വരിയുടെ ചിട്ടകൾ പാലിക്കാം

വരിയുടെ ചിട്ടകൾ പാലിക്കാം

അനുധാവനമാണ് സംഘനിസ്കാരത്തിന്റെ സവിശേഷത. ഇമാമിനെ അനുധാവനം ചെയ്യുന്നതിന് സംഘനിസ്കാരത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. തിരുനബി(സ്വ) പറഞ്ഞു:
“പിന്തുടരാൻ വേണ്ടിയാണ് ഇമാമിനെ നിശ്ചയിച്ചുതന്നിരിക്കുന്നത്. അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക, റുകൂഅ് ചെയ്താൽ നിങ്ങളും റുകൂഅ് ചെയ്യുക. റുകൂഇൽ നിന്നുയർന്നാൽ നിങ്ങളും അങ്ങനെ ചെയ്യുക. സുജൂദ് നിർവഹിച്ചാൽ നിങ്ങളും സുജൂദ് നിർവഹിക്കുക, (ബുഖാരി, മുസ്‌ലിം).

സംഘനിസ്കാരം സാധുവാകുന്നതിന് പ്രധാനമായും ഏഴു നിബന്ധനകളാണുള്ളത്. അവയത്രയും ഇമാമിനെ അനുധാവനം ചെയ്യുന്നതുമായി ബന്ധപ്പെട്ടവയാണ്.

ഒന്ന്: സംഘമായി നിസ്കരിക്കുന്നുവെന്ന് കരുതുക. ജമാഅതായി നിസ്കരിക്കുന്നു/ മഅ്മൂമായി നിസ്കരിക്കുന്നു/ ഇമാമിന്റെ കൂടെ നിസ്കരിക്കുന്നു/ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നു എന്നിങ്ങനെയാണ് മഅ്മൂം കരുതേണ്ടത്. ജമാഅതായി നിസ്കരിക്കുന്നുവെന്നോ ഇമാമായി നിസ്കരിക്കുന്നുവെന്നോ ആണ് ഇമാം കരുതേണ്ടത്.

മഅ്മൂം മറ്റൊരാളെ – ഇമാമിനെ – പിന്തുടരാൻ ഉദ്ദേശിക്കുന്നതു കൊണ്ട് ജമാഅതായി നിസ്കരിക്കുന്നുവെന്ന് കരുതൽ അനിവാര്യമാണ്. ഇമാമിന് അങ്ങനെ ഉദ്ദേശ്യമില്ലാത്തതിനാൽ ജുമുഅ, ആവർത്തിച്ചുള്ള നിസ്കാരം അല്ലാത്തവയിൽ ഇമാമിന് താൻ ഇമാമായി നിസ്കരിക്കുകയാണെന്ന്/ ജമാഅതായി നിസ്കരിക്കുകയാണെന്ന് കരുതൽ നിർബന്ധമില്ല. ജമാഅതിന്റെ പ്രതിഫലം ലഭിക്കണമെങ്കിൽഅങ്ങനെ കരുതണമെന്ന് മാത്രം. അഥവാ ഇമാമിന് ജമാഅതായി നിസ്കരിക്കുന്നുവെന്ന് കരുതൽ സുന്നത്താണ്.

പേര്/ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇമാമിനെ സ്പഷ്ടമാക്കൽ മഅ്മൂമിന് നിർബന്ധമില്ല. എന്നാൽ പിന്തുടരാൻ പറ്റുംവിധം ഒരു നിശ്ചിത വ്യക്തിയെയായിരിക്കണം തുടർന്ന് നിസ്കരിക്കുന്നത്. ഒരേസമയം രണ്ടാളുകളെ പിന്തുടരാനോ രണ്ടാളുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കാത്ത ഒരാളേ പിന്തുടരാനോ സാധിക്കാത്തത് കൊണ്ട് ഒരേസമയം രണ്ടാളുകളെ തുടർന്ന് നിസ്കരിക്കുന്നതും രണ്ടാളുകളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുക്കാത്ത ഒരാളെ തുടർന്ന് നിസ്കരിക്കുന്നതും സാധുവല്ല.

തുടർന്ന് നിസ്കരിക്കുകയാണെന്ന് കരുതാതെ/ കരുതിയിട്ടുണ്ടോ എന്ന് സംശയിച്ചുകൊണ്ട് നിസ്കരിക്കുന്ന ഒരാൾ മറ്റൊരാളെ അയാളുടെ കർമങ്ങളിലോ സലാമിലോ പിൻതുടരുകയും അതിന് വേണ്ടി ദീർഘനേരം കാത്തിരിക്കുകയും ചെയ്താൽ നിസ്കാരം അസാധുവാകുന്നതാണ്. അവസാന തശഹ്ഹുദിൽ വെച്ചാണ് തുടർച്ചയുടെ കാര്യത്തിൽ സംശയം ജനിച്ചതെങ്കിൽ പ്രസ്തുത വ്യക്തി സലാം പറയുന്നതു വരെ സലാം പിന്തിക്കൽ അനുവദനീയമല്ല.

