രാഹുലെന്താണ് ഖേഡ ഇരകളെ കെട്ടിപ്പിടിക്കാത്തത്?

രാഹുലെന്താണ്  ഖേഡ ഇരകളെ  കെട്ടിപ്പിടിക്കാത്തത്?

ആരാണ് ഇപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്? അവിടെ മുലായം സിംഗ് യാദവിനെപോലുള്ള നേതാക്കളുടെ വലിയ നഷ്ടം നികത്തുവാന്‍ ആര്‍ക്കാണ് സാധിക്കുക? ഇല്ല എന്നാണ് ഉത്തരം. ബി ജെ പിയുടെ എതിരാളികള്‍ക്ക് ഭരണമെത്തിപ്പിടിക്കുവാന്‍ മുസ്‌ലിംസമൂഹത്തിന്റെ വോട്ടുകള്‍ വേണം, എന്നാല്‍ അവരുടെ ഒച്ചയായി അറിയപ്പെടാന്‍ അവര്‍ ഭയക്കുകയുമാണ്.

ഈ ആഴ്ചയിലെ ദേശീയ ശ്രദ്ധകവര്‍ന്ന മരണമായിരുന്നു മുലായം സിംഗ് യാദവിന്റെത്. അതൊരു ചരമവാര്‍ത്തയോ ആദരാഞ്ജലിയോ അല്ലെങ്കില്‍ വിമര്‍ശനമോ ആയിക്കൊള്ളട്ടെ, അതിന്റെ പ്രസക്തിയെന്താണ്. 1990 മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രധാന വക്താവായി നിലകൊണ്ട രാഷ്ട്രീയ നേതാവാണ് മുലായം സിംഗ് യാദവ്. “മൗലാനാ മുലായം’ എന്ന് വിളിച്ച് ബിജെപി അദ്ദേഹത്തെ പരിഹസിക്കാറുണ്ടായിരുന്നു എന്നതും ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം സമൂഹത്തിലെ നേതൃനിരയിലുണ്ടാക്കിയ ശൂന്യത പരിശോധിക്കുന്നതിനുള്ള സുപ്രധാന നിമിഷമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ നേതാക്കള്‍ ഏതാണ്ട് പൂര്‍ണമായും ഹിന്ദുത്വവാദികളായിരിക്കുന്നു എന്നതാണ്.
തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ ഖേഡ ജില്ലയില്‍ താലിബാന്‍ അല്ലെങ്കില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ശൈലിയില്‍ മുസ്‌ലിം യുവാക്കളെ പൊലീസ് ചാട്ടവാര്‍ കൊണ്ട് അടിച്ചപ്പോള്‍ നരേന്ദ്ര മോഡിയെ തോല്‍പ്പിക്കാന്‍ മോഹമുള്ള രാഷ്ട്രീയ നേതാക്കള്‍ പോലും മിണ്ടിയില്ല. വിജയാഹ്‌ളാദ പ്രകടനം നടത്തിയ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് പോലീസിന്റെ ഈ ചാട്ടവാറടി സംഭവിച്ചത്. നിരവധിയാളുകള്‍ ഈ കൊടും ക്രൂരത ചിത്രീകരിച്ചു. ഒപ്പം ഈ ദൃശ്യങ്ങളടങ്ങുന്ന വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്തു. പ്രാദേശിക ഗര്‍ബ ആഘോഷം തടസ്സപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു എന്നതാണ് ഈ യുവാക്കളുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റം.

