അഭിപ്രായവ്യത്യാസമല്ല, വിശാലതയാണത്

അഭിപ്രായവ്യത്യാസമല്ല,  വിശാലതയാണത്

ഒരേ ജഡ്ജി തന്നെ വ്യത്യസ്തസമയങ്ങളിൽ ഒരൊറ്റ നിയമത്തെ വ്യത്യസ്തരൂപങ്ങളിൽ വ്യാഖ്യാനിക്കുന്നത് സാർവത്രികമാണ്. തന്റെ വിധിയെത്തന്നെ റിവ്യൂ ഹരജിയിലൂടെയോ മറ്റോ മാറ്റിപ്പറയാൻ അദ്ദേഹം സന്നദ്ധമാകുന്നു. സമൂഹം അത് ഒന്നടങ്കം ഏറ്റെടുക്കുന്നു. ഒരൊറ്റ നിയമത്തെ രണ്ടു ജഡ്ജിമാർ ഒരേ സമയം തന്നെ വ്യത്യസ്ത രൂപത്തിൽ വ്യാഖ്യാനിച്ച് വ്യത്യസ്ത വിധികൾ പ്രസ്താവിക്കുന്നു. ഈ രണ്ട് വിധിയും നിയമലോകത്ത് സ്വീകരിക്കപ്പെടുന്നു. ഇപ്രകാരം ഒരു രോഗിക്ക് തന്നെ രണ്ടു ഡോക്ടർമാർ വ്യത്യസ്ത മരുന്നുകൾ എഴുതാറുണ്ട്. ഒരേ രോഗത്തിനും എഴുതാറുണ്ട്. ഒരു ഡോക്ടർ തന്നെ വ്യത്യസ്ത സമയങ്ങളിൽ മരുന്നുകൾ മാറ്റി എഴുതുന്നതും നിലവിലുണ്ട്. ഇതൊന്നും ആക്ഷേപിക്കപ്പെടാറില്ല. ഖണ്ഡിതമായ തീരുമാനങ്ങളോ, നിയമങ്ങളോ, മരുന്നുകളോ ഇല്ലാത്തയിടങ്ങളിൽ ഇതെല്ലാം സ്വാഭാവികവും പലപ്പോഴും അനിവാര്യവുമാണ്‌. ഇപ്രകാരം തന്നെയാണ് ഇസ്‌ലാമിക നിയമശാസ്ത്രവും. നേരത്തെ വിശദീകരിച്ചതുപോലെ, ഉസ്വൂലുകൾ അഥവാ മതത്തിന്റെ വിശ്വാസ കാര്യങ്ങൾ, അനിവാര്യമായും അറിയപ്പെട്ട കാര്യങ്ങൾ, ഖണ്ഡിതമായ തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങൾ ഇവയിലൊന്നും ഇജ്തിഹാദ് പാടില്ല; ആധികാരിക പണ്ഡിതരാരും ഇജ്തിഹാദ് നടത്തിയിട്ടുമില്ല. എന്നാൽ ഉമ്മത്തിന്‌ അയവും വിശാലതയും നൽകാൻ വേണ്ടി ശാഖാപരമായ കാര്യങ്ങളിൽ ഖണ്ഡിതമായ തീരുമാനങ്ങൾ വന്നില്ല. അവയിൽ ഇജ്തിഹാദ് അനിവാര്യമാണ്. സ്വാഭാവികമായും അർഹതയുള്ളവർ നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോൾ എതിരഭിപ്രായങ്ങൾ വരും. അത് നിയമങ്ങളുടെ ഭംഗിയും നിയമ വിശാരദർക്ക് അലങ്കാരവുമാണ്. കൂടാതെ നിയമം അനുസരിക്കുന്നവർക്ക് ആശ്വാസവും സന്തോഷകരവുമാണ്.