രണ്ടു പേരുടെയും കർമങ്ങൾ യോജിച്ചുവരികയോ തുടർച്ചക്കായി വളരെക്കുറഞ്ഞ സമയം മാത്രം കാത്തിരിക്കുകയോ ചെയ്താൽ നിസ്കാരം നിഷ്ഫലമാവുകയില്ല. ഇമാം സലാം പറഞ്ഞശേഷം തുടർച്ചയുടെ കാര്യത്തിൽ വരുന്ന സംശയങ്ങൾ കൊണ്ടും നിസ്കാരം നിഷ്ഫലമാവുകയില്ല.

രണ്ട്: മഅ്മൂം ഇമാമിനെക്കാൾ മുന്തിനിൽക്കാതിരിക്കുക. നിന്ന് നിസ്കരിക്കുന്നവരും മലർന്നുകിടന്ന് നിസ്കരിക്കുന്നവരും കാൽമടമ്പ് കൊണ്ട് ഇമാമിനെ മുൻകടക്കാൻ പാടില്ല. ഇരുന്ന് നിസ്കരിക്കുന്നവർ പൃഷ്ഠം കൊണ്ടും ചെരിഞ്ഞുകിടന്ന് നിസ്കരിക്കുന്നവർ പാർശ്വം കൊണ്ടും ഇമാമിനെ മുൻകടക്കാതിരിക്കേണ്ടതാണ്. മഅ്മൂമിന്റെ കാൽവിരലുകൾ (നിന്ന് നിസ്കരിക്കുമ്പോൾ) ഇമാമിന്റെ കാൽമടമ്പിന് പിറകിലാകും വിധം നിൽക്കലാണ് അഭികാമ്യം. ഇമാമിനെക്കാൾ ഒട്ടും മുന്തുകയോ പിന്തുകയോ ചെയ്യാതെ ഇമാം നിൽക്കുന്ന അതേ വിതാനത്തിൽ മഅ്മൂം നിൽക്കുന്നത് നിസ്കാരത്തിന്റെ സാധുതയെ ബാധിക്കില്ലെങ്കിലും അങ്ങനെ നിൽക്കൽ കറാഹതാണ്. ഇമാമിന്റെ പിറകിൽ നിൽക്കുന്നതിന്റെ ശ്രേഷ്ഠത അതുമൂലം നഷ്ടമാകും.

മൂന്ന്: ഇമാമിന്റെ ചലനങ്ങൾ മഅ്മൂം അറിയുക. ഇമാമിനെ ദർശിച്ച് കൊണ്ടും വല്ത്, ഇടത് ഭാഗങ്ങളിലോ മുന്നിലോ ഉള്ള സ്വഫ്ഫിലുള്ളവരെ ദർശിച്ചുകൊണ്ടും ഇമാമിന്റെയോ വിശ്വസ്തനായ മുബല്ലിഗിന്റെയോ (ഇമാമിന്റെ ചലനങ്ങൾ മഅ്മൂമിനെ അറിയിക്കുന്നവർ) ശബ്ദം കേട്ടുകൊണ്ടും ഇമാമിന്റെ ചലനങ്ങളറിയാനാവുന്നതാണ്.

