തിനു മുമ്പിൽ കൊണ്ടുനിർത്തി സാഹിത്യോത്സവ്. പൊതുസമൂഹം മാപ്പിളയെ അറിഞ്ഞു, അവരിലെ സാംസ്‌കാരിക പ്രകാശനങ്ങളെ അറിഞ്ഞു. വരണ്ട ഭൂഖണ്ഡമല്ല ഇസ്‌ലാമെന്ന്, കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറയല്ല മുസ്‌ലിം ജീവിതമെന്ന് അവർ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞു. കഥ കലയായി, കല മൂല്യമായി, മൂല്യം മതമായി, മതം സർഗാത്മകമായി.
സാഹിത്യോത്സവിലെ ആദ്യത്തെ കുറഞ്ഞ വർഷങ്ങൾ മദ്രസകളിലോ സമാന സൗകര്യമുള്ള കെട്ടിടങ്ങളിലോ ആണ് മത്സരങ്ങൾ നടന്നത്. കുറഞ്ഞ ഇനങ്ങൾ, കുറച്ചു മത്സരാർഥികൾ, ഏതാനും മണിക്കൂറുകൾ, ചെറിയ സംവിധാനങ്ങൾ. അന്ന് മദ്‌റസകൾ മതിയായിരുന്നു. കാലം മാറി. ഇന്ന് ഒരു മദ്‌റസക്കും ഉൾകൊള്ളാൻ കഴിയാത്ത വിധം മത്സരങ്ങൾ വിപുലപ്പെട്ടു, സാഹിത്യോത്സവ് നവീകരിക്കപ്പെട്ടു. ഒരു വേദിയിൽ നിന്ന് പതിനഞ്ചു വേദികളിലേക്കും 12 മണിക്കൂറിൽ നിന്ന് 60 മണിക്കൂറിലേക്കും സാഹിത്യോത്സവ് വികാസപ്പെട്ടു.

സാഹിത്യോത്സവ് അരങ്ങിന്റെ മാത്രം ആഘോഷമല്ല, അണിയറയുടെ ആവിഷ്കാരം കൂടിയാണ്. അരങ്ങിൽ കാണുന്ന പ്രതിഭകളെക്കാൾ എത്രയോ മടങ്ങ് പ്രതിഭാധനരായ സംഘാടകർ അണിയറയിൽ ഉണർന്നിരിക്കുന്നത് കൊണ്ടാണ് സാഹിത്യോത്സവ് ഇവ്വിധം മനോഹരമായിത്തീരുന്നത്. ഫാമിലി തലം മുതൽ ദേശീയതലം വരെ എത്തുന്ന ഓരോ സാഹിത്യോത്സവും വ്യത്യസ്തമായ അനുഭൂതിയാണ് സമ്മാനിക്കാറുള്ളത്. പോയവർഷത്തെ സാഹിത്യോത്സവിന്റെ തനിയാവർത്തനമല്ല ഈ വർഷത്തെ സാഹിത്യോത്സവ്. ഓരോ വർഷവും നവീകരിക്കപ്പെടുന്നു എന്നതാണ് സാഹിത്യോത്സവിന്റെ പ്രത്യേകത. കൊവിഡ് കാലത്തും സാഹിത്യോത്സവിന് അവധിയുണ്ടായില്ല. വാക്കുകളെയും വരകളെയും വിശ്രമത്തിനു വിടാതെ പൊതുമണ്ഡലത്തിലേക്ക് തുറന്നുവിട്ട് ആശയങ്ങൾ കൊണ്ട് അതിജയിക്കാനുള്ള ആത്മവിശ്വാസമാർജിക്കാൻ പുതുതലമുറയെ പ്രാപ്തമാക്കുകയായിരുന്നു സാഹിത്യോത്സവ്. നാടിനു വേണ്ടി ഒരു തലമുറ ഉണർന്നിരിക്കുന്നു എന്നതിന്റെ സർഗസാക്ഷ്യമാണ് സാഹിത്യോത്സവുകൾ.

മാനവവിഭവത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന സംഘാടനമാണ് സാഹിത്യോത്സവിന്റെ മറ്റൊരു സവിശേഷത. സാഹിത്യോത്സവ് വലിയ മനുഷ്യധ്വാനം ആവശ്യപ്പെടുന്ന പരിപാടിയാണ്. മതിയായ അളവിൽ ശരിയായ നേരത്ത് അത് സംഭവിക്കുക എന്നത് ഏതു പരിപാടിയുടെയും വിജയത്തിന്റെ മുന്നുപാധിയാണ്. പ്രദേശത്തിന്റെ തിരഞ്ഞെടുപ്പ് മുതൽ ആരംഭിക്കുന്ന സാഹിത്യോത്സവിന്റെ സംഘാടന ഘട്ടങ്ങൾ വീഴ്ചകളില്ലാതെ പൂർത്തീകരിക്കപ്പെടണം.അതിനു വിവിധ കഴിവുകളുടെയും നൈപുണികളുടെയും സംയോജനം സാധ്യമാകണം. സാമ്പത്തികപിന്തുണ ഉണ്ടായതുകൊണ്ടായില്ല, സാമൂഹികമായ ചേർന്നുനില്പ് ഓരോഘട്ടത്തിലും കൂടിയേ തീരൂ. സാഹിത്യോത്സവിന്റെ ജനകീയതയെ നിർണയിക്കുന്നത് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ ഈ ചേർന്നുനില്പാണ്.