ഇത്തരം ഇജ്തിഹാദിയ്യായ കാര്യങ്ങളാണ് ഇസ്‌ലാമിൽ കൂടുതലും. നബി (സ്വ) ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: “”ഹലാല് വ്യക്തമാണ്; ഹറാമും വ്യക്തമാണ്. അത് രണ്ടിനുമിടയിൽ ധാരാളം അവ്യക്തമായ കാര്യങ്ങളുണ്ട്. മഹാഭൂരിപക്ഷം പേർക്കും അതറിയില്ല”(1). ഈ അവ്യക്തമായ കാര്യങ്ങളിൽ അല്ലാഹുവിന്റെ ഹുക്മ് എന്താണെന്നു മനസ്സിലാക്കാൻ ഇജ്തിഹാദിനു യോഗ്യതയുള്ളവർ മുഴുവൻ മാനദണ്ഡങ്ങളും അധ്വാനവും ഉപയോഗിച്ച് ഇജ്തിഹാദ് ചെയ്യുന്നു. തദ്വാര മുജ്തഹിദ് ഒരു നിഗമനത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു. അതോടുകൂടി അദ്ദേഹം പഠനവും അധ്വാനവും നിർത്തുന്നില്ല. വീണ്ടും വീണ്ടും പഠനം നടത്തുകയും പുതിയ ഹദീസുകൾ സ്വീകരിക്കുകയും സമാനരായ മുജ്തഹിദുകളുമായി സംവാദം നടത്തുകയും ചെയ്യുന്നു. അദ്ദേഹം പുതിയൊരു അഭിപ്രായത്തിലെത്താനുള്ള സാധ്യത അതിവിദൂരമല്ല. നേരത്തെ പറഞ്ഞതുപോലെ ഇന്നും എല്ലാ മേഖലകളിലും ഗവേഷണങ്ങളുടെയും(2) വിധിപ്രസ്താവങ്ങളുടെയും സ്വഭാവവും ഇതാണല്ലോ(3). ഇങ്ങനെ യോഗ്യനായ ഒരു മുജ്തഹിദ് (മുത്വ് ലഖ് മുജ്തഹിദ്) രണ്ടു സമയത്ത് അദ്ദേഹത്തിനുകിട്ടിയ വിജ്ഞാനങ്ങളുടെ ബലത്തിൽ രണ്ടഭിപ്രായം പറഞ്ഞേക്കും(4). രണ്ടു മുജ്തഹിദുകൾ തമ്മിൽ അഭിപ്രായാന്തരങ്ങൾ ഉണ്ടായേക്കും. മുത്വ് ലഖ് മുജ്തഹിദുകൾ പറഞ്ഞുവെച്ച കാര്യങ്ങൾ ശേഷമുള്ളവർ വിശദീകരിക്കുമ്പോൾ വ്യത്യസ്ത വ്യാഖ്യാനങ്ങൾ വന്നേക്കും-എല്ലാം ഉമ്മത്തിന്‌ അനുഗ്രഹവും ഇസ്‌ലാമിന്റെ സൗന്ദര്യവുമാണ്. ഒരു മുജ്തഹിദ് തന്നെ രണ്ടഭിപ്രായങ്ങൾ പറയുമ്പോൾ ആദ്യ അഭിപ്രായം ഖദീം എന്ന പേരിലും രണ്ടാം അഭിപ്രായം ജദീദ് എന്ന പേരിലും അറിയപ്പെടുന്നു(5). ഓരോ മുജ്‌തഹിദും ഒന്നുപോലുമൊഴിയാതെ എല്ലാം പഠിച്ചതിനു ശേഷം ഈ ഉമ്മത്തിന്‌ വിധിവിലക്കുകളുടെ സമാഹാരം അഥവാ ഫിഖ്ഹ് നൽകാമെന്ന് ആരും പറയില്ല. അത് നടക്കുകയുമില്ല. നടന്നിട്ടുമില്ല. ഏറ്റവും വലിയ യോഗ്യരും വിവരമുള്ളവരും അവരുടെ പരമാവധി കഴിവനുസരിച്ച് ഇജ്തിഹാദ് ചെയ്യുന്നു; അങ്ങനെ മദ്ഹബുകൾ രൂപപ്പെടുന്നു. ഒരഭിപ്രായത്തിലെത്തിയതിനു ശേഷം വീണ്ടും പഠിക്കാൻ പാടില്ലെന്ന വിശ്വാസവും ആർക്കുമുണ്ടാവില്ല. അത്തരമൊരഭിപ്രായം ലോകക്രമമോ യുക്തിഭദ്രമോ അല്ല.