ആ യുവാക്കള്‍ കുറ്റക്കാരാണെങ്കില്‍ പോലും, ഭരണഘടനാപരമായ തത്വങ്ങളില്‍ അധിഷ്ഠിതമായ നിയമവ്യവസ്ഥിതിയുള്ള ഇന്ത്യയില്‍ ഒരു കുറ്റവാളിയെയോ, കുറ്റം ആരോപിക്കപ്പെടുന്നവരെയോ വിചാരണചെയ്യുന്നതോ ശിക്ഷിക്കുന്നതോ ഇത്തരമൊരു രീതി അവലംബിച്ചല്ല. അറിവില്‍, യാഥാസ്ഥിതികമാണെങ്കിലും അല്ലെങ്കിലും പരസ്യമായ ചാട്ടവാറടി ഒരു ഹിന്ദു പാരമ്പര്യത്തിന്റെയും ഭാഗമല്ല. ചുരുങ്ങിയത് നമ്മുടെയൊന്നും സമീപകാല ഓര്‍മകളില്‍ ഇങ്ങനെയൊരു ശിക്ഷാരീതിയില്ല.
വസ്തുതകള്‍ പരിശോധിക്കുകയാണെങ്കില്‍ ഈ ക്രൂരത നമ്മുടെ രാഷ്ട്രീയ പരിണാമത്തിലെ ഒരു പ്രധാന സംഭവമായിക്കാണണം. സിയാഉള്‍ ഹഖിന്റെ പട്ടാളനിയമ ഭരണകൂടത്തിലെ ആദ്യത്തെ ചാട്ടവാറടിയുടെ ചിത്രങ്ങള്‍ മതതീവ്രവാദം എത്രമാത്രം ഭയാനകമായിരിക്കുമെന്ന് നമ്മെ ഓര്‍മിപ്പിച്ചതുപോലെ, ഈ ചിത്രങ്ങളും നിലനില്‍ക്കുമെന്നാണ് നാം മനസിലാക്കേണ്ടത്.
യുവ പണ്ഡിതനായ അസിം അലി, ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ പ്രകോപനപരമായ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി: എന്തുകൊണ്ടാണ് ഈ ചാട്ടവാറടിയെ താലിബാന്‍ ശൈലി എന്ന് വിളിക്കുന്നത്, ഹിന്ദുത്വ ശൈലി എന്ന് വിളിക്കാന്‍ എന്തിന് ഭയം? ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ, ഇതിന് ധാരാളം ഹിന്ദുക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. മധ്യകാലത്തിനു മുമ്പുള്ള, അക്രമാസക്തവും നിയമവിരുദ്ധവുമായ ഇസ്‌ലാമിക ശക്തികളുമായി ഹിന്ദുക്കളെ താരതമ്യം ചെയ്യാന്‍ എങ്ങനെ ധൈര്യമുണ്ടാവാനാണ്?

2022-24 ലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ സംവാദമെന്നത് ഓരോ പാര്‍ട്ടിയുടെയും മതേതര പ്രതിബദ്ധത എങ്ങനെ ഉയര്‍ത്തിക്കാണിക്കപ്പെടുന്നു, നിര്‍വചിക്കപ്പെടുന്നു എന്നതിലൂന്നിയായിരിക്കേണ്ടതാണ്.

അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മികച്ച അവസരം കാണുമെന്നതിനാലാണ് അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ ആംആദ്മി പാര്‍ട്ടിയും ഗുജറാത്തിലേക്ക് വന്നിരിക്കുന്നത്. പഞ്ചാബില്‍ ലഭിച്ച വന്‍ വിജയത്തിന് ശേഷം, പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ അവര്‍ക്ക് വലിയ തോതില്‍ വിജയിക്കാന്‍ സാധിക്കുകയാണെങ്കില്‍, 2024-ഓടെ അവര്‍ അതിശക്തമായ ഒരു പാന്‍-സ്റ്റേറ്റ് ഭരണ ശക്തിയായിമാറും എന്നുറപ്പാണ്. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് പകല്‍പോലെ വ്യക്തമാണ്. ഖേഡയിലെ ഇരകളുടെ കുടുംബങ്ങളെ ആംആദ്മി പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു നേതാക്കളോ, അതുമല്ലെങ്കില്‍ പാര്‍ട്ടി വക്താക്കളോ സന്ദര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടോ? പത്രസമ്മേളനം നടത്തിയോ? ഈ ഹീന കൃത്യത്തെക്കുറിച്ചു രോഷം രേഖപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്തുകൊണ്ടുള്ള ഒരു ട്വീറ്റ് പോലും കണ്ടില്ല.
കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെ മാത്രമല്ല ഇവിടെ കുറ്റപ്പെടുത്തേണ്ടത്. ഞങ്ങള്‍ അവരെ ആദ്യം പരാമര്‍ശിക്കുന്നു എന്നതിന്റെ കാരണം ഇപ്പോള്‍ നിലവില്‍ ബി ജെ പിക്കെതിരായ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ ശബ്ദം അവരുടേതാണ് എന്നതു കൊണ്ടാണ്. 2017ല്‍ ഭരണം അട്ടിമറിക്കപ്പെട്ടത് മുതല്‍ ഗുജറാത്തില്‍ ബിജെപിയുടെ മുന്‍നിര എതിരാളിയായ കോണ്‍ഗ്രസ് മൗനത്തിലാണ്. ഭാരത് ജോഡോ യാത്ര എന്ന് വിളിക്കുന്ന തലക്കെട്ടുകളും ഫോട്ടോകളും മുറക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്തിനെ കോണ്‍ഗ്രസ് അപ്പോഴും ഒഴിവാക്കുകയാണ്.

