ഗുലാം നബി ചതിച്ചത് മൗലാനയുടെ ജനതയെയാണ്

ഗുലാം നബി ചതിച്ചത്  മൗലാനയുടെ ജനതയെയാണ്

രാഷ്ട്രതന്ത്രത്തിന് അക്കാദമികമായും ആനുഭവികമായും കൂടുതല്‍ ചാര്‍ച്ച ചരിത്രത്തോടാണ്. പ്രശാന്ത് കിഷോറുമാരും ആം ആദ്മികളും അതല്ല മാനവവിഭവശേഷിയോടാണ് എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതില്‍ വാസ്തവമില്ലാതില്ല. പക്ഷേ, സ്‌റ്റേറ്റ്‌സ്മാനും രാഷ്ട്രീയക്കാരനും രണ്ടാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ആദ്യം പറഞ്ഞതാണ് ശരി. അതല്ല, കേവല അധികാരാര്‍ജനമാണ് രാഷ്ട്രീയം എന്നും അതാണ് രാഷ്ട്രതന്ത്രം എന്നുമാണ് നിങ്ങളുടെ വാദമെങ്കില്‍ പ്രശാന്ത് കിഷോറും ആം ആദ്മികളുമാണ് ശരി. കാരണം സ്‌റ്റേറ്റ്സ്മാനെ അല്ലെങ്കില്‍ രാഷ്ട്ര തന്ത്രജ്ഞനെ രൂപപ്പെടുത്തുന്നത് ചരിത്രമാണ്. അരവിന്ദ് കെജ്്രിവാളിനെ സൃഷ്ടിക്കുന്നതാകട്ടെ സമീപകാലത്ത് പിടിമുറുക്കിയ മാനവവിഭവശേഷി മാനേജ്‌മെന്റ് എന്ന പ്രയോഗമാണ്. ഗുലാം നബി ആസാദ് എന്ന പഴയ സ്‌റ്റേറ്റ്‌സ്മാന്‍ കശ്മീരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയാണ് ഈ ആലോചനയുടെ പെട്ടെന്നുള്ള കാരണം. സ്‌റ്റേറ്റ്സ്മാനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള പടിയിറക്കത്തിലാണ് നിര്‍ഭാഗ്യവശാല്‍ ഗുലാം നബി. അതിനാലാണ് അദ്ദേഹം ഒട്ടും അപ്രതീക്ഷിതമല്ലാതെ കോണ്‍ഗ്രസ് വിട്ടപ്പോഴും രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കത്ത്‌ വിചാരണ നടത്തിയപ്പോഴും നാം സംസാരിക്കാതിരുന്നത്. ഗുലാം നബി തന്റെ സ്‌റ്റേറ്റ്‌സ്മാൻ ഷിപ് ഉപേക്ഷിക്കുന്നതിന്റെ പലവിധ സൂചനകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ചരിത്രഭാരമുള്ള ഒന്നാണ് സ്‌റ്റേറ്റ്മാന്‍ ഷിപ്പ്. അത് തെല്ലുമില്ലാത്തതാണ് കരിയറിസ്റ്റ് രാഷ്ട്രീയം. രണ്ടാമത്തെ വഴി ഗുലാം നബി നേരത്തെ തിരഞ്ഞെടുത്തിരുന്നുവല്ലോ? പക്ഷേ, ഇപ്പോള്‍ അദ്ദേഹം ഒരു കരിയറിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചിരിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അധികാരത്തിന് പുറത്ത് തുടരുമെന്ന് ഉറപ്പായപ്പോള്‍ സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ നടത്തുന്ന ശ്രമം. അതും വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല. കീറിപ്പറിച്ചുകളഞ്ഞ ഒരു ദേശമാണ് ഇപ്പോള്‍ കശ്മീര്‍. അസ്തിത്വം നഷ്ടമായ സംസ്ഥാനം. അതിനേക്കാള്‍ വലുതല്ല അധികാര പ്രചോദിതമായി മാത്രം ഗുലാം നബി ഇപ്പോള്‍ കളിക്കുന്ന ഈ സെവന്‍സ്. പക്ഷേ, നാം സംസാരിക്കേണ്ടിയിരിക്കുന്നു. കാരണം ദൂരവ്യാപക ഫലങ്ങളുണ്ടായേക്കാവുന്ന ഒരു വഞ്ചനയുടെ വിത്ത് ഗുലാം നബി ഒളിച്ചുകടത്തുന്നുണ്ട്. അത് അദ്ദേഹം കോണ്‍ഗ്രസില്‍ നന്നായി വിളവെടുത്ത ദേശീയ മുസ്‌ലിം എന്ന ചീട്ടാണ്. അതിനാല്‍ നാം ഇനി ഗുലാം നബിയിലേക്ക് സൂക്ഷിച്ച് നോക്കേണ്ടിയിരിക്കുന്നു. കാരണം മറ്റൊരു ആസാദിനെ, മഹാനായ ആസാദിനെ നമുക്കറിയാം. ഗുലാം നബിക്ക് വെറും ഒന്‍പത് വയസ്സുള്ളപ്പോള്‍ മരിച്ചുപോയ ആ ആസാദിന്റെ വിളിപ്പേര് മൗലാന എന്നാണ്, മൗലാന അബുള്‍ കലാം ആസാദ്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ ശിരസ്സെടുപ്പുള്ള ദേശീയ മുസ്‌ലിം ആയിരുന്നു മൗലാന. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ ദേശീയ മുസ്‌ലിം എന്ന പരാമര്‍ശം എന്തിന് എന്ന് ചോദിക്കാം. കാരണമുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രം എന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട സവിശേഷമായ ഒരു ദേശീയതയുടെ ചരിത്രമാണ്. ഈ ദേശീയതയുടെ ധാരയില്‍ അന്യഥാ പുറന്തള്ളപ്പെട്ടുപോകുമായിരുന്ന ഇന്ത്യന്‍ മുസല്‍മാന്‍ അവരുടെ ദേശീയതാ കര്‍തൃത്വം ഉറപ്പിക്കുന്നത് പ്രധാനമായും മൗലാന അബുൽകലാമിന്റെ അനിതരസാധാരണമായ പ്രഭാവത്തിലാണ്. നെറ്റി ചുളിയാന്‍ വകുപ്പുള്ള ഒരു പ്രസ്താവനയാണിത്. പക്ഷേ, വസ്തുതയതാണ്. 1940-കളില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വലിയ പിളര്‍പ്പിനെ അഭിമുഖീകരിച്ചത് നമുക്കറിയാം. അത് ജിന്നയുടെ ദ്വിരാഷ്ട്രവാദത്തിന്റെ ഫലമായിരുന്നു. അതുവരെ ദേശീയ പ്രസ്ഥാനത്തിന്റെ ധാരയില്‍ ശക്തമായിരുന്ന ഇന്ത്യന്‍ മുസല്‍മാന്റെ അതിശക്തമായ ചില പ്രതിനിധാനങ്ങളെ തനിക്കൊപ്പം ചേര്‍ക്കാന്‍ ജിന്നയ്ക്ക് കഴിഞ്ഞു. സ്വാഭാവികമായും അക്കാലത്ത് പ്രബലമായിരുന്ന ഹിന്ദുത്വ ധാര ഇതുതന്നെ പറ്റിയ സന്ദര്‍ഭം എന്ന് കണക്കാക്കി മുസ്‌ലിം വിരുദ്ധ പ്രചാരണം ആരംഭിച്ചു. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ മുസല്‍മാന്റെ ദേശക്കൂറ് ചോദ്യം ചെയ്യപ്പെട്ടു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ മുസല്‍മാന്‍ ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന്റെ തീയില്‍ വാടിപ്പോയി. ഒരു നൂറ്റാണ്ടിലേറെ വരുന്ന ഇന്ത്യന്‍ മുസല്‍മാന്റെ സ്വാതന്ത്യ സമര പങ്കാളിത്തം, ദേശീയതാ നിര്‍മിതിയിലെ പങ്ക് എന്നിവ ചോദ്യം ചെയ്യപ്പെട്ടു. അഥവാ നിരാകരിക്കപ്പെട്ടു, വലിയതോതില്‍ റദ്ദാക്കപ്പെട്ടു. നമ്മള്‍ ഇന്ന് കാണുന്ന അന്തരീക്ഷത്തിന്റെ ആദ്യരൂപം. അന്ന് ലോകം വര്‍ഗീയമായ വേര്‍തിരിവുകളുടെ വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയൊന്നും ആലോചിച്ചിരുന്നില്ല. അപകടങ്ങളെ ദീര്‍ഘകാലത്തേക്ക് കാണാനുള്ള കാഴ്ചയും പ്രബലമായിരുന്നില്ല. ഗാന്ധിയൊരാള്‍ ഒറ്റക്ക് നടത്തിയ ചേര്‍ത്ത് നിര്‍ത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നില്ല എങ്കിലും വിജയിച്ചിരുന്നില്ല. ചുരുക്കത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഒരു ഹിന്ദുമുന്നേറ്റമായി മാറാന്‍ സര്‍വസാധ്യതയും വന്നുഭവിച്ചു. അതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു മുസ്‌ലിം വിരുദ്ധ ഉള്ളടക്കം ഉണ്ടാവുകയും ചെയ്തു. വിഭജനവാദത്തിന് അത്രയ്ക്ക് പ്രഹരശേഷി ഉണ്ടായിരുന്നു. ജിന്ന പ്രബലനായിരുന്നു എന്നതും ഓര്‍ക്കുക. ബ്രിട്ടന്റെ ഉള്ളാലെയുള്ള സര്‍വതോന്മുഖമായ പിന്തുണ ജിന്നയ്ക്കും ദ്വിരാഷ്ട്ര വാദത്തിനും ഉണ്ടായിരുന്നു താനും.

