ആരിഫ് മുഹമ്മദ് ഖാനും ശ്രീറാം വെങ്കിട്ടരാമനും

ആരിഫ് മുഹമ്മദ് ഖാനും  ശ്രീറാം വെങ്കിട്ടരാമനും

ഗവര്‍ണറെക്കുറിച്ച് ഇനി പറയേണ്ടതില്ല എന്നായിരുന്നു. ഭരണഘടന വിവക്ഷിച്ച ഗവര്‍ണര്‍ എന്താണെന്ന് പലവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. എന്തിനാണ് അഥവാ എന്തിനായിരുന്നു കൊളോണിയല്‍ഭാരം പേറുന്ന ഒരു നോമിനേറ്റഡ് സംവിധാനത്തെ അഥവാ പദവിയെ ജനേച്ഛ എന്ന ജനാധിപത്യത്തിലെ അന്തിമവിധിക്ക് മേലെ വെറുതെ പ്രതിഷ്ഠിച്ചത് എന്നതും നാം ചര്‍ച്ച ചെയ്തിരുന്നു. ഭരണഘടന എന്ന അടിസ്ഥാന രേഖയുടെയും ഫെഡറലിസം എന്ന ഇന്ത്യന്‍ സങ്കല്‍പനത്തെയും പ്രതിനിധീകരിക്കുന്ന പ്രതീകമായും ഫെഡറല്‍ ജനാധിപത്യത്തിന്റെ സര്‍ഗാത്മകസ്ഥാനമായുമാണ് ഭരണഘടനാ നിര്‍മാണസഭ ഗവര്‍ണര്‍ പദവിയെ കണ്ടത്. നോബിള്‍മാന്‍ എന്ന പൊളിറ്റിക്‌സിലെ ഉന്നത സങ്കല്‍പനത്തിന് ചേരുന്ന മുതിര്‍ന്ന മനുഷ്യര്‍ ആ പദവി അലങ്കരിക്കാന്‍ ഈ രാജ്യത്ത് ധാരാളമായുണ്ടാവും എന്ന പ്രതീക്ഷയും ഭരണഘടനാ നിര്‍മാണ സഭയ്ക്ക് ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതല്ല പക്ഷേ, സംഭവിച്ചതും സംഭവിക്കുന്നതും. ഒരു പദവി രൂപപ്പെടുത്തുമ്പോള്‍ ഔചിത്യത്താല്‍ നല്‍കപ്പെടുന്ന അധികാരങ്ങള്‍ ഗൂഢലക്ഷ്യ പ്രചോദിതമായി വ്യാഖ്യാനിക്കപ്പെടും എന്ന് നാം പ്രതീക്ഷിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചു. ഒരു നോമിനല്‍ പദവിയായി വിഭാവനം ചെയ്യപ്പെട്ട ഗവര്‍ണര്‍ക്ക് ഔചിത്യത്തിന്റെ പേരില്‍ ചില അധികാരങ്ങള്‍ നല്‍കി. ഒരുപാടിടങ്ങളിലാകട്ടെ ഗവര്‍ണറുടെ അധികാരമില്ലായ്മയെക്കുറിച്ച് ഭരണഘടന നിശബ്ദമാവുകയും ചെയ്തു. അധികാരമില്ലാത്ത ഇടങ്ങളെക്കുറിച്ചുള്ള നിശബ്ദത നിര്‍ഭാഗ്യവശാല്‍, അഥവാ ജാഗ്രതയില്ലായ്മയാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. സ്വാഭാവികമായും അശ്രദ്ധയില്‍ നിന്ന് അമിതാധികാര ഹിംസ ഉടലെടുക്കും. അത് സംഭവിച്ചു. ആ നിശബ്ദതകള്‍ ദുര്‍വ്യാഖ്യാനിച്ച് ഗവര്‍ണര്‍മാര്‍ അധികാരികളാകാന്‍ തുടങ്ങി. ബംഗാളിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സര്‍വനിലകളും തെറ്റി അഴിഞ്ഞാടിയ അക്കളികളുടെ കേരളാമോഡലാണ് ആരിഫ്ഖാനിലൂടെ രാജ്ഭവനില്‍ നിന്ന് പുറപ്പെടുന്നത്. അതായത് ഇല്ലാത്ത അധികാരത്തെ ഖാന്‍ പ്രയോഗിക്കുക അല്ല, അശ്രദ്ധയാല്‍ നിശബ്ദമാക്കിയിട്ട ഇടങ്ങളെ വ്യാഖ്യാനിക്കുകയാണ്.

