തിരുനബി ജീവിതം: മനഃശാസ്ത്ര സമീപനങ്ങള്‍

തിരുനബി ജീവിതം: മനഃശാസ്ത്ര സമീപനങ്ങള്‍

വ്യക്തിത്വം നിര്‍ണയിക്കാന്‍ സൈക്കോളജിയില്‍ ധാരാളം തിയറികളും വ്യക്തിത്വ വിശേഷണങ്ങളും (Personality traits) പരിഗണിച്ചു വരുന്നുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തി പേഴ്സണാലിറ്റി ടെസ്റ്റ് നടത്തുകയും, ആകാരവടിവിലും പ്രകടനപരതയിലും മാത്രം കാണുന്നതിനപ്പുറം എന്താണ് ഒരു വ്യക്തി എന്ന് നിർണയിക്കുകയും ചെയ്യുന്നു. ഇവയില്‍ പല സമീപനങ്ങളും ലോകാടിസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തിയതാണ്.

പ്രവാചകനെ വിവരിക്കുന്ന ഒരു എഴുത്തുകാരനെ സംബന്ധിച്ച് എന്ത് എഴുതണം എന്ന ക്ഷാമമില്ല എന്ന വസ്തുത നിലനില്‍ക്കെ തന്നെ ഏതു രീതിയില്‍ അവതരിപ്പിക്കും എന്ന പ്രതിസന്ധി നേരിടുന്നുണ്ട്, എഴുത്തുകാര്‍ എല്ലാ രീതികളും മുമ്പേ പരീക്ഷിച്ചിരിക്കുന്നു. ആധുനിക ലോകത്തോട് സംവദിക്കുന്ന ഒരു രചനയ്ക്ക് രൂപംകൊടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനഃശാസ്ത്ര സമീപനം സ്വീകരിച്ചാല്‍ ഉചിതമാകും എന്ന് കരുതുന്നു. അതുതന്നെ ഏറെ സ്വീകാര്യവും വ്യാപക സ്വാധീനവും ഉള്ള 14 വ്യക്തിത്വ വിശേഷണ ചിഹ്നങ്ങളാണ് (Personality traits) വിവരിക്കുന്നത്.

കേവല അവലോകനം ഒഴിവാക്കി നബിയുടെ(സ്വ) ഓരോ ജീവിത രംഗങ്ങള്‍ വ്യക്തി വിശേഷണങ്ങള്‍ക്ക് ചുവടെ വിവരിക്കുന്ന രീതിയാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നബി ജീവിതം ചുരുങ്ങിയ രൂപത്തില്‍ പഠിക്കാനും വ്യക്തി വിശേഷണങ്ങള്‍ സാഹചര്യാടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനും വായനക്കാരന് സാധിക്കും.

ഇത് പുരോഗമിക്കുന്ന വേളയില്‍ പരിധിയും പരിമിതിയും നേരിട്ടിട്ടുണ്ട്. തിരുനബിയുടെ (സ്വ) ജീവിതം സർവലോകര്‍ക്കുമുള്ള ജീവിതമാതൃകയാണ്. ആ ജീവിതം ഉള്‍ക്കൊള്ളുന്ന രൂപത്തിലുള്ള വ്യക്തിത്വ വിശേഷണങ്ങള്‍ ഇന്നുവരെ പരീക്ഷിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല, ശാസ്ത്രീയ ഗവേഷണത്തിൽ അതുപോലെ ഒരാളെ കാണാന്‍ കഴിഞ്ഞില്ല എന്നതാണു കാരണം. അതാണ് പരിധി. പിന്നെ, പഠനങ്ങളും പരീക്ഷണങ്ങളും കണ്ടു പരിചയിച്ചവരെ നിര്‍ത്തി തയാറാക്കിയ വ്യക്തിത്വ വിശേഷണ പട്ടിക ആയതിനാല്‍ തന്നെ അവയ്ക്ക് പ്രവാചകരുടെ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ ശേഷിയില്ല, അതാണ് പരിമിതി. ഇത്തരം പരിധിയും പരിമിതിയും വകവച്ചുകൊണ്ട് നബി ജീവിതത്തിലെ ചില അടരുകളെ പരിശോധിക്കാം.

