ചൈതന്യമുദ്രകള്‍

ചൈതന്യമുദ്രകള്‍

ജീവിത വഴികളില്‍ വ്യതിരിക്ത അടയാളമിടുന്ന അപൂര്‍വജന്മങ്ങള്‍ നമ്മെ പിടിച്ചിരുത്താറുണ്ട്. അത് ദിനചര്യയാക്കുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തും. ആ വഴികളിലേക്ക് മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മറ്റൊരു സവിശേഷ സ്വഭാവമാണ്. അങ്ങനെ ഏറെ വ്യത്യസ്തനായിരുന്നു പ്രിയ സുഹൃത്ത് കരീം കക്കാട്. രക്തബന്ധത്തിലല്ലെങ്കിലും സ്നേഹബന്ധത്തില്‍ നേര്‍ അനുജന്‍തന്നെ. ഞങ്ങള്‍ തമ്മില്‍ മൂന്നുവയസ്സിന്റെ വ്യത്യാസം മാത്രം.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ജ്യേഷ്ഠന്‍ കമ്മുണ്ണിയുടെ തണലിലായിരുന്നു പിന്നീട് കരീമിന്റെ ജീവിതം. എളമരം യതീംഖാനയിലെ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടില്‍ വന്ന കരീമിന് കളിക്കൂട്ടുകാര്‍ കുറവ്. എസ് എസ് എഫ് യൂണിറ്റ് യോഗത്തിലേക്ക് കരീമിനെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് മെമ്പര്‍ഷിപ്പ് അപേക്ഷയില്‍ ഒപ്പിടുവിച്ച രംഗം ഓര്‍മയുണ്ട്. അന്നു മുതല്‍ പ്രസ്ഥാനരംഗത്തെ എല്ലാ മുന്നേറ്റങ്ങളിലും കൂടെയുണ്ട് കരീം. ഏതു പരിപാടികള്‍ ആലോചിക്കുമ്പോഴും വ്യത്യസ്തമായ ഒരു കൈയൊപ്പ് കരീമിന്റേതായി അതിലുണ്ടാവും. പലപ്പോഴും തിരശ്ശീലക്ക് പിന്നിലെ സൂത്രധാരന്‍ ആവും അവന്‍.

കക്കാട് യൂണിറ്റില്‍ തുടങ്ങിയ സംഘടനാ ജൈത്രയാത്ര സംസ്ഥാനതലത്തില്‍ എത്തി നില്‍ക്കുമ്പോഴും എളിമയോടെ കാര്യനിര്‍വഹണം ചെയ്തു. അതിഭാഷിയായിരുന്നില്ല. വാക്കു കൊണ്ട് ആരെയും മുറിപ്പെടുത്തിയിരുന്നില്ല. കര്‍മം കൊണ്ടും ആരെയും വേദനിപ്പിച്ചില്ല.

എസ് എസ് എഫ് സംഘടനാ ലേബലില്‍ മുക്കം മേഖലയിലെ ആദ്യ സാഹിത്യമത്സരം തീരുമാനിക്കുന്നത് ഞങ്ങള്‍ മൂന്നുപേരായിരുന്നു. അതിന്റെ സംഘാടനത്തില്‍ എപ്പോഴും നിഴലുപോലെ കരീമുണ്ടാവും. പദ്ധതി നിര്‍വഹണത്തിന്റെയും ആസൂത്രണത്തിന്റെയും വഴിയില്‍ ഉറക്കൊഴിച്ച് കട്ടന്‍ചായയും കടലയും കൊറിച്ച് പുലരുവോളം കരീമുമുണ്ടാകും. മുക്കം പരിസരങ്ങള്‍, മെഡിക്കല്‍ കോളജ്, കോഴിക്കോട് സിറ്റി, വയനാടന്‍ ചുരം തുടങ്ങി ജില്ലയിലെ പ്രധാന ചുമരുകളില്‍ എസ് എസ് എഫിന്റെ മാത്രമല്ല, പ്രധാന പ്രസ്ഥാന പരിപാടികള്‍ ആലേഖനം ചെയ്യാന്‍ ടീമിനെ കണ്ടെത്തി പുലരുംവരെ അവര്‍ക്കൊപ്പം ഉറക്കൊഴിക്കാന്‍ കരീം തയാറാണ്. അതവന്റെ ഹരമായിരുന്നു. ഈ സംഘാടനമികവ് തന്നെയാണ് സ്റ്റുഡന്‍സ് സെന്ററില്‍ ഒരു സാധാരണ സേവകനായി പടികയറി വന്ന് രിസാലയുടെ മാനേജര്‍ കസേരയോളം കരീം അവരോധിതനായതിന്റെ കാരണവും.