അതിന് കാരണം അധികാരം എന്ന പ്രമേയത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ഏത് നിമിഷവും ഹിംസയിലേക്ക് വഴിമാറാവുന്ന, ഏത് നിമിഷവും ജനവിരുദ്ധമാകാവുന്ന പ്രതിലോമ ബലമാണ്. ഭരണകൂടങ്ങള്‍ ഈ പ്രതിലോമതകളെ പലപ്പോഴും ഉപയോഗിക്കാറുമുണ്ട്. അധികാരത്തിന്റെ പ്രതിലോമഭാവങ്ങള്‍ അങ്ങനെയാണ്.

അധികാരം സങ്കീര്‍ണമായ ഒന്നാണ്. ജനാധിപത്യത്തില്‍ പ്രത്യേകിച്ചും. ജനാധിപത്യം അധികാരത്തെ ജനോന്‍മുഖമായ ഒരു നടപ്പാക്കലായാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജനാധിപത്യത്തിലെ നിയമങ്ങള്‍, അഥവാ അധികാരത്തെ സാധ്യമാക്കുന്ന നിയമങ്ങള്‍ പലപ്പോഴും ലൂപ്ഹോളുകള്‍ ഉള്ളതാവും. ദുരുപയോഗിക്കും എന്നതല്ലല്ലോ നിയമത്തിന്റെ ഒന്നാം പ്രതീക്ഷ. ഉപയോഗിക്കും എന്നതാണ്. ആ പ്രതീക്ഷ പാലിക്കപ്പെടണം എന്നില്ല. ഒരുദാഹരണം നിങ്ങള്‍ക്ക് ഓര്‍ക്കാം. .
ഭരണകൂടവും ഭരണകൂടത്തിന്റെ സംവിധാനവും ചേര്‍ന്ന് നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് മരിച്ചുപോയ ഒരു മനുഷ്യന് നീതി നിഷേധിച്ചതിന്റെ കഥയാണ്. കെ.എം. ബഷീര്‍ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയ ഭരണകൂടക്കളി. അതായത് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചെയ്യുന്ന കളി നിയമത്തിന്റെ നിശബ്ദതകളെ വാരിയെടുത്ത് സ്വന്തം കീശയിലിട്ട് സര്‍ക്കാരിനെ മുള്‍മുനയിലാക്കല്‍ ആണല്ലോ. സമാനമായിരുന്നു നടപടിക്രമങ്ങളിലെ നിശബ്ദതകളെ കീശയിലാക്കി ഒരു ചെറുപ്പക്കാരനോട്, ബഷീറിനോട് അനീതി നിര്‍വഹിച്ചത്. മറക്കാതിരിക്കാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് എഴുതിയതില്‍ നിന്ന് പകര്‍ത്തുന്നു: “”ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഓഫീസര്‍ കള്ളുകുടിച്ചു ലക്കുകെട്ട് അമിതവേഗതയില്‍ വാഹനമോടിച്ചു കെ. എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ തെറ്റുചെയ്തവരെ സംരക്ഷിക്കില്ല എന്നും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കും എന്നും മുഖ്യമന്ത്രി കേരളത്തിന് വാക്കുതന്നിരുന്നു.

ചെയ്ത കുറ്റത്തിന് അയാള്‍ വിചാരണ ചെയ്യപ്പെടുക എന്നതാണ് മിനിമം നീതി.
എന്നാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ മനഃപൂർവം വീഴ്ച വരുത്തി പൊലീസ് ആദ്യ മണിക്കൂറുകളില്‍ത്തന്നെ ഈ കേസ് അട്ടിമറിച്ചിരുന്നു. പിന്നെ കോടതിയില്‍ പ്രോസിക്യൂഷനും.
എന്നുവച്ചാല്‍ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായിരുന്നു.

