അനുരാഗിയുടെ ധ്യാനങ്ങൾ

അനുരാഗിയുടെ ധ്യാനങ്ങൾ

ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം കഴിഞ്ഞ് 17 ആണ്ട് തികയുകയാണ്. തിരൂരങ്ങാടിക്കടുത്ത കുണ്ടൂരില്‍ നമ്പിടിപറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനായിരുന്നു. 1935-ലാണ് ജനനം. ഉപ്പ ഉമ്മാനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉമ്മാന്റെ വാപ്പ തിരൂരങ്ങാടി ഹസ്സന്‍ മുസ്‌ലിയാര്‍ കൂടിയാലോചിച്ചത് കുറ്റൂര്‍ കമ്മുണി മോല്യാരോടാണ്. മോല്യര്‍ പാപ്പയുടെ ശിഷ്യന്മാര്‍ വലിയ മഹാന്മാരാണ്. അവരുടെ ശിഷ്യരില്‍ പെട്ടയാളാണ് വടകര ഓര്‍ (മമ്മദ് ഹാജി പാപ്പ). മമ്മദ് ഹാജി പാപ്പയെ കുണ്ടൂര്‍ ഉസ്താദ് വിളിക്കാറുള്ളത് “ഹാജ്യര്‍ പാപ്പ’ എന്നാണ്. തിരൂരങ്ങാടി ബാപ്പു ഉസ്താദ് ചെറുവണ്ണൂര്‍ (മമ്മദ് ഹാജി പാപ്പയുടെ നാടിന് അടുത്ത്) ദര്‍സ് ഏറ്റെടുത്തപ്പോള്‍ വടകര ഓറെ കാണാന്‍ പോയി. മമ്മദ് ഹാജി പാപ്പ ചോദിച്ചു: ങ്ങളെ നാട് എവിടെ? ബാപ്പു ഉസ്താദ് പറഞ്ഞു: തിരൂരങ്ങാടി. അപ്പോ വടകര ഓര്‍: അവിടെ അടുത്തല്ലേ കുണ്ടൂര്‍. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ അറിയോ?

ബാപ്പു ഉസ്താദ്, അതേയെന്ന് മൂളി. മമ്മദ് ഹാജി പാപ്പ പറഞ്ഞു: ഖാദര്‍ മോല്യാര് വലിയ മഹത്വമുള്ള ആളാണ് ട്ടോ! ഇത് കേട്ടപ്പോള്‍ ബാപ്പു ഉസ്താദിന്റെ ഉള്ളൊന്ന് കാളി. കാരണം ബാപ്പു ഉസ്താദിനെ എപ്പോ കാണുമ്പോഴും ആദരവോടെ കുണ്ടൂര്‍ ഉസ്താദ് വിട്ട് നില്‍ക്കും. അടുത്ത് നില്‍ക്കാറില്ല. അത് കാണുമ്പോള്‍ ബാപ്പു ഉസ്താദ് തമാശയാക്കി ചിരിക്കുമായിരുന്നു. ബാപ്പു ഉസ്താദിന്റെ പ്രകൃതം തന്നെ അങ്ങനെയാണ്. അടുത്ത തവണ നാട്ടില്‍ വന്നപ്പോള്‍ ബാപ്പു ഉസ്താദ് കുണ്ടൂരില്‍ വന്നു. അവര്‍ പരസ്പരം അടുത്തു. എന്തു കാര്യവും പരസ്പരം മുശാവറ ചെയ്യും. കുണ്ടൂര്‍ ഉസ്താദ് എന്ത് ബൈത് എഴുതിയാലും ബാപ്പു ഉസ്താദിനെ കാണിക്കും. സുദൃഢമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.