ഇത്തരം അഭിപ്രായാന്തരങ്ങൾ വരുന്ന കാര്യങ്ങളിൽ യഥാർത്ഥ വിധി അഥവാ അല്ലാഹുവിന്റെയടുത്തുള്ള വിധി എന്തായിരിക്കുമെന്ന സംശയം പ്രസക്തമാണ്. ഉസ്വൂലുൽ ഫിഖ്‌ഹും ഇസ്‌ലാമിക കർമശാസ്ത്രവുമെല്ലാം ഇത് വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അല്ലാഹുവിന് ഒരു വിഷയത്തിൽ ഒരൊറ്റ വിധി മാത്രമേ പാടുള്ളൂവെന്ന ചിന്ത ആദ്യമേ മനസ്സിൽ കുടിയിരുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു സംശയം ജനിക്കുന്നതു തന്നെ. ഒരൊറ്റ വിഷയത്തിൽ ഒന്നിലധികം ഹുക്മുകൾ-ആ ഹുക്മുകൾ പ്രത്യക്ഷത്തിൽ പരസ്പര വിരുദ്ധമാണെങ്കിൽ പോലും-അല്ലാഹുവിന് ഉണ്ടാകുന്നത് ഒരിക്കലും കുഴപ്പമാക്കേണ്ടതില്ലെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ടാണല്ലോ ഹുക്മ് ലോകത്തിനു പരിചയപ്പെടുത്തിയ മുഹമ്മദ് നബി(സ്വ) സ്വഹാബികളുടെ, പ്രത്യക്ഷത്തിൽ പരസ്പര വിരുദ്ധമായ രണ്ടു ചെയ്തികൾ ഒരേ സമയം അംഗീകരിച്ചത്. ഒരൊറ്റ വ്യക്തിയിൽ, ഒരൊറ്റ സമയത്ത്, ഒരൊറ്റ സാഹചര്യത്തിൽ രണ്ടു വിധി എന്നത് വൈരുധ്യമാണ് എന്നു പറയാം. എന്നാൽ രണ്ടു വ്യക്തികളിൽ രണ്ടുവ്യക്തികളുടെ നിലപാടും മനസ്സുമനുസരിച്ച് രണ്ടു വിധികളുണ്ടാകുന്നത് വൈരുധ്യമല്ല. അത് വിശാലത മാത്രമാണ്(6). ഇക്കാരണം കൊണ്ടുതന്നെയാണ് പല പണ്ഡിതരും ഇതിനെ അഭിപ്രായ വ്യത്യാസം അഥവാ ഇഖ്തിലാഫ് എന്ന് വിശേഷിപ്പിക്കരുതെന്നും അഭിപ്രായ വിശാലത എന്ന് വിശേഷിപ്പിക്കണമെന്നും പ്രത്യേകം ഉണർത്തിയത്. അഭിപ്രായ വ്യത്യാസം എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന കാര്യത്തിന്റെ വിപരീതമാണ് പറഞ്ഞതെന്നും ശരി ഒന്നിൽ മാത്രമാണെന്നുമുള്ള തെറ്റിദ്ധാരണ സാധാരണക്കാരെ പിടികൂടാൻ സാധ്യതയുണ്ട്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ വിശ്രുത പണ്ഡിതനായ ഇമാം സുഫ്‌യാൻബ്നു ഉയൈയ്‌ന(റ)(7) ഇഖ്തിലാഫ് എന്ന് പ്രയോഗിക്കരുതെന്നും തൗസിഅത്ത് അഥവാ വിശാലപ്പെടുത്തൽ എന്ന് പ്രയോഗിക്കണമെന്നും നിർദേശിച്ചിരുന്നുവെന്ന് ഇമാം ശഅ്റാനി രേഖപ്പെടുത്തുന്നു(8).