നാല്: ഇമാമും മഅ്മൂമും ഒരിടത്ത് ഒരുമിച്ചുകൂടുക. ഇരുവരും പള്ളിയിലാണെങ്കിൽ, ഇമാമിന്റെ സമീപത്തേക്ക് ചെന്നെത്താൽ സാധിക്കുന്ന സാധാരണ മാർഗമുണ്ടായിരിക്കണം. ഒന്നിലധികം നിലകളുണ്ടെങ്കിൽ പള്ളിയിൽനിന്നുതന്നെ അവിടേക്ക് കയറാനുള്ള പടികളുണ്ടായിരിക്കണം. ഒന്നിലധികം അറകളുണ്ടെങ്കിൽ വാതിലുകളുണ്ടാകണം. പള്ളിക്കകത്ത് നിന്ന് ഗോവണിയില്ലാതിരിക്കുമ്പോൾ മുകളിലെ നിലയിലുള്ളവർ താഴെയുള്ള ഇമാമിനെ തുടർന്നുള്ള നിസ്കാരവും ഇമാമിന്റെ സമീപത്തേക്ക് ചെന്നെത്തുന്നതിന് സാധിക്കാത്ത വിധം ചുമർ കെട്ടിയ അറയിൽവെച്ചുള്ള നിസ്കാരവും സാധുവല്ല. മുകളിലേക്ക് കയറാനുള്ള സാധാരണ സംവിധാനമല്ലാത്തതിനാൽ പള്ളിക്കകത്ത് നിന്ന് മുകൾനിലയിലേക്ക് തുറന്നുവെച്ച – ഗോവണിയില്ലാത്ത -ദ്വാരം മാത്രം മതിയാവുകയില്ല. പള്ളിക്ക് പുറത്തുനിന്ന് പള്ളിയുടെ മുകൾ നിലയിലേക്ക് നിർമിച്ചിട്ടുള്ള ഗോവണിയും പര്യാപ്തമല്ല. പള്ളിയുടെ വിവിധ അറകൾ ഒരു കെട്ടിടമായി പരിഗണിക്കുന്നതിനാൽ അവക്കിടയിലെ വാതിലുകൾ അടച്ചിടുന്നത് തുടർച്ചയെ ബാധിക്കുകയില്ല.
പള്ളി അല്ലാത്തിടത്തിടത്താണ് ഇമാമും മഅ്മൂമും ഒരുമിച്ചുകൂടുന്നതെങ്കിൽ ശരീരത്തിന്റ പുറംഭാഗം ഖിബ്്ലക്ക് നേരെയാകുംവിധം തിരിയാതെ ഇമാമിലേക്ക് എത്തിച്ചേരാൻ സാധിക്കണം. പള്ളിയിൽ ഇമാമിലേക്ക് എത്തിച്ചേരാൻ സാധിച്ചാൽ മതി. ഖിബ്്ലക്ക് പുറംതിരിയാത്ത വിധം ഇമാമിലേക്ക് എത്താൻ സാധിക്കണമെന്നില്ല. ഇമാമിനും മഅ്മൂമിനുമിടയിൽ അഥവാ ഇമാമിനും ആദ്യ സ്വഫ്ഫിനിടയിലും തുടർന്നുള്ള സ്വഫ്ഫുകൾക്കുമിടയിലും മുന്നൂറ് മുഴത്തേക്കാൾ അകലമില്ലാതിരിക്കുക, (മൂന്നൂറ് എന്നത് കൃത്യമായ കണക്കല്ല. അതിനാൽ മൂന്ന് മുഴമൊ മറ്റോ കൂടുന്നതിന് വിരോധമില്ല). ഇമാമിനെ ദർശിക്കുന്നതിന് തടസ്സം നിൽക്കുന്ന മറയില്ലാതിരിക്കുക, മറയുണ്ടാകുന്ന പക്ഷം ഇമാമിനെയോ മുൻ സ്വഫ്ഫിലുള്ളവരെയോ ദർശിക്കാൻ സൗകര്യപ്പെടുന്ന പഴുതുണ്ടാകുകയും അതിന് നേരെ ഒരാളെ നിർത്തുകയും ചെയ്യുക, അടച്ചിട്ട വാതിൽ, താഴ്ത്തിയിട്ട വിരി തുടങ്ങി കാഴചക്ക് വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളോ ഇമാമിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കളോ ഇല്ലാതിരിക്കുക എന്നിവയെല്ലാം പള്ളിയല്ലാത്തിടങ്ങളിൽ അനിവാര്യമാണ്. ഇമാമിലേക്ക് എത്തിച്ചേരാൻ സഹായകമായ തുറന്നുവെച്ച വാതിൽപഴുതിന് നേരെ ആരും നിൽക്കാതെ പഴുതിലൂടെ ഇമാമിനെ ദർശിച്ചത് കൊണ്ട് മാത്രം നിസ്കാരം സാധുവാകുകയില്ല.