പള്ളി ദര്‍സില്‍ നിന്ന് ചട്ടപ്രകാരം കിതാബുകള്‍ ഓതി പഠിക്കുകയും ഉസ്താദുമാരുടെ അനുശീലനത്തില്‍ ജീവിക്കുകയും, പഠിച്ച വിഷയങ്ങള്‍ അഗാധമായി പഠിച്ച് ഹൃദിസ്ഥമാക്കി വേണ്ട കഴിവുകളും ആര്‍ജിച്ചെടുത്ത പണ്ഡിതനാണ് കുണ്ടൂര്‍ ഉസ്താദ്. ഉസ്താദിന്റെ നൈപുണ്യം മനസ്സിലാകണമെങ്കില്‍ അവിടത്തെ ഖസ്വീദകളും രചനകളും ഉദ്ധരണികളും കൃതികളും ശൈലിയും മനസ്സിലാക്കണം. തന്റെ കാലത്ത് ജീവിച്ച മഹത്മാക്കളുടെ ഗുരുത്വവും പൊരുത്തവും വാങ്ങിയ അഗാധജ്ഞാനിയാണ് കുണ്ടൂര്‍ ഉസ്താദ്. ഉസ്താദിനെ ആത്മീയമായി ഉയര്‍ത്തിയത് ചാപ്പനങ്ങാടി ബാപ്പു മോല്യാര്‍ പാപ്പയാണ്. അഗാധജ്ഞാനികളായ കരിങ്കപ്പാറ ഉസ്താദിന്റെയും ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാരുടെയും ശിഷ്യനാണ് കുണ്ടൂര്‍ ഉസ്താദ്. കഴിഞ്ഞകാലത്ത് അഭിപ്രായ വ്യത്യാസങ്ങളില്ലാതെ അറിയപ്പെട്ട ഉസ്താദുമാരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മഹാന്‍തന്നെ.

ഞങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന വേളകളില്‍ അല്‍ഫിയയിലെ ബൈത്ത് അടിസ്ഥാനമാക്കി മുശാഅറ: (കാവ്യമത്സരം) മത്സരം നടത്തും. ഉസ്താദ് ബൈത് തുടങ്ങിയാല്‍ അതിനെ അതിജയിക്കാനോ ഉസ്താദിന്റെ മനഃപാഠം മറികടക്കാനോ കൂട്ടത്തില്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അത്രത്തോളം മനഃപാഠം ഓരോ വിഷയങ്ങളിലും ഉസ്താദുമാരില്‍ നിന്ന് സമ്പൂര്‍ണമായി മനസ്സിലാക്കിയിരുന്നു. ഉസ്താദിന്റെ ജീവിതം പഠിക്കുന്ന കുട്ടികള്‍ക്ക് പാഠമാണ്. നന്നായി ഓതി പഠിക്കണം. വെറുതേ സമയം കളയരുത്.

ഓരോ ഗുരുവും അല്ലാഹുവിലേക്ക് എത്തിച്ചേരാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും. കുണ്ടൂര്‍ ഉസ്താദിന്റെ വഴി മുത്ത് നബിയോടുള്ള പ്രണയമായിരുന്നു – മഹബ്ബ. തിരുനബി (സ്വ) പറഞ്ഞു: ഒരാള്‍ ആരെയാണോ പ്രിയം വെച്ചത്, അവരോടൊപ്പമാണ്. അക്ഷരാർഥത്തില്‍ ഈ ഹദീസായിരുന്നു കുണ്ടൂര്‍ ഉസ്താദിന്റെ ജീവിതത്തിലുടനീളം നാം കണ്ടത്.

ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞ് ഉസ്താദിനെ കാണാന്‍ ഞാന്‍ കുണ്ടൂരിലിറങ്ങി. രാത്രിയാണ്. ഉസ്താദ് പള്ളിയുടെ വരാന്തയില്‍ ഇരുട്ടത്ത് ഇരിക്കുകയാണ്. അപ്പോഴാണ് ഞാന്‍ കയറിച്ചെല്ലുന്നത്. എന്നെ കണ്ടപ്പോള്‍, ഒരു ടോര്‍ച്ചും പേപ്പറും കൈയില്‍ തന്നിട്ട് പറഞ്ഞു: “ഇതൊന്ന് പാടിക്കാ’. ഞാന്‍ പാടി:
“അതിമോഹത്താലേ ആശിഖും ഞാനേ
കാട്ടിടണേ കണ്ണില്‍ കാണിക്കണേ…
മലരിമ്പ റൗളയെ കാണിക്കണേ
മലരിമ്പ റൗളയെ കാണിക്കണേ’

ഉസ്താദ് പലയാവര്‍ത്തി ഈ വരികള്‍ പാടിപ്പിച്ചു. ഇത് കേള്‍ക്കുമ്പോള്‍ ഉസ്താദ് “നല്ല മട്ടംണ്ട് ല്ലേ.. നല്ല രസണ്ട് ല്ലേ’ എന്ന് പറഞ്ഞ് കൊണ്ടിരുന്നു. എനിക്കൊരു സമ്മതം പോലെ (ഇജാസ) പോലെ. “ഇതിജ്ജ് പതിവാക്കിക്കോ’ എന്ന് പറയുകയും ചെയ്തു.