ഈ അപകടമരണം നടക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. അന്ന് നിലവിലുള്ള മോട്ടോര്‍ വാഹന നിയമം അനുസരിച്ച് മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റത്തിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് അഥവാ ശ്വാസ പരിശോധന നിര്‍ബന്ധമാണ്. (ഇപ്പോള്‍ രക്ത പരിശോധന ആയാലും മതി. കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കുന്നത് ഓഗസ്റ്റ് 9 നാണ്). ശ്വാസ പരിശോധന നിര്‍ബന്ധമായും വേണം.
അതെപ്പോള്‍ നടക്കണം? കുറ്റകൃത്യം നടന്നു എത്രയും വേഗം എന്നാണു മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 203 (1) പറയുന്നത്. (as soon as reasonably practicable after the commission of such offence. )
എന്നിട്ട് ആ പരിശോധനാഫലമെവിടെ?
അതില്ല.

അതാണ് ഈ കേസിന്റെ മർമം.
ഐ എ എസ്സുകാരന്‍ കള്ളുകുടിച്ചു വണ്ടിയിടിച്ച് ആളെ കൊന്നപ്പോള്‍ നിയമം അനുസരിച്ച് ഉടനെ നടത്തേണ്ട ശ്വാസപരിശോധന പൊലീസുകാരന്‍ നടത്തിയില്ല.
എന്താണ് ഹൈക്കോടതി അതിനെക്കുറിച്ച് പറഞ്ഞത്?
“അപകടം നടന്നു മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിയെ മ്യൂസിയം പൊലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമം 202 മുതല്‍ 205 വരെയുള്ള വകുപ്പുകള്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ ചെയ്യാതെ ദൃക്‌സാക്ഷികളെ കൊണ്ടുവന്നിട്ടു കാര്യമില്ല.’ (അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2019 ഓഗസ്‌റ്റ് 13 നു നല്‍കിയ ഉത്തരവ്).

എന്താണ് ഈ 202,205 വകുപ്പുകള്‍ പറയുന്നത്? മദ്യപിച്ച് വണ്ടിയോടിച്ചു പിടിക്കപ്പെട്ടാല്‍ ശ്വാസ പരിശോധന നടത്താനും, അതിനു വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ട്. ഇതില്‍ ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ടത് 205-ാം വകുപ്പാണ്.
ശ്വാസപരിശോധന നടത്താന്‍ ഒരാള്‍ വിസമ്മതിച്ചാല്‍ അയാള്‍ മദ്യപിച്ചിരുന്നു എന്ന് പ്രൊസിക്യൂഷന്‍ പറയുന്നതിന് സാഹചര്യത്തെളിവായി കണക്കാക്കണം.
പക്ഷേ, അതിനൊക്കെ തെളിവ് വേണം. ഈ കേസില്‍ അങ്ങനെ അയാളോട് ആവശ്യപ്പെട്ടതായോ അയാള്‍ അതിനു വിസമ്മതിച്ചതായോ തെളിവില്ല.

അതിനെപ്പറ്റി ഹൈക്കോടതി പറഞ്ഞത്: ശ്വാസപരിശോധന നടത്താന്‍ പരാജയപ്പെട്ടതിനു പൊലീസ് പറയുന്ന ന്യായങ്ങളൊന്നും അംഗീകരിക്കാന്‍ പറ്റുന്നതല്ല. (The explanation offered by the police for their failure to conduct a breath test as mandated under the statute cannot be accepted.)
താനല്ല വണ്ടിയോടിച്ചത് എന്ന് തെറ്റായ വിവരം ശ്രീരാം വെങ്കിട്ടരാമന്‍ പൊലീസിന് കൊടുത്തു എന്നായിരുന്നു പോലീസിന്റെ വാദം. ഒരാള്‍ കൊല്ലപ്പെട്ട ഒരു വാഹനാപകടത്തില്‍ ആരാണ് വാഹനമോടിച്ചതു എന്ന് കണ്ടുപിടിക്കാന്‍ കേരള പൊലീസിന് എത്ര സമയം വേണ്ടിവരും എന്നാണ് ഈ പറയുന്നത്? “ധാരാളം ദൃക്‌സാക്ഷികള്‍ അവിടെക്കൂടി’ എന്നാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. (By that time, several eye witnesses had also gathered round.) ആ ദൃക്‌സാക്ഷികളെ കോടതി കൊണ്ടുവന്നു വച്ചതല്ലല്ലോ? അപ്പോള്‍ അവരോടു ചോദിക്കാതെ പ്രതിയോട് ചോദിച്ചു കാര്യങ്ങള്‍ തീരുമാനിച്ചു, അതല്ലേ സത്യം?