ഇമാം ഗസ്സാലി(റ) ഇവ്വിഷയം ഉണർത്തിയിട്ടുണ്ട്. ഓരോ മുജ്‌തഹിദും കണ്ടെത്തുന്ന ഹുക്മുകൾ പൂർണമായും ശരിയാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. അഭിപ്രായ വിശാലത കാരണം അല്ലാഹുവിനു ഇത്തരം ഇജ്തിഹാദ് ചെയ്യേണ്ട വിഷയങ്ങളിൽ ഒരൊറ്റ വിധി അല്ലെങ്കിൽ നിർണിതമായ വിധി ഇല്ലെന്നും ഇമാം ഗസ്സാലി(റ) വ്യക്തമാക്കി. ഇങ്ങനെ പറയുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന സംശയങ്ങളെ ഇമാം ഗസ്സാലി(റ) തന്നെ ദൂരീകരിക്കുന്നുണ്ട്. പരസ്പരം വിരുദ്ധമായ ഹുക്മുകൾ അല്ലാഹുവിന്റെ ഉദ്ദേശ്യമാകുമോ എന്ന ചോദ്യം തന്നെയാണ് അതിൽ പ്രസക്തം. രക്ഷിതാവ് ഇല്ലാതെ നികാഹ് സ്വീകരിക്കുമെന്നുള്ള മദ്ഹബും സ്വീകരിക്കില്ലെന്ന മദ്ഹബും ഉദാഹരണം. ഇതിനു മറുപടിയായി ഇമാം ഗസ്സാലി(റ) പറയുന്നത് ഇങ്ങനെ: ഒരു ഹുക്മ് ബന്ധിക്കുന്നത് ഒരു വസ്തുവിനോടോ ഒരു കാര്യത്തോടോ അല്ല. മറിച്ച് മുകല്ലഫായ വ്യക്തിയുടെ പ്രവർത്തനത്തോടാണ്. അതുകൊണ്ട് ഒരു സാധനത്തിലേക്കോ കാര്യത്തിലേക്കോ നോക്കി വിധിപറയരുത്. സൈദ് എന്ന വ്യക്തിക്ക് ഹലാലായത് അംറ് എന്ന വ്യക്തിക്ക് ഹറാമാകാം. നേരെ തിരിച്ചുമാകാം. ഇങ്ങനെ സംഭവിക്കുന്നതിന്റെയർഥം ഒരിക്കലും വിധി കാര്യത്തോടോ സംഭവത്തോടോ അല്ല ബന്ധിക്കുന്നത് എന്നതിനാലാണ്. വ്യക്തിയുടെ പ്രവർത്തനത്തോടാണ്. അഥവാ മുകല്ലഫുകളായ സൈദിന്റെയും അംറിന്റെയും പ്രവർത്തിയോടാണ്. നികാഹിനോട് മാത്രമല്ല. നികാഹ് എന്ന പ്രവൃത്തി സൈദിൽ നിന്ന്/ അംറിൽ നിന്ന് ഉണ്ടാകുമ്പോൾ മാത്രമാണ് ഹുക്മ് ബന്ധിക്കുന്നത്. അപ്പോൾ രണ്ടുപേർക്കും രണ്ടു ഹുക്മ് വരുന്നത് വൈരുധ്യമല്ല. ശവം തിന്നുന്നത് അങ്ങേയറ്റം അനിവാര്യമായ സ്ഥിതിയിൽ ഒരു വ്യക്തിക്ക് പറ്റുന്നു. എന്നാൽ മറ്റുള്ളവർക്ക് പറ്റില്ല. നികാഹ് ചെയ്ത പെണ്ണിനെ ഭർത്താവിന് പറ്റുന്നു; മറ്റാർക്കും പറ്റില്ല. അഥവാ പെണ്ണ്, ശവം ഇതിലേക്ക് നോക്കിയിട്ടല്ല ഹറാമും ഹലാലും തീരുമാനിക്കുന്നത്; മറിച്ച് അത് ആര് ഉപയോഗിക്കുന്നുവെന്ന് നോക്കിയിട്ടാണ്. സ്വാഭാവികമായും രണ്ടു ഹുക്മുകൾ രണ്ടു വ്യക്തികൾക്ക് ഉണ്ടാകുന്നത് പ്രശ്നമല്ലെന്ന് വരുന്നു. ഹുക്മുകൾ പരസ്പര വിരുദ്ധമാകുന്നത് ഒരേ വ്യക്തിയിൽ ഒരേ സമയം ഒരൊറ്റ പ്രവർത്തിയിൽ ഹലാലും ഹറാമും ഒരുമിച്ചുകൂടുന്നതാണ്. ഇങ്ങനെ ഒരിക്കലും നടക്കില്ല; പാടില്ല താനും(9). ഇങ്ങനെ പറയുമ്പോൾ സ്വാഭാവികമായും അടുത്തൊരു സംശയം ഉദിക്കുന്നു: ഇജ്തിഹാദിൽ ശരി സംഭവിച്ചവർക്ക് രണ്ടു കൂലിയും തെറ്റ് സംഭവിച്ചവർക്ക് ഒരു കൂലിയുമുണ്ട് എന്നു ഹദീസിലുണ്ട്(10). മുജ്തഹിദുകൾ കണ്ടെത്തിയ എല്ലാ ഹുക്മും ശരിയാണെന്ന് മനസ്സിലാക്കുമ്പോൾ ഹദീസിൽ പറഞ്ഞ തെറ്റു കൊണ്ടുള്ള വിവക്ഷ എന്താണ് എന്നതിനും പണ്ഡിതന്മാർ വിശദീകരണം നൽകി. ഇമാം ശഅ്റാനി(റ) പറയുന്നത് മുജ്തഹിദ് കണ്ടെത്തിയ ഹുക്മ് ശരീഅതിന്റെ പുറത്തുള്ള ഹുക്മായത് കൊണ്ടല്ല ഹദീസിൽ തെറ്റ് എന്നു വിശേഷിപ്പിച്ചത്. മറിച്ച് ശരീഅതിൽ പറഞ്ഞ തെളിവുകളോട് മുജ്തഹിദ് യോജിക്കാതെ വരുമ്പോഴാണ് തെറ്റ് എന്നു പറയുക. പരിശ്രമമുണ്ടായെങ്കിലും തെളിവുകളോട് യോജിക്കാത്തത് കൊണ്ട് ഈ മുജ്തഹിദിന് ഈ വിഷയത്തിൽ ഒരു കൂലി മാത്രമേ ലഭിക്കൂ . എന്നാൽ തെളിവുകളോട് യോജിച്ച ഹുക്മ് കണ്ടെത്തിയ മുജ്തഹിദിന് രണ്ട്‍ കൂലി ലഭിക്കും – പരിശ്രമത്തിനും യോജിച്ച ഹുക്മ് കണ്ടെത്തിയതിനും(11).

ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളിൽ അഥവാ ഇജ്തിഹാദിയായ കാര്യങ്ങളിൽ അല്ലാഹുവിന് ഒരൊറ്റ ഹുക്മേ ഉണ്ടാകൂ എന്നു പറഞ്ഞ പണ്ഡിതരുമുണ്ട്. ആ ഹുക്മിന്റെ മേൽ അറിയിക്കുന്ന തെളിവുകളുമുണ്ട്. ആ തെളിവുകളെയും ഹുക്മുകളെയും ബന്ധിപ്പിക്കുന്ന അടയാളങ്ങളുമുണ്ടാകും. ഇത് മുജ്തഹിദ് കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനാണ് മുജ്തഹിദുകൾ പരിശ്രമിക്കുന്നതും. ഇങ്ങനെ പരിശ്രമിക്കുമ്പോൾ വ്യത്യസ്ത ഹുക്മുകളിൽ എത്തിപ്പെടുന്നു. എങ്കിൽ ശരിക്കും തെറ്റിനുമനുസരിച്ച് ഒന്നോ/ രണ്ടോ കൂലി ലഭിക്കും. പക്ഷേ, ഒരിക്കലും ശിക്ഷ ലഭിക്കില്ല. എന്നാൽ മുജ്തഹിദുകളല്ലാത്ത വ്യക്തികൾക്ക് ഇതിൽ നിന്നുള്ള ശരി തെറ്റുകളെ വേർതിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് മുജ്തഹിദിനെ പിൻപറ്റലേ വഴിയുള്ളു. അഥവാ തഖ്‌ലീദ് ചെയ്യണം. അതിലവർ തെറ്റുകാരുമല്ല(12).