സാഹിത്യോത്സവിന്റെ രാഷ്ട്രീയമാണ് പരാമർശമർഹിക്കുന്ന മറ്റൊരു കാര്യം. ആ രാഷ്ട്രീയം ഗുപ്തമല്ല. അത് തെളിവുള്ളതാണ്, തെളിച്ചമുള്ളതാണ്. സമഗ്രാധിപത്യത്തോടും അതിന്റെ ബഹുവിധ സംഘടനാരൂപങ്ങളോടും വിട്ടുവീഴ്ചയില്ലെന്ന തുറന്ന പ്രഖ്യാപനമാണത്. അവർക്ക് പുസ്തകങ്ങളെ തീയിടാനായേക്കും, ആശയങ്ങളെ സംഹരിക്കാനാകില്ല. അവർക്ക് എഴുത്തുകാരെ ഇല്ലാതാക്കാനാകും, പേനയുടെ മുനയൊടിക്കാനാകില്ല. അവർക്ക് മാധ്യമങ്ങളെ വരുതിയിലാക്കാനാകും, തലച്ചോറുകളെ വിലക്കെടുക്കാനാകില്ല. അവരുടെ കയ്യിൽ ആയുധമുണ്ട്, അധികാരമുണ്ട്. മറുചേരിയിൽ നിൽക്കുന്നവരുടെ കയ്യിൽ പൂക്കളുണ്ട്, ആശയങ്ങളുണ്ട്. അധികാരത്തിന് വ്യക്തികളെ ജയിലിലടയ്ക്കാം, വാക്കുകൾ വിലക്കാം. പക്ഷേ, ആശയങ്ങളെ തുറുങ്കിലിടാനാകില്ല, തലച്ചോറുകൾക്ക് കയ്യാമം വെക്കാനുമാകില്ല. ആയുധത്തെ ആശയംകൊണ്ട് ജയിക്കൂ എന്നതാണ്, അക്രമങ്ങളെ ജനാധിപത്യം കൊണ്ട് ചെറുക്കൂ എന്നതാണ് സാഹിത്യോത്സവിന്റെ രാഷ്ട്രീയാഹ്വാനമെന്നു സംഗ്രഹിക്കാം. സംവാദാത്മകമാണ് അതിന്റെ ഭാഷ, ഉണർച്ചയാണ് അതിന്റെ താളം. ഉദ്ഗ്രഥനമാണ് അതിന്റെ ലക്ഷ്യം.

സാഹിത്യോത്സവ് വേദികളിൽ നിന്ന് മികവ് തെളിയിച്ച് ഇറങ്ങിവരുന്ന കൂട്ടുകാരുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ? ജീവിതത്തിൽ എന്നേക്കുമുള്ള ഊർജം അവരിൽ നിറച്ചുവെയ്ക്കുന്നുണ്ട് സാഹിത്യോത്സവ്. കാമ്പസുകളിലും പുറത്തും സംഘടനക്ക് വേണ്ടി മുഷ്ടിചുരുട്ടുന്നവരായി അവർ മാറിയിട്ടുണ്ട്. ആ കവാടത്തിലൂടെ കടന്നുവന്ന എത്രയോ കൂട്ടുകാർ സംഘടനയുടെ നേതൃപഥങ്ങളിലുമുണ്ട്. ആ നിലക്ക് ഇതൊരു നേരമ്പോക്കുത്സവം അല്ല. ആണ്ടിലൊരിക്കൽ നടത്തപ്പെടുന്ന വെറുമൊരു ചടങ്ങുമല്ല. മഴയുള്ള നേരം നോക്കി സംഘാടകർ വിത്തിറക്കുകയാണ്. അതിൽ നിന്ന് അനേകം നൻമ മരങ്ങൾ മുളപൊട്ടും, അത് വളരും, പടരും, സമൂഹത്തിന് തണലേകും. അതാണനുഭവം. അതുതന്നെയാണ് ഈ കലാമത്സരത്തെ അനിവാര്യമാക്കിത്തീർക്കുന്നത്. ഇവിടെ ഒരു വാക്കും പാഴാകുന്നില്ല, ഒരു വരയും പതിരാകുന്നില്ല. ഒരിടപെടലും പൊള്ളയാകുന്നില്ല. എല്ലാം സൂക്ഷ്മമായാണ് പ്രയോഗിക്കപ്പെടുന്നത്. കുറിക്കുകൊള്ളണമെന്ന നിശ്ചയമുണ്ട്, അതിനുള്ള ഇച്ഛാശക്തിയുണ്ട്. ഈ പ്രയത്നം സഫലമായെന്നു പറയുന്നത്, കേരളത്തിന്റെ സാംസ്കാരികമുഖങ്ങളാണ്. അത് വെറും പറച്ചിലായല്ല, അനുഭവങ്ങളുടെ കയ്യൊപ്പായിത്തന്നെ വായിക്കുക.

മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login