അക്കാലത്താണ് മൗലാനയുടെ ചരിത്രപരമായ ഇടപെടല്‍ അതിന്റെ തീവ്രതയില്‍ സംഭവിക്കുന്നത്. മൗലാന നിരുപാധികം ഗാന്ധിയും നെഹ്‌റുവും ചന്ദ്രബോസുമെല്ലാമുള്ള ഇന്ത്യന്‍ ദേശീയതാ മുന്നേറ്റത്തില്‍ ഉറച്ചുനിന്നു. പാണ്ഡിത്യത്തിന്റെയും മതബോധത്തിന്റെയും തീക്ഷ്ണമായ തിളക്കത്താല്‍ ഉജ്വലനായിരുന്നു മൗലാന. അതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തിളക്കമുണ്ടായിരുന്നു. മൗലാനയുടെ ആ നില്‍പ് ഇന്ത്യന്‍ മുസല്‍മാനെ രാഷ്ട്രീയമായി സനാഥമാക്കി. ഇതാ ദേശീയമുന്നേറ്റത്തില്‍ ഞാനുണ്ട്, എന്റെ ജനതയായ ഇന്ത്യന്‍ മുസല്‍മാനുണ്ട് എന്ന് മൗലാനയുടെ സാന്നിധ്യം വിളംബരം ചെയ്തു. അന്നത്തെ ഹിന്ദുത്വയ്ക്ക് സ്പര്‍ശിക്കാന്‍ ആവാത്ത വിധം ഗരിമയുണ്ടായിരുന്നു ആ മനുഷ്യന്. അവര്‍ പോലും ശിരസുനമിക്കുന്ന ആര്‍ജവമുണ്ടായിരുന്നു. മൗലാന, ജിന്നയ്ക്ക് ബദലായി മാറി. “Full eleven centuries have passed by since then. Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousand years. Just as a Hindu can say with pride that he is an Indian and follows Hinduism, so also we can say with equal pride that we are Indians and follow Islam. I shall enlarge this orbit still further. The Indian Christian is equally entitled to say with pride that he is an Indian and is following a religion of India, namely Christianity. എന്ന മൗലാനയുടെ ചരിത്രപ്രസിദ്ധമായ വാക്കുകള്‍ ഇന്ത്യാചരിത്രത്തിലെ ഇടിമുഴക്കമായി. നിങ്ങള്‍ ആ വരികള്‍ പേര്‍ത്തും വായിക്കുക. ഇതിനേക്കാള്‍ ഭദ്രവും ശക്തവുമായി ഇന്ത്യന്‍ മുസല്‍മാന്റെ ഇന്ത്യന്‍ പ്രാതിനിധ്യത്തെ മുന്‍പോ ശേഷമോ ആരും വ്യാഖ്യാനിച്ചിട്ടില്ല. ഇന്ത്യയുടെ വിശാലമായ ചരിത്രത്തിലേക്ക് മൗലാന ഇന്ത്യന്‍ മുസല്‍മാനെ ചേര്‍ത്തുകെട്ടി. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന ഇന്ത്യന്‍ വിദ്യാഭ്യാസ വിപ്ലവത്തിന് ശിലയിട്ടു. ആ മൗലാനയാണ് ഇന്ത്യാ ചരിത്രത്തിലെ ആസാദ്.

