എൻ എസിന്റെ എഴുത്തുഗന്ധം

എൻ എസിന്റെ എഴുത്തുഗന്ധം

എൻ എസിന്റെ പരിപാടിയിൽ ഞാൻ വരണമെന്ന് ആദ്യം പറഞ്ഞെങ്കിലും ഈ അവാർഡ് കൊടുക്കുന്നത് ഞാനാണെന്നുള്ളത് പിന്നീടാണ് മനസിലാക്കിയത്. അപ്പോൾ എനിക്കതിൽ ഒരു ജാള്യം തോന്നി, എൻ എസിന് അവാർഡ് കൊടുക്കേണ്ടത് വേറെ വലിയ ഒരാളല്ലേ. മുമ്പ് സച്ചിദാനന്ദന് അവാർഡ് നൽകിയപ്പോഴും എനിക്കങ്ങനെയൊരു ജാള്യം തോന്നിയിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ ഒരു അവാർഡ് ഒരിക്കൽ കെ ജി ജോർജിന് കൊടുക്കേണ്ടിവന്നത് ആ സമയത്ത് ഞാനോർത്തു.

എൻ എസിന് ഇതിനുമുമ്പ് മുട്ടത്തുവർക്കി അവാർഡ് കിട്ടിയിട്ടുണ്ട്. ഞാനപ്പോൾ ആലോചിച്ചു. ഒരാൾ സ്വപ്നത്തെപ്പറ്റി എഴുതി കേരളീയരെ മുഴുവൻ ൈകയിലെടുത്ത പ്രതിഭ, മറ്റൊരാൾ ബുദ്ധികൊണ്ട് സർഗശേഷിയിലേക്ക് നമ്മളെയെല്ലാം ആകർഷിച്ച ഒരെഴുത്തുകാരൻ. മുട്ടത്തുവർക്കിയെപ്പറ്റി എന്താക്ഷേപമുണ്ടായാലും അദ്ദേഹത്തിന്റെ പാടാത്ത പൈങ്കിളിയും എൻ എസിന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകളും നമ്മുടെ മലയാള സാഹിത്യത്തിലെ രണ്ട് ദീപസ്തംഭങ്ങളാണ്. തീരെ കാല്പനികതയില്ലാത്തയാളാണ് താനെന്ന് എൻ എസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ ആളുടെ അടുക്കലേക്കാണ് കാല്പനികത മുഴുവൻ ആറ്റിക്കുറുക്കിയ മുട്ടത്തുവർക്കിയുടെ അവാർഡ് വന്നത്. മുട്ടത്തുവർക്കിയുടെ അവാർഡിന് പണ്ടത്തെക്കാൾ ഇപ്പോൾ മാന്യതയും വന്നിട്ടുണ്ട്.
താൻ ഏറ്റവും കൂടുതൽ വായിക്കുന്നത് കുഞ്ചൻ നമ്പ്യാരെയാണെന്ന് മറ്റൊരിക്കൽ എൻ എസ് പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയായതിൽ ഒരത്ഭുതവുമില്ല. കുഞ്ചൻ നമ്പ്യാരെപറ്റി ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾക്കുള്ള ഒരു പ്രത്യേകത അത് ഇന്നലെ എഴുതിയതാണെന്ന് നമുക്ക് തോന്നും. എങ്ങനെ ഇങ്ങനെ ആധുനികനാകാൻ അദ്ദേഹത്തിന് കഴിയുന്നു! നമ്മുടെ മറ്റ് പ്രസിദ്ധരായ പല കവികളുടെയും കവിത വായിച്ചാൽ അതിന്റെ പഴക്കം നമുക്ക് മനസിലാക്കാനാകും. എന്നാൽ കുഞ്ചൻ നമ്പ്യാരുടേത് മനസിലാവില്ല. അദ്ദേഹം തിരഞ്ഞെടുത്ത വിഷയങ്ങളിലും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്; കാലനില്ലാത്ത കാലം. ഇന്നത്തെ കാലത്ത് പത്രാധിപന്മാർ വാർഷിക പതിപ്പിന്റെയൊക്കെ കവർസ്റ്റോറിയായിട്ട് തിരഞ്ഞെടുക്കുന്ന ഒരു വിഷയമാണിത്. ഇരുനൂറ്റമ്പത്, മുന്നൂറ് വർഷം മുമ്പ് കുഞ്ചൻ നമ്പ്യാർ ഇങ്ങനെ ഒരു വിഷയമെടുത്ത് നമ്മളെയെല്ലാം ആസ്വദിപ്പിച്ചു.