ഇനി ഒപ്പമുണ്ടായിരുന്ന സ്ത്രീ താനാണ് വാഹനം ഓടിച്ചത് എന്ന് പറഞ്ഞു എന്നൊരു വാദം പൊലീസിന് ഉണ്ടായിരുന്നു എന്ന് കണ്ടിട്ടുണ്ട്. എന്നിട്ടു അവരുടെ പേരില്‍ എന്ത് നടപടിയാണ് എടുത്തത്? അവരെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നില്ലേ പൊലീസ് ചെയ്തത്?

എന്നാല്‍ നിയമപരമായ പ്രാബല്യമില്ലാത്ത രക്തപരിശോധന നടത്താന്‍ അയാള്‍ വിസമ്മതിച്ചു എന്ന് നഴ്‌സിന്റെ മൊഴിയുണ്ടെന്നു കുറ്റപത്രം. എന്തിന്? അവിടെപ്പോലും രക്തപരിശോധന നടത്താന്‍ പോലീസ് രേഖാമൂലം ആവശ്യപ്പെട്ടില്ല എന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്ന് ഹൈക്കോടതി!
വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തിനാണ് ഏഴുമണിക്കൂര്‍? വഴിയില്‍ വണ്ടിയിടിച്ച് കിടന്നയാളെ ആരോ ആശുപത്രിയിലെത്തിച്ചു അവിടെ നിന്നു പോലീസ് അറിഞ്ഞു വന്നതല്ല ഈ കേസ്. ബഷീറിനെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നിരിക്കെ ഏഴുമണിക്കൂറെടുത്തത് അതിശയമായിരിക്കുന്നു എന്ന് ഹൈക്കോടതി പോലും പറഞ്ഞില്ലേ? (As to why the police had to wait seven hours to register the crime is a mystery, they being the persons who had shifted the injured to the hospital.)

എന്നുവച്ചാല്‍ നിയമപരമായി ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെ ചെയ്യരുതാത്ത കാര്യം ചെയ്തു നേരം വെളുക്കുമ്പോഴേക്ക് പൊലീസ് ആ കേസ് അട്ടിമറിച്ചിരുന്നു.
ഇനി പ്രോസിക്യൂഷന്റെ വക.

മണിക്കൂറുകള്‍ക്കുശേഷം രക്തപരിശോധന നടത്തി. ഫലം നെഗറ്റീവാണ്. യാതൊരു നിയമപ്രാബല്യവുമില്ലാത്ത, അപ്പോഴും പ്രതിയ്ക്കു അനുകൂലമായ ആ റിപ്പോര്‍ട്ട് എന്തിനാണ് കോടതിയില്‍ കൊടുത്തത്? രണ്ട് കോടതികളും ഫലം നെഗറ്റീവായിരുന്നു എന്ന് ഉത്തരവുകളില്‍ പറയുന്നുണ്ട്!

അപ്പോള്‍ കേസ് എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ചുരുക്കം ഇതാണ്:
ഒന്ന്: നിയമപരമായി നടത്തേണ്ടിയിരുന്നു ശ്വാസപരിശോധന പൊലീസ് നടത്തിയില്ല. അതിനയാള്‍ വിസമ്മതിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാം; അത് ചെയ്തില്ല; വിസമ്മതിച്ചു എന്നതിന് തെളിവ് ഹാജരാക്കി സെക്ഷന്‍ 205ന്റെ ആനുകൂല്യം നേടിയില്ല. അത് പൊലീസ് വക.
രണ്ട്: നിയമപരമായി യാതൊരു പ്രാബല്യവുമില്ലാത്ത രക്ത പരിശോധനയുടെ ഫലം, അതും അയാളുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ല എന്നുള്ള റിപ്പോര്‍ട്ട്, കോടതിയില്‍ കൊടുത്തു. അത് പ്രോസിക്യൂഷന്‍ വക.