ഗുലാം നബിയിലേക്ക് വരാം. മഹാഭാഗ്യവാനായിരുന്നു കോണ്‍ഗ്രസിലെ ഈ ആസാദ്. കശ്മീരിനോട് നെഹ്‌റുവിനുള്ള കടം വീട്ടല്‍ എന്നതുപോലെ വളര്‍ത്തിയെടുത്ത മുസ്‌ലിം നേതാവ്. ഇന്ദിരയുടെ, സഞ്ജയ് ഗാന്ധിയുടെ അതീവ വിശ്വസ്ഥന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു മുസ്‌ലിം മുഖം അനിവാര്യമായിരുന്നു അക്കാലത്ത്. പ്രത്യേകിച്ച് കശ്മീരില്‍. പദവികള്‍ ഒന്നൊഴിയാതെ ഗുലാം നബിയെ തേടി വന്നു. അഥവാ ഗുലാം നബി തേടിച്ചെന്നു. കശ്മീര്‍ ആളിക്കത്തിയ നാളുകളില്‍ ഗുലാം നബി ഡല്‍ഹി വാണു. ഗുജറാത്തില്‍ താന്‍ പ്രതിനിധാനം ചെയ്യാന്‍ ബാധ്യതപ്പെട്ട ജനത വംശഹത്യക്കിരയാകുമ്പോള്‍ ഗുലാം നബി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ബില്‍ക്കിസ് ഉള്‍പ്പടെയുള്ള തന്റെ ജനത നീതിക്കായി കാല് വെന്ത് അലയുമ്പോള്‍ ഗുലാം നബി കേന്ദ്ര സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ആയിരുന്നു. ചെറുവിരല്‍ അനക്കിയില്ല ഗുലാം നബി. ഒടുവില്‍ രാജ്യസഭയില്‍ നിന്ന് പിരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലും വികാരധീനനാക്കിയ പ്രസംഗത്തില്‍ ഗുജറാത്തോ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോ പരാമര്‍ശിക്കാതിരിക്കാന്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു കോണ്‍ഗ്രസിന്റെ ഈ ആസാദ്. ഒടുവില്‍ നിലനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ആ കപ്പലില്‍ നിന്ന്, അതിനെ നയിക്കാന്‍ ചരിത്രപരമായി ബാധ്യതയുള്ള ഈ ആസാദ് ഇറങ്ങിപ്പോയിരിക്കുന്നു.

ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന, നെഹ്‌റുവിയന്‍ സൈദ്ധാന്തിക സുധാ മേനോന്‍ എഴുതുന്നു:
“”നിരവധി നേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിട്ടുപോകുന്നത് ഈ ഇല പൊഴിയുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടും ആശാസ്യമല്ല. തുടര്‍ച്ചയായ പരാജയങ്ങളും, നേതാക്കളുടെ കൊഴിഞ്ഞുപോക്കും അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പ്രസ്ഥാനം, പുതിയ കാലത്തിനും ഭാവനകള്‍ക്കും അനുസരിച്ച് സ്വയം നവീകരണത്തിന് വിധേയമാകേണ്ടതുണ്ട്. അതിനു ഏറ്റവും അനിവാര്യം ബൂത്ത് തലം മുതല്‍ എഐസിസി അധ്യക്ഷസ്ഥാനം വരെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. ഭൂരിപക്ഷവംശീയ ജനാധിപത്യത്തെ എതിര്‍ക്കുന്ന മുഖ്യ പ്രതിപക്ഷപാര്‍ട്ടിയുടെ ഘടന ജനാധിപത്യപരമല്ലെങ്കില്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ജനാധിപത്യം തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ കഴിയുക?
മിക്ക സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസ് ഇപ്പോഴും നിലനില്‍ക്കുന്നത് വ്യക്തികളെയും ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചുള്ള പ്രാദേശികലോയല്‍റ്റി കൂട്ടായ്മ ആയിട്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമാകുന്ന ഇത്തരം “ആള്‍ക്കൂട്ട’ത്തെ മാത്രം ആശ്രയിച്ചാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനസജ്ജമായ രാഷ്ട്രീയപ്പാര്‍ട്ടികളെ കോണ്‍ഗ്രസ് നേരിടുന്നത്.