ഉസ്താദ് എന്ത് എഴുതിയാലും അതെല്ലാം ഇശ്ഖ് (ശുദ്ധപ്രണയം) ആയിരുന്നു. ഒരു ആശിഖിനേ (യഥാര്‍ഥ പ്രണയി) അങ്ങനെയാവാന്‍ കഴിയൂ. നമ്മളൊന്നും ആ സ്ഥാനത്ത് എത്തിയിട്ടില്ല. സ്‌നേഹത്തിന് പല പദവികളാണ്. ഇശ്ഖില്‍ എത്തുന്നതിന് മുമ്പ് മഹബ്ബ പിന്നിടണം. അതിന് മുമ്പ് മവദ്ദത്ത് വേണം. മവദ്ദത്ത് ആണ് തുടക്കം. മവദ്ദത്ത് ശക്തി ആയാല്‍ മഹബ്ബ ആവും. മഹബ്ബ ശക്തി പ്രാപിച്ച് ഇശ്ഖ് ആവും. ഇശ്ഖ് പൂര്‍ണമായാല്‍ ജദ്ബ് ആവും. മവദ്ദതിന്റെ മുമ്പുള്ള അവസ്ഥയാണ് ഹവ. ഹവ എന്ന് പറഞ്ഞാല്‍ ഭൗതികമായ താല്‍പര്യത്തിന് വേണ്ടി സ്‌നേഹിക്കുക. അതാണ് ഇന്ന് പലര്‍ക്കും ഉള്ളത്. ഇത് തുടച്ച് മാറ്റിയാല്‍ മാത്രമേ നമുക്ക് മവദ്ദത്തില്‍ എത്താന്‍ കഴിയുകയുള്ളൂ.

സയ്യിദ് മുഹമ്മദ് മാലികി അല്‍ മക്കീ എസ് വൈ എസിന്റെ അന്‍പതാം വാര്‍ഷികത്തിന് വന്നപ്പോള്‍ കുണ്ടൂര്‍ ഉസ്താദിനെ അന്വേഷിച്ചു. ആ സമയത്ത് കുണ്ടൂര്‍ ഉസ്താദ് എന്റെ ഉപ്പയുടെ ആണ്ട് പരിപാടിയിലായിരുന്നു. സഫര്‍ മാസത്തിലാണ്. കുണ്ടൂര്‍ ഉസ്താദ് ചോദിച്ചു: ഞമ്മള് മര്‍കസിലേക്ക് പോവല്ലേ? ഞങ്ങള്‍ “അതേ’ എന്ന് തലയാട്ടി. ഉടനെ ഉസ്താദ് ഒരു പേപ്പര്‍ എടുത്ത് അല്‍ഫിയയുടെ ശൈലിയില്‍ ബൈത്ത് ഉണ്ടാക്കി. ആ ബൈത്തിന്റെ എല്ലാ വരിയും അവസാനിക്കുന്നത് മാലികി എന്ന പദം കൊണ്ടാണ്. അങ്ങനെ ഞാനും ഉസ്താദിന്റെ മക്കളായ ലത്തീഫ് ഹാജിയും ബാവ ഹാജിയും കുണ്ടൂര്‍ ഉസ്താദും കൂടി പോയി. മര്‍കസില്‍ ചെന്ന് മാലികിയെ കണ്ട് ഉസ്താദ് ഉണ്ടാക്കിയ ബൈത്ത് പാടിക്കൊടുത്തു. ഞങ്ങള്‍ പിറകിലും ഉസ്താദ് മുമ്പിലും. ആ ബൈത്ത് ചൊല്ലിക്കൊടുത്തപ്പോള്‍ മാലിക്കി പറഞ്ഞു: “നിങ്ങള്‍ യഥാര്‍ഥ മജ്ദൂബ് ആണ്’. ജദ്ബ് രണ്ട് ഇനമാണ്. ജംഇന്റെ മഖാമും ഫര്‍ഖിന്റെ മഖാമും.
ഇശ്‌ഖോടൊപ്പം ഉസ്താദിന് (ചിലപ്പോഴെങ്കിലും) ജദ്ബ് എന്ന പദവിയും ഉണ്ടാകും. ഉസ്താദിന് അസുഖം വരുന്നതിന് മുമ്പുള്ള വര്‍ഷം മക്കത്ത് പോയ ഒരു സംഭവമുണ്ട്. അസറിന്റെ സമയമാണ്; സായാഹ്നം. ഉസ്താദ് എന്റെ കൈപിടിച്ച് റൗളയില്‍ പ്രവേശിച്ചു. നല്ല തിരക്കുണ്ട്. ഉസ്താദ് എന്നോട് മെല്ലെ പറഞ്ഞു: ആരെയും തിരക്കണ്ട ട്ടോ…ഞാന്‍ ഉം എന്ന് മൂളി.
അങ്ങനെ നിസ്‌കരിക്കാന്‍ സൗകര്യം കിട്ടി. നിസ്‌കാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഉസ്താദ് എന്നോട് പറഞ്ഞു: എനിക്ക് “ആദി അമൈത്തെ’ പാടിത്തരുമോ? ഞാന്‍ ഉസ്താദിന്റെ കാതില്‍ പാടിക്കൊടുത്തു:

“ആദി അമൈത്തേ നൂറുല്ലാ..
അഹമദ് നബിയില്‍ സ്വല്ലല്ലാ…
അശ്‌റഫുല്‍ ഖല്‍ഖ് നബിയുല്ലാ..
ആദരവായ റസൂലുല്ലാ..

ബദ്‌റിലും ഏറിയ ശോഭ നബി
ബീവി ആമിന തന്റെ സ്വബീ
വലദുല്‍ അമീനായ് വന്ന നബി
ആമന്നാ ബി റസൂലില്ലാ…’

ഇത് കേട്ടതും മദീനപള്ളി മുഴുവന്‍ കേള്‍ക്കുന്ന രൂപത്തില്‍ ഉസ്താദ് പൊട്ടിക്കരഞ്ഞു. നിയമപ്രകാരം ഉച്ചത്തില്‍ ശബ്ദിക്കാന്‍ പാടില്ല. തിരുനബിയുടെ മുമ്പില്‍ ഒച്ച ഉയര്‍ത്താന്‍ പാടില്ല എന്ന് പഠിപ്പിച്ച ഗുരു, സ്‌നേഹം അലതല്ലിയപ്പോള്‍ അറിയാതെ ഒച്ച വന്നു പോയി. അത് ജദ്ബാണ്. എല്ലാം മറന്ന് നിയന്ത്രണം കിട്ടാതെ പൊട്ടിക്കരയുന്നതാണ് അവസ്ഥ.

ഉസ്താദ് സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗം ജനങ്ങളെ സഹായിക്കലായിരുന്നു. തിരുനബി(സ്വ) പറഞ്ഞു:
“ഒരാള്‍ തന്റെ സഹോദരനെ അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ച് സഹായിക്കുന്ന കാലത്തോളം അല്ലാഹു അയാളെ സഹായിച്ചുകൊണ്ടിരിക്കും.’

