ദുർഘട പാതകൾ താണ്ടിയ പ്രവാചകൻ

ദുർഘട പാതകൾ താണ്ടിയ  പ്രവാചകൻ

തന്നെയും താൻ ജീവിക്കുന്ന ഈ അണ്ഡകടാഹങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന മഹാശക്തിയെ പൂർണമായി മനസ്സിലാക്കുക മനുഷ്യ കഴിവിനു സാധ്യമല്ലെന്ന് തീർച്ച. അവന്റെ ഗുണങ്ങളും വിശേഷണങ്ങളും മനുഷ്യചിന്തക്ക് താങ്ങാവുന്നതോ അടിമയുടെ കഴിവിന് പ്രാപ്തമോ അല്ല. എങ്കിലും ഈ പരിമിതികളൊന്നും അവന്റെ ഉണ്മയുടെ നിഷേധത്തിന് കാരണമോ, അങ്ങനെയൊരു യാഥാർത്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്ന കാര്യങ്ങളോ അല്ല. മറിച്ച് അവന്റെ സവിശേഷതയുടെ അപാരമായ ഔന്നിത്യത്തെ കാണിക്കുന്ന സത്യങ്ങളാണിതെല്ലാം. അതുകൊണ്ടു തന്നെ മനുഷ്യ കഴിവിന് പ്രാപ്തമായ വിശദീകരണവും വിശകലനവും അവന്റെ അടിമകളായ മനുഷ്യകുലത്തിന് അവൻ നൽകിയിട്ടുണ്ട്.
മനുഷ്യനുമായി ഇലാഹീ ബന്ധം സ്ഥാപിക്കാൻ അവൻ തിരഞ്ഞെടുത്ത മാർഗമാണ് രിസാലത്. മനുഷ്യരിൽ നിന്നു തന്നെ അവൻ ദൂതന്മാരെ തിരഞ്ഞെടുത്തു. താൻ ആരാണെന്ന് ജനങ്ങളെ പഠിപ്പിക്കാൻ അവൻ അവർക്ക് നിർദ്ദേശം നൽകി. എന്താണ് തന്റെ ലക്ഷ്യമെന്നും അവൻ ദൂതന്മാർ വഴി അറിയിച്ചു. മനുഷ്യന് സ്വയം ചിന്തിക്കാൻ പരിമിതിയുള്ള കാര്യങ്ങളൊക്കെയും പ്രവാചകരിലൂടെ അവൻ വിശദീകരിച്ചു. അതുകൊണ്ടാണ് റൂമി പറഞ്ഞത്, “നിങ്ങളുടെ വിധി തീർപ്പ്, അതെത്രമാത്രം ഉത്തമവും തേജോമയവുമായാലും പ്രവാചകന്റെ വിധി തീർപ്പോളം വരില്ല, തീർച്ച.’ കാരണം സ്രഷ്ടാവുമായുള്ള നേരിട്ടുള്ള വിനിമയത്തിലൂടെയാണ് പ്രവാചകൻ വിധി തീർപ്പുകൾ കൽപ്പിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ സഹായവും അതു തന്നെയാണ്.

ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം സ്വാഭാവികവും പ്രകൃതിദത്തവുമാണെന്ന് ഖുർആൻ, സുന്നത് നമ്മെ പഠിപ്പിക്കുന്നുണ്ട്. മനുഷ്യ കുലത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അത് സമ്മതിക്കുന്നുമുണ്ട്. പ്രവാചകരെയോ വിശുദ്ധ ദീനുൽ ഇസ്‌ലാമിനെയോ അനുഭവിച്ചിട്ടില്ലാത്ത കാലഘട്ടങ്ങളിൽ വലിയ ചിന്തകന്മാരും ജ്ഞാനികളും ദൈവത്തെ അന്വേഷിച്ചിരുന്നതായി കാണാം. എങ്കിലും അവർക്കൊന്നും യഥാർത്ഥ ദൈവത്തെ കണ്ടെത്താനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല. അതിന് മനുഷ്യന്റെ യുക്തിയോ ചിന്തയോ മതിയാകില്ലെന്ന് സാരം. ആ പരിമിതി നികത്താനാണ് പ്രവാചകന്മാർ ഓരോ സമൂഹത്തിലും വന്നത്.