അവബോധം/ആര്‍ദ്രത (sensitivity)
“ഒരു പിതാവും തന്റെ പുത്രനെ മുഹമ്മദിന്റെ അനുചരന്മാര്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കുന്നില്ല’ തിരുനബിയുടെ പ്രതിപക്ഷത്തുള്ള സുഹറ കുലത്തിലെ അഖ്നാസ് ബിന്‍ അശ്ശരീഖ് സാക്ഷ്യപ്പെടുത്തിയ വാക്യമാണിത്.

പ്രവാചകന്റെ മറ്റൊരു പ്രസ്താവന കാണുക: “ദൈവത്തിന് നൂറ് കാരുണ്യങ്ങളുണ്ട്. അതില്‍ ഒന്ന് ഭൂതങ്ങള്‍ക്കും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നല്‍കി. അതുകൊണ്ടാണ് അവരെല്ലാം അന്യോന്യം കാരുണ്യവും സ്നേഹവായ്പും കാണിക്കുന്നത്. അതിന്റെ കാരണത്താലാണ് ഒരു വന്യമൃഗം അതിന്റെ കുട്ടിയോട് കാരുണ്യപൂര്‍വം പെരുമാറുന്നത്. ബാക്കി 99 കാരുണ്യങ്ങളും അല്ലാഹു തനിക്കുവേണ്ടി കരുതിവച്ചിരിക്കയാണ്. പുനരുത്ഥാന നാളില്‍ തന്റെ അടിമകള്‍ക്കു മേല്‍ കാരുണ്യവര്‍ഷം ചൊരിയാനാണ് ആ കരുതിവെപ്പ്.’

തന്മയീഭവം (empathy)
കരാര്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ മക്കാ മുശ്്രിക്കുകളെ ലക്ഷ്യംവെച്ച് സൈന്യം നീങ്ങുന്ന വേള: സൈന്യത്തിന്റെ മുന്നോട്ടുള്ള പ്രയാണ ദിവസങ്ങളിലൊന്നില്‍ പാതയോരത്ത് പ്രസവിച്ച ഉടനെയുള്ള ഏതാനും കുഞ്ഞുങ്ങളുമായി ഒരു പട്ടി കിടക്കുന്നത് പ്രവാചകന്‍(സ്വ) കണ്ടു. അതു തന്റെ കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. സൈനികരിലാരെങ്കിലും അവയെ ഉപദ്രവിക്കുമെന്ന് തിരുനബിക്ക് തോന്നി. ദംറാഹിലെ ജുലൈലിനെ വിളിച്ച് മുഴുവന്‍ സൈനികവ്യൂഹവും കടന്നുപോകുന്നതുവരെ ആ പട്ടിക്കും കുഞ്ഞുങ്ങള്‍ക്കും കാവല്‍ നില്‍ക്കാന്‍ കല്‍പ്പന കൊടുത്തു.
നജ്ദ് താഴ്വരയില്‍ നിന്നും മദീനയിലേക്ക് തിരിച്ചു വരുമ്പോള്‍ പ്രവാചകനും ഒരു ചെറുസംഘവും സൈനികവ്യൂഹത്തിന്റെ പിന്‍നിരയിലായിരിക്കെ അധിക പട്ടാളക്കാരും അവര്‍ക്കു മുമ്പില്‍ നടന്നുപോയ ദൃശ്യം ജാബിര്‍(റ) രേഖപ്പെടുത്തുന്നുണ്ട്. ജാബിറിന്റെ(റ) ഒട്ടകം പ്രായമുള്ളതും ശോഷിച്ചതുമാകയാല്‍ മുൻനിരയോടൊപ്പം നടന്നെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രവാചകനും അദ്ദേഹത്തെ മറികടന്നു. അതിനിടയില്‍ ജാബിറിനോട്(റ) തിരുനബി എന്താണ് താന്‍ പിന്നിലായിപ്പോയത് എന്നു ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു : “എന്റെ ഈ ഒട്ടകത്തിന് അതിവേഗം സഞ്ചരിക്കാന്‍ കഴിയില്ല.’