ആര് എന്ത് പ്രയാസം വന്നു പറഞ്ഞാലും അല്ലാഹുവില്‍ കൈയേല്‍പ്പിച്ച് ഉസ്താദ് ഏറ്റെടുക്കും. എല്ലാവരെയും സഹായിക്കും. തനിക്ക് മേല്‍ക്കോയ്മ വേണമെന്നോ എന്തെങ്കിലും പദവി വേണമെന്നോ ചിന്തിക്കാതെ ഇസ്‌ലാമിന്ന് അഭിമാനം ഉണ്ടാവണം എന്ന ലക്ഷ്യത്തില്‍ ഉസ്താദ് പ്രവര്‍ത്തിച്ചു. താഴ്മയുടെ അങ്ങേ അറ്റത്തേക്ക് വരെ ഇറങ്ങിച്ചെല്ലാന്‍ മടിയോ ക്ഷീണമോ ഉസ്താദിന് ഉണ്ടായിട്ടില്ല. ഇതോര്‍മിപ്പിക്കുന്ന പല രംഗങ്ങളും ശൈഖുനയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ആലമുല്‍ ജംഊത്ത്, ആലമുല്‍ ഹാഹൂത്ത്, ആലമുല്‍ നാസൂത്ത്, ആലമുല്‍ മലകൂത്ത്, ആലമുല്‍ ജബ്‌റൂത്ത് തുടങ്ങി പല രൂപത്തില്‍ ആത്മീയ ലോകത്തെ വേര്‍തിരിച്ചതായി നമുക്ക് കാണാം. അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ഒരു മനുഷ്യജീവിതത്തിന് അഞ്ച് ലോകങ്ങളുണ്ടെന്ന് പരിചയപ്പെടുത്തി. നാം ജീവിക്കുന്നത് മൂന്നാമത്തെ ലോകത്തിലാണ്. അതായത് ആലമുദുന്‍യാ. അതിന് മുമ്പ് ആലമുല്‍ അര്‍ഹാം (മാതാവിന്റെ ഗര്‍ഭാശയം) എന്ന അവസ്ഥയുണ്ടായിരുന്നു. അതിനും മുമ്പ് ആലമുല്‍ അര്‍വാഹ് (പിതാവിന്റെ മുതുകില്‍) അതല്ലെങ്കില്‍ യൗമുല്‍ അഹ്ദ് വല്‍ മിസാഖ് (ഉടമ്പടി ദിനം) എന്ന അവസ്ഥയുണ്ടായിരുന്നു. അതായത് അല്ലാഹുവുമായി അടിമകള്‍ ഉടമ്പടി നടത്തിയ ദിവസം. ആത്മീയ ലോകത്ത് ഒരുമിച്ച് കൂട്ടപ്പെട്ട ആത്മാക്കളുടെ ലോകം തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. ആലമു ദുന്‍യ കഴിഞ്ഞാല്‍ നമുക്ക് ആലമുല്‍ ബര്‍സഖ് (മരിച്ചവര്‍ ജീവിക്കുന്ന ലോകം) വരാനുണ്ട്. അത് കഴിഞ്ഞാല്‍ ഇസ്‌റാഫീല്‍ (അ) രണ്ടാമത് സൂര്‍ എന്ന കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ ആലമുല്‍ ആഖിറയില്‍ എത്തും. അനശ്വരമായതും ഒരു വിശ്വാസി ഏറ്റവുമധികം സന്തോഷിക്കുന്നതുമായ ഇടം.
ഉസ്താദിന്റെ തൃക്കരങ്ങള്‍ കൊണ്ട് സ്ഥാപിതമായ കുണ്ടൂരിലെ ഗൗസിയ ഇന്ന് ഏറെ വിശ്രുതമാണല്ലോ! എല്ലാ ആഴ്ചയും ബുര്‍ദ മജ്‌ലിസും മറ്റനേകം സംരംഭങ്ങളും ഗൗസിയയുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ കുണ്ടൂരിന് ഒരു മുന്‍കാല ചരിത്രമുണ്ടായിരുന്നു. ഇന്ന് കാണുന്ന പോലെയല്ല. വിജനമായ പ്രദേശമായിരുന്നു. ആ സ്ഥലം ശൈഖുന വിലക്ക് വാങ്ങി. പലരും ചോദിച്ചു : ഈ സ്ഥലം വാങ്ങിയിട്ട് എന്ത് കിട്ടാനാണ്? ചിലര്‍ ഉസ്താദിനെ പരിഹസിച്ചു. പക്ഷേ, ശൈഖുന പ്രവര്‍ത്തനം ആരംഭിച്ചു. ഉസ്താദിന്റെ രീതികള്‍ വളരെ രസകരമായിരുന്നു. സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഒരു കാലിച്ചായയും കുടിച്ച് ഉസ്താദ് കുണ്ടൂരിലെത്തും. ഉസ്താദുമായി ബന്ധപ്പെട്ട ആളുകളോ പ്രയാസം അനുഭവിക്കുന്നവരോ ഉസ്താദിനെ കാണാന്‍ വരും. അവര്‍, കുണ്ടൂരുസ്താദ് എവിടെയാണ് ഉണ്ടാവുക എന്ന് നാട്ടുകാരോട് തിരക്കുമ്പോള്‍ ജനങ്ങള്‍ കാട്ടിലേക്കും പാടവരമ്പിലേക്കും ചൂണ്ടി അവിടെയുണ്ടാകുമെന്ന് പറയും. ഉസ്താദ് അവിടെ കിടക്കുന്നുണ്ടാവും. വെറുതേ കിടക്കുകയല്ല, ഉസ്താദിന്റെ കൂടെ മക്കളോ മുഹിബ്ബീങ്ങളോ ഉണ്ടാവും. അവരെ കൊണ്ട് ബദ്‌രിയ്യത്ത് ചൊല്ലിക്കും. അവര്‍ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