ദൈവ വിശ്വാസം മനുഷ്യ പ്രകൃതമായതു കൊണ്ട് തന്നെ, “നമുക്കൊരു ദൈവമുണ്ട്, ഈ പ്രപഞ്ചത്തിനും ഒരു ദൈവമുണ്ട്” എന്നായിരുന്നില്ല പ്രവാചകന്മാർ ജനങ്ങളെ ഉദ്ഘോഷിച്ചത്. മറിച്ച് “അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല’ എന്നായിരുന്നു ആ മഹത്്വചനം. ഒപ്പം ഈ മഹത്തായ സന്ദേശം നിങ്ങളിലേക്ക് പകർന്നു നൽകാൻ അവൻ നിയോഗിച്ച ദൂതരാകുന്നു തങ്ങളെന്നും അവർ ഓർമപ്പെടുത്തി. റൂമി ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: “അറിയുക, പ്രവാചകനാകുന്നു മാർഗദർശി. ദൈവം പറയുന്നു: “മുഹമ്മദിലേക്കെത്താതെ നിനക്കെന്നിലേക്കെത്താനാകില്ല.’

നമ്മിൽ നിന്നും ഒരാൾ
പ്രപഞ്ചനാഥന്റെ ദിവ്യവെളിപാടുകൾ സൃഷ്ടികളിലെത്തിക്കാൻ ധാരാളം മാർഗങ്ങളുണ്ടായിട്ടും അവൻ പ്രവാചകന്മാരായി തിരഞ്ഞെടുത്തത് സ്വന്തം അടിമകളെ തന്നെയായിരുന്നു. അല്ലാഹുവിന്റെ മറ്റൊരു ഉദാത്ത സൃഷ്ടിയായ മാലാഖമാരെക്കാൾ മഹത്വം അവന്റെ തിരഞ്ഞെടുത്ത അടിമകൾക്കുണ്ടത്രെ. ഈ സവിശേഷ തിരഞ്ഞെടുപ്പിലും ചില ദൃഷ്ടാന്തങ്ങളുണ്ട്. മൗലാനാ ജലാലുദ്ദീൻ റൂമി അതിനെ വിശദീകരിക്കുന്നതായി കാണാം. “മനുഷ്യന്റെ ശുദ്ധ പ്രകൃതമാണതിനു കാരണം. ആത്മാവിന്റെ സഹജമായ വിശുദ്ധി ലൗകിക മോഹങ്ങളിൽപ്പെട്ട് തെളിച്ചം നഷ്ടപ്പെടുകയും മറയുകയും ചെയ്യുന്നു. അതിനാൽ ദൈവം പ്രവാചകരെയും പുണ്യാത്മാക്കളെയും അയക്കുന്നു. എല്ലാതരം ജലത്തെയും സ്വീകരിക്കുന്ന സുതാര്യരായ സമുദ്ര സമാനരാകുന്നു അവർ. വന്നു ചേരുന്ന പുഴകളും നദികളും എത്രതന്നെ വൃത്തികെട്ടതായാലും സമുദ്രം ശുദ്ധമായിത്തന്നെ അവശേഷിക്കുന്നു. അതോടെ ആത്മാക്കൾക്ക് ഓർമ വെക്കുന്നു.’ മനുഷ്യന്റെ ആ സഹജമായ ഗുണം ദൈവമുണ്ടെന്നും, അവൻ ഏകനാണെന്നും തുടങ്ങി അവന്റെ ഗുണങ്ങളോരോന്നും അവനെ ഓർമിപ്പിക്കുന്നു. പ്രവാചകർ നമ്മെ അതെല്ലാം ഓർപ്പിക്കുന്നു. സമുദ്രമാകുന്ന പ്രവാചകർ നമ്മിൽ ചൊരിയുന്ന മഹത്തായ സന്ദേശമാണത്. ഒന്നാലോചിച്ചു നോക്കൂ, പ്രവാചകന്മാരെങ്ങാനും ഇല്ലായിരുന്നുവെങ്കിൽ …!