“അതിനെ മുട്ടുകുത്തിക്കൂ’ നബിയുടെ ഒട്ടകവും മുട്ടുകുത്തി. നബി പറഞ്ഞു: “ആ വടി ഇങ്ങു തരൂ..’ ഞാനതു പ്രകാരം ചെയ്തു. ആ വടിയെടുത്ത പ്രവാചകന്‍ എന്റെ ഒട്ടകത്തിന് ഒന്നോ രണ്ടോ തട്ടു കൊടുത്തു. എന്നിട്ട് എന്നോട് അതിന്റെ മുകളില്‍ കയറാന്‍ പറഞ്ഞു. ദിവ്യ സത്യവുമായി പ്രവാചകനെ നിയോഗിച്ച അല്ലാഹുവാണ! എന്റെ ഒട്ടകം പിന്നീട് തിരുദൂതരുടെ ഒട്ടകത്തെ മറികടന്ന് സഞ്ചാരം തുടങ്ങി.

ആത്മവിശ്വാസം (confidence)
40 -ാം വയസ്സില്‍ ജിബ്്രീല്‍ പകര്‍ന്നുകൊടുത്ത ഇഖ്റഇന്റെ വചനങ്ങളും അതിനുശേഷം അല്ലാഹു ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വങ്ങളുമെല്ലാം പ്രവാചകന് വലിയ ആത്മവിശ്വാസമായിരുന്നു. പ്രതിയോഗികൾ നിരന്തരം പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ പ്രവാചകന്‍ ആടിയുലഞ്ഞില്ല. ഒരിക്കല്‍ അവരുടെ നേതാക്കളില്‍ ചിലര്‍ സംഘമായി അബൂത്വാലിബിനെ കണ്ട് സഹോദര പുത്രന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന് ആവശ്യപ്പെട്ടു. തത്സമയം അവരെ ആശ്വസിപ്പിക്കും വിധത്തില്‍ നിലപാട് സ്വീകരിച്ചെങ്കിലും കാര്യമായ നീക്കങ്ങളൊന്നും അബൂത്വാലിബിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതില്‍ പ്രകോപിതരായി അവര്‍ വീണ്ടും അബൂത്വാലിബിന്റെ അടുത്തു വന്ന് പറഞ്ഞു: അബൂത്വാലിബ്, താങ്കള്‍ക്ക് ഞങ്ങളുടെ അടുത്ത് ഉന്നതസ്ഥാനവും വളരെ മാന്യമായ അംഗീകാരവുമുണ്ട്. നിങ്ങളോട് മുഹമ്മദിന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ പറഞ്ഞു. നിങ്ങളൊന്നും ചെയ്തില്ല. ദൈവമാണ് സത്യം, ഞങ്ങളുടെ പൂര്‍വപിതാക്കളെ വേദനിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങളുടെ ആചാരങ്ങളെ അപകീര്‍ത്തിപ്പെടുത്താനോ ഞങ്ങളുടെ ദൈവങ്ങളെ തള്ളിപ്പറയാനോ അനുവദിക്കില്ല. ഒന്നുകില്‍ നിങ്ങള്‍ അവനോട് മാറിനില്‍ക്കാന്‍ പറയുക. അല്ലാത്തപക്ഷം നിങ്ങള്‍ രണ്ടു പേരോടും ഞങ്ങള്‍ ഏറ്റുമുട്ടും. അവര്‍ പോയ ഉടനെ അദ്ദേഹം വളരെ അസ്വസ്ഥനായി. അദ്ദേഹം നബിയെ(സ്വ) വിളിപ്പിക്കുകയും അവരുടെ ഭീഷണി സത്യസന്ധമായി അവതരിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഇതുകൂടി പറഞ്ഞു: “എന്റെ സഹോദരപുത്രാ എന്നെയും നിന്നെയും രക്ഷിക്കുക. എന്റെ ചുമലില്‍ എനിക്ക് താങ്ങാനാവാത്തത് നീ വയ്ക്കരുത്.’ എന്നാല്‍ പ്രവാചകന്റെ(സ്വ) പ്രതിവചനം ഇങ്ങനെയായിരുന്നു: “ദൈവമാണ! അവര്‍ എന്റെ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വച്ചുതന്നാലും അല്ലാഹു ഇതിനെ വിജയിപ്പിക്കും വരെ ഞാനീ വഴി ഉപേക്ഷിക്കില്ല . അല്ലെങ്കില്‍ ഈ ദൗത്യനിര്‍വഹണത്തിനിടയില്‍ ഞാന്‍ ഇല്ലാതായിപ്പോകണം.’