മദ്യപിച്ച് വാഹനമോടിച്ചു എന്ന കേസ് പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് ഇങ്ങനെ അട്ടിമറിച്ചതിനുശേഷമാണ് നീതിയുറപ്പാക്കുമെന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത്.”
പരസ്പരം പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത ഒന്നായി കെ എം ബഷീര്‍ നരഹത്യാക്കേസ് അട്ടിമറിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ അമിതാധികാര പ്രയോഗത്തെയും തോന്നിയേക്കാം. പക്ഷേ, അധികാരം എന്ന പ്രമേയം സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അതീതമായി നിലനില്‍ക്കുന്ന ഒന്നാണ്. അതിന് ഉഗ്രശേഷിയുണ്ട്. അധികാരത്തെ അതിന്റെ പ്രയോഗത്തിന്റെ ഓരോ അണുവിലും നാം ശ്രദ്ധിച്ചില്ലെങ്കില്‍, ജാഗ്രതയോടെ മൂല്യനിര്‍ണയം ചെയ്തില്ലെങ്കില്‍ അത് തിരിച്ചടിക്കും.

നോക്കൂ, അധികാരിയാണ് ശ്രീറാം. എന്നാല്‍ ആ അധികാരം കേവലമല്ല, അബ്‌സല്യൂട്ട് അല്ല. അത് സംസ്ഥാന എക്‌സിക്യുട്ടീവിന് പരിപൂര്‍ണമായും വിധേയമാണ്. പക്ഷേ, എക്‌സിക്യുട്ടീവ് അയഞ്ഞാല്‍, അഥവാ എക്‌സിക്യുട്ടീവിന് ജാഗ്രത നഷ്ടമായാല്‍ സെക്കൻഡറി അധികാരി ആ ജാഗ്രതയില്ലായ്മയുടെ പഴുതിലൂടെ പിടിച്ചുകയറും. കെ.എം. ബഷീര്‍ കേസില്‍ അങ്ങനെയാണ് ശ്രീറാം പിടിച്ചുകയറിയത്. ആരിഫ് മുഹമ്മദ് ഖാനും അധികാരിയാണ്. അതും പക്ഷേ, കേവലമല്ല. നോമിനല്‍ അഥവാ നാമമാത്രമാണ്. പക്ഷേ, എക്‌സിക്യുട്ടീവിന്റെ ജാഗ്രതയില്ലായ്മ ആ നാമമാത്ര അധികാരിയെ ഉഗ്രരൂപിയാക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എഴുതപ്പെട്ട, ഫെഡറലിസത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കുന്ന തരം നിയമത്തിന്റെ പിന്‍ബലത്തോടെ സുതാര്യമായി വൈസ്ചാന്‍സലര്‍മാര്‍ നിയമിക്കപ്പെട്ടാല്‍ ചാന്‍സലര്‍ വെറും റബര്‍ സ്റ്റാമ്പായി ഒതുങ്ങിയേനെ. എക്‌സിക്യൂട്ടീവ് അത് ചെയ്തില്ല. മറിച്ച്, പ്രത്യക്ഷത്തില്‍ പക്ഷപാതിത്തം ആരോപിക്കാവുന്ന നിയമനങ്ങള്‍ നടത്തി, നിയമത്തെ മാനിക്കാത്ത നടപടിക്രമങ്ങള്‍ പുലര്‍ത്തി. അതിലുപരി രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളെയും വിഴുങ്ങുക എന്ന സംഘപരിവാര്‍ അജണ്ട മുന്നില്‍ കണ്ട് ഗവര്‍ണര്‍ എന്ന ഇനിയുള്ള കാലത്തേക്ക് എപ്പോഴുംതന്നെ സംഘപരിവാര്‍ ഏജന്റായിരിക്കുമെന്ന് ഉറപ്പുള്ള ഒരാളില്‍ നിന്ന് ചാന്‍സലര്‍ പദവി നീക്കാനുള്ള വെറും ശ്രമം പോലും നടത്തിയില്ല. ഇതുവരെ ഫലം കണ്ടില്ലെങ്കിലും തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അത് ശ്രമിച്ചു.