സ്റ്റുഡന്‍സ് സെന്ററിലെ ഉത്തരവാദിത്വങ്ങള്‍ കരീമിനെ ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാക്കി. അബ്ദുറസാഖ് കൊറ്റി, അശ്റഫ് മന്ന, ശരീഫ് കാരശ്ശേരി, മുഹമ്മദ് പുല്ലാളൂര്‍, സലീം അണ്ടോണ തുടങ്ങിയ “ടീം സ്റ്റുഡന്‍സ് സെന്റര്‍’ പലപ്പോഴും അത്താഴ പട്ടിണികിടന്ന് രിസാലയെ നെഞ്ചേറ്റി. പടിപടിയായി, രിസാലക്കു വേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തു. ശമ്പളം ചിലപ്പോഴെങ്കിലും കിട്ടാക്കനിയായിരുന്നിട്ടു പോലും അവര്‍ മാറിച്ചിന്തിച്ചില്ല.

നിലനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ദിവസങ്ങളില്‍ രിസാല “വാരിക’ എന്ന ആശയത്തിലേക്ക് ചിന്തിപ്പിച്ചത് റസാഖ് കൊറ്റിയും അശ്റഫ് മന്നയുമായിരുന്നു. അതിന്റെ പദ്ധതി തയാറാക്കി സ്റ്റേറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചക്കെത്തിച്ചത് ശരീഫ് കാരശ്ശേരിയും കരീമും കൂടി ചേര്‍ന്നായിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ ഏറെ നഷ്ടത്തില്‍ പുറത്തിറക്കുന്ന പത്രം, ആഴ്ചയിലൊരിക്കല്‍ നഷ്ടംവരാതെ പുറത്തിറക്കാന്‍ കഴിയുന്ന “ജാലവിദ്യ’ ആണ് അവതരിപ്പിച്ചത്. ആശങ്കകളേറെ ഉയര്‍ന്ന ചര്‍ച്ചക്കൊടുവില്‍ അവരുടെ പദ്ധതി അംഗീകരിക്കപ്പെടുകയായിരുന്നു. പിന്നീട് രിസാല മുടങ്ങിയില്ല. വാരികയായി ഇന്ന് പത്രലോകത്ത് മുന്നേറുന്നു.

മുക്കം മേഖലയിലും കോഴിക്കോട് താലൂക്കിലും എസ് എസ് എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ മത്സരപരിപാടിയുടെ സംഘാടന പരിചയത്തില്‍ നിന്നാണ് സംസ്ഥാനതലത്തില്‍ ഒരു മത്സരം എന്ന ആശയം ജനിക്കുന്നത്. മൂന്നു വ്യത്യസ്ത പേരുകള്‍ കണ്ടെത്തി ആദ്യമായി കരീമിനോട് അഭിപ്രായം ചോദിച്ചു. എന്റെ മനസ്സില്‍ ഞാനുറച്ച പേരു തന്നെ കരീമും മുന്നോട്ടുവെച്ചു. ഒന്നാം സംസ്ഥാന സാഹിത്യോത്സവ് തളിപ്പറമ്പില്‍ നടക്കുമ്പോള്‍ കരീമും കൂടെയുണ്ട്; പ്രധാന സംഘാടക റോളില്‍ തന്നെ. തുടര്‍ന്നിക്കൊല്ലം വരെ, സംസ്ഥാനസാഹിത്യോത്സവ് വേദി സന്ദര്‍ശിക്കാതെ ഒരു വര്‍ഷവും കരീമിന്റെ ജീവിതത്തില്‍ കടന്നു പോയിട്ടില്ല. ആ പരിപാടിയോട് വല്ലാത്ത ഹൃദയബന്ധമായിരുന്നു കരീമിന്. സാഹിത്യോത്സവിന് ആദ്യമായി കൃത്യമായ മാര്‍ഗരേഖ തയാറാക്കി പ്രിന്റ് ചെയ്ത് പുറത്തിറക്കിയതും, കരീമിന്റെ ചിന്തയും അധ്വാനവും തന്നെയായിരുന്നു. ഇനങ്ങള്‍, സംഘാടന രീതി, സമയം, മൂല്യനിര്‍ണയ സൂചകങ്ങള്‍ തുടങ്ങി എല്ലാം അടങ്ങിയ സാഹിത്യോത്സവ് “കൈപ്പുസ്തകം’ പലദിവസങ്ങളില്‍ ഞങ്ങള്‍ ആലോചിച്ച് എഴുതിത്തയാറാക്കിയതാണ്.
സ്റ്റുഡന്‍സ് സെന്ററിലെ, രിസാലയിലെ അനുഭവവും സംഘാടന വൈദഗ്ധ്യവുമാണ് സിറാജിന്റെ മാനേജര്‍ സ്ഥാനത്തേക്ക് കരീമിനെ കൊണ്ടുവരാന്‍ ഇടവരുത്തിയത്. അതൊരു വല്ലാത്ത നിയോഗമായിരുന്നു. ഒരു ദിനപത്രമെന്ന നിലയില്‍ ഏറെ ബാലാരിഷ്ടതകളുണ്ടായിരുന്നു സിറാജിന്. ഒരു കുതിപ്പിനും മാറ്റത്തിനും നേതാക്കള്‍ പല പദ്ധതികളും ആലോചിച്ചുറച്ചു നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുന്നകാലം. ഒരു നിയോഗം പോലെ കരീമിന്റെ സിറാജിലെ സാന്നിധ്യം അനുഗ്രഹമായി മാറി. പുതിയസാങ്കേതിക വിദ്യകള്‍ അന്വേഷിച്ചറിഞ്ഞ് പത്രത്തിലെത്തിക്കാന്‍ കിണഞ്ഞ് ശ്രമിച്ചു. സിറാജിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ തിങ്കളാഴ്ചയും ചേരുന്ന സിറാജ് സമിതി യോഗത്തില്‍ മാനേജര്‍ എന്ന നിലയില്‍ “കരീം വക’ ഒരു കെട്ട് അജണ്ടകള്‍ ഉണ്ടാകും. ഏറെ നേരം കസേരയില്‍ ഇരിക്കാന്‍ പ്രയാസപ്പെടുന്ന അലവിക്കുട്ടിഹാജി പ്രസംഗപീഠത്തില്‍ നിന്നുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കുകൊണ്ടിരുന്നത്. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍ തുടങ്ങി ഞങ്ങള്‍ ഓരോ അജണ്ടയും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമ്പോള്‍ സമയം ഒരുപാട് കടന്നുപോയിരിക്കും. പദ്ധതി നിര്‍വഹണത്തിലെ അതിവേഗം കരീമിന്റെ പ്രത്യേകതയായിരുന്നു.