എന്തും ചെയ്യാന്‍ മടിയില്ലാത്ത അതിഭീമവും ഭീകരവുമായ ശത്രുപക്ഷം എതിരില്‍ നില്‍ക്കുമ്പോഴാണ് ഈയൊരു നിലപാടെടുക്കുന്നത് എന്ന് പ്രത്യേകം ഓര്‍ക്കണം.

തുറന്ന മനസ് (Openness to experience)
കാര്യങ്ങള്‍ അനുഭവവേദ്യമാക്കുന്നതിന് തുറന്ന മനസ്‌കതയോടെയുള്ള സമീപനം അനിവാര്യമാണ്. നിർമാണാത്മകമായ എല്ലാ കാര്യങ്ങളിലും റസൂല്‍ സ്വഹാബികള്‍ക്കൊപ്പം പങ്കുചേര്‍ന്നതായി കാണാം. ജ്ഞാനത്തിനായുള്ള ദാഹവും ഇതില്‍ പെടുന്നതാണ്. ഇതെല്ലാം പൂർണാർഥത്തില്‍ റസൂലില്‍ സമ്മേളിച്ചതാണ്. ഓട്ടമത്സരം നടന്ന സന്ദര്‍ഭം മഹതി ആഇശ ബീവി(റ) വിവരിക്കുന്നുണ്ട്. രണ്ടാമത്തെ ഓട്ടമത്സരം ആയിരുന്നു ഇത്:

“ഞാനെന്റെ വസ്ത്രം മുറുക്കിക്കെട്ടി . പ്രവാചകനും അങ്ങനെ ചെയ്തു . അങ്ങനെ ഞങ്ങള്‍ ഓടി. ഓട്ടമത്സരത്തില്‍ പ്രവാചകന്‍ ജയിച്ചു.’ നീ ജയിച്ച ആ പഴയ ഓട്ടമത്സരത്തിനു പകരമാണിത് . പ്രവാചകന്‍ പറഞ്ഞു . ഹിജ്റക്ക് മുമ്പ് മക്കയില്‍ നടന്ന ഓട്ടമത്സരത്തിന്റെ സൂചനയാണ് പ്രവാചകന്‍ അതിലൂടെ നടത്തിയത്. ആഇശ(റ) വിശദീകരണത്തിലൂടെ ഇതുകൂടി പറഞ്ഞു. “മക്കയിലായിരിക്കെ ഒരു ദിവസം പ്രവാചകന്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ എന്റെ കൈയില്‍ എന്തോ ഉണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ആഇശാ , അതെനിക്ക് തരൂ. ഞാനത് നല്‍കാതെ അവിടെ നിന്നും ഓടി. അദ്ദേഹം എന്റെ പിന്നാലെ ഓടി . എന്നാല്‍ ഞാന്‍ നബിയെക്കാള്‍ എത്രയോ മുന്നിലായിരുന്നു.’