“എല്ലാ ബലാഉം ആഫതും
എടങ്ങേറുകള്‍ മുസ്വീബതും
ബദ്‌രീങ്ങളെ ബറകതിനാല്‍
എമയ് കാക്കണം യാ റബ്ബനാ…’

കാണുന്നവര്‍ക്ക് ഉസ്താദ് കുണ്ടൂരിലെ കാടിനുള്ളില്‍ ഒരു മരത്തിന്റെ അടിയില്‍ ചാക്ക് വിരിച്ച് കിടക്കുകയാണെങ്കിലും, ഉസ്താദ് മാനസികമായി ആത്മീയ ലോകത്ത് ബദ്‌റിലാണ് കിടക്കുന്നത്. ശൈഖുന ഇരിക്കുന്നത് തിരുനബിയുടെ കൂടെയാണ്. കാരണം, ബദ്ർ മൗലിദിലെ ആദ്യകണ്ണി തിരുനബിയാണല്ലോ! മനസ്സില്‍ അല്ലാഹു അറിയിച്ച് കൊടുത്ത കാര്യങ്ങള്‍ ബദ്‌രീങ്ങളോട് പങ്കു വെക്കുകയാണ്. കാണാന്‍ വരുന്ന എല്ലാവരോടും മൗലിദോ മറ്റു ബൈത്തുകളോ മാലകളോ പാടിപ്പിക്കും. എന്ന് മാത്രമല്ല, ഉസ്താദിനെ കാണാന്‍ വരുന്നവര്‍ കൊടുക്കുന്ന സംഖ്യ കൊണ്ട് ഭക്ഷണം വാങ്ങി അവിടെ കൂടിയ എല്ലാവര്‍ക്കും വിതരണം ചെയ്യും. അല്ലെങ്കില്‍ കൈയിലുള്ള സംഖ്യ ഉപയോഗിച്ച് മറ്റൊരു ബദ്ർ മൗലിദ് മജ്‌ലിസ് സംഘടിപ്പിക്കും. വല്ല ഉസ്താദുമാരും വന്നാല്‍ അവരെ കൊണ്ട് പ്രസംഗിപ്പിക്കും. “ബാവാ.. ആ മൈക്ക് ഇങ്ങട്ട് എടുത്താ… അലി ബാഖവി വരുന്നുണ്ട്’. ഇങ്ങനെ ഒരു പറച്ചിലാണ്… എനിക്കൊക്കെ ഒരുപാട് അനുഭവം ഉണ്ട്. പ്രസംഗം കേള്‍ക്കാന്‍ ചിലപ്പോ ആരും ഉണ്ടാവില്ല. അപ്പോ ഉസ്താദ് പറയും: “ചുറ്റുപാടുള്ള സ്ത്രീകള്‍ കേള്‍ക്കും. ങ്ങള് പറഞ്ഞോളി. അല്ലെങ്കില്‍ ങ്ങള് എന്നെ വഴക്ക് പറഞ്ഞോളി, ഞാന്‍ നന്നാവട്ടെ..’ ഉസ്താദ് മുന്നില്‍ തന്നെ ഒരു വിദ്യാര്‍ഥിയെ പോലെ ഭവ്യതയോടെ ഇരിക്കും.