1. സ്വഹീഹുൽ ബുഖാരി: 2051; സ്വഹീഹ് മുസ്‌ലിം: 1599

2. ഗവേഷണം എന്ന പദത്തിന് ഇംഗ്ലീഷിൽ പറയുന്നത് റിസർച്ച് എന്നാണ്. Re-Search എന്നാൽ വീണ്ടും അന്വേഷിക്കുക എന്നർഥം. അന്വേഷിക്കപ്പെട്ടത് വീണ്ടും വീണ്ടും അന്വേഷിക്കുമ്പോഴാണ് ഗവേഷണം അല്ലെങ്കിൽ ഇജ്തിഹാദ് ഉണ്ടാകുന്നത്.

3. ഇതിനർഥം അയോഗ്യർക്ക് അഭിപ്രായം പറയാമെന്നേയല്ല. അയോഗ്യർ യോഗ്യർ പറയുന്നത് അനുസരിക്കുകയും അത് പഠിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമാണ് വേണ്ടത്. യോഗ്യതയുള്ളവരിൽ നിന്നും തെറ്റുകൾ സംഭവിച്ചാൽ പോലും അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തില്ല. എന്നാൽ അയോഗ്യൻ ശരി പറഞ്ഞാൽ അത് ആരും മുഖവിലക്കെടുക്കുകയുമില്ല. യോഗ്യതയില്ലാത്ത ഡോക്ടറുടെ ഓപ്പറേഷൻ വിജയിച്ചാൽ പോലും അതൊരു തെറ്റും കുറ്റവുമാണ്. യോഗ്യതയുള്ള ഡോക്ടറുടെ ഓപ്പറേഷൻ പരാജയപ്പെട്ടാൽ തന്നെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചതായേ വിലയിരുത്താനാകൂ.

4. ഇമാം ശാഫിഈ(റ) തന്നെ ഒരേ സമയം രണ്ടഭിപ്രായം പറഞ്ഞിട്ടുണ്ട്. രണ്ടു സമയങ്ങളിൽ രണ്ടഭിപ്രായം പറഞ്ഞിട്ടുമുണ്ട്. ഇതിൽ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള അഭിപ്രായങ്ങൾ വളരെ കുറവാണ്. കേവലം പതിനെട്ടിൽ താഴെ മസ്അലകളിൽ മാത്രമാണ് ഇങ്ങനെയുള്ളതെന്ന് ഇമാം മുനാവി(റ) പറയുന്നു. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഉമറിന്(റ) മരണമാസന്നമായപ്പോൾ അടുത്ത ഖലീഫയെ തിരഞ്ഞെടുക്കാൻ ആറംഗ സംഘത്തെ ഏൽപ്പിക്കുകയാണ് ചെയ്തത്. ഉമർ(റ) മുജ്തഹിദായിരിക്കെത്തന്നെ മറ്റു ആറു മുജ്തഹിദുകളിലേക്ക് തീരുമാനം വിട്ടുകൊടുത്തു. ഇത് തന്നെയാണ് ഇമാം ശാഫിഈയും(റ) ചെയ്തത്. മുജ്തഹിദായിരിക്കെത്തന്നെ മറ്റു മുജ്തഹിദുകളിലേക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു(അൽ ഫവാഇദുൽ ഫറാഇദ്/ 13). ഇതൊരു സൂക്ഷ്മതയും വിനയവുമാണ്. പതിനായിരക്കണക്കിന് വിഷയങ്ങളിൽ കേവലം പതിനെട്ടിനുതാഴെ മാത്രമേ ഇങ്ങനെ ചെയ്തുള്ളുവെന്നത് ഇമാം ശാഫിഈയുടെ(റ) വിജ്ഞാനത്തിന്റെ ആഴവും കൂടി വ്യക്തമാക്കുന്നു.