വിചിന്തനം/ യുക്തിവിചാരം (Reasoning)
നബി പത്നിമാർക്കിടയിൽ ചില കുസൃതികള്‍ ഒക്കെ ഉണ്ടാവാറുണ്ട്. ആഇശ ബീവിയുടെ ഭാഗത്തുനിന്നും അവരുടെ പ്രായത്തിനനുസരിച്ച പെരുമാറ്റങ്ങളും പ്രകടമാവാറുണ്ട്. ആഇശ ബീവിക്ക്(റ) ചെറിയ ഒരു വേളക്ക് സഫിയ ബീവിയോട് ഇത്തരം ചില കുസൃതികൾ തോന്നിയിരുന്നു. അത് തന്നെ മാനസികമായി പ്രയാസപ്പെടുത്തുന്നു എന്ന് സ്വഫിയ നബിയോട്(സ്വ) പരാതിപ്പെട്ടപ്പോള്‍ നബി വളരെ യുക്തിപരമായി വിഷയം കൈകാര്യം ചെയ്തു. നബി പറഞ്ഞു: “ഒരു നബിയുടെ മകള്‍, മറ്റൊരു നബിയുടെ അനന്തരവള്‍, മറ്റൊരു നബിയുടെ പത്നി, ഇങ്ങനെ ഒരാള്‍ നബി പത്നിമാരില്‍ ഞാനല്ലാതെ വേറെ ആരുണ്ട്’ എന്നു പറഞ്ഞു കൂടായിരുന്നോ നിനക്ക്.

എത്ര ചെറിയ നന്മ ചെയ്തു കഴിഞ്ഞാലും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് പ്രതിഫലം ലഭിക്കുന്ന വിഷയങ്ങള്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ തിരുനബി പറയുകയുണ്ടായി: തന്റെ ഭാര്യക്ക് നൽകുന്ന ഭക്ഷണത്തിനും തനിക്ക് പ്രതിഫലം ഉണ്ട്. ഇതു കേട്ട് ആശ്ചര്യനായ ഒരു സ്വഹാബി ചോദിച്ചു: അതിലും പ്രതിഫലമോ? ഇതിന് തിരുനബി അദ്ദേഹത്തെ കൊണ്ട് തന്നെ മറുപടി പറയിച്ചു. ഹറാമായ രൂപത്തില്‍, അന്യ സ്ത്രീക്ക് ഭക്ഷണം കൊടുക്കുന്നത് തെറ്റല്ലേ?

“അതെ.’
എന്നാല്‍ അനുവദനീയമായ രൂപത്തില്‍ ആകുമ്പോള്‍ പ്രതിഫലവും ഉണ്ട്.
മറ്റൊരു സന്ദര്‍ഭം കാണാം, സ്വഹാബികള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരാന്‍ തിരുനബി സ്വീകരിച്ച ഒരു വിചിന്തന വഴി: കരാര്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ മക്കാ മുശ്്രിക്കുകളെ ലക്ഷ്യം വെച്ച് സൈന്യം നീങ്ങുന്ന പര്യടനത്തില്‍ പ്രവാചകനോടൊപ്പം അന്‍സാറുകളില്‍പ്പെട്ട അബ്ദുല്ലയുടെ മകന്‍ ജാബിറും(റ) ഉണ്ടായിരുന്നു. സൈന്യം ഒരിടത്ത് താവളമടിച്ചപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “ഞങ്ങളെല്ലാം പ്രവാചക സന്നിധിയില്‍ ഇരിക്കുമ്പോള്‍ കൂട്ടത്തിലൊരാള്‍ ഒരു കിളിക്കൂടുമായി അടുത്തുവന്നു. ആ കൂട്ടിലുള്ള കിളിക്കുഞ്ഞിനെ കൈവശപ്പെടുത്തിയ ആ മനുഷ്യനു നേരെ അമ്മപ്പക്ഷി വാവിട്ടു പറക്കുന്നുണ്ടായിരുന്നു . എല്ലാവരും അത്ഭുതത്തോടെ ആ കാഴ്ചയില്‍ ഉടക്കി നില്‍ക്കുന്നതായി ഞാന്‍ കണ്ടു . അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : “ഈ പക്ഷിയുടെ കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? നിങ്ങള്‍ അതിന്റെ കുട്ടിയെ പിടികൂടിയപ്പോള്‍ അതിന്റെ അമ്മ കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും വികാരങ്ങളാല്‍ ആ കുട്ടിയിലേക്ക് വരുന്നത് നിങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവായ അല്ലാഹു നിങ്ങളോട് ഈ പക്ഷിക്ക് അതിന്റെ കുഞ്ഞിനോടുള്ള കാരുണ്യത്തേക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ കാരുണ്യമുള്ളവനാണ്. തുടര്‍ന്ന് പ്രവാചകന്‍ ആ കിളിക്കുഞ്ഞിനെയും അതിന്റെ കൂടും എടുത്ത സ്ഥാനത്തുതന്നെ തിരികെ കൊണ്ടുവയ്ക്കാന്‍ നിർദേശിച്ചു.’