അതുകൊണ്ടുതന്നെ, ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത മുഴുവന്‍ സമയ അധ്യക്ഷന്‍ ഉണ്ടാകേണ്ടതും, അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള പരിപാടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതും കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. കോണ്‍ഗ്രസ്സിനു തിരിച്ചു വരാനുള്ള ആദ്യചുവടുവെയ്പ് ആയിട്ടാണ് “ഭാരത് ജോഡോ യാത്ര’ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരിച്ചുവരാനുള്ള ശ്രമത്തിന് തുടക്കമിടുന്ന അവസരത്തില്‍ തന്നെയാണ് ദീര്‍ഘകാലമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് നീണ്ട കത്തെഴുതി പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിച്ച് ഏതാണ്ട് എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചിലതൊക്കെ തീര്‍ച്ചയായും ഗൗരവമുള്ളതാണ്. കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ ആ വിമര്‍ശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷേ, അതിലപ്പുറം, ആസാദ് ഈ സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ചത് ഔചിത്യമല്ല എന്നാണ് അഭിപ്രായം. കോണ്‍ഗ്രസില്‍ ജനാധിപത്യം ഇല്ലാതാകാന്‍ തുടങ്ങിയത് 2014ന് ശേഷമല്ല. ആസാദ് സൂചിപ്പിക്കുന്ന “ദര്‍ബാര്‍ സംഘം’ എല്ലാ കാലത്തും ഉണ്ടായിരുന്നു. ആ സംഘത്തിന്റെ ഭാഗമായി നീണ്ട കാലം നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് ആസാദ്. മൂപ്പനാരും, മമതയും, ജഗന്‍ മോഹന്‍ റെഡ്ഡിയും ഒക്കെ ഈ പ്രസ്ഥാനത്തിന് പുറത്തു പോയി സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കുകയും ആ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ അവര്‍ക്കൊപ്പം പോയപ്പോഴും ആസാദിന് “രാജാവ് നഗ്‌നനാണ്’ എന്ന് തോന്നിയില്ല. അവരെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കേണ്ടതുണ്ട് എന്ന് ആസാദിന് തോന്നിയില്ല. ആസാദിന് ചാർജുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പുഷ്‌ക്കലകാലത്ത് ഭരണം കിട്ടിയിട്ടുണ്ടാവാം. പക്ഷേ, ഒരു സംസ്ഥാനത്തിലും സംഘടനാ സംവിധാനം ഉണ്ടാക്കാന്‍ ആസാദ് ശ്രമിച്ചിരുന്നില്ല, തനിക്ക് താല്പര്യമുള്ള ലോയലിസ്റ്റുകള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ അല്ലാതെ. രാജ്യസഭാ എം പി ആയിരിക്കുന്ന കാലമത്രയും അദ്ദേഹം പാര്‍ട്ടി വിട്ടില്ല എന്നും ഓര്‍ക്കണം.

ഗുലാംനബി ആസാദ് ദേശീയരാഷ്ട്രീയത്തിലെ അപൂർവം മുസ്‌ലിം മുഖങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം, അദ്ദേഹത്തിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കുന്ന വേളയില്‍, കശ്മീരില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാന്‍ ഗുലാം നബി ആസാദ് നടത്തിയ ശ്രമങ്ങള്‍ പ്രധാനമന്ത്രി ഓര്‍മിച്ചതു ഹൃദയസ്പര്‍ശിയായിരുന്നു. പക്ഷേ, ഗുലാം നബി ആസാദ് മറുപടി പറയുമ്പോള്‍ ഒരിക്കല്‍ അതേ പാര്‍ലമെന്റിലെ അംഗമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി എന്ന മുതിര്‍ന്ന കോണ്ഗ്രസ്സുകാരന്റെ പേരും ഗുജറാത്ത് കലാപകാലത്ത് അദ്ദേഹം മാറി മാറി ഫോണ്‍ വിളിച്ചപ്പോള്‍ ആരും രക്ഷക്ക് എത്താതിരുന്ന കഥയും രാഷ്ട്രീയബോധമുള്ള കോണ്‍ഗ്രസ്സ് നേതാവ് എന്ന നിലക്ക് ഗുലാം നബി പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു.അദ്ദേഹം പക്ഷേ ഒന്നും മിണ്ടിയില്ല. കോണ്‍ഗ്രസിലെ അവശേഷിക്കുന്ന മുസ്‌ലിം നേതാവാണ് പാര്‍ട്ടി വിട്ടത് എന്ന് വിലപിക്കുന്നവരോട് ചോദിക്കാനുള്ളത് അടുത്തകാലത്തായി മുസ്‌ലിംകള്‍ നേരിടുന്ന ഏതെങ്കിലും വിഷയത്തില്‍ ഇദ്ദേഹം മുന്‍കൈ എടുത്തു പ്രചരണം നടത്തിയിരുന്നോ എന്നാണ്. കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കുകയും, കശ്മീരികള്‍ മാസങ്ങളോളം പുറംലോകം കാണാതെ ജീവിക്കുകയും ചെയ്തപ്പോള്‍ പോലും ആസാദ് ശക്തമായ സമരം നടത്തിയതായി അറിയില്ല.

രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നു പരാതി പറയുമ്പോഴും, കോണ്‍ഗ്രസിന്റെ സാമ്പ്രദായിക സംഘടനാ ചട്ടക്കൂട്ടിനു പുറത്തു നിന്നുകൊണ്ട് ആസാദിന് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. സ്വന്തം നിലക്ക് സമരങ്ങള്‍ സംഘടിപ്പിക്കാമായിരുന്നു. സോഷ്യല്‍ മീഡിയയിലെ നുണപ്രചാരണങ്ങളെ പൊളിച്ചടുക്കാന്‍ ശ്രമിക്കാമായിരുന്നു. ഗാന്ധിജി കോണ്‍ഗ്രസിനെ മാറ്റിയത് സ്വന്തമായ സമരരീതി സ്വയം നടപ്പിലാക്കിക്കൊണ്ടായിരുന്നു എന്നോര്‍ക്കണം. ഗാന്ധിജി തെളിച്ച വഴിയിലേക്ക് അദ്ദേഹത്തിനു പിന്നാലെ പോവുകയായിരുന്നു കോണ്‍ഗ്രസ്.

കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ബി ജെ പിക്ക് എതിരെ എന്തെങ്കിലും വിമര്‍ശനം നടത്തിയതായും അറിയില്ല. പക്ഷേ, പദ്മ പുരസ്‌കാരം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.കോണ്‍ഗ്രസ് മുക്തഭാരതം മുഖ്യ അജണ്ടയുള്ള പാര്‍ട്ടി നല്‍കിയ പദ്മ പുരസ്‌കാരം തിരസ്‌കരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. അതുമാത്രമല്ല, പരസ്യമാക്കിയ കത്തില്‍, രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അതിനിശിതമായി വിമര്‍ശിക്കുന്ന ആസാദ്, ബി ജെ പിയെ ഒരു വാക്ക് കൊണ്ട് പോലും മുറിവേല്‍പ്പിക്കാതിരിക്കാന്‍ കാണിക്കുന്ന കരുതല്‍ കാണാതെ പോകരുത്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിന്റെ പ്രശ്‌നങ്ങളോ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയോ അല്ല അദ്ദേഹത്തെ അലട്ടുന്നത്. കോണ്‍ഗ്രസ്സിന് അധികാരം ഇല്ലാത്തതും, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് പഴയ റോള്‍ ഇല്ലാത്തതുമാണ് എന്ന കാര്യം ഉറപ്പാണ്.
അവസാനമായി കോണ്‍ഗ്രസിനോട് ഒരു വാക്ക്: പാര്‍ട്ടി നേതാക്കള്‍ അടിയന്തിരമായി ചെയ്യേണ്ടത് “കേള്‍ക്കല്‍’ ആണ്- പ്രവര്‍ത്തകരെ, അനുഭാവികളെ, നേതാക്കളെ, മാധ്യമങ്ങളെ, പൊതുസമൂഹത്തെ, കര്‍ഷകരെ, തൊഴിലാളികളെ ഒക്കെ ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിക്കൂ. ഒന്നും അങ്ങോട്ട് പറയാതെ നിശബ്ദമായി കേള്‍ക്കൂ. നിങ്ങള്‍ക്ക് തിരികെ വരാന്‍ കഴിയും. ആശംസകള്‍…”
സുധാ മേനോന് നന്ദി. ഇത്രകൂടി പറയട്ടെ. നീതിയല്ല, ഗുലാം നബി ഇപ്പോള്‍ ചെയ്തത്. അയാള്‍ വഞ്ചിക്കുന്നത് മൗലാനയുടെ ജനതയെയാണ്.

കെ കെ ജോഷി

You must be logged in to post a comment Login