കഴിഞ്ഞില്ല, ബഷീര്‍ കേസില്‍ പ്രാഥമിക തലത്തില്‍ നടന്ന അട്ടിമറിയെക്കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും മൗനമാണ്. വീഴ്ച പറ്റിയാല്‍ അത് സമ്മതിക്കണമല്ലോ? സമ്മതിച്ചില്ല. അതായത് നിങ്ങളുടെ താല്പര്യം അനുസരിച്ച് നിങ്ങള്‍ക്ക് നിയമത്തെ, നടപടിക്രമങ്ങളെ വ്യാഖ്യാനിക്കാം പ്രയോഗിക്കാം എന്ന്. സമാനമാണ് സംഗതി. ആരിഫ് മുഹമ്മദ് ഖാന്റെ താല്പര്യം സര്‍ക്കാരിനെതിരാണ്. അപ്പോള്‍ ആ താല്പര്യം നടപ്പാക്കപ്പെടാതിരിക്കാന്‍ അതിജാഗ്രത കാട്ടേണ്ടത് സര്‍ക്കാരാണ്. കെ എം ബഷീര്‍ കേസില്‍ സര്‍ക്കാരിന്റേത് ശ്രീറാമിനെ സംരക്ഷിക്കല്‍ ആയിരുന്നു എന്ന് മനസിലാക്കാന്‍ പൊതു-മാധ്യമ സമൂഹം വൈകിപ്പോയതിന്റെ ശിക്ഷയാണ് ശ്രീറാമിന്റെ ഈ രക്ഷപ്പെടല്‍ എന്ന് മനസിലാക്കണം. ജാഗ്രത പ്രധാനപ്പെട്ട ഒന്നാണ്.

അതിനാല്‍ നിലവിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരായി മനസിലാക്കുന്നതിനെക്കാള്‍ അധികാരം എന്ന ആശയത്തിന്റെ മൗലിക പ്രശ്‌നമായി മനസിലാക്കണം. അങ്ങനെ മനസിലാക്കുമ്പോള്‍ സര്‍വകലാശാല എന്ന ആശയത്തെത്തന്നെ മറ്റൊരുരീതിയില്‍ നമുക്ക് നോക്കിക്കാണാം. സര്‍വകലാശാല എന്നത് അധികാരവുമായി ബന്ധപ്പെടേണ്ട ഒന്നല്ല. മറിച്ച് ജ്ഞാനമാണ് അതിന്റെ ലോകം. സര്‍വകലാശാലകളെ തങ്ങളുടെ അധികാര പ്രയോഗത്തിനുള്ള മറ്റൊരു സ്ഥാനമായാണ് ഭരണകൂടം മനസിലാക്കുന്നത് എങ്കില്‍ ആ ഭരണകൂടം ഫാഷിസ്റ്റ് അല്ലാതെ മറ്റൊന്നുമല്ല. സര്‍വകലാശാലകളില്‍ നിന്ന് അധികാരത്തെ മാറ്റിനിര്‍ത്തിയാല്‍ വൈസ് ചാന്‍സലര്‍ എന്നത് ഒരു മോഹപദവി അല്ലാതായി മാറും. അങ്ങനെ വരുമ്പോള്‍ അത് തര്‍ക്കങ്ങളില്‍ നിന്ന് വിമുക്തമാകും. സ്ഥാനമാനങ്ങളെ മോഹിച്ച് നാണംകെട്ട് നടക്കേണ്ട ഇടങ്ങളല്ല സര്‍വകലാശാലകള്‍. പിരിച്ചുവിടല്‍ പോലുള്ള അധികാര അശ്ലീല പദങ്ങള്‍ക്ക് ശരവ്യമാകേണ്ട മനുഷ്യരല്ല വൈസ് ചാന്‍സലറുമാര്‍.

അതു പക്ഷേ, ആരിഫ് ഖാന് മനസ്സിലാവില്ല. അധികാരം നിങ്ങളുടെ കാഴ്ചകളെ മറയ്ക്കാന്‍ കെല്പുള്ള ഒരു സംഗതിയാണ്. സമാധാനപരമായും സൗഹാര്‍ദത്തിലും ഗവര്‍ണറുടെ കാഴ്ച സര്‍ക്കാരും സര്‍ക്കാരിന്റെ കാഴ്ചകള്‍ ജനങ്ങളും തെളിക്കുമ്പോള്‍ ജനാധിപത്യം പ്രകാശിതമാകും.

കെ കെ ജോഷി

You must be logged in to post a comment Login