ഉസ്താദിനെ പലരും പരിപാടികള്‍ക്ക് വിളിക്കും. ആരെങ്കിലും കല്യാണത്തിന് വിളിച്ചാല്‍ ഉസ്താദ് ഒറ്റക്കല്ല പോവുക. ക്ഷണിക്കുന്ന ആളോട് ചോദിക്കും: എത്ര ആള്‍ക്ക് ക്ഷണമുണ്ട്? ക്ഷണിക്കുന്ന ആള്‍ പറയും: എത്ര ആള് വന്നാലും പ്രശ്‌നമില്ല. അപ്പോ ഉസ്താദ് പറയും: “എന്നാല്‍ ഞങ്ങള്‍ പത്ത് ആള് ഉണ്ടാവും… ഞാന്‍ വരണമെന്നുണ്ടെങ്കില്‍ ഞമ്മളെ യതീംഖാനയിലേക്ക് ഒരു സംഖ്യ സംഭാവന തരണം…’ അങ്ങനെ കിട്ടുന്ന പണം യതീംഖാനയുടെ ചെലവിലേക്ക് മാറ്റിവെക്കും. അതില്‍ നിന്ന് ഒരു സംഖ്യ പോലും ഉസ്താദ് കീശയിലേക്ക് എടുക്കില്ല. ഇത് ഉസ്താദിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറഞ്ഞ് കൊടുത്താല്‍ മാത്രമേ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുള്ളൂ. അങ്ങനെയങ്ങനെ ആ പ്രദേശം സജീവമായി. ഗൗസിയ വളര്‍ന്നു.

ഉസ്താദ് ഏറ്റെടുത്ത ഒരു പ്രദേശം പോലും വെറുതെയായിട്ടില്ല. ശൈഖുന ഒ കെ ഉസ്താദ് പറയാറുണ്ട് “നമുക്ക് ഇഖ്‌ലാസ് ഉണ്ടോ, എന്നാല്‍ വിജയിക്കും’. അതായിരുന്നു കുണ്ടൂര്‍ ഉസ്താദിന്റെ രീതിയും. തന്റെ ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി, ദീനിന് മാറ്റിവെച്ചു.
ഞങ്ങള്‍ പത്ത് സെന്റില്‍ രണ്ടത്താണിയില്‍ നുസ്‌റത് എന്ന സ്ഥാപനം തുടങ്ങിയ സമയത്ത് അവിടെ തീരെ സൗകര്യമില്ലായിരുന്നു. ഒ കെ ഉസ്താദാണ് നുസ്‌റതിന് തുടക്കം കുറിക്കുന്നതും എന്നെ മുദരിസായി നിയമിക്കുന്നതും. ഉസ്താദിന്റെ കാലശേഷം കുണ്ടൂര്‍ ഉസ്താദിനെയാണ് രക്ഷാധികാരിയായി നിയമിച്ചത്. ഞങ്ങള്‍ ഉസ്താദിനോട് സ്ഥലപരിമിതിയെ പറ്റി ആശങ്ക പങ്കുവെച്ചപ്പോള്‍, നുസ്‌റതിന്റെ മുമ്പിലുള്ള ഒഴിഞ്ഞുകിടക്കുന്ന കുറഞ്ഞ സ്ഥലത്തേക്ക് ചൂണ്ടി ഉസ്താദ് ചോദിച്ചു: “ആ സ്ഥലം വില്‍ക്കുമോ ആവോ?’ ഞാന്‍ പറഞ്ഞു: “പൈസ കിട്ടിയാല്‍ വിറ്റുകൂടായില്ല്യാ’.