ബിജെപി ഭാരതത്തെ വിഭജിച്ചു എന്നതാണ് യാത്രയുടെ ആമുഖം. അങ്ങനെയാണെങ്കില്‍, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും “ജോഡോ’ ചെയ്യാന്‍ ശ്രമിക്കാത്തത്? ഒരു വസ്തുതാന്വേഷണ സമിതിയെങ്കിലും ഹാജരായാല്‍ മതിയാകുമായിരുന്നു, അതുമുണ്ടായില്ല. ജിഗ്‌നേഷ് മേവാനി ഗുജറാത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രകടമായ മുഖമാണ്, താരതമ്യേന സമീപകാലത്തെ വിലപ്പെട്ട ഏറ്റെടുക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒന്ന്. ആക്ടിവിസത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും തന്റെ കരിയറും പ്രശസ്തിയും കെട്ടിപ്പടുത്ത അദ്ദേഹത്തെയും കണ്ടില്ല ഖേഡയില്‍.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എല്ലാ വാരാന്ത്യങ്ങളിലും തന്റെ പ്രസംഗങ്ങളിലൂടെ വിപ്ലവത്തിന്റെ തീപ്പൊരി പാറിച്ച, മാറ്റങ്ങളിലേക്കു വഴിനടത്തുമെന്നു കരുതിയ കനയ്യ കുമാര്‍, ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വിജയകരമായി പോസ്റ്റ് ചെയ്യുന്നുണ്ട് നിരവധിയനവധി. എന്നാല്‍ ഗുജറാത്ത്, ഖേഡ, അതെവിടെ, യാത്രയോളമോ അതിലുമേറെയോ പ്രാധാന്യമര്‍ഹിക്കുന്നില്ലേ ഖേഡ സംഭവം?

ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം ആബാലവൃദ്ധത്തെ ആലിംഗനം ചെയ്യുന്ന, പുഞ്ചിരിക്കുന്ന രാഹുല്‍ ഗാന്ധി അനുകമ്പയുടെയും ധൈര്യത്തിന്റെയും നാനാത്വത്തിന്റെ ആശ്ലേഷണത്തിന്റെയും സമത്വത്തിന്റെയും പ്രതിച്ഛായ മോഡിയില്‍ നിന്ന് വ്യത്യസ്തമായി കെട്ടിപ്പടുക്കുകയാണ് യാത്രയിലൂടെ. യാത്രയുടെ ലക്ഷ്യമതാണെങ്കില്‍, ഖേഡ ഇരകളുടെ കുടുംബങ്ങളെ കെട്ടിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുമൊപ്പം നല്‍കുന്നതല്ലേ നല്ലത്?

ചിദംബരം, മേവാനി, കെസിആറിന്റെ മകന്‍ കെടിആര്‍ തുടങ്ങിയ ചില നേതാക്കള്‍ ഒന്നുകില്‍ ട്വീറ്റ് ചെയ്യുകയോ തൊട്ടുംതൊടാതെയും അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യുകയുണ്ടായി. മമതയുടെ ടിഎംസി (TMC), എന്‍എച്ച്ആര്‍സിക്ക് (NHRC) ഒരു പരാതി നല്‍കുകകൂടിയുണ്ടായി. എന്നാല്‍ ഗുജറാത്തിലെ ഒരു പ്രധാന ആംആദ്മി നേതാവ് ഈ വിഷയത്തെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘യുപിയേക്കാളും ബിഹാറിനേക്കാളും മോശമാണ് ഗുജറാത്തിലെ ക്രമസമാധാനം. ഗുജറാത്ത് സുരക്ഷിതമല്ല.’ അത്രമാത്രം.