5. ജദീദ്, ഖദീം എന്നീ അഭിപ്രായങ്ങൾ ഇമാം ശാഫിഈയുടെ(റ) മദ്ഹബിൽ പ്രശസ്തമാണ്. മഹാൻ ഈജിപ്തിലെത്തിയതിനു ശേഷം പറഞ്ഞ അഭിപ്രായങ്ങൾ ജദീദ് എന്ന പേരിലും അതിനു മുമ്പുള്ളവ ഖദീം എന്ന പേരിലും അറിയപ്പെടുന്നു. കിതാബുൽ ഉമ്മ്, ഇംലാഅ്, മുഖ്തസറുൽ മുസ്നി, മുഖ്തസറുൽ ബുവൈഥ്വി, അൽ ജാമിഉൽ കബീർ തുടങ്ങിയ ഗ്രന്ഥങ്ങൾ ജദീദിനെ പ്രതിനിധീകരിക്കുന്നു. ഇമാം കർമ ശാസ്ത്രത്തിലെഴുതിയ നൂറ്റിയിരുപതിലധികം ഗ്രന്ഥങ്ങളിൽ ഒട്ടുമിക്കവയും ഇസ്സമയത്ത് എഴുതിയതാണ്. കിതാബുൽ ഹുജ്ജ, മജ്മൂഉൽ കാഫി, ഉയൂനുൽ മസാഇല്, അൽ ബഹ്‌റുൽ മുഹീത് തുടങ്ങിയ ഗ്രന്ഥങ്ങൾ ഖദീമിൽ പ്രശസ്തമായവയാണ്. ഉസൂലുൽ ഫിഖ്ഹിലെ ആദ്യ ഗ്രന്ഥമായ അർരിസാല എന്ന ഗ്രന്ഥം ഖദീമിന്റെ സമയത്ത് എഴുതിയത് പിന്നീട് പരിഷ്കരിച്ചു. അഥവാ രിസാല ജദീദ പിറവിയെടുത്തു.

6. വൈരുധ്യത്തിന് അറബിയിൽ തനാഖുള് എന്നാണ് പറയുക. രണ്ടു കാര്യങ്ങളിൽ തമ്മിൽ തനാഖുള് വരണമെങ്കിൽ പത്ത് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒറ്റ സമയം, ഒറ്റ വ്യക്തി, ഒറ്റ സാഹചര്യം തുടങ്ങിയ ഉപാധികളെല്ലാം ഒന്നിച്ചതിനു ശേഷം രണ്ടു കാര്യങ്ങൾ എതിരായാൽ അത് തനാഖുളാകും. ഇവിടെ രണ്ടു വ്യക്തികളാകുന്നതുകൊണ്ട് തനാഖുള് ഇല്ലെന്നു പറയാം

7. ഇമാം ശാഫിഈയുടെ(റ) പ്രധാന ഉസ്താദും പ്രമുഖ ഹദീസ് പണ്ഡിതനും മുജ്തഹിദുമാണ് ഇമാം സുഫ്‌യാനുബ്നു ഉയയ്ന(റ). മക്കയിലെ മസ്ജിദുൽ ഹറമിൽ വർഷങ്ങളോളം ദർസ് നടത്തി. ആയിരക്കണക്കിന് ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

8. മീസാനുൽ കുബ്റാ: 1/25
9. വിശദ വായനക്ക് ഇമാം ഗസ്സാലിയുടെ(റ) അൽ മുസ്ത്വസ്ഫാ എന്ന ഗ്രന്ഥം നോക്കാവുന്നതാണ്
10. അബൂ ദാവൂദ് / 3574 ; ഇബ്നു മാജ / 2314 ; അഹ്മദ് / 17809
11. മീസാനുൽ കുബ്റാ 1 /24
12. വിശദ വായനക്ക് ജംഉൽ ജവാമിഉ 2/ 429

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login