ധീരത (courage)
രാജാക്കന്മാരിലേക്കുള്ള കത്ത്: ഹുദൈബിയയില്‍ വെച്ച് സന്ധി പൂര്‍ത്തിയായി. ഇരുവിഭാഗങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ കെട്ടടങ്ങി. ഹിജ്റ ആറാം വര്‍ഷം ദുല്‍ഹിജ്ജയില്‍ റസൂല്‍(സ്വ) മദീനയിലെത്തി. തുടര്‍ന്ന് നാട്ടുരാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ തീരുമാനിച്ചു. കത്തുകള്‍ക്ക് സീലുവെക്കാന്‍ ഒരു വെള്ളി മോതിരം പണിയിച്ചു. മോതിരത്തില്‍ മൂന്നു വരികളിലായി ഇങ്ങനെ കൊത്തിവെച്ചിരുന്നു: “മുഹമ്മദു റസൂലുല്ലാഹ്.’
ഒരിക്കല്‍ പ്രവാചകന്‍ തന്റെ അനുയായികളോട് പറഞ്ഞു: “അല്ലാഹു എന്നെ സർവലോകരിലേക്കായാണ് നിയോഗിച്ചിരിക്കുന്നത്. എന്നില്‍നിന്നും ബാധ്യതകള്‍ വീട്ടേണ്ടത് നിങ്ങളാണ്, നിങ്ങള്‍ ഭിന്നതയിലാകരുത്.’ തുടര്‍ന്ന് സൗകര്യപ്പെടുന്നവരിലേക്കെല്ലാം സന്ദേശങ്ങള്‍ കൊടുത്തയച്ചു. ചില രാജാക്കന്മാര്‍ക്ക് അവരുടെ ഭാഷ അറിയുന്ന ദൂതന്മാരെ അയച്ചു.
അംറുബിന്‍ ഉമയ്യതുള്ളംരിയ്യിനെ ഹബ്ശാ രാജാവായ നജാശിയുടെ അടുത്തേക്ക് നിയോഗിച്ചു.
ദഹിയ്യത്ത് ബിന്‍ ഖലീഫതുല്‍ കല്‍ബിയ്യിനെ(റ) റോമന്‍ രാജാവായ ഖൈസറിന്റെ അടുത്തേക്കു നിയോഗിച്ചു.

അബ്ദുല്ലാഹി ബിന്‍ ഹിദാഫതിസ്സഹ്‌മിയ്യിനെ(റ) പേര്‍ഷ്യന്‍ രാജാവായ കിസ്റയുടെ അടുത്തേക്ക് നിയോഗിച്ചു.
ഇങ്ങനെ ആരെയും വിട്ടുകളയാതെ ആ സന്ദേശങ്ങൾ പോയി.
അയല്‍നാടുകള്‍ അടക്കിവാഴുന്ന, പ്രജകളാല്‍ ദൈവതുല്യം വാഴ്ത്തപ്പെടുന്ന, ജനങ്ങളെ വിറപ്പിച്ച രാജാക്കന്മാരോടാണ് അവര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ആശയം നേരിട്ട് സമര്‍പ്പിക്കുന്നത്.