“വില്‍ക്കാണെങ്കില്‍ നമുക്ക് വാങ്ങണമെന്ന് ഉസ്താദ്!’ അന്ന് ഞങ്ങള്‍ സ്ഥാപനം തന്നെ വളരെ കഷ്ടപ്പെട്ടാണ് നടത്തുന്നത്. പിന്നെങ്ങനെ സ്ഥലം വാങ്ങാനാണ്. അപ്പോഴും ഉസ്താദ് പറഞ്ഞു: “അത് കിട്ടുമ്പോ വാങ്ങണേ. അതൊക്കെ ശരിയാവും…’ പിന്നീടൊരിക്കല്‍ ഉസ്താദ് കുറുകയില്‍ വന്നപ്പോള്‍ മകന്‍ ബാവാനെ വിളിച്ച് പറഞ്ഞു: “നമുക്ക് നുസ്‌റതില്‍ പോവണം’. ഉസ്താദ് കോളജില്‍ വന്നു. ഞങ്ങളോട് പറഞ്ഞു: “ങ്ങള് ആ മുതഅല്ലീംകളെയൊക്കെ വിളിക്കിം..’ അങ്ങനെ എല്ലാവരെയും വിളിച്ച് വരുത്തി 10 തവണ തിരുനബിയുടെ മദ്ഹ് പാടിപ്പിച്ചു. അന്നും ദുആ ചെയ്ത് പോകുമ്പോള്‍ ഉസ്താദ് പറഞ്ഞു; ഈ സ്ഥലം കിട്ടാണെങ്കില്‍ വാങ്ങണട്ടോ. അടുത്ത ആഴ്ച ആ സ്ഥലം കൊടുക്കുന്നുണ്ട് എന്ന് കേട്ടു. അങ്ങനെ ഉടമസ്ഥരോട് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: “ഈ സ്ഥലം കോളജിന് തന്നെ തരുകയുള്ളൂ. നിങ്ങള്‍ വില തരണം’. അങ്ങനെ കച്ചോടമാക്കി. 1000 രൂപ കടം വാങ്ങി അച്ചാരം കൊടുത്തു. ഈ സന്തോഷ വാര്‍ത്ത പറയാന്‍ വേണ്ടി കുണ്ടൂരില്‍ പോയപ്പോള്‍, അന്ന് മമ്പുറത്ത് അലവിയ്യ ദര്‍സില്‍ ചാപ്പനങ്ങാടി ബാപ്പോല്യാര്‍ പാപ്പയുടെ ദിക്‌റ് കഴിഞ്ഞ് വന്ന് ഉസ്താദ് മലര്‍ന്ന് കിടക്കുകയാണ്. ഞാന്‍ ഉസ്താദിനോട് പറഞ്ഞു: “ആ സ്ഥലം കച്ചോടം ആക്കി. 18 ലക്ഷം കാഷ് വേണം’. ഉസ്താദ് അതൊക്കെ ആയിക്കോളും എന്നൊരു പറച്ചിലായിരുന്നു. പിന്നീട് കടം വാങ്ങി സ്ഥലം ഉറപ്പിക്കുകയും കടങ്ങളൊക്കെ വീട്ടുകയും ചെയ്തു. ഏത് രൂപത്തിലാണ് അത് വീട്ടിയത് എന്ന് എനിക്കോ മാനേജ്‌മെന്റിനോ അറിയില്ല. എല്ലാം ഉസ്താദിന്റെ വാക്കിന്റെ ഫലം.

ഒരിക്കല്‍ മദ്രസയില്‍ വെച്ച് ഞാന്‍ ഹജ്ജിന്റെ ക്ലാസ് എടുക്കുമ്പോള്‍ “തവക്കല്‍തു അലല്ലാഹ്’ എന്ന ആയത്തിന്, “നിങ്ങള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചോളി’ എന്നര്‍ഥം പറഞ്ഞപ്പോള്‍ തല്‍ക്ഷണം ഉസ്താദ് എഴുന്നേറ്റ് നിന്ന് പറഞ്ഞു: “അങ്ങനെ അര്‍ഥം പറയരുത് എന്ന് കരിങ്കപ്പാറ ഉസ്താദ് പറഞ്ഞിട്ടുണ്ട്. മറിച്ച്, കൈയേല്‍പ്പിക്കുക എന്ന് പറയണം’. എന്ത് വിഷയമാണെങ്കിലും ഗുരുനാഥന്മാരുടെ തഹ്ഖീഖും ഉദ്ധരണികളും ജീവിതത്തില്‍ കൊണ്ടുനടന്ന മഹാജ്ഞാനിയായിരുന്നു.

അലി ബാഖവി ആറ്റുപുറം

(തീർന്നില്ല)

You must be logged in to post a comment Login