വർഷങ്ങൾക്കുമുമ്പ് എൻ എസും ടി ആറും കൂടി തിരുവനന്തപുരത്ത് കോർപറേറ്റീവ് ഹോമിൽ താമസിച്ച കാലത്തെപ്പറ്റി ഒരു കഥയുണ്ട്. അന്ന് കോർപറേറ്റീവ് ഹോമിൽ താമസിക്കുന്ന എല്ലാവരും കഥയെഴുതുന്നവരാണ്. ഇവർ രണ്ടുപേരും കഥയെഴുതണ്ടാന്ന് തീരുമാനിച്ചു. അത് നമുക്കെന്തൊരു നഷ്ടമായിപ്പോയി. ഏതായാലും നമ്മുടെ ഒരു സുകൃതം കൊണ്ട് കുറേ വർഷം കഴിഞ്ഞപ്പോൾ രണ്ടുപേരും കഥയെഴുതി. അങ്ങനെയിരിക്കുമ്പോൾ അവിടെ എൻ എസിന്റെ സുഹൃത്തായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. നമ്പൂതിരി പറഞ്ഞു: മാതൃഭൂമിയുടെ ഒരു മത്സരം നടക്കുന്നുണ്ട്. താനൊരു കഥയയക്ക്. അപ്പോൾ വളരെ തിരക്കിട്ട് ശിശു എന്നൊരു കഥയെഴുതി അയച്ചു. അതിനായിരുന്നു ഒന്നാം സമ്മാനം. അതിനെപ്പറ്റി പിന്നീട് എൻ എസ് പറഞ്ഞിട്ടുണ്ട്, എനിക്ക് തീരെ തൃപ്തിയില്ലാതെ അയച്ചൊരു കഥയാണ്. കാരണം വളരെ തിടുക്കത്തിലായിരുന്നു എഴുത്ത്. പക്ഷേ പാശ്ചാത്യ ചരിത്രങ്ങളൊക്കെ ഞാൻ വായിക്കാറുണ്ടായിരുന്നതുകൊണ്ട് അതിന്റെ ക്രാഫ്റ്റ് ഇതിൽ റിഫ്ലക്ട് ചെയ്തിരിക്കാം, അങ്ങനെയായിരിക്കാം ഈ സമ്മാനം കിട്ടിയത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ സമ്മാനം മറിയമ്മക്കായിരുന്നു. മറിയമ്മയെ ഇന്ന് നമുക്കറിയാം. അത് മറിയമ്മയല്ല, പാലായിലെ ഒരു ക്രിസ്ത്യാനിയാണെന്നുള്ളതറിയാം, പുരുഷനാണെന്നുമറിയാം. സത്യത്തിൽ വർഷങ്ങൾ കഴിഞ്ഞ് മറിയമ്മ മറിയമ്മയല്ലെന്ന് കണ്ടുപിടിച്ചത് പത്രപ്രവർത്തനത്തിലെ ഫോളോഅപ്പിലെ അതിമനോഹരമായ അധ്യായങ്ങളിലൊന്നായിരുന്നു. മൂന്നാം സമ്മാനം സരിത വർമക്കായിരുന്നു. അതുകഴിഞ്ഞ് അതിന്റെ കൗതുകമെന്താണെന്നുവെച്ചാൽ എൻ എസിനെകൊണ്ട് നിർബന്ധിച്ച് കഥയെഴുതിച്ച ആ നമ്പൂതിരി പിന്നീട് സരിത വർമയെ വിവാഹം കഴിച്ചു. എൻ എസിനെ കൊണ്ട് എഴുതിച്ചില്ലായിരുന്നെങ്കിൽ പുള്ളിക്കാരത്തിക്ക് രണ്ടാം സ്ഥാനമെങ്കിലും കിട്ടിപ്പോയേനെ.
അതുപോലെ നമ്മൾ ഞെട്ടുന്ന ഒരു പ്രസ്താവന കൂടി എൻഎസ് നടത്തിയിട്ടുണ്ട്. തനിക്കിതുപോലെ പൂർണ തൃപ്തിയില്ലാതെ പെട്ടെന്നെഴുതിയ ഒരു കഥയാണ് ഹിഗ്വിറ്റ എന്ന്! അതേ നമ്മളൊക്കെ ആഘോഷിച്ച ഹിഗ്വിറ്റ തന്നെ. അത് താൻ തീരെ തൃപ്തിയോടെ എഴുതിയതല്ല എന്ന് അദ്ദേഹം പറയുന്നു. ഉത്തരേന്ത്യയിൽ ജോലി ചെയ്ത ആ കാലത്ത് കഥകളൊന്നും എഴുതാത്ത ഒരു പത്തുവർഷം. കെ പി നിർമൽകുമാറും മേതിൽ രാധാകൃഷ്ണനുമൊക്കെ കഥയെഴുതാത്ത ഒരു പത്തുവർഷം ഉണ്ടായിരുന്നു. അവിടെ മലയാളത്തിലെ ആനുകാലികങ്ങളൊന്നും കിട്ടാത്ത സ്ഥലത്താണ് ജോലി. അതുകഴിഞ്ഞ് തിരുവനന്തപുരത്ത് ടാക്സ് സെക്രട്ടറിയായിട്ട് അദ്ദേഹം വന്നതുകൊണ്ടാണ് നമുക്ക് ഇത്രയും നല്ല രചനകൾ തരാനായിട്ട് സാധിച്ചത്. അവിടെ വന്ന് മലയാള ആനുകാലികങ്ങളിലെ ഇപ്പോഴത്തെ കഥകളൊക്കെ എങ്ങനെയുണ്ടെന്നൊക്കെ നോക്കിയിട്ട് “ഹിഗ്വിറ്റ’ എഴുതി. എന്നാലും ആത്മവിശ്വാസമില്ലാത്തതുകൊണ്ട്, മാതൃഭൂമി തനിക്ക് വളരെ പരിചിതമായിട്ടുള്ള സ്ഥാപനമായിട്ടുപോലും തിരിച്ചയക്കാനുള്ള കവറും സ്റ്റാമ്പും കൂടെ വെച്ചാണ് അതയച്ചത്.
അതിനുശേഷം പിന്നീട് മലയാളത്തെ അദ്ദേഹം വിട്ടുപിരിഞ്ഞിട്ടില്ല. അന്നുമുതൽ നമ്മുടെ സർഗ രചനാചരിത്രത്തിന്റെ മുൻപന്തിയിൽ തന്നെയുണ്ട് എൻ എസ്.