തനിക്ക് ലഭിച്ച ദിവ്യ വെളിപാടിനെ പൂർണാർഥത്തിൽ നമ്മിലേക്ക് കൈമാറുകയാണ് പ്രവാചകന്മാർ ചെയ്തത്. അതിന് വേണ്ടി സഹിച്ച ത്യാഗം ചെറുതൊന്നുമല്ലായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്ന്, കൂട്ടുകാരിൽ നിന്ന്, നാട്ടുകാരിൽ നിന്ന് തുടങ്ങി ചുറ്റുമുള്ള എല്ലാവരിൽനിന്നും ആക്ഷേപങ്ങൾ സഹിച്ചു. അല്ലാഹു നൽകിയ മഹാജ്ഞാനത്തിന്റെ അനുഭവത്തിൽ എല്ലാം ഒരു ചെറു പുഞ്ചിരിയിൽ പ്രവാചകൻ എതിരേറ്റു. കാരണം റൂമി പറയുന്നു, ” യഥാർത്ഥ ഭാഷകൻ അവിടുത്തേക്കാൾ മഹോന്നതനായിരുന്നു. താൻ അജ്ഞനാണെന്നും, അത്തരം വാക്കുകളെ കുറിച്ച് തനിക്കറിവില്ലെന്നുമുള്ള തിരിച്ചറിവുള്ളതിനാൽ യഥാർത്ഥ ജ്ഞാനം സ്വന്തം അധരങ്ങളിലൂടെ പ്രവഹിക്കുന്നതറിയുമ്പോൾ താൻ അതുവരെ ഉണ്ടായിരുന്നപോലുള്ളൊരു സ്വത്വമല്ലെന്ന് പ്രവാചകർ തിരിച്ചറിയുന്നു.’ ആ തിരിച്ചറിവിലേക്ക് നമ്മളും സഞ്ചരിക്കണം. പ്രവാചകരുടെ യഥാർത്ഥ സ്വത്വം അറിയണം. അപ്പോഴാണ് അല്ലാഹുവുമായുള്ള ബന്ധത്തിന് ദൃഢത ലഭിക്കുന്നത്. മനുഷ്യരിലും അതിനുള്ള കഴിവ് സൃഷ്ടിച്ചിട്ടുണ്ട്. ഹൃദയ സംസ്കരണത്തിലൂടെ ആ സഹജാവസ്ഥയിലേക്ക് പ്രവാചകന്മാരിലൂടെ, അവിടുന്ന് സഞ്ചരിച്ച പാതയിലൂടെ നമുക്ക് എത്തിച്ചേരാൻ കഴിയണം.
റൂമി തുടരുന്നു, “പ്രവാചകന്മാരും ആത്മജ്ഞാനികളും നമ്മെ നമ്മുടെ സഹജാവസ്ഥയെ കുറിച്ചുണർത്തുക മാത്രമാണ്. പുതുതായൊന്നും നമ്മിൽ നട്ടുപിടിപ്പിക്കുകയല്ല.’ അതുകൊണ്ട് പ്രവാചകന്മാരിലേക്ക് നമ്മൾ അടുക്കുന്തോറും പരിശുദ്ധിയുടെ ആഴം നമ്മിൽ തെളിയുന്നു. സ്വയം ശുദ്ധീകരിച്ച് ആത്മാവിൽ ദിവ്യപ്രകാശം അനുഭവിക്കാൻ നമുക്ക് കഴിയുന്നു. പ്രവാചകരാകുന്ന മഹാ സമുദ്രത്തിന്റെ ഗുണത്തിന്റെ ഭാഗമാണ് നമ്മളും എന്ന് ആ പ്രയാണം നമ്മെ പഠിപ്പിക്കുന്നു. എല്ലാറ്റിലുമുപരി ” നിങ്ങൾക്കു നിങ്ങളിൽ നിന്നുതന്നെ ഒരു ദൂതർ വന്നിരിക്കുന്നു” എന്ന തിരുമൊഴിയുടെ വെളിച്ചം നമ്മിൽ അനുഭവിക്കാൻ നാം പ്രാപ്തരാകുന്നു. സൂഫി ഭാഷയിൽ, “നിങ്ങളുടെ സ്വന്തം ജലത്തിൽ നിലീനമായ അതേ സത്ത തന്നെയാണാ സമുദ്രവും’ എന്നറിയുന്നതാണ് ആ നേരം.