ശുഭാപ്തി വിശ്വാസം (optimism)
ലോകത്തെ എഴുതപ്പെട്ട ഭരണഘടനകളുടെ പ്രാഗ്്രൂപമായിരുന്നു മദീനാ ചാര്‍ട്ടര്‍. മദീനയിലും പുറത്തും ബഹുസ്വരതയോടെയുള്ള പ്രവാചകരുടെ(സ്വ) നിലപാടുകളും ദൗത്യനിർവഹണവുമായിരുന്നു അത്. ശുഭാപ്തി വിശ്വാസത്തിന്റെ വലിയൊരു അടയാളമായിട്ട് ഇതിനെ കാണാം:
1-പ്രവാചകന്‍ സ്വഹാബികളുമായി ഈ വര്‍ഷം മടങ്ങിപ്പോവുക, വരും വര്‍ഷം യുദ്ധായുധങ്ങളില്ലാതെ മക്കയില്‍ വരാം, അപ്പോള്‍ മക്ക അവര്‍ക്ക് വിട്ടുകൊടുക്കുകയും മൂന്ന് ദിവസം അവിടെ വസിക്കാവുന്നതുമാണ്.

2-പത്തു വര്‍ഷത്തേക്ക് ഇരുവര്‍ക്കുമിടയില്‍ യുദ്ധം നിര്‍ത്തിവെക്കുക.
3-ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ പക ഒളിഞ്ഞുകിടപ്പുണ്ട്, അതിന്റെ പേരില്‍ വഞ്ചനകള്‍ ഉണ്ടാവാന്‍ പാടില്ല.

4-ഖുറൈശികളില്‍ നിന്ന് ആരെങ്കിലും അവന്റെ സംരക്ഷകന്റെ സമ്മതം കൂടാതെ മുഹമ്മദിന്റെ അടുക്കലെത്തിയാല്‍ അവനെ ഖുറൈശികള്‍ക്ക് തന്നെ വിട്ടുനല്‍കണം. ഇനി മുഹമ്മദിന്റെ അനുയായികളാരെങ്കിലും ഖുറൈശികളില്‍ എത്തിയാല്‍ അവരെ മടക്കി നല്‍കുന്നതല്ല!

5-മുഹമ്മദിന്റെ ഉടമ്പടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അതില്‍ ചേരട്ടെ, ഖുറൈശികളുടെ ഭാഗം ആഗ്രഹിക്കുന്നവര്‍ അങ്ങനെയും ചെയ്യട്ടെ.

അതുപ്രകാരം ഹുസാഅതുകാര്‍ പ്രവാചക പക്ഷത്തും ബനൂ ബകര്‍ ഗോത്രം ഖുറൈശീ പക്ഷത്തും നിലകൊണ്ടു.
റസൂല്‍ സന്ധിയുടെ കരടുരേഖ അലിക്ക് പറഞ്ഞുകൊടുത്തു. അദ്ദേഹമത് എഴുതി. പിന്നെ ഇരു വിഭാഗത്തെയും പ്രതിനിധീകരിച്ച് സാക്ഷികള്‍ നിന്നു.
പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ നിലപാടുകള്‍ ആയിരുന്നു ഹുദൈബിയ സന്ധിസമയത്ത് ഉണ്ടായത്. മുസ്‌ലിംകള്‍ മാനസികമായി തകരുകയും മനഃപ്രയാസം കൊണ്ട് നബി പറയുന്നത് കേള്‍ക്കാനോ അനുസരിക്കാനും പറ്റാത്ത രൂപത്തിലേക്ക് വരെ മാറിയപ്പോഴും നബി എല്ലാത്തിനോടും അനുകൂലമായ സമീപനം സ്വീകരിച്ചു.

മുഹമ്മദ് അജ്മൽ നൂറാനി
(അവസാനിക്കുന്നില്ല)

You must be logged in to post a comment Login