പ്രസ്തുത സംഭവത്തില്‍ ഇടപെടുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും വലിയതോതില്‍ ഇടപെടാതിരിക്കാനുമുള്ള നേതാക്കളുടെ ഈ അശ്രാന്ത ശ്രമം സൂചിപ്പിക്കുന്നത് ബി ജെ പിയുടെ എതിരാളികള്‍ മാനസികമായി ഭയചകിതരായി തീര്‍ന്നിരിക്കുന്നു എന്നതാണ്. മുസ്‌ലിം സമൂഹത്തോട് സൗഹൃദമുള്ള രാഷ്ട്രീയപ്രവര്‍ത്തകരായിത്തീരുന്നത് ഹിന്ദു വിരുദ്ധരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതും, അതുമൂലം വലിയ രാഷ്ട്രീയ നഷ്ടം നേരിടേണ്ടിവരുമെന്നും അവര്‍ ഭയക്കുന്നു. അതിനാലാണ് ഇത്തരമൊരു സാഹചര്യത്തിലും അതീവമൗനമവലംബിക്കാന്‍ അവര്‍ തീരുമാനിക്കുന്നത്.

ബി ജെ പിയെ ഭയന്ന് മുസ്‌ലിം സമൂഹം മുഴുവന്‍ വോട്ടും മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും അതിനാല്‍ ഇനി മുസ്‌ലിംകളുടെ കഷ്ടതകള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കേണ്ടതില്ല എന്നും ഈ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം ഉറച്ചു വിശ്വസിക്കുന്നു. ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിന്റെയും ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെയും മുഴുവന്‍ സംഭവവികാസങ്ങളില്‍നിന്നും ആംആദ്മി സര്‍ക്കാര്‍ അകന്നുനിന്ന രീതി ഇതിനുള്ള പ്രധാന ഉദാഹരണവും തെളിവുമാണ്.

ഡല്‍ഹിയില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് ആംആദ്മി സര്‍ക്കാര്‍ അല്ല എന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ കലാപമേഖലകളില്‍ ആശ്വാസത്തിന്റെ സാന്നിധ്യം, രോഗശാന്തിയുടെ സ്പര്‍ശം, രണ്ട് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്നവര്‍ക്കിടയില്‍ നിയമത്തിന് മുന്നില്‍ ആവശ്യപ്പെടുന്ന തുല്യത അല്ലെങ്കില്‍ വ്യക്തമായ സ്ഥാനം ഇതിനൊന്നും വേണ്ടി പരിശ്രമിക്കാന്‍ ഒരിടത്തും അവരെ കാണുന്നില്ല. ഇത് ആസൂത്രിത രാഷ്ട്രീയമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ സാഹചര്യം മനസ്സിലാക്കി മുന്നേറുന്നു. എങ്ങനെയെന്ന് കാണണമോ? ഖേഡയിലോ മുസ്‌ലിംകള്‍ ഇരകളാകുന്ന സാഹചര്യങ്ങളിലോ ആംആദ്മി നേതാക്കളുടെ അഭാവം നിങ്ങള്‍ ശ്രദ്ധിക്കൂ. ഒപ്പം, കൃത്യം അതേ ആഴ്ചയില്‍, അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീര്‍ത്ഥാടനം വാഗ്ദാനം ചെയ്യുന്ന ആംആദ്മി പാര്‍ട്ടിയെയും ശ്രദ്ധിക്കൂ. ഇവിടെയാണ് രാഷ്ട്രീയ ലക്ഷ്യവും പ്രവര്‍ത്തന രീതിയുടെ വ്യത്യാസവും അതിന്റെ മികവും നിങ്ങള്‍ക്ക് വ്യക്തമാവുക.

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ വലിയ രാഷ്ട്രീയ ഗെയിം കളിക്കുമ്പോള്‍, 20 കോടിയിലധികം വരുന്ന ന്യൂനപക്ഷത്തിന് ചുക്കാന്‍ പിടിക്കാന്‍ നേതൃത്വമില്ലാത്ത അപകടകരമായ യാഥാര്‍ഥ്യമാണ് പതിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഒഴികെയുള്ള ഇത് പ്രകടമാണ്. ഇപ്പോള്‍ അവര്‍ക്കുമുന്നില്‍ ഒരു വലിയ ശൂന്യത ഉടലെടുത്തിരുന്നു. ഒരു “മതേതര’ ശക്തിയും ആശ്വാസവുമായി കടന്നുവരുന്നില്ല. പ്രാദേശികവല്‍ക്കരിക്കപ്പെട്ട തീവ്രമുസ്‌ലിം നേതൃത്വങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗും ഉവൈസിയുടെ എഐഎംഐഎമ്മും(AIMIM) പിഎഫ്‌ഐയും(PFI) അതിന്റെ അനുബന്ധ സംഘടനകളും എല്ലാം ഇതില്‍പ്പെടുന്നു. ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള മുസ്‌ലിം രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇതൊരു വലിയ തിരിച്ചടിയാണ്.