എൻ എസിനെ പറ്റി ആലോചിക്കുമ്പോൾ എന്റെ മനസിൽ വരുന്ന മറ്റൊരു ചിത്രം. അദ്ദേഹം ഐ എ എസുകാരുടെ ധാടിയൊന്നുമില്ലാത്ത ഒരു ഐ എ എസുകാരനാണ്. ആ ധാടിയൊന്നും കാണിക്കാതെയുള്ള എഴുത്തുകൂടിയാണദ്ദേഹത്തിന്റെത്. അതുകൊണ്ടാണ് നമ്മൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. മനോരമയിൽ വർഷങ്ങളായിട്ട് പലരെയും കൊണ്ട് കോളങ്ങളെഴുതിക്കാറുണ്ട്. കോളങ്ങളെഴുതിച്ച് ചിലതൊക്കെ പരാജയമായപ്പോൾ ആറുമാസത്തിൽ കൂടുതൽ ആരെക്കൊണ്ടും എഴുതിക്കണ്ട എന്ന് തീരുമാനിച്ചു. ഒരു ടീം ആറുമാസം ചെയ്താൽ വേറൊരു ടീം പിന്നത്തെ ആറുമാസം. എന്താണെന്നുവെച്ചാൽ ആറുമാസം കഴിയുമ്പോൾ ഇവർ പലയിടത്തും എഴുതിയ ചില സാധനങ്ങളൊക്കെ റീസൈക്കിൾ ചെയ്ത് ഈ കോളത്തിൽ വരും. പക്ഷേ എൻ എസ് മാധവൻ മനോരമയിൽ ഒരു പംക്തി ചെയ്തപ്പോൾ അത് നാലര കൊല്ലമാണ് ഓടിയത്. അതിന്റെ കാരണമെന്താണെന്നുവെച്ചാൽ നമ്മളൊക്കെ എൻ എസ് എന്ന കഥാകൃത്തിനെ അറിയുമെങ്കിലും എൻ എസിന്റെ റേഞ്ച് നമ്മൾ കൃത്യമായിട്ട് മനസിലാക്കുന്നത് ആ കോളത്തിലൂടെയാണ്. ലോകത്തിലെ എന്തെല്ലാം കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് അറിവുണ്ട്. അതെല്ലാം നമ്മൾ മനസിലാക്കി. പിന്നീട് അവസാനം നാലര കൊല്ലമായപ്പോൾ അദ്ദേഹത്തിന് മടുത്ത് നിർത്തുകയായിരുന്നു. അല്ലാതെ മനോരമ അദ്ദേഹത്തോട് നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല.

കാസ്ട്രോ ഇല്ലാത്ത ക്യൂബയെപ്പറ്റി എഴുതാനായിട്ട് മനോരമ ആവശ്യപ്പെട്ടത് എൻ എസിനോടാണ്. അദ്ദേഹം ക്യൂബയിൽ പോയി, ഒന്നുരണ്ട് ആഴ്ച അവിടെ ചെലവഴിച്ച് മനോഹരമായ ഒരു പരമ്പര ചെയ്തു. അതും ഇപ്പറഞ്ഞപോലെ തന്നെ അദ്ദേഹത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടുത്തി.

തോമസ് ജേക്കബ്

You must be logged in to post a comment Login