സിറാജ് കോമ്പൗണ്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ വേതന വിതരണം, പത്രത്തിനകത്തെ പരിഷ്‌കരണങ്ങള്‍, പുതിയ എഡിഷന്‍ കുതിപ്പ് എല്ലാം ആ സമിതിയുടെ നിരന്തര യോഗതീരുമാനങ്ങള്‍ വഴിവന്നതാണ്. അതിന്റെ നിര്‍വഹണചുമതല കരീമിനായിരുന്നു, അത് മിടുക്കോടെ ചെയ്യാന്‍ കരീമിന് സാധിച്ചു.

പട്ടിണികിടന്ന വഴികളിലൂടെ കടന്നു വന്ന കാലം കരീം ഒരു സാഹചര്യത്തിലും മറന്നുപോയിട്ടില്ല. നാട്ടിലെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുമായിരുന്നു. സാന്ത്വന പ്രവര്‍ത്തനത്തിന് വേണ്ട വിഭവസമാഹരണത്തില്‍ തന്റേതായ ഭാഗധേയം കൃത്യമായി നിര്‍വഹിച്ചു പോന്നു. മുക്കം സോണിലെ പല യോഗങ്ങളും തന്റെ വീട്ടില്‍ വെച്ചാക്കുന്നതാണ് കരീമിനിഷ്ടം. വിഭവസമൃദ്ധമായ ഭക്ഷണം നല്‍കാനുള്ള താത്പര്യമായിരുന്നു അത്.

പരിചയപ്പെടുന്നവരുമായെല്ലാം അനിതര സാധാരണമായ സൗഹൃദബന്ധം പുലര്‍ത്താനും അത് തുടരാനും കരീം കാണിക്കുന്ന താത്പര്യവും വേറിട്ട ഒരധ്യായം തന്നെയാണ്. എത്ര അകലത്തായാലും തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ സൗഹൃദവും സ്നേഹബന്ധവും മങ്ങാതെ നിലനിറുത്തിപ്പോന്നു. അതിനായി എത്ര യാത്ര ചെയ്യാനും മടിയുണ്ടായിരുന്നില്ല. അതിന്റെ ഗുണം ആയിരങ്ങളുടെ പ്രാര്‍ഥനയിലൂടെ കരീമിന് കിട്ടിക്കൊണ്ടിരിക്കുന്നു.

കക്കാട് കുന്നത്ത് പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍ വിശ്രമിക്കുമ്പോഴും നനവൂറുന്ന സ്മൃതികള്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ആ സ്മൃതികള്‍ ഇനിയും അനേകതലമുറകളെ ഉണര്‍ത്താന്‍ മാത്രം ഊര്‍ജസ്വലതയുള്ളതാണ്. പ്രസ്ഥാനത്തിന്റെ പടയോട്ടങ്ങളില്‍ കൂടെ നടന്നതിന്റെ ഉപകാരങ്ങള്‍ പ്രാര്‍ഥനകളായി പ്രിയ സുഹൃത്തിന് തുണയാകട്ടെ.

മജീദ് കക്കാട്

You must be logged in to post a comment Login