അഞ്ച്: ഇമാമിനോടുള്ള വിയോജിപ്പ് അസംബന്ധമായി കണക്കാക്കുന്ന സുന്നതുകളിൽ ഇമാമിനോട് യോജിക്കുക. തെറ്റാണെന്നറിഞ്ഞുകൊണ്ട് ബോധപൂർവം അത്തരം സുന്നതുകളിൽ ഇമാമിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്. തിലാവതിന്റെ (വിശുദ്ധ ഖുർആനിലെ നിശ്ചിത വചനങ്ങളുടെ പാരായണത്തിനു ശേഷം നിർദേശിക്കപ്പെട്ട സുജൂദ്) സുജൂദുസ്സഹ്്്വ് (നിസ്കാരത്തിനിടയിൽ സംഭവിക്കുന്ന മറവിക്കും മറ്റും പരിഹാരമായി നിർദേശിക്കപ്പെട്ട സുജൂദ്) ആദ്യ തശഹുദ് എന്നിവ ഇമാമിനോട് യോജിക്കൽ അനിവാര്യമായ കർമങ്ങളാണ്. ഇമാം തിലാവതിന്റെ സുജൂദ് നിർവഹിച്ചാൽ മഅ്മൂം അത് നിർവഹിക്കുകയും ഉപേക്ഷിച്ചാൽ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. അപ്രകാരം തന്നെ ഇമാം സഹ്്വിന്റെ സുജൂദ് നിർവഹിച്ചാൽ മഅ്മൂം നിർബന്ധമായും അത് നിർവഹിച്ചിരിക്കണം. അതേസമയം ഇമാം സഹ്്വിന്റെ സുജൂദ് ഉപേക്ഷിച്ചാൽ മഅ്മൂം അതുപേക്ഷിക്കേണ്ടതില്ല. ഇമാം ഉപേക്ഷിച്ചാലും മഅ്മൂമിന് സഹ്്വിന്റെ സുജൂദ് സുന്നതുണ്ട്. ഇമാം ആദ്യ തശഹ്ഹുദ് ഉപേക്ഷിച്ചാൽ മഅ്മൂമും അതു പേക്ഷിക്കേണ്ടതാണ്. ഇമാം ആദ്യ തശഹുദ് ഉപേക്ഷിക്കുകയും ഇസ്തിറാഹതിനായി ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം തശഹുദ് നിർവഹിക്കാനായി മഅ്മൂം വിനിയോഗിക്കുകയും ചെയ്താൽ മഅ്മൂമിന്റെ നിസ്കാരം നിഷ്ഫലമാകുന്നതാണ്. ഇമാം ആദ്യ തശഹുദ് ഉപേക്ഷിക്കുകയും ഇസ്തിറാഹതിനായി ഇരിക്കുകയും ചെയ്താൽ ആ സമയത്ത് മഅ്മൂമിന് ആദ്യ തശഹുദ് നിർവഹിക്കാവുന്നതാണ്.

ഇമാം തശഹുദ് നിർവഹിക്കുകയും മഅ്മൂം ബോധപൂർവം തശഹുദ് ഉപേക്ഷിക്കുകയും ചെയ്താൽ തശഹുദിലേക്ക് മടങ്ങൽ മഅ്മൂമിന് സുന്നതാണ്. മറന്നുകൊണ്ടോ വിവരമില്ലാതെയോ ഉപേക്ഷിച്ചതാണെങ്കിൽ ഇമാം തശഹുദിൽ നിന്ന് എഴുന്നേൽക്കുന്നതിനുമുമ്പ് ഓർമ വരികയോ, അറിവ് ലഭിക്കുകയോ ചെയ്യുന്ന മുറക്ക് തശഹുദിലേക്ക് മടങ്ങൽ അനിവാര്യമാണ്. അല്ലാത്തപക്ഷം മഅ്മൂമിന്റെ നിസ്കാരം നിഷ്ഫലമാകും. ഇമാം റുകൂഅ് നിർവഹിക്കുന്നതിനുമുമ്പ് ഫാതിഹ പൂർണമായും നിർവഹിക്കാനാകുമെന്നുറപ്പുണ്ടങ്കിൽ ആദ്യ തശഹുദ് പൂർത്തീകരിക്കുന്നതിനായി പിന്തൽ മഅ്മൂമിന് സുന്നതുണ്ട്.
ഖുനൂത്, ഇസ്തിറാഹതിനായുള്ള ഇരുത്തം, രണ്ടാം സലാം തുടങ്ങി ഇമാമിനോട് വിയോജിക്കൽ അസംബന്ധമായി കാണാത്ത ഐഛിക കർമങ്ങളിൽ ഇമാമിനോട് വിയോജിക്കുന്നതിന് വിരോധമില്ല. ആദ്യ സുജൂദിൽ ഇമാമിനോടൊപ്പം ചേരാനാകുമെന്ന് കണ്ടാൽ ഖുനൂത് നിർവഹിക്കുന്നതിനായി പിന്തൽ മഅ്മൂമിന് സുന്നതാണ്. അതിനായി ഒരു അനിവാര്യ ഘടകത്തിൽ ഇമാമിനെക്കാൾ പിന്തൽ കറാഹതും രണ്ട് റുക്നുകളിൽ പിന്തിയാൽ നിസ്കാരം നിഷ്ഫലമാകുന്നതുമാണ്. ഇസ്തിറാഹതിന്റെ ഇരുത്തം രണ്ടാം സലാം എന്നിവ ഇമാം ഉപേക്ഷിച്ചാലും മഅ്മൂമിന് അതെടുക്കൽ സുന്നതു ണ്ട്.

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login