നാമല്ലാത്ത ഒരാൾ
തിരഞ്ഞെടുത്തവർക്ക് മറ്റുള്ളവരെക്കാൾ ആദരവ് നൽകുന്നതും അല്ലാഹുവിന്റെ സംവിധാനത്തിന്റെ ഭാഗമാണ്. മനുഷ്യഗുണങ്ങൾ അവർക്കുണ്ടെങ്കിലും സാധാരണ മനുഷ്യസഹചമായ ഗുണം മാത്രമല്ല അവർക്കുള്ളത്. മനുഷ്യരിൽ നിന്നും പ്രവാചകരെ തിരഞ്ഞെടുത്തതിന് വിശദീകരണം പറഞ്ഞ റൂമി ആ കാര്യവും നമ്മെ ഉണർത്തുന്നു. “പ്രവാചകന്മാരിൽ നിന്നും ആത്മജ്ഞാനികളിൽ നിന്നുമുതിരുന്ന ഓരോ വരി കവിതയും അവരെഴുതുന്ന വാക്യ ശകലങ്ങളോരോന്നും സാക്ഷ്യം വഹിക്കുന്നൊരു ദിവ്യ വെളിപാടു പോലാകുന്നു.’ അവർക്ക് ദൈവിക സാമീപ്യമുണ്ട്. മനുഷ്യ വർഗത്തിൽ നിന്ന് അവരെ പരിശുദ്ധരാക്കുന്ന ഗുണങ്ങളുമുണ്ട്. പഴം കായ്ക്കുന്ന വൃക്ഷത്തെയാണ് നമ്മളും പ്രവാചകരും തമ്മിലുള്ള വ്യത്യാസത്തെ ഉണർത്താൻ റൂമി കൊണ്ടുവരുന്നത്. അതിങ്ങനെയാണ്, “പഴം കായ്ക്കുന്നൊരു വൃക്ഷം. അതിന്റെയൊരു ഭാഗം മാത്രമാണ് പഴമെങ്കിലും ദൈവമതിനെ വൃക്ഷത്തിന്റെ മറ്റേതു ഭാഗത്തേക്കാളും ഉത്കൃഷ്ടമായി തിരഞ്ഞെടുത്തിരിക്കുന്നു.’
ഇത്രയൊക്കെ അറിഞ്ഞിട്ടോ അല്ലാതെയോ ചിലർ പ്രവാചകരെ വിലകുറച്ചു കാണുന്നു. പ്രവാചകർ കേവലം സാധാരണ മനുഷ്യനാണെന്നു വാദിക്കുന്നു. ദിവ്യ ബോധനത്തിൽ പ്രവാചകന് സ്ഥാനമില്ലെന്ന് വീമ്പ് പറയുന്നു. പ്രവാചകന്മാരെക്കാൾ മഹത്വം കാണിക്കുന്ന വ്യക്തികളോട് റൂമി പറയുന്നു, ” നീ നേടിയതെല്ലാം ദൈവത്തിന്റെ ഔദാര്യവും അനുഗ്രഹവും മാത്രമാകുന്നു. സകലമാന അനുഗ്രഹങ്ങളും ദൈവമാദ്യം ചൊരിഞ്ഞിരിക്കുന്നത് പ്രവാചകനിലാണ്. പ്രവാചകനിലൂടെയാണ് മറ്റു സകലതിനും അനുഗ്രഹം ചൊരിയപ്പെടുന്നത്.’

സകല നന്മകളും ദൈവം പ്രവാചകനിലാണ് വർഷിച്ചതെന്ന് “അസ്സലാമു അലൈക, അയ്യുഹന്നബിയ്യു’ (നബിയേ, അങ്ങേക്കാണ് കാരുണ്യമത്രയും) എന്ന ദിവ്യ വചനത്തെ മുൻനിർത്തി റൂമി പറയുന്നു. ആ പ്രവാചകന്റെ കാരുണ്യമത്രെ നമ്മളിലുള്ളതൊക്കെയും. ഇതുകേട്ടപ്പോൾ തിരുറസൂൽ നാഥനോട് പ്രതിവചിച്ചതിങ്ങനെയാണല്ലോ: “നാഥാ നിന്റെ സദ്‌വൃത്തരായ അടിമകൾക്കും.’ ഇത് തന്നെയാണ് റബ്ബിന്റെ കാരുണ്യത്തിന്റെ നിദാനവും.

പടച്ച റബ്ബിലേക്കുള്ള പ്രയാണത്തെ മഹത്വവത്കരിച്ചു കൊണ്ട് റൂമി പ്രവാചകന്മാരെ കുറിച്ച് ഓർമിപ്പിക്കുന്നുണ്ട്. “മഞ്ഞുമൂടിയ ഭീതിജനകമായൊരു പാതയാകുന്നു ദൈവത്തിലേക്കുള്ളത്. ജീവൻ പണയം വച്ച് തന്റെ കുതിരപ്പുറമേറി യാത്ര ചെയ്ത പ്രവാചകനാണ് ആ വഴി വെട്ടിത്തെളിച്ച് നമുക്ക് സുഗമമാക്കിത്തന്നത്.’ അവന്റെ വിധിവിലക്കുകൾ പൂർണമായും പാലിച്ച് ശരീഅത്തിലധിഷ്ഠിതമായ ജീവിത പാതയാണത്. തിരുറസൂലിന്റെ ജീവിതം അതാണ് നമ്മെ പഠിപ്പിച്ചത്. അതാണ് നമ്മുടെ മാതൃക. അത് പിന്തുടരു ന്നവരുടെ മാർഗമാണ് നമ്മുടെതും. മറുത്തൊന്ന് ചിന്തിക്കാനോ സഞ്ചരിക്കാനോ നേരായ പാത നമുക്ക് മുന്നിലില്ല. അതുകൊണ്ട്, “ആ വഴിയിലൂടെ സഞ്ചരിച്ചാൽ മോചനമുണ്ട്. ആ വഴി തെറ്റി നടന്നാൽ ആദ് സമൂഹം കണക്കെ നശിപ്പിക്കപ്പെടുകയും ചെയ്യും.’

വാസിൽ മുജീബ്

You must be logged in to post a comment Login