മുഹമ്മദലി ജിന്നയ്ക്ക് ശേഷം ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒരു മുസ്‌ലിമിനെ തങ്ങളുടെ നേതാവായി വിശ്വസിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെ മാത്രമല്ല, സ്വന്തം സമുദായത്തെയും അദ്ദേഹം വിഭജിച്ചു. അല്ലെങ്കില്‍ ഇന്ന് അവിഭക്ത ഇന്ത്യയിലെ 180 കോടി ജനസംഖ്യയില്‍ 60 കോടിയോളം വരുന്ന മുസ്‌ലിംജനവിഭാഗം ഒരു പ്രധാന തിരഞ്ഞെടുപ്പ് ശക്തിയാകുമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്‌ലിം അധികാരം കെട്ടിപ്പടുക്കാന്‍ സാധിക്കത്തക്കവിധം തീരുമാനങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല ജിന്ന. ജിന്ന സാഹചര്യങ്ങളെ നശിപ്പിച്ചു. അതുകൊണ്ടാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസിലും തുടര്‍ന്ന് ഗാന്ധി തുടര്‍പരമ്പരയിലും വിശ്വാസം അര്‍പ്പിച്ചത്.
ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം രണ്ട് യാദവരായ മുലായമും ലാലുവും ചേര്‍ന്ന് മുസ്‌ലിം ഹൃദയഭൂമിയെ അപഹരിച്ചു. അവരുടെ രാഷ്ട്രീയം കാലക്രമേണ ദുര്‍ബലമായത് അവരുടെ രാഷ്ട്രീയ ഭാവന സ്വന്തം വംശങ്ങളെ നിലനിര്‍ത്തുന്നതില്‍ മാത്രമായി ഒതുങ്ങിയതുകൊണ്ടാണ്. എന്നിട്ടും, തെലങ്കാനയുടെ ചില ഭാഗങ്ങള്‍ക്ക് പുറത്തുള്ള മുസ്‌ലിംകളില്‍ കൂടുതലും സമുദായത്തിന്റെ വക്താക്കളെന്നു അവകാശപ്പെടുന്ന ഒവൈസിക്ക്(Owaisi) പോലും വോട്ട് ചെയ്യുന്നില്ല.
എന്നിട്ടും “മതേതര’ ശക്തികള്‍ എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമൂഹവുമായി ഇടപഴകുന്നതിനെ വളരെ ഭയപ്പാടോടെയാണ് കാണപ്പെടുന്നത്. ഒരു ഖേദപ്രകടനം കൊണ്ടു പോലും ആശ്വാസം വാഗ്ദാനം ചെയ്യുന്നില്ല ഇക്കൂട്ടര്‍. ഇന്ദിരാഗാന്ധി, ലാലുപ്രസാദ് യാദവ്, അല്ലെങ്കില്‍ മുലായം, ഈ നേതാക്കള്‍ക്കൊന്നും ഇത്തരം ഭയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഇതൊരു ശൂന്യതയാണ് ഒപ്പം ഈ ശൂന്യമായ ഇടത്തിലാണ് മുസ്‌ലിം വലതുപക്ഷത്തിന്റെ പുതിയ ശക്തികള്‍ ഒഴുകുന്നത്. ഇവയൊന്നും ജനാധിപത്യപരമല്ല എന്നതാണ് വസ്തുതാപരമായ മറ്റൊരുകാര്യം. പി എഫ് ഐയുടെ കഥ നേതാക്കള്‍ക്കും സമൂഹത്തിനും നേരത്തെയുള്ള മുന്നറിയിപ്പാണ്.

റിപ്പോർട്ട്/ ശേഖര്‍ ഗുപ്ത
വിവര്‍ത്തനം: ജയശ്രീ കുനിയത്ത്

You must be